Saturday, July 14, 2012

മനോനിയന്ത്രണവും, കുറച്ചു നല്ല നിമിഷങ്ങളും...

ഇന്ന് രാവിലെ എണീറ്റപ്പോള്‍ സത്യമായിട്ടും ഞാന്‍ ഒറ്റയ്ക്കായിരുന്നു..!
മക്കള്‍ സ്കൂള്‍ കാമ്പില്, ഭര്ത്താവ് അതി രാവിലെ എണീറ്റ് പോയിരുന്നു..
എന്നെ വിളിച്ചുണര്ത്താതെ..
അങ്ങിനെ ഞാന്‍ ശൂന്യവും എന്നാല്‍ അലങ്കോലപ്പെട്ടതുമായ വീട്ടില്‍ ഒറ്റയ്ക്ക് ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ ഒന്ന് പരുങ്ങി നിന്നു..
പിന്നെ പോയി ഹരിനാമകീര്ത്തനം ഓണ്‍ ചെയ്തു..
ഈശ്വരനും ഞാനും! തനിച്ചല്ല!
ഇനി?
അല്പം ഭാഗവത പ്രഭാഷണം കേള്ക്കാം.. ഏഷ്യാനെറ്റ് വച്ച്..
കൂടെ ഒരു ചായയും രണ്ട് ബിസ്കറ്റും..
അപ്പോള്‍ കിട്ടിയ സന്ദേശങ്ങളാണ്‌ ഇതൊക്കെ..


മനോനിരീക്ഷണം:

മനസ്സ് തൊടുത്തു വിടുന്നതാണ്‌ ഈ ലോകത്തുള്ളതെല്ലാം.. (ചന്ദ്രനില്‍ പോകുന്നതായാലും കമ്പ്യൂട്ടര്‍ ഉണ്ടാക്കിയതായാലും ഒക്കെയും.)
നമ്മുടെ പ്രവര്ത്തികള്‍ മുഴുവനും തുടങ്ങുന്നതും അവസാനിക്കുന്നതും മനസ്സില്‍ നിന്നാണ്‌..!


അങ്ങിനെയുള്ള ആ മനസിനെ അറിയാന്‍ ദിവസവും 24 മണിക്കൂര്‍ ഉള്ളതില്‍ ഒരു 25 മിനിട്ട് എങ്കിലും മാറ്റിവയ്ക്കുക..
അപ്പോള്‍ നമുക്ക് നമ്മുടെ മനസ്സിനെ മനസ്സിലാക്കാനും മെച്ചപ്പെടുത്താനും ഒക്കെ പറ്റും..
നാം കണ്ണാടിക്കുമുന്നില്‍ നിന്ന് മുഖത്ത് പൌഡര്‍ ഇടുന്നു, അതുപോലെ മനസ്സിനും പൌഡറൊക്കെ ഇട്ട് ഒരുക്കല്‍..
എന്റെ മനസ്സില്‍ നിന്നുയരുന്ന ചിന്തകള്‍ നല്ലതോ ചീത്തയോ?, ബലഹീനമായിട്ടുള്ളതോ, ബലിഷ്ടമായിട്ടുള്ളതോ,
സാമൂഹ്യമാണോ സ്വാര്ദ്ധപരമാണോ,
പവിത്രമോ അപവിത്രമോ ...

എന്നൊക്കെ അറിയാന്‍ പറ്റും.


മനോനിരീക്ഷണം; ആത്മനിരീക്ഷണം; ചെയ്യാത്തതുകൊണ്ടാണ്‍ നമുക്കുണ്ടാകുന്ന വിനകള്‍ക്കെല്ലാം കാരണം.


മനോനിരീക്ഷണം ചെയ്യുമ്പോള്‍ ഒരു കാര്യം മനസ്സിലാവും,
'നമ്മുടെ ശരിയായ വ്യക്തിത്വം അമൂര്ത്തമാണെന്ന്..!'
80 ശതമാനം 'വെള്ളം', സെല്ലായ സെല്‍ മുഴുവനും 'കാറ്റ്', അതും കഴിഞ്ഞ് 'ആകാശ'വും. ഘരവുമായിട്ടുള്ളത് അധികമില്ല!
 
അകത്തു ചെല്ലും തോറും ഈ കാണുന്ന വ്യക്തിത്വം അമൂര്ത്ത്മായി വരുന്നത് കാണാം!!
....

"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്‌
ആത്മൈവഹ്യാത്മനോ ബന്ധു-
രാത്മൈവ രിപുരാത്മനഃ"


[അവനവനെ അവനനവന്‍ തന്നെ ഉദ്ധരിക്കണം

ആത്മാവിനെ തളര്ത്തുന്നതൊന്നും ചെയ്യരുത്
നമ്മുടെ ബന്ധുവും ആത്മാവ് തന്നെ (സൂക്ഷിച്ചാല്‍ ബന്ധുവും)
ശത്രുവും ആത്മാവ് തന്നെ (നിയന്ത്രിച്ചില്ലെങ്കില്‍ ശത്രുവും ആകാം)]

....

പ്രസ്ഥാന ത്രയം:

നമ്മുടെ മൂല്യശാസ്ത്രങ്ങള്‍, സിദ്ധാന്ത ശാസ്ത്രം, ലക്ഷ്യം എല്ലാം പ്രതിപാദിക്കുന്നത് ഇവ മൂന്നും ആണ്‌!

1. വേദാന്തങ്ങള്‍ (ഉപനിഷത്തുകള്)
2. ഭഗവത് ഗീത (മഹാഭാരതത്തിലെ (
ഇതിഹാസം) സ്മൃതിയില്‍ നിന്ന്)
3. ബ്രഹ്മസൂത്രം (ന്യായം)


ഇതിനു ഞാന്‍ ഒരു മണിക്കൂറിലധികം‍ സമയം ചിലവാക്കി എന്നു പറയുമ്പോള്‍ എന്നിലെ ആത്മീയാന്വേക്ഷിയുടെ ദാഹം എത്രയുണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റുമല്ല്‌ ബ്ളോഗൂ നിനക്ക്..
ഇനി ഒരല്പം മോഹങ്ങളും തുടര്ന്നുണ്ടാവുന്ന മോഹഭംഗങ്ങളും കൂടിയാകുമ്പോള്‍ എന്റെ കര്മ്മം പൂര്ത്തിയാകും.
പിന്നെ ഞാന്‍ ഗമ്പ്ളീറ്റ് ലൌകീകതചിന്തകളൊക്കെ വിട്ട് ഭഗവാനെ അന്വേക്ഷിച്ച് അങ്ങ് പോകുമായിരിക്കാം.... ങ്ഹാ പറഞ്ഞില്ലെന്നു വേണ്ട..

അപ്പോള്‍ പറഞ്ഞുവന്നത് വീട്ടിലെ തനിമയെ പറ്റിയല്ല്യോ!

എനിക്ക് ഒരു വലിയ ഭാഗ്യക്കുറി കിട്ടിയ ഒരു പ്രതീതി!!.
ഒരു വീട്, അതില്‍ ഞാന്‍ ഒറ്റയ്ക്ക്! ആരും കണ്ട്റോള്‍ ചെയ്യാനില്ല..
ആരെയും തല്ക്കാലം സേവിക്കയും വേണ്ട..(എല്ലാവരും സുരക്ഷിതതും ആണ്‌)
ഞാന്‍ എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കിട്ടിയ സമയം!
നന്നായി ഒന്ന് കുളിക്കണം..
അത് പിന്നീടാകട്ടെ,
അടുക്കളേല്‍ ഒരു ശുദ്ധവൃത്തി വരുത്തി,
പിന്നെ കൈകൊണ്ട് കഴുകാനിട്ടിരുനതും നിറം ഇളകാന്‍ സാദ്ധ്യതയുള്ളതുമായ തുണിമണികള്‍ കഴുകി വിരിച്ചു..
ഹോ! എന്തൊരാത്മസംതൃപ്തി!
ഇന്നലെ വന്ന ജോലിക്കാരി മാഡത്തിനോട്, "എനിക്ക് നല്ല സുഖമില്ല, തുണികള്‍ കഴുകാന്‍ പറ്റുമെങ്കില്.." എന്നൊക്കെ പറഞ്ഞ്, അവള്‍ തലകുലുക്കിയതുമാണ്‌.. ഭാഗ്യം പൊലെ അവള്ക്ക് സമയം കിട്ടിയില്ല!
അതെന്തു കാര്യമായി..

ഞാന്‍ ആത്മസംതൃപ്തിയുമായി വീട്ടിനുള്ളില്‍ കയറി,
നന്നായൊന്ന് കുളിച്ചു,
പിന്നെ നേരെ പൂജാമുറിയിലേക്ക്..
വാങ്ങി വച്ചിരുന്ന പൂക്കളൊക്കെ അര്പ്പിച്ചു.
പിന്നെ ലളിതാസഹസ്രനാമം ചൊല്ലി (ഒരാഴ്ചയായി മുടങ്ങീട്ട്)
ആകപ്പാടെ വീട്ടിനും എനിക്കും ഒരു തെളിച്ചം ഒക്കെ വന്നു..

പിന്നെ,
വായിക്കാനായി രണ്ടുമൂന്ന് പുസ്തകങ്ങള്‍ പൊടിതട്ടി എടുത്തു..
വെളിയില്‍ താളാത്മകമായ മഴ പെയ്യുന്നുണ്ടായിരുന്നു ഈ സമയങ്ങളിലൊക്കെ, (ബാക്ക്ഗ്രൌന്ഡ് മ്യൂസിക്ക് പോലെ..)
ഞാന്‍ വെളിയില്‍ ഇറങ്ങി ശുദ്ധമായ മനസ്സും ശരീരവുമായി പ്രകൃതിയെ നോക്കി. അവളും ശുദ്ധയായിരിക്കുന്നു! ആയിക്കൊണ്ടിരിക്കുന്നു..!
നട്ട ചെടികള്‍ മുളച്ചോ എന്നു നോക്കി, പിന്നെ അരികില്‍ ഇട്ടിരിക്കുന്ന മേശയ്ക്കരില്‍ ഈ ലാപ്ടോപ്പും പുസ്തകങ്ങളുമായി വന്ന് ഇരുന്നു..
ഇത്രയും എഴുതി..

വെളിയില്,‍ മഴയില്‍ കുളിച്ച പ്രകൃതി നിന്ന് പുഞ്ചിരിക്കുന്നു..!
കിളീകള്‍ മഴയത്തും, ഇരതേടാനും ഇണതേടാനും, ഒക്കെയായി കലപില ശബ്ദ ങ്ങള്‍ ഉണ്ടാക്കി ചുറ്റിനും ഉണ്ട്..

വേറേ വിശേഷം ഒന്നുമില്ല..

ഗൃഹനാഥന്‍ അല്പം മുന്പ് വിളിച്ചു എന്തോ ഒരു മലയാളം ഗ്രൂപ്പിന്റെ പരിപാടിക്ക് ചെല്ലാന്..
ഞാന്‍ പറഞ്ഞു, 'ഇവിടെ ഞാന്‍ സംതൃപ്തയാണ്‌.. ദയവായി എന്റെ സന്തോഷം തകര്ക്കാനാവരുതേ വെളിയിലേക്കുള്ള ഈ ക്ഷണനം'  എന്ന്.
പോയി നോക്കാം.. കവികളും മലയാള ഭിഷഗ്വരന്മാരും ഒക്കെയുള്ള ഒരു ചടങ്ങാണ്‌‌..! യജ്മാനന്,‍ ബ്രാഞ്ച് സ്ഥപനത്തോടൊപ്പം അനോണിയായി നിന്ന് പടുത്തുയര്ത്തുന്നതും..! അവിടെ ആത്മ ഗമ്പ്ളീട്ട് അനോണിയാകേണ്ടി വരും ചിലപ്പോ..

ഇന്നലെ ഒരു ബന്ധു ചോദിച്ചു, "ചേച്ചി ഒന്നും എഴുതുന്നില്ലേ
അത് ഒരു ദൈവാനുഗ്രഹമല്ലെ?!, എഴുതണം ചേച്ചീ " എന്നൊക്കെ..!
ഞാന്: 'എഴുതുന്നുണ്ട്.. ബ്ളോഗില്.. വേറേ പേരില്..
ചുമ്മാ..' എന്നൊക്കെ പറഞ്ഞ് നിന്നു..

ഞാന്‍ മാന്യ മഹാജനങ്ങളുടെ മുന്നില്‍ സമര്പ്പിക്കാനായി ഒന്നും തന്നെ എഴുതുന്നില്ല ബ്ളോഗൂ കുറേ നാളായി..!!

ബാക്കി അടുത്തതില്..

സസ്നേഹം
ആത്മ

[നല്ല നിമിഷങ്ങളൊന്നും അധികം ദീര്ഘിക്കില്ലല്ലൊ, എന്റെ വെളിയിലത്തെ ഈ ഇരുപ്പ് വിഘ്നമുണ്ടാക്കാനായി അടുത്ത് ഉയരാന്‍ പൊകുന്ന സ്വിമ്മിങ്ങ്പൂള്‍ ഉള്ള മണിമാളികയുടെ അസ്ഥിവാരം തോണ്ടല്‍ തുടങ്ങി.. ഘോര ഘോരമായ യന്ത്രശബ്ദം ! ഉള്ളില്‍ പോകാതെ നിവൃത്തിയില്ലാ..]

5 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്ലോകം തെറ്റിച്ചാല്‍ അടികൊള്ളും

"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്‌
ആത്മൈവഹ്യാത്മനോ ബന്ധു-
രാത്മൈവ രിപുരാത്മനഃ"
പത്തു പ്രാവശ്യം ഇമ്പൊസിഷന്‍ എഴുതിയിട്ടു ക്ലാസില്‍ കയറിയാല്‍ മതി കേട്ടൊ :)

പിന്നെ പുള്ളിക്കാരന്‍ പറഞ്ഞതു കേട്ട്‌ ബ്രഹ്മസൂത്രം ന്യായം എന്നു പറഞ്ഞാല്‍ തെറ്റായിപോകും. ബ്രഹ്മസൂത്രം ഉത്തരമീമാംസ ആന്‌

ന്യായം എന്നു വെറുതെ പറഞ്ഞാല്‍ അതു ന്യായദര്‍ശനം എന്നു സം,ശയിക്കാം

പുള്ളി പറഞ്ഞത്‌ ന്യായീകരണം എന്ന അര്‍ത്ഥത്തിലാണ്‌ - ഞാനും കേട്ടിരുന്നേ :)

ആത്മ said...

ശരിക്കും പറഞ്ഞാല്‍ എനിക്കറിയാമായിരുന്നു അതില്‍ തെറ്റുകള്‍ ഉണ്ടായിരിക്കും എന്ന്
ആരെങ്കിലും(മിക്കവാറും സാറുതന്നെ) തിരുത്തി തരുമെന്നും മനസ്സ് പറഞ്ഞു..:))

ആ ആത്മീയത ഭാഗത്തില്‍ ഇനിയും കാണും ചില്ലറ തെറ്റുകള്‍..ശ്രദ്ധയില്‍ പെടുമെങ്കില്‍ ദയവായി
പറയണേ...

thanks a lot!!!

ആത്മ said...

ഓം
ദുഃഖമുണ്ടാവതിനെന്തേ മൂലം കൃഷ്ണാ
ജന്മമെടുക്കയായ് കൊണ്ടൂ
ജന്മമെടുക്കുവാനെന്തേ മൂലം കൃഷ്ണാ
ജന്മമെടുത്തതു 'രാഗം' കൊണ്ടേ 
രാഗമുണ്ടായ്‌വതിനെതേ മൂലം കൃഷ്ണാ
രാഗമെടുത്തതു 'മാനം' മൂലം 
മാനമുണ്ടാവതിനെന്തു മൂലം കൃഷ്ണാ
'തന്നെനിനയ്‌ക്കായ്കയാലേ'
തന്നെനിനയ്‌ക്കായ്വതിനെന്തേ മൂലം കൃഷ്ണാ?
(നീ നിന്നെ നിനയ്‌ക്കായ്കയാലെ)
അജ്ഞാനമാമവിവേകം മൂലം 
അജ്ഞാനം പോവതിനെന്തു ചെയ്‌വൂ കൃഷ്ണാ?
അജ്ഞാനം പോവത് 'ജ്ഞാനം' കൊണ്ടേ 
.....
ഭക്തിയുണ്ടാവതിനെന്തേ ചെയ്‌വൂ കൃഷ്ണാ?
(ഭക്തിയുണ്ടാവത് ജ്ഞാനം കൊണ്ടേ 
ജ്ഞാനമുണ്ടാവത് ചിത്തശുദ്ധികൊണ്ടേ
ചിത്തശുദ്ധി കൈവരുവതിനെന്തു ചെയ്‌വൂ കൃഷ്ണാ?)
ഭക്തിയുണ്ടാവത് 'വിരക്തികൊണ്ടേ
സക്തി പോവതിനെന്തു ചെയ്‌വൂ?
നല്ല ശ്രദ്ധവേണ്ടൂ 
ശ്രദ്ധയുണ്ടാവതിനെന്തു ചെയ്‌വൂ കൃഷ്ണാ?
'സജ്ജനസംഗതി' ചെയ്‌വൂ..
സജ്ജനസംഗതിക്കെന്തു ചെയ്‌വൂ കൃഷ്ണാ?
'വായുപുരേശനെ സേവിക്ക' വേണ്ടൂ...!

(പൂര്‍ണ്ണമല്ല.. തിരുത്താനുണ്ട്)

meera said...

"മന ഏവ കാരണം മനുഷ്യാണാം ബന്ധ മോക്ഷയോഃ"
എന്താണ്‌ ആത്മീയത്?
എന്തുകൊണ്ട് എനിക്കീ ദുഃഖം വരുന്നു?
അറിവുണ്ടാക്കുക. അത് വികസിപ്പിച്ചെടുക്കുക
പിന്നെ അത് സമൂഹത്തിനു പകര്ന്നുകൊടുക്കുക

നമുക്കുണ്ടാകുന്ന പ്രശനങ്ങളില്‍ നിന്നും ഒളിച്ചോറ്റുകയല്ല വേണ്ടത്..
അത് എങ്ങിനെ നേരിടാം എന്നതാണ്‌ ആത്മീയത
അത് നേരിടാനുള്ള മനോബലം ഉണ്ടാകുക, അറിവുണ്ടാക്കുഅക
ഇതാണ്‌ ആത്മീയതകൊണ്ട് നാം ഉദ്ദേശിക്കുന്നത്.

നമ്മുടെ ദുഃഖങ്ങള്ക്കെല്ലാം കാരണം നമ്മുടെ മനസ്സില്‍ നിന്നുയരുന്ന  ചിന്തകളാണ്‌ എന്നുമ്, നമ്മുടെ ചിന്തകളെ നിയന്ത്രിച്ചാല്‍ നമുക്ക് നമ്മുടെ ജീവിതം ഏതുവിധം വേണമെന്നും നമുക്ക് നിശ്ചയിക്കാനുള്ള മബോബലം കിട്ടും.
എല്ലാം മനസ്സില്‍ നിന്നുണ്ടാകുന്നതാണ്. ആ മനസ്സിനെ നമ്മുടെ നിയന്ത്രിച്ച് എല്ലാം പോസിറ്റീവ് ആയി കാണലാണ്‌ ആത്മീയത.

നമ്മുടെ ചിന്തകള്‍ നിയന്ത്രിച്ചാല്‍ വാക്കുകളിലും നിയന്ത്രണമുണ്ടാകും.
കുറ്റവും കുറവും ദുഃഖങ്ങളും പരാതികളും പറയുന്നതിനു പകരം അതിനെ എങ്ങിനെ തരണം ചെയ്യാനാവും എന്നതാകും മനോനിയന്ത്രണം വന്നാല്‍ പിന്നെ നാം ചിന്തിക്കുക..
അപ്പോള്‍ നമ്മുടെ വാക്കുകളും ഉത്കൃഷ്ടമാവും.
അത് നമുക്കും സമൂഹത്തിനു പ്രയോജനപ്പെടുന്നതാവുമ്.
നമ്മെ സമൂഹത്തിന്‍ ആവശ്യമുണ്ടാകും.
സമൂഹത്തില്‍ നിന്നും ആദരവും കിട്ടും
മറിച്ച്, പരാതി പറഞ്ഞുകൊണ്ട് നടക്കുമ്പോള്‍ സമൂഹം നമ്മെ വെറുക്കും.

മനസ്സിനെ, ചിന്തകളെ ഉല്കൃഷ്ടമാക്കലാണ്‌/അറിവുണ്ടാക്കി, ബലപ്പെടുത്തുന്നതാണ്‌, ആത്മീയത.
"മന ഏവ കാരണം മനുഷ്യാണാം ബന്ധ മോക്ഷയോഃ"

Devadas said...

നമസ്തേ,
"ദുഖമെടുപ്പതിനെന്തേ മൂലം കൃഷ്ണാ!
ദുഖമെടുപ്പതു ജന്മം മൂലം"
എന്ന പൂന്താനത്തിന്റെ വരികൾ (ആ കവിതയുടെ പേരോർമ്മ വരുന്നില്ല) ഇങ്ങിനെയല്ല പുസ്തകത്തിൽ വായിച്ചിട്ടുള്ളത്.
ജന്മമെടുപ്പത് കർമ്മം കൊണ്ടാണെന്നാണ്... ദുഖ കാരണം ജന്മവും, ജന്മകാരണം കർമ്മവും, കർമ്മകാരണം രാഗവും..... അങ്ങിനെ ആണെന്നാണു തോന്നുന്നത്... മുഴുവൻ വരികളും ഞാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം... നന്ദി.