Saturday, March 12, 2011

ആ വന്‍ തിരമാലകള്‍ ...!

ബ്ലോഗൂ!,
ഞാന്‍ ഇടയ്ക്കിടെ പറയില്ലെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്നൊക്കെ!
അതു വെറുതെ ഭംഗിവാക്കല്ല ബ്ലോഗൂ.. ആത്മാര്‍ത്ഥമായും പറയുന്നതാണ് ട്ടൊ,
കാരണം പലതുണ്ട് എങ്കിലും ഏറ്റവും പ്രധാനം, നീയുമായി ബന്ധപ്പെടാനിടയായ ഈ കമ്പ്യൂട്ടര്‍ മഹാവീരനാണ് എല്ലാ കൃതജ്ഞതയും രേഖപ്പെടുത്താന്‍ തോന്നുന്നത്.


കമ്പ്യൂട്ടര്‍ എന്റെ ശരിക്കും പുറം ലോകത്തേക്കുള്ള വാതായനവും, അതില്‍ കണ്ട മലയാളം എന്റെ ജീവനാടിയും, മലയാളം എഴുത്തുകള്‍ രക്തവും, ബ്ലോഗ് എന്റെ ആത്മാവും..
ഇങ്ങിനെ ആയാല്‍ ശരിയാകുമോ?!
ഏകദേശം ശരിയാകും.
കാരണം ഈ അന്യനാട്ടില്‍ വന്നുപെട്ട ആദ്യ വര്‍ഷങ്ങളില്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയിരുന്നു..അന്ന് ഏഷ്യാനെറ്റോ മലയാളം പത്രമോ മാഗസീനോ ഒന്നും തന്നെ ഈ വീട്ടില്‍ ഇല്ലായിരുന്നു..
ഞാന്‍ തീര്‍ത്തും ഒരു തുരുത്തില്‍ ഒറ്റപ്പെട്ടപോലെ.! ചുറ്റും മലയാള മണ്ണിനെ മറന്നുകഴിഞ്ഞവർ.. അവരെപ്പോലെ എന്നെ വാർത്തെടുക്കാൻ എന്റെ എതൊക്കെ ഞരമ്പാണു തളർത്തേണ്ടതെന്നു മാത്രം ചിന്തിക്കുന്നവർ.. അങ്ങിനെ തളർന്നിരിക്കുമ്പോഴായിരുന്നു  ഇന്റര്‍നെറ്റിന്റെ രൂപത്തില്‍, മലയാളം ഫോണ്ടിന്റെ രൂപത്തില്‍, ദൈവം എന്നെ രക്ഷപ്പെടുത്താൻ എത്തിയത്!.. മലയാളനാടുമായുള്ള ഒരു ചെറിയ കൂട്ടുകെട്ടായി ഞാന്‍ ഇന്റര്‍നെറ്റ് കണ്ടു. എന്റെ മുൻ ജന്മവുമായുള്ള, എന്റെ പോയകാലം മുഴുവനും ഇതിലൂടെ എനിക്ക് വീണ്ടെടുത്ത് എന്റെ യാത്ര തുടരാം എന്നൊരു പ്രതീക്ഷ കൈവന്നു..!
അല്ലെങ്കില്‍ ഒരു ഹിജഡയെപ്പോലെ മലയാളിയുമല്ല വിദേശിയുമല്ലാത്ത ഒരു മാംസപിണ്ഡമായി ഞാന്‍ ശിഷ്ടകാലം ജീവിക്കുമായിരുന്നേനെ..

ഇപ്പോള്‍ മനസ്സിലായല്ലൊ എനിക്ക് നിന്നോടുള്ള ഇഷ്ടം വളരെ അഗാധമാണെന്ന്!
എന്റെ ജീവനെപ്പോലെ! ഒരു എഴുത്തുകാരിയാവുന്നതിലും വലുതാണ് എനിക്ക് നീ കാട്ടിത്തന്ന ലോകത്ത് ജീവിക്കാനാവുക എന്നത്! അത് എതുവിധമായാലും!

ഇനി എഴുതാന്‍ വന്നതെഴുതട്ടെ, ബ്ലോഗൂ..

എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല. ഇപ്പോള്‍ സമയം മൂന്നരയായിരിക്കുന്നു..
ഒരല്പം മയങ്ങിക്കാണും.. വീണ്ടും ഉണര്‍ന്നു..
അപ്പോഴൊക്കെ ഒരു കൂട്ടം കാറുകളും കപ്പലുകളും വീടുകളും വന്‍ തിരമാലകളാല്‍ ഒഴുക്കപ്പെട്ട് എങ്ങോട്ടോ പോയി അടിയുന്ന ദൃശ്യം മാത്രം..
ആ കാറുകളിനകത്ത് മനുഷ്യരുണ്ടായിരുന്നോ?! ആരും കാണില്ലായിരിക്കും എന്ന് സമാധാനിക്കും ഒരു നിമിഷം.. അടുത്ത നിമിഷം, ഇല്ല! ആരെങ്കിലും ഒക്കെ രക്ഷപ്പെടാനായി പൊയ്ക്കൊണ്ടിരുന്നപ്പോഴായിരിക്കണം തിരമാലകള്‍ ഒഴുക്കി മറിച്ചത്.. വണ്ടികളില്‍ നിന്നും ഇറങ്ങി ഓടാനും പറ്റില്ലല്ലൊ,
ഒരുകണക്കിന് ഞൊടിയിടയില്‍ അവസാനിച്ചുകാണും ജീവന്‍! അധികം അനുഭവിക്കാതെ.. അതല്ലാതെ ജീവനുവേണ്ടി പോരാടിയവരും കാണില്ലെ?! ആകെ ഒരു ശ്വാസം മുട്ടല്‍!

തിരമാലകളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഒരു സ്ത്രീ തന്റെ സന്തോഷം മറച്ചുവയ്ക്കാനാവാതെ ചിരിക്കുന്ന കാഴ്ച്ചകണ്ടു! മരണവും ജീവിതവും തമ്മില്‍ ഒരു കളി! അതില്‍ ജീവിതം ജയിച്ച ആഹ്ലാദം!
ശരിക്കും ഒരു കളിയാകുമോ?! ദൈവവും മനുഷ്യരും തമ്മിലുള്ള, മരണവും ജീവിതവും തമ്മിലുള്ള ഒരു കളി‍!

ഒരു ഷോപ്പിംഗ് സെന്ററില്‍ ഭൂമികുലുക്കമുണ്ടാകുമ്പോള്‍ ആദ്യം ഓടിരക്ഷപ്പെടാന്‍ തുനിയുന്ന ജീവനക്കാര്‍. പിന്നീട് അതേ വേഗതയില്‍ ചെന്ന് ഒരു ഷെല്‍ഫ് മറിഞ്ഞുവീഴാതെ താങ്ങി നിര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടു!
രണ്ട് ബോസ്സുകള്‍ക്കിടയില്‍ ആരോട് വിശ്വസ്ഥത കാട്ടണം എന്നറിയാത്ത പോലെ!
ദൈവം (മരണം) ആണ് ജയിക്കുന്നതെങ്കില്‍ ആ ഷെല്‍ഫും സാധനങ്ങളും ഒന്നും വീണ്ടെടുക്കാന്‍ സഹായിക്കേണ്ടതില്ല, പക്ഷെ എങ്ങിനെ അറിയാം ഒരുപക്ഷെ, ദൈവം ജയിച്ചില്ലെങ്കില്‍ പിന്നീടുള്ള യജമാനന്‍ ആ ഷോപ്പുടമയാകും.. വിശ്വസ്ഥത, ആത്മാര്‍ത്ഥത ഒക്കെ ചോദ്യം ചെയ്യപ്പെടില്ലേ,
മരണം പടിവാതിലില്‍ എത്തുമ്പോഴും ഈ ലോകത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചുകൂടാ.. ജീവന്‍ നിലക്കും വരെ.. അതുകഴിഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യാന്‍ ആരും വരില്ല.. പൂര്‍ണ്ണ സമര്‍പ്പണം..

മറ്റൊരു ഓഫീസില്‍ തന്റെ പ്രായമായ ബോസ്സിനെ സമാധാനിപ്പിച്ചുകൊണ്ട് ഒരു തീരെ ചെറുപ്പക്കാരി (സെക്രട്ടറിയാകണം) നില്‍ക്കുന്നതുകണ്ടു. വല്ലതും വന്നുവീഴുന്നെങ്കിലും അവളുടെ തലയില്‍ വീണോട്ടെ എന്നാകും.. അതും യജമാനസ്നേഹം ആയിരിക്കണം.. ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ ഭൂമിയിലെ ബോസ്!

ഇന്നലെയും ഇന്നു പകുതിയും ടി.വി യില്‍ ജപ്പാന്റെ കെടുതികളും അതിനിടയില്‍ ന്യൂക്ളിയര്‍ പ് ളാന്റ് എല്ലാം കൂടി പൊട്ടിത്തെറിച്ചാല്‍ ലോകം മുഴുവന്‍ ശ്വാസം മുട്ടി മരിക്കുമായിരിക്കുമോ എന്നൊക്കെ അറിയാന്‍ കണ്ണും തുറിച്ച് നോക്കിയിരുന്നു.. ഏതു നിമിഷവും ശ്വാസം മുട്ടി മരിക്കാന്‍ റഡിയായി..

ഏതു നിമിഷവും ഒരു വന്‍ തിരമാല ആഞ്ഞടിച്ച് എല്ലാവരെയും ആഴക്കടലിലേക്ക് ഒഴുക്കിക്കൊണ്ടി പോകാന്‍ വരും പോലെ ഒരു ഭയം.. ഒരു നിസ്സഹായത..
ഒരു.. ഒരു.. നിസ്സാരത..
ഒന്നു കരയാന്‍ പോലുമാകാത്ത നിര്‍വ്വികാരത..

അതിനിടയില്‍ ബസ്സിലെ കളിയോടങ്ങളും ബോട്ടുകളും ഇവന്റും ഒക്കെ കണ്ടപ്പോള്‍ എന്നാലും നിങ്ങള്‍! ഹും! എന്നും പറഞ്ഞ് തമാശയായിട്ടെങ്കിലും എവിടെയെങ്കിലും ഒന്നു സൂചിപ്പിക്കാന്‍ തോന്നി ആദ്യം..

പിന്നെ, പതിയെ, പതിയെ, ഓരോരുത്തരും പ്രാധാന്യം നല്‍കുന്ന വാര്‍ത്തകള്‍, ഉല്ലാസങ്ങള്‍, എന്നിവയിലേക്ക് മനസ്സ് വഴുതി വീണു.. എപ്പോഴോ  മനസ്സിനെ ബാധിച്ചിരുന്ന ഭയം മെല്ലെ നീങ്ങി..

ഇതുതന്നെയല്ലെ ബ് ളോഗൂ നീ എനിക്കു നല്‍കുന്ന സുരക്ഷിതത്വവും..!

2 comments:

SONY.M.M. said...

ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലി മൃഗങ്ങൾ നമ്മൾ
വിധിയുടെ ബലി മൃഗങ്ങൾ


എന്ന പാട്ട് ഓര്‍മ വരുന്നോ ?

ആത്മ said...

അതെ.. ആ പാട്ടുപോലെ ജീവിതം..