Wednesday, March 2, 2011

ഒരുവന്‍!

ഇന്ന് ഒരുവന്‍‍ എന്ന പടം കണ്ടു. ഇന്ദ്രജിത്തായിരുന്നു നായകന്‍. ഇന്ദ്രജിത്ത് ശരിക്കും മാനസിക വൈകൃതമുള്ള ഒരു ക്രിമിനലായി നന്നായി വിളങ്ങി. പൃഥ്വിരാജ് പോലീസ് വേഷത്തില്‍ വരുന്നുണ്ട് എങ്കിലും വലുതായി തിളങ്ങിയെന്ന് തോന്നിയില്ല. മീരാവാസുദേവും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയതായി തോന്നി.

പക്ഷെ, കഥ വലിയ ഉറപ്പില്ലാത്തപോലെ. പ്രകൃതിഭംഗികള്‍ ഒപ്പിയെടുക്കുന്നതില്‍ കാണിച്ച വ്യഗ്രത കഥാപാത്രങ്ങളുടെ ഭാവവിഹ്വാദികള്‍ ഒപ്പിയെടുക്കുന്നതില്‍ കാട്ടിയില്ല. എവിടെയൊക്കെയോ എച്ചുകെട്ടിയപോലെ!
മാനസ്സിന്റെ സമനില തെറ്റിയ ഒരു ക്രിമിനൽ ആശുപത്രിയിൽ നിന്നു രക്ഷ്പ്പെടുന്നു. രണ്ടുമൂന്ന് കാവല്ക്കാരെ നികൃഷ്ടമായി കൊന്നതിനു ശേഷം കടലിൽ ചാടി ഒരു ഗ്രാമത്തിൽ അടിയുന്നു. ലാൽ അയ്യാളെ രക്ഷ്പ്പെടുത്തി വീട്ടിൽ പാർപ്പിക്കുന്നു. അയാൾ തക്കം പാർത്ത് ഒരോരുത്തരെയായി നശിപ്പിച്ചും വകവരുത്തിയും രസിക്കുന്നു. രക്ഷപ്പെടാനാകാതെ മീര മക്കളെ കൊല്ലാനൊരുങ്ങുന്നു..

ചുരുക്കത്തില്‍ കഥ ഇന്ദ്ര്ജിത്തെന്ന ക്രിമിനലിനെ ഭയക്കണം എന്നതോ?,
അതോ,പെണ്മക്കളുള്ള അമ്മമാരുടെ നിരാശ്രയമോ? ഏതിനു പ്രാധ്യാന്യം നല്കിയാലാണ് കാണികളുടെ കയ്യടി വാങ്ങാനാവുന്നത് എന്നതില്‍ മാത്രമായോ സംവിധായകന്റെ ആക്രാന്തം!(ഇന്ദ്രജിത്തിനെ കൂടുതല്‍ ക്രൂരനാക്കിയാലാണോ, പെണ്‍കുട്ടികളെയും അമ്മയെയും കൂടുതല്‍ പീഡിപ്പിച്ചാലാണോ-എന്നതില്‍.)
എങ്ങിനെയും കാണികളുടെ സഹതാപം പിടിച്ചുപറ്റാനായെന്നോണമായിരിക്കണം നായിക പെണ്മക്കളെ ചതുപ്പില്‍ വലിച്ചെറിയുന്നത്.. ഒരു മാനസിക വൈകല്യമുള്ള ഒരു ക്രിമിനല്‍ വന്ന് ഒരു ദേശത്തെയാകെ ഉപദ്രവിക്കുമ്പോള്‍ അതെങ്ങിനെ പെണ്‍കുട്ടികളുടെ മാത്രം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനെ കേന്ദ്രീകരിക്കുന്നത് എന്ന മനസ്സിലായില്ല! ആ സ്ത്രീക്ക് ആണ്മക്കളായിരുന്നെങ്കിലും ഇന്ദ്രജിത്തിന് കൊല്ലാനും നശിപ്പിക്കാനും ആവുമല്ലൊ,
പെണ്മക്കളെ ചെളിക്കുഴിയില്‍ പിടിച്ചു തള്ളുന്നതിലും വേറേ എത്രയോ വഴികളുണ്ടായിരുന്നു.. രക്ഷപ്പെടാന്‍..!

അയാള്‍ കുറ്റവാളിയാണെന്നറിഞ്ഞിട്ടും മീരയുടെ ഭര്‍ത്താവ്(ലാല്‍) എന്തേ പോലീസിനെ അറിയിക്കാഞ്ഞത്?
അയാളും ഇന്ദ്രജിത്തും തമ്മില്‍ വലിയ ആത്മബന്ധം ഉടലെടുത്തതായി കരുതണം.. പക്ഷെ ക്യാമറയില്‍ അത് പകര്‍ത്താനായിട്ടില്ല.. ഇന്ദ്രജിത്തിന്റെ ക്രിമിനല്‍ ഭാവങ്ങള്‍ക്കേ പ്രാധാന്യം നല്‍കിയിട്ടുള്ളൂ
അത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങിനെ അവര്‍ക്കുള്ളില്‍ ആത്മബന്ധം ഉടലെടുക്കാന്‍?!
ഇന്ദ്രജിച്ച് പാടുപെട്ട് വലിയ ഭാരം തൂക്കി തലയില്‍ വച്ചപ്പോള്‍ നായകന് അയാളോട് പ്രത്യേക വാത്സല്യം തോന്നുന്നു..
ഇന്ദ്രജിത്ത് സ്വന്തം തുണി കല്ലില്‍ വച്ച് അല്‍ക്കുമ്പോള്‍ മീരയ്ക്കും!
അതില്‍ക്കൂടുതല്‍ ഇന്ദ്രജിത്ത് ഒന്നും കാണിച്ചില്ലല്ലൊ, സ്നേഹം പിടിച്ചുപറ്റാന്‍?!
അയ്യേ! ഇത് ഏത് ആത്മയ്ക്കും മനസ്സിലാവും പൊട്ടത്തരങ്ങളാണ് ഈ സിനിമേല്‍ മുഴുവനും എന്ന്!

എന്നാലും സംവിധായകാ..!, ആ പിഞ്ചു പെണ്‍കുട്ടികള്‍ നിങ്ങളോടെന്തു തെറ്റുചെയ്തു അവരെ ചളിക്കുഴിയിലേക്ക് വലിച്ചെറിയപ്പെടാനായി??!!
പെണ്ണുങ്ങളെ അമിതമായി ദ്രോഹിച്ചാല്‍ മിടുക്കനാവാമെന്ന എം. സി. പി യാണോ നിങ്ങളും?!
എന്നാലും എല്ലാറ്റിനും ഒരു പരിധിയൊക്കെ വേണ്ടേ?! ഹും!
എത്ര ഈസിയായിട്ടാണ് ഈ സിനിമയില്‍ ആളുകളെ കൊല്ലുന്നത്?!
കോഴീനേം പൂച്ചേനേം ഒക്കെ കൊല്ലുമ്പോലെ!!
ഹും! സിനിമക്ക് കഥ വേണമല്ലൊ അല്ലെ?!,
ഇതിലും‍ ഭേദം ആത്മയുടെ ഒരു ദിവസത്തെ ആത്മഗദം ഓരോ സിനിമയാക്കുന്നതാണ്..
അല്ല പിന്നെ!!

പടം ഇങ്ങിനെയൊക്കെയാണെങ്കിലും നമുക്ക് ഇതില്‍ നിന്ന് വിലപിടിയാത്ത രണ്ട് ഗുണപാഠങ്ങള്‍ കിട്ടുന്നുണ്ട്..
ഭാര്യകുട്ടികള്‍ ഉള്ളവരാരും യാതൊരു കാരണവശാലും, ഒരപരിചിതനെ എത്ര നിസ്സഹാനാണെങ്കിലും അഭയം കൊടുക്കരുത്!!
ആരെങ്കിലും അഭയം കൊടുത്താല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടത് ആ സമൂഹം മുഴുവനും ആയിരിക്കും..പ്രത്യേകിച്ചും പെണ്മക്കളുള്ള അമ്മമാര്‍ക്ക് അവരെ കൊല്ലേണ്ടിവരും പിന്നെ അന്നാട്ടില്‍ ജീവിക്കാന്‍!!!

എന്റെ അഭിപ്രായത്തില്‍ നമ്മള്‍ നായകനായി കാണുന്ന ആളിന് എന്തെങ്കിലും ഒരു നന്മ അനുകരിക്കത്തക്കതായി വേണം.. ഇതില്‍ ഒരു നായകനും അതില്ല.(ഭ്രമരത്തിലെ മോഹന്‍ലാലിനെപ്പോലെ അവസരം ഉണ്ടായിട്ടും ക്രൂരത ചെയ്യാനാവാത്ത നായകനാവണം.. അല്ലെങ്കില്‍ നന്മയിലേക്ക് ഉയരുന്നവനാകണം) ഈ പടത്തില്‍, ലാല്‍ ഇന്ദ്രജിത്തിലെ കുറ്റവാളിലെ തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല!
പൃഥ്വിരാജ് കുറ്റം കണ്ടുപിടിക്കാന്‍ നന്നെ താമസിച്ചു..
ഇന്ദ്രജിത്ത് വെറും ക്രൂരത മാത്രം നിറഞ്ഞ ഒരു കഥാപാത്രം!
നായികയും മോശമല്ല, എടുപിടീന്നും പറഞ്ഞു കുഞ്ഞുങ്ങളെയൊക്കെ ചതുപ്പില്‍ എറിഞ്ഞ് കൊല്ലുന്നു!!

ഇങ്ങിനെയാണെങ്കില്‍ റിപ്പറിനെയും, സൌമ്യയെ നശിപ്പിച്ചു കൊന്ന തമിഴനെയും പോലെ ക്രൂരന്മാരെ ഒക്കെ നായകനാക്കി ഇനി ഒരുപാട് മലയാളം സിനിമകള്‍ വരുമായിരിക്കും അല്ല്യോ?!

ഗ്ലോബലൈസേഷന്റെ യുഗത്തില്‍ ഭാരതത്തിലെ എന്നല്ല,മിക്ക രാജ്യങ്ങളിലെയും യുവജനങ്ങള്‍(യുവത്വം കടന്നവരും) അനുകരിക്കേണ്ടത് എന്തെന്നറിയാതെ ആക്രാന്തത്തോടെ ആധുനികനാകാനായി പാഞ്ഞുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ ഇത്തരം സിനിമള്‍ വളരെ ദോഷകരമായി സമൂഹത്തിനെ ബാധിക്കും എന്നും എനിക്ക് തോന്നുന്നു.

[ഞാന്‍ ഒരു റിവ്യൂവും വായിക്കാഞ്ഞതിന്റെ അപാകതകള്‍ നിറയെ കാണും.. ഈ സിനിമ വിജയമായിരുന്നോ പരാജയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല..
എനിക്ക് സിനിമ കണ്ടപ്പോള്‍ തോന്നിയത് ഇങ്ങിനെ.. അതു ഞാന്‍ എഴുതി അത്രതന്നെ!)

2 comments:

Rare Rose said...

കേട്ടിട്ടും കൂടിയില്ല ഒറ്റയാന്‍ എന സിനിമയെ പറ്റി.അപ്പോള്‍ ആത്മേച്ചീടെ റിവ്യൂ കറക്റ്റ് തന്നെയാവണം.ഇപ്പോഴത്തെ സിനിമകളൊക്കെ ഇങ്ങനെയൊക്കെയാ ആത്മേച്ചീ.:(
ഈയിടെ ഇറങ്ങിയതില്‍ ഒരു ട്രാഫിക് മാത്രമുണ്ട് നന്നായിട്ട്..

ആത്മ said...

ഒറ്റയാന്‍ എന്നോ ഒന്നാമന്‍ എന്നോ ആയിരുന്നു.. നാളെ ഒന്നു കൂടി നോക്കീട്ട് തിരുത്താം..:)

ഹാപ്പി ശിവരാത്രി!