Saturday, January 1, 2011

കേരളം വിളിക്കുന്നു..2

ഇപ്പോള്‍ വലിയ വിഷമം ഇല്ല. ഇത്തവണത്തെ യാത്ര വളരെ ഹ്രസ്വവും,ദ്രുതവും, സംഘര്‍ഷരഹിതവും ആയിരുന്നു എന്നുവേണം കരുതാന്‍.

ഓരോ തവണയും പ് ളയിന്‍ ഇറങ്ങി പതിവുപോലെ അനിയനോടൊപ്പം വിശേഷങ്ങളും പങ്കിട്ട് വീട്ടിലേക്ക് തിരിക്കുമ്പോള്‍, കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാകാതെ, മറന്നു എന്നു കരുതിയിരുന്ന ഒരു കഥയുടെ തുടര്‍ച്ചപോലെ തോന്നും..! ഓരോ വര്‍ഷാവസാനവും ഓരോ അദ്ധ്യായങ്ങളായി നീണ്ടുനീണ്ടുപോകുന്ന തികച്ചും വ്യത്യസ്ഥമായ ഒരു കഥ! ഒരു വര്‍ഷം മുഴുവന്‍ അന്യനാട്ടില്‍ ജീവിച്ചിട്ടും ഒരു പേജുപോലും മറിക്കാനില്ലാത്ത ജീവിതക്ഥയിലെ ഏടുകള്‍ വളരെ പെട്ടെന്ന്, ഒടുവിലത്തെ മാസത്തില്‍, പല ചാപ്റ്ററുകള്‍ പിന്നിടും.. ഒരുപാട് കഥാപാത്രങ്ങള്‍.. കഥകള്‍.. അനുഭവങ്ങള്‍..!!

വിവാഹങ്ങള്‍..ജനനങ്ങള്‍.. മരണങ്ങള്‍..( ചിലവ വളരെ അപ്രതീക്ഷിതമായവ).. ചില പുതിയ മുഖങ്ങളെ കാണാനാകുമ്പോള്‍ ചില പഴയ മുഖങ്ങള്‍ ഓരോന്നായി പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു..

വയസ്സാ‍യ മാതാപിതാക്കളെ ഒരളവുവരെ സന്തോഷപ്പെടുത്തി എന്ന സംതൃപ്തി. പിതാവ് ഒന്നും കൊടുക്കാതെ തന്നെ സംതൃപ്തിപ്പെട്ടപ്പോള്‍ മാതാവ് പല പരിഭവങ്ങളുടെയും ഒരു കൂമ്പാരമായി നിന്നു.. ഇളകാത്ത മലപോലെ.. എല്ലാ മക്കളോടും പരിഭവങ്ങള്‍.. പഴയപോലെ എല്ലാവരെയും നിയന്ത്രിക്കാനാവാത്തതില്‍.. പലതും ഓടിനടന്ന് ഒരുക്കാനും മറ്റും കഴിയാതെയായതില്‍ ഒക്കെ പലരോടും പരിഭവമാണ്. മക്കളും മരുമക്കളും ഒക്കെ വളരുമ്പോള്‍ അവര്‍ തങ്ങളുടെ മിക്ക ഭാരങ്ങളും ബാധ്യതകളും, ഒപ്പം ഒരല്പം സ്വാതന്ത്രവും കയ്യടക്കും എന്നത് അംഗീകരിക്കാനാകാതെ റബല്യന്‍ ആയ ഒരു മനസ്സുമായി പിന്നോട്ട് നടക്കാന്‍ തത്രപ്പാടോടെ. സഹതാപം ആണ് അധികവും തോന്നിയത്.. പ്രായത്തിനൊത്ത് പക്വതപ്പെടുത്താനാകാത്ത ഒരു മനസ്സ് കാട്ടിക്കൂട്ടുന്ന അസ്വസ്ഥതകള്‍.. എനിക്ക് ഒന്നും ചെയ്യാനാകില്ലല്ലൊ എന്ന വിഷമം ഉണ്ട്.. എങ്കിലും കാട്ടിയില്ല. സഹതാപം കൂടുതല്‍ ദ്രോഹം ചെയ്കയേ ഉള്ളൂ.. അറിവ് സ്വയം ഉള്ളില്‍ നിന്നും ഉണ്ടാകേണ്ടതല്ലെ.

വളരെ ചെറുതിലേ എല്ലാം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തു ശീലിച്ച താനും 70 കഴിഞ്ഞും ഒന്നും വിട്ടുകൊടുക്കാന്‍ മടിക്കുന്ന മനസ്സുമായി എങ്ങിനെ അനുനയപ്പെടാന്‍?! ഒരുപക്ഷെ, നിങ്ങളുടെ ഈ സ്വഭാവമായിരിക്കാം‍ എന്നെ ഈവിധം തളര്‍ത്തിയത് (വളര്‍ത്തിയത്). ഒടുവില്‍, പ്രകൃതിയില്‍ നിന്നും കയ്യടക്കിയത് മുഴുവന്‍ പ്രകൃതിക്ക് തന്നെ തിരിച്ചു നല്‍കണം എന്ന നിയമത്തിനു മുന്നില്‍ എനിക്കെന്തു ചെയ്യാനാകും!! നിസ്സഹായതയോടെ നോക്കിനില്‍ക്കാനല്ലാതെ!

‍ പോരും നേരം അച്ഛനെ കെട്ടിപ്പിടിച്ച് അല്പനേരം നിന്നു (നല്ലപ്രായത്തിലൊക്കെ അച്ചന്‍ അപരിചിതനെപ്പോലെയായിരുന്നു.. വയസ്സായപ്പോള്‍ നിസ്സഹായത അച്ഛനെ കൊച്ചു കുട്ടികളെപ്പോലെയാക്കിയിരിക്കുന്നു). അടുത്തവര്‍ഷം വരെ കാത്തിരിക്കണമല്ലൊ ഇനി ഒന്നു കാണാന്‍!! അമ്മയെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.. ഉള്ളില്‍ പരിഭവം കൊണ്ട് വിങ്ങുന്ന ഹൃദയത്തിന്റെ മിടിപ്പ്!!

ചുറ്റിനും അയല്‍ക്കാരും ബന്ധുക്കളും ഒക്കെയുണ്ടായിരുന്നു. വല്ലപ്പോഴും കാണുമ്പോഴുള്ള ഒരു സന്തോഷം! ഒരു ചോക്കലേറ്റൊ, ഒന്നുരണ്ടു പേനയോ പെന്‍സിലോ അല്ലാതെ ഞാനവര്‍ക്കൊന്നും ഒന്നും നല്‍കിയിട്ടില്ല.

അയല്പക്കത്തെ ചേച്ചി (ടീച്ചര്‍) സ്നേഹപൂര്‍വ്വം, ‘പൊട്ടിടാന്‍ മറന്നുപോയി അല്ലെ?’ എന്നും പറഞ്ഞ് സ്വന്തം നെറ്റിയില്‍ കിടന്ന പൊട്ട് ഇളക്കി ഒട്ടിച്ചു തന്നപ്പോള്‍ സ്നേഹത്തിനും വലുതായ ഒരു വികാരം..

ചെറുതിലേ വീട്ടില്‍ സഹായിക്കാന്‍ നിന്നിരുന്ന പെണ്ണ് വളര്‍ന്ന് വലുതായി രണ്ട് സുന്ദരന്‍ ആണ്മക്കളുടെ അമ്മയായി, മറ്റുപലരുടെയും മുന്നില്‍ അസൂയയ്ക്കും അല്പം ഏഷണിക്കും പാത്രമായി നിന്നിരുന്നു.. അവളുടെ അടുത്ത് ചെന്നു, ‘ഭര്‍ത്താവിന്റെ കത്തും ഫോണും ഒക്കെ ഉണ്ടോ?’ എന്നും ‘മക്കളൊക്കെ നന്നായി പഠിക്കുന്നുണ്ടോ?’ എന്നു ചോദിച്ചു ധൈര്യപ്പെടുത്തി..

അപ്പച്ചിയുടെ മകന്‍ വിനുവേട്ടന്‍ (എന്റെ ഭര്‍ത്താവിനെക്കാളും നാലഞ്ചു വയസ്സിനു മൂത്തതാണു. എന്നെക്കാട്ടിലും ഒരു 10, 14 വയസ്സ് മൂപ്പ് കാണും! പ്രായം ശരീരത്തിനെ അധികം ബാധിച്ചിട്ടില്ല. മനസ്സിനെ തെല്ലും..) അതേ ചിരിയും പെരുമാറ്റവുമായി നില്‍ക്കുന്നു.. തരം കിട്ടിയാല്‍ ഇപ്പോഴും ‘ഭാര്യേ’ എന്നു വിളിച്ച് എന്നെ പരിഭ്രമിപ്പിക്കാന്‍ തയ്യാറായി!!


പിന്നെ എതിരിലെ വീട്ടിലെ അണ്ണന്‍, (തളര്‍വാതം തളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ പാതിരാത്രി തന്റെ സഹോദരന്‍ അങ്ങ് അകലെയുള്ള ഹോസ്പിറ്റലില്‍ എത്തിച്ച) , ഇപ്പോള്‍ ഒരുവിധം ആരോഗ്യവാനായി നില്‍ക്കുന്നു..

കൃഷിക്കാരന്‍ ഗോപിയണ്ണന്‍ (ഷാരൂഖാന്റെ ഛായയുള്ള) അതേ ചിരിയുമായി ഇപ്പോഴും.. ഗ്രാമങ്ങളില്‍ പ്രായം ആരെയും വലുതായി മാറ്റുന്നില്ലെന്നു തോന്നുന്നു.

അപ്പച്ചിയുടെ മകളുടെ സംസാരവും ചിരിയും ഒക്കെ പണ്ട് സ്ക്കൂളില്‍ പഠിച്ചിരുന്നപ്പോഴുള്ളപോലെ തന്നെ ഇപ്പോഴും. ഇപ്പോള്‍ രണ്ട് മരുമക്കളുടെ അമ്മായിയും ഒരു കുഞ്ഞു മകളുടെ അമ്മുമ്മയുമായിരിക്കുന്നു!!. എങ്കിലും എനിക്കിപ്പോഴും അവര്‍ പഴയ രമണി ചേച്ചി തന്നെ..

ഇനിയും ഒരുപാടുപേരുണ്ട് യാത്രയയക്കാന്‍ നിന്നവരില്‍ പരിചയപ്പെടുത്താനായി..

*
പനിപിടിച്ച് അര്‍ദ്ധബോധാവസ്ഥയിലെന്നോണം കിടക്കുമ്പോള്‍ നാട്ടിലെ ദൃശ്യങ്ങല്‍ ഒരിക്കല്‍ക്കൂടി എല്ലാം അരങ്ങേറും പോലെ..
‘അപ്പച്ചീ, ദാ നോക്ക് ഇതു കണ്ടോ?’ അനിയന്റെ മകന്റെ ശബ്ദം!
പതിയെ കണ്ണു തുറക്കും.. അപ്പോള്‍ എല്ലാവരും കൂടി ഇറയത്തിരുന്ന് സംസാരിക്കുകയാവും..കൂട്ടത്തില്‍ താന്‍ പണ്ടു കണ്ടു മറന്ന മുഖങ്ങള്‍ ‘ഓര്‍മ്മയില്ലേ’ എന്ന മട്ടില്‍ തെളിയും!

രാത്രി പാതിമയക്കത്തില്‍ കിടന്ന് കൊതുകിനെ കൊല്ലാന്‍ ബാറ്റ് ഉപയോഗിക്കുമ്പോള്‍ മനസ്സ് പറയുന്നു.. ‘ഈ ബാറ്റ് കൊള്ളാം തിരിച്ചുപോകുമ്പോള്‍ ഇത്തരത്തില്‍ രണ്ടെണ്ണം കൂടി വാങ്ങണം..
പെട്ടിയില്‍ സ്ഥലം ഉണ്ടായിരിക്കും ല്ലെ’,
പെട്ടെന്ന് ബോധം തെളിയുന്നു.. താന്‍ നാട്ടിലല്ല!, അന്യനാട്ടിലെ കിടക്കയില്‍ കിടന്നാണ് കൊതുകിനെ ആട്ടിയകറ്റുന്നത്!

‘ആത്മേ, ദാ ഇതാരാണെന്നു നോക്ക് വന്നു നില്‍ക്കുന്നത്‘!

‘ആത്മേ നീ ആകെ മാറിപ്പോയല്ലൊ! മുടിയായിരുന്നു ഐശ്വര്യം..കഷ്ടമായിപ്പോയി!!’

ചീറിപ്പായുന്ന വാഹനം.. ഇരുവശവും വേഗത്തില്‍ മാറി മറയുന്ന കേരളദൃശ്യങ്ങള്‍.. മതിയാവാതെ കോരിക്കുടിച്ചുകൊണ്ട് സൈഡ് സീറ്റില്‍ ആത്മയും മക്കളും.. പുതിയ വഴിയോരക്കാഴ്ച്ചകള്‍ മിക്കതും പറഞ്ഞ് പരിചയപ്പെടുത്തുന്ന സഹോദരനും കുടുംബവും.. അരികില്‍ മക്കളുടെ സാമിപ്യം, കേരളത്തിന്റെ വിശാലത!

കേരളത്തിലല്ല ഞാന്‍ ജീവിക്കുന്നത് എന്ന് അംഗീകരിക്കാനാവുന്നില്ല. കേരളം വിട്ടുപോയിട്ടില്ല എന്റെ ആത്മാവ് ഇനിയും.. എനിക്കവിടെ ഒരിടം വേണം.. എന്റെ മക്കള്‍ക്കും..
*
അന്യനാട്ടില്‍ ഞങ്ങള്‍ അനാധരാണ്.
അവിടത്തെ ഒരു ഉത്സവം ഒരു പൂരം ഒന്നിലും ഞങ്ങളെ പങ്കെടുപ്പിക്കുകയോ ഭാഗഭുക്കുകളാക്കുകയോ ആരും ചെയ്തിട്ടില്ല.. ആര്‍ക്കുമില്ല ഞങ്ങളെ ഓരോന്നു പറഞ്ഞ് പരിചയപ്പെടുത്തിത്തരാനുള്ള ഔദാര്യം, ആവശ്യം! ഇവിടെ എല്ലാവര്‍ക്കും തങ്ങള്‍ വേണം!
അവശനായിരിക്കുന്ന അച്ഛന്, അമ്മയ്ക്ക്, സഹോദരങ്ങള്‍ക്ക് വീട്ടുകാര്‍ക്ക് ഒക്കെ..

ഇവിടെ ഒരു വലിയ വിടവ് നികത്തുമ്പോലെയുള്ള ഇഴുകിച്ചേരലാകുമ്പോള്‍, അവിടെ ഒരു അധികപ്പറ്റുപോലെ, താഴെവീഴാതെ എങ്ങും തൊടാതെ തൊങ്ങിനില്‍ക്കുമ്പോലെ ഒരു ജീവിതം

ഒന്നു വേണ്ടെന്നു വച്ച് മറ്റൊന്നു സ്വീകരിക്കാന്‍ തനിക്കാവില്ലല്ലൊ,

കേരളവും ഈ നാടും തമ്മില്‍ 3.30 മണിക്കൂര്‍ പ് ളയിന്‍ യാത്രയേ ഉള്ളൂ എങ്കിലും രണ്ടു വ്യത്യസ്ഥമായ സംസ്ക്കാരങ്ങള്‍.. ആള്‍ക്കാര്‍, ആചാരങ്ങള്‍.. ഇവിടെ എന്റെ മക്കള്‍, അവരുടെ കുടുംബം കേരളീയത്വം നഷ്ടപ്പെട്ട് ഒന്നുമല്ലാതായി തീരുമോ എന്ന ഭയം..

*

[എന്തെങ്കിലും ബ് ളോഗിനു സമ്മാനിക്കാതെ ഉറങ്ങാന്‍ ഒരു മടി.. ന്യൂ ഇയര്‍ തിരക്കിനിടക്ക് വായിക്കാന്‍ സമയമുള്ളവര്‍ക്ക് വായിക്കാനായി..]

8 comments:

Manoraj said...

പുതുവത്സരാശംസകള്‍ ആദ്യം തന്നെ പറയട്ടെ. നാട് ശരിക്കും ഭ്രമിപ്പിക്കുന്ന ഒന്നാണ്. നാട്ടുകാരും. സത്യത്തില്‍ ഇപ്പോള്‍ ആത്മ എവിടെയാണ്.?

ആത്മ said...

പുതുവത്സരാശംസകള്‍!

സത്യത്തില്‍ ഞാന്‍ ‍ ഇപ്പോള്‍ ഇവിടെ ഉണ്ട്..:)

മലയാള ഐക്യവേദി said...

ആദ്യമേ പറയട്ടെ, ഈ പോസ്റ്റിനുള്ള കമന്‍റല്ല. പ്രൊഫൈലില്‍ 'മാതൃഭാഷ നിര്‍ബന്ധമാക്കണം' എന്ന വാചകം കണ്ടതാണ് കാരണം. മലയാള ഐക്യവേദി എന്ന ഒരു സംഘടനയെ പരിചയപ്പെടുത്തുന്നു. സംഘടനയുടെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും മറ്റും അതിന്‍റെ ഔദ്യോഗിക ബ്ലോഗില്‍ നിന്നു ലഭിയ്ക്കും. താത്പര്യം തോന്നുന്ന പക്ഷം സഹകരിക്കുക.
ആശംസകള്‍

Diya Kannan said...

Athemchi..

I too miss Kerala too much these days...

Happy new year to you..Have a great year ahead with lot of nice, funny posts in your blog..:)

ആത്മ said...

മലയാള ഐക്യവേദി,

മലയാളം ഐക്യവേദിയില്‍ ഫോളോവര്‍ ആയി ചേര്‍ന്നു!
എനിക്ക് കൂടുതല്‍ ഒന്നും ചെയ്യാനറിയില്ല..

മലയാളത്തെ മലയാളികള്‍ മാനിക്കാത്തതുകൊണ്ട്, മലയാള നാട്ടില്‍ വച്ചും അന്യനാട്ടില്‍ വച്ചും മലയാളികള്‍ തന്നെ പല വിഷമങ്ങളും അനുഭവിച്ചിട്ടുള്ള ഒരു ഹൃദയം ഉണ്ടെന്നല്ലാതെ.. എനിക്കെന്തുചെയ്യാന്‍ കഴിയും മലയാളത്തിനെ രക്ഷിക്കാന്‍?!

കര്‍ശനമായി മലയാളം സെക്കന്‍‌ഡ് ലാഗ്വേജ് എങ്കിലും അക്കാനായെങ്കില്‍ മലയാളം രക്ഷപ്പെട്ടെനെ!

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ മലയാളം കിലുകിലെ പറഞ്ഞു നടക്കുന്ന ഒരു കുരുന്നു പെണ്‍കുട്ടിയെ അവര്‍ ഇംഗ്ലീഷ് മീഡിയം എല്‍. കെ. ജി യില്‍ കൊണ്ടു ചേര്‍ത്തു..
ആ കുട്ടി പറയുന്നു, സ്ക്കൂളില്‍ മലയാളം സംസാരിച്ചാല്‍ ഫൈന്‍ അടിക്കുമെന്ന്!

കേട്ടപോള്‍ ഉള്ളില്‍ എന്തൊക്കെയോ പ്രതിഷേധം ഉണര്‍ന്നു..പിന്നെ അടക്കി..

എന്റെ മക്ക്ള്ക്ക് നാട്ടില്‍ പോകുമ്പോള്‍ ‘മലയാളം നന്നായി പറയാനറിയില്ല’എന്ന ഇന്‍ഫീരിയോരിറ്റിയും ഒളിപ്പിച്ചു വച്ചു നടക്കുമ്പോള്‍ അവിടെയുള്ള മലയാളികള്‍ സ്വയം അവരുടെ വില കളയാന്‍ എന്തു പ്രയാസപ്പെടുന്നു!

ഞാനും ഈ മലയാളം ഇംഗ്ലീഷിന്റെ ഒരു ഇരയാണ്.
അഞ്ചാം ക്ലാസ്സുവരെ മലയാളം മീഡിയം. പിന്നെ പെട്ടൊന്നൊരു ഇംഗ്ളീഷ് മീഡിയം..

കോളേജില്‍ ചെന്നപ്പോള്‍ കോണ്വെന്റെ സ്കൂളില്‍ നിന്നൊക്കെ വന്നവരുടെ (മലയാളം സംസാരിച്ചാല്‍ ഫൈനടിക്കുന്ന)ഇംഗ്ലീഷിനാലൊക്കെ ഒരുപാട് ബാധികക്കപ്ട്ടെട്ടുണ്ട്..
പല നല്ല സ്നേഹബന്ധങ്ങളും ഉലഞ്ഞു..
ആത്മവിശ്വാസം ഇല്ലാതായി

അന്യനാട്ടില്‍ വന്നപ്പോഴോ, അവിടെയും മലയാളികള്‍ തന്നെ ഇംഗ്ലീഷ് ഭാഷ പഠിച്ച മക്കളെ കൊണ്ട് മലയാളിമക്കളെ ആക്ഷേപിക്കുന്നു..!

ഇങിനെ എഴുതാനൊക്കെ ഒരുപാടുണ്ട്..
പ്രവര്‍ത്തിക്കാനൊന്നും അറിയില്ല

മലയാളത്തിന്റെ അഭിമാനം ഉയര്‍ത്താനാകുമെങ്കില്‍ ശ്രമിക്കൂ.. ഞാനും പ്രാര്‍ത്ഥിക്കാം..

ആത്മ said...

Diya Kannan,:)

kaNtitt kuRE dhivasamaayallo!
kaNtathil santhOsham!
sukhamaaNennu viSwasikkunnu,

Happy New Year!!

sasnEham
Athma chechi

കുഞ്ഞൂസ് (Kunjuss) said...

വൈകിയെത്തിയ പുതുവത്സരാശംസകള്‍ സ്വീകരിക്കുമല്ലോ ല്ലേ ആത്മാ...

നാട്ടില്‍ നിന്നും തിരിച്ചെത്തിയല്ലേ...?

ആത്മ said...

കുഞ്ഞൂസിനും പുതുവത്സരാശംസകള്‍!

നാട്ടില്‍ നിന്നും തിരിച്ചെത്തി.