Friday, August 5, 2011

കാലചക്രം

ഇന്നത്തെ പ്രഭാതത്തിന് എന്തോ പ്രത്യേകത തോന്നിയിരുന്നു..
വര്‍ഷത്തിലെ ചില പ്രത്യേക മാസത്തിലാണെന്നു തോന്നുന്നു ഈ വിധം ഒരു കാലാവസ്ഥ
അത്  നാട്ടില്‍ എല്ലാവരോടും ഒപ്പം സുരക്ഷിതയായി കഴിഞ്ഞിരുന്ന ഏതോ ഒരു നല്ല നാളിലെ പ്രഭാതത്തിലേക്ക് എന്റെ മനസ്സിനെ കൂട്ടിക്കൊണ്ട് പോകുന്നു..

ഞാന്‍ വളരെ അധികം സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും  ചെയ്യുന്ന ഒരിടത്താണെന്ന തോന്നല്‍
ശരീരത്തിന്  ആകെ ഒരു ലാഘവത്വം
ഇന്നലെ കഴിച്ച എന്തെങ്കിലും പ്രത്യേക ഭക്ഷണമാണോ,
അതോ ഇന്നലെ കണ്ട ഏതെങ്കിലും സ്വപ്നമോ,
എന്താണെനിക്കിത്ര അധികം ഒരു സമാധാനത്തിന്റെ പരിവേഷം പ്രദാനം ചെയ്തത്?!
ഈ നിമിഷങ്ങളെ എവിടെയെങ്കിലും അല്പം സൂക്ഷിച്ചുവയ്ക്കാനായെങ്കില്‍..

സ്വപ്നത്തിലോ അല്ലാതെയോ ഞാന്‍ ആരാലോ സ്നേഹിക്കപ്പെട്ടിരിക്കുന്നു..
അരികില്‍ ഇരിക്കുന്ന മകളാണോ എനിക്ക് സ്നേഹം തന്നത്?
അതോ പ്രത്യക്ഷത്തില്‍ കണ്ട ഏതെങ്കിലും സുഹൃത്തുക്കളോ?
അതോ നാട്ടില്‍ വിളിച്ചപ്പോള്‍ അച്ഛന്‍ നന്നായി സംസാരിച്ച് സ്നേഹം തന്നതാകുമോ?!
അച്ഛന്റെ നല്ല പ്രായത്തില്‍ അച്ഛനു വീട്ടില്‍ ഇരിക്കാനോ മക്കളോടു സംസാരിക്കാനോ ഒന്നും ക്ഷമയില്ലായിരുന്നു. അച്ഛനോട് തുറന്നു സംസാരിക്കാനും സംശയങ്ങള്‍ ചോദിക്കാനും ഒക്കെ വല്ലാതെ കൊതിച്ചിട്ടുണ്ട്.. ഇന്നിപ്പോള്‍ ദൈവമായി അകലങ്ങളിലിരുന്ന് അച്ഛനെയും മകളെയും  പരസ്പരം സാന്ത്വനിപ്പിക്കുന്നു...!

എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു..
ദൈവം നോക്കി കണ്ട് തരുന്നതാണോ, അല്ലാതെ അദ്ദേഹം ഉണ്ടാക്കി വച്ച പ്രകൃതിയുടെ നിയമങ്ങളാണോ, അറിയില്ല,
ഇന്നത്തെ എന്റെ അനുഭവം നാളെ മറ്റുള്ളവരുടെതാകുന്നു..
ഇന്നത്തെ മറ്റുള്ളവരുടെ അനുഭവം അതുപോലെ എനിക്കും അനുഭവിക്കേണ്ടി വരുന്നു..
നല്ലതായാലും ചീത്തയായാലും...
നാം സങ്കല്പിക്കാന്‍ പോലും പറ്റാത്ത അത്ര കാലം ഓരോരുത്തരുടെ ജീവിതത്തെയും മാറിമറിക്കുന്നു..
ഇന്ന അധികാരത്തിലിരിക്കുന്നവന്‍ നാളെ അധികാരമില്ലാത്തവനായി
ഇന്നത്തെ പാവപ്പെട്ടവന്‍ നാളത്തെ പണക്കാരന്‍
ഒരിക്കല്‍ സ്നേഹം നിഷേധിക്കപ്പെട്ടവരുടെ മുന്നില്‍ നിയതി മുതലും പലിശയും അടക്കം എല്ലാം കൊടുത്തു തീര്‍ക്കുന്നു..
ഒരിക്കല്‍ ഏകാന്തതയാല്‍ ശ്വാസം മുട്ടിയവര്‍ പിന്നൊരിക്കല്‍ അവര്‍ സ്വപ്നം കാണാന്‍ കൂടി കഴിയാത്തത്ര സത്ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്നു..
അങ്ങിനെ പല പല വിചിത്രമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്...

അപ്പോള്‍ പറഞ്ഞുവന്നത്...
ഇന്നലെ ഞാന്‍ സ്വപ്നത്തിലോ, മറ്റോ സ്നേഹിക്കപ്പെട്ടിരുന്നു എന്നല്ലെ,
അതെ എന്നെ ആരോ സ്നേഹിക്കുന്നുണ്ടെന്ന പോലെ ഒരു തോന്നല്‍
സ്നേഹം  ആത്മാവില്‍ നിന്ന് ഉരുത്തിരിയുന്നതാണൊ?!
അതോ ഹൃദയത്തില്‍ നിന്നും മുളയ്ക്കുന്നതാണോ?
ഉപബോധ മനസ്സിന്റെയോ?
അവ്യക്തതയില്‍ നിന്നോ?
അനന്തതയില്‍ നിന്നോ?
അജ്ഞാതതതയില്‍ നിന്നോ
നിസ്വാര്‍ദ്ധതയില്‍ നിന്നോ?


7 comments:

Manoraj said...

സ്നേഹം മനസ്സിന്റെ അകത്തളങ്ങളില്‍ നിന്നും ഉറവയയി വരുന്നതാണ് ആത്മ. എന്തേ ആകെ ഒരു തത്വചിന്ത ലൈനില്‍ :)

ആത്മ said...

എങ്കിപ്പിന്നെ ഇന്ന് ആ വാതില്‍ തുറക്കാന്‍ പറ്റാത്തതെന്തെ?!

നാം സ്വയം വിചാരിച്ചാല്‍ തുറക്കാനാകാത്ത ഒരു വാതിലുണ്ട്
നമ്മുടെ ഹൃദയത്തില്‍.. അതിന്റെ താക്കോള്‍ നമ്മുടെ കയ്യില്‍ അല്ല...:)

SHANAVAS said...

ചില ദിവസങ്ങള്‍ അങ്ങനെയാണ്,ആത്മേ...അന്ന് പ്രത്യേകമായ ഒരു ഊര്‍ജ്ജം തോന്നും...എല്ലാവരുടെ ജീവിതത്തിലും ഇത് ഉണ്ടാകാം..മനോരാജ് ചോദിച്ചത് പോലെ..എന്താണ് ഒരു തത്വ ചിന്താ ലൈന്‍...

SHANAVAS said...

ചില ദിവസങ്ങള്‍ അങ്ങനെയാണ്,ആത്മേ...അന്ന് പ്രത്യേകമായ ഒരു ഊര്‍ജ്ജം തോന്നും...എല്ലാവരുടെ ജീവിതത്തിലും ഇത് ഉണ്ടാകാം..മനോരാജ് ചോദിച്ചത് പോലെ..എന്താണ് ഒരു തത്വ ചിന്താ ലൈന്‍...

മാണിക്യം said...

"ഇന്നലെ ഞാന്‍ സ്വപ്നത്തിലോ, മറ്റോ സ്നേഹിക്കപ്പെട്ടിരുന്നു എന്നല്ലെ,
അതെ എന്നെ ആരോ സ്നേഹിക്കുന്നുണ്ടെന്ന
പോലെ ഒരു തോന്നല്‍
സ്നേഹം ആത്മാവില്‍ നിന്ന് ഉരുത്തിരിയുന്നതാണൊ?!
അതോ ഹൃദയത്തില്‍ നിന്നും മുളയ്ക്കുന്നതാണോ?
ഉപബോധ മനസ്സിന്റെയോ?
അവ്യക്തതയില്‍ നിന്നോ?
അനന്തതയില്‍ നിന്നോ?
അജ്ഞാതതതയില്‍ നിന്നോ
നിസ്വാര്‍ദ്ധതയില്‍ നിന്നോ?..."

അതെ അതെന്താവും?

ആത്മ said...

SHANAVAS

കണ്ടതില്‍ സന്തോഷം!
അഭിപ്രായത്തിനു നന്ദി!

തത്വചിന്തയായിപ്പോകുന്നു അല്ലെ!,
അതിലാണ്‌ മനസ്സ് ഏറ്റവും ഒടുവില്‍ ചെന്നെത്തുന്നത്.. അതാകും! :)

ആത്മ said...

മാണിക്യം

കുറേ നാളായി കണ്ടിട്ട്..
ഫോട്ടോ കണ്ടായിരുന്നു..
അപ്പോള്‍ മാനിക്യം എന്ന ഒരാള്‍ ശരിക്കും ഉണ്ടല്ലൊ എന്ന ഒരു സമാധാനം..:)

‘അതെ അതെന്താവും?‘

നമ്മുടെ മനസ്സിന്റെ ഓരോ വികൃതികളായിരിക്കും ഇങ്ങിനെയൊക്കെ തോന്നിപ്പിക്കുന്നത് അല്ലെ,