Thursday, January 6, 2011

പൊതുജനം പലവിധം!

ബ് ളോഗെഴുത്താണല്ലൊ എന്റെ ഏറ്റവും അഹങ്കാരമായി ഞാന്‍ കൊണ്ടു നടക്കുന്നത്..(പിന്നെ ചില്ലറ വായനയും) അതില്ലാതാകുമ്പോള്‍ ഞാന്‍ മറ്റെന്തൊക്കെയോ ആയി മാറിപ്പോകുമോ എന്നൊരു ഭയം! അതുകൊണ്ട് ഇന്ന് എന്തെങ്കിലും അല്പം എഴുതീട്ട് കിടക്കാം..

ഇന്ന് നല്ല അധ്വാനമായിരുന്നതുകൊണ്ട് ശരീരത്തിനു നല്ല ക്ഷീണം ഉണ്ട്, പോരാത്തതിനു ഓടിപ്പോയി അല്പം മഴനനഞ്ഞ്, പോയ പനിയെ വീണ്ടും തിരിച്ചു വിളിച്ചു എന്നൊരു ഭയം. തൊണ്ട വേദന തുടങ്ങി.

ഇന്ന് മൂത്ത മകളുടെ രണ്ട് കൂട്ടുകാരികള്‍ വന്നിരുന്നു.. മൂത്തയാളുടെ കൂട്ടുകാര്‍ എല്ലാവരും വളരെ ടോക്കറ്റീവ് ആണ്! ഇനി ആ വര്‍ഷം ജനിച്ച കുട്ടികളുടെ പ്രത്യേകതയാകുമോ!
അവരുടെ സംസാ‍രത്തിനും ബഹളത്തിനും ഇടയില്‍ ആത്മ ചെന്ന് പത്ത് പള്ളുപറഞ്ഞാലോ, ഒന്നു നൃത്തം ചെയ്താലോ പോലും ഒന്നും സംഭവിക്കില്ല..!

ഇളയയാളുടെ കൂട്ടുകാര്‍ വന്നാല്‍ ആര്‍ട്ട് ഫിലിം പോലെ സ്ലോ മോഷനിലാണു എല്ലാം നടക്കുക..ഇവരുടേ ഇടയിലേക്ക് സൂക്ഷിച്ചുവേണം ചെല്ലാന്‍. നമ്മുടെ ഓരോ ചലനവും വാച്ച് ചെയ്യും..!

ഇനി ചിലരുണ്ട്, അവരുടെ മുന്നില്‍ നാം ഉണ്ടെന്ന് അറിയിക്കാന്‍ തന്നെ പ്രയാസമാകും!
അദൃശ്യരെപ്പോലെ അവരുടെ ഇടയിലൂടെ ജീവിക്കാനാകും..

ഇങ്ങിനെ എന്തൊക്കെയോ എഴുതണം എന്നുണ്ട്.. തല്‍ക്കാലം നല്ല ക്ഷീണം.. നാളെ ഈ പോസ്റ്റ് കുറച്ചുകൂടി നന്നാക്കാന്‍ ശ്രമിക്കും..

തുടരട്ടെ,

പല മനുഷ്യരും നമ്മെ കാണുന്നത് പലവിധത്തിലാണ്.. അല്ലെങ്കില്‍, വ്യത്യസ്തമായ ഓരോ പരിവേഷമാണ് ഓരോരുത്തരും നമുക്ക് തരുന്നത്.

ഉദാഹരണത്തിന് എന്റെ സഹോദരന്‍ എനിക്ക് തുല്യസ്ഥാനമാണ് തരുന്നത്.. സ്ത്രീകളോടൊപ്പം തന്റെ ജീവിതം പങ്കുവച്ചു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി.. തന്റെ എല്ലാ നേട്ടങ്ങളും കോട്ടങ്ങളും എന്നോടും തന്റെ ഭാര്യയോടും ഉറ്റ കൂട്ടുകാരികളോടും ഒക്കെ പങ്കുവയ്ക്കും..

താന്‍ കണ്ട സിനിമയെപ്പറ്റിയും വായിച്ച പുസ്തകങ്ങളെ പറ്റിയും ഒക്കെ വിവരിക്കും.. എനിക്ക് ‘ഒരു സങ്കീര്‍ത്തനം പോലെ, രണ്ടാമൂഴം പോലെയൊക്കെ നല്ല നല്ല ബുക്കുകള്‍ ഒകെക് പരിചയപ്പെടുത്തിയതും സഹോദരനാണ്. നല്ല ബുക്കുകളെപ്പറ്റിയും സിനിമകളെപ്പറ്റിയും ഒക്കെ ഇവിടെ ബ് ളോഗിലുള്ള ചിലരെപ്പോലെയുള്ള അറിവ് സഹോദരനും ഉണ്ട്. എനിക്ക് അപ്രകാരം ഉള്ള അറിവുകള്‍ ഒന്നും ഇല്ല.. (ഇന്ത്യന്‍ എഴുത്തുകാരുടെ വിദേശങ്ങളില്‍ വരുന്ന് ബുക്ക്സ് ആക്രാന്തത്തോടെ വാങ്ങി വായിച്ചു എന്നേ ഉള്ളൂ.) സഹോദരന്‍, എല്ലാ വര്‍ഷവും ഡി. സി. ബുക്ക്സില്‍ കൊണ്ടുപോയി എനിക്കിഷ്ടമുള്ള ഏതു പുസ്തകം വേണമെങ്കിലും വാങ്ങാന്‍ പറയുമ്പോള്‍ മതിമറന്ന് നില്‍ക്കും ഞാന്‍! (ഈ ബുക്കുകള്‍ കണ്ടാല്‍ മുഖം കറുക്കുന്ന ഒരാളെ ഓര്‍ത്ത് വാങ്ങല്‍ ചുരുക്കും).

എന്റെ അമ്മയുടെ മുന്നില്‍ അകപ്പെട്ടാല്‍, സര്‍വ്വ ആത്മവിശ്വാസവും തകര്‍ന്ന് അമ്മയെ ഡിപ്പന്റ് ചെയ്ത് ജീവിക്കുന്ന ഒരു മകളാക്കി അമ്മ എന്നെ മാറ്റിയിരിക്കും. സ്നേഹക്കൂടുതല്‍ കാട്ടിയാണ് അമ്മ ഇതു സാധിക്കുന്നത്. അമ്മക്ക് ഞാനിപ്പോഴും വീട്ടുകാര്യങ്ങളൊന്നും അറിയില്ലാത്ത ഒരു കോളേജ് കുമാരിയാണ്.. എന്നെ അത് വല്ലാതെ നിരാശപ്പെടുത്തും.

അച്ഛന്റെ മുന്നില്‍, എല്ലാം തികഞ്ഞ ഒരു മകളാണ് ഞാന്‍. എന്നെക്കാള്‍ കൂടുതല്‍ അച്ഛന്‍ സ്ത്രീകളെ ആരെയും ഇഷ്ടപ്പെടുകയോ മതിക്കുകയോ ചെയ്യുന്നില്ല എന്ന് വിധത്തില്‍ ഒരു സ്നേഹവും അക്സപ്റ്റന്‍സും ഒക്കെ തരും.. അത് ഇല്ലാത്ത ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യും..(എന്റെ പൊങ്ങച്ചവും, എന്തോ ആണെന്ന ഭാവവും ഒക്കെ അവിടുന്നു കിട്ടിയതാകും)

ഇനി ചിലരുണ്ട്, എങ്ങിനെയും,നമ്മുടെ ഏറ്റവും അധമമായ വികാരങ്ങള്‍ പുറത്തു വരുത്തും.. അസൂയ, കുശുമ്പ്, തുടങ്ങിയവ..

മറ്റുചിലര്‍, നമ്മുടെ ലോലഭാവങ്ങള്‍ തട്ടിയുണര്‍ത്തും!

എന്റെ മക്കള്‍ എനിക്കു തരുന്ന ഭാവം എന്നെ ഒരു ഉത്തമ അമ്മയാക്കുന്നു.

എന്റെ ഭര്‍ത്താവിന്, തന്റെ ചൊല്‍പ്പടിക്ക് ചലിക്കുന്ന ഒരു പാവയാകണം ഞാന്‍. തന്റെ കൈവിട്ട്, നിയന്ത്രണം വിട്ട് പൊയ്പ്പോവുമോ എന്ന ഭയമാണ് എനിക്ക് അധികസ്വാതന്ത്രം തരാത്തതും, വളര്‍ച്ചയെ വിഘാതപ്പെടുത്തുന്നതും. ഒരുതരം സാഡിസം പോലെയുള്ള പൊസ്സസ്സീവ്നസ്സ് എന്ന് ഞാന്‍ കരുതുന്നു. തനിക്ക് സ്വന്തമായ ഒരു പൊരുള്‍, തനിക്കു വേണ്ടെങ്കില്‍ കൂടി തനിക്കാന്യമാകുമ്പോള്‍ തകര്‍ക്കാനോ ചീത്തയായി ചിത്രീകരിക്കാനോ ഒക്കെ ഒരു പ്രവണത (സമ്മതിച്ചു തരില്ല ട്ടൊ, എന്നിലും ഈ ഒരു പ്രവണത ഉണ്ട്!). ഒരു കൊച്ചുകുട്ടിയെപ്പോലെ തന്റെ നേട്ടങ്ങളും കോട്ടങ്ങളും ഒക്കെ എന്നോട് വാചാലമായി സംസാരിക്കാനും മക്കളോടൊപ്പം മാനസിക ഉത്തരവാദിത്വം എടുക്കതെ കളിച്ചു നടക്കാനും ഒക്കെ ഇഷ്ടമാണ്.. മനസ്സും ചിന്തകളും ഒക്കെ തന്റെമാത്രംകര്‍മ്മരംഗത്തായിരിക്കും എന്നേ ഉള്ളൂ..

ഇനി ചിലരുണ്ട്, നമ്മുടെ ഹൃദയത്തില്‍ നാമറിയാതെ കിടക്കുന്ന അറകള്‍ ഓരോന്നായി തുറന്ന് നമുക്ക് തന്നെ നമ്മെ പരിചയപ്പെടുത്തി തരും! ( ഇതൊക്കെ മനസ്സിന്റെയും ഹൃദയത്തിന്റെയും തലങ്ങള്‍‍ എന്നും പറയാം..)

ഒന്നു രണ്ട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.. സംഭവിച്ച പ്രകാരം ഓര്‍ക്കുകയാണെങ്കില്‍ അവസാനത്തെ അനുഭവമായിരുന്നു ആദ്യം സംഭവിക്കേണ്ടിയിരുന്നത്. ഒരു തലതിരിഞ്ഞ മട്ട്! 18 വയസ്സില്‍ കണ്ടുപിടിച്ച് തുറക്കേണ്ടിയിരുന്ന ഒരു അറ ഈ വയസ്സില്‍..!! പക്വതയും പാകതയും ഉള്ള മനസ്സുകളെ നല്ല പ്രായത്തിലും! ഒരുകണക്കിന് അതുതന്നെയായിരുന്നു സുരക്ഷിതവും! (എന്റെ മനസ്സും അപ്രകാരമായിരുന്നു താനും..!)

ഈ മനസ്സുകളും മനസ്സുകളും തമ്മിലുള്ള സംഗമത്തില്‍ നിന്നും എന്തായിരിക്കാം ഉണ്ടാകുന്നത്!! ആത്മാവും ആത്മാവും തമ്മില്‍ സംഗമിക്കുമ്പോള്‍ മറ്റൊരു കുഞ്ഞ് ആത്മാവുണ്ടാവുമായിരിക്കാം അല്ലേ! അതോ ആത്മാവ് തന്നെ കുറച്ചുകൂടി വിശാലമാകുമായിരിക്കുമോ?! അല്ലെങ്കില്‍ ഈ എനര്‍ജിക്കൊക്കെ എന്തു സംഭവിക്കുന്നു! എത്ര അനിര്‍വ്വചനീയമാണ് ആ കൂടിച്ചേരലുകള്‍! പ്രകൃതിയില്‍ എവിടെയോ വച്ച് ഒരു ബിഗ് ബാങ്ങ് പോലെ തമ്മിലിടിച്ച് നില്‍ക്കുന്നു.. ( ഇതൊരു ഭാവനയാണേ! അതിഭാവുകത്വം എന്നും പറയാം..)

അങ്ങിനെ, പലവിധമനുഷ്യരിലേക്ക് ചെല്ലാം..

ചിലരുടെ അടുത്ത് നാം ഒന്നും അറിഞ്ഞുകൂടാത്ത കണ്ട്രി പരിഷ ആകുമ്പോള്‍ മറ്റുചിലരുടെ മുന്നില്‍ നാം വളരെ നല്ല ഒരു ബുജി ആയി മാറും!

ചിലരുടെ ഇടയില്‍ പരാജയപ്പെട്ട ഒരാളാകുമ്പോള്‍ മറ്റുചിലരുടെ ഇടയില്‍ വിജയിച്ചു നില്‍ക്കുന്ന ഒരു മനുഷ്യനായി തോന്നും..!

ചുരുക്കത്തില്‍ നമ്മെ ഒരാളുടെ ദൃഷ്ടിയില്‍ മാത്രം ഉരുവപ്പെടുത്തി മാറ്റി നിര്‍ത്താനാവില്ല. എല്ലാ മനുഷ്യരിലും എല്ലാ ഭാവങ്ങളും കുടികൊള്ളുന്നു.. വിഭിന്ന ഭാവങ്ങള്‍.. എല്ലാം ഉള്‍ക്കൊള്ളുന്ന ഒരാത്മാവ്..

മറ്റ് മനുഷ്യര്‍ക്കും, മനസ്സുകള്‍ക്കും, ആത്മാവിനും നമ്മളെ സ്വാധീനിക്കാനാകാതെ ചിലപ്പോള്‍ നാം മാത്രമായി ഒറ്റപ്പെടും! അപ്പോള്‍ നമ്മില്‍ ഉണരുന്ന ഒരു വികാരമാണ് ആത്മീയത.. ദൈവത്തെപറ്റി അറിയാനും, നമ്മുടെ ആത്മാവിനെ പറ്റി അറിയാനും അതുമായി താദാമ്യം പ്രാപിച്ച് ഒരു പ്രത്യേക ശാന്തി തോന്നുന്ന നിമിഷം! ആ അവസ്ഥയാണ് ഒരു മനുഷ്യന്റെ ശരിയായ അവസ്ഥ എന്നു ഞാന്‍ കരുതുന്നു.. മറ്റു ബന്ധങ്ങളൊക്കെ കാലപ്പഴക്കത്തില്‍ മങ്ങിപ്പോയേക്കും.. പക്ഷെ ഈ ഒരു ഉള്‍ക്കാഴ്ച്ച വളര്‍ത്താനായാല്‍ നാം നമ്മെ അറിഞ്ഞു.. നമ്മളൊക്കെ‍ അത് വല്ലപ്പോഴും ഒക്കെ അനുഭവിക്കുന്നുമുണ്ട്..

6 comments:

കുഞ്ഞൂസ് (Kunjuss) said...

അതെ,അപൂര്‍ണമാണിത്... നാളത്തേക്ക് പനിയൊക്കെ മാറി മിടുക്കിയായിട്ടു വന്ന് എഴുതു ട്ടോ...

ആത്മ said...

ഭാഗ്യത്തിനു പനി കടുത്തില്ല കുഞ്ഞൂസേ! :)

പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..

jazmikkutty said...

കുറച്ച് ദിവസമായി ആത്മേന്റെ പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്ന് കരുതുകയായിരുന്നു.ഇപ്പഴിതാ കിടക്കുന്നു നല്ലൊരു ഫിലോസഫി പോസ്റ്റ്‌..:) രാവിലെ തന്നെ ഇത് വായിച്ചു ഞാനും അല്പം തത്വ ചിന്തകളിലേക്ക് പോവാ....നന്നായിട്ടുണ്ട് അത്മേ...തുടരൂ..

Rare Rose said...

ഈ പോസ്റ്റ് ഒരുപാടിഷ്ടായി ആത്മേച്ചീ.ഇങ്ങനെയൊക്കെയുള്ള ചിന്തകള്‍ എനിക്കു മാത്രേ ഉണ്ടാവുള്ളൂ എന്നാ വിചാരിച്ചേ.

പലര്‍ക്കു മുന്നില്‍ പല വിധത്തില്‍ മങ്ങിയും,തെളിഞ്ഞുമുള്ള രൂപമായി നമ്മളെ സ്വയം കാണാം.അതില്‍ തിളക്കമുള്ള ഭാവം..അതെപ്പോഴും കിട്ടണേന്നു ആഗ്രഹിക്കുമ്പോഴേക്കും,മറ്റുള്ളോര്‍ക്കു മുന്നില്‍ നിറം കെട്ടു നില്‍ക്കുന്ന രൂപമെടുത്തണിയേണ്ടി വരിക..ചിലപ്പോഴോക്കെ ചിലതെല്ലാം പൊട്ടിച്ചു കളഞ്ഞ് സ്വതന്ത്രരാവാന്‍ തോന്നും.ചിലര്‍ക്കു മുന്നിലെത്തിയാലോ ഉള്ളിലെ ഞാന്‍ എന്ന ഭാവത്തിനു ഒരു അംഗീകാരം കിട്ടിയ പോലെയും..

ആത്മ said...

jazmikkutty,

ജാസ്മിക്കുട്ടിയുടെ കമന്റ് കണ്ട് ഇന്നലെ സന്തോഷിച്ചായിരുന്നു നടന്നത്..
മറുപടി എഴുതാന്‍ അല്പം താമസിച്ചുപോയി ക്ഷമിക്കുമല്ലൊ,

ആത്മ said...

Rare Rose,

റോസിന്റെ കമന്റ് വായിച്ചപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു.. ആത്മ എഴുതിയത് അതുപോലെ ഉള്‍‍ക്കൊണ്ടതുകൊണ്ടാകും..


ഇന്നലെ ക്ഷീണത്തിനിടയില്‍ അറിയാതെ ബന്യമിന്റെ ആടുജീവിതം കയ്യിലെടുത്തു.. അത് എന്നെപ്പിടിച്ച് അങ്ങ് ഉള്ളിലേക്കു കൂട്ടിക്കൊണ്ടു പൊയ്ക്കളഞ്ഞു..! ഇടക്കൊക്കെ ബ്ലോഗില്‍ വന്ന് കമന്റെ എഴുതണം എന്നു തോന്നിയെങ്കിലും അത് തീര്‍ക്കാതെ ഒന്നും ചെയ്യാന്‍ വയ്യാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി.. ക്ഷമിക്കുമല്ലൊ,