Wednesday, June 1, 2011

പ്രഭാതസവാരിയും, ട്രയിന്‍ യാത്രയും പിന്നെ ഒരു ബുക്ക്ഷോപ്പും...

ഇന്ന് റോസിന്റെ ബ്ലോഗ് പോസ്റ്റ് വായിച്ചു..
യച്ചുമുവിന്റെ കമന്റ് കണ്ടു..
എന്റെ ഫോണ്ട് നന്നായി സഹകരിക്കുന്നുണ്ട്..
ആരും പരുഷമായി എന്നെ ഒന്നും പറഞ്ഞില്ല,
ഞാന്‍ ആരെയും വിഷമിപ്പിച്ചില്ല,
അതുകൊണ്ട് ആകപ്പാടേ ഒരുന്മേഷം..

കാര്യം ഇങ്ങിനെയൊക്കെ ആയ സ്ഥിതിക്ക്, ബ്ലോഗിനോട് ഒരല്പം മനസ്സു തുറക്കാന്‍ പറ്റുമോന്ന് നോക്കട്ടെ,
ഈയ്യിടെയായി എപ്പോഴും ഒരേ ചിന്തയാണ്..
‘എനിക്ക് ഞാന്‍ മാത്രമേ ഉള്ളൂ’ എന്ന ഒരു ഒറ്റപ്പെട്ട ചിന്ത..
കൂടെ രണ്ട് മക്കളും..
ബാക്കി എല്ലാവരും അങ്ങോട്ടു ചെന്നു മുട്ടിയാല്‍ തുറക്കാനും തുറക്കാതിരിക്കാനും സാധ്യതയുള്ള കതവുകളുമായി എവിടെയൊക്കെയോ..

പ്രത്യക്ഷത്തില്‍ ഞാന്‍ തനിച്ചാണ് എന്ന തോന്നല്‍ രൂഢമൂലമായി വരുന്നു..

ബ്ലോഗില്‍ പോലും എന്തെങ്കിലും വന്ന് എഴുതിയാല്‍ മാത്രം അതൊന്ന് ആക്റ്റീവ് ആകും.. അല്ലെങ്കില്‍
‘ഓ നിനക്ക് സമയമില്ലേ, സാരമില്ല, ഞാനിവിടെ നിര്‍വികാര പരബ്രഹ്മമായി കിടന്നോളാം..’ എന്ന നിസ്സംഗത..

ഇങ്ങിനെ എഴുതാന്‍ തുടങ്ങിയാല്‍ ഞാന്‍ പോലും ബോറഡിച്ചു ചത്തുപോകും..
അപ്പോള്‍ വായിക്കുന്നവരുടെ സ്ഥിതിയോ?! ശൈലി മാറ്റാന്‍ നോക്കാം..


ശരി ഞാന്‍ ഇന്നലെ എങ്ങിനെ എന്റെ ബോറന്‍ ജീവിതം പ്രകാശമയം ആക്കാമെന്ന് കൂലംങ്കുഷമായി ചിന്തിച്ചപ്പോള്‍ ഒരു ബുദ്ധി തോന്നി.
എന്തുകൊണ്ട്, എന്തുകൊണ്ട് എനിക്ക് പ്രഭാതത്തെ വരവേറ്റുകൂടാ?!
സാധാരണ ഞാന്‍ എണീറ്റാലുടന്‍ ഒരല്പം ഭക്തിഗാനമൊക്കെ കേട്ട്, പുറത്തെ മുറ്റത്തില്‍ തണുത്തുവിറച്ച് നില്‍ക്കുന്ന ചെടികളെയൊക്കെ ഒന്ന് കണ്ണുകോണ്ട് തലോടിയശേഷം നേരേ ചെന്ന് ലാപ്പ്ടോപ്പ് എടുത്ത് മടിയില്‍ വയ്ക്കും..
പിന്നെ ഏഷ്യാനെറ്റ് ചാനല്‍ തുറന്ന് വയ്ക്കും..
രണ്ടിലും നന്നായി ശ്രദ്ധകേന്ദ്രീകരിക്കാനാവാതെ ഇരിക്കും.., എന്നാല്‍ മതിവരാത്ത ഉറക്കത്തെ ഒന്നു പുല്‍കി സന്തോഷിപ്പിക്കാനെന്നു വച്ചാല്‍ അതിനും പറ്റില്ല.

ലാപ്പ്ടോപ്പ് തുറന്ന് വയ്ക്കുന്നത് ബസ്സുകളെ നിരീക്ഷിക്കാനെന്നും പറഞ്ഞാണ്.. എന്നാല്‍ ഓരോരുത്തരുടെ പേരും നാളും ഒക്കെ നോക്കുന്നതല്ലാതെ, അവര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ മനസ്സിരുത്തി വായിക്കുവാനുള്ള ക്ഷമയോ സമയമോ ഉണ്ടോ?, ഇല്ലാതാനും.. ‘ങ്ഹാ! ദാ ആ പെരുള്ള ബസ്സ് ദാ വരുന്നു. എന്നെ അറിയാമായിരിക്കും..
അത് ഇന്നയാളായിരിക്കുമോ? പുരുഷനായിരിക്കുമോ സ്ത്രീയായിരിക്കുമോ..?’ എന്നൊക്കെ ചിന്തിച്ച് അടുത്ത ബസ്സിനെ നോക്കും.. പിന്നെ ഏഷ്യാനെറ്റിനെ നോക്കും.. പിന്നെ ചായ കുടിക്കും.. ഒന്നിലും പൂര്‍ണ്ണമായി ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാതെ ഒരു പരുവമായി ഒടുക്കം വീട്ടുജോലികളിലേക്ക് കടക്കും..

ഇന്നലെ ഞാന്‍ പുതിയ മനിതയായി,
ആദ്യം ഒരു സഞ്ചി കൈക്കലാക്കി
അതില്‍ ക്യാമറ, ഫോണ്‍, ഒരു കൊച്ച് നോട്ട് ബുക്ക് , കുറച്ച് ചില്ലറ കാശ് ഒക്കെയിട്ട് ഒരു സഞ്ചാരിമട്ടില്‍ ഇറങ്ങി ഒറ്റ നടത്ത..

നേരെ ഓവര്‍ ബ്രിഡ്ജ് കയറി അപ്പുറത്തേക്ക്..

അവിടെ നിറയെ ഫ്ലാറ്റുകളാണ്..
വിവിധതരം ആള്‍ക്കാരെ കാണാം..
വിവിധതരം പട്ടികള്‍ പൂച്ചകളെയൊക്കെ കാണാം..
ഞാന്‍ നടന്നു.. പിന്നെ ഇരുന്നു.. പിന്നെ ഫോട്ടോ എടുത്തു..
ആകെ ഒരുന്മാദം തോന്നി..
ഒരു പക്ഷിമനുഷ്യന്‍ എന്നോട് കുശലം പറയുകയും ചെയ്തു!
ദാ ഈ മനിതന്‍..
ഇന്ന് മകാളൊടൊപ്പം എം. ആര്‍. ടിയില്‍ പോയി ഒരു വലിയ ബുക്ക് സ്റ്റാള്‍ കണ്ടുപിടിച്ചു
സത്യായിട്ടും എന്റെ ജീവിതത്തില്‍ ഇത്രയും വലിയ ഒരു ബുക്ക് സ്റ്റാള്‍‍ ഞാന്‍ കണ്ടിട്ടില്ലാ.
അതിന്റെ ഫോട്ടം ഇവിടെ..

ഇത് ആ ബുക്ക്സ്റ്റാളിന്റ്  ഒരു ശതമാനം മാത്രമാണ് ട്ടൊ, ഇതുപോലെ ഒരു ഷോപ്പിംഗ് കോപ്ല്ക്സിന്റെ ഏകദേശം ഒരു ഫ്ളോര്‍ മുഴുവനും ഈ കിനോക്കുനിയ ബുക്ക്സ്റ്റാള്‍ ആണ്.. ഏറ്റവും അഭിമാനകരമായി തോന്നിയത്.. ഇന്ത്യന്‍ ലിറ്ററേച്ചര്‍ എന്നും പറഞ്ഞ് ഒരു പ്രത്യേക ഇടം! അവിടെ നമ്മുടെ അരുന്ധതീ റോയിയും അനിതാ ദേശായിയും ദിവാകരുണിയും സല്‍മാന്‍ റുഷ്ദിയും, ഒക്കെ സ്വച്ഛമായി ഇരിക്കുന്നു.. എന്റെ മനസ്സ് നിറഞ്ഞു..
കൂടെ മകാളായതുകൊണ്ട്, ഞങ്ങള്‍ ചിത്രശലഭങ്ങളെപ്പോലെ പാറി നടന്നു.. കാലു(ചിറക്) കുഴഞ്ഞ് വീഴും വരെ!!പിന്നെ, കൊക്കിലൊതുങ്ങുന്നതും കൊത്തി, ഞങ്ങള്‍ പറന്നുയര്‍ന്നു...

ശ്ശ്യോ! ഇതൊന്നും ഞാന്‍ ഇത്രനാളും കാണാതെ പോയല്ലോ, കഷ്ടം! ആരും കാണിച്ചുതരാനും ഇല്ലായിരുന്നു.. ഹും! സാരമില്ല..
ഇനി ഞാന്‍ നിറയെ കണ്ടോളാം..
ഞാന്‍ അവിടത്തെ മെമ്പര്‍ഷിപ്പും എടുത്തു.. പിന്നല്ല..

തിരിച്ചു വരുമ്പോള്‍ ട്രയിന്‍ നിറയെ ആള്‍ക്കാര്‍ തിക്കിയും തിരക്കിയും.. എങ്കിലും ഭയങ്കര ഡീസന്റ് ആണ് ട്ടൊ, നോ ബോഡി ടച്ചിംങ്ങ്.. നൊ സ്റ്റെയറിംഗ്..അരയിഞ്ചി ഗാപ്പില്‍ മൂക്കും മുഖവും ബോഡിയും ഒക്കെ വച്ചിട്ടും ഈ അപരിചിതത്വം നിലനിര്‍ത്താന്‍ കഴിയുന്ന മനുഷ്യജീവികള്‍ ഈ ഭൂലോകത്തില്‍ മറ്റൊരു രാജ്യത്തും കാണില്ല തന്നെ..!!

അട്ടിയട്ടിയായി ഒരു ട്രയിന്‍ നിറയെ മനുഷ്യജീവികള്‍ മൌനമായി നീങ്ങിയപ്പോള്‍
ട്രയിന്‍ ഒരു വലിയ പെരുമ്പാമ്പുപോലത്തെ ജീവിയായും ഞങ്ങള്‍ മനുഷ്യരെല്ലാം അതിന്റെ ശരീരമായും തോന്നി.. പതിനായിരക്കണക്കിന് ആത്മാക്കളുടെ ജീവന്‍ വഹിച്ചുകൊണ്ടുപോകുന്ന ഒരു വലിയ ജീവി..!

ഈ മനുഷ്യരെല്ലാം നിന്നെ വിശ്വസിച്ച് ജീവിതം അര്‍പ്പിച്ചിരിക്കുന്നു..
കാത്തോളണേ..

പെട്ടെന്ന് എന്നിലെ ഫിലോസഫി ഉണര്‍ന്നു...!
നിഷ്കളങ്കതയുടെ പര്യായമായ തീരെ കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോള്‍, ‘ദാ ലോകത്തിന്റെ അനന്തരാവകാശികള്‍’,
മദ്ധ്യവയസ്കരെ കാണുമ്പോള്‍,  ‘ഭാരം വലിക്കുന്ന വണ്ടിക്കാളകള്‍’പോലെയും,
വയസ്സരെ കാണുമ്പോള്‍ ഭാരവണ്ടിവലിച്ച് തളര്‍ന്നവരായും,
ചൈതന്യവത്തായ ചെറുപ്പക്കാര്‍ ജീവിതവണ്ടിയെ ഒട്ടൊരു കൌതുകത്തോടെ സ്വാഗതം ചെയ്യുന്നതായും തോന്നി.. അവരാണ് ലോകത്തിന്റെ ഇപ്പോഴത്തെ ചൈതന്യത്തിന് ആധാരം ആയും തോന്നി..ഈ ഭൂലോകം നിങ്ങള്‍ക്കുള്ളതാണ്.. ഇവിടത്തെ അരുവികളും പുഴകളും മലകളും പൂക്കളും എല്ലാം നിങ്ങള്‍ക്കു വേണ്ടിയാണ്..ചൂസ് വൈസ്ലി മക്കളേ.. ലിവ് വൈസിലി.. എന്നു മനസ്സില്‍ പറഞ്ഞു..

ബാക്കി അടുത്ത പോസ്റ്റില്‍...

23 comments:

Rare Rose said...

ആത്മേച്ചീ.,പഴേ തമാശ മൂഡ് വന്നല്ലോ പോസ്റ്റില്‍..ഓരോ ദിവസത്തിനേം ഇതുപോലങ്ങ് ഉഷാറായിട്ട് കാട്ടിക്കൊടുക്കണം.:)

പക്ഷിമനിതന്‍ എന്നു പറഞ്ഞപ്പോ എന്തോ ഇതുപോലൊരു രൂപാണ് മനസ്സിലോടി വന്നത് :)
പിന്നെ ബുക്ക്സ്റ്റാള്‍ ഫോട്ടോ എവിടെ? കാണാന്‍ പറ്റിയില്ല :(

ചെറുവാടി said...

രസകരം.
ഈ പോസ്റ്റ്‌ നല്ല ഭംഗിയുണ്ട്.
ഒരു ലളിതമായ വായന

സ്വപ്നാടകന്‍ said...

ബുക്സ്റ്റാൾ ഫോട്ടോ ഇല്ലല്ലോ...

Diya Kannan said...

അത്മേച്ചി...

ഇന്നലെ അത്മേച്ചി എന്റെ സ്വപ്നത്തിലേക്ക് വന്നിരുന്നു.. അത്മെച്ച്ചിയും അമ്മയുടെ ഫാമിലിയിലെ കുറെ വല്യമ്മമാരും..അമ്മയും അച്ഛനും കണ്ണനും ഒക്കെ ഉണ്ടായിരുന്നു സ്വപ്നത്തില്‍..കൃത്യമായി ഓര്‍മ്മയില്ല...

കുഞ്ഞൂസ് (Kunjuss) said...

ആത്മ പഴയ ഉഷാറിലേക്ക് വന്നുല്ലോ, സന്തോഷായീ...:)

വല്യമ്മായി said...

വേഗം തുടരൂ

SHANAVAS said...

ആത്മാജി നല്ല മൂഡില്‍ ആയി അല്ലെ? എഴുത്ത് അത് വിളിച്ചു പറയുന്നുണ്ട്. ഇനിയും തുടരട്ടെ ഇങ്ങനെ തന്നെ. ആശംസകള്‍.

Jazmikkutty said...

ആത്മേ, മൂഡു ശരിയായതിന് ചെലവ് ചെയ്യണം ട്ടോ...:)
നല്ല രസായിട്ടെഴുതി..എന്ത് ഭംഗിയാ ആത്മയുടെ ഒരു ദിവസം..!!

ആത്മ said...

പ്രിയപ്പെട്ടവരെയെല്ലാവരെയും ഒരുമിച്ചു കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു.. :)

നന്ദി! നന്ദി!

ഇന്ന് ഭയങ്കര ബിസിയായിപ്പോയി.. നിന്നു തിരിയാനും കൂടി പറ്റുന്നില്ല..

വിശദമായി താമസിയാതെ മറുപടി എഴുതാം..

ആത്മ said...

റോസൂ,

ബുസ്സ്സ്റ്റാളിന്റെ ഫോട്ടോയും ചേര്‍ത്തു ട്ടൊ, :)

ആത്മ said...

ചെറുവാടി,

പോസ്റ്റ് ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍
ഹൃദയം നിറഞ്ഞ നന്ദി!

ആത്മ said...

സ്വപ്നാടകന്‍ :)

ബുക്ക്സ്റ്റാളിന്റെ ഫോട്ടോ ഇട്ടു,

ആത്മ said...

Diya Kannan

എന്നെ സ്വപ്നത്തില്‍ കണ്ടു എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പൊങ്ങി പൊങ്ങി അങ്ങ് വാനത്തെത്തി!

അല്ലാതെതന്നെ ഞാനൊരു സ്വപ്നജീവിയാണ്..
എന്നെ നേരില്‍ കാണാത്ത ഒരാള്‍ സ്വപ്നത്തിലൂടെ കണ്ടു എന്നൊക്കെ കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന്..

ആത്മ said...

കുഞ്ഞൂസ്,

:)

നന്ദി!

ആത്മ said...

വലിയമ്മായി! :)

എന്നാണു നാട്ടില്‍ പോകുന്നത്?
കണ്ടതില്‍ വളരെ സന്തോഷം..
അമ്മായി ബിസിയായിക്കാണും അല്ലെ,

ആത്മ said...

SHANAVAS:

എന്നെ ആത്മാജിയെന്നൊന്നും വിളിക്കല്ലേ സാറേ!

ഒരു വട്ടുപിടിച്ച സ്വഭാവമാണ്‍ ട്ടൊ,
ഞാന്‍ എന്താണെന്ന് എനിക്കു തന്നെ അറിയില്ല..

ഏതിനും ജീ ഒന്നും അല്ല..:)
വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കല്ലേ..

ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

ആത്മ said...

Jazmikkutty,

കണ്ടതില്‍ സന്തോഷം! :)

ദിവസം സന്തോഷമായി തോന്നുന്നത് ഇങ്ങിനെ എഴുതിക്കഴിയുമ്പോഴാണ്..
അല്ലെങ്കില്‍ കരഞ്ഞു വിളിച്ചും ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന ഒരു ഭാരവണ്ടി പോലെ തോന്നും പലപ്പോഴും ജീവിതം..

പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..!


ജാസ്മിക്കുട്ടിയുടെ ചില കഥകളൊക്കെ
വായിച്ചു.. ഭയങ്കര ഇഷ്ടമായി..
എനിക്ക് അങ്ങിനെയൊന്നും എഴുതാന്‍ പറ്റിയില്ലല്ലൊ എന്നോര്‍ത്തു..

Manoraj said...

അല്പം വ്യത്യസ്ഥതയുണ്ട് ഈ പോസ്റ്റില്‍.. ആ കൊക്കിലൊതുങ്ങിയ പുസ്തകങ്ങള്‍ ഏതൊക്കെയാ ?

ആത്മ said...

ആക്ച്വലി റിയലി, ഞാന് കൊക്കിലൊതുങ്ങുന്നതും അല്പം കൂടിയുമൊക്കെ വാങ്ങിക്കൂട്ടും..

പറയാം.. പക്ഷെ,രഹസ്യമാണു ട്ടൊ,.
ഇന്ത്യന് സെക്ഷനില് നിന്നും ഇന്താക്കാര് ഇംഗ്ലീഷിലെഴുതിയ രണ്ട് വിവാഹിതകളുടെ അന്യനാട്ടിലെയും സ്വന്തനാട്ടിലേയും അന്നം പൊന്നലും ഗൃഹാതുരത്വവും ഒക്കെ അടങ്ങിയ രണ്ട് നോവല്..

പിന്നെ, Sylvia Plath ന്റെ Poem collection..
Leaves of Grass
Poems of Kabir by Rabidranth Tagore
ഒക്കെ വാങ്ങി..
വായിക്കാനൊന്നും സ്വസ്ഥത കിട്ടുന്നില്ലെന്നേ ഉള്ളൂ.. ബുക്കുകളൊക്കെ ഇഷ്ടം പോലെയുണ്ട്..:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വ്യത്യസ്ത വായന സമ്മാനിച്ചു
വളരെ നന്ദി

ആത്മ said...

ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒക്കെ വളരെ വളരെ നന്ദി!

കണ്ണിമാങ്ങ said...

ആത്മ വീണ്ടും മൂഡില്‍ ആയല്ലോ . നന്നായി .......... കഴിഞ്ഞ വര്ഷം ഞങ്ങള്‍ സിംഗപ്പൂരില്‍ വന്നിട്ടുണ്ടായിരുന്നു . വീണ്ടും വീണ്ടും പോകാന്‍ തോന്നുന്ന സ്ഥലം .

ആത്മ said...

കണ്ണിമാങ്ങയെ കുറേ നാളായല്ലൊ കണ്ടിട്ട്!
സിംഗപ്പൂര് നല്ല സ്ഥല്മൊക്കെ തന്നെ
പക്ഷെ, നാട്ടില് നിന്നും പിരിഞ്ഞ വേദനയോടെ കുറേ നാള് നടന്നു..
ഇപ്പോള് എനിക്കും തോന്നുന്നു കൊള്ളാമെന്ന്!!:)