Saturday, April 21, 2012

ഇന്നസെന്റിന്റെ 'മഴക്കണ്ണാടി' യും.. പിന്നെ ഞാനും!

രാവിലെ ആകപ്പാടെ ഒരു മ്ളാനത!
ബ്ളോഗില്‍ ഒന്നും എഴുതാന്‍ പറ്റാതിരുന്നതുകൊണ്ടാണോ?!..
'സംതിങ്ങ് ഈസ് മിസ്സിങ്ങ്!!'

ഇന്നലെ രാത്രി ഇന്നസെന്റിന്റെ 'മഴക്കണ്ണാടി' എന്ന  അനുഭവക്കുറിപ്പുകള്‍ വായിച്ചു.

അദ്ദേഹം ഫസ്റ്റ് പെര്സണില്‍ എഴുതിയപ്പോള്‍ വളരെ രസകരവും, അനുഭവം ഒരു കഥയാക്കാന്‍ നോക്കുമ്പോള്‍ അപാകതയും തോന്നി.
എങ്കിലും അദ്ദേഹത്തില്‍ ഒരു നല്ല ഹാസ്യനടനെപ്പോലെ നല്ല എഴുത്തുകാരനും ഒളിഞ്ഞിരിപ്പുണ്ട് എന്ന് അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലാവും. ഒന്നു രണ്ടു ഭാഗങ്ങളില്‍ ഉറക്കെ ചിരിക്കാതിരിക്കാനായില്ല..!

ഒരു നേര്‍ച്ചയുമായി ബന്ധപ്പെട്ട കഥയില്‍, വള്ളം മുങ്ങി മറിയാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ അതും ആസ്വദിച്ച് അമരത്തിരിക്കുന്ന വള്ളക്കാരനും,
ഇന്നസെന്റിനു ഇതിനിടയിലും ജീവന്‍ പോകുന്നതിലും പേടി മറ്റൊന്നായിരുന്നു, തന്റെ ഭാര്യ ഇനി ഒരുപക്ഷെ വള്ളം മുങ്ങിമറിയാതിരുന്നാല്‍ 'ഉള്ള സ്വത്തുക്കളേല്ലാം നേര്‍ച്ച വച്ചേക്കാമേ!' എന്നു നേര്‍ന്നുകളയുമോ എന്ന ഭയം!

അങ്ങിനെ ഒരുപാട് സന്ദര്ഭങ്ങള്‍ ഉണ്ട് അറിയാതെ ചിരിച്ചു പോകുന്നവ..

ആദ്യം ഒരാള്‍ക്ക് കടം കൊടുക്കാതിരുന്നതില്‍ പശ്ചാത്തപിച്ച്, അയാള്‍ മുട്ടന്‍ പണക്കാരനായി വരുമ്പോള്‍ പശ്ചാത്തപിച്ചു മാപ്പ് ചോദിക്കുന്നതും
(അതിനിടയിലും അയാള്‍ തന്റെ വിലപിടിപ്പുള്ള വിദേശ മദ്യം സൂക്ഷിച്ചു തിരികെകൊണ്ടുപോയതു അപ്രധാനമായ രീതിയില്‍ ഒന്നു സൂചിപ്പിച്ചിട്ട്..)
അടുത്ത വരവില്‍ വീണ്ടും അയാള്‍ ദരിദ്രനായി വീണ്ടും പണം കടം ചോദിക്കുന്നതും, ഇപ്രാവശ്യം ചെയ്ത തെറ്റു തിരുത്തുമോ എന്ന സന്ദേഹം നമ്മോടൊപ്പം അദ്ദേഹത്തിലും ആകാംഷ ഉണ്ടാക്കുന്നു..
എങ്കിലും, രാവിലെ തണുത്ത വെള്ളം തലയിലൂടെ ഒഴുകിയിറങ്ങുമ്പോള്‍
കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ തന്നെ 'തന്റെ കയ്യില്‍ പണം ഇല്ല' എന്നു പറയാനാണ്‌ തോന്നിയതെന്നും വളരെ രസകരവും സ്വാഭാവികതയോടും; എന്നാല്‍ ഗുണപഠങ്ങളും നല്കുന്നു..

അങ്ങിനെ കുറെ കൊച്ചു കൊച്ചു സംഭവകഥകള്‍..

പെണ്ണുങ്ങളൊടു തോന്നുന്ന ആകര്ഷണം ഒക്കെ അദ്ദേഹം സ്നേഹത്തിനു വേണ്ടിയുള്ള പുരുഷന്റെ വികാരമായി വ്യാഖ്യാനിച്ചിരിക്കുന്നു
(സ്ത്രീകള്‍ പൊതുവേ പുരുഷന്റെ ഇത്തരം ആകര്ഷണങ്ങള്‍ വെറും ലൈംഗീകാകര്‍ഷണം എന്ന് എഴുതി തള്ളുമ്പോള്‍!); അതിനും സ്വാഭാവികതയുണ്ട്!

പണ്ടത്തെ നിരത്തിലൂടെ നടക്കുമ്പോള്‍ ഇരുവശവും ഉള്ള സുന്ദരീമണികള്‍ ഒക്കെ എവിടെപ്പോയിട്ടുണ്ടാവും എന്ന് വ്യസനപ്പെടുന്നതും, അവരെ മറ്റു നാടുകളിലേക്ക് കെട്ടിച്ചയച്ചിട്ട് വീട്ടില്‍ കൂനിക്കൂടിയിരിക്കുന്ന മാതാപിതാക്കളോട് അമര്‍ഷം തോന്നുന്നതും;
പതിവായി കുളിക്കടവില്‍ കുളിക്കാന്‍ വരുന്ന സുന്ദരികളുടെ കണക്കടുപ്പു നടത്തി (ഇന്നസെന്റിന്റെ ഭാഷയില്‍ -'കുളിപ്പിച്ചു വിട്ട്..') ശീലിച്ച്, ശീലിച്ച്, ഒരു ദിവസം ഒരുത്തി വന്നില്ലെങ്കില്‍ പോലും ആകെ അങ്കലാപ്പായി, എന്തു പറ്റി ആ കുട്ടിക്ക്?! ,  ആ കുട്ടിയുടെ വീട്ടില്‍ ചെന്ന്, 'എന്തേ ഇന്ന് സാവിത്രി കുളിക്കാന്‍ വന്നില്ല?!' എന്നു ചോദിക്കണം ന്നുപോലും തോന്നുന്ന ഇന്നസ്നെന്റ്
ഒരു യഥാര്ത്ഥ നര്മ്മകലാകരാന്‍ തന്നെയായി തോന്നി..

ദൈവത്തില്‍ വളരെ വിശ്വസിക്കുന്നില്ലെങ്കിലും ഒരിക്കല്‍ ലോഡ്ജില്‍ കാശു സമയത്തിനടയ്ക്കാതെ പെട്ടിയും കിടക്കയും ഒക്കെ വെളിയില്‍ ഇട്ട് വെളിയിലാക്കപ്പെട്ട് നില്ക്കുമ്പോള്, നാട്ടില്‍ തന്റെ കുടുംബത്തെ നന്നായി അറിയാവുന്ന ഒരു പാവപ്പെട്ടവന്‍ തന്റെ സമ്പാദ്യം ഭദ്രമായി സൂക്ഷിക്കാനായി ഇന്നസെന്റിന്റെ തേടിപ്പിടിച്ച് വന്ന് ഏല്പ്പിക്കുന്നതും, അതുകൊണ്ട് ലോഡ്ജിലെ കടം തീര്ത്ത് സ്വസ്ഥനാവുന്നതും, കൂട്ടത്തില്‍, 'കാശു ബാങ്ക് അവധി ദിവസങ്ങളില്‍ ചോദിക്കാന്‍ അവരരുതേ..' എന്ന് പാവത്തിനോട് മുന്നറിയിപ്പു നല്കി അയാളുടെ പണത്തിന്റെ ഭദ്രത ഉറപ്പു നല്കുന്നതും ഒക്കെ ഇന്നസെന്റിന്റേതായ ഒരു നര്മ്മ രീതിയായി തോന്നി..

അങ്ങിനെ, നര്മ്മവും നൊമ്പരവും, കൌമാരപ്രണയവും, ഒപ്പം ജീവിത പാഠങ്ങളും തരുന്ന അനുഭവങ്ങള്!!

അറുത്തകൈക്ക് ഉപ്പുചേര്ക്കാത്ത സഹപാഠി ഒടുവില്‍ വയസ്സായിട്ടും തന്റെ പിശുക്കുകാരണം, പുത്രനും ഭാര്യയും പുറം തള്ളിയിട്ടും, കണ്ണുകള്‍ നഷ്ടപ്പെട്ടിട്ടും തന്റെ പിശുക്ക് കാത്ത് സൂക്ഷിക്കുന്നത് വലരെ നര്‍മ്മത്തോടെ എഴുതിയിരിക്കുന്നു...

തന്റെ കൂടെ കളിച്ചു വളര്ന്ന കൊച്ചു ബാലന്റെ മരണം ഇന്നസെന്റിനോടൊപ്പം നമ്മെയും കരയിക്കുന്നു...!

ഇതയൊക്കെ പോരേ അദ്ദേഹത്തിലെ എഴുത്തുകാരനെ അറിയാന്!!

[രാവിലെ എന്തൊക്കെയോ വാരിവലിച്ച് എഴുതാന്‍ വന്നതാണ്‌.. അപ്പോഴാണ്‌ ഇന്നലെ വായിച്ച ഇന്നസെന്റ് പുസ്തകത്തെ പറ്റി ഓര്‍മ്മിച്ചത്.. എങ്കിപ്പിന്നെ അതിനെപ്പറ്റി എഴുതി നോക്കാം എന്നു കരുതി...]

No comments: