Sunday, November 24, 2013

കൃഷ്ണാ നീയെന്നെ അറിയില്ല vs ഗോപികാദണ്ഡകം


ഇന്നലെ സുഗതകുമാരിയുടെ കൃഷ്ണാ  നീ എന്നെ അറിയില്ല എന്ന കവിതയും അതിനു മറുപടി എന്നോണം ശ്രീ അയ്യപ്പ പണിക്കര്‍ എഴുതിയ ഗോപികാദണ്ഡകം എന്ന കവിതയും വായിച്ചു..കേട്ടു.. പലരും അതേ കുറിച്ച് പലവിധത്തില്‍ വ്യാഖ്യാനിച്ചു എങ്കിലും എനിക്ക് ഹൃദയത്തില്‍ തട്ടിയ കവിത അതിനിടയില്‍ എവിടെയോ കളഞ്ഞുപോയപോലെ..അവിടെ വച്ച് ഞാനറിഞ്ഞ കൃഷ്ണസഖിയെ എനിക്ക് പരിചയപ്പെടുത്താനും ആയില്ല. അതുകൊണ്ട് ഓര്‍ത്തുനോക്കട്ടെ, അവള്‍ ഇപ്പോഴും മനസ്സില്‍ ഉണ്ടോ എന്ന്, എങ്കില്‍  ഇവിടെ കുറിച്ചിടാം..

ഈ കവിത ഞാന്‍ ഭയങ്കര കൃഷ്ണഭക്ത ആണെന്നറിഞ്ഞ എന്റെ ഒരു ഫ്രണ്ട് തന്ന  ലിങ്കിലൂടെ പോയി കേട്ട കവിതയാണ് ..
കേട്ടുകഴിഞ്ഞപ്പോള്‍ അതിലെ നായികയുമായി അറിയാതെ ഒരു താദാത്മ്യം അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ പലയാവര്‍ത്തി കേള്‍ക്കാന്‍ തോന്നുകയും , പിന്നെ മൂളിപ്പാട്ടുപാടിയും നടന്നു.. ഇതേ അനുഭവം ‘എന്തേ നീ കൃഷ്ണാ .. എന്തിനീ തന്നില്ല കൃഷ്ണതുളസിക്കതിരായൈ ജന്മം..’ എന്ന സിനിമാ പാട്ടിനോടും തോന്നിയിരുന്നു.. അതും പലയാവര്‍ത്തി കേട്ടിട്ടുണ്ട്.. പിന്നെ മൊബൈലിലെ റിംഗ് ടോണായി കൊണ്ടു നടന്നു..

ഏതൊരു സ്ത്രീയുടെയും (പുരുഷന്റെയും) ഹൃദയത്തിലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ വാഞ്ചന ഉണ്ടാകും.. ഉണ്ടാവണം. മനുഷ്യഹൃദയം അത്തരത്തില്‍ ആണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്..
സ്നേഹത്തിന്റെ അഭാവമാണ് മനുഷ്യരെ ക്രൂരരും സ്വാര്‍ത്ഥരും ഒക്കെ ആക്കുന്നത്.
പല ക്രിമിനലുകളും ചെറുതിലേ മാതാപിതാക്കളുടെ സ്നേഹം അനുഭവിച്ചവരായിരിക്കില്ല. സ്നേഹം എന്തെന്നറിയാതെ വളര്‍ന്ന ഒരാള്‍ക്ക് സ്നേഹിക്കാനും അറിയാതാവുന്നു.. മനസ്സ് മുരടിച്ച ഒരു ജീവിതം..

തങ്ങളുടെ തിരക്കുപിടിച്ച, കരിപുരണ്ട, സ്നേഹശൂന്യമായ ഒരു ജീവിതത്തില്‍, ഒരു  സാങ്കല്പിക പ്രണയം  അതായിരുന്നു.. പല ഗോപികമാര്‍ക്കും ശ്രീകൃഴ്ണ പ്രേമം..  അവരുടെ ദൈനം ദിന കഷ്ടപ്പാടുകളില്‍, ഒറ്റപ്പെടലില്‍ .. അവര്‍ക്ക് പ്രതീക്ഷയ്ക്കായി, ഒരല്പം സ്നേഹം,  ഒരിത്തിരി ആത്മവിശ്വാസം ഒക്കെ വേണമായിരിന്നു..അതാണവര്‍ ശ്രീകൃഷ്ണനില്‍ കണ്ടെത്തിയത്..

എനിക്ക് ഈ കവിത സത്യത്തില്‍ ആദ്യമായി ആസ്വദിക്കാന്‍ പറ്റിയതും അത്തരത്തില്‍ ആയിരുന്നു.. ശരിക്കും തിരക്കുപിടിച്ച് ഒരു ജീവിതവുമായി അടുക്കളജോലിയും കുട്ടികളെ വളര്‍ത്തലും ഭര്‍ത്താവിന്റെ സ്നേഹശൂന്യതയിലും ഒക്കെ തളയ്ക്കപ്പെട്ട് ജീവിത ഹോമിക്കുന്ന പരശ്ശതം പെണ്‍കുട്ടികളുടെ ഒരു കണ്ണിലൂടെ തന്നെയായിരുന്നു ഞാനും കണ്ടത്.. പണ്ടെവിടെയോ എന്നിലും അത്തരം ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നതായും തോന്നി..

 ഇന്നത്തെ തിരക്കുമ്പിടിച്ച; നേട്ടങ്ങള്‍ കൊയ്യാന്‍, നാലുക്കൊപ്പം ജീവിക്കാനൊക്കെയുള്ള പായിച്ചിലിനിടയില്‍, എവിടെയോ വച്ച് തിരിച്ചറിവുണ്ടാവുന്നു..തങ്ങള്‍ക്ക് പ്രണയിക്കാനും പ്രണയിക്കപ്പെടാനും ജീവിതത്തില്‍ ഉണ്ടായിരുന്ന ഒരവസരം ഹോമിക്കയായിരുന്നു എന്ന്..
അത്തരം ഒരു തിരിച്ചറിവില്‍ തങ്ങള്‍ക്ക് കൈമോശം വന്ന ആ സ്നേഹത്തിനെ തേടുന്നു.. പലരും. സ്നേഹം എന്നത് പ്രമാത്മാവിനെ തിരയല്‍ എന്ന അര്‍ത്ഥത്തില്‍ ആവുന്നത് ഇവിടെ ആണ്.. എന്തോ ഒരപൂര്‍ണ്ണത.. നമ്മുടെ ആത്മാവ് എവിടെയോ ഒറ്റപ്പെട്ടുപോകുന്നപോലെ. ഭക്തിതന്നെയാണ് പലര്‍ക്കും ആശ്വാസം.. ഇവിടെ ഗോപസ്ത്രീകള്‍ തങ്ങളൂടെ പ്രേമത്തിലൂടെ ആ ഭക്തി കൈവരിച്ച് പരമാത്മാവിനെ (ശ്രീകൃഷ്ണനെ) തേടുന്നതായെടുക്കാം..

എന്നാല്‍ സുഗതകുമാരിയുടെ നായിക മറ്റു ഗോപികമാരെപ്പോലെ വീട്ടുജോലികളും കടമകളൂം എടുത്തെറിഞ്ഞ് ശ്രീകൃഷ്ണ സാമിപ്യത്തിനായോടുന്നില്ല. അവള്‍   വീട്ടില്‍ ഒരുനൂറു ജോലികളുടെ ഇടയില്‍ പെട്ട്  ഇടം വലം തിരിയനാ‍കാതെ ജീവിക്കുമ്പോള്‍ ചുറ്റുമുള്ള സമപ്രായക്കാരികള്‍, ശ്രീകൃഷ്ണപ്രേമവുമായി കൃഷ്ണനെ കാണുന്നതും സംസാരിക്കുന്നതും അങ്ങിനെ അവള്‍ക്കാവാത്ത പല സുഖങ്ങളും അനുഭവിക്കുന്നതും അവള്‍ അറിയുന്നു.. എന്നാല്‍ അവള്‍ തന്റെ കടമ കര്‍ത്തവ്യം മനസ്സിലാക്കി, അതിനു വിഖാതമായേക്കാവുന്ന തന്റെ പ്രണയം ഉള്ളിലൊതുക്കി ജീവിക്കുന്നു.. എങ്കിലും മനസ്സില്‍ ആ പ്രണയത്തിന്റെ അഗ്നി കൊളുത്തിയ പ്രകാശവുമായാണ് തന്നിലെ തമസ്സകറ്റുന്നതും..(അവള്‍ ഒരു സമാഗമം ആഗ്രഹിച്ചിരുന്നില്ല)

പക്ഷെ, കൃഷ്ണന്‍ തന്റെ രാജ്യം വിട്ട് പോകുന്നു എന്ന വാര്‍ത്ത  അദ്ദേഹവുമായി ഇടപെട്ടവരെപ്പോലെ തന്നെ വിരഹദുഃഖം ഈ വീട്ടമ്മയിലും ഉണ്ടാക്കുന്നു.. പക്ഷെ ആ ദുഃഖവും അവള്‍ക്ക് പങ്കിടാന്‍ ആരുമില്ല.. അതുകൊണ്ട് തന്റെ ഉമ്മറത്തിണ്ണയില്‍ തളര്‍ന്നിരിക്കുന്നു.. മനസ്സില്‍ വച്ച് ആരാധിച്ചിരുന്ന വിഗ്രഹം ജീവനോടെ നില്‍ക്കുമ്പോഴും അവള്‍ക്ക് ഒരു ശിലാബിംബമായി നില്‍ക്കാനേ ആയുള്ളൂ.. കാരണം.. അവള്‍ക്ക് ശ്രീകൃഷ്ണന്‍ തന്റെ ഹൃദയത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ഒരു വിഗ്രഹം മാത്രം ആയിരുന്നുവല്ലൊ..

പക്ഷെ, പകല്‍ വെളിച്ചത്തില്‍ അവള്‍ പെട്ടെന്ന് ആ വിടപറയലിനിടയില്‍ തിരിച്ചറിയുന്നു.. തന്റെ പ്രണയം ശ്രീകൃഷ്ണന്‍ തിരിച്ചറിഞ്ഞിരുന്നു എന്ന്‌..! ജീവാത്മാവിനു താന്‍ പരമാത്മാവുമായി കോര്‍ക്കപ്പെട്ടിരിക്കുന്നു എന്ന അതേ തിരിച്ചറിവു തന്നെയാണ് പ്രണയിനിയ്ക്ക് തന്റ് പ്രണയിതാവിന്റെ ഹൃദയ്ത്തിലും താനുണ്ട് എന്ന തിരിച്ചറിവ് നല്‍കുന്നത്..!!

സുഗതകുമാരി ഇത്രയുമേ കണ്ടിരുന്നുള്ളൂ.. ആ പ്രണയത്തില്‍ ലൌകീകത ആശിച്ചിരുന്നില്ല . എന്നാല്‍ തന്റ് സ്നേഹം തീരെ പ്രണയരഹിതം ആയിരുന്നില്ലാ താനും, തനിക്കും വേണമെങ്കില്‍ മറ്റ് ഗോപികമാരെപ്പോലെ പ്രണയിനിയായി കൃഷ്ണ സാമിപ്യം തിരയാമായിരുന്നു എന്നും എങ്കിലും തന്റെ പ്രണയം താന്‍ മനസ്സില്‍ ഒതുക്കി  അല്പം കൂടി ശ്ര്ഷ്ഠമാക്കി വച്ചു എന്നും എന്നിട്ടും തന്നെ പ്രണയം തിരിച്ചറിഞ്ഞപ്പോള്‍ കിട്ടുന്ന ആത്മസാക്ഷാത്ക്കാരവും ആയിരുന്നു വിഷയം..

അയ്യപ്പപണിക്കര്‍ ആ പ്രണയത്തില്‍ ഒരല്പം കൂടി ലൌകീകത കലര്‍ത്തിയില്ലേ എന്നൊരു സംശയം..

ആളില്ലാത്ത സമയത്ത് ശ്രീകൃഷ്ണന്‍ വീട്ടിനു മുന്നില്‍ ചെല്ലുന്നു എന്നും കതകുതുറന്ന് സ്വീകരിക്കാനും ഒക്കെ പറയുന്ന വരികള്‍ …
“തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
…...
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..”..

തീര്‍ത്തും അനൌചിത്യമയി തോന്നി.. ഇവിടെ..

സുഗതകുമാരി കണ്ട പ്രണയം അല്ല അയ്യപ്പപ്പണിക്കര്‍ നയിക്കുന്ന പ്രണയം എന്നുതോന്നി.. അദ്ദേഹത്തിന്റെ കവിതയ്ക്ക് പ്രണയിനിയുടെ കണ്ണിലൂടെ നോക്കിയാല്‍ മാധുര്യമേറും.. പക്ഷെ, അത്തരത്തില്‍ ഒരു സമാഗമം അല്ല സുഗതകുമാരിയുടെ നായിക ആഗ്രഹിച്ചത്.. അവള്‍ മറ്റ് ഗോപികകലെപ്പോലെ യമുനാ തടത്തില്‍ കൃഷ്ണനോടൊപ്പം ആടിയും പാടിയും ഒക്കെ നാലുക്കൊപ്പം ജീവിതം ആസ്വദിക്കണം എന്ന ആഗ്രഹമായിരുന്നില്ല .

ശ്രീകൃഷ്ണനെ പ്രണയത്തിന്റെ പ്രത്യേകത തന്നെ അത് നിസ്വാര്‍ത്ഥമാണെന്നതാണ്.. പ്രേമത്തിന്റെ നിസ്വാര്‍ത്ഥത കാട്ടനും അതിന്റെ നിരര്‍ത്ഥകത മനസ്സിലാക്കി, പ്രണയത്തെ പരമാത്മാവിലേയ്ക്കുള്ള അന്വേക്ഷണമാക്കി ഹൃദയത്തില്‍ ഉള്‍ക്കൊള്ളാനുമാണ് കൃഷ്ണന്‍ തന്റെ പ്രണയിനികളില്‍ തിരിച്ചറിവുണാക്കുന്നത്.. അതുതന്നെയാണ്  സുഗതകുമാരിയുടെ നായികയ്ക്ക് ലഭ്യമാകുന്നതും..

അയ്യപ്പപ്പണിക്കര്‍ ആ നായികയെ വെറും ഒരു സാധാരണ ‘പ്രണയിനി’യായി തരം താഴ്തിയപോലെ തോന്നി..

അദ്ദേഹം വിരഹത്തെക്കുറിച്ചും വൃന്ദാവനത്തിലെ പുല്‍ക്കൊടിയുടെയും പശുക്കിടാങ്ങളുടെയും ഒക്കെ ശ്രീകൃഷ്ണ വിരഹത്തെ എടുത്തുകാട്ടുന്ന രീതിയും
അത് താന്‍ തിരിച്ചറിയുന്നു എന്നതും അത്യന്തം ഹൃദ്യമായി..
നിന്റെ വഴി ഗോപികമാരുടെ വഴി അല്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നതും
പിരിയേണ്ട സമയത്ത് പിരിയാതെ നിവര്‍ത്തിയില്ലല്ലൊ എന്ന് സാന്ത്വനിപ്പിക്കുന്നതും ഒക്കെ വളരെ അര്‍ത്ഥവത്തായിട്ടുണ്ട്..  

3 comments:

ajith said...

രണ്ടു കവിതയും കേട്ടും വായിച്ചുമിരിക്കുന്നു. ഈ ചെറുകുറിപ്പിന്റെ പശ്ഛാത്തലത്തില്‍ ഒന്നുകൂടെ കേട്ടുനോക്കട്ടെ

Echmukutty said...

കുറിപ്പ് നന്നായിട്ടുണ്ട്.

Kalavallabhan said...

വായനയ്ക്കിടയിൽ കടിക്കുന്ന അക്ഷരപ്പിശക് ഒഴിവാക്കിയാൽ ഈ കുറിപ്പ് എനിക്കിഷ്ടമായി.