Sunday, September 25, 2011

കണ്ണന്‍ വന്താന്‍

പകല്‍ മുഴുവന്‍ ഡിപ്രഷന്‍ ആണ്‌. ഒരു വലിയ ഭാഗ്യക്കുറി യോ അവാര്‍ഡോ അടിച്ചാല്‍ പോലും ഈ ജന്മം പകല്‍ സന്തോഷിക്കുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. (ങേ! വീട്ടമ്മമാര്‍ക്കും അവാര്‍ഡോ!!- ഭാഗ്യക്കുറി അടിച്ചാല്‍ ലോകത്തിലെ പട്ടിണി മുഴുവന്‍ ഞൊടിയിടകൊണ്ട് മാറ്റണം!)
ഒരു സന്ധ്യയോടടുക്കുമ്പോഴാണ്‌ കാര്‍മേഘം മാറി വെളിച്ചം വീശി തുടങ്ങുന്നത്.. എന്താ ഇപ്പോള്‍ പുതുതായി സന്തോഷിക്കാന്‍ ഉണ്ടായതെന്നെനിക്കും അറിയില്ല..ഒരു പക്ഷെ, മനുഷ്യരുടെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കേണ്ട ഘട്ടം കടന്നു എന്ന ഒരു ആശ്വാസമാകാം..ഇനിയുള്ള രാത്രി മുഴുവന്‍ എന്റെ സ്വന്തമല്ല്യോ എന്ന ഒരു ആശ്വാസം!
ഒരുപക്ഷെ, ജീവിച്ചു തീരുമ്പോള്‍ ഒടുവില്‍ ഈ ഭൂമിയില്‍ നിന്നും വിടപറയാറാകുമ്പോഴും ഞാന്‍ അത്യന്തം സന്തോഷിക്കുമായിരിക്കും..

അപ്പോള്‍ പറയാന്‍ വന്നത്.. ഒന്നു രണ്ട് കാര്യങ്ങളുണ്ട്..
ഒന്ന്, ഞാന്‍ ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍സ് കണ്ടു.. കല്പനയുടെ ഒരു ഫാന്‍ ആയതുകൊണ്ട് കാണാനിരുന്നതാണ്‌.. ഭാഗ്യത്തിന്‌ എസ്. എം. എസ്സുകാര്‍ കൊണ്ടുപോകാതെ ഇപ്രാവശ്യം കഴിവിന്‌ അംഗീകാരം കിട്ടിയതായി തോന്നി..
കല്പ്പന എന്നും (ഞാന്‍ കണ്ടപ്പോഴൊക്കെ) എനിക്കൊരു അത്ഭുതമായിരിന്നു..!
യേശുദാസ് പറഞ്ഞത് അക്ഷരം പ്രതി ശരിയായി തോന്നി.. ഇന്ത്യയില്‍ ഒതുങ്ങേണ്ട ഒരു ടാലന്റ് അല്ലത്തപോലെ.. ഒരു ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഒതുങ്ങേണ്ടുന്ന കഴിവിനും മികച്ച ഒരു അത്ഭുത പ്രതിഭാസം..
(ആത്മഗതം: എനിക്ക് എഴുതുമ്പോള്‍ മലയാളവും ആവശ്യത്തിനു വഴങ്ങുന്നില്ല.. ഇംഗ് ളീഷും വഴങ്ങുന്നില്ല!! ഞാന്‍ ഏതോ ഭാക്ഷയില്ലാത്ത ലോകത്തില്‍ ജീവിക്കുന്ന ഒരു ജീവിയാണെന്നു തോന്നുന്നു...)

അങ്ങിനെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ കാര്യമല്ലെ പറഞ്ഞുകൊണ്ടു വന്നത്..
ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണാനിരുന്നത് , ചിത്രയെ കാണാനും കൂടിയായിരുന്നു..(ചിത്ര എങ്ങിനെ തന്റെ ദുഃഖവുമായി താദ്യാമ്യം പ്രാപിച്ചു എന്നറിയാന്‍)
പ്രിഥ്വിയെ കാണാനും കൂടിയായിരുന്നു..( ശരവര്‍ഷം പോലെ തന്റെ മേല്‍ പതിക്കുന്ന ആരോപണങ്ങള്‍ എങ്ങിനെ കൂള്‍ കൂളായിട്ട് എടുത്തു എന്നറിയാന്‍..)

ചിത്ര
ചിത്ര, ഇനിയും ദുഃഖത്തില്‍ നിന്നും കരകയറിയിട്ടില്ല! പാവം..
ഏതുനിമിഷവും കരയാന്‍ വിതുമ്പി നില്‍ക്കുമ്പോലെ!!
ആദ്യമായി മൈക്കിന്റെ മുന്നില്‍ നിന്നപ്പോള്‍ അറിയാതെ തന്നില്‍ നിന്നും അടര്‍ന്നുപോയ ആത്മാവിനുവേണ്ടിയുള്ള പിടച്ചില്‍ ഞാന്‍ കണ്ടു..
യേശുദാസ് വന്ന് തമാശപറയുമ്പോഴൊക്കെ കൂനിക്കൂടി ഇപ്പോള്‍ പൊട്ടിക്കരഞ്ഞുപോകും എന്നപോലെ ഒരരുകില്‍ ഒതുങ്ങി നിന്നിരുന്നു ചിത്ര.. മലയാളത്തിലെ വാനമ്പാടി.. ആരോടും പരുഷമായി ഒന്നും പറയാത്ത, സാധാരണക്കാരിലും സാധാരണക്കാരിയായി ജീവിച്ച ആ പാവം..
യേശുദാസ് ആശ്വാസവചനവുമായി ചിത്രയുടെ അരികില്‍ ഒരുനിമിഷം ചെന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു..
യേശുദാസ് പറഞ്ഞതൊക്കെയും ജനനന്മക്കുവേണ്ടിയായിരുന്നു.. അഹ് ളാദപ്രകടനം നടത്തിയതും. സഹതപിച്ചാല്‍ ചിത്ര കരഞ്ഞുപോക്കുമെന്ന വിചാരമായിരുന്നിരിക്കണം..
എങ്കിലും.. എങ്കിലും..
ഒടുവില്‍ വിജയോന്മാദത്തില്‍ പലരും യേശുദാസിനെ മറന്ന് സദസ്സില്‍ ആര്‍മാദിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു..
വിജയത്തിന്റെ ലഹരിയില്‍ അവഗണിക്കപ്പെടുന്ന ചില ഹൃദയങ്ങളെ..
അദ്ദേഹത്തിന്റെ സാന്ത്വനം ഏറ്റവും ആവശ്യം ചിത്രയ്ക്കായിരുന്നില്ലേ?!
(ഇതാണ്‌ ഞാന്‍ അല്പം കടന്നു ചിന്തിക്കുമെന്ന് പറയുന്നതും.. ലോകത്തില്‍ ആര്‍ക്കും ആത്മാര്‍ത്ഥതയില്ലെന്നുമുള്ള നിഗമനത്തില്‍ എത്തുന്നതു!!)

കണ്ണന്‍ വന്താന്‍ എന്നല്ലെ തലക്കെട്ട് കൊടുത്തത്?
കണ്ണന്‍ വന്നു.. എന്റെ മനസ്സിലെ.. അതിനി എങ്ങിനെ എഴുതി ഫലിപ്പിക്കാന്‍?!!
അത് മറ്റൊരവസരത്തില്‍..3 comments:

Manoraj said...

ആത്മേ വീട്ടമ്മമാര്‍ക്കും അവാര്‍ഡൊക്കെ കിട്ടാട്ടോ.. ബ്ലോഗര്‍ക്കൊരു അവാര്‍ഡ് എന്നൊക്കെ ഭാവിയില്‍ വന്നാലോ :) നമുക്ക് അങ്ങട് സ്വപ്നം കാണാന്നേ...

പിന്നെ രസകരമായി തോന്നിയ മറ്റൊന്ന് പറയട്ടെ. "ഞാന്‍ ഏതോ ഭാക്ഷയില്ലാത്ത ലോകത്തില്‍ ജീവിക്കുന്ന ഒരു ജീവിയാണെന്നു തോന്നുന്നു..." ഇതിപ്പോള്‍ ഇത്ര നീട്ടിപ്പിടിച്ച് പറയേണ്ട ആവശ്യമേയില്ല. മലയാളികള്‍ ഇതിന് ഒറ്റ വാക്ക് കണ്ടെത്തിയില്ലേ. ഞാനൊരു രഞ്ജിനി ഹരിദാസാണെന്ന് പറഞ്ഞാല്‍ പൊരെ :):)
തലക്കെട്ട് ഒന്ന് പറഞ്ഞിട്ട് മറ്റെന്തൊക്കെയോ എഴുതിയതിന് ഞാന്‍ എന്ത് പറയാന്‍ :)

ആത്മ said...

അതെ! സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളൊല്ലൊ!!:)

രഞ്ജിനി ഹരിദാസിനു ഇംഗ്ലീഷൊക്കെ ഭയങ്കര പരിജ്ഞാനമല്ലെ,

ഇത്.. ത്രിശ്ശങ്കു സ്വര്‍ഗ്ഗം പോലെ ഒരു ഭാഷയിലും പ്രാവീണ്യം ഇല്ല..
ചിലപ്പോള്‍ അത്യാവശ്യത്തിനു മുട്ടി വിളിച്ചാല്‍ ഒരു അപരിചിതയെപ്പോലെ നിന്നു
ചിരിക്കും ഭാഷകള്‍..
എനിക്കാണെങ്കില്‍ മനസ്സിനെ അപ്പടി പകര്‍ത്താതെ ഉറക്കവും വരില്ല...ഹും!!!:(

മുല്ല said...

ഞാനിവിടെ വന്നിരുന്നോ മുന്‍പ്..?
സന്തോഷം ;അതങ്ങനെയൊക്കെ തന്നെയാണു.വിഷാദവും..