Tuesday, February 1, 2011

അടുജീവിതം -1

ആടുജീവിതത്തിലെ നജീബിന്റെ ദേഹത്ത് ആദ്യമഴത്തുള്ളികള്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ പോലെയാണ് എന്റെ മേല്‍ സ്നേഹത്തിന്റെയോ സഹതാപത്തിന്റെയോ തുള്ളികള്‍ വീഴുമ്പോള്‍ ഉള്ള പിടച്ചില്‍, എരിച്ചില്‍,
എനിക്കു തന്നെ ലജ്ജയും നിസ്സഹായതയും തോന്നുന്ന നിമിഷങ്ങള്‍..

മഴയെ കാത്തിരുന്ന ഞാന്‍ ആ എരിച്ചിലില്‍ നിന്നും രക്ഷപ്പെടാനായി ബഹുദൂരം ഓടുന്നു..
സ്നേഹത്തിനും സഹതാപത്തിനും ഒരിക്കലും കടന്നെത്താനാകാത്ത ദൂരം വരെയ്ക്കും..
പിന്നെ കിതപ്പോടെ തിരിഞ്ഞു നില്‍ക്കുന്നു..

അങ്ങുദൂരെ മഴയെയും വഹിച്ചുകൊണ്ടു നിന്ന മേഘങ്ങള്‍ കാറ്റിലലിഞ്ഞ് അപ്രത്യക്ഷമാകും വരെ!!

[സാങ്കല്പികം]

[ആടുജീവിതത്തിലെ നജീബിനെ നേരില്‍ കണ്ടു എന്ന് ഒരു ബ്ലോഗില്‍കണ്ടു! ഫോട്ടോയും കണ്ടു! അപ്പോള്‍ അങ്ങിനെ ഒരാള്‍ ഉണ്ട്!

നജീബിന്റെ ഫോട്ടോ കണ്ടപ്പോള്‍ കഷ്ടപ്പെട്ടു ജീവിച്ച ശരീരവും അടിമപ്പെടലിന്റെ ബോഡിലാഗ്വേജും കണ്ടു.

അതെ! ഇതുപോലുള്ള ശരീരത്തോടെ -അടിച്ചമര്‍ത്തപ്പെട്ടപോലെ, തോല്‌വി സമ്മതിച്ചപോലെ, എതിര്‍ക്കാനറിയാത്തപോലെ, കീഴ്വഴക്കം മാത്രം ശീലമാക്കിയ-മനുഷ്യര്‍ ധാരാളമുണ്ട് നമുക്ക് ചുറ്റും.
അവരെ കാണുമ്പോള്‍ തന്നെ അറിയാം,
ഒരുതരം നിസ്സംഗത, ഉത്സാഹമില്ലയ്മ..
ഈ ഭൂമിയില്‍ മറ്റു പലരെയും പോലെ സുഖഭോഗങ്ങളനുഭവിച്ച് സ്വതന്ത്രരായി ജീവിക്കാന്‍ അനുയോജ്യരല്ല തങ്ങളെന്ന് സമ്മതിച്ച്,
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാന്‍ തയ്യാറായ മനുഷ്യര്‍..
നമ്മുടെ അടുക്കളകളില്‍,
ഹോട്ടലുകളില്‍,
പാതവക്കില്‍
അഴുക്കുചാലുകളില്‍,
ഒക്കെ..
വെയിലില്‍ കുളിച്ച് പണിയെടുക്കുന്ന നജീബുമാര്‍
നിശ്ശബ്ദരായി വിധിയെ സ്വീകരിച്ച് പരാതിയൊന്നുമില്ലാതെ
കാലം കഴിക്കുന്‍നുണ്ട്‌.]

4 comments:

Manoraj said...

അത്തരം ഒട്ടേറെ ജന്മങ്ങള്‍ ഉണ്ടാവാം. അറിയപ്പെടാതെ...

ആടുജീവിതം പാരടി എന്നത് എനിക്ക് മനസ്സിലായില്ല.

ആത്മ said...

ആടുജീവിതത്തിന്റെ ഒരു ഹാസ്യാനുകരണം എന്നാണുദ്ദേശിച്ചത്..

ആടുജീവിതം വച്ചു നോക്കുമ്പോള്‍ പലരുടെയും ജീവിതം സുഖകരമായി തോന്നും പക്ഷെ, നജീബ് അനുഭവിച്ച് മാനസികാവസ്ഥയിലൂടെ മിക്ക മറുനാടന്‍ മലയാളികളും കടന്നുപോയിട്ടുണ്ടാകും എന്നു തോന്നി..

പാരടി എന്നെഴുതിയ്ത് തെറ്റായോ?
പാരടി എന്ന വാക്കും മാറ്റണോ?

ശരിക്കും നല്ല മൂഡല്ല.. ആകെ ഒരു കണ്‍ഫ്യൂഷനില്‍ പെട്ട് ഇരിക്കുകയാണ്..ആകെപ്പാടെയുള്ള അല്പസ്വല്പം ആത്മവിശ്വാസവും ചോര്‍ന്നുപോകും പോലെ..


പതിയെ തെളിയുമായിരിക്കും..:)

കണ്ണിമാങ്ങ said...

തന്റെ മാര്‍ഗത്തില്‍ തനിക്കു വെളിച്ചം താന്‍തന്നെയാണ്. ആ വെളിച്ചം അണയ്ക്കുന്ന കാമനകളെ അതിനാല്‍ കൊണ്ടുവരാതിരിക്കുക. സര്‍വ്വത്ര സുഖമാകട്ടെ, ദുഃഖമാകട്ടെ ആത്മസാദൃശ്യംകൊണ്ട് എല്ലാറ്റിനേയും സമമായി കാണുക. അധികം ചിരിക്കരുത്, കരയേണ്ടിവരും എന്നല്ല, ചിരിവരുമ്പോള്‍ നന്നായി ചിരിക്കുക, കരച്ചില്‍ വരുമ്പോള്‍ കരയുക. രണ്ടിന്റേയും കാരണവും ക്ഷണികതയും അറിയുക.

വിശ്വത്തിനാധാരമായ അത് പൂര്‍ണമാണ്. സൃഷ്ടിയായ നമ്മളും പൂര്‍ണരാണ്. അപൂര്‍ണതാബോധമേ വേണ്ട. പൂര്‍ണത്തില്‍നിന്ന് പൂര്‍ണമുണ്ടാകുന്നു, പൂര്‍ണമെടുത്താല്‍ പൂര്‍ണം ബാക്കിയാകുന്നു. ഇതില്‍ എന്തെങ്കിലും വസ്തു എടുത്തുമാറ്റുന്നതല്ല വിവക്ഷ. കാലദേശരൂപാദികള്‍ ഒഴിവാക്കി അറിയലാണ്. അയഥാര്‍ഥമായതിനെ അന്വേഷിക്കുക, ഇല്ലാത്തതാണെന്ന് മനസ്സിലാക്കുക. മായയെ ജയിക്കുക.

മനസ്സ് ഇന്ദ്രിയങ്ങളെ മഥിക്കുന്നതും ഒട്ടിനില്‍ക്കുന്നതുമാണ്. അതിനെ സംയമനം ചെയ്യല്‍, അറിയല്‍ വായുവിനെ പിടിച്ചുകെട്ടുന്നപോലെ ദുഷ്കരമാണ്. എന്നാല്‍ പരിശീലനം കൊണ്ടും വൈരാഗ്യം (വിരക്തി)കൊണ്ടും അത് സാധിക്കും.

നിത്യമായതിനോടുള്ള രാഗവും അനിത്യമായതിനോടുള്ള രാഗമില്ലായ്മയുമാണ് വൈരാഗ്യം. മനസ്സിനെ സ്വദാസനാക്കാന്‍ കഴിയാത്തവന് യോഗം പ്രാപിക്കാനാകില്ല. മനസ്സിനെ സ്വാധീനത്തിലാക്കിയവന്‍, അറിഞ്ഞവന്‍ ഏതാഗ്രഹത്തേയും ബുദ്ധിയുമായി ചേര്‍ത്ത് ഇത് നിറവേറ്റേണ്ടതാണോ എന്ന് പരിശോധിക്കുന്നു. അവനാണ് യോഗത്തിനര്‍ഹമായവന്‍.

ഒരു മരത്തില്‍ രണ്ടുപക്ഷികളുണ്ട്. ഒന്ന് ഓരോ മധുരഫലവും മാറിമാറി കൊത്തിചാടിച്ചാടി നടക്കുന്നു. മറ്റേത് നിശ്ശബ്ദമായി ചാടുന്ന പക്ഷിയെ നിരീക്ഷിക്കുന്നു. ഇവിടെ ചാടിനടക്കുന്നത് മനസ്സും നിരീക്ഷിക്കുന്നത് ബോധവുമാണ്. ഇങ്ങനെ മനസ്സിന്റെ പ്രവൃത്തികളെ മാറിനിന്ന് നിരീക്ഷിക്കാനാകണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

ആത്മ said...

അതെ അതെ ‘ആത്മസംയമനം’, അതാണല്ലൊ എല്ലാം.. മനസ്സുകൊണ്ട് തെറ്റുചെയ്താലും തെറ്റു തെറ്റു തന്നെയാവും..
ശിക്ഷ അനുഭവിക്കണം
സ്നേഹമേ ഒരു കുറ്റമാണല്ലൊ
അപ്പോള്‍ ശിക്ഷിക്കപ്പെടണം..
എന്തിനോടും പ്രത്യേക പ്രതിപത്തിയില്ലാതെ ജീവിച്ചുപോകണം..അല്ലെ,:)