Sunday, December 26, 2010

കേരളം വിളിക്കുന്നു..!

ഞാന്‍ തിരിച്ചെത്തി ബ് ളോഗേ!

പോയത് ഒരു കടമ നിര്‍വ്വഹിക്കുവാനുള്ള നിസ്സംഗതയോടെയായിരുന്നെങ്കിലും, എന്തോ മാസ്മരിക ശക്തിയാല്‍ എന്നെ വീണ്ടും നാട് മയക്കിക്കളഞ്ഞു!

ഇല്ല ഇപ്രാവശ്യമെങ്കിലും നിനക്ക് എന്നെ മാറ്റി മറിക്കുവാനാവില്ല എന്ന ഉറച്ച അഹങ്കാരത്തോടെ ഞാന്‍ നടന്നു. പ്രലോഭനങ്ങളുമായി നാട് നാലുവശത്തുകൂടി എന്നെ കീഴ്പ്പെടുത്തി..ഒടുവില്‍ അങ്ങ് സമ്മതിച്ചു കൊടുത്തു, ‘ശരി ശരി! നിന്നെപ്പോലെ പവിത്രത മറ്റൊരു രാജ്യങ്ങള്‍ക്കും ഇല്ല തന്നെ.

അതു മനസ്സിലാക്കാന്‍ വൈകുന്ന മലയാളികള്‍ ശപിക്കപ്പെട്ടവരാകുന്നു..’

ചുറ്റിനും മുഴങ്ങുന്ന മലയാളി ശബ്ദങ്ങള്‍..

വഴിയിലൂടെ നടകുമ്പോള്‍, അത് നമ്മുടെ അങ്ങേതിലെ അമ്മാവനോ അമ്മായിയോ മറ്റു വല്ല ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കാം എന്ന ആകാഷയോടെ ഉറ്റുനോക്കി ഉറപ്പുവരുത്തി വിടുന്ന മനുഷ്യര്‍..

അങ്ങിനെ ഒരുപാട് വൈശിഷ്ട്യങ്ങള്‍ നിനക്കുണ്ട്..

നിന്നിലെ നന്മയെ പല വിദേശ ശക്തികളും നശിപ്പിച്ചുകൊണ്ടിരിക്കയാണെങ്കിലും, നീ നിന്റെതെന്നു കരുതി കാത്തുസൂക്ഷിക്കുന്ന പവിത്രത ഇനിയും നഷ്ടമായിട്ടില്ല എന്നു വിളിച്ചോതുന്ന അനേകം വഴിയോരക്കാഴ്ച്ചകള്‍..

എന്തിനധികം!

പോയത്, ‘ഓ! ഇപ്പോള്‍ കേരളത്തിനു സ്വന്തമായി അഭിമാനിക്കാന്‍ വലുതായൊന്നും ഇല്ല. എന്നൊക്കെ കരുതിയാണെങ്കിലും, ഒടുവില്‍ ഒടുവില്‍ വഴിയോരത്തുകൂടി തെണ്ടി നടക്കുന്ന പിച്ചക്കാരനെപ്പോലും ആരാധനയോടെ നോക്കി പറഞ്ഞു, ‘ഹേ മി. പിച്ചക്കാരാ, നിങ്ങള്‍ എത്ര ഭാഗ്യവാനാണെന്നോ ഈ മണ്ണിലൂടെ നടന്ന് ഭിക്ഷയെടുത്തെങ്കിലും ജീവിച്ച് മരിക്കാനാ‍കുന്നത്!’ എന്ന് സമ്മതിക്കേണ്ടിവന്നു!!

പ് ളയിനില്‍ കയറിക്കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നിറങ്ങേണ്ടുന്ന വൃത്തിയുള്ള രാജ്യത്തെപറ്റി ഓര്‍മ്മവന്ന്നെങ്കിലും, എന്തൊ ഒരു കൃത്രിമത്വം.. പൂര്‍ണ്ണമായി ഇഴുകിച്ചേരാനാവാത്ത ഒരകല്‍ച്ച!

എഴുതിക്കൊണ്ടിരുന്നപ്പോള്‍ നല്ല ഉറക്കം വരുന്നു..

ഇന്ന് സാഹിത്യമൊന്നും ചമയ്ക്കാനാവില്ലെന്നു തൊന്നുന്നു..

ഉറങ്ങട്ടെ.

അല്പം മുന്‍പ്, ഒന്നു മയങ്ങിയപ്പോള്‍ ആത്മാവ് ഏതൊക്കെയൊ ഇരുളടഞ്ഞ, ഭയാനകമായ ഇടങ്ങളിലൊക്കെ ചുറ്റിത്തിരിഞ്ഞ് എന്നെ വല്ലാതെ വിഷമിപ്പിച്ചു.. നാടു വരുത്തിയ നഷ്ടമായിരിക്കാം.. അറിയില്ല..!

മനസ്സ് ഊളിയിട്ട്, സ്വന്തമായി ഒരു‍ മാനസവിമാനം ഉണ്ടാക്കി എന്നെ കൊണ്ടുപോയി.. അങ്ങകലെ കൊച്ചു കേരളത്തില്‍. എന്റെ വീട്ടിലെ ഒരു മുറിയില്‍.. എനിക്ക് എന്റെ വേണ്ടപ്പെട്ടവരുടെയൊക്കെ ശബ്ദം കേട്ട് കുറച്ചു ദിവസം ജീവിക്കാന്‍ കഴിഞ്ഞ മുറിയിലെ എന്റെ ആത്മാവ് അലഞ്ഞു നടന്നു.. ശരീരം ഇവിടെയും!

വിരഹം!

അത് അതിന്റെ എല്ലാ തീവ്രതയോടെയും എന്നെ ഗ്രസിച്ചു.. ഞാന്‍ നിസ്സഹായയായി.. പതിവുപോലെ എന്റെ ആത്മാവ് കേരളം വിട്ടുപോരാന്‍ മടിച്ച് ചുറ്റിനടന്നു..

ഒടുവില്‍ ഞാനോടി വന്നു ബ് ളോഗേ! എന്റെ ആത്മാവുമായി നിന്റെയടുത്ത്..

ഇവിടെ ഞാനുണ്ട് കാത്തിരിക്കുന്നു. പ് ളയിനില്‍ കയറാന്‍ കാത്തിരുന്നു ക്ഷീണിച്ച ഒരു സഞ്ചാരിയെപ്പോലെ..

നഷ്ടങ്ങള്‍ നികത്തണ്ടേ?!

നാട്ടില്‍ നിന്നു കൊണ്ടുവന്ന ചെടികള്‍ നട്ടു..

ചിപ്സുകള്‍ കഴിച്ചു, ബുക്കുകള്‍ ഭദ്രമായി അടുക്കിവച്ചു, രണ്ടുമൂന്നു പ്രാവശ്യം ഫോണില്‍ വിളിച്ചു,

ഇനിയിപ്പം എന്നാ ചെയ്യാനാ!

മറക്കുകയേ നിവര്‍ത്തിയുള്ളൂ

ബാക്കി പിന്നെ.. കണ്ടതില്‍ സന്തോഷം ബ് ളോഗേ!

12 comments:

Manoraj said...

എന്റെ നാട്.. എന്റെ നാടെന്നഭിമാനമായ് ചൊല്ലുവാന്‍ ഒന്നുമില്ലാത്തവര്‍..

ആത്മ said...

ഒന്നുമില്ലാത്തവര്‍.. എങ്കിലും ഭാണ്ഡത്തില്‍ എന്തൊക്കെയോ ഉണ്ടെന്നു നടിച്ചു സ്വയം ആശ്വസിക്കുന്നവര്‍..
മനുഷ്യര്‍..

jazmikkutty said...

ആത്മേ,കുറച്ചു നേരം എന്‍റെ ആത്മാവിനെയും ഞാന്‍ നാട്ടിലേക്ക് മേയാന്‍ വിട്ടു..
അല്ല ഞങ്ങള്‍ക്കായി നാട്ടില്‍ നിന്നും ഒന്നും കൊണ്ടുവന്നില്ല?

ആത്മ said...

jazmikkutty,

കണ്ടതില്‍ സന്തോഷം!:)

കൊണ്ടുവന്നതെല്ലാം ഇവിടെയുള്ളവര്‍ക്കായി തന്നെയാണ്
എല്ലാ അനുഭവങ്ങളും, പിന്നെ ഫോട്ടോകളും ഒക്കെയുണ്ട്..

തയ്യാറായി ഇരുന്നോളൂ.. അല്‍പ്പാല്പമായി ഇവിടെ പകര്‍ത്താന്‍ ശ്രമിക്കാം..

Rare Rose said...

തിരിച്ചെത്തിയല്ലേ.ഇനിയിവിടുത്തെ താളുകള്‍ വായിക്കാന്‍ എത്ര നാളെടുക്കുമെന്ന് കരുതി നോക്കിയപ്പോഴേക്കും ദേ ഒരു പുതിയ പോസ്റ്റ്.:)

സാരമില്ല ആത്മേച്ചീ.ഇപ്പോ നാട്ടിലെ ഓരോ കുഞ്ഞു ഇടങ്ങളോട് വരെ തോന്നുന്ന ഒരു വല്ലാത്ത സ്നേഹമില്ലേ.അതത് പോലെ മായാതിരിക്കാനാവും ഇങ്ങനെ..
പിന്നെ നാട്ടിലെ വിശേഷങ്ങളും,ഫോട്ടോസും ഒക്കെ വേഗം ഇടണേ..ഒപ്പമുള്ള പുസ്തകങ്ങളെ പറ്റിയും..

ചെറുവാടി said...

ആത്മയുടെ എഴുത്തിനോടുള്ള എന്റെ ഇഷ്ടം മുമ്പ് പറഞ്ഞിട്ടുണ്ട്. പെട്ടൊന്ന് സൌഹൃദം സ്ഥാപിക്കുന്ന ഭാഷ.
പോസ്റ്റുകള്‍ക്കിടയില്‍ ഒരു ഇടവേള നല്ലതാണ് എന്നൊരു അഭിപ്രായം എനിക്കുണ്ട്.

വല്യമ്മായി said...

കൊണ്ടുവന്ന പുസ്തകങ്ങളെ പറ്റിയുള്ള വിവരങ്ങളും വായനാനുഭവങ്ങളും ഞങ്ങള്‍ക്കായി വിളമ്പണേ :)

ആത്മ said...

റെയര്‍ റോസ്,:)

ബ്ലോഗില്‍ തിരിച്ചെത്തി റോസൂനെയും മറ്റും കണ്ട ഒരു സമാധാനമോ, അറിയില്ല, ഒരു സുഖമില്ലായ്ക, ചെറിയ ഒരു പനി..
താങ്ങുണ്ടെങ്കിലല്ലെ തണലും ഉള്ളൂ എന്നോ മറ്റോ ഒരു ചൊല്ലില്ലെ,

ഇത്രയും ദിവസം ആര്‍ക്കൊക്കെയോ വേണ്ടി അഭിനയിക്കുകയായിരുന്നോ,
ശരിക്കും ഉള്ള ലോകം ഏതാണ്
കേരളനാടാണോ,
ഈ നാടാണോ,
അതോ ബ്ലോഗു നാടാണോ,
എവിടെയാണ് എന്റെ ശരിക്കും ഉള്ള റോള്‍ എന്നൊക്കെ ഒരാശയക്കുഴപ്പം!

ആത്മ said...

ചെറുവാടി,

പലപ്പോഴും ഓടി വന്ന് വല്ലതുമൊക്കെ എഴുതുന്നത് ജീവിതത്തിന്റെ ഒരു ഭാഗം ആയാണ്..
ചിലപ്പോള്‍ ടെന്‍ഷനില്‍ നിന്നും രക്ഷപ്പെടാന്‍,
ചിലപ്പോള്‍ പല വിഷമങ്ങളും ഒറ്റക്ക് പൊരുതി ജയിക്കാനാകാതെ വരുമ്പോള്‍,
അങ്ങിനെ.. അങ്ങിനെ.. ബ്ലോഗ് എന്റെ കൂട്ടുകാരിയും/കാരനും, രക്ഷിതാവും, ഒക്കെയാണ്..

ഒരു ഇടവേളയൊക്കെ നല്‍കി കുറച്ചുകൂടി നന്നായി ഒക്കെ എഴുതാന്‍ ആഗ്രഹമുണ്ട്.. ശ്രമിച്ചുനോക്കാം..

നിര്‍ദ്ദേശത്തിനു ഹൃദയം നിറഞ്ഞ നന്ദി!

ആത്മ said...

വലിയമ്മായി, :)

ബുക്കുകളൊക്കെ വായിച്ച് അഭിപ്രായം എഴുതാം..തല്‍ക്കാലം ഒരു ചെറിയ പനി പിടിച്ചു കിടപ്പിലാണ്..

അമ്മായി പറഞ്ഞ Ladies Coupe വായിച്ചു തുടങ്ങി ട്ടൊ,
പണ്ട് അനിത നായരുടെ The Better Man എന്ന നോവല്‍ വായിച്ചിട്ടുണ്ട്.. ഏതോ ഒരു നല്ല മലയാളം നോവലിന്റെ വിവര്‍ത്തനം പോലെ ആസ്വാദ്യം ആയി തോന്നിയിരുന്നു..

മാണിക്യം said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...!!

തിരികെ എത്തിയതില്‍ സന്തോഷം പറയൂ നാട്ടില്‍ കണ്ടതും കേട്ടതും....ഈ വര്‍ഷം നാട്ടില്‍ പോയില്ല.എന്ന ചിന്ത മനസ്സിനെ വല്ലതെ വേട്ടയാടി തുടങ്ങി...

ആത്മ said...

കണ്ടതില്‍ വളരെ വളരെ സന്തോഷം!

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!

നാട്ടില്‍ കണ്ടതും കേട്ടതും ഒക്കെ എഴുതാനിക്കുവാരുന്നു.. അപ്പോഴാണ് പനി പിടിച്ചത്..