Saturday, April 9, 2011

അമ്മയെഴുതിയ കഥ!

വെറുതെ, അമ്മയുടെ ഡയറികളൊക്കെ പരിശോധിക്കുന്നതിനിടക്ക് കിട്ടിയ ഒരു കൊച്ചു കഥ! അമ്മ എഴുതിയത്..! (ഇനി വല്ല വിവര്‍ത്തനവും ആണോന്നും അറിയില്ല)(സമയം കിട്ടുമ്പോള്‍ വായിക്കൂ..)
ആരെയും പേടിപ്പെടുത്തുന്ന ഉള്‍ഭാഗത്ത് ചെവി തുളച്ചു കയറുന്ന ചീവീടുകളുടെ നിലയ്ക്കാത്ത ശബ്ദം. കൂടണയാന്‍ പോകുന്ന തൂക്കണാം കുരുവികളുടേ നേരിയ ശബ്ദം. വിജനമായ വനത്തിന്റെ ഇടയില്‍ കൂടി ചാഞ്ഞു കിടക്കുന്ന ചില്ലകള്‍ വകുത്തുമാറ്റി രണ്ടു മരം വെട്ടുകാര്‍ അര്‍ദ്ധനഗ്നരായി നടന്നുപോകുന്നു. സന്ധ്യാസമയത്ത് മടങ്ങിവരുന്ന തേന്‍ തുമ്പികള്‍ അവരുടെ കൂടുകളില്‍ പറ്റിക്കൂടി നിശബ്ദരായിരിക്കുന്നു. ലില്ലിപ്പൂക്കള്‍ സൌരഭ്യം പരത്തിക്കൊണ്ട് ശാന്തമായുറങ്ങുകയാണ്. ആ വനത്തില്‍ നടന്നുപോകാന്‍ മാത്രമുള്ള ഒരു വഴി. അതിന്റെ ഇരുവശങ്ങളിലും പടര്‍ന്നു നില്‍ക്കുന്ന ചെറിയ മരങ്ങളില്‍ ഇടതൂര്‍ന്നു കിടക്കുന്ന കാട്ടുവള്ളികള്‍.

ആ സായം സന്ധ്യയില്‍ ദയാലുവായ ഇളം കാറ്റ് അസ്തമിക്കാന്‍ പോകുന്ന പകലിനോട് സലാം പറയുന്നു. അതിപുരാതനമായ ആ വഴിയില്‍കൂടി നടന്നാല്‍ വളരെ പൊക്കമുള്ള മലകളും താഴ്വരകളും കാണാം. പൊതുവേ ആ അന്തരീക്ഷം വിധിവൈപരീത്യത്താല്‍ തന്റെ രക്ഷിതാവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ദുരിതപൂര്‍ണ്ണമായ കഥപോലെ. അതിലെ കഥാനായികയുടെ സുന്ദരരൂപം അദൃശ്യമായി ചുറ്റി നടക്കുന്നു. വിധിവൈപരീത്യത്താല്‍ കരുണയില്ലാത്ത ചക്രത്താല്‍ ചതഞ്ഞരഞ്ഞുപോയ ഒരു സ്ത്രീയുടെ ഹൃദയത്തിന്റെ തേങ്ങല്‍! നഷ്ടപ്പെട്ടുപോയ ഇണയുടെ ഉണങ്ങാത്ത മുറിവുമായി അവള്‍ ആ വനത്തില്‍ അലസമായി നടന്നു.

മൂടല്‍ മഞ്ഞിനിടയില്‍ പ്രകാശിക്കുന്ന ഒരു നക്ഷത്രത്തെപ്പോലെ ആ സുന്ദരി നഷ്ടപ്പെട്ട കൂട്ടുകാരനെ തിരയുകയാണ്. കയ്യില്‍ ഒരു ഹാരവുമുണ്ട്. വിധി തട്ടിയെടുത്ത തന്റെ എല്ലാമായ കൂട്ടുകാരന്റെ കഴുത്തില്‍ ചാര്‍ത്താന്‍.

അവള്‍ ആ കൂരിരുട്ടില്‍ തന്റെ പ്രാണനാഥനെ തേടി നടന്നു. അതാ അല്പം അകലെ ഒരു പ്രകാശം. അവള്‍ നടന്നു ചെന്നു. അതാ മൂടല്‍ മഞ്ഞില്‍ നിന്നും മുല്ലപ്പൂവിന്റെ മണം വിതറിക്കൊണ്ട് അവളുടെ ഇഷ്ടദേവന്‍ പുഞ്ചിരിതൂകിക്കൊണ്ട് നില്‍ക്കുന്നു. കയ്യില്‍ ഒരു തൂവെള്ള മുല്ലമാലയുമായി മന്ദം മന്ദം നടന്നടുക്കുന്നു. കയ്യിലുള്ള പൂമാലയുമായി അവള്‍ നടന്നു. ഒരു ദൈവദൂതനെപ്പോലെ പുഞ്ചിരി തൂകിനില്‍ക്കുന്ന യുവാവിന്റെ മുഖം കണ്ടമാത്രയില്‍ അവള്‍ തന്റെ ഒറ്റപ്പെട്ട നരകയാതനയില്‍ നിന്നും രക്ഷിക്കാന്‍ വന്ന പുണ്യാത്മാവിന്റെ മുമ്പില്‍ വികാരാധിക്യത്താല്‍ സ്തംഭിച്ചു നിന്നുപോയി. ലജ്ജയില്‍ അവളുടെ മുഖം ചുവന്നിരുന്നു. തെല്ലുനേരം എല്ലാം മറന്ന് അവള്‍ ആ മുഖത്തേയ്ക്ക് ഉറ്റുനോക്കി. പെട്ടെന്ന് അവള്‍ ആ യുവകോമളന്റെ സ്നേഹവലയത്തിനുള്ളില്‍ കുടുങ്ങിപ്പോയി. അവളുടെ തുടുത്ത മുഖം ചുവന്നു. ലജ്ജയാല്‍ തല കുനിഞ്ഞു. നേരം പ്രഭാതത്തോടടുത്തു വരുന്നു. അവള്‍ പുതുമ നശിക്കാത്ത പുതിയ മുല്ലമാലയുടെ ഹാരവുമായി അടുത്തുചെന്നു. അദ്ദേഹത്തിന്റെ കഴുത്തില്‍ അര്‍പ്പിക്കാനായി ഹാരവുമായി കൈകള്‍ ഉയര്‍ത്തി. എന്തരത്ഭുതം. അവിടം ശൂന്യമായി. അവിടെ ആരെയും കാണുന്നില്ല! ആ ദിവ്യ പുരുഷന്‍ എവിടെയോ മറഞ്ഞു.

പാവം പെണ്‍കുട്ടിയുടെ ഹൃദയം കഠിനവേദനയാല്‍ പുളഞ്ഞു. അവള്‍ക്കു കിട്ടിയ ആ മധുരമായ ഓര്‍മ്മകള്‍ പൂഴിമണ്ണില്‍ ചിതറിവീണു. അവള്‍ ആ വഴിയില്‍ ഇരുന്നു. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഭൂതകാലത്തിലെ നല്ല ഓര്‍മ്മകള്‍ വിധിയുടെ ക്രൂരചക്രങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ട് ഒരു കൊലയാളിയെപ്പോലെ കടന്നുപോയി. പക്ഷെ, ആ മഹാന്റെ ജ്വലിക്കുന്ന പ്രകാശം എന്റെ ഹൃദയ ഭിത്തിയില്‍ എപ്പോഴും ഉണ്ടായിരിക്കും.

4 comments:

Manoraj said...

അമ്മക്ക് നല്ല ഭാവന.. സാഹിത്യഗുണവുമുണ്ട്..

ആത്മ said...

നന്ദി!

Echmukutty said...

വലിയൊരു നഷ്ടത്തെ ഭംഗിയായി കാണിച്ചു തരുന്ന വരികൾ.............

ആത്മ said...

അഭിനന്ദനം കേട്ട് സന്തോഷിക്കേണ്ട ആള്‍ ഇപ്പോള്‍ ഭൂമിയില്‍ ഇല്ല...
:(
എങ്കിലും മറു ലോകത്തില്‍ ഇരുന്ന് സ്ന്തോഷിക്കട്ടെ അല്ലെ,