Friday, February 4, 2011

ലാഘവത്വം

പ്രായമായി വരും തോറും ജീവിക്കാന്‍ വളരെ ഒരു ലാഘവത്വം അനുഭവപ്പെട്ടു തുടങ്ങും..
ചെറുപ്പത്തിലും യൌവ്വനത്തിലും മറ്റും നമ്മള്‍ വിലപിടിച്ചതെന്നു കരുതി ഗോപ്യമായി സൂക്ഷിച്ച പലതിനും വിലയിടിവു വന്നതുകാരണം നമുക്ക് പഴയപോലെ അത്ര പാടുപെട്ട് സൂക്ഷിക്കേണ്ടി വരുന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം!

പിന്നെ ആഹാരത്തോടായാലും ആഡംഭരങ്ങളോടായാലും ഒക്കെ ‘ഓ! നിങ്ങള്‍ എന്നില്‍ ഇനിയിപ്പം ഇത്രനാളും വരുത്താത്ത പുതിയ മാറ്റങ്ങള്‍ എന്നാ വരുത്താനാ?!’ എന്ന ഒരു പുശ്ചഭാവത്തോടെ നോക്കി, ഇഗ്നോര്‍ ചെയ്യാനും വലിയ പ്രയാസമൊന്നുമില്ല!
പണ്ട് നമ്മള്‍ ആക്രാന്തത്തോടെ വലിച്ചുവാരി ഭക്ഷിച്ചിരുന്ന ചോക്കലേറ്റ്, ഐസ്ക്രീം, കേക്ക്, പൊരിച്ച വകകള്‍ ഒക്കെ കാണുമ്പോള്‍ ഒരു പോയിസണ്‍ ലുക്ക്!
ആരെങ്കിലും അത് അണ്ണാക്കിലേക്ക് കൊണ്ടുപോകുമ്പോള്‍ സഹതാപത്തോടെ നോക്കി നില്‍ക്കാന്‍ ഒരു ടെന്റന്‍സി.. ഇന്നായിരിക്കുമോ ഇവന്റെ അന്ത്യം! എന്ന ഒരു ഭയപ്പാട്!

അതിലും വലിയ ഒരു ആശ്വാസം, കഴിഞ്ഞ 10 വര്‍ഷമായി ഒരു കിലൊ കുറയ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട എനിക്ക് 2 കിലൊ കുറഞ്ഞിരിക്കുന്നു!. എനിക്കിനീം വിശ്വാസമില്ലാ..
ഇവിടത്തെ വെയിറ്റ് എടുക്കുന്ന മെഷീന്‌ എന്റെ ആക്രാന്തം കണ്ട് കണ്ട്, എന്നോട് സഹതാപം മൂത്ത് അവസാനം വഴങ്ങിത്തന്നതാകാനാണ് സാധ്യത എന്നെനിക്കൊരു തോന്നല്‍..

ഇനീം ഒരുപാടുണ്ട്..പ്രായം കൂടുതോറും ഉണ്ടാകുന്ന ലാഘവത്വങ്ങള്‍..

ഒരു കവിതപോലും അടങ്ങിയിരുന്ന് ആസ്വദിക്കാതെ കവിതപോലെ എന്തൊക്കെയോ എഴുതി വീരസാഹസികത കാട്ടിയ ഞാന്‍ ഒടുവില്‍ ഇതാ അടങ്ങിയിരുന്ന് കവിതകള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു...!

ഷാരൂഖാന്റെയും മറ്റ് യുവ താരങ്ങളുടെയും ലവ് സ്റ്റോറീസ്  ടി.വി യില്‍ വരുമ്പോള്‍ പഴയപോലെ മക്കളോടൊപ്പം അടങ്ങിയിരുന്ന് കാണാന്‍ മൂഡില്ല.. (അതിനി ബ് ളോഗിന്റെ സ്വാധീനമോ?! അറിയില്ല)

ഭര്‍ത്താവ് പരസ്ത്രീകളോട് അല്പം കൊഞ്ചിയാലോ, ഒരുമിച്ച് പാര്‍ട്ടികള്‍ക്ക് പോയാലോ ഒന്നും തന്നെ അസൂയ വരുന്നില്ല! (പണ്ട് നല്ല പ്രായത്തില്‍ അസൂയ തോന്നിയ ഒരു കേസുണ്ട്.. അതിനെ മാത്രം ഇപ്പോഴും ഒരു ചെറിയ തൊന്തരവ് തരുന്നു എന്നതൊഴിച്ചാല്‍..)

ഭര്‍ത്താവ് നല്ല നല്ല ഡ്രസ്സൊക്കെയിട്ട് അണിഞ്ഞൊരുങ്ങി പുറത്തുപോകുമ്പോള്‍..
‘ഓ! ഇനി ഈ പ്രായത്തില്‍ എന്നാ അവിവേകമാ കാട്ടാനിരിക്കുന്നത്..’ എന്നൊരാശ്വാസം!

ഉദാഹരണത്തിന് ഇന്ന് ഇവിടത്തെ ഒരു അവധിയാണ് അദ്ദേഹം ഗംബ് ളീറ്റ് വെളിയിലായിരിക്കും..പാര്‍ട്ടിയും, മീറ്റിംഗുകള്‍, സെലിബ്രേഷനുകള്‍..
എനിക്ക് യാതൊരു പരാതിയും ഇല്ല! ആശ്വാസംമാത്രം! ഞാന്‍ സമാധാനമായിരുന്നു കുറച്ചു കവിതകള്‍ യൂറ്റ്യൂബില്‍ പോയി കണ്ട് സായൂജ്യമടയുന്നു.. പിന്നെ ഇടക്കിടക്ക് ബസ്സില്‍ പോയി അവിടത്തെ സംസാരങ്ങളും ലാഗ്വേജുകളും പേരിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യധാര്‍ത്ഥ മനുഷ്യര്‍ ആരൊക്കെയാകും എന്നു നലങ്ങും വിലങ്ങും ആലോചിച്ച് പരാജയപ്പെട്ട്.. ഹൊ! എന്നാലും ഞാന്‍ അവിടെയൊന്നും ഇല്ലല്ലൊ, എന്ന ആശ്വാസത്തോടെ വീണ്ടും തിരിച്ചു വരുന്നു..

പ്രായമായി വരുന്നോര്‍ക്ക് പറ്റുന്ന ഒരക്കിടി കൂടി എഴുതി നിര്‍ത്താം..
നമ്മള്‍ പ്രായമായ വിവരം നാമായിരിക്കും ഏറ്റവും ഒടുവില്‍ മനസ്സിലാക്കുന്നത്.. കാരണം ആരും നമ്മുടെ മുഖത്തുനോക്കി, നിങ്ങള്‍ക്ക് പ്രായം ആയി ട്ടൊ എന്നങ്ങ് തീര്‍ത്ത് പറയില്ലല്ലൊ,
അതുകൊണ്ട് നമ്മള്‍ പഴയ വീരപ്രതാപത്തോടെ അങ്ങിനെ നടക്കും..അപ്പോള്‍ ശ്രദ്ധിക്കുക!
കാണാന്‍ ശേലുള്ള പുരുഷന്മാര്‍ നമ്മെ നോക്കി ചിരിക്കുന്നു എന്നു കരുതുക.. നമ്മള്‍ ഉടന്‍ ചിരിക്കരുത്/പ്രതികരിക്കരുത്.. ഒരുനിമിഷം പുറകിലും ഇരു വശങ്ങളിലേക്കും നോക്കുക.. മിക്കവാറും അവിടെ എവിടെയെങ്കിലും ഒരു സുന്ദരി തരുണീമണികാണും.. ആരുമില്ല എന്നുറപ്പു വരുത്തിയിട്ട് വേണമെങ്കില്‍ തിരിച്ച് ചിരിച്ചോളൂ.. എങ്ങിലും മനസ്സില്‍ ഒരു പിടി വേണം.നിസ്സംഗത വളര്‍ത്തുക എല്ലാറ്റിലും...

പ്രായമായി എന്ന് കണ്‍ഫേം ചെയ്യാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്..
ഓരോന്ന് കണ്ടുപിടിക്കും തോറും ആഡ് ചെയ്തുകൊണ്ടിരിക്കാം...[പ്രായം ആയി എന്നെഴുതിയെന്നു കരുതി ആരും അങ്ങ് നെഗളിക്കണ്ട ട്ടൊ, ഇവിടെ എഴുതുന്നവര്‍ എല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്നും, ഓരോ വര്‍ഷവും പ്രായം കൂടിക്കൊണ്ടിരിക്കയാണെന്നും,  ഇതിനാല്‍ ബോധ്യപ്പെടുത്തുന്നു... ഞാന്‍ ഒരല്പം മുന്നേ എന്നേ ഉള്ളൂ.. ഹും! പക്ഷെ, ഒരിടത്തും മുന്‍പേ നടന്നു ശീലമില്ലാ താനും! സാരമില്ല, പതിയെ ശീലമായിക്കോളും!]


17 comments:

കണ്ണിമാങ്ങ said...

ഇപ്പോഴത്തെ പത്രത്തില്‍ ഒക്കെ അമ്പതു വസയവരെ ഒക്കെ വൃദ്ധന്‍ എന്നൊക്കെ എഴുതും . നമ്മള്‍ മമ്മുട്ടിയെ കണ്ടു പഠിക്കണം .എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ചും ഡ്രസ്സ്‌, ഹെയര്‍ സ്റ്റൈല്‍ ഇവയിലൊക്കെ കുറച്ചു പുതുമ ഓരോ 5 വര്ഷം കൂടുമ്പോള്‍ മാറ്റം വരുത്തിയും ഒക്കെ ഇരുന്നാല്‍ നല്ലതാണു . . പ്രായം ആയി എന്ന് വിചാരിക്കാതെ പ്രായപൂര്‍ത്തിയായി എന്ന് മാത്രം വിചാരിക്കുക .

ചെറുവാടി said...

കഴിഞ്ഞ പോസ്റ്റ്‌ വായിച്ചു പിന്നെ അഭിപ്രായം പറയാം എന്ന് കരുതി വന്നപ്പോഴേക്കും പുതിയ പോസ്റ്റ്‌.
എപ്പോള്‍ എഴുതണം എപ്പോള്‍ പോസ്റ്റ്‌ ചെയ്യണം എന്നൊക്കെ എഴുത്തുക്കാരുടെ ഇഷ്ടം.
പക്ഷെ പോസ്റ്റ്‌ ചെയ്ത സ്ഥിതിക്ക് അത് വായിക്കാനുള്ള ഇടവേള നല്കേണ്ടേ ആത്മ.
നിങ്ങള്‍ എഴുതുന്നത്‌ വായന ആവിശ്യപ്പെടുന്ന സംഭവങ്ങളാണ് എന്ന് തോന്നിയത് കൊണ്ടുള്ള അഭിപ്രായം മാത്രം.

Rare Rose said...

ആത്മേച്ചീ.,എനിക്ക് വാല്‍ക്കഷ്ണം വായിച്ചിട്ട് ചിരി.:)

ആത്മേച്ചിക്ക് വയസ്സായീന്നാരാ പറഞ്ഞേ.ഇനിയെന്തോരം പുസ്തകങ്ങള്‍ വായിക്കാന്‍,എഴുതാന്‍ ഒക്കെ കിടക്കുന്നു.ഇനിയെന്തോരം കടമകള്‍ ബാക്കി നില്‍ക്കുന്നു..അപ്പോഴാ..
പിന്നെ പണ്ടിഷ്ടമില്ലാതൊക്കെ ഇപ്പോഴിഷ്ടമാവും.അതായിരിക്കും പക്വത..എനിക്കൊന്നുമില്ലാതിരിക്കുന്ന സാധനം.:)

Rare Rose said...

പിന്നെ ആത്മേച്ചി ബസ്സില്‍ തന്ന കവിത കേട്ടു.ഇഷ്ടായി..:)

ആത്മ said...

കണ്ണിമാങ്ങ, :)

വയസ്സാവാനായി പ്രിപ്പയറ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങിനെ പ്രയോജനപ്രദമായ നിര്‍ദ്ദേശങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

ആത്മ said...

ചെറുവാടി,

പബ്ലീഷ് ചെയ്യാനായാണ് എഴുതുന്നതു തന്നെ..
ഈ ഇന്‍സ്റ്റന്റ് പബ്ലിഷിംഗ് ആണ് എന്റെ എഴുത്തിന്റെ പ്രചോദനം..
എഴുതിയ ഉടന്‍ പബ്ലിഷ് ചെയ്തില്ലെങ്കില്‍ തലേന്ന് വച്ച് കറിപോലെ ആറിത്തണുത്ത ഒരു ഫീലിംഗ് വരും..
അത് കാണുമ്പോള്‍ വേറൊന്നും എഴുതാനും മടിക്കും..

വല്ല കഥയോ മറ്റോ എഴുതുകയാണെങ്കില്‍ അങ്ങിനെ ചെയ്യാമായിരുന്നു..

ഇത് അപ്പോഴപ്പോള്‍ മനസ്സില്‍ തോന്നുന്ന ഓരോ വിചാരങ്ങളല്ലെ,


പലപ്പോഴും ജീവിതത്തില്‍ വല്ലാത്ത മടുപ്പു തോന്നുമ്പോഴാണ് എഴുതാന്‍ വരാറും.. ഒരു ഡൈവേര്‍ഷന്‍ വേണമെന്നു കരുതി പബ്ലിഷ് ചെയ്യുന്നതാണ്..

വായിക്കുമ്പോള്‍ തന്നെയാണ് കൂടുതല്‍ ചാരിതാര്‍ത്ഥ്യം.
എന്റെ പോസ്റ്റ് ആഗ്രഗേറ്ററുകളില്‍ വരാത്തതെന്ത്ണെന്നും എനിക്കറിയില്ല..

വെറുതെ എഴുതി പോകുന്നു...
അത്ര തന്നെ..:)

ആത്മ said...

Rare Rose,

റോസൂന്റെ സമാധാനിപ്പിക്കല് കണ്ട് എനിക്കും ചിരി വന്നു..

എങ്ങിനെയെന്നോ!

ഒരു 90.95 വയസ്സായി കുഴിയിലേക്ക് കാലും നീട്ടി കിടക്കുന്ന അമ്മുമ്മമാരുടെ അടുത്തു ചെന്ന്,
വിഷമിക്കണ്ട അമ്മുമ്മേ
അമ്മുമ്മ ഇനി എത്രയോ കാലം ജീവിച്ചിരിക്കാനുള്ളതാണ്
കൊച്ചുമക്കളേം, അവരുടെ മക്കളേം ഒക്കെ കണ്ടിട്ടേ മുത്തശ്ശി മയ്യത്താവൂ എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്ന ഒരു ഫീലിംഗ്!! :)

ആത്മ said...

കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം!

Anonymous said...

ഞാൻ ആദ്യമായിട്ടാ ഇവിടെയെന്നു തോന്നുന്നു. ..പ്രായമായി എന്നു പറയുന്നത് ഏതു മുതൽ എങ്ങോട്ടാ... കെട്ടിയോൻ അണിഞ്ഞൊരുങ്ങിയാണെ ഇപ്പോളും നടപ്പ് അതു കണ്ടില്ലാന്നു വെക്കാനായോ എന്നറിയാനാ... ഏതായാലും എനിക്ക് നെഗളിപ്പൊന്നുമില്ല കേട്ടോ... എഴുത്തുകൾ ഗംഭീരം ഇനിയും വരാം ആശംസകൾ...

ആത്മ said...

ഉമ്മു അമ്മാര്‍,

വണക്കം!

എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം..!

പ്രായം..

നമ്മള്‍ ജീവിക്കുന്ന സാഹചര്യമനുസരിച്ചിരിക്കും..
നമ്മളെക്കാള്‍ പ്രായമായവരാണ് അധികവും ചുറ്റിനും എങ്കില്‍ നമ്മള്‍ പ്രായം കുറഞ്ഞവരായി തോന്നും..

നമ്മളെക്കാള്‍ പ്രായം കുറഞ്ഞവരാണ് അധികവും എങ്കില്‍ നമുക്ക് പ്രായം ഏറിയും ഇരിക്കും..

ഇത്രയേ ഉള്ളൂ..

ബാക്കിയൊക്കെ മനുഷ്യന്റെ ഭാവനയല്ല്യോ!!

ഭര്‍ത്താവ് അണിഞ്ഞൊരുങ്ങുന്നതും ഇതുപോലൊക്കെ തന്നെ
90 വയസ്സുകഴിഞ്ഞാലും അസൂയ തോന്നാം
40 വയസ്സു കഴിഞ്ഞാലും 50 വയസ്സുകഴിഞ്ഞാലും ഒക്കെ അസൂയ തോന്നാതിരിക്കാം..തോന്നാം..:)

ഞാന്‍ പറയുന്നത് ഈ പ്രായത്തിനെ
അങ്ങ് അബോളിഷ് ചെയ്തു കളഞ്ഞാലോ എന്നാണ്.. പണ്ട് സതി, ജാതി ഒക്കെ അബോളിഷ് ചെയ്തപോലെ..

പിന്നെ ഉമ്മു അമ്മാറിന്റെ ബ്ലോഗില്‍ പോയി ചില പൊസ്റ്റൊക്കെ വായിച്ചു..
വായിച്ചതൊക്കെ ഇഷ്ടമായി. പ്രത്യേകിച്ചും എന്മകന്ജെ യെപ്പറ്റിയുള്ള ബുക്ക് റിവ്യൂ..താങ്ക്സ്!
താമസിയാതെ ആ ബുക്കി വാങ്ങി വായിക്കണം..

ബ്ലോഗു വായിച്ച് അഭിപ്രായം അറിയിച്ചതിനും, ഫോളോ ചെയ്യുന്നതിനും ഒക്കെ ഹൃദയം നിറഞ്ഞ നന്ദി!

ചേച്ചിപ്പെണ്ണ് said...

പിന്നെ ഇടക്കിടക്ക് ബസ്സില്‍ പോയി അവിടത്തെ സംസാരങ്ങളും ലാഗ്വേജുകളും പേരിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യധാര്‍ത്ഥ മനുഷ്യര്‍ ആരൊക്കെയാകും എന്നു നലങ്ങും വിലങ്ങും ആലോചിച്ച് പരാജയപ്പെട്ട്.. ഹൊ! എന്നാലും ഞാന്‍ അവിടെയൊന്നും ഇല്ലല്ലൊ, എന്ന ആശ്വാസത്തോടെ വീണ്ടും തിരിച്ചു വരുന്നു..

:)))))

ആത്മ said...

ഹായ് ചേച്ചിപ്പെണ്ണ്!

ഹൌ ആര്‍ യു?!

(ഫിലോമിനാ സ്റ്റൈല്‍)

Diya Kannan said...

അത്മേച്ചി ...

ഈയിടെയായി അത്മേച്ചി കൂടുതല്‍ കൂടുതല്‍ ഫണ്ണി ആയി കൊണ്ടിരിക്കുകയാ :) :)
എന്തായാലും ഇഷ്ടമായി...

അത്മേചിക്ക് വയസ്സായിട്ടൊന്നും ഇല്ലാട്ടോ... ഇവിടെ 80 -90 വയസ്സായ അമ്മൂമ്മമാരൊക്കെ എസ് യു വി ഒക്കെ ഓടിച്ചു ഇങ്ങനെ ലൈഫ് എന്ജോയ്‌ ചെയ്തു നടക്കുകാ... ഇവര്‍ക്കൊന്നും വയസ്സായി എന്നൊരു തോന്നല്‍ എത്തി നോക്കിയിട്ട് പോലുമില്ല.. നാട്ടിലാണെങ്കില്‍ എന്റെ അമ്മയെ ഇങ്ങനെയൊക്കെ പറഞ്ഞു ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടു ഒന്നും ഏല്‍ക്കുന്നില്ല. അര്‍ദ്ധ ശതകത്തില്‍ എത്തിയിട്ടില്ലെങ്കിലും അമ്മ ഇപ്പോഴേ സ്വന്തമായി തീരുമാനിച്ചു ഒത്തിരി വയസ്സായി.. പണ്ടത്തെ പോലെ ഇപ്പോള്‍ അത് ചെയ്യാന്‍ പറ്റില്ല ഇത് ചെയ്യാന്‍ പറ്റില്ല. എന്നൊക്കെ, :)
എല്ലാ ദിവസവും ഇതൊക്ക പറഞ്ഞു പറഞ്ഞു അവസാനം അമ്മ നന്നാവൂല്ല എന്ന് ഒന്നും കൂടെ ഉറപ്പു വരുത്തി ഞാന്‍ ഉറങ്ങാന്‍ പോവും.. :)

സൊ അത്മേച്ചി...വെയിറ്റ് വെയിറ്റ്... അറ്റ്ലീസ്റ്റ് ഒരു 25 വര്ഷം കൂടെ കഴിയട്ടെ....എന്നിട്ട് പറയാം വയസ്സയീന്നു .. ഓക്കേ...:)

Rare Rose said...

‘ഈയിടെയായി അത്മേച്ചി കൂടുതല്‍ കൂടുതല്‍ ഫണ്ണി ആയി കൊണ്ടിരിക്കുകയാ...’
ദിയാ..അത് കറക്റ്റ്.:)

ആത്മേച്ചി ശരിക്കും വല്യ തമാശക്കാരിയായിപ്പോയി.തമാശേം,വായനയുമൊക്കെയായി നടക്കുന്ന ആത്മേച്ചിയിപ്പഴും നല്ല ചെറുപ്പാന്ന് പാവം ഞാന്‍ ബോധവല്‍ക്കരിക്കാന്‍ ചെന്നപ്പോ കണ്ടില്ലേ.:)

ആത്മേച്ചീ.,തീയറ്ററില്‍ വെച്ച് കണ്ട പഴേ ആ കാതല്‍ മനിതന്‍ ചൈനാക്കാരന്‍ അപ്പൂപ്പനെ ഓര്‍ത്തു നോക്ക്യേ.പുള്ളിക്കാരന്‍ അത്രേം അപ്പൂപ്പനായിട്ടും എന്തൊരു പയ്യന്‍ ഭാവത്തിലാ നടന്നിരുന്നേ..അപ്പോഴാ ഇത്രേം ചെറുപ്പായിട്ട് വയസ്സായ് പോലും..ങ്ഹാ..:)

ആത്മ said...

ദിയയും റോസൂം തമ്മില്‍ എന്തോ ഒരു സാദൃശ്യം തോന്നുന്നു പലപ്പോഴും!

അല്പം കഴിഞ്ഞ് മറുപടി എഴുതാം..
ഇന്ന് ഗബ്ലീറ്റ് വെളിയിലായിരുന്നു..

സസ്നേഹം
ആത്മേച്ചി

ആത്മ said...

Diya Kannan,

അതെ!
വയസ്സായി എന്നു കരുതിയാല്‍ വയസ്സായി..
വയസ്സായില്ല എന്നു കരുതിയാല്‍
വയസ്സായില്ല

മറ്റു കാര്യങ്ങളിലൊക്കെ നമ്മള്‍ നമുക്ക് കീഴെയുള്ള ആളുകളെ നോക്കുമ്പോള്‍ ഈ ഒരു കാര്യത്തില്‍ മാത്രം എപ്പോഴും മുന്‍പിലുള്ളവരുമായി മാത്രം കമ്പയര്‍ ചെയ്യുക.. അല്ലെ, :)

ആത്മ said...

Rare Rose,

റോസൂനെം മറ്റും കണ്ടാണെന്നു തോന്നുന്നു ആത്മേച്ചിയിലും തമാശയൊക്കെ തോന്നുന്നത്..
ബ്ലോഗു ഭാക്ഷ തന്നെ ഒരു പ്രത്യേകതയുള്ള ഭാക്ഷയല്ലെ,

തമാശയൊക്കെ ഏതുപ്രായത്തിലും തോന്നാമല്ലൊ, അടൂര്‍ഭാസിയൊക്കെ മരിക്കും വരെ തമാശയൊക്കെ പറഞ്ഞോണ്ടു നടന്നില്ലേ..

ഏയ്! എനിക്ക് പ്രായം ഒന്നും ആയില്ല.
ശരീരത്തിന്‌ ആയിക്കാണും.. പക്ഷെ, മനസ്സിന് ഒട്ടും ആയിട്ടില്ല..
ഒരു 3 വയസ്സിലും 13 വയസ്സിലും 23 വയസ്സിലും ഒക്കെ ഉള്ള ആത്മാവു തന്നെയ്ണ് എന്നില്‍ ഇപ്പോഴും കുടികൊള്ളുന്നത്..:)