Wednesday, September 12, 2012

കേള്‍ക്കാത്ത ശബ്ദം...

മെനിങ്ങാന്നു രാത്രിയും വിളിച്ചു..
'മോളേ തീരെ വയ്യ.. എന്നു വരും?'
'ഒന്നു രണ്ടു മാസത്തിനകം വരാം അച്ഛാ. മക്കളെ നോക്കാന്‍ ജോലിക്കാരെ ആരെയെങ്കിലും കിട്ടുമോന്ന് നോക്കുന്നുണ്ട്..'
വെറുതെ പോലെ എനിക്കും തോന്നി, അച്ഛനും ..
എങ്കിലും കാണണമെന്ന പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം..
'വേദന ..'
'എനിക്കും ശരീരം മുഴുവന്‍ വേദനയാണച്ഛാ..
അച്ഛന്‍ അമ്പാട്ടിയെ ഓര്ത്ത് കിടക്കൂ.. അപ്പോള്‍ കുറയും..'
ഒരുപക്ഷെ, എന്നെ കണ്ടാല്‍ കുറയുമെന്നു കരുതിയോ!

അച്ഛനറിയാം.. ആവശ്യമില്ലാതെ എന്നെ കാണണമെന്നാഗ്രഹിച്ചാല്, അവിടെ അച്ഛന്റെ മകനും ദേഷ്യം വരും, ഇവിടെ മരുമകനും അസൌകര്യമാവും.
പെണ്ണിനു വില കൊടുത്തുകൂടാ..അത് ആണിന്റെ പോരായ്മയായി കരുതും.
എങ്കിലും.. എങ്കിലും.. മക്കളെപ്പോലെ..
ആരുമറിയാതെ.. വെറുതെ.. എന്റെയും അച്ഛന്റെ ആശ്വാസത്തിനായി എന്നും ഹോം നര്സിന്റെ ഫോണില്‍ വിളിക്കുമായിരുന്നു.. ഉറങ്ങും മുന്പ്‌..
ആ ശബ്ദം കേട്ടില്ലെങ്കില്‍ ഒരപൂര്ണ്ണത.. രണ്ടുദിവസം ചേര്ത്ത് വിളിക്കാതിരുന്നാല്‍ അച്ഛനും തീരെ വയ്യാതാവും..
രണ്ടു ദിവസം മുന്പ് പെട്ടെന്ന് തോന്നി.. ദൈവമേ എനിക്കിനി അച്ഛനല്ലെ ഉള്ളൂ.. അച്ഛന്റെ ക്ഷീണിച്ച സ്വരം എങ്കിലും കേള്കാനാവുമല്ലൊ,
ഒരു കൊതി കേള്ക്കാന്!‍
അത് അച്ഛനോട് പറയുകയും ചെയ്തു!
'അച്ഛാ വെറുതെ വിളിച്ചു.. അച്ഛന്റെ ശബ്ദം ഒന്നു കേള്ക്കണം എന്നു തോന്നി..'
(ഇപ്പോള്‍ വിഷമം.. ആ ശബ്ദം റെകോഡ് ചെയ്ത് വയ്ക്കാഞ്ഞതില്.. എവിടെയെങ്കിലും കാണും)
പരസ്പരം സൌഖ്യം മാത്രം കാംഷിച്ചിട്ടുള്ള ഒരു ബന്ധം വേറെ കാണില്ല.
എവിടെയായിരുന്നാലും സന്തോഷമായും സമാധാനമായും ഇരിക്കണേ എന്ന പ്രാര്ത്ഥന മാത്രം.

കാര്യം പറഞ്ഞില്ലല്ലൊ,
എന്റെ അച്ഛന്‍ മരിച്ചു.. കഴിഞ്ഞയാഴ്ച്ച..
83 വയസ്സായിരുന്നു..
എന്നോട് നിറച്ചും സ്നേഹമായിരുന്നു..
എന്നെ അത്രയും സ്നേഹിച്ചിട്ടുള്ള ആരും ഈ ഭൂമിയില്‍ കാണില്ല.
നമ്മുടെ ഹൃദയത്തില്‍ ഒരു പാവം വയസ്സായ ബൊമ്മയുണ്ടായിരുന്നു..അത് പെട്ടെന്ന് നഷ്ടമായപോലെ.. അപ്രത്യക്ഷമായപോലെ..എവിടെ തിരയണമെന്നറിയാതെ ഒരു അര്ക്ഷിതാവസ്ഥ..
--
എന്റെ പ്രിയപ്പെട്ട അച്ഛന്‍ മരിച്ചുപോയി ബ്ളോഗൂ.. !
എന്നുപറഞ്ഞാല്‍ ഈ ലോകത്തു നിന്നും വിടപറഞ്ഞ് എങോ പോയി
അച്ഛനെ വഹിച്ചിരുന്ന ദേഹം ഞാന്‍ എത്തും മുന്പ് വെണ്ണീറായിക്കഴിഞ്ഞിരുന്നു..
തൊട്ടപ്പുറത്തെ വീട്ടില്‍ ഒരു കല്യാണം. അത് അപശകുനമാക്കണ്ട എന്നുകരുതി അധികം താമസിപ്പിക്കാതെ ദഹിപ്പിച്ചതാണ്‌..
അതുകൊണ്ട് എനിക്ക് അച്ഛന്‍ അപ്രത്യക്ഷനായപോലെ..
മരിച്ചു എന്ന് സമ്മതിക്കാന്‍ കൂട്ടാക്കാത്ത മനസ്സ്..
അങ്ങകലെ ഇന്ത്യയില്‍ എന്റെ അമ്മയും അച്ഛനും ജീവിച്ചിരിപ്പുണ്ട് എന്നു സമാധാനിച്ച് ജീവിക്കാന്‍ ഒരാഗ്രഹം. വൈകുന്നേരങ്ങളില്‍ ഇപ്പോഴും അറിയാതെ ഫോണ്‍ എടുക്കാന്‍ തോന്നും.
രണ്ടു വര്ഷം മുന്പ് മരിച്ചുപോയ അമ്മയെ വെളിക്കാനായി..
എന്റെ മനസ്സില്‍ അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്.‌
പരാതികളില്ലാതെ വേദനയും വിരഹവും ഒറ്റപ്പെടലും ഇല്ലാതെ സമാധാനമായി അവര് എവിടെയോ ഉണ്ട്..
എന്നെ കാണാന്‍ പറ്റുന്നിടത്ത്..

ആത്മ

ഇപ്പോഴും സന്ധ്യയാകുമ്പോള്‍,
ഫോണ്‍ എവിടെയെങ്കിലും പെട്ടെന്ന് കാണുമ്പോള്‍
അതിലൂടെ എത്താവുന്ന ദൂരത്തുള്ള അമ്മയെയാണ്‍
ആദ്യം ഓര്‍മ്മവരിക..
പെട്ടെന്ന് മൊട്ടിടാന്‍ തുടങ്ങുന്ന സന്തോഷം,
ഉള്ളില്‍ തന്നെ എരിഞ്ഞടങ്ങും..

ഇപ്പോള്‍ ,അതിന്റെ പിന്‍ തുടര്‍ച്ചയെന്നോണം
മറ്റൊരു പ്രിയപ്പെട്ട രൂപം പൊന്തിവരും..
എന്റെ ശബ്ദം കേട്ടാല്‍ ആനന്ദിക്കുന്ന
എനിക്ക് ശബ്ദത്താല്‍ സന്തോഷിപ്പിക്കാനാവുന്ന
അച്ചന്റെ ഓര്‍മമ ഒളിമിന്നും!
നേരിയ ഒരാശ്വാസത്തിന്റെ സന്തോഷം തുടങ്ങിയേടത്തുതന്നെ
നിശ്ചലമായി നില്‍ക്കും..

രണ്ടു പേരും ഈ നിമിഷം എന്നെ ഓര്‍ക്കുന്നുണ്ടാവണം,
എവിടെയാണെങ്കിലും...

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ അച്ഛന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു

ആത്മ said...

Thanks...

സു | Su said...

സങ്കടം...
കൂടുതലൊന്നും എനിക്കിപ്പോ പറയാൻ കഴിയില്ല...

Rare Rose said...

ആത്മേച്ചീ.. :(
ആ ഒരു ശൂന്യത മായ്ച്ചുകളയാനാവില്ല.. എന്നാലും പഴേ പോലന്നെ അവരൊക്കെ കൂടെയുണ്ടാവുമെന്ന് തന്നെ വിശ്വസിക്കൂ.. നമ്മൾക്കറിയാത്ത ഏതോ ലോകത്ത് നിന്നും അവരുടെ കരുതലും,സ്നേഹവുമൊക്കെ കണ്ണു ചിമ്മി നോക്കുന്നുണ്ടാവും..പയ്യെ എത്തി തൊടുന്നുണ്ടാവും..

Echmukutty said...

ഒന്നും പറയാന്‍ കഴിവില്ല......എല്ലാം സഹിക്കാന്‍ ബലമുണ്ടാവട്ടെ.

ആത്മ said...

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി!

ഒരുമിച്ച് കണ്ടപ്പോള്‍ സൂവിനും യച്ചുമിയ്ക്കും റോസൂനും ഒക്കെ നല്ല സാമ്യം തോന്നുന്നു..

സൂ വിനെ കണ്ടിട്ട് കുറേ നാളായായി...:(