Sunday, December 12, 2010

ചങ്ങലകള്‍ പൊട്ടിച്ച് മനുഷ്യര്‍‌..

നമുക്കെന്തിലും ആഗ്രഹങ്ങളുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ സാധിച്ചു തരും എന്നു കരുതി ഇരിക്കുന്നതില്‍ പരം വിഡ്ഢിത്തം ഈ ലോകത്തില്‍ മറ്റൊന്നില്ല എന്നതാണ് എനിക്ക് ഏറ്റവും പുതുതായി നിന്നോട് പങ്കുവയ്ക്കാനുള്ള ആത്മരഹസ്യം ബ് ളോഗേ..

ഈ സത്യം എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണെങ്കിലും ആരും അത് സമ്മതിക്കാന്‍ കൂട്ടാക്കില്ല. വെറുതെ പ്രതീക്ഷിക്കും. നമ്മെ ആരെങ്കിലും അറിയണം, അംഗീകരിക്കണം, സ്നേഹിക്കണം, ഒന്നുമല്ലെങ്കില്‍ വെറുക്കുകയെങ്കിലും വേണം.. ഇല്ലെങ്കില്‍ ചിലര്‍ കരയും ചിലര്‍ പരാതി പറയും (ആത്മയെപ്പോലെ..) ചിലര്‍ ശ്വാസം മുട്ടി മരിച്ചെന്നുമിരിക്കും!!

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയ സ്ഥിതിക്ക്,
ആത്മ വായിച്ച ഒരു പുസ്തകത്തിനെ പറ്റി രണ്ട് വാക്ക് പറയാന്‍ ശ്രമിക്കാം.

എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ 'ഈറ്റ്, പ്രേ ആന്‍ഡ് ലൌവ്' (Eat, Pray and Love by Elizabeth Gilbert) എന്ന പുസ്തകത്തിനെ പറ്റിയാണ്‌ പറയാന്‍ ശ്രമിക്കുന്നത്..

ഇതിലെ നായിക ലിസ്, (എഴുത്തുകാരി തന്നെയാണ് നായികയും.. ഒരു അനുഭവകഥയാണ്) സ്നേഹം കിട്ടാതെ വലയുന്ന സ്ത്രീയൊന്നുമായിരുന്നില്ല ട്ടൊ, കിട്ടിയ സ്നേഹം ശരിയാകുന്നില്ല എന്നൊരു തോന്നല്‍.. അത്രന്നെ! (ഇതൊക്കെ ഈ ലോകത്ത് നടക്കുന്ന കാര്യമാണേ! ഹും!) ഈ ഇംഗ്ലീഷുകാരിക്ക് ഭര്‍ത്താവിനോടൊപ്പം സ്വസ്ഥമായി ഒരു കുടുംബജീവിതം, ലവ് മാര്യേജ്, നല്ല ബംഗ്ലാവ്, നല്ല ജോലി ഒക്കെയുണ്ടായിരുന്നിട്ടും ആത്മാവില്‍ എന്തോ ഒരതൃപ്തി.. അങ്ങിനെ എല്ലാം വലിച്ചെറിഞ്ഞ്, കരഞ്ഞ്, തപിച്ച്, ലോകലോകാന്തരം ഈ വലിച്ചെറിഞ്ഞുകളഞ്ഞ സ്നേഹത്തിനായി തന്നെ നടക്കുകയാണ്‍!

സ്നേഹത്തിനുവേണ്ടി മാത്രമായിരുന്നോ അവര്‍ (ലിസ്) അലഞ്ഞത് എന്നത് ചിന്തനീയമാണ്!
ആത്മാവിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു അവര്‍ നടന്നിരുന്നത് എന്ന് വേണം നിനയ്ക്കാന്‍..

ആദ്യം ലിസ്‍ ഇറ്റലിയില്‍ പോയി കുറെ നാള്‍ തിന്നും കുടിച്ചും ഒക്കെ ശരീര‍ത്തിനെ റിലാക്സ് ചെയ്യിക്കുന്നു.. അപ്പോഴും ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ വേദനയും കോപതാപങ്ങളും ഒക്കെ അവരെ ഇടയ്ക്കിടെ വേട്ടയാടപ്പെടുന്നുണ്ട്..

അതു കഴിഞ്ഞ് അവര്‍ ഇന്ത്യയില്‍ പോയി കഠിനമായ മെഡിറ്റേഷനിലൂടെയും ആത്മീയചര്യകളിലൂടെയും ഒക്കെ മനസ്സിനെയും നിയന്ത്രണത്തിലാക്കുന്നു.. (ഒരു ഇംഗ് ളീഷുകാരി പറഞ്ഞുതന്നിട്ടുതന്നെ വേണേ നാം ഭാരതീയര്‍ അതിന്റെ ഗുണങ്ങള്‍ അറിയേണ്ടത്! അനുഭവിക്കൂ..)
കഥയുടെ ബാക്കി..
തല‍ ക് ളിയര്‍ ആയ ലിസ്സിനു പ്രകൃതിയെപ്പറ്റിയും മനുഷ്യനെപ്പറ്റിയും ഒക്കെ പല സത്യങ്ങളും അറിയാം ഇപ്പോള്‍.., ലൌകീകവും ആത്മീയവും തുല്യ അളവില്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും ആകും..!!
[ഇത്, വായിച്ചെന്നോ, പറഞ്ഞെന്നോ, എഴുതിയെന്നോ കരുതി ലഭ്യമാകുന്ന ഒരു അനുഭവമല്ല, നാം മെഡിറ്റേഷന്‍ ചെയ്താലേ ലഭ്യമാകൂ.. ഒന്നു രണ്ട് ഉദാഹരണം പറയാം.. ആദ്യം ലിസ്സ് മെഡിറ്റേഷന്‍ ചെയ്യാന്‍ വളരെ വിഷമിച്ച് പരാജയപ്പെടുന്നു. അനങ്ങാതെ ഒരിടത്ത് ഒരു മണിക്കൂറിലധികം നേരം ഇരിക്കാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് സാധ്യമാകുന്നില്ല. ഒടുവില്‍ ഒരു നിമിഷം അവര്‍ മനസ്സിനെ പിടിച്ചിരുത്തുന്നതില്‍ വിജയിക്കുന്നു.. അപ്പോള്‍ അവര്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കാനായി ഒരു രൂപം കിട്ടുന്നില്ല.. ഒടുവില്‍ ലിസ്സിനു താന്‍‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന തന്റെ ചേച്ചിയുടെ കുട്ടിയുടെ രൂപത്തില്‍ മനസ്സിനെ കോണ്‍സണ്ട്രേറ്റ് ചെയ്യാനാകുന്നു.. കോണ്‍സന്റ്രേഷന്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ ഒരു നിമിഷം പോലെ കടന്നുപോയി അവര്‍ക്ക്.. നമുക്കും അതുപോലെ മനസ്സിനെ കേന്ദ്രീകരിക്കാന്‍ ഒരു രൂപം വേണം.. ചുരുക്കത്തില്‍ ഈ ലോകത്തിലെ എന്തിനെയെങ്കിലും ഒന്നിനെ നിസ്വാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയണം.. അങ്ങിനെയാകുമ്പോള്‍ കഠിനമായി തോന്നുന്നതൊക്കെ എളുപ്പമായി തീരും..!
രണ്ടാമത്, ‘തുരിയ മെഡിറ്റേഷന്‍’ ചെയ്യാനും അവര്‍ ഇതുപോലെ വിഷമിക്കുന്നു. (ഉണര്‍ന്നിരിക്കുന്നതോ ഉറങ്ങുന്നതോ സ്വപ്നം കാണുന്നതോ അല്ലാത്ത മനസ്സിന്റെ നാലാമത്തെ ഒരു അവസ്ഥ! ഈ അവസ്ഥ അപൂര്‍വ്വം ചിലപ്പോഴൊക്കെ നാം അനുഭവിച്ചിട്ടുണ്ട്.. ഒരു കാരണവും ഇല്ലാതെ തന്നെ ഒരു പ്രത്യേക ശാന്തി,സന്തോഷം ഒക്കെ നമ്മില്‍ നിറയുന്നു.. പുറം ലോകത്തിലെ പ്രശ്നങ്ങളൊന്നും നമ്മെ ബാധിക്കാത്ത ഒരു അവസ്ഥ..അത് വളരെ കുറച്ചുനേരമെ നമുക്ക് തോന്നൂ..ഈ അവസ്ഥ വളരെ നേരം അനുഭവിക്കണമെങ്കില്‍ കഷ്ടപ്പെട്ട് ദിവസവും മനസ്സിനെ കുറെ നേരം ധ്യാനത്തിലൂടെ പാകപ്പെടുത്തിയെടുക്കണം). ലിസ്സ് വെളിയില്‍, ഒരു ബഞ്ചിലിരുന്ന് മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, കുറച്ചു കൊതുകുകള്‍ അവരെ നിരന്തരം ശല്യപ്പെടുത്തുന്നു. ആദ്യം അവര്‍ പിന്മാറിയെങ്കിലും ഒടുവില്‍ ഉറച്ച മനസ്സോടെ, കൊതുകുകടികളൊക്കെ സഹിച്ച്, മനസ്സിനെ മെഡിറ്റേഷനില്‍ കേന്ദ്രീകരിക്കാനായപ്പോള്‍‍ കൊതുകുകടിയെപ്പറ്റിയേ അറിയുന്നില്ല. ഇത്.. ഇത് താന്‍ നമുക്ക് വേണ്ടത്!
അവര്‍ പറയുന്നത്, ‘കൊതുകിനെ ആട്ടിപ്പായിച്ചുകളയണം, അല്ലങ്കില്‍ അടങ്ങിയിരിക്കാന്‍ ആവില്ല’, എന്ന ഒരു ചിന്തയാണ് ആദ്യം അവരെ റെസ്റ്റ്ലസ്സ് ആക്കിയത്.. എന്നാല്‍, ‘കൊതുകു കടിച്ചാലും താന്‍ തന്റെ ആത്മസംയമനം കൈവിടില്ല’ എന്ന രീതിയില്‍ ഇരുന്നപ്പോള്‍ ആത്മസംയമനം ക്ട്ടിയത്രെ! ഇതുപോലെ, മറ്റുള്ളവര്‍ ചെയ്യുന്നതിനൊക്കെ പ്രതികരിക്കാന്‍ ചെല്ലുമ്പോഴാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.. പ്രതികരിക്കാതിരിക്കുമ്പോള്‍ പലതും താനേ അടങ്ങും.. നമ്മുടെ മനസ്സിനെ അതിനു സ്വാധീനിക്കാനാവില്ല എന്നറിയുമ്പോള്‍ പ്രശ്നങ്ങള്‍ താനേ വിട്ടൊഴിഞ്ഞ് പോകും.. മനസ്സ് മാത്രം പഴയതുപോലെ ശാന്തമായി ശേഷിക്കും..പ്രശ്നങ്ങളൊന്നും നമ്മെ ബാധിക്കാത്ത ഈ അവസ്ഥയാണ് തുരിയാവസ്ഥ..]

അങ്ങിനെ,ഒടുവില്‍ ലിസ് എന്ന നമ്മുടെ എഴുത്തുകാരി‍ ഇന്റോനേഷ്യയില്‍, ബാലിദ്വീപില്‍, എത്തുന്നു.. ലൌകീകവും ആത്മീയവും തുല്യമായി മിക്സ് ചെയ്ത് ജീവിക്കാനാകുമെന്ന് തെളിയിക്കാനായി.. അവര്‍ക്ക് അത് സ്വര്‍ഗ്ഗതുല്യമായ ഒരു രാജ്യമായി തോന്നുകയും, സ്വതന്ത്രമായ മനസ്സും ശരീരവുമായി അവര്‍ പുതിയ ഒരു കാമുകനെ കണ്ടെത്തുകയും, അവര്‍ ഈ ഭൂമിയിലെ ഏറ്റവും വലിയ ഒരു ലൈഗീകമായ ചേര്‍ച്ചയില്‍ എത്തിച്ചേരുകയും ചെയ്യുന്നു..

ലൈഗീക സ്വാതന്ത്ര്യം/സംതൃപ്തി, അതായിരുന്നോ ഈ പുസ്തകത്തിലെ പ്രതിപാദന വിഷയം?! അല്ല. കാരണം, ഇംഗ്ലീഷുകാര്‍ക്കൊക്കെ അത് ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലൊ?
പിന്നെ?!
കുറച്ചുകൂടി പെര്‍ഫക്റ്റ് ആയുള്ള ഒരു മേറ്റിനെ കണ്ടെത്തി ജീവിക്കുന്നു.. ഒപ്പം തന്റെ വ്യക്തിത്വം നിലനിര്‍ത്താനും ആകുന്നു.. അല്ലെങ്കില്‍,കണ്ടെത്തിയ കാമുകനില്‍ തന്റെ വ്യക്തിത്വം അടിയറവയ്ക്കാതെ താന്‍ ഇപ്പോഴും ഒരു separate individual ആണ് എന്ന രീതിയില്‍ ജീവിക്കാനാകുന്നു.. (ആദ്യ ഡൈവോര്‍സ് അവര്‍ക്ക് വളരെ കഠിനവും മറികടക്കാനാവാതെയായതും കൊണ്ടല്ലേ അവര്‍ ഇറങ്ങി തിരിച്ചത്, ഇനി അതുണ്ടാകില്ല.. ആ കഠിനത! എന്നു സമാധാനിക്കാം..)

‘ഏന്‍ഷ്യന്റ് പ്രോമിസി’ല്‍ ഒരു ഏഷ്യന്‍ സ്ത്രീ വലിയ കഠിനമായ ത്യാഗത്തിലൂടെയും ഒടുവില്‍ നേടുന്നതും ഈ സ്വാതന്ത്യം, ഈ സുഖം ഒക്കെ തന്നെയാണ്!

എനിക്ക് വിചിത്രമായി തോന്നിയതെന്തെന്നാല്‍..

ഏഷ്യയിലെ ഒരു സ്ത്രീ കഠിനത്യാഗങ്ങള്‍ ചെയ്ത് ഏഷ്യന്‍ ചങ്ങല പൊട്ടിച്ച്, വിദേശത്തുചെന്ന്
സുഖം കണ്ടെത്തുമ്പോള്‍, വിദേശത്തുള്ള സ്ത്രീ അവിടുത്തെ സ്വാതന്ത്യത്തിന്റെ വിശാലത ത്വജിച്ച്, ഏഷ്യയില്‍ വന്ന് അവിടത്തെ ചങ്ങലയ്ക്കുള്ളില്‍ തന്നെ ഇട്ട്, പാകപ്പെടുത്തി, ഒടുവില്‍ അവരും തഥൈവ! ഒടുവില്‍ രണ്ട് സ്തീകളും ഒരു പുരുഷനില്‍ നിന്ന് അനുഭവിക്കാനാകുന്ന സുഖം അതിന്റെ പരമോന്നതിയില്‍ അനുഭവിച്ച് ലക്ഷ്യം സാഷാത്കരിക്കുന്നു...

ഈ സ്ത്രീകളൊക്കെ സ്വാതന്ത്യം സ്വാതന്ത്യം എന്ന് ഉല്‍ക്കോഷിക്കുന്നത് ഇതിനു മാത്രമോ?!
അതോ എല്ലാ നല്ല സ്വാതന്ത്യങ്ങളും ഒടുവില്‍ ചെന്നെത്തുന്നത് മനുഷ്യന്റെ ബേസിക്ക് ആഗ്രഹങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ പറ്റുന്നിടത്തോ?!

ഒരു എഴുത്തുകാരി എന്ന നിലയില്‍ അവര്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്ത്യന്‍ അനുഭവങ്ങളും ബാലി അനുഭവങ്ങളും ഒക്കെ നാം നേരില്‍ കാണുമ്പോലെയും അനുഭവിക്കുമ്പോലെയും ഒക്കെ തോന്നിപ്പിക്കുന്ന രീതിയിലെ എഴുത്ത്! (ബാലി അനുഭവത്തിന്റെ അവസാനം ഒരു സിഡ്നി ഷെല്‍ഡന്‍ സ്റ്റൈല്‍ തോന്നിയെങ്കിലും). ഒരു ഇംഗ് ളീഷ്കാരിക്കോ ഇന്ത്യാക്കാരിക്കോ അനുഭവിക്കാന്‍ കഴിയാത്തത്ര സ്വാതന്ത്രത്തോടെ അവര്‍ക്ക് ജീവിതത്തെ നോക്കിക്കാണാനും, അനുഭവിക്കാനും സാധിച്ചു എന്നു പറയുമ്പോള്‍ വ്യക്തിപരമായി അതും അവരുടെ ഒരു നേട്ടമായി കണക്കാക്കാം..

ഈ ബുക്ക് ഇതേ പേരില്‍ തന്നെ സിനിമയാക്കിയിട്ടുണ്ട്.. അതില്‍ ജൂലിയ റോബര്‍ട്ട് ആണ് ലിസ്സിനെ അവതരിപ്പിച്ചിരിക്കുന്നത്.. ഏഷ്യയിലെ മെഡിറ്റേഷന്‍ ഗുഹകളും ബാലിയിലെ മനോഹര ദൃശ്യങ്ങളും ഒക്കെ ആസ്വദിക്കാൻവേണ്ടിയെങ്കിലും ആ സിനിമയും ഒന്നു കാണണമെന്നുണ്ട്..

ആത്മ..

15 comments:

Manoraj said...

പുസ്തകം വായിച്ചിട്ടില്ല. വായിക്കാം ശ്രമിക്കാം. ഒരു പുസ്തകത്തെ പറ്റി പറയുമ്പോള്‍ അതിന്റെ പ്രസാധകരെ പറ്റിയും അതിന്റെ അവൈലബിലിറ്റിയെ പറ്റിയും കൂടെ പറഞ്ഞ് തരൂ ആത്മേ..

ആത്മ said...

ബുക്കിന്റെ ഒരു ഫോട്ടോ കൂടി കൊടുത്തു.. ഇത്രയും മതിയോ?

Manoraj said...

ഇതൊക്കെ അദ്യമേ ചെയ്യണ്ടേ.. ദതാണ്.. അപ്പോള്‍ പെന്‍‌ഗ്വിന്‍ ആണ് പ്രസാധകര്‍. വില അതിലുള്ളത് ഡോളേര്‍സിലാവും.. അത് എനിക്കാവശ്യമില്ല.. പിന്നെ ഇത് എനിക്കുപകാരപ്പെട്ടില്ലെങ്കിലും ഇംഗ്ലീഷ് അറിയുന്ന ആര്‍ക്കെങ്കിലും ഉപകാരപ്പെടും. ഇടക്ക് ഞാനും ചെയ്യാറുണ്ട് ചില പുസ്തക പരിചയപോസ്റ്റുകള്‍. മലയാളമാണെന്ന് മാത്രം :)

ആത്മ said...

വായിക്കാന്‍ ആഗ്രഹം ഉദിച്ചപ്പോള്‍ കൈയ്യെത്തും ദൂരത്ത് മലയാളം കിട്ടാത്തതുകൊണ്ടാണു ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചു ശീലിച്ചത്..

ഒരിക്കല്‍ മലയാളത്തിലെ എല്ലാ നല്ല പുസ്തകങ്ങളും വായിക്കുന്ന പക്വത കൈവരുമ്പോള്‍ വായിക്കും..

കുഞ്ഞൂസ് (Kunjuss) said...

പ്രിയ ആത്മാ,
ഒരിക്കല്‍ വായിച്ചു ഇഷ്ടമാവാതെ പോയ ഒരു ബുക്ക്‌ ആണ് ഈ 'ഈറ്റ്‌,പ്രേ & ലവ്'.ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഉള്ളതാണ്. സ്വാതന്ത്ര്യം എന്നൊക്കെ ഉദ്ഘോഷിച്ചു, പുരുഷനില്‍ വിലയം പ്രാപിക്കുന്നതാണോ ആത്യന്തികലക്‌ഷ്യം? ആയിരിക്കാം ല്ലേ...

ആത്മ said...

ആര്‍ക്കറിയാം കുഞ്ഞൂസേ സത്യം?!
അതും ഇംഗ്ലീഷുകാരികള്‍ തന്നെ കണ്ടുപിടിച്ചു പറഞ്ഞുതരുമായിരിക്കും... കാത്തിരിക്കാം..

:)

Rare Rose said...

ആത്മേച്ചീടെ ഈ പുസ്തകം പരിചയപ്പെടുത്തല്‍ ഇഷ്ടായി.അതില്‍ പറയുമ്പോലെ പരിപൂര്‍ണ്ണ ശാന്തമായ ഒരവസ്ഥ വന്നു കിട്ടിയിരുന്നെങ്കില്‍ എന്നാണ്..

പിന്നെ ശരിക്കും എന്തു കിട്ടിയാലാണാവോ നമ്മളൊക്കെ മുഴുവനായും സന്തോഷപ്പെടുക.ചിലപ്പോ ഇപ്പോള്‍ നമ്മളേറ്റവും വേണമെന്നാഗ്രഹിക്കുന്നത് നമ്മള്‍ക്കൊപ്പം മുന്‍പേ ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ വേറെയെന്തെങ്കിലും കിട്ടണമെന്നും പറഞ്ഞു നടന്നേനെ അല്ലേ..

ആത്മ said...

റെയർ റോസ് വരുമെന്ന് എനിക്ക് ഒരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു..
വന്നല്ലൊ,

അതെ! ഇഷ്ടങ്ങളും ഒക്കെ മാറി മാറി വരും അല്ലേ,
എന്തുചെയ്യാൻ!
ചെയ്യാൻ പറ്റുന്നത് ഇഷ്ടം തോന്നുമ്പോൾ കണ്ണും അടച്ച് അങ്ങ് ഇഷ്ടപ്പെടുക..

എനിക്കു തോന്നുന്നു ഇഷ്ടം എന്നും അവിടെ ഉണ്ടാകും..
നമുക്ക് വേണ്ടുന്ന പൂക്കളൊക്കെ ഒരു പൂന്തോട്ടത്തിൽ നിന്നും പറിച്ചു കഴിഞ്ഞു എന്നു കരുതി പൂന്തോട്ടത്തോട് ഇഷ്ടം കുറയുമോ?
നമുക്ക് പറിക്കാൻ പൂക്കളില്ലാത്തതുകൊണ്ട് പോകുന്നില്ല.. പക്ഷെ ഒരിക്കൽ ആ പൂന്തോട്ടം നിറയെ പൂക്കൾ തന്നിരുന്നു എന്ന ഒരു ഒർമ്മ എന്നും നിലനില്ക്കില്ലേ മനസ്സിൽ..(ഇതൊക്കെ സാങ്കല്പിക്കമാണേ റോസൂ..)
എൻകിപ്പിന്നെ ആത്മേച്ചി പോയി ഉറങ്ങട്ടെ,
കണ്ടതിൽ സന്തോഷം! :)

കുഞ്ഞൂസ് (Kunjuss) said...

അതിലെ തീം ഇഷ്ടമായില്ലെങ്കിലും മുഴുവന്‍ വായിപ്പിക്കുന്ന രചനാപാടവം അംഗീകരിക്കാതെ വയ്യ!

ആത്മ said...

ഇംഗ്ലീഷുകാരുടെ സംസ്ക്കാരം വച്ച് നോക്കുമ്പോള്‍ തീമും നന്ന്,

നമുക്ക് ഇന്ത്യാക്കാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നേ ഉള്ളൂ അല്ലെ,

വല്യമ്മായി said...

ആത്മേച്ചി ഈയടുത്ത് എഴുതിയതില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടമായ പോസ്റ്റ്.

ഈറ്റ് പ്രെ ലൗ വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ഞാനും പലതവണ നോവലിലെ സാഹചര്യം ഇന്ത്യന്‍ സാഹചര്യവുമായി തട്ടിച്ച് നോക്കിയിരുന്നു.തന്റെ അസം‌തൃപ്തിയുടെ കാരണങ്ങള്‍ ലിസ് അത്രയൊന്നും തുറന്ന് പറഞ്ഞിട്ടില്ല.ഒരു പക്ഷെ "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍" എന്ന് പറഞ്ഞ പോലെ ഒരു സ്വാതന്ത്രവാഞ്ച അല്ലെങ്കില്‍ Midlife crisis അതോ നോവലില്‍ പലയിടത്തും സൂചിപ്പിച്ച പോലെ ഒരു കുഞ്ഞ് ജനിക്കും എന്ന ഭീതിയോ.അവസാനത്തേത് ആണ് കാരണമെങ്കില്‍ ലിസ് കുഞ്ഞില്‍ നിന്ന് രക്ഷ നേടുമ്പോള്‍ Ancient Promisesഇലെ നായിക കുഞ്ഞിലൂടെയാണ് രക്ഷ നേടുന്നത്.

ഇന്ത്യക്കാരി ആയത് കൊണ്ടാകും നോവലിലെ രണ്ടാം ഭാഗമാണ് ഏറ്റവും ഇഷ്ടമായത് റിച്ചര്‍ഡ് എന്ന കഥാപാത്രത്തേയും.

ആത്മ said...

അമ്മായിയെ കണ്ടപ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഒരു പാട്ട് തോന്നി..
‘മാനം തെളിഞ്ഞേ നിന്നാല്‍..
മനസ്സും തെളിഞ്ഞേ നിന്നാല്‍...’
:)

പോസ്റ്റ് ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ വളരെ സന്തോഷം!
റിച്ചാര്‍ഡിനെ എനിക്കും ഇഷ്ടപ്പെട്ടു..
ഇന്ത്യയിലെ ഭാഗം തന്നെയാണു എനിക്കും ഇഷ്ടമായത്.
ബാലിയിലെ ജീവിതം ആദ്യമൊക്കെ നന്നായിരുന്നു. ഒടുവില്‍ ഒടുവില്‍ അല്പം ഓവറാക്കിയതുപോലെ..

അനില്‍കുമാര്‍. സി.പി. said...

ഈ ബുക്ക് വായിച്ചു നൊക്കാന്‍ പ്രേരിപ്പിക്കുന്ന കുറിപ്പ്.നന്നായി.

പിന്നെ, ബുക്കിനേ കുറിച്ച് വായിക്കാതെ അഭിപ്രായം പറയാന്‍ വയ്യല്ലോ!

ആത്മ said...

അനില്‍കുമാര്‍. സി.പി :)


ഇത് ഒരു സ്ത്രീ സ്വാതന്ത്രയായി ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങുന്ന കഥയാണേ..

പറഞ്ഞില്ലെന്നു വേണ്ട..

Manoraj said...

ആത്മ,

ചെറിയ ഒരു സംരംഭം തുടങ്ങുന്നു. ഇതുമായി (പുസ്തകപരിചയവുമായി) ബന്ധപ്പെട്ടതാണ്. എനിക്ക് ആത്മയുടെ ഇമെയീല്‍ വിലാസം അറിയാത്തത് കൊണ്ട് ഇവിടെ കമന്റായി ഇടുന്നു. കഴിയുമെങ്കില്‍ എന്റെ ഇമെയിലില്‍ ഒന്ന് കോണ്ടാക്റ്റ് ചെയ്യുമോ..

ഓഫ്: പോസ്റ്റുമായി ബന്ധമില്ലാത്ത കമന്റായത് കൊണ്ട് വായനക്ക് ശേഷം ഇത് ഡിലീറ്റിക്കോളു..