Wednesday, February 2, 2011

ആടുജീവിതം-2

വര്‍ഷങ്ങളായി കുളിക്കാതെ, അഴുക്ക് പാളികളായി അടിഞ്ഞ്, സ്വന്തം ശരീരത്തിന്റെ ദുര്‍ഗന്ധം പോലും തിരിച്ചറിയാനാകാതെ ആടുമാടുകളോടൊപ്പം ജീവന്‍ നിലനിര്‍ത്തി, അവയെ പരിപാലിച്ച് ജീവിക്കുമ്പോള്‍ അറിയാതെ, തന്നെ ഈ അവസ്ഥയിലെത്തിച്ച മുതലാളിയോട് ഒരു വിധേയത്വം തോന്നിത്തുടങ്ങുന്നു..
ഒളിച്ചോടാന്‍ വീണുകിട്ടിയ അസുലഭമുഹൂര്‍ത്തത്തില്‍ നജീബില്‍ താന്‍ മൂലം ജീവിതം കെട്ടിപ്പടുത്തു ജീവിക്കുന്ന ആ മുതലാളിയുടെ സ്വസ്ഥത നശിപ്പിക്കാന്‍ വിസമ്മതിക്കുന്ന ഒരു മനസ്സാക്ഷി ഉണരുന്നു..

തന്നെ നരകത്തില്‍ തള്ളിയെങ്കിലും തനിക്ക് ജീവന്‍ നിലനിര്‍ത്താനായി എന്ന ചാരിതാര്‍ത്ഥ്യം ആയിരിക്കാം നജീബിനെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്..ഓരോ മനുഷ്യരും അവരുടെ ജീവനെക്കാളധികം സ്നേഹിക്കുന്ന മറ്റൊരു വസ്തുവും ഈ ലോകത്തില്‍ ഉണ്ടാവില്ല..

ജീവന്‍ നിലനിര്‍ത്താനായ നജീബ് ഭാവനയിലൂടെ തനിക്കു നഷ്ടമായ സ്നേഹബന്ധങ്ങളെല്ലാം ആട്ടിന്‍ പറ്റങ്ങളുടെ ഇടയില്‍ കണ്ടെത്തുന്നു.. ജീവന്‍ കഴിഞ്ഞാല്‍ പിന്നെ സ്നേഹമാണ്‌ ഒരു മനുഷ്യനു നിലനില്‍ക്കാനാവശ്യം..
അത് നജീബ് കണ്ടെത്തുന്നു! മനുഷ്യനില്‍ മാത്രമല്ല ദൈവത്തിന്റെ എല്ലാ സൃഷ്ടികളിലും സ്നേഹം കുടിയിരിപ്പുണ്ട്, നന്മ മാത്രം കാണുന്ന ഒരു മനുഷ്യന് അത് എവിടെയും കണ്ടെത്താനാകും.

ഇതുപോലെ നമ്മുടെ നാട്ടിലെ സുഖസൌകര്യങ്ങളിലും സ്നേഹശീതളിമയിലും കഴിഞ്ഞിരുന്ന എത്രയോ ആത്മാക്കള്‍ അന്യനാട്ടിലെ പരുക്കന്‍ സാഹചര്യങ്ങളിലും തന്റെ ജീവന്‍ നിലനിര്‍ത്താനാകുന്നതില്‍ ആശ്വസിച്ച്, പല മുതലാളിത്തങ്ങളെയും അനുസരിച്ച്, അവരെ സ്നേഹിച്ച്, തനിക്ക് നഷ്ടമായ
സ്നേഹങ്ങളെ വിദേശങ്ങളിലെ ഭാഷ തിരിച്ചറിയാനാകാത്ത മനുഷ്യരില്‍ കണ്ടെത്തി ജീവിക്കുന്നു..

അവര്‍ക്കും ഒരിക്കല്‍ സ്വതന്ത്രത്തോടെ തിരിച്ചുപോകാമെന്ന അവസ്ഥ കൈവരുമ്പോള്‍ അവര്‍ പകച്ചുപോകുന്നു.. തനിക്ക് തന്റെ പഴയ ജീവിതം
അവിടെ അങ്ങകലെ തുടരാനാകുമെന്ന ഒരു യാധാര്‍ത്ഥ്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത വിധം അടിമത്വം ശീലമാക്കി, അതില്‍ സന്തോഷം/സംതൃപ്തി കണ്ടെത്തിയ മനുഷ്യര്‍..

No comments: