Friday, February 4, 2011

കരയുന്നൂ പുഴ ചിരിക്കുന്നൂ...

ഒരു എഴുത്തുകാരിയാണ് ഞാന്‍ എന്നു സ്വയം പ്രഖ്യാപിച്ചതും ഞാന്‍ തന്നെ, അല്ല എന്നു തോന്നിപ്പിക്കുന്നതും ഞാന്‍ തന്നെ!

വല്ലതും എഴുതി നാലു കമന്റ് കിട്ടുമ്പോള്‍ എനിക്ക് തോന്നും എനിക്ക് എഴുതാന്‍ അറിയാം എന്ന്!
കമന്റ് കിട്ടാതിരിക്കുമ്പോള്‍ ഞാന്‍ എഴുത്തുകാരി അല്ലെന്നും വെറുതെ വീട്ടു വിശേഷങ്ങള്‍ എഴുതി പോകുന്ന ഒരു വെറും സ്ത്രീ എന്നും തോന്നിപ്പിക്കും!

പറയാന്‍ വന്നത്,
ഇന്ന് ശരിക്കും ഒരു കവിയുടെ വീട്ടില്‍ പോയി.
അദ്ദേഹം എന്നെക്കാള്‍ ഒരു പത്തിരുപത്തഞ്ച് വയസ്സിനു മൂത്തതാണ്.. (അതിനെക്കാള്‍ മൂത്തതായി വളരെ കുറഞ്ഞ ശതമാനം പേരേ കാണാന്‍ സാധ്യതയുള്ളൂ..)

അദ്ദേഹം സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് എന്റെ യധാര്‍ത്ഥപേരു ഒന്നുകൂടി ചോദിച്ചിട്ട്, എന്റെ പേരു വച്ച്,(ആദ്യമേ എഴുതി വച്ചിരുന്നു) അദ്ദേഹത്തിന്റെ ഒപ്പിട്ട് എനിക്കൊരു ബുക്ക് സമ്മാനിച്ചു! എന്റെ ഹൃദയം നിറഞ്ഞു!

ഈ ബ്ലോഗില്‍ കിടന്ന് അനൂരതകള്‍ (പരാതികള്‍, പരിഭവങ്ങള്‍) പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു രണ്ടായി, ഹും! പക്ഷെ, ഇവിടെ വിരലിലെണ്ണാവുന്ന കഥകളും പിന്നെ എന്തൊക്കെയോ കൂടിയേ എഴുതിയിട്ടുള്ളൂ. എന്നിട്ടും അദ്ദേഹം എന്നെ അംഗീകരിച്ചപ്പോള്‍ മനസ്സില്‍ ഒരു വല്ലാത്ത കുളിര്! (ഒരു ഗ്രൂപ്പുണ്ടാക്കി, അവര്‍ മനപൂര്‍വ്വം അംഗീകാരം തരുന്നതിലും വലുതല്ലെ, ശുദ്ധമായ ഒരു ഹൃദയത്തിന്റെ അംഗീകാരം!-ഈ രാജ്യത്ത് ഗ്രൂപ്പുണ്ടാക്കാനും ആളുകളെ അംഗീകരിപ്പിക്കാനും, പൊക്കി താഴെയിടാനും ഒക്കെ കെല്‍പ്പുള്ള ആളോടൊപ്പമാണ് (മൂക്കില്ലാ രാജ്യത്ത്) ഞാന്‍ ജീവിക്കുന്നത്.. അദ്ദേഹം ഒരിക്കലും എന്നെ അംഗീകരിക്കാനും പോണില്ലാ താനും.. സൊ, ഈ ജന്മത്തില്‍ നോ ഹോപ്പ്!)

കുളിര് എന്നു പറഞ്ഞപ്പോള്‍ മറ്റൊരു കാര്യം ഒര്‍മ്മവരു‍ന്നു...

ഞാന്‍ വല്ലാതെ തളര്‍ന്നു വശായ ഒരവസ്ഥയില്‍ ഒരല്പം ദാഹനീരിനായി ആശിച്ചു.. (അല്ലാതെ വെള്ളത്തില്‍ ചാടി തിമിര്‍ക്കാനൊന്നും ആയിരുന്നില്ല.) എന്റെ ക്ഷീണം അകറ്റാന്‍.. വല്ലാതെ തളര്‍ന്നിരുന്നു..

അല്ലെങ്കില്‍ ഇങ്ങിനെ പറയാം.., ഞാന്‍ ഒത്തിരി സ്നേഹവും ശേഖരിച്ചുവച്ച് കാത്തിരുന്ന ഒരാത്മാവിനെ എന്നെന്നേക്കുമായി നഷ്ടമായപ്പോള്‍.. വല്ലാത്ത വീര്‍പ്പുമുട്ടല്‍ തോന്നി.. കുന്നുകണക്കിനായിരുന്നു സ്നേഹവും വാത്സല്യവും കാത്തുസൂക്ഷിച്ച് കാത്തിരുന്നത്..
എന്നിട്ടും കൈവന്ന ഭാഗ്യം വിധി തട്ടിത്തെറിപ്പിച്ചപ്പോള്‍
വല്ലാത്ത ആവേശത്തോടെ ഒഴുകാന്‍ വന്ന നദിയെ പെട്ടെന്ന് തടഞ്ഞു നിര്‍ത്തുമ്പോഴെന്നപോലെ എന്നില്‍ കെട്ടിക്കിടന്ന ആ പ്രവാഹം എങ്ങോട്ടെങ്കിലും ഒഴുക്കാതെ നിവര്‍ത്തിയില്ലെന്നു വന്നു..വെറുതെ..ഒന്നും പ്രതീക്ഷിച്ചല്ല..
മനസ്സില്‍ ഇനിയും കത്തിയെരിയുന്ന ചിതയില്‍ നിന്നും വമിക്കുന്ന പുക പലപ്പോഴും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.. അതില്‍ നിന്നും മാറി ഒരല്പം വെളിച്ചം തേടുന്നതാണ് ഈ കണ്ടെത്തലുകള്‍..ഞാന്‍ സ്വയം കണ്ടെത്തുന്നതാണൊ? അതോ എന്നെക്കൊണ്ട് കണ്ടെത്തിപ്പിക്കുന്നതാണോ അറിയില്ല! (പിന്നെ, തീയ് കത്തുമ്പോള്‍  പുകയും സ്വാഭാവികമായി ഉണ്ടായിപ്പോകുന്നു.. പുകയില്ലാതെ, തീ മാത്രം വേണമെന്നാശിക്കാനാവില്ലല്ലൊ,)

അതുപോട്ടെ, ഇനി അനൂരതകളെ പറ്റി പറയാം..

എന്റെ ഭര്‍ത്താവിനെ പറ്റിയാണല്ലൊ, ഞാന്‍ അധികവും അനൂരതകള്‍ പറയാറ്, എന്നാല്‍ ഒരു വലിയ പ്ളസ് പോയിന്റ് ഞാന്‍ പറയാന്‍ വിട്ടുപോയി!
അദ്ദേഹം എന്നെ അദ്ദേഹത്തിലേക്ക് ശ്രദ്ധതിരിപ്പിക്കാന്‍ ചിലപ്പോഴും‍ ക്രൂരമായ വാക്കുകള്‍ പ്രയോഗിക്കും, മറ്റു ചിലപ്പോള്‍ ക്രൂരമായ പ്രവര്‍ത്തികള്‍ കൊണ്ട് എന്നെ അദ്ദേഹത്തിലേക്ക് ശ്രദ്ധതിരിപ്പിക്കും..
എന്നാല്‍ ഈ ക്രൂരതയ്ക്കിടയിലും ഞാന്‍ കണ്ടിട്ടുള്ള ഒരത്ഭുതമുണ്ട്!
കുളിക്കുമ്പോള്‍, കണ്ണില്‍ നല്ല ഉറക്കം പിടിക്കുമ്പോള്‍, അങ്ങിനെ അദ്ദേഹം മാത്രമാകുന്ന സ്വതന്ത്ര, അദ്ദേഹം അറിയാതെ ഒരു തരം അബോധാവസ്ഥയിലെന്നപോലെ ഉരുവിടുന്ന ഒരു പേരുണ്ട് എന്താണെന്നോ, എന്റെ സ്വന്തം പേര്..! അതിന്റെ സൈക്കോളജി എന്താണെന്ന് എനിക്കും അറിയില്ല!!

ഞാന്‍ ചിലപ്പോഴൊക്കെ പതുങ്ങി വെളിയില്‍ കാതോര്‍ത്ത് നില്‍ക്കും.. ‘ദൈവമേ മറ്റു വല്ല പെണ്ണുങ്ങളുടേതും ആയിരിക്കുമോ!, എന്റെ പാതിവ്രത്യമൊക്കെ വൃഥാവിലായോ!’ എന്നൊക്കെ  കരുതി.. കാരണം തൊട്ടു മുന്‍പേ എന്നെ മുട്ടന്‍ പള്ളും പറഞ്ഞിട്ടായിരിക്കും ഈ സ്നാനവും ഉറക്കവും ഒക്കെ!!

ഇപ്പോള്‍ മനസ്സിലായല്ലൊ,
എന്നെ ബ്ലോഗുവാസികള്‍ക്ക് വേണ്ടെങ്കിലും (കമന്റ് കാണാത്തതുകൊണ്ടാണേ!) ഞാന്‍ അത്ര വിലകുറഞ്ഞ ഒരു എഴുത്തുകാരി ഒന്നും അല്ല.. പറഞ്ഞേക്കാം..
കമന്റിടുന്നത് വായനക്കാരുടെ കടമ.. എഴുതുന്നത് എന്റെ കടമ..
ഞാന്‍ എന്റെ കടമ നിറവേറ്റി..
ഇനി ഉറങ്ങാന്‍ പോകുന്നു..

5 comments:

കുഞ്ഞൂസ് (Kunjuss) said...

ഞാൻ എന്റെ കടമയും നിറവേറ്റട്ടെ ആത്മാ...

ആത്മാ,നമ്മൾ എഴുതുന്നത് ആത്മസംതൃപ്തിക്കാവണം,
അല്ലാതെ കമന്റിനു വേണ്ടിയാവരുത്!

ആ, പറയാന്‍ മറന്നു,ആത്മയുടെ പോസ്റ്റില്‍ നിന്നും ഒരു പുതിയ വാക്ക് പഠിച്ചു ട്ടോ ,"അനുരൂതങ്ങള്‍"

പിന്നെ, സ്നേഹമുള്ളിടത്തെ വഴക്കും പരിഭവവും ഒക്കെ ഉണ്ടാവൂ ആത്മാ,അത് തന്നെയാണ് മിസ്റ്റര്‍.ആത്മയും ചെയ്യുന്നത്.

ആത്മ said...

കുഞ്ഞൂസ്, :)

കണ്ടതില്‍ സന്തോഷം..!
വെറുതെ എഴുതിപ്പോകുന്നതാണ്. . കമന്റിട്ടില്ലെങ്കിലും പിണക്കമൊന്നും ഇല്ല..
ഉണ്ടെങ്കില്‍ തുറന്ന് എഴുതില്ലല്ലൊ,
അതും ഒരു എഴുത്തായി കണ്ടാല്‍ മതി ട്ടൊ,

SONY.M.M. said...

:)


ഞാന്‍ ഇതാ എന്‍റെ കടമ നിര്‍വഹിച്ചിരിക്കുന്നു

ആത്മ said...

Thanks! Sony, :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ പോസ്റ്റ് എന്റെ കണ്ണിൽ പെട്ടില്ലായിരുന്നല്ലൊ. ശെടാ ഞാൻ ഇപ്പൊഴെങ്കിലും കടമ നിറവേറ്റട്ടെ
മോന്റെ കല്യാണത്തിന്റെ ഒരുക്കങ്ങൾ ക്കുള്ള തെരക്കിലാ. ഒരു മൂന്നു മാസത്തേക്കു കൂടി ഇടയ്ക്കൊക്കെയെ കാണൂ പിണങ്ങല്ലെ