Monday, November 18, 2013

കുമാരനാശാന്റെ 'വീണപൂവ്'...മഹാകവി കുമാരനാശാന്  സുന്ദരമായ ഒരു പുഷ്പം കൊഴിഞ്ഞു തറയില്‍ വീണുകിടക്കുന്നതുകണ്ടപ്പോള്‍ ഉണ്ടായ വിഷാദത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്  ഈ കവിത.

 നാമൊക്കെ കൊഴിഞ്ഞു കിടക്കുന്ന പുഷ്പങ്ങള്‍ കാണുമ്പോള്‍ ഒരു നിമിഷം നോക്കിയേക്കാം.. പിന്നെ നടന്നകലും.. അതിനെ ഇത്രയധികം ഭാവന ചാര്‍ത്തി വര്‍ണ്ണിക്കാന്‍ മഹാകവികള്‍ക്കേ സാധ്യമാവൂ..


എത്ര ശോഭയോടും സൌഭാഗ്യത്തോടും ആ മുല്ലച്ചെടി വളര്‍ത്തിയതാണു നിന്നെ,
ചെടി തന്റെ ഇലകള്‍ക്കിടയില്‍ വച്ച് താരാട്ടുപാടിയും മന്ദമാരുതന്‍ ചാഞ്ചാട്ടിയും, കൂടപ്പിറപ്പുകളായ മറ്റു പൂമൊട്ടുകളുമായി പാലൊത്ത പൂനിലാവില്‍ മതിയാവോളം കുളിച്ചും, ഇളം വെയിലില്‍ കളിച്ചും സന്തോഷകരമായി നിന്റെ ബാല്യകൌമാരങ്ങള്‍ കടന്നുപോയി

രാവിലെ കളകളാരവത്തോടെ വന്നണയുന്ന കിളികളില്‍ നിന്നും, രാവില്‍ വന്നണയുന്ന നക്ഷത്രകൂട്ടത്തില്‍ നിന്നുമൊക്കെ നീ മൌനമായ് ഈ ലോകതത്വങ്ങള്‍ പഠിച്ചിരിക്കാം..(?)

യൌവ്വനം നിന്നെ അതിമനോഹരിയാക്കി. വിരക്തിപൂണ്ട വൈദികനൊ എതിരാളിയില്‍ നിന്നും രക്ഷപ്പെട്ടോടുന്ന ഭീരുവോ, ആരുതന്നെയായാലും ഒരുനിമിഷം നിന്നെ നോക്കി സകലം മറന്നു നിന്നുപോകും വിധം സൌന്ദര്യവും സൌരഭ്യവും  നിനക്ക് കൈവന്നു..

അതിസുന്ദരിയായ നിന്നെ യൌവ്വനത്തില്‍ പലരും കാംഷിച്ചിരിക്കാം.. പല ശലഭങ്ങളും നിന്റെ ചുറ്റിനും വട്ടമിട്ടു പറന്നിരിക്കാം.. എങ്കിലും നീ നിന്റെ ഹൃദയം സമര്‍പ്പിച്ചത് നിന്റെ ചുറ്റിനും മൂ‍ളിമുരണ്ട് വന്നെത്തിയ കരിവണ്ടിനായി മാത്രമാകാം..
അതാവും ആ വണ്ട് ഹൃദയഭേദകമായി  മൂളിക്കൊണ്ട് വീണുകിടക്കുന്ന നിന്റെ ചുറ്റിനും വലം വയ്ക്കുന്നത്.. മറ്റാര്‍ക്കും നിന്റെ ഉടല്‍ നല്‍കാതെ കാമുകനായി കാത്തു നീ നിന്നിരുന്നു.. എന്നിട്ടും വിധി നിന്നെ അപഹരിച്ച വിഷാദത്താല്‍ സ്വയം വല്ല കല്ലിലും തലതല്ലി മരിക്കാന്‍ വണ്ണം ദുഃഖിതനായി അതാ ആ വണ്ട് ദുഃഖിക്കുന്നു..

ഒരുപക്ഷെ, നിങ്ങള്‍ സ്വയംവരിക്കാന്‍ കാത്തിരുന്നതിനിടയിലായിരുന്നിരിക്കാം പെട്ടെന്നുള്ള നിന്റെ ഈ ദുര്യോഗം..അതാവും വണ്ട് തന്റെ ഭാഗ്യഹീനതയില്‍ ഇത്രയധിക ദുഃഖിക്കുന്നത്..അതോ, ഇനി അവന്‍ മറ്റുവല്ല പൂക്കളിലും ആകൃഷ്ടനായതില്‍ മനംനൊന്തോ nee മരണപ്പെട്ടത്!?

എന്റെ നിഗമനം ശരിയാണെങ്കില്‍, ‘വണ്ടേ, ആശ്വസിക്കുക.. സാഹസികര്‍ക്ക് ആപത്തുവരുത്തുന്ന ഇത്തരം പ്രവര്‍ത്തികളാല്‍ ദുഃഖം നേരിടേണ്ടതായി  വരും..’

ആ.. എന്തോ ആവട്ടെ, പ്രേമത്തില്‍ അകപ്പെട്ട യുവമനസ്സുകളുടെ  മനസ്സുകളുടെ ചെയ്തികളെപ്പറ്റി നന്നായറിയാതെ ഓരോന്ന് പുലമ്പുന്നതും ദോഷമാണ്!
(കവി ആത്മഗദം നടത്തുന്നു.)

അതാ..ഒടുവില്‍ ഹൃദ്യഭേദകമായി മുരണ്ടുകൊണ്ട് നിന്റെ ആത്മചൈതന്യം സുഗന്ധത്തോടൊപ്പം പോയ ദിക്കിലേയ്ക്ക് അവനും പറന്നകലുന്നു..

കവി പൂവിന്റെ മരണത്തെ പഴിക്കുന്നു..
എന്നാലും ഇത്ര സുന്ദരപുഷ്പത്തെയും കാലന്‍ കവര്‍ന്നുകളഞ്ഞല്ലൊ! അല്ലെങ്കിലും വനവേടന് മാടപ്രാവും കഴുകനും ഒരുപോലെയല്ലെ!

നിന്റെ ശോഭയൊക്കെ പെട്ടെന്ന് മങ്ങുന്നു മുഖകാന്തിയും കുറയുന്നു, എണ്ണവറ്റി അണഞ്ഞ തിരിയെപ്പോലെയായി നിന്റെ അവസ്ഥ.

നീ ഞെറ്റട്ടു ഭൂമിയില്‍ പതിക്കുന്നത് ആദ്യം കാണാനിടയായത് ‍ കാലത്തെ കാറ്റോ അതോ താരകമോ ആരായിരിക്കാം നിന്റെ സ്വര്‍ഗ്ഗസുഖം വിട്ട് ഭൂമിയില്‍ പതിക്കുന്നത് ആരാവും കണ്ടിട്ടുണ്ടാവുക! നിന്റെ അത്യന്തകോമളശരീരം അടര്‍ന്നുവീഴുന്നത് കണ്ട് ഭൂമിതന്നെ അധീരയായിരിക്കാം.. നിന്റെ മേനി തങ്ങളില്‍ പതിച്ച് പുല്‍ക്കൊടികള്‍ പുളകിതാ‍ഗിതരായി ആത്യന്തം ഉല്‍ക്കണ്ഠയോടെ എഴുന്നു നിന്നിരുന്നു..
നീ വീണുകഴിഞ്ഞും നിന്റെ സൌരഭ്യവും ആത്മചൈതന്യവും ചുറ്റും പ്രസരിക്കുന്നുണ്ട്..
നിന്റെ അവസാന നിദ്രകണ്ട് ചന്ദ്രനും സൂര്യനും താരാഗനങ്ങളും വായുവും ഒക്കെ വിഷാദിക്കുന്നുണ്ട്..
നിന്റെ മൃതദേഹത്തില്‍ ഒരു എട്ടുകാലി ഒരു പട്ടുനെയ്തിട്ടിരിക്കുന്നു.. പ്രഭാതം അതിമനോഹരമായ മഞ്ഞുതുള്ളികള്‍ കൊണ്ട് നിന്നെ അലങ്കരിക്കുന്നു..
നക്ഷത്രങ്ങള്‍ നിന്റെ വീഴ്ചകണ്ട് ദുഃഖിച്ച് ഇതാ ഹിമകണങ്ങള്‍ കണ്ണീര്‍ പോലെ പൊഴിക്കുന്നു..
കുരുവികള്‍ മരംവിട്ട് നിന്നരികില്‍ അണഞ്ഞ് എന്തൊക്കെയോ പുലമ്പി കേഴുന്നു..

ആര്‍ക്കും ദോഷം ചെയ്യാതെ സര്‍വ്വഗുണങ്ങളോടും വിരാജിച്ച നിന്റെ പതനത്തില്‍ ആരാണ് ഹൃദയം നൊന്ത് കരയാത്തത്?! 
നിന്റെ വിപത്ത് കണ്ട് കല്ലുപോലും അലിയുന്നു, ദിക്കുകളുടെ മുഖം മങ്ങിവരുന്നു.. സൂര്യന്‍ മലയരികില്‍ നിന്ന് ദുഃഖിതനായി വിളറിനില്‍ക്കുന്നു.. കാറ്റ് നെടുവീര്‍പ്പിടുന്നു..

എന്തിനായിരിക്കാം ഗുണവതിയായ നിന്നോട് വിധി ഈ ചതി ചെയ്തത്?!
ആ.. സൃഷ്ടിരഹസ്യം ആരാകും അറിയില്ലല്ലൊ!
അല്ലെങ്കിലും നല്ലവര്‍ക്ക് ഭൂമിയില്‍ അധികകാലം ജീവിക്കാനാവില്ലെന്നാണല്ലൊ!,
(കവി സാ‍മാധാനിക്കുന്നു..)

ഒരുകണക്കിന് മറ്റുള്ളവരുടെ ചവിട്ടും തൊഴിയുമേറ്റ് വഴിയില്‍ കിടന്ന് കഠിനമാകുന്ന പാറക്കല്ലുപോലെ ജീവിക്കുന്നതിലും ഭേദം നിന്റെ ഈ മിന്നല്‍പ്പിണറുപോലെയെങ്കിലും അത്യന്തം അര്‍ത്ഥവത്തായ ജീവിതം തന്നെയാണ് നന്ന്.

എങ്കിലും എനിക്കും വല്ലാതെ ദുഃഖം തൊന്നുന്നുണ്ട് പൂവേ.. നമ്മളെ സൃഷ്ടിച്ചത് ഒരേ നിയതിതന്നെയല്ലെ, ഒരു സഹോദരദുഃഖം എന്നിലും ഉണ്ടാവുന്നു..
ഇന്ന് നീ ഞാളെ ഞാന്‍ എന്നപോലെ നാമോരോരുത്തരും നിന്റെ പാത പിന്തുടരും 
ഉന്നതനായ കുന്നിനും, വിശാലമായ ആഴിക്കും ഒക്കെ ഒടുവില്‍ ഇതുതന്നെ ഗതി.
ഒന്നും നശ്വരമല്ല

ഒടുവില്‍ സൂര്യന്‍ നിന്റെ ശേഷിക്കുന്ന ചൈതന്യവും കാറ്റ് നിന്റെ ഒടുവിലത്തെ സൌരഭ്യവും കവരുന്നു.. നീ തീര്‍ത്തും വാടി ഭൂമിയില്‍ ശേഷിക്കുന്നു.. അത്മാവറ്റ വെറും ശരീരവുമായി..

കവി ദുഃഖശമനത്തിനായി വേദാന്തതത്വങ്ങലില്‍ അഭയം തേടുന്നു.. 
‘ഉണ്ടായത് നശിക്കും എന്നും ശേക്ഷിക്കുന്നത് ആത്മാവ് മാത്രം.. അത് കര്‍മ്മഗതിക്കനുസരിച്ച് മറ്റൊരു ഉടല്‍ സ്വീകരിക്കും..എന്നാണല്ലൊ ശാസ്ത്രം പറയുന്നത്.. ‘
അതുകൊണ്ട് ഖേദിച്ചിട്ട് കാര്യമില്ല. ആരുടെയും സന്തോഷം ഏതുനിമിഷവും സന്താപമാവാം..
ഒരുപക്ഷെ, നിന്റെ ആത്മാവ് ഇതിനോടകം ഈശ്വരേശ്ചയാല്‍ മറ്റൊരു ശരീരത്തില്‍ കലര്‍ന്നിരിക്കാം..

ഒരുപക്ഷെ, നിന്റെ ആത്മാവ് അങ്ങകലെ സ്വര്‍ഗ്ഗലോകത്തില്‍ ചെന്ന് അവിടെ അതി സൌരഭ്യത്തോടെ വീണ്ടും ജനിച്ചേക്കാം.. അവിടുത്തെ സുന്ദരികളുടെ കേശം അലങ്കരിച്ചോ ദേവഋഷികള്‍ക്ക് പൂജാപുഷ്പമായോ നീ പുന്രജ്ജനിച്ചേക്കാം.. അതുമല്ലെങ്കില്‍ എല്ലാ മോഹബന്ധങ്ങളില്‍ നിന്നും വിട്ടകന്ന് നിന്റെ ആത്മാവ് പരമപദത്തില്‍ /പരബ്രഹ്മത്തില്‍ ലയിച്ച് മുക്തി കൈവരിച്ചിരിക്കാം..

അതെ.. ഈവ്വിധമുള്ള ദുഃഖങ്ങള്‍ക്കൊക്കെ ഒടുവില്‍ ഉപനിഷത് സൂത്രങ്ങള്‍ തന്നെയാണ് ദുഃഖശമനം വരുത്തുക..അല്ലാതെ ദുഃഖത്തിനടിമപ്പെടുന്നത് ആത്മപീഢനവും അജ്ഞാനവും ആവും..
അതുകൊണ്ട്, കരിയാന്‍ പോകുന്ന പുഷ്പത്തെ വിട്ട്, കണ്ണേ മടങ്ങുക..
(വിടനല്‍കുക)

എല്ലാവര്‍ക്കും ഇതുതന്നെ ഒടുവില്‍ ഗതി എന്നോര്‍ക്ക; കണ്ണീര്‍ കൊണ്ടൊന്നും ഒരു കാര്യവും ഇല്ല.. സത്യം അംഗീകരിക്കാതെ നിവര്‍ത്തിയില്ല .. ഭൂമിയിലെ ജീവിതം മുഴുവനും  തന്നെ ഒരു വെറും സ്വപ്നം അല്ലെ..!

3 comments:

ajith said...

ഹാ, പുഷ്പമേ!

ശ്രീ said...

:)

thoufi said...

കുറിപ്പ് വായിച്ചു. മനോഹരം.
ഇതിന്ടെ ലിങ്ക് തന്ന മാന്യ suhrthu കൃഷ്ണകുമാറിന് നന്ദി.