Tuesday, February 8, 2011

എല്ലാരും ചൊല്ലണ്...

സെപ്റ്റംബര്‍ 11 നും അതു കഴിഞ്ഞും രണ്ടുമൂന്നു ദിവസം ടി.വിയും കണ്ടില്ല, പേപ്പറും നോക്കിയില്ല.. ധൈര്യമില്ലായിരുന്നു..

സുനാമി ദുരന്തം സംഭവിച്ചപ്പോഴും ഇതുപോലെ തന്നെ..

പേപ്പറില്‍ ഭൂമികുലുക്കത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും കെടുതികളും, പാതി മരിച്ച മനുഷ്യരെയും, മണ്ണിന്നടിയില്‍ പാതി പുതഞ്ഞ് ജീവനുവേണ്ടി കേണുകൊണ്ട് കിടക്കുന്ന മനുഷ്യരെയും കാണാന്‍ ശക്തിയില്ലാത്തതുകൊണ്ട് അതും നോക്കാറില്ല...

ഈയ്യിടെ പാത്തും പതുങ്ങിയും നോക്കിത്തുടങ്ങിയിരിക്കുന്നു..!
മനുഷ്യര്‍ അനുഭവിച്ച ദുരിതങ്ങള്‍ കണ്ട് മനസ്സലിയാന്‍, പിന്നീട് ഒരിത്തിരി കണ്ണീരൊഴുക്കാന്‍.. കഴിഞ്ഞു നമ്മുടെ കടമ!!
പക്ഷെ ആ ന്യൂസ് വായിച്ചിട്ട് അടുത്ത ന്യൂസ് വായിക്കാന്‍ പോകുമ്പോള്‍ ഒരു കുറ്റബോധം! ഇത്രയേ ഉള്ളോ മനുഷ്യത്വം!!


ട്രയിനപകടത്തില്‍ മരിച്ച പെണ്‍കുട്ടിയോടൊപ്പവും ജീവന്‍ കുറെ സമയം പോയായിരുന്നു..
അവള്‍ ട്രയിനില്‍ നിന്നു വെളിയില്‍ ചാടിയപ്പോള്‍ ശരീരത്തിനുണ്ടായ വേദനയും
എന്നിട്ടും അവളെ കൂടുതല്‍ വേദനയില്‍ ആഴ്ത്തിയ കാടന്‍ മനുഷ്യനെ ചെറുക്കാന്‍ ശക്തിയില്ലാതെ ഒരു പക്ഷെ പല്ലുകൊണ്ടോ നഖം കൊണ്ടോ ഒക്കെ ചെറുത്തപ്പോള്‍ അയാള്‍ അടുത്തുകിടന്ന് ഒരു കല്ലെടുത്ത് അവളുടെ പല്ലുകള്‍ തല്ലിപ്പൊട്ടിക്കുന്നതും വായ് നിറയെ രക്തം കുതിര്‍ന്ന് ആ രക്തം ഉള്ളിലേക്കു തന്നെ ഒഴുകിക്കൊണ്ടിരിക്കെ, അയാള്‍ പ്രാകൃതമായി തന്റെ ശരീരത്തില്‍ പരാക്രമം നടത്തുന്നതും, ശ്വാസത്തിനുവേണ്ടി പിടയുന്നതും.. ഒക്കെ അനുഭവിച്ചു.. ഭയാക്രാന്തയായി.. ഇല്ല എന്റെ ആരും അല്ല അത്.. അതൊരു പാവം പെണ്‍കുട്ടിയായിരുന്നു..എന്ന് ഓര്‍ക്കുമ്പോള്‍ വീണ്ടും കുറ്റബോധം!
എന്തിനിതു വായിച്ചു, എനിക്കും വിഷമിക്കാനുളള/സഹതപിക്കാനുള്ള ഹൃദയമുണ്ട്
എന്ന് എന്നെ ബോധ്യപ്പെടുത്താനോ!

ബസ്സില്‍ അതിനെപ്പറ്റി പലരും എഴുതുന്നതുകണ്ടപ്പോഴും മറ്റ് രാഷ്ട്രീയ ബസ്സുകളെയൊക്കെ പോലെ എനിക്ക് അപരിചിതമായ ഒരു മേഘല എന്ന മട്ടില്‍ വായിക്കാന്‍ പോയില്ല..എനിക്ക് മനസ്സില്‍ തോന്നിയത് എഴുതിയാല്‍ ആ പെണ്‍കുട്ടി അനുഭവിച്ചതിന്റെ പേരില്‍ എന്റെ എഴുത്തിന് കിട്ടുന്ന ഏറ്റവും ചെറിയതായ ശ്രദ്ധ പോലും വേണ്ട,അത് പാപമാണ്‌ എന്ന മനസ്സാക്ഷി വിലക്കി..

സുഗതകുമാരിയും മറ്റും മാതൃഭൂമിയില്‍ അതെപ്പറ്റി എഴുതിയിരിക്കുന്നത് കണ്ടു! എഴുതാന്‍ കൂടുതല്‍ കഴിവുള്ളവര്‍ക്ക് തങ്ങളുടെ ദുഃഖം എഴുത്തിലൂടെ നാലാളെ അറിയിക്കാം.. അല്ലാത്തവര്‍ക്കോ?!
ആ പെണ്‍കുട്ടിയുടെ അമ്മ മാറത്തടിച്ചു മുറവിളികൂട്ടി, അച്ഛന്‍ ഒരുപക്ഷെ, ദുഃഖം ഉള്ളിലൊതുക്കി നടന്നിരിക്കണം..എന്നു വച്ച് അച്ഛന്റെ ദുഃഖം അമ്മയെ അപേക്ഷിച്ച് ചെറുതാണ്‌ എന്ന് പറയാനോ വിചാരിക്കാനോ പോലും പാടുണ്ടോ?!  ദുഃഖത്തോട് ഓരോരുത്തരും ഓരോ രീതിയിലായിരിക്കും പ്രതികരിക്കുക..

ഒഴുക്കിനൊപ്പം നീന്താനറിയാത്ത ഒരു പാഴ് കല്ല്, അതാണ് ഞാന്‍ എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്..

പേപ്പറില്‍ ചരമ കോളവും ഞാന്‍ നോക്കാറില്ല!
എന്താണിതിന്റെ പിന്നിലെ മനശ്ശാസ്ത്രം എന്നെനിക്കറിയില്ല.


മരിച്ചവരുടെ വീട്ടില്‍ പോയി,‘ഇതൊക്കെ സര്‍വ്വ സാധാരണം അല്ലെ, എല്ലാം മറന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നോക്കൂ’ എന്ന രീതിയില്‍ ഒരു ഫിലോസഫിയുമായി നില്‍ക്കും എനിക്കപരിചിതയായ ഞാന്‍!

അതെ! ഞാന്‍ ഏറ്റവും അധികം ഭയക്കുന്നതും സ്നേഹിക്കുന്നതും മരണത്തെ തന്നെ!.
മരണഭയമാണ് എന്നെ എന്റെ ഇഷ്ടജനങ്ങളെയൊക്കെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്. മരണഭയമാണ് ഞാന്‍ ഒരാളെ ഇത്രമേല്‍ ഇഷ്ടപ്പെടുന്നു എന്ന് എന്നെ മനസ്സിലാക്കിക്കുന്നത്! രാത്രി ഒരു ഫോണ്‍ കോള്‍ വന്നാല്‍ ഉടന്‍ അങ്കലാപ്പായി! ദൈവമേ! നാട്ടില്‍ ആര്‍ക്കെങ്കിലും വല്ലതും സംഭവിച്ചോ?!
ദൈവത്തിനു മുന്നില്‍ പോയി പ്രാര്‍ത്ഥിക്കുന്നതും അതു തന്നെ..‘എന്റെ ജീവിതം കരുപ്പിടിപ്പിച്ചിരിക്കുന്ന മനുഷ്യര്‍ക്കൊന്നും ഒന്നും സംഭവിക്കരുതേ..’ എന്ന്! എന്റെ ജീവനു പിന്നീടെ ഉള്ളൂ വില.

[ഇതൊക്കെ എന്റെ ഉള്ളിന്റെ ഉള്ളിലെ വിചാരങ്ങളാണേ.. ബ്ലോഗൂ..നീയുമായുള്ള അടുപ്പം എനിക്ക് ഈ ലോകത്തില്‍ മറ്റാരുമായും ഇല്ല എന്നും അതുകൊണ്ട് നിന്നോട് പങ്കുവയ്ച്ചുപോകുന്നതാണെന്നും അറിയാമല്ലൊ അല്ലെ,]

5 comments:

കുഞ്ഞൂസ് (Kunjuss) said...

ആത്മാ,സമാനഭാവത്തോടെ...

കണ്ണിമാങ്ങ said...

ജനിച്ചവന് മരണവും മരിച്ചവന് ജനനവും നിശ്ചയമാണ്. പരിഹരിക്കാനാവാത്ത ഈ വിഷയത്തില്‍ ദുഃഖത്തിനിടമില്ലെന്ന് ഭഗവാന്‍ പറയുന്നു. ദുഃഖം അജ്ഞാനത്തില്‍ നിന്നാണ് ജനിക്കുന്നത്. ദുഃഖംകൊണ്ട് ആരും കരുത്താര്‍ജിക്കുന്നില്ല. അത് ശരീരത്തെയാകെ തളര്‍ത്തുകയാണ് ചെയ്യുക. ഒരാളുടെ ദുഃഖം മറ്റുള്ളവരുടെ വികാരവിചാരങ്ങളെ സ്വാധീനിക്കും. ഊര്‍ജം ഇല്ലാതെയാക്കും.

ശരീരം കുടവും ആത്മാവ് അതിനകത്തെ വായുവുമാണ്. കുടത്താല്‍ വായു പരിമിതമാണ് എന്നു തോന്നുന്നു. കുടത്തെ നമുക്കെങ്ങോട്ടും കൊണ്ടുപോകാം. എന്നാല്‍ ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന വായുവിന് ഒരു മാറ്റവുമുണ്ടാകുന്നില്ല. കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. എവിടെയെങ്കിലും വച്ച് കുടം പൊട്ടിയാലും ഒന്നും സംഭവിക്കുന്നില്ല. ഉള്ളിലെ വായു പുറത്തെ വായുവുമായി ലയിക്കുന്നു എന്നതുപോലും നമ്മുടെ തോന്നലാണ്. കുടം പോയി. അത്ര മാത്രമേ സംഭവിക്കുന്നുള്ളു. കുടം നശിക്കുന്നതുപോലെ മാത്രമാണ് മരണം. ആത്മാവ് ഉണ്ടാവുകയോ, ജീവിക്കുകയോ, വര്‍ധിക്കുകയോ, മാറ്റം വരുകയോ, ക്ഷയിക്കുകയോ, നശിക്കുകയോ ചെയ്യുന്നില്ല. ആത്മാവ് ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ഇല്ല. ഉണ്ടായിട്ട് ഇല്ലാതെയാവുന്നതല്ല പരമമായ സത്യം. അത് ജനിക്കാത്തതാണ്, എന്നുമുള്ളതാണ്, ഏറ്റക്കുറച്ചിലുകളില്ലാത്തതാണ്. ശരീരം കൊല്ലപ്പെടുമ്പോള്‍ ഇത് കൊല്ലപ്പെടുന്നില്ല. ശരീരത്തിന് മുറിവേല്‍ക്കുമ്പോള്‍ ഇതിന് മുറിവേല്‍ക്കുന്നുമില്ല. അപ്പോള്‍ എന്താണ് മരണം? മരണം ഒരാള്‍ മുഷിഞ്ഞ വസ്ത്രം മാറുന്നതുപോലെയാണ്.

മനുഷ്യന്‍ എങ്ങനെയാണോ ജീര്‍ണിച്ച വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങളെ സ്വീകരിക്കുന്നത് അതുപോലെ ദേഹി ജീര്‍ണിച്ച ശരീരത്തെ ഉപേക്ഷിച്ച് പുതിയ ശരീരത്തെ പ്രാപിക്കുന്നു. ആത്മാവിന് ജനനമോ മരണമോ ഇല്ലെന്ന്, നാശമില്ലെന്ന് അറിയുന്നവന്‍ ആരെ, എങ്ങനെ കൊല്ലുമെന്ന് ഭഗവാന്‍ അര്‍ജുനനോട് ചോദിക്കുന്നു. ഇതറിയാത്തവനാണ് കൊല്ലുന്നത്. സ്വന്തം എന്ന ചിന്തതന്നെ കൊല്ലലാണ്. ഹിംസ എന്നത് എന്റേത് എന്ന ചിന്തയാണ്. സ്വന്തം സുഹൃത്തുക്കളെ എണ്ണുന്ന സമയത്ത് സ്വന്തം ശത്രുക്കളെയും എണ്ണിക്കഴിഞ്ഞു. സത്യം അറിഞ്ഞവന് മിത്രമെന്നോ ശത്രുവെന്നോ ഇല്ല. ദേശകാലാതിവര്‍ത്തിയായ ബ്രഹ്മമാണ് സത്യം. പ്രകൃതിയുമായി അടുക്കുന്ന സമയത്ത് ഈ സ്വരൂപം വെളിപ്പെട്ടു കിട്ടും. ഞാന്‍ തന്നെയാണ് പ്രകൃതി. പ്രകൃതിയാണ് ഈശ്വരന്‍.

അമ്പലത്തില്‍ പോകുന്നതിനെക്കാള്‍ പ്രധാനം ചുറ്റുമുള്ള വൃക്ഷലതാദികളെ പരിപാലിക്കുന്നതാണ്. പ്രത്യക്ഷനായ നാരായണനെ കോടാലിവയ്ക്കരുത്. പൌലോ കൊയ്ലോയുടെ കഥയിലെ ആട്ടിടയന്‍ അവനവനെ അന്വേഷിച്ച് അവസാനം പ്രകൃതിയായി പരിണമിക്കുന്നതു പോലെ ഓരോരുത്തരും ധ്യാനത്തിലൂടെ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കും അച്ഛനിലേക്കും ഭൂമിയിലേക്കും തിരിച്ചുപോയി വിശ്വത്തിന്റെ ഭാഗമായി മാറണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

ammalu said...
This comment has been removed by the author.
ആത്മ said...

കുഞ്ഞൂസ്! :)

നന്ദി!

ആത്മ said...

കണ്ണിമാങ്ങ,

കണ്ണിമാങ്ങയെ കാണുമ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ വന്ന് അശരീരി പറയുമ്പോലെ ഒരു തോന്നല്‍..!

ഫോളോ ചെയ്യാമെന്നു വച്ചാല്‍ വഴി ഇല്ലാതാനും!!

ഇനിയും കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുമ്പോഴൊക്കെ വരുമെന്ന പ്രതീക്ഷയോടെ,

ആത്മ