Sunday, June 19, 2011

ആത്മ ബിസിയാണ്...

കീമാന്‍ ശരിയായി..!

അതങ്ങിനെ നിര്‍ലോഭം വിരലുകള്‍ക്ക് വഴങ്ങി, മനസ്സിനെ പകര്‍ത്താന്‍ റെഡിയായി നില്‍ക്കുമ്പോള്‍ എന്നിലെ എഴുത്തുകാരി അറിയാതെ അങ്ങ് ഉണര്‍ന്നുപോവും!!

ഇനി അല്പം റെസ്റ്റ് വേണം..
പിന്നെ മനസ്സിന്റെ ഉള്ളിലെ ചിന്തകള്‍ ചികഞ്ഞെടുക്കാനായി അല്പം സ്വസ്ഥത വേണം..

എഴുതാന്‍ വന്നത് എങ്ങിനെ ഞാന്‍ ബിസിയായി എന്നല്ലെ?!

പറയാം...

എനിക്കൊരു കുഞ്ഞു ജോലി കിട്ടി!
കുഞ്ഞു ജോലി എന്നാല്‍ ഏകദേശം എന്റെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള ഒരു ജോലി!
എങ്കിലും പഠിച്ചെടുക്കാന്‍ ഏറെയുണ്ട്..
പഠിച്ചെടുക്കുമ്പോള്‍ കൈവിട്ടെന്നു തോന്നിയ ഓരോന്നായി ഡിലീറ്റ് ആവുന്നതോര്‍ക്കുമ്പോള്‍ ഒരു നിര്‍വൃതി!
ഹൊ! പറയുമ്പോള്‍ അറിയാതെ ഒരു കോള്‍മയിര്‍!
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്നപോലെ ഒരു ത്രില്‍!
(ഇതിങ്ങിനെ അടുക്കളേല്‍ നിന്നും അരങ്ങത്തേയ്ക്കും വീണ്ടും അരങ്ങില്‍ നിന്നും അടുക്കളേലോട്ടും പലപ്രാവശ്യം സംഭവിച്ചിട്ടുള്ളതാണെങ്കിലും- ഓരോന്നിന്റെയും തുടക്കവും ഒടുക്കവും സംഭവബഹുലവും വിചിത്രവും ദയനീയവും ഒക്കെയാരിക്കും-, എങ്കിലും ഓരോ തവണ സംഭവിക്കുമ്പോഴും ജീവിതം ആകെ മാറി മറിഞ്ഞപോലെ ഒരു തോന്നല്‍ കൈവരും)

ഇത്തവണ ബിഗിനിംഗിലേ ഞാന്‍ തീര്‍ത്തു പറഞ്ഞു..
‘എനിക്ക് പ്രായമായി വരുന്നു..ഇനി ഒരിക്കല്‍ക്കൂടി എന്റെ ജോലി മറ്റു വല്ലവര്‍ക്കും കൊടുത്താല്‍ ഞാനിനി ജോ..?!, അല്ല, ഞാന്‍ നാട്ടില്‍ പോകും.. ങ് ഹാ!!’

‘അതിന് ആരു വന്നാലും നീ അടങ്ങി അവിടെ ഇരിക്കണം..
നീ എന്തിനാ വേണ്ടെന്നു വച്ച് പോകുന്നത്?!’

‘എനിക്ക് ഇപ്പോള്‍ തന്നെ പുതിയതൊക്കെ പഠിച്ചെടുക്കാന്‍ അല്പം പ്രയാസം തോന്നുന്നു.. ഇനി ഇതിലും പ്രായമായാല്‍ എനിക്ക് ഇങ്ങിനെ പെട്ടെന്ന് പഠിച്ചെടുക്കാനൊന്നും ആയെന്നു വരില്ല..’ സ്വയമെന്നോണം ആത്മ വീണ്ടും പറഞ്ഞു.

അങ്ങിനെ ജോലിയൊക്കെ അതൊരുവിധം ആത്മാ‍മാര്‍ത്ഥമായി ചെയ്തുതുടങ്ങിയ സംതൃപതിയില്‍ ആത്മ വെറുതെ ഇറങ്ങി നടന്നു ഒരു നട്ടുച്ചയ്ക്ക്..
‘നട്ടുച്ച’യെപ്പറ്റി ഒരല്പം പറഞ്ഞോട്ടെ, ഇവിടത്തെ പ്രൈം മിനിസ്റ്റര്‍ ഭയങ്കര ലുബ്ധനായതുകൊണ്ട് നേരം നേരത്തെ വെളുക്കാനായി സ്വയം ഒരുമണിക്കൂര്‍ കൂട്ടിവച്ചതുകൊണ്ട്.. ഇവിടെ 7 മണിക്കേ വെട്ടം വീണു തുടങ്ങൂ! അപ്പോള്‍ അതിനനുസരിച്ച് നട്ടുച്ചയും അല്പം താമസിക്കും!!- മനസ്സിലായാ?! ഇല്ലെങ്കില്‍ സാരമില്ല, ബാക്കി കഥ കേള്‍ക്കൂ..

അങ്ങിനെ ഒരു നട്ടുച്ചയ്ക്ക്.. വീട്ടില്‍ മക്കള്‍ എത്തിയിട്ടില്ല, ഭര്‍ത്താവ് എങ്ങാണ്ടോ മീറ്റിംഗിനായി പോയിരിക്കുന്നു. വീട്ടില്‍ ഉടനെ ചെന്നിട്ട് ചെയ്തു തീര്‍ക്കാന്‍ പണിയൊന്നും ഇല്ലാതാനും എന്ന അവസ്ഥയില്‍ ബസ്സില്‍ (ഗൂഗില്‍ ബസ്സല്ല!) ഇരിക്കുമ്പോള്‍ സഡന്‍ലി ബോധം ഉദിക്കുകയും എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന അദമ്യമായ ആഗ്രഹം ഉടലെടുക്കുകയും ചെയ്തു!
പോരാത്തതിന് ജോലികളൊക്കെ പറഞ്ഞു തരുന്ന സഹപ്രവര്‍ത്തകന്‍ തന്നെ ഒരല്പം മതിപ്പോടെ നോക്കുന്നതും കണ്ടു..
അപ്പോള്‍‍ വല്ലാത്ത ജാള്യത തോന്നി. തന്റെ രൂപം ഓര്‍ത്തിട്ട്.. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഞാന്‍ ഒരു ഇന്റര്‍നെറ്റ്ജീവിമാത്രമാകയാല്‍
അക്ഷരങ്ങളിലൂടെ മറ്റുള്ളവരുടെ മതിപ്പ് എങ്ങിനെ നേടാം എന്നതിലുപരി, യധാര്‍ത്ഥത്തില്‍ ഒരാളുടെ മുന്നില്‍ എങ്ങിനെയാണ് എന്നെ അവതരിപ്പിക്കേണ്ടത് എന്നറിയാതെ ഒരു നിമിഷം പതറി!!

ഇല്ല തന്നെ ഒരല്പമെങ്കിലും പ്രസന്റബിള്‍ ആക്കണം..!(മുടിയാണ്‌ ഏറ്റവും പ്രശ്നക്കാരി! വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുമ്പോലെ സറ്റ്രൈറ്റന്‍ ചെയ്ത മുടി വളര്‍ന്ന് വളര്‍ന്ന് രണ്ടും കെട്ട ഒരു പരുവം..
അതെങ്കിലും ഒന്ന് നേരേയാക്കിയാലേ പുറത്തിറങ്ങി നടക്കാന്‍ പറ്റൂ എന്നപോലെ ഒരു തോന്നല്‍)

ഹാന്റ് ഫോണെടുത്തു നാടന്‍ ബ്യൂട്ടീഷ്യനെ വിളിച്ചു!
‘ഹലൊ! മായയല്ലെ, ഇത് ആത്മയാണ് ഇന്ന് എപ്പോഴെങ്കിലും ഫ്രീയായിട്ടുണ്ടോ?!‘
‘ഒരു 3 മണിക്കൊക്കെ ഫ്രീയാകാന്‍ പറ്റും ആത്മാ.. വരുന്നുണ്ടോ?!‘
‘അതെ! ഞാന്‍ അടുത്തുള്ള ഷോപ്പിംഗ് കോപ്ലക്സില്‍ ആണ് അങ്ങോട്ടു വരാം..’ (സത്യം പറഞ്ഞാല്‍ ഷോപ്പിംഗ് കോപ്ലക്സിനകത്ത് കയറാന്‍ കൂടി വയ്യാത്തത്ര അധഃപ്പതിച്ച ഒരുതരം ഇന്‍ഫീരിയോരിറ്റിയുമായി ഒരറ്റത്ത് ഒതുങ്ങി നില്‍ക്കയായിരുന്നു)

വെയിലത്തു നടന്ന് മായയുടെ വീട്ടില്‍ എത്തുമ്പോള്‍ മായ അതിശയത്തോടെ പറഞ്ഞു, ‘ആത്മേ ആത്മ ഒരുപാട് മാറിപ്പോയി!!
പണ്ടൊക്കെ ആരും നോക്കുന്ന ഒരു സൌന്ദര്യമല്ലായിരുന്നോ?!
ഇപ്പോള്‍‍ എന്തുപറ്റി?!’(പൊങ്ങച്ചമല്ല കേട്ടോ വെറും സത്യം!, ഇനിയിപ്പം പറഞ്ഞാലെന്നാ പറഞ്ഞില്ലെങ്കിലെന്നാ.. ഓവര്‍ ഏജ് ഒക്കെ ആയില്ല്യോ!)

‘അത്.. ഞാന്‍ തടികുറയ്ക്കാനായി കഠിനമായ വ്യായാമം (വായിനോട്ടം അറ്റ് ഷോപ്പിംഗ് സെന്റേര്‍സ്.., പിന്നെ വലിയ മരം വെട്ടി കൊച്ചു പീസാ‍ക്കി നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍..)ആയിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി..
എല്ലാം കൂടി എന്റെ കിലൊയൊക്കെ മൂന്നുനാലു കുറഞ്ഞു..
ഞാന്‍ കരുതി ഞാന്‍ കൂടുതല്‍ സുന്ദരിയായെന്ന്!’ (സത്യം പറഞ്ഞാല്‍,മായ സത്യം പറഞ്ഞതുതന്നെയാകുമോ എന്നൊരു ഡൌബ്ട്ട് അപ്പോഴും മനസ്സില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.. ഏയ് വെറുതെ പുകഴുത്തിയാതാകും!)

‘ഇല്ല ഇല്ല.. അല്പം തടിയൊക്കെ വേണം ആത്മാ..
ഇങ്ങിനെ ഇനി മെലിയണ്ട കേട്ടോ ശ്ശ്യൊ!, മുഖമൊക്കെ അങ്ങ് പോയി!’

(ഹും! തടിയൊക്കെ വച്ച് നല്ല ഗെറ്റപ്പോടെ നടന്നപ്പോള്‍ എല്ലാരും ബി. എം. ഐ.കൂടി, പിന്നെ കുടവയര്‍ എന്നൊക്കെ പറഞ്ഞ് അവഹേളിച്ച് സഹികെട്ടാണ് കുറച്ചത്! എന്നിട്ട് ഇപ്പോള്‍ ബഹുജനം തന്നെ പറയുന്നു..
പോക്കാണെന്ന്!.. ഇതെന്തൊരു ലോകം!!)

നാട്ടില്‍ ചെന്നപ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ നുഴഞ്ഞു കയറി ഒരു പീക്രി പെണ്ണ്‌-ഒരു ടീനേജ്കാരി-ധൈര്യമായി ‘ചേച്ചിയുടെ(ചേച്ചിയല്ല മോളേ മാമി! അവിടെ എല്ലാരും എത്ര പ്രായമായാലും ചേച്ചീന്നേ വിളിക്കൂ എന്നാ ചെയ്യാനാ!ബ്ലോഗുകാരാണ് ശരിക്കും എന്നെ ഇത്രയും പ്രായത്തെപ്പറ്റിയൊക്കെ ബോധവതിയാക്കി തന്നത് ഹും!) ഗ്ലമറൊക്കെ പോയി കേട്ടോ!’എന്നു സധൈര്യം പുകഴ്തിയിട്ട് ചിരിച്ച രംഗം ഇത്തരുണത്തില്‍ ആത്മ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു..

ഇനിയിപ്പം എന്തു ചെയ്യാന്‍! പോയ കിലോ ഓര്‍ത്ത് സന്തോഷിക്കണോ?
അതോ ഒപ്പം നഷ്ടപ്പെട്ട ഗ്ലാമര്‍ ഓര്‍ത്ത് വിലപിക്കണോ?!

സൌന്ദര്യ പ്രശ്നം ഒന്നു ചുരുക്കി പറഞ്ഞ നമുക്കിവിടെ നിര്‍ത്താം..

രോഗിയെ കാണുമ്പോഴേ ഡോക്ടര്‍ക്ക് അസുഖം അറിയാമല്ലൊ, തല്‍ക്കാലം മുടി ചെയ്യണ്ട, ഒരു ഫേഷ്യല്‍ ആണ്‌ അത്യാവശ്യം എന്ന നിഗമനത്തിലെത്തി.
ഫേഷ്യലെങ്കില്‍ ഫേഷ്യല്‍.. എന്തു കുന്ത്രാണ്ടമായാലും വേണ്ടില്ല, എനിക്ക് ഒരല്പം കോണ്‍ഫിഡന്‍സ് കിട്ടണം.. അതില്ലാതെ പുറത്തിറങ്ങാന്‍ പറ്റുന്നില്ല..

ബ്യൂട്ടിഷ്യന്‍ പുരികമൊക്കെ ഒന്നു ഷേപ്പ് ആക്കി, മുഖത്തിനെ ആകാവുന്നിടത്തോളം പീഢിപ്പിച്ച് ഓരോ കസര്‍ത്തുകള്‍ ചെയ്ത്, ‘ആത്മേ വിഷമിക്കണ്ട ഇപ്പം എല്ലാം ശരിയാക്കിത്തരാം', എന്ന് ഇടക്കിടെ പറഞ്ഞ്, ചപ്പാത്തി മാവ് കുഴക്കുകേം പരത്തുകേം ഒക്കെ ചെയ്യുന്ന ആയാസത്തോടെ എന്റ് മുഖം കുഴച്ച് മറിച്ച് ഇടക്കിടെ ചെവിക്കുറ്റിക്കൊക്കെ നല്ല നല്ല കൊച്ച് അടികളൊക്കെ തന്ന്,ആവികയറ്റി ഉജാറാക്കിയപ്പോള്‍ നിസ്സംഗത പാലിക്കാന്‍ ശ്രമിച്ചുകൊണ്ടു 'ഓം നമശ്ശിവായ' എന്നും ജപിച്ച് വെറുതെ കിടന്നു..

‘എന്നാലും ഇങ്ങിനെ സ്വന്തം കാര്യം ശ്രദ്ധിക്കാതെ ജീവിച്ചാല്‍ കൊള്ളാമോ?! മാസത്തില്‍ ഒരിക്കലെങ്കിലും എന്തെങ്കിലും..’ ‘വൈറ്റമിന്‍ ടാബ് ലറ്റിസ് കഴിക്കാറുണ്ടോ?!’

ഈ ബ്യൂട്ടിഷ്യന്‍ തന്നെ കഴിഞ്ഞ പ്രാവശ്യം തന്നെക്കൊണ്ട് വാങ്ങിപ്പിച്ച ടാബ്ലറ്റ്സ് ഒക്കെ എക്സ്പയേഡ് ആയി എടുത്തു കളഞ്ഞ കാര്യം അവതരിപ്പിച്ചപ്പോള്‍ പിന്നെയും വിസ്മയം!

എല്ലാം കഴിഞ്ഞ് ഷോപ്പിംഗ് കോപ്ലക്സില്‍ വീണ്ടും തിരിച്ചു കയറുമ്പോള്‍ പുതിയ ഒരു ഞാന്‍ ആയി തോന്നി..!
പുതുതായി കിട്ടിയ കോണ്‍ഫിഡന്‍സുമായി ഷോപ്പിംഗ് സെന്ററിലൊക്കെ ഓടിനടന്ന അവശ്യ സാധനങ്ങളൊക്കെ വാങ്ങി, വീട്ടിലെത്തി കണ്ണാടിയില്‍ നോക്കിയപ്പോഴാണ്‍ ആകപ്പാടെ ബൊമ്മയെപ്പോലെ ഒരു മുഖവും മുഖത്തിനു ചേരാത്ത വേഷവിധാനങ്ങളുമുള്ള ഒരു കോമാളിയായി താന്‍ അധഃപ്പതിച്ചിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്, ബ്യൂട്ടിഷ്യന്‍ തന്റെ മുഖത്തില്‍ തേച്ചു പിടിപ്പിച്ചിരുന്ന ആര്‍ട്ടിഫിഷ്യല്‍ പെയിന്റൊക്കെ കഴുകിക്കളഞ്ഞ് നാച്യുറല്‍ ആകാന്‍ തിടുക്കപ്പെട്ടു ആത്മ..

ഒരുവിധം എല്ലാം കഴുകി, ക്ലിയര്‍ ആയപ്പോള്‍ പോയി കിടക്കയില്‍ കിടന്നു ദീര്‍ഘമായി നിശ്വസിച്ചു...

ഇനി?!

ക്ഷീണമകലുമ്പോള്‍ എന്തെങ്കിലും കറികള്‍ വയ്ക്കണം..
രാത്രി ബ്ലോഗെഴുതണം..
മക്കളുടെ കാര്യങ്ങള്‍ നോക്കണം..

അങ്ങിനെ, ആത്മേ..ഒടുവില്‍ നീയും ബിസിയായിരിക്കുന്നു...!!!

കാര്യം ഇങ്ങിനെയൊക്കെയാണ്, ആത്മ ബിസിയാണ് എന്നൊക്കെയാണെങ്കിലും ആത്മയുടേ ദിവസം അവസാനിക്കുന്നത് അതിദയനീയമായാണ് കേട്ടോ!
നേരം സന്ധ്യയോടടുക്കുമ്പോള്‍ എവിടേനിന്നൊക്കെയോ കുറെ കാര്‍മേഘത്തുണ്ടുകള്‍ വന്ന് ഒരുണ്ടുകൂടി ആത്മയുടെ മനസ്സ് മേഘാവൃതമാകും..
പെയ്തൊഴിയാനാകാതെ ആ കാര്‍മേഘവുമായി ആത്മ വിറുങ്ങലിച്ചിരിക്കും..
വിടപറഞ്ഞുപോയ ഒരാത്മാവിന്റെ ഗദ്ഗദം അടുത്തറിയുന്ന നിമിഷം..
വിടപറയാനായെന്നപോലെ മനസ്സുമടിച്ച് ഒറ്റക്കായിപ്പോയ വിഷമത്തില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്ന മറ്റൊരു പ്രിയപ്പെട്ട ആത്മാവ്!
അവരുടേ രൂപം കൊണ്ടു നിറയും എങ്ങും..
മരിച്ചുപോയവരെ ഇനി സന്തോഷിപ്പിക്കാനാവില്ലല്ലൊ,
പതിയെ ഫോണെടുത്ത് അച്ഛനെ വിളിക്കും..
ആത്മയുടേ ശബ്ദവും കാതോര്‍ത്ത് കിടക്കുന്ന അച്ഛനില്‍ അത് അല്പം ചൈതന്യം ഉണര്‍ത്തും അച്ഛന്റെ ശബ്ദം ആത്മയിലും..
പിന്നെ പരസ്പരം ഒന്നും പറയാതെ എല്ലാം അറിയാവുന്നമട്ടില്‍ രണ്ടുപേരും കൊച്ചു കൊച്ചു വിശേഷങ്ങള്‍ അന്യോന്യം പറഞ്ഞ് സമാധാനിക്കും..
അരികില്‍ ഇരിക്കുന്ന ഹോം നര്‍സ് അച്ഛന്റെ വിശേഷം പറയുമ്പോള്‍ സമാധാനത്തോടെ ആത്മ കേട്ടിരിക്കും
ഒരുദിവസം വിളിക്കാതിരുന്നാല്‍
ഇന്ന് മോളു വിളിച്ചില്ലല്ലൊ എന്നും പറഞ്ഞ് കിടക്കും..

ഇന്നലെ വിളിച്ചപ്പോള്‍ പതിവില്ലാതെ രാത്രി ഉറങ്ങാതെ വെളിയില്‍ ആരോ തന്നെ വന്നു വിളിക്കുന്നു എന്നൊക്കെ പറഞ്ഞ് ആരെയും ഉറങ്ങാന്‍ സമ്മതിച്ചില്ല എന്നും മറ്റും ഹോം നര്‍സ് പറഞ്ഞപ്പോള്‍ മനസ്സ് തകര്‍ന്നു..

ഒന്നു പെട്ടെന്ന് നാട്ടില്‍ പോയി വന്നാലോ?!
പക്ഷെ, മക്കള്‍ തനിച്ചാവില്ലേ
ഒരാള്‍ക്ക് പരീക്ഷയും വരുന്നു..

ഉറക്കം വരാതെ ആത്മ നിസ്സഹായതയോടെ ബസ്സ് നോക്കുന്നു ബ്ലോഗ് നോക്കുന്നു.. ഒന്നിനും തന്റെ വര്‍ത്തമാനകാലത്തിലെ നിസ്സഹായത മാറ്റാനാകില്ലെന്ന ബോധം വീണ്ടും തളര്‍ത്തുന്നു..

പിന്നെ പതിയെ സത്യങ്ങള്‍ അംഗീകരിക്കുന്നു..
നാളെ എണീക്കുമ്പോള്‍ അച്ഛന് അസുഖം ഭേദമായിക്കാണും..
അനിയന്‍ സമാധാനിപ്പിക്കുമായിരിക്കും.. അനിയന്റെയും അച്ഛനല്ലെ,
വെപ്രാളപ്പെടാതെ മോളുടെ പരീക്ഷയൊക്കെ കഴിഞ്ഞ് പോയി കണ്ട് സമാധാനിപ്പിച്ചു വരണം..

ഇപ്പോള്‍ ഇതെഴുതുമ്പോഴും അവരുടെ ഫോട്ടോ മുറിയിലുണ്ട്
തനിക്ക് ജന്മം തന്നവര്‍.
തന്നെ ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച രണ്ട് ആത്മാക്കള്‍
വിടപറയലിന്റെ വക്കില്‍ നില്‍ക്കുന്ന തന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍!!


എങ്കിപ്പിന്നെ ബാക്കി അടുത്ത പോസ്റ്റില്‍..
സമയം കിട്ടുന്നവര്‍ വായിക്കൂ..
ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കൂ..
ആത്മ എല്ലാം പങ്കുവയ്ക്കുന്ന ഇടമായതുകൊണ്ട് അറിയാതെ എല്ലാം..പങ്കുവച്ച് പോകുന്നു.. പൊങ്ങച്ചങ്ങളായാലും പരിഭവങ്ങളായാലും.. എല്ലാം ഒരുപോലെ...‍

10 comments:

Jazmikkutty said...

അങ്ങിനെ ആത്മ രക്ഷപ്പെട്ടു... (ജോലി കിട്ടിയല്ലോ..) ഉം..ഞാനും തല്‍കാലം ഒരു രക്ഷപ്പെടലിന്റെ വക്കിലാണ്..നാട്ടില്‍ പോകുന്നു...ഇനി ഒന്നുരണ്ടുമാസം കഴിഞ്ഞേ ആത്മെടെ ബ്ലോഗിലൊക്കെ വരാന്‍ കഴിയു..അതിന് മുന്നേ ഈ പോസ്റ്റ്‌ വായിക്കാന്‍ ഒത്തു..എന്‍റെ ഭാഗ്യം..നല്ല പോസ്റ്റായിരുന്നു ആത്മേ...അച്ഛന് എളുപ്പം സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

ആത്മ said...

നാട്ടിലൊക്കെ പോയി സന്തോഷിച്ചിട്ട് വരൂ..:)

പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം

സസ്നേഹം
ആത്മ

Manoraj said...

അപ്പോല്‍ വല്ലാത്ത ജാള്യത തോന്നി. തന്റെ രൂപം ഓര്‍ത്തിട്ട്..
കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഞാന്‍ ഒരു ഇന്റര്‍നെറ്റ്ജീവിമാത്രമാകയാല്‍
അക്ഷരങ്ങളിലൂടെ മറ്റുള്ളവരുടെ മതിപ്പ് എങ്ങിനെ നേടാം എന്നതിലുപരി, യധാര്‍ത്ഥത്തില്‍ ഒരാളുടെ മുന്നില്‍ എങ്ങിനെയാണ് എന്നെ അവതരിപ്പിക്കേണ്ടത് എന്നറിയാതെ ഒരു നിമിഷം പതറി!!

ഭീതിയുണ്ടാക്കുന്ന ഒരവസ്ഥയാണ് ഇത്.നമ്മില്‍ പലര്‍ക്കും ഉണ്ടായേക്കാവുന്നത്. എന്നാലും ജോലി കിട്ടിയല്ലോ. ആശംസകള്‍.

Rare Rose said...

ആത്മേച്ചീ.,തിരക്കിനിടയിലും ബ്ലോഗിനായി സമയം കണ്ടെത്തിയത് കണ്ടപ്പോ സന്തോഷം.
സൌന്ദര്യമൊക്കെ പോയല്ലോന്ന് പറഞ്ഞ് ടെന്‍ഷനടിപ്പിക്കുന്നത് ബ്യൂട്ടിഷന്റെ വേലയാവുംന്നേ.എന്നാലല്ല്ലേ ആള്‍ക്കാരൊക്കെ അങ്ങോട്ടേക്ക് ചെല്ലൂ.:)

പിന്നെ ആ ഫോണ്‍ വിളി ഭാഗം വായിച്ചപ്പോ ഒരു കുഞ്ഞ് വിഷമം.എന്റെയമ്മയ്ക്കും ആത്മേച്ചിയെ പോലെ ഇപ്പോള്‍ അമ്മേടെ അച്ഛന്‍ മാത്രേ നാട്ടിലുള്ളൂ..ഇതുപോലെയെന്നും ഫോണ്‍ വിളിച്ച് കുഞ്ഞി കുഞ്ഞി വിശേഷങ്ങള്‍ വരെ അമ്മൂമ്മയോട് പറയുമായിരുന്നു..ഇപ്പോള്‍ ഇടക്കിടക്ക് പോയി അപ്പൂപ്പനെ കാണും.തനിച്ചായിപ്പോയതിന്റെ സങ്കടങ്ങളൊക്കെ കണ്ടിട്ടും,അറിഞ്ഞിട്ടും നിസ്സഹായരാണല്ലോയെന്ന സങ്കടാണ് ബാക്കി..

ആത്മ said...

മനോജ് രാജ്,

അതെ!

ആശംസകള്‍ക്ക് നന്ദി!

ആത്മ said...

റോസൂ,

അതെ, അങ്ങിനെയായിരിക്കാം..
ബ്യൂട്ടിഷ്യന്‍ നല്ല ഒരു മനുഷിയാണ് ട്ടൊ, ഒരു സകലകലാവല്ലഭ...

അച്ഛന്റെയും അമ്മയുടെയും കാര്യം..
അതെ, എന്നായാലും മനുഷ്യര്‍ അനുഭവിക്കേണ്ടുന്ന വിഷമങ്ങള്‍ തന്നെ, എങ്കിലും ഒരല്പം നേരത്തെ ആയിപ്പോയി എല്ലാം..
അടുത്ത വര്‍ഷം രണ്ടുപേരും കൂടി ഇവിടെ വരാനൊക്കെ ഇരുന്നതാണ്.. വീഴ്ചയാണ്‌ രണ്ടുപേരേയും അവശരാക്കിയത്..

കുഞ്ഞൂസ് (Kunjuss) said...

ആത്മ ബിസിയായി ല്ലേ...? അഭിനന്ദനങ്ങള്‍ ...!

ഏറെ കാലത്തിനു ശേഷം, ഞാനും ഈയിടെയാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്‌.അപ്പോള്‍ എനിക്കും തോന്നിയിരുന്നു ഇത്തരം ചിന്തകള്‍ ...
കൂടെ ഒരു സന്തോഷവും ഉണ്ടായി, ജോലി കിട്ടിയ കമ്പനിയുടെ വി.പി യെ കാണാന്‍ കഴിഞ്ഞത്, നേരില്‍ കണ്ടപ്പോള്‍ 'കുഞ്ഞൂസ് ' അല്ലേ എന്ന് ചോദിച്ചത് , ബ്ലോഗ്‌ വായിച്ചിട്ടുണ്ടെന്നു പറഞ്ഞത് ഒക്കെ ഏറെ സന്തോഷം നല്‍കി.

Diya Kannan said...

Nice athmechi....good luck with the new job...:)

ആത്മ said...

കുഞ്ഞൂസ്!

അഭിനന്ദനങ്ങള്‍ക്ക് നന്ദി!

കുഞ്ഞൂസിനും ജോലികിട്ടിയതിന്‌ അഭിനന്ദനങ്ങള്‍!

തല്‍ക്കാലം ബിസിയായതില്‍ ഒരുതരം സംതൃപ്തി തോന്നുന്നു.
എന്നെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍...:)

ആത്മ said...

Diya Kannan,

കണ്ടതില്‍ വളരെ സന്തോഷം!:)

അഭിനന്ദനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!