Wednesday, June 20, 2012

പ്ലസ്സും ഡയമണ്ട് നെക്ളേയ്സും പിന്നെ ഞാനും...

 കുറേ ദിവസങ്ങളായി നമ്മള്‍ തമ്മില്‍ കണ്ടിട്ട് അല്ലെ ബ്ളോഗൂ!!

ഈയ്യിടെയായി എഴുതാനായി കമ്പ്യൂട്ടറിന്റെ മുന്നില്‍ വരുമ്പോള്‍ ഉടന്‍ പ്ളസ്സില്‍ പോയി അവിടെ നടക്കുന്ന വിശേഷങ്ങള്‍ അറിയാന്‍ ഒരാഗ്രഹം..
അതുവഴി ചില കഥാപാത്രങ്ങളെ മനസ്സിലായി തുടങ്ങിയപ്പോള്‍ ഒരു തുടര്‍ കഥപോലെ രസകരം.., അവരുടെ സംസാരങ്ങളും വിശേഷങ്ങളും ഒക്കെ ഒരു ടി.വി. സീരിയല്‍ മാതിരി.. ഇതില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ , വേണമെങ്കില്‍ നമുക്ക് അവരെ പരിചയപ്പെടാനും കഴിയും അല്പം കൂടി ധൈര്യമുണ്ടെങ്കില്‍ അവരുടെ നാടകത്തിനകത്ത കയറിപ്പറ്റാനും..
അങ്ങിനെ അതൊരു പ്രലോഭനമായി പലപ്പോഴും എന്നെ എഴുത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നു..

വാസ്തവത്തില്‍ എന്റെ ഈ ബ്ലോഗെഴുത്തും അവരുടെ കൊച്ചു വര്ത്തമാനവും തമ്മില്‍ വളരെ ചെറിയ വ്യത്യാസമേ ഉള്ളൂ..!
ഞാന്‍ വാരിവലിച്ചെഴുതി നിര്‍വൃതിപ്പെടുമ്പോള്‍ അവര്‍ ഓടി വന്ന് ഞൊടിയിടയില്‍ ആ സമ്തൃപ്തിയും പേറി വിരാജിക്കുന്നു..
അതൊരു പരാജയം പോലെ..
ആരും കാണാത്ത ഒരു മൂലയില്‍ പോയിരുന്ന് ഒറ്റയ്ക്ക് പരിതപിക്കുന്നതും കുറെ കൂട്ടുകാരോടൊപ്പം പോയി അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ടാകുമല്ലൊ ബ്ളോഗൂ..

സാരമില്ല അല്ലെ,ഇങ്ങിനെയും ചിലര്‍ വേണമല്ലൊ ലോകത്ത്..
 നമുക്ക് വിശേഷങ്ങള്‍ പങ്കുവയ്ക്കാം..?

ഞാന്‍ ഈയ്യിടെ നാട്ടില്‍ പോയിരുന്നു കേട്ടൊ..
അച്ഛനെ കണ്ടു.. സഹോദരനെ കണ്ടു.. ഗുരുവായൂര്‍ അമ്പലനടയില്‍ പോയി, ഡയമണ്ട് നെക്ളേസ് കണ്ടു..!!
(ങ്ഹാ! വിശേഷം കിട്ടിയല്ല്‌! )
ഡയമണ്ട് നെക്ളേസ്!
നല്ല ഉഗ്രോഗ്രന്പടമായിരുന്നു ബ്ളോഗൂ!!

കഷണ്ടി തലയയുള്ള ഫഹദ് ഫസില്‍ എന്തു കുന്ത്രാ ണ്ടമാണ്‌ ഒപ്പിച്ചു വയ്ക്കാന്‍ പോകുന്നതെന്നു കരുതി എങ്കിലും അയാളുടെ ചിരിയ്ക്കും നോട്ടത്തിനും ഒക്കെ ഒരു മാസ്മരികത്യുണ്ട്.. അഭിനയത്തിനു ഒരു തനതായ ശൈലി, തന്മയത്വം ഒക്കെ ഉണ്ട്. പിന്നെ എനിക്ക് കഥയും സംഭാഷണവും കഥയുടെ റ്റ്വിസ്റ്റ് ആന്ട് ടേണും, ഒക്കെ അങ്ങ് പിടിച്ചു.

ഇതിലും കൂടുതലായി പറയാനുള്ളത്..
എല്ലാ കാര്യങ്ങള്ക്കും ഒരു കാരണം ഉണ്ട്. ഓരോ സംഭവങ്ങളും കഥയുടെ പൂര്ണ്ണതയ്ക്ക് മിഴിവേകുന്നു.. പരിസമാപ്തിയോ! അതി ഗംഭീരം!!
ഇപ്പോഴത്തെ യങ്ങ് ജനറേഷന്റെ കൈവിട്ടുപോകുന്ന മൂല്യങളും ഒടുവില്‍ അതു വരുത്തി വയ്ക്കുന്ന ഭവിഷ്യത്തുകളും ഒക്കെ ഭംഗിയായി കോര്ത്തിണക്കി ഒരു മനോഹര ഹാരം തീര്‍ത്ത മാതിരി..
(ആത്മേ കണ്ട്രോള്..!!)
നായകന്‍ നായികമാരോടൊക്കെ ആത്മാര്ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതിലും, ഒടുവില്‍ ശരിയായ പാത കണ്ടേത്തുന്നതിലും വിജയിക്കുന്നു എന്നത് വളരെ ആശ്വാസകരമായി തോന്നി..യുവതലമുറയുടെ മൊറാലിറ്റിയെ തൊട്ടുണര്ത്താന്‍ ഇത്തരം തെറ്റുകള്‍ കലര്ന്ന ഒരു ശരിയാണ്‌ ആവശ്യവും.
തെറ്റിലൂടെ ശരിയെ കണ്ടെത്തുകയാണ്‌ നായ്കന്‍..
ഓരോ കഥാപാത്രങ്ങള്ക്കും അവരുടെതായ ഒരു ശരിയുണ്ട്..
ആ ശരി സംവിധായകന്‍ കണ്ടെത്തി അവരുടെ സ്വഭാവത്തെയും പ്രവൃത്തികളെയും അംഗീകരിപ്പിക്കുന്നു.. ഒപ്പം നമ്മുടെ മനസ്സില്‍ അവര്ക്ക് ഇടമുണ്ടാക്കുകയും..

എനിക്ക് ഈ പടം വളരെ ഇഷ്ടമായി! മുന്പ് ഈ പടത്തെപ്പട്ടി ഒന്നും അറിയില്ലായിരുന്നു താനും.. അതുകൊണ്ട് ഒരല്പം അല്ഭുതപരതന്ത്രയായായാണ്‌ തീയേറ്ററിനു വെളിയില്‍ എത്തിയത്..
മലയാള സിനിമയ്ക്ക് ഭാവിയുണ്ടെന്ന ആശ്വാസം, പുത്തന്‍ യുഗത്തിലെ മലയാളികളുടെ ജീവിതത്തെ സിനിമയിലൂടെ ആവിഷ്ക്കരിക്കാനാകും എന്ന ആശ്വാസം..അതിലേറേ മലയാളികളുടെ  ദ്രുതഗതിയില്‍ ഉള്ള മാറ്റം എടുത്തുകാട്ടുന്ന സിനിമ.

നിര്ത്തട്ടെ..

ആകപ്പാടേ പ്ളസ് വായിച്ച് അവിടത്തെ വാചക കസര്ത്തില്‍ ആകൃഷ്ടയായതില്‍ പിന്നെ ഞാനൊരു നിരക്ഷരയും അല്പ്പ പ്രാണിയായ ഒരു ബ്ളോഗെഴുത്തുകാരിയാണെന്നും തോന്നി തോന്നി ആത്മൈശാസം ഒക്കെ ക്ഷയിച്ചിരിക്കുന്ന ഈ വേളയില്‍ എന്റെ ബ്ളോഗൂ നിന്നോട് ഇത്രയെങ്കിലും പങ്കുവയ്ക്കാനായതില്‍ ഒരു സന്തോഷം..
ഇനി സമയം കിട്ടുമ്പോള്‍ കൂടുതല്‍ വിശേഷങ്ങളുമായ് വരാമെ..
2 comments:

Manoraj said...

സമയം കിട്ടുമ്പോള്‍ പുതിയ വിശേഷങ്ങളുമായി വരു.. പ്ലസ്സില്‍ പെട്ട് ബ്ലോഗ് മൈനസാവരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമ റിവ്യുവും വായനയുടെ രസതന്ത്രവും ആത്മയുടെ ഗതങ്ങളും എല്ലാമായി വീണ്ടും ഈ താളുകള്‍ ഇടക്കിടെ മറിഞ്ഞുകൊണ്ടിരിക്കട്ടെ.

ആത്മ said...

പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി!!