Sunday, December 5, 2010

പൊട്ടിയ കളിപ്പാട്ടങ്ങളുടെ സൂക്ഷിപ്പുകാരി

ഹോസ്റ്റലില്‍ നിന്നും പെട്ടിയും കിടക്കയുമായി പടിയിറങ്ങുമ്പോള്‍ നിസ്സംഗത കൈവരിക്കാന്‍ ആവതും പണിപ്പെട്ടു! കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന ഈ സൌധം ഇനി മേല്‍ തനിക്ക് അന്യമാണെന്ന നടുക്കം! അതിലും നടുക്കിയത് ഒരുപക്ഷെ, താന്‍ തിരിച്ച് ഇവിടേയ്ക്ക് വന്നാലും ഇതിനകത്ത് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന ഒട്ടുമുക്കാലും പേര്‍ അവിടെ കാണില്ല എന്നതായിരുന്നു..

പിന്നീട് അതുവഴി കടന്നുപോകുമ്പോള്‍ മരങ്ങള്‍ക്കിടയിലൂടെ കാണുന്ന പിങ്ക് നിറത്തിലെ ആ കെട്ടിടം കാണുമ്പോള്‍ അറിയാതെ 'അത് തന്റെ കുടുംബമായിരുന്നു ഒരിക്കല്‍..' എന്നു മനസ്സ് പറയും.
ആ വളപ്പില്‍ ഒരു പുളിഞ്ചിമരം ഉണ്ട്, അവിടെ നിറയെ പൂത്തുനില്‍ക്കുന്ന ചെമ്പകമരങ്ങളുണ്ട്, പിറകില്‍ ആരും അധികം ശ്രദ്ധിക്കാതെ ബാന്‍ഡ്മിന്റന്‍ കളിക്കാനായി ഒരു മുറ്റം ഉണ്ട്..
അതിനപ്പുറം തുണികള്‍ കഴുകി വിരിക്കാനായി ഒരിടം..
ഏറ്റവും മുകളില്‍ ടി.വി റൂം. രണ്ടാമത്തെ നിലയില്‍ റീഡിംഗ് റൂം, പ്രയര്‍ റൂം..
റീഡിംഗ് റൂമില്‍ വച്ച് എപ്പോഴും തലയില്‍ മുണ്ടിട്ടു നടക്കുന്ന സുബൈദയും ഞാനുമായി പലപ്പോഴും മതത്തെപ്പറ്റിയും മറ്റും തര്‍ക്കിച്ച് ഒടുവില്‍ സമനിലയില്‍ പിരിഞ്ഞിട്ടുണ്ട്..
സുബൈദയുടെ കൂടെ എപ്പോഴും ഒരു ശാന്തമുഖവുമായി ഒരു കുട്ടി കൂടെയുണ്ടാവും..പേര് മറന്നുപോയി. അവള്‍ തര്‍ക്കത്തില്‍ പങ്കുചേരില്ല. വെറുതെ ചിരിച്ചുകൊണ്ടു കേട്ടു നില്‍ക്കും.. താനും സുബൈദയും എല്ലാ പോയിന്റുകളും നിര്‍ലോഭം എടുത്തിട്ട് തര്‍ക്കിക്കും..
വെറുതെ..
തനിക്ക് അഴിച്ചുമാറ്റാന്‍ നിവര്‍ത്തിയില്ലാത്ത ആ കറുത്ത മേലങ്കിയെ രക്ഷിക്കാനായി അവള്‍ വെറുതെയെങ്കിലും ന്യായങ്ങള്‍ കൊണ്ടുവരും.
അമ്മാതിരി ഒരു കറുത്ത മേലങ്കിയുണ്ടായിരുന്നെങ്കില്‍ അതിന്റെ ആവരണത്തില്‍ തന്റെ ലജ്ജയും കറുത്തു പരുത്ത മുടിയും മറക്കാമായിരുന്നല്ലൊ എന്ന ഒരു നഷ്ടബോധം തന്നിലും ഉണ്ടാവും തര്‍ക്കിക്കാനായി വെമ്പലോടെ..

***

പിന്നീട് നഷ്ടങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ടായി..
നഷ്ടത്താല്‍ തേങ്ങുന്ന ഹൃദയവുമായി കയറിവന്ന പുതിയ അംഗത്തിനെ എന്നും ആ പരിവേഷത്തില്‍ തന്നെ കാണുവാനുള്ള ഒരു വെറി ഇവിടെ എല്ലാവരിലും കണ്ടു പിന്നെ!
ഒരു നഷ്ടത്തില്‍ നിന്നും കരകയറി എന്നു കരുതി ആശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ മനപൂര്‍വ്വം മറ്റൊരു നഷ്ടം തന്ന് അനുഗ്രഹിക്കാനായി കൂടെ ഒരാള്‍.. ജീവിതത്തിലുടനീളം..തല്‍ക്കാലം വിധി എന്നു വിളിക്കാം..

ആദ്യം നഷ്ടം വന്നത്, ജീവിതപങ്കാളിയായി തിരഞ്ഞെടുത്ത ആളിനെ തന്നെയായിരുന്നു. രൂപം നഷ്ടം വന്നില്ല, പക്ഷെ ആത്മാവ് നഷ്ടപ്പെട്ട ഒരു ഇമിറ്റേഷന്‍ രൂപം! അത് തന്നെ വല്ലാതെ ഭയാക്രാന്തയാക്കി. സത്യമെന്തെന്നറിയാതെ വലയുമ്പോള്‍ ചിലപ്പോള്‍ ആത്മാവുള്ള രൂപം മുന്നില്‍ പ്രത്യക്ഷമാവും അപ്പോല്‍ ഡ്യൂപ്ളിക്കേറ്റ് പല നാടകങ്ങളും ആടി, തന്റെ ആത്മാവിന്റെ മറച്ചുവയ്പ്പിക്കും.. പടിയിറങ്ങിപ്പോകുന്ന ഒറിജിനലിനെ നോക്കി ഹൃദയം കരയും.. ഓടിച്ചെന്ന്‍ ‘എനിക്ക് തെറ്റുപറ്റിയതാണ്.. മാപ്പ് തരൂ.. ഒരു ജീവിതം തരൂ.., നിങ്ങള്‍ പറയുന്ന കുറ്റങ്ങളും, കുറവുകളും പോലും എന്നെ ഞാനാക്കുന്നു..കാരണം എനിക്കായി ഇവിടെ ഒരു ജീവിതം ഇല്ല’ എന്നു യാചിക്കാന്‍ തോന്നും.. പക്ഷെ, വാക്കുകള്‍ ഹൃദയ ഭിത്തികളില്‍ തട്ടി ചിന്നിച്ചിതറിപ്പോയി.. അത് പ്രകടിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ കുഴങ്ങുമ്പോള്‍, കൂടെ പ്രതീക്ഷയോടെ ഒരു നിഴല്‍ കണ്ട് ഭയന്ന് പിന്മാറി!!

പിന്നെ പതിയെ പതിയെ ആ നഷ്ടം മറക്കാന്‍ തുടങ്ങിയപ്പോള്‍‍ പുതു പുത്തന്‍ നഷ്ടങ്ങള്‍ കൊണ്ട് വിധി തന്നെ മൂടി! ഒരിക്കലും നഷ്ടങ്ങളുടെ തീച്ചൂളയില്‍ നിന്നും താന്‍ കരകയറരുതെന്ന വെറിയോടെ.. താന്‍ വെന്തുരുകുമ്പോള്‍ അവര്‍ പുറത്ത്പോയി ഉന്മാദ നൃത്തമാടി.തന്റെ ഓരോ നഷ്ടങ്ങളും അവര്‍ക്ക് ആഘോഷങ്ങളായി മാറുന്നത് അവള്‍ വേദനയോടെ അറിഞ്ഞു!

ഒടുവില്‍ നീ മുന്നില്‍ വന്നു നിന്നപ്പോല്‍ ഞാന്‍ വിളറിപ്പോയി!
അടുത്ത ഇര!
എന്നെ ഒരിക്കല്‍ക്കൂടി നഷ്ടങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തെറിയിക്കാനായി സ്വയം വന്നു കയറുമ്പോലെ നിഷ്ക്കളങ്കനായി നീ നിന്നു..
പിന്നെ നിന്റെ കൂടെ നിന്റെ നിഴലിനെ കണ്ട് ഞാന്‍ ആശ്വസിച്ചു!

നമ്മളെ വച്ച് കരുക്കള്‍ നീക്കി കളിക്കാന്‍ ഉത്സുകരായി അവര്‍ അപ്പോള്‍‍ വട്ടം കൂടുകയായിരുന്നു.കളി തീരെയറിയാത്ത നീ എന്റെ ആത്മാവു കാണാന്‍ ശ്രമിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി!കളിയുടെ നിയമങ്ങള്‍ നന്നായറിയാവുന്ന ഞാന്‍, അവസാനംവരെ അവര്‍ ഇപ്പോഴേ കല്പിച്ചുകൂട്ടിക്കഴിഞ്ഞുള്ള ഒരു കളിയിലെ കഥാപാത്രങ്ങള്‍ മാത്രമാണ് നമ്മള്‍ എന്നു പറയാന്‍ വെമ്പി! ഒടുവില്‍ നീ എന്നെ വെറുക്കും വരെ തുടരുന്ന ഒരു കളി!!!

നിന്നെ കാണുമ്പോള്‍ തുടിക്കുന്ന എന്റെ ഹൃദയമായിരുന്നു അവരുടെ ഏക വിനോദം.. ആ ഹൃദയത്തിന്റെ പിടച്ചില്‍, ദയവിനു വേണ്ടി, സ്നേഹത്തിനു വേണ്ടി, അംഗീകാരത്തിനുവേണ്ടിയുള്ള മുറവിളി, അതൊക്കെ നിന്റെ മുന്നില്‍ വച്ച് ഇഞ്ചിഞ്ചായി പിച്ചിച്ചീന്തിയെറിഞ്ഞ് നൃത്തം വയ്ക്കാനുള്ള അവരുടെ വെറി. അതിനെ നീ അവരുടെ വിശാലതയായി കണ്ടു.

എന്റെ ഹൃദയം ഞാന്‍ ഇനിയും കട്ടിയുള്ള ആവരണങ്ങളാല്‍ മറക്കാന്‍ പണിപ്പെട്ട് ഞാനും!

***

ആദ്യം പേരയുടെ താഴേക്കുള്ള ചില്ല താനറിയാതെ വെട്ടിയതിന്റെ പേരില്‍ അവള്‍ മാസങ്ങളോളം തീരാനഷ്ടത്തിലെന്നപോലെ നടന്നു. ആ ചില്ല നിറയെ കുഞ്ഞുപേരകള്‍ ഉണ്ടായിരുന്നു. മനോഹരമായ വെളുത്ത പൂവും ചെറിയ കായ്കളുമായി തന്റെ അടുക്കളയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് അതൊരു അഭിമാനം, ആശ്വാസം.. നേട്ടം! എന്തൊക്കെയോ ആയിരുന്നു! പേരക്കായ് പറിച്ച് കഴിക്കണമെന്നൊന്നും ഇല്ലായിരുന്നു.. വെറുതെ നോക്കി നില്‍ക്കാന്‍ ഒരുന്മാദം! പഴുത്ത പേരപ്പഴം തിന്നാനായി പലതരത്തിലുള്ള കിളികള്‍ വരുമായിരുന്നു.. എല്ലാം തന്റെ സ്വകാര്യസ്വത്തായി അവള്‍ കണ്ട് ആനന്ദിച്ചു..തന്റെ നഷ്ടപ്പെട്ടുപോയ പലതും തിരിച്ചു കിട്ടിയ മാതിരി ഒരു സന്തോഷം..

ആ സന്തോഷമാണ് പെയിന്റ് അടിക്കാന്‍ വന്ന ഏതോ മഹാമടിയനും ദുഷ്ടനും ആയ ഒരാള്‍ തന്നോട് അനുവാദം ചോദിക്കാതെ വെട്ടിക്കളഞ്ഞത്! ഒരുനിമിഷം കഴിഞ്ഞ് താന്‍ കണ്ടപ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. തനിക്ക് എത്താത്ത ദൂരത്തില്‍ മറ്റു ചില്ലകളുമായി അപരിചിതയെപ്പോലെ പേര നിന്നപ്പോള്‍ വല്ലാത്ത ഒരു ദുഃഖം തോന്നി..

പിന്നീട് ഒരിക്കല്‍ ആരോ വന്ന് ആ പേരയെ മൂടോടെ വെട്ടിക്കളഞ്ഞതും അവളുടെ അനുവാദം ചോദിക്കാതെയായിരുന്നു. ഇപ്പോള്‍ അവളുടെ ഉള്ളില്‍ ഉണ്ടായിരുന്ന ഒരു വലിയ മുറിവില്‍ ആരോ മണ്ണിട്ടു ജീവനോടെ മൂടിയ മാതിരി ഒരുതരം നിസ്സംഗത അവളെ ഗ്രസിച്ചു. വേദന തീരെയില്ലാത്ത ഒരു വലിയ മുറിവ് അവളെ അല്‍ഭുതപ്പെടുത്തി!

പിന്നെ കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഒരു ഗാര്‍ഡണറെ വിളിച്ച് വളപ്പില്‍ തഴച്ചു വളരുന്ന മാവും പ്ലാവും മാവില്‍ പൂത്തുലഞ്ഞു കിടന്ന തന്റെ പ്രിയപ്പെട്ട വള്ളിച്ചെടിയും, തന്റെ പ്രിയപ്പെട്ട നെല്ലിയും കൊന്നയും ഒക്കെ മൂടോടെ മുറിച്ചു കളയുമ്പോളും അവളുടെ ഉള്ളിലെ നിസ്സംഗതക്ക് ഇളക്കം തട്ടിയില്ല. ഒരു സ്വപ്നത്തിലെന്നപോലെ അവള്‍ നോക്കി നിന്നു.. തനിക്കെന്തേ ഇപ്പോള്‍ നഷ്ടങ്ങളൊന്നും നഷ്ടങ്ങളായി തോന്നാത്തത്..!!

എല്ലാം വെട്ടിമാറ്റി ആ അപരിചിതര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ അവള്‍ വെളിയില്‍ ഇറങ്ങി നോക്കി,ഏതൊക്കെ ചെടികള്‍ വെള്ളമൊഴിച്ചാല്‍ വീണ്ടും തളിര്‍ത്ത് പഴയപോലെ വരും എന്നറിയാന്‍!
ഭാഗ്യം! നെല്ലി മൂടോടെ നശിപ്പിച്ചിട്ടില്ല! ഒരുപക്ഷെ, അതു വീണ്ടും വളരും.. തന്റെ ഒരു വള്ളിച്ചെടിയും മൂടോടെ പിഴുതെടുത്തിട്ടില്ല.. പിന്നെ എന്തൊക്കെ ശേഷിക്കുന്നു എന്നു നോക്കി..തനിക്ക് തിരിച്ച് രക്ഷിച്ചെടുക്കാന്‍,വീണ്ടെടുക്കാന്‍ എന്തൊക്കെയുണ്ടെന്ന് തിട്ടപ്പെടുത്തി അവള്‍ വെറുതെ ചുറ്റി നടന്നു.. നിസ്സംഗതയോടെ..

***

എല്ലാം കഴിഞ്ഞ്,‘പുറത്തെ ഗാര്‍ഡന്‍ വളരെ മനോഹരമായി മോടിപിടിപ്പിക്കാന്‍ പോകുന്നു’എന്നൊക്കെ പൊള്ളത്തരങ്ങള്‍ അയാള്‍ പറഞ്ഞതും അവള്‍ കാര്യമായെടുത്തില്ല. ആരെയോ ബോധിപ്പിക്കാനെന്നപോലെ, താന്‍ പ്രിയപ്പെട്ടതായി കരുതി വളര്‍ത്തി വലുതാക്കിയവ നശിപ്പിച്ചു കളയാനായല്ലൊ,എന്ന സംതൃപ്തിയോടെ അയാള്‍ നടക്കുന്നത് അവള്‍ അറിഞ്ഞതായി ഭാവിച്ചില്ല. ‘ഇതുപോലെ,നിന്നില്‍ എന്തൊക്കെ പ്രിയപ്പെട്ടതുണ്ടായാലും എനിക്കവ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ വളരെ കുറച്ചു സമയം മതി’എന്നു അയാള്‍ ഉള്ളില്‍ പറയുമ്പോലെ..നിന്റെ മനസ്സില്‍ ഉരുത്തിരിയുന്ന വിഡ്ഡിത്തങ്ങള്‍, നിന്റെ ഹൃദയത്തില്‍ വിരിയുന്ന വിചിത്രമായ പുഷ്പങ്ങള്‍, എന്തിനധികം! നിന്റെ ഗര്‍ഭപാത്രത്തിലെ ജീവന്റെ തുടിപ്പുപോലും എനിക്ക് നിഷ്പ്രയാസം ഛിദ്രപ്പെടുത്താനാകും എന്ന അഹംഭാവം!!

ഇപ്പോള്‍ തനിക്ക് പ്രിയപ്പെട്ടതെന്ന് പറയാന്‍ ഒന്നും ഇല്ലാതായിരിക്കുന്നു. ഒരു തരം ഭയം!
താന്‍ പ്രിയപ്പെട്ടതായി കരുതുന്നതിനെ നശിപ്പിക്കാനായി അയാള്‍ കാത്തിരിക്കുന്നപോലെ!
അയാള്‍ നശിപ്പിച്ചു കടന്നുപോയവ വീണ്ടും ഭദ്രമായി തുന്നിച്ചേര്‍ത്തും ഒട്ടിച്ചു വച്ചും അയാള്‍ക്ക് തകര്‍ക്കാനായി പുത്തന്‍ കളിപ്പാട്ടങ്ങള്‍ തീര്‍ക്കുന്നവളായി താന്‍ എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു.

[ഈ കഥയും അല്പം നേരും അധികം ഭാവനയും ചേര്‍ത്ത് എഴുതിയതാണ്]

12 comments:

jazmikkutty said...

ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ നിസ്സംഗതയാണ് എല്ലായ്പ്പോഴും....
ആത്മേ നന്നായെഴുതി.

ആത്മ said...

ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ അറിയാത് പബ്ലിഷ് ആയിപ്പോയതായിരുന്നു പോസ്റ്റ്,
ജാസ്മിക്കുട്ടിയുടെ കമന്റുകണ്ട് ആക്രാന്തപ്പെട്ട് (കമന്റുകള്‍ ഇപ്പോഴും ആത്മക്ക് ഒരു വീക്നസ്സ് ആണേ!) പോയി ഒരുവിധം എഴുതി തീര്‍ത്തു!
ഇഷ്ടപ്പെട്ടെന്നു കരുതുന്നു..
നന്ദി!

മുല്ല said...

ഇഷ്ടപ്പെട്ടു,ആശംസകള്‍

ചെറുവാടി said...

വശ്യമായ ശൈലിയാണ് ആത്മ നിങ്ങളുടെ എഴുത്തിന്‌. ഈ കഥ പറഞ്ഞ രീതിയും വളരെ നന്നായി. ഞാനിന്ന് വായിച്ച നല്ല രചനകളുടെ കൂട്ടത്തില്‍ ഇതും ഉണ്ട്.
ആശംസകള്‍

ആത്മ said...

മുല്ല,

ആശംസകള്‍ക്ക് നന്ദി!

ആത്മ said...

ചെറുവാടി,

കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം!

ആശംസകള്‍ക്കു നന്ദി!

jazmikkutty said...

അയ്യോ കഥ ഞാന്‍ കാരണം ധ്രിതിപെട്ടു എഴുതേണ്ടി വന്നോ?
വായിച്ചിട്ട് അഭിപ്രായം എഴുതാം...:)

Rare Rose said...

ആത്മേച്ചീ.,കഥ ഇഷ്ടമായി.ഒരു പരിധി കഴിഞ്ഞാല്‍ പിന്നെയൊന്നുമേശാത്ത വിധം തണുത്തുറഞ്ഞു പോകും.
എന്നിട്ടും വീണ്ടും തളിര്‍ക്കാന്‍ ബാക്കിയെന്തെങ്കിലും നില്‍ക്കുന്നുണ്ടോന്ന് തിരയുന്ന കഥയിലെ പ്രതീക്ഷ..അത് അണയാതിരിക്കട്ടെ..

പിന്നെ പുതിയ സൂര്യന്‍ പോസ്റ്റ് എവിടെപ്പോയി.ഡിലീറ്റല്‍ ഒരു പതിവാക്കിയോ.:(

ആത്മ said...

jazmikkutty,:)
ശരി!

ആത്മ said...

Rare Rose,:)

എന്റെ സൂര്യൻ വീണ്ടും പബ്ളിഷ് ചെയ്തു..
പബ്ളിഷ് ചെയ്യണോ ചെയ്യണ്ടേ എന്ന് രണ്ടു മനസ്സ് വരും ചിലപ്പോൾ..

faisu madeena said...

നന്നായി ..എല്ലാം ...

ആത്മ said...

വളരെ വളരെ നന്ദി..!