Sunday, June 26, 2011

നന്മ തേടി...

വന്ന് വന്ന് നമുക്ക് തമ്മില്‍ സ്വകാര്യം പറയാന്‍ തീരെ സമയമില്ലാതായിരിക്കുന്നു അല്ലെ ബ്ലോഗൂ..
ഞാന്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്നു..
നീ വെറുതെ എന്നെയും കാത്ത് ശൂന്യമായി ഇവിടേയും..
കാലം എന്റെ പാഴ്ജോലികളുടേ ക്ഷീണവും ക്ഷതങ്ങളും തെളിവൊന്നുമില്ലാതെ മായ്ച്ചുകളയും..
ഒപ്പം നിന്റെ കാത്തിരിപ്പുകളുടേ നെടുവീര്‍പ്പുകളും പ്രതീക്ഷകളും ഒക്കെ കാറ്റിലലിഞ്ഞ് അപ്രത്യക്ഷമാകും..
ഒന്നും അവശേഷിക്കില്ല അല്ലെ ബ്ലോഗൂ..

എനിക്കീയിടെയായി നിന്നെ അഭിമുഖീകരിക്കാന്‍ പോലും പ്രയാസമായി വരുന്നു ബ്ലോഗൂ..
നിനക്ക് തരാനായി ഒന്നും ഇല്ല എന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.
അല്ലെങ്കില്‍ എന്നായിരുന്നു ഉണ്ടായിരുന്നത്..
ഒരിക്കലും ഉണ്ടായിരുന്നില്ല
എന്നിട്ടും വെറുതെ.. വെറുതെ ഉണ്ടെന്നു നടിക്കുകയായിരുന്നു..
അറിയാമായിരുന്നിട്ടും എന്റെ താളത്തിനൊത്ത് നീയും വെറുതെ അഭിനയിച്ചുകൊണ്ടിരുന്നു..
എവിടെയൊക്കെയോ ഒക്കെ കണ്ടതും കേട്ടതുമായ ചിത്രങ്ങളും കഥകളും ഒക്കെ കൊണ്ട് ഞാനൊരു കളിവീടു കെട്ടി വെറുതെ നിന്നെ പ്രലോഭിപ്പിച്ചു അല്ലെ,

ശരിക്കും ഞാന്‍ ശൂന്യയാണ്,അകത്തും വെളിയിലും ഒക്കെ..
ആകെ പകച്ചുപോയ ഒരു സ്ഥിതി..
ഒന്നിലും ഒരു വിശ്വാസമില്ലാത്ത സ്ഥിതി..
എനിക്കു തന്നെ എന്റെ നിസ്സഹായാവസ്ഥ കണ്ട് പലപ്പോഴും ഭയം തോന്നുന്നു..
അറിഞ്ഞുകൊണ്ടു തന്നെ നമുക്ക് വീണ്ടും അഭിനയം തുടരാം അല്ലെ,
എനിക്ക് നീയുണ്ടെന്നും, നിനക്ക് ഞാനുണ്ടെന്നും എന്നൊക്കെ പറഞ്ഞ് കളിവീടുണ്ടാക്കി വെറുതെ..
ഈ ഭയാനകതയില്‍ നിന്നും താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടാം..

ബ്ലോഗൂ..!!!

എന്റെ ജല്പനങ്ങള്‍ കേട്ട് നീ ഭയന്നു പോയോ ബ്ലോഗൂ..!
ആത്മയ്ക്ക് വലിയ കുഴപ്പം ഒന്നും പറ്റിയില്ല.. കേട്ടൊ,
തീരെ ചെറിയ വിഷമങ്ങളാണ് ആത്മയെ വിഷമിപ്പിക്കുന്നത്..
വാര്‍ദ്ധക്ക്യത്തിലെ ഏകാന്തതയെപ്പറ്റി
മനുഷ്യരിലെ സ്നേഹശൂന്യതയെ (സ്നേഹത്തെ ഓര്‍ക്കില്ല)
പിന്നെ ബ്ലോഗിലും ആത്മ വന്ന് അല്പം ഓവറായി അനിയനനിയത്തിമാരെയൊക്കെ പഴിപറഞ്ഞെന്നു തോന്നുന്നു.. അവരെന്തു പിഴച്ചു..
എല്ലാ മനുഷ്യരും തുല്യത(ഇക്വാലിറ്റി)ക്കുവേണ്ടിയല്ലെ ആഗ്രഹിക്കുന്നത്,
ജാതിയായാലും മതമായാലും ഭാഷയായാലും സമ്പത്തായാലും സൌന്ദര്യമായാലും പ്രായമായാലും എല്ലാമനുഷ്യരും തങ്ങളുടെ ചുറ്റുമുള്ളവരെപ്പോലെ ആകണം എന്ന ഒരു തോന്നല്‍ മനുഷ്യസഹജമല്ലെ,
അതുകൊണ്ടാകാം. മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരെന്നെ എനിക്ക് അംഗീകരിക്കാന്‍ പ്രയാസം..
അല്ലാതെ എനിക്ക് ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നും തന്നെ ഇല്ല കേട്ടോ ബ്ലോഗൂ..എല്ലാവരുക്കും നല്ലതുവരണമെന്നാഗ്രഹിക്കുന്ന ഒരു ആത്മാവാണ് ആത്മ

അന്നം പൊന്നല്‍ തല്‍ക്കാലം മതിയാക്കട്ടെ ബ്ലോഗൂ..

ഞാന്‍ വിരക്തിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ തീരെ നിവര്‍ത്തിയില്ലാതെ എന്റെ ബുക്ക് ഷെല്‍ഫില്‍ പോയി പ്രാര്‍ത്ഥനയോടെ അന്വേക്ഷിച്ചു.. ദൈവമേ! എനിക്ക് ജീവിതത്തില്‍ ഒരല്പം പ്രതീക്ഷ തരൂ..
ജീവിക്കാന്‍ ഒരല്പം ശക്തി തരൂ..എന്നൊക്കെ പറഞ്ഞ് ബുക്കുകള്‍ക്കുള്ളില്‍ പരതി..
കൈയ്യില്‍ കിട്ടിയത് കുറ്റവും ശിക്ഷയും എന്ന ബുക്കാണ്..
അതിലെ നായകനും ഏതാണ്ട് ഈ അവ്സ്ഥയില്‍ ജീവിക്കുകയാണ്..
മൂന്നുനാല് ചാപ്റ്ററായി കേട്ടോ..
ഒരാശ്വാസം എന്തെന്നാല്‍ , ഓരോ ചാപ്റ്ററിലും എഴുത്തുകാരന്‍ നമുക്ക്
ചേറിനുള്ളില്‍ വിരിയുന്ന താമരപോലെ, നന്മയുടെ ഓരോ കഷണങ്ങള്‍ എറിഞ്ഞു തരും! എനിക്കത് അമൃതിനു തുല്യമായി തോന്നും..

ആദ്യത്തെ ചാപ്റ്ററില്‍ ഒരു കൊച്ചു പെണ്‍കുട്ടി വീട്ടിലെ രണ്ടാനമ്മയുടെയും മക്കളുടെയും പട്ടിണി മാറ്റാനായി തന്നെതന്നെ പണയപ്പെടുത്തുമ്പോള്‍ നന്ദിയോടെ രണ്ടാനമ്മ പെണ്‍കുട്ടിയുടെ കാല്‍ക്കലിരുന്ന് ഉറങ്ങാതെ നന്ദി ഉരുവിട്ടും കൊണ്ട് കരയുന്നത്, മുരടനായി കിടന്ന എന്റെ മനസ്സില്‍ നേരിയ ചലനം ഉണ്ടാക്കി..
കുടിയനായ അച്ഛന്‍ എല്ലാം തിരിച്ചറിയുന്നത്..വീണ്ടും എന്നില്‍ ചാഞ്ചല്യമുണ്ടാക്കി..
പിന്നീട് നായകന്റെ സഹോദരിയുടെ ത്യാഗം.. സഹോദരന്റെ സന്മനസ്സ്... ഓരോ നന്മകളും എനിക്ക് ഓരോ പുതിയ പ്രത്യാശകള്‍ ഉണ്ടാക്കി തരുന്നു...

നോവലിലെങ്കിലും ഇത്തരം മനുഷ്യരെ കാണാന്‍ കഴിയുന്നുവല്ലൊ എന്ന സംതൃപ്തി!!

ഞാന്‍ പോയി ബാക്കികൂടി വായിക്കട്ടെ,
അല്ലെങ്കില്‍ ഈ ലോകം എന്നെ ഭ്രാന്തുപിടിപ്പിക്കും ബ്ലോഗൂ..

നിന്റെ സ്വന്തം
ആത്മ

ഒരല്‍പം സ്വകാര്യം കൂടി...

ഇന്ന് പ്രൃഥ്വിരാജും ഭാര്യയുമായി നടത്തിയ ഇന്റര്‍വ്യൂ കണ്ടു.
കണ്ടതും കേട്ടതും ഒക്കെ വച്ച്, പൃഥ്വിരാജ് ഇപ്പോള്‍ പുതിയ ഭാര്യയെയും കൊണ്ട് വലിയ ജാടയില്‍ സംസാ‍രിച്ച് പരിഹാസം പിടിച്ചുപറ്റുമെന്നൊക്കെ കരുതിയാണ് കാണാനിരുന്നതെങ്കിലും, പോകെ പോകെ ആ യുവാവ് പറയുന്നതെല്ലാം അക്ഷരം പ്രതി ശരിയായാണ് എനിക്ക് തോന്നിയത്‌...! ആ യുവ നടനെ കുറ്റം പറയുന്നതൊക്കെ സൂക്ഷിച്ചുവേണം കേട്ടോ.. സ്വയം ഉയരാനും താന്‍ തിരഞ്ഞെടുത്ത പ്രൊഫഷന്‍ ആത്മാര്‍ത്ഥമായി തുടരണമെന്നും ആഗ്രഹം ഉള്ള ഒരു പാവം യുവാവ് മാത്രമാണ് പൃഥ്വി. ഒരു പൊങ്ങച്ചവും പറഞ്ഞില്ല. സത്യങ്ങള്‍ സത്യമായി പറഞ്ഞു ഫലിപ്പിച്ചു എന്നേ ഉള്ളൂ!

എങ്കിപ്പിന്നെ
ബാക്കി അടുത്ത പോസ്റ്റില്‍..

7 comments:

Rare Rose said...

ആത്മേച്ചീ..ആ വായനാനുഭവം നന്നായെഴുതീട്ടാ.മുഴോനും വായിച്ച് ആത്മേച്ചിയതേ പറ്റി എഴുതണം.ആത്മേച്ചിയോരോ പുസ്തകത്തെയും പറ്റി എഴുതുന്നത് വായിക്കാന്‍ എനിക്ക് നല്ലയിഷ്ടാണ്.:)

പിന്നെ പൃഥ്വീടെ അഭിമുഖം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ആത്മാഭിമാനത്തിനും,അഹങ്കാരത്തിനും ഇടയിലെ അകലം വളരേ നേര്‍ത്തതാണെന്നാണ്.തന്നെ പറ്റിയുള്ള വിശ്വാസം വളര്‍ന്ന് തനിക്കാരും എതിരാളിയായിട്ടില്ലെന്നും,തെന്നിന്ത്യയില്‍ തനിക്കല്ലാതെ വേറാര്‍ക്കും ഇംഗ്ലീഷ് അറിയില്ലെന്നുമൊക്കെ കേട്ടപ്പോള്‍ വല്ലാതെ താഴുകയാണല്ലോ പൃഥ്വി എന്നാണ് തോന്നിയത് :(

ആത്മ said...

പൃഥ്വിക്ക് അനുഭവസമ്പത്ത് അല്പം കുറവാണ്‌.. വെളുത്തതെല്ലാം പാലെന്നപോലെ, തന്റെ ശരി എല്ലാരും കാണുന്നുണ്ട് എന്ന തോന്നലില്‍ ജീവിക്കുന്നു..
തനിക്കുചുറ്റും ഉള്ള കോമ്പറ്റീറ്റീവ് ആയ ലോകത്തെപ്പറ്റി അജ്ഞനായി സ്വയം ഉണ്ടാക്കിയ ഒരു ശരിയില്‍ വിശ്വസിച്ച് ജീവിക്കും പോലെ
സമൂഹത്തെ പ്രീതിപ്പെടുത്തും പോലെ സംസാരിക്കാനറിയില്ല... അതാണ്‌ കുഴപ്പം
പക്ഷെ, പൃഥ്വി തന്റ് കുറവുകളും എടുത്തുകാട്ടുന്നുണ്ടല്ലൊ!
ഇംഗ്ളീഷ് അറിയാമെന്ന് പറഞ്ഞത് അഹങ്കാരത്തോടെയാണെന്ന് എനിക്ക് തോന്നിയില്ല. അത് ഫിലിം എഡിറ്റ് ചെയ്ത് ആ രീതിയില്‍ ആക്കിയതാണെന്നാണ്‌ എനിക്ക് തോന്നുന്നത്..
പൃഥ്വിയുടെ ഭാര്യ ചെറുതായിട്ടൊന്നു സൂചിപ്പിച്ചിട്ട് ചിരിച്ചത് രണ്ടാറ്ത്ഥത്തിലും ആകാം...
ഒരുവിധമൊക്കെ ഇംഗ് ളീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാമെന്നുള്ള ഒരു ചിരിയായിരിക്കാം..

എല്ലാവര്‍ക്കും ഇംഗ് ളീഷ് അറിയാമെങ്കിലും നാച്യുറല്‍ ആയി സംസാരിക്കാന്‍ ഇംഗ് ളീഷ് അടിത്തറ ഉണ്ടെങ്കിലേ പറ്റൂ എന്നാണ്‌ എനിക്ക് തോന്നുന്നത്.. ഒരുപക്ഷെ, പൃഥ്വിക്ക് അതുണ്ടാകുമായിരിക്കും.. അത് അഹങ്കാരമായി പറഞ്ഞില്ല, അതിനധികം ഇമ്പോര്‍ട്ടന്‍സും കൊടുത്തില്ല..

പിന്നെ ആരും എതിരാളികളില്ല എന്നു പറഞ്ഞത് നല്ല മനസ്സോടെയല്ലെ, എതിക്കാന്‍, ആരുമില്ല എന്നാല്‍ ഇഷ്ടമില്ലാതെ ആരും ഇല്ല എന്നല്ലെ അര്‍ത്ഥമാക്കിയത്?!

പൃഥ്വി താനാണ്‌ മലയാളത്തിന്റെ വാഗ്ദാനം എന്നൊന്നും പറഞ്ഞില്ല. അങ്ങിനെ ഒരവസരം വന്നപ്പോള്‍, തന്നെപ്പോലെ കഴിവുള്ളവരുടേ കൂട്ടത്തില്‍ ജയസൂര്യയേയും മറ്റേതോ നല്ല ഒരു നടനെയും കൂടി ഉള്‍പ്പെടുത്തിയാണ്‌ സംസാരിച്ചതും...

എതിര്‍പ്പുകളൂം ആരോപണങ്ങളും ഒക്കെ കേട്ടുകേട്ട്, അതിനെ എതിരിക്കാന്‍ ഉള്ള ഒരു മനസ്സൊടെ ഇരിക്കുന്നു.. പൃഥ്വിക്ക് ബിസിനസ്സ് തന്ത്രങ്ങളൊന്നും വശമില്ലെന്നേ ഉള്ളൂ..
എനിക്ക് എല്ലാം സത്യസന്ധമായി തന്നെ തോന്നി.. തന്റെ ഉള്ളു തുറന്ന് കാട്ടാനും അവിടെ ആരോടും വിരോധമില്ലെന്നും, സിനിമാലോകത്തില്‍ തനിക്കെന്തെങ്കിലും സംഭാവന നല്‍കണമെന്നും ആശിക്കുന്ന നിര്‍മ്മല ഹൃദയനായ ഒരു യുവാവ്!

ഇനി പറയൂ റോസൂ ....

ചക്രൂ said...

വിഷമിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് ...ഓരോരുത്തരും അവരുടെ വിഷമങ്ങള്‍ ആണ് ഏറ്റവും വലുത് എന്ന് കരുതും ...
എന്തുചെയ്യാനാ മനുഷ്യന്‍ അങ്ങനെയൊക്കെ ആയിപ്പോയി ... കയ്യില്‍ ഉള്ളതിന്റെ വില ഒരിക്കലും അറിയില്ല കിട്ടാത്തതിനെപ്പറ്റി മാത്രം ഓര്‍ത്തു വിഷമിക്കും

ചക്രൂ said...

അയ്യോ നിര്‍മല ഹൃദയന്‍ ..... ചേച്ചി എന്നാലും ഇത്ര പാവം ആയിപ്പോയല്ലോ
അവന്റെ അഹങ്കാരത്തെ ഇത്ര നന്നായി വ്യാഖ്യാനിക്കാന്‍ കഴിഞ്ഞുവല്ലോ .. :)
ഒരു കാര്യത്തില്‍ മാത്രം അവനോടു എനിക്ക് ബഹുമാനം ഉണ്ട് ..മനസ്സില്‍ ഉള്ളത് വെട്ടിത്തുറന്നു എവിടെയും പറയും.. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നൊന്നും നോക്കാതെ
മറ്റുള്ള നടന്മാര്‍ സുഖിപ്പിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ ശ്രദ്ധിക്കും പ്രിത്വി അത് നോക്കില്ല

ആത്മ said...

മി.ചക്രൂ,

ഞാന്‍ തന്നെ എന്റെ പ്രോബ് ളംസിനു പരിഹാരം കണ്ടെത്തിക്കഴിഞ്ഞു!
'ഒരു പ്രോബ് ളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഏറ്റവും എളുപ്പം, ഓടിപ്പോയി മറ്റൊരു പ്രോബ്ളത്തില്‍ ചാടുക എന്നതാകുന്നു..!!'
ബസ്സില്‍ ഇട്ട പോസ്റ്റാണ്‌ കേട്ടോ!

പിന്നെ, പൃഥ്വിയോട് സിനിമാ ഫീല്‍ഡിംഗിലുള്ളോരൊക്കെ അഹങ്കാരം കാട്ടിക്കാണും, അതുകൊണ്ട് തിരിച്ച് കാട്ടുന്നതാകും.. ഏതായാലും അവിടെ ഒക്കെ ഒരഴിച്ചുപണി ആവശ്യമാണ്‌.. തന്റേടമുള്ള ആരെങ്കിലുമൊക്കെ ഏതെങ്കിലും വിധത്തിലൊക്കെ പുതിയ പാതകള്‍ പരീക്ഷിച്ചാലേ മലയാള സിനിമ നന്നാകൂ... :)

ചക്രൂ said...

'ഒരു പ്രോബ് ളത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഏറ്റവും എളുപ്പം, ഓടിപ്പോയി മറ്റൊരു പ്രോബ്ളത്തില്‍ ചാടുക എന്നതാകുന്നു..!!'

കൊള്ളാം അത് വളരെ ശെരിയായ കാര്യം........ :)


ഇങ്ങോട്ട് കാട്ടുന്നപോലെ തിരിച്ചും കാട്ടിയാല്‍ പിന്നെ നമ്മളും അവരും തമ്മില്‍ എന്ത് വ്യത്യാസം ആത്മേ ?
അല്ല അങ്ങനെയാണേല്‍ പ്രിത്വിക്കു വ്യക്തിത്വം എന്നൊന്ന് ഇല്ലേ....?
ഇന്ദ്രജിത്തിനെ നോക്ക് എത്ര നല്ല സ്വഭാവമാ അയാള്‍ക്ക്

ആത്മ said...

ചിലയിടത്തൊക്കെ മാന്യത ചൂഷണം ചെയ്യപ്പെടും. അപ്പോള്‍ ഇങ്ങിനെയൊക്കെയേ പ്രതികരിക്കാന്‍ പറ്റൂ...

പൃഥ്വിയുടെ ചേട്ടനെ ഇത്ര നല്ലതായി അവതരിപ്പിക്കുന്നതും മറ്റും പോലും പൃഥ്വിയുടെ താര വാല്യു കുറയ്ക്കാനും മറ്റും ആണെന്നാണ്‌ എന്റെ വിശ്വാസം..
ഇന്ദ്രജിത്തും നല്ല ഒരു നടന്‍ തന്നെയാണ്‌..പക്ഷെ പൃഥ്വിയെ വച്ച് കമ്പയര്‍ ചെയ്യേണ്ട കാര്യമില്ല.

പൃഥ്വി നന്നായി വരികയാണെങ്കില്‍ മോഹന്‍ലാലിനെയും കമലാഹാസനേയും പോലെ ഉയരും എന്നാണ്‌ എന്റെ ഒരു തോന്നല്‍.. :)