Tuesday, March 15, 2011

ഇപ്പോള്‍ ഇങ്ങിനെ...

എന്റെ മൌനം കണ്ട് കണ്ട് നിനക്ക് മടുത്തിട്ടുണ്ടാകും അല്ലേ ബ്ലോഗൂ!
എന്തുചെയ്യാന്‍!
ചിലപ്പോഴൊക്കെ ഞാനിങ്ങനെയാണ്!
ഒന്നും പറയാന്‍ കാണില്ല.

എനിക്ക് എന്നോടുപോലും ഒന്നും പറയാന്‍ കാണില്ല പിന്നെ എങ്ങിനെയാണ് നിന്നോട് പറയാന്‍?!

ജീവിതത്തെ കുറ്റം പറഞ്ഞും പഴിപറഞ്ഞും ജയിക്കാം എന്നുകരുതി..
ഇപ്പോഴിപ്പോള്‍ ഒരു തളര്‍ച്ച! എതിര്‍ക്കുന്നതിലും ഭേദം പിടികൊടുക്കുന്നതല്ലെ നന്ന് എന്ന്..

അതെ, ബ് ളോഗൂ ഞാന്‍ എന്റെ പൊരുതലൊക്കെ മതിയാക്കാന്‍ പോണു..

എന്റെ 'ജീവിതം' മറ്റാരുടെയൊക്കെയോ കൈകളിലാണ്.. എനിക്ക് ഒരു നിയന്ത്രണവും ഇല്ല അതിന്മേല്. അവരുടെ വിദഗ്ദ്ധമായ കളിയിലെ ഒരു കരു മാത്രമാകുന്നു ഞാന്‍. ചിലപ്പോള്‍ നല്ല റോളാകും. മറ്റുചിലപ്പോള്‍ അതി നീചവും.. എല്ലാം അവര്‍ നിശ്ചയിക്കും.. കാരണം അവരുടെ കളിയല്ലെ! ഞാന്‍ വെറും കരുവല്ലെ, എന്റെ ഊഴം കഴിയുമ്പോള്‍ പുറംതള്ളപ്പെടുന്ന ഒരു വസ്തു.. അപ്പോഴും‍ കളിക്കളത്തിനു പുറത്ത് ഭയാശങ്കയോടെ ഇരിക്കണം.. അടുത്ത കളിയില്‍ തന്റെ റോള്‍ എന്തായിരിക്കും എന്നറിയാതെ പകച്ച്! ആ ഭയാശങ്കയാണ് ഈയ്യിടെ...

എന്റെ ‘ഹൃദയ’വും എന്റെ നിയന്ത്രണത്തിലല്ല! അതെപ്പോഴും തന്നെ ആര്‍ക്കെങ്കിലും അടിയറവച്ചിട്ട്, കേണ് കേണ് നടക്കും..
അതിന്റെ കാര്യമൊക്കെ ഭയങ്കര വിചിത്രമാണ്..! പറയാതിരിക്കയാണ് ഭേദം!
ആളും തരവും ഒന്നും അറിയണ്ട അതിന്. ചെറുതിലേ മുതല്‍ ഉണ്ട് ഈ സ്വഭാവം.. ഒരു പൂച്ചയോ, ചേച്ചിയോ, ഒന്നും ഇല്ലെങ്കില്‍ ഒരു പൂവോ ചെടിയോ അല്ലെങ്കിൽ, ഒന്നും കാണുകപോലും ഇല്ലാത്തവരെയൊക്കെ അങ്ങ് വിശ്വസിച്ച്  ഒരു മായാദ്വീപൊക്കെയുണ്ടാക്കി, കൊച്ചുകുട്ടികള്‍ മണല്‍ വീടുകെട്ടി കളിക്കും പോലെ നടക്കും..(അരികിലുള്ള ലോകത്തിലെ തിന്മകളിൽ നിന്നും രക്ഷപ്പെടാനോ അകന്നു നില്ക്കാനോ ആൺ‌ ഈ സങ്കല്പങ്ങൾ!)
ചിലപ്പോള്‍ അതിയായ സന്തോഷം! തന്റെ മണല്‍കൊട്ടാരത്തിന്റെ ഭംഗിയും വിശാലതയും കണ്ടിട്ട്.
മറ്റുചിലപ്പോള്‍ അയ്യോ!, ‘ഇതൊരു പൊതു കടല്‍ തീരമാണല്ലൊ,
എപ്പോള്‍ വേണമെങ്കിലും തിരകള്‍ എടുത്തുകൊണ്ടുപോകാവുന്നിടത്താണല്ലൊ താന്‍ കളിവീടുണ്ടാക്കുന്നത്’ എന്നും പറഞ്ഞ് വിഷാദം..
മറ്റുചിലപ്പോള്‍ മണല്‍ വീടേ കണ്ടില്ല എന്നും പറഞ്ഞാകും കരച്ചില്‍!!
ഇനിയും ചിലപ്പോള്‍ ഒക്കെയും ഒരു മായയായിരുന്നു എന്നും കരുതി വിഡ്ഡിയെപ്പോലെ കൂനിക്കൂടി ഇരിക്കുന്നതുകാണാം!!

പക്ഷെ, എന്റെ ‘മനസ്സ്’ എന്റെത് മാത്രമാണ് ട്ടൊ,
എനിക്കുതന്നെ മനസ്സിലാക്കാനോ സ്നേഹിക്കാനോ വിശ്വസിക്കാനോ ആകാത്ത ഒരു മനസ്സ്!
പാവം തോന്നും ചിലപ്പോള്‍. അത് എല്ലാറ്റിനും ദൃക്‌സാക്ഷിയായി നിലകൊള്ളും! ഒരു കടുകട്ടിയായ പിതാവിനെപ്പോലെ, ശരീരത്തിന്റെയും ഹൃദയത്തിന്റെയും ചപലതകളൊക്കെ കണ്ട് ചഞ്ചലപ്പെടാതെ.. പകരം കൂടുതല്‍ ഗൌരവവുമായി..  മുരട്ട് സ്വഭാവവുമായി.. ഒരു അഹങ്കാരിയെപ്പോലെ.. ചിലപ്പോള്‍ ഒരു പടുവിഡ്ഢിയെപ്പോലെയും!

ഈയ്യിടെയായി നിന്നോട് മനസ്സ് തുറക്കാനും മടിയായി തുടങ്ങിയിരിക്കുന്നു.. കാരണം എന്തെന്നാല്‍, ബ്ളോഗുലകത്തില്‍ തീരെ അപരിചിതരായവരല്ല ഉള്ളത് എന്ന ബോധം വന്നുതുടങ്ങുന്നു.. ഒപ്പം ഒരു ജാള്യതയും! അവരൊക്കെ എന്തുകരുതും എന്നൊക്കെയുള്ള ഓരോ ആശങ്കകള്‍!

പക്ഷെ, ഈ തിരക്കുപിടിച്ചോടുന്ന ലോകത്തില്‍ ഇടക്കെങ്കിലും എന്നെ കണ്ടെത്തണ്ടെ?! അതിന് ഈ ഒരു മാര്‍ഗ്ഗമേ തല്‍ക്കാലം (അല്ല, എല്ലാക്കാലവും) എന്റെ മനസ്സില്‍ തോന്നീട്ടുള്ളൂ!
എനിക്ക് പലരെപ്പോലെയും ആകണമെന്ന് അതിയായ ആഗ്രഹം തോന്നും പലപ്പോഴും.. പക്ഷെ, എന്തുചെയ്യാന്‍!, എനിക്ക് ഞാനാവാനല്ലെ കഴിയുകയുള്ളൂ..!!

എങ്കിപ്പിന്നെ, പിന്നെ കാണാം.. ബൈ..

10 comments:

SHANAVAS said...

ഒന്നും എഴുതാന്‍ തോന്നാത്ത്തപ്പോള്‍ ഇങ്ങെനെ എഴുതിയാലും മതി.നന്നായിട്ടുണ്ട്.

ആത്മ said...

നന്നായിട്ടുണ്ടെന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം!

കണ്ണിമാങ്ങ said...

Hold your head up because you have every right to. Tell yourself you are a great individual and believe in yourself, for if you don't believe in yourself, no one else will believe in you either.

ആത്മ said...

കണ്ണിമാങ്ങയുടെ കമന്റ് കണ്ട് കണ്ണു നിറഞ്ഞു..

പക്ഷെ, ഞാന്‍ എപ്പോഴും എന്റെ ഹെഡ് ഒക്കെ ഉയര്‍ത്തിപ്പിടിച്ചോണ്ടാണ് നടക്കാറ്!:)

നെഗറ്റീവ് ചിന്തകള്‍ വരുമ്പോള്‍ അറിയാതെ ഓരോന്ന് എഴുതിപ്പോകുന്നതാണ്..‍
എഴുതുമ്പോള്‍ ഒരാശ്വാസം.. അത്രയേ ഉള്ളൂ..

Rare Rose said...

ആത്മേച്ചീ..എവിടെപ്പോയി??
പുതിയ പോസ്റ്റും കാണുന്നില്ല.ബസ്സിലുമില്ല.:(

Diya Kannan said...

athe athmechi, evideya?

ആത്മ said...

athmechi naaTTil aaNu

Diya Kannan said...

eh..eppozha nattilekku poyathu? hope everything is fine athmechi..take care....

Rare Rose said...

പെട്ടെന്നായിരുന്നോ നാട്ടില്‍ പോക്ക്? സന്തോഷായി തിരിച്ചു വരൂ..

ആത്മ said...

Diya, Rose,

raNdu dhivasaththinuLLil aathmachechi thirichcheththum tto,
pinne kaaNaam..

sasnEham
aathma