Monday, August 26, 2013

ക്രൂരമായ ഒരു ഓട്ടപ്പന്തയം...!


എനിക്ക് എവിടെയോ എന്നെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു..ഒരു പുനര്‍ജനനം പോലെ..ഞാന്‍ എന്റെ ഭൂതകാലം തേടി റ്റ്വിറ്ററിലും പ്ളസ്സിലും ഒക്കെ അലഞ്ഞു.. ഒരിടത്തും കണ്ടുകിട്ടിയില്ല.അജ്ഞാതരായി വന്ന് എന്നോടടുത്ത് സംസാരിക്കുന്ന പലരെയും എനിക്കറിയില്ല...

ഇന്നലെ ഞാന്‍ ട്വിറ്ററിലും പ് ളസ്സിലും ഇവിടെയും ഒക്കെ മാറി മാറി വന്നു നോക്കി, എല്ലായിടത്തും ഒരപരിചിതത്വം..(അപ്പോള്‍ എഴുതാന്‍ ശ്രമിച്ചതാണ് മുകളിലെ  പാരഗ്രാഫ്)
അപ്പോള്‍ പെട്ടെന്ന് കരച്ചില്‍ വന്നു.. കരയാന്‍ പ്രായം ഒരു പ്രശ്നമല്ലല്ലൊ,
ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കരയാം, അല്ലെ

പ്രായത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ പ്രായം ഒക്കെ ഒരു നാഴികക്കല്ലുകളായി കണക്കാക്കിയാല്‍ മതി.. ഓരോരുത്തര്‍ എത്ര ദൂരം ഓടിപ്പറ്റി എന്നറിയാന്‍ വച്ചിരിക്കുന്ന മയില്‍ക്കുറ്റികള്‍..അതിലപ്പുറം ഒന്നും ഇല്ല പ്രായത്തില്‍.

ഈ ഓട്ടക്കാര്‍ പലവിധം ഉണ്ട് കേട്ടോ!
ആദ്യത്തെകൂട്ടര്‍ പിച്ചവയ്ക്കുന്നവരും നന്നായി ഓടാനറിയാത്തവരും അടങ്ങിയ ചെറുബാല്യക്കാര്‍. അവസാനത്തെ കൂട്ടര്‍ എല്ലിനൊക്കെ തേയ്മാനം സംഭവിച്ച് ആദ്യത്തെ കൂട്ടരെപ്പോലെ തന്നെ ഓടാന്‍ സാധിക്കാത്തവര്‍..ഇതിനിടയില്‍ ഉള്ളവരൊക്കെ തന്നെ ഓടാന്‍ കഴിവുള്ളവരാണ്..അവര്‍ ടീനേജ് മുതല്‍ ഈ വാര്‍ദ്ധക്ക്യദശയില്‍ എത്തി ഓടാന്‍ കഴിയാതാകും വരെ ഓടും.. കൂട്ടത്തില്‍ നന്നായി ഓടുന്നവരെയും, ഒരേ വേവ്ലംഗ്തില്‍ ഓടുന്നവരെയും ഒക്കെ കാണുകേം സംസാരിക്കേം ഇഷ്ടപ്പെടുകയും സഹതപിക്കുകയും ഒക്കെ ചെയ്തെന്നിരിക്കും.. ഒരു 85 വയസ്സായ വൃദ്ധന്‍ ചിലപ്പോല്‍ 18 കാരിയുടെ ഊര്‍ജ്ജസ്വലത കണ്ട് ഇഷ്ടപ്പെട്ട് ചിലപ്പോള്‍ സഹഓട്ടക്കാരിയായി കൂടെ കൂട്ടിക്കളയും..

അപ്പോള്‍ പറഞ്ഞുവന്നത്,  ഈ ഓട്ടക്കാരില്‍ പരസ്പരം മതിപ്പും മര്യാദയും സ്നേഹവും സഹതാപവും, വെറുപ്പും വൈരാഗ്യവും, മാത്സര്യവും, ഒക്കെ തോന്നുന്നത് സ്വാഭാവികം എന്ന്..അത് ഈ മയില്‍ക്കുറ്റികള്‍ കണ്ടായിരിക്കില്ല ഉടലെടുക്കുക.. വെറുതെ തോന്നുന്ന ഇഷ്ടങ്ങളും വെറുപ്പുകളും ഒക്കെ ഉണ്ടാകും.. ഓടുവല്യോ..! ഓടട്ടെ എല്ലാരും...

ഇനി അടുത്ത പോയിന്റിലേയ്ക്ക്.. അതല്പം കൂടി ക്രൂരത നിറഞ്ഞ ചിന്തയാണ് മാപ്പാക്കണം..

അത് ജീവിതത്തെ ഓട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്തി വെറും മത്സരം ആയി കണക്കാക്കി നോക്കിയപ്പോള്‍ തോന്നിയതാണ്..
പണ്ട് പൂന്താനം എഴുതി..
“കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തു,
മദ്ധ്യെ ഇങ്ങിനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന്നു നാം വൃഥാ!”എന്ന്‌.

പക്ഷെ, ഞാന്‍ നോക്കിയിട്ട് മദ്ധ്യേ കാണുന്ന നേരത്ത് മാത്രമല്ല നമ്മളൊക്കെ മത്സരിക്കുന്നത്.. ജീവിതം ആകെമൊത്തം ഒരു മത്സരം/യുദ്ധം തന്നെയാണ്.. ജനിക്കുന്നതുതന്നെ ഒരു വന്‍ സംഘട്ടനം കഴിഞ്ഞാണ്..അന്തം വിട്ട് കൊണ്ട് സ്വന്തം സഹോദരീ സഹോദരന്മാരെ നിഷ്ടൂരമായി പുറം തള്ളി, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എത്തുന്നു.. ഏറ്റവും വലിയ ഒരു ഓട്ടപ്പന്തയം..! ജീവിക്കാനായി.. ജനിക്കാനായി.. പുറം ലോകം കാണാനായി.. മനുഷ്യരും മൃഗങ്ങളും ഒക്കെ തന്നെ ഇപ്രകാരം മത്സരിച്ച് ജനിച്ച്, ജീവിക്കാനും മത്സരിച്ച്, മരണത്തോട് മത്സരിച്ച് ജീവിക്കുന്നു..സ്വന്തം നിലനില്‍പ്പിനായി ഒടുക്കം വരെ പൊരുതുന്നു.. സഹോദരരോടും സഹയാത്രികരോടും, അസുഖങ്ങളോടും, അന്യായങ്ങളോടും, ഒക്കെ ഒരുപോലെ പൊരുതി പൊരുതി ഒടുവില്‍ മരണത്തോടുമാത്രം തോറ്റ് തിരിച്ച് പോകുന്നു..! എന്തൊരാക്രാന്തമാണ് ഈ ജീവന്റേത്..! എന്തൊരു വിഡ്ഢിത്തം..!

നാം ഒന്നുമല്ലെന്നറിഞ്ഞിട്ടും, നമ്മുടെ ശരീരം നമ്മുടെ സ്വന്തം അല്ലെന്നും ഒരിക്കല്‍ തിരിച്ചു നല്‍കേണ്ടതാണെന്നറിഞ്ഞിട്ടും, നാം അതിനടിമപ്പെട്ട്, അതിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ സാധിച്ചുകൊടുത്ത്, അതിനെ സന്തോഷിപ്പിച്ച്, അതിന്റെ എതിരാളികളെ; അതിനു ദോഷമുണ്ടാക്കുന്ന എല്ലാറ്റിനെയും ഏതുവിധേനെയും നശിപ്പിച്ച് നാം ജീവിക്കുന്നു..

അതെ! ദൈവത്തിനു എന്തെങ്കിലും പ്രയോജനം കാണും നമ്മളെക്കൊണ്ട്.. ബുദ്ധിയുണ്ടെന്ന അഹങ്കാരവുമായി വിഡ്ഢികളായി ജീവിക്കുന്ന മനുഷ്യജീവികളെക്കൊണ്ട്...
മൃഗങ്ങള്‍ക്കൊക്കെ ഒരുപക്ഷെ, ഈ തിരിച്ചറിവ് കാണുമായിരിക്കും .. അതാകും അവ വലിയ വിജ്ഞാനഭാവം ഒന്നും കൈക്കൊള്ളാതെ മദ്യാദയ്ക്ക് തിന്നു കുടിച്ച്, വെറും ഒരിറച്ചിയായി തന്നെയും സഹജീവികളെയും കണ്ട്, മൌനം പൂണ്ട് കടന്നു പോകുന്നത്..
ആ.. ആര്‍ക്കറിയാം...!!!

4 comments:

ajith said...

നാടോടുന്നു
നടുവെ ഓടട്ടെ ഞാനും.
നില്‍ക്കാന്‍ നേരമില്ല

ആത്മ said...

:))

ശരി എങ്കിപ്പിന്നെ ഓടീട്ട് വരൂ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതിന്റെ എതിരാളികളെ; അതിനു ദോഷമുണ്ടാക്കുന്ന എല്ലാറ്റിനെയും ഏതുവിധേനെയും നശിപ്പിച്ച് നാം ജീവിക്കുന്നു..

ഹ ഹ ഹ ഇവിടെ തെറ്റി

കരള്‍ നശിക്കും എന്നറിഞ്ഞിട്ടും വെള്ളമടിച്ചും, ശ്വാസകോശം, തലച്ചോര്‍ ഇവ ഒക്കെ പോകും എന്നറിഞ്ഞിട്ടും കഞ്ചാവും സിഗററ്റും ബീഡിയും പുകച്ചും , കിഡ്നി ആകെ കുളമാകും എന്നറിഞ്ഞിട്ടും അലോപതി ഗുളിക വിഴുങ്ങിയും നറ്റക്കുന്ന നമ്മളോടാ ഇപ്പറയുന്നത്‌
കള്ളം പച്ചക്കള്ളം :)

ആത്മ said...

യഥാര്‍ത്ഥശത്രുക്കള്‍ ആരെന്നുപോലും മനുഷ്യര്‍ക്ക് തിരിച്ചറിയാനാവുന്നില്ല.. അത്രയേ ഉള്ളൂ, അല്ലെ, :)