Wednesday, April 6, 2011

അമ്മയ്ക്ക്

ശരി,ഇനി എഴുതാം..

ശരീരത്തിന്റെ, ആത്മാവിന്റെ, ഒരു ഭാഗം അടര്‍ന്നുപോയപോലെ..
വളരെ അടുത്തു നിന്നിരുന്ന ഒരു ആത്മാവ്..
എനിക്ക് ജീവന്‍ തന്ന ശരീരം..
മക്കളെ പറ്റി തന്നെ എറെ നേരം ഓര്‍ക്കാനായി മാത്രം ഇണക്കവും പിണക്കവും സ്വയം ഉണ്ടാക്കി അതില്‍ ജീവിച്ചിരുന്ന ഒരു പാവം സ്ത്രീ..
പ്രായം പരുക്കേല്‍പ്പിക്കാത്ത മനസ്സുമായി നടന്നിരുന്നു..
ആഗ്രഹങ്ങള്‍ ഒരുപാട് ബാക്കിവച്ച്..
എന്നെ ചുറ്റിപ്പറ്റിയുള്ള ആഗ്രഹങ്ങളായിരുന്നു അധികവും..
എന്റെ ജീവിതം സ്വന്തം ജീവിതമായി കരുതി ആഘോഷിച്ചു പോന്നിരുന്ന ഒരാത്മാവ്..

ഇനി പടിപടിയായി എഴുതാന്‍ ശ്രമിക്കാം..
എന്നെ വിട്ടകന്ന രീതി എങ്ങിനെയെന്ന്,

വൈകിട്ട് ധൃതിയില്‍ ഓടിവരികയായിരുന്നു..
തളര്‍ച്ച് ഒട്ടുമില്ലാതെ പ്രസരിപ്പാര്‍ന്ന സ്വരം.. അധികം ഒന്നും പറയാനില്ലാത്തതുകൊണ്ട് സംസാരം ദീര്‍ഘിപ്പിച്ചിച്ചില്ല..
പക്ഷെ, അറിഞ്ഞിരുന്നില്ല മൂന്നുനാലു മണിക്കൂറിനകം ആ ശബ്ദം ഈ ഭൂമിയില്‍ നിന്നും എന്നെന്നേയ്ക്കുമായി വിടപറയുമെന്ന്..
അറിഞ്ഞിരുന്നെങ്കില്‍..

--
ഇപ്പോള്‍ വേര്‍പിരിയലില്ല,
ഒരുമമാത്രം
ഇപ്പോള്‍ അമ്മയുടെ ആത്മാവ് അരികില്‍, ഉള്ളില്‍, ചുറ്റിനും,ചിന്തകളില്‍,
ഭൂതകാലം നിറയെ..
ഇപ്പോള്‍ അമ്മ നാട്ടിലില്ല. അമ്മ സഹോദരനും എനിക്കും ഒരുപോലെ
അപ്രാപ്യമായ/പ്രാപ്യമായ ഒരിടത്ത്.
തൊട്ടരികിലോ?
ഉള്ളിലോ?!
എവിടെയാണ്??!
-

എന്റെ പ്രണയിനി
ഒരു പഴയ പ്രണയിനി
പ്രണയിച്ചു കൊതിതീരാഞ്ഞ പ്രണയിനി
വിട്ടൊഴിയാന്‍ മടിച്ചിട്ടെന്നപോലെ
അകന്നു നില്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ
വിടാതെ പിന്‍‌തുടര്‍ന്നിരുന്ന
ഒരു പാവം പ്രണയിനി

നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും
ജീവിതം ആകെമൊത്തം
വ്യത്യസ്ഥമാണമ്മെ,എന്ന് പലയാവര്‍ത്തി കേണു പറഞ്ഞിട്ടും
വിശ്വാസം വരാതെ,
തന്റെ ചിന്തകളും പ്രവര്‍ത്തികളും
എന്നില്‍ അടിച്ചേല്‍പ്പിച്ച്
ഞങ്ങള്‍ ഒന്നാണെന്ന് വരുത്താനായി
പരിശ്രമിച്ചുകൊണ്ടേ ഇരുന്ന ഒരു പ്രണയിനി..

എന്റെ സ്നേഹബന്ധങ്ങളിലൊക്കെ കടന്നുവന്ന്
അവകാശം സ്ഥാപിച്ചിരുന്നു.
ഒന്നല്ല രണ്ടാണെന്ന് സമ്മതിച്ചുതരാന്‍ മടിച്ച്..!

അതെ, ശരീരത്തിന്റെ പകുതി അടര്‍ന്ന് പോയപോലെ!
എന്റെ നിഴലായി കൂടെയുണ്ടായിരുന്ന ഒരു ആത്മാവ്
അമ്മ!!!

(അപൂര്‍ണ്ണം)


--

14 comments:

ചെറുവാടി said...

വായിച്ചു. എഴുത്തിലെ ഒരു നിഗൂഡ തലം ആകര്‍ഷിച്ചു. മനോഹരം എന്ന് എപ്പോഴും ആവര്‍ത്തിക്കേണ്ടല്ലോ. തുടരുക.

Rare Rose said...

ആത്മേച്ചീ..ഒന്നും പറയാനും പറ്റുന്നില്ല..കൂടെ തന്നെയുണ്ടാവും അമ്മ..എന്നുമെപ്പോഴും..

Jazmikkutty said...

:(

Saritha said...

:(

ആത്മ said...

ചെറുവാടി,

നന്ദി!

ആത്മ said...

Rare Rose,
അതെ, മരിച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ അടുത്ത് നില്‍ക്കും പോലെ!

ആത്മ said...

Jazmikkutty, Saritha,

വിഷമത്തിന്റെ തീവ്രത ഒക്കെ കുറഞ്ഞു വരുന്നു..

സു | Su said...

ആത്മേച്ചീ, ഒന്നും പറയാൻ കിട്ടുന്നില്ല. :(

Manoraj said...

അത്മ,

മരണമാണ് നമ്മെയൊരാളിലേക്ക് എന്നും ഏറ്റവും കൂടുതല്‍ അടുപ്പിക്കുന്നത്. മരിച്ച് കഴിയുമ്പോള്‍ എന്തേ നമ്മളൊക്കെ മരിച്ചവരെ ഇത്രയധികം സ്നേഹിക്കുന്നു..

Typist | എഴുത്തുകാരി said...

മനസ്സിലാവുന്നു മനസ്സിന്റെ വിഷമം.

ആത്മ said...

സൂ,

എനിക്കും അറിയില്ല സൂ.. പുതിയ ഒരനുഭവം..

മനോജ് രാജ്,

മരണം ജനനം പോലെ തന്നെ. ഒന്ന് ഒത്തുചേരലും മറ്റൊന്ന് വേർപിരിയലും‌. നമ്മൾ ജനിക്കുമ്പോൾ രണ്ടാത്മാക്കൾ ഒന്ന് ചേർന്ന അതേ തീവ്രത പിരിയുമ്പോഴും തോന്നും, അല്ലെ,

Typist | എഴുത്തുകാരി,

നന്ദി!

വല്യമ്മായി said...

അമ്മയെ കുറിച്ചെന്തെഴുതിയാലും അപൂര്‍ണ്ണം :(

ആത്മ said...

അതെ!

:(

Echmukutty said...

അതെ, അപൂർണം.......