Tuesday, November 30, 2010

എന്റെ പുതിയ ഫോണ്‍!

ഇന്ന് രാവിലെ മുതല്‍ വെളിയില്‍ ആയിരുന്നു ബ്ലോഗേ.. അതിയാന്റെ (കട: ബോബനും മോളിയും) കൂടെ. എന്റെ ഫോണ്‍ മാറ്റി തരാം എന്നു പറഞ്ഞ് ഇത് മൂന്നാമത്തെ പ്രാവശ്യമാണു കുരങ്ങുകളിപ്പിക്കാനായി കൂടെ കൂട്ടുന്നത്..! ഇന്നേതിനും രണ്ടിലൊന്നറിഞ്ഞിട്ടേ കാര്യമുള്ളൂ എന്നു കരുതി ഞാനും ബ്രേവതി ( ധൈര്യവതി)യായി കൂടെ കൂടി.

അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ നമ്മളെ ഒന്നു കമ്പ് ളീറ്റ് അഴിച്ചുപണിയേണ്ടി വരും..
(പിന്നീട് തിരിച്ചു വന്ന് പതിയെ വീണ്ടും എല്ലാം (സെല്‍ഫ് പിറ്റി, അഹം ഭാവം.. എക്സട്രാസ്) പ്രോപ്പര്‍ സ്ഥാനങ്ങളില്‍ ഫിറ്റ് ചെയ്ത് ഒറിജിനല്‍ ആത്മയാകാം എന്ന ഒരു മുന്‍ കരുതലോടെ ഞാന്‍ എന്നെ അങ്ങ് അഴിച്ചിട്ടു)

എനിക്ക് അദ്ദേഹത്തെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടെന്നു കണ്ടാല്‍ ആ ആവശ്യം മാക്സിമം ദീര്‍പ്പിക്കുക, അങ്ങിനെ തന്റെ പുറകേ നടത്തിക്കുക എന്നൊരു സാഡിസം അദ്ദേഹത്തിനും (അറിഞ്ഞോ അറിയാതെയോ?!); ഇത് ഇതിനകം നന്നായറിയാവുന്ന ഞാന്‍ (അദ്ദേഹത്തെ ഒരു കാര്യത്തിനായി ആശ്രയിക്കേണ്ടി വരുന്നത് എന്റെ ഒരു ഏറ്റവും വലിയ ബലഹീനതയായി കരുതി), എന്റെ ആത്മവിശ്വാസം മുഴുവന്‍ പതിയെ ചോര്‍ന്നുപോകുന്നതിനെ തടയാന്‍ നിവര്‍ത്തിയില്ലാതെ ഒരു തരം നിസ്സഹായാവസ്ഥയിലേക്ക് താഴ്ന്നുപോകും. ഈ രണ്ട് ഡൈവേര്‍സിറ്റികളും തമ്മില്‍ വളരെ പൊരിഞ്ഞ യുദ്ധം നടക്കും പല നല്ല കാര്യങ്ങളും നടന്നു കിട്ടാന്‍! അദ്ദേഹത്തിനു കാട്ടാതെ തീരെ നിവര്‍ത്തിയില്ല, എനിക്ക് സഹിക്കാതെ രക്ഷപ്പെടാനും ഒരു നിവര്‍ത്തിയുമില്ലാത്ത ഒരു ദുര്‍ഘടാവസ്ഥ!!

ആദ്യം മകാളെ സ്ക്കൂളില്‍ ആക്കി, പിന്നെ മറ്റൊരു ഓഫീസില്‍ കയറി, പിന്നെ വേറൊന്നില്‍.. എന്റെ ക്ഷമ കെട്ടു തുടങ്ങി.. (അഴിച്ചിട്ട അക്ഷമ തിരിച്ചുവന്നു!) അപ്പോള്‍, “നീ വേണമെങ്കില്‍ ഫോണ്‍ കടയുടെ അടുത്തു പോയി നിന്നോ” എന്നൊരു ഓശാരവും!
‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്ന മട്ടില്‍ ഞാന്‍ പതിയെ എസ്കലേറ്റര്‍ വഴി താഴേക്ക് ഗമിച്ചു.
അവിടെ ഫോണ്‍ കടയില്‍ അകത്തു കയറി കാറ്റലോഗ് ഒക്കെ മറിച്ചു നോക്കി.
ഇവിടെ ഫസ്റ്റ് കം ബേസിസ് ആണു. ഇപ്പോള്‍ ഫോണ്‍ ഉണ്ടെങ്കില്‍ കിട്ടും ഞാന്‍ ഫസ്റ്റ് വന്നെങ്കിലും അതിയാന്‍ വന്നാലേ അവര്‍ അംഗീകരിക്കത്തൊള്ളൂ.. (കാരണം ഫോണ്‍ അദ്ദേഹത്തിന്റെ പേരിലാണല്ലൊ). അതോര്‍ത്തപ്പോള്‍‍ എന്റെ യൂസ്ലസ്സ്നസ്സിനെ പറ്റി ഞാന്‍ അവേര്‍ ആയി!
അതെന്നില്‍ സെല്‍ഫ് പിറ്റി വീണ്ടും എടുത്ത് ഫിറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചു.. ‍ അത് എങ്ങിനെയും ആട്ടിപ്പായിക്കാനായി വെറുതെ ഒന്ന് ഉലാത്താമെന്നു കരുതി ഷോപ്പിംഗ് മാളിലൂടെ മന്ദം മന്ദം ഗമിക്കാന്‍ തുടങ്ങി.

അധികവും കോട്ടും സൂട്ടുമണിഞ്ഞ അഭ്യസ്തവിദ്യരായ ചീന/ചീനത്തികളാണ്.. കൂടാതെ തനി സായിപ്പന്മാരും ഉണ്ട്.. എന്റെ സെല്‍ഫ് പിറ്റി പോകുന്നതിനു പകരം അതിന്റെ കൂടെ അല്പം ഇന്‍ഫീരിയോരിറ്റിയും കടന്നുകൂടി. ഹും! അഭ്യസ്തവിദ്യര്‍..എല്ലാം തനിയെ ചെയ്യാന്‍ കഴിവുള്ളവര്‍.. അതിനിടയില്‍ ഒരു യൂസ്ലസ്സ് വീട്ടമ്മ ഒരു ഫോണിനായി തന്റെ കണവനെ പ്രതീക്ഷിച്ച് ഒരു മണിക്കൂറിലേറെ വെയിറ്റു ചെയ്യുക! അതും ഒരു ബുക്ക് സ്റ്റാളോ, പലചരക്കുകടയോ പോലും ഇല്ലാതെ വെറും ബ്യൂട്ടി സാമഗ്രികള്‍ ആകര്‍ഷകമായി വച്ച് ഒടുക്കത്തെ വിലയും വച്ച് ഇരിക്കുന്ന ബോറന്‍ ഷോപ്പുകള്‍ മാത്രം! ഹും! ആര്‍ക്കുവേണം!

ആത്മയ്ക്ക് ഇപ്പോള്‍ ദേഷ്യമാണ് പുറത്തുവന്നത്.. ( ഫോണ്‍ വാങ്ങാന്‍ വരുന്ന ദിവസം തന്നെ സകലതും ചെയ്തു തീര്‍ക്കണം എന്ന ആക്രാന്തം മനുഷ്യനു പാടില്ല.. ഹും!-അങ്ങിനെ ദേഷ്യവും തിരിച്ച് ഫിറ്റ് ചെയ്യപ്പെട്ടു!)
പെട്ടെന്ന് മകളുടെ ഉപദേശം ഓര്‍ത്തു.. ‘അമ്മേ അമ്മയ്ക്ക് ഫോണ്‍ വേണമെങ്കില്‍ അച്ഛനെ പിണക്കല്ലെ, എന്തെങ്കിലും പറഞ്ഞാലും കേട്ടില്ലെന്നു കരുതിയിരുന്നാല്‍ ഫോണ്‍ കിട്ടും!’ (അമ്മ മിടുക്കി കുട്ടിയല്ല്യോ എന്ന മട്ടില്‍ ഒരു ചിരിയും!)
എങ്കിപ്പിന്നെ അതുതന്നെ! ലേറ്റസ്റ്റ് ആയി അവളെയാണ് ഞാന്‍ ഗുരുവായി അംഗീകരിച്ചിരിക്കുന്നത്..
എല്ലാം പോസിറ്റീവ് ആയി എടുക്കാം..
ഇവിടെ ഇന്നിനി ഏതിനും ഫോണ്‍ കിട്ടില്ല. ( നൊ സ്റ്റോക്ക്!)
എവിടെ പോയാല്‍ കിട്ടും?!.
ഒരു നിമിഷത്തെ ദീര്‍ഘവീക്ഷണം, ക്ഷമ, ആത്മവിശ്വാസം ഒക്കെ കൊണ്ട് ഇന്ന് ഫോണ്‍ വാങ്ങാന്‍ പറ്റി എന്നു പറഞ്ഞാല്‍ മതിയല്ലൊ ബ് ളോഗേ!!
(പിന്നെ എനിക്ക് ഫോണ്‍ ചെയ്യാന്‍ കൂട്ടു വന്നതിനെ മാനിച്ച്, ബാക്കിയുള്ള ഒന്നു രണ്ടിടങ്ങളില്‍ പോകാന്‍ വോളന്റിയര്‍ ആയി കാറിന്റെ അറ്റത്തിരുന്ന് സുന്ദരന്‍ ഡയലോഗ്സ് മുഴുവന്‍ ശ്രവിച്ചു കൊടുത്തു..!- ഈ ലോകത്ത് ഒന്നും ഫ്രീയായി കിട്ടില്ലല്ലൊ!)

എനിക്ക് ഇങ്ങിനെ മാനസാന്തരം ഉണ്ടായ അതേ സമയം മൂന്നു അല്‍ഭുതങ്ങള്‍ എന്റെ കണ്‍ മുന്നില്‍ സംഭവിച്ചു!!! അതുകൂടി എഴുതിയില്ലെങ്കില്‍ ഒരു അപൂര്‍ണ്ണത.

ഒന്ന്, ഒരു കാപ്പിരിയും ചീനനും കൂടി എന്റെ തൊട്ടു മുന്നില്‍ വച്ച് വല്ലാത്ത ഒരു ആവേശത്തില്‍ തമ്മില്‍ കൂട്ടിമുട്ടി, ആശ്ലേഷിച്ചു പിന്നെ സോറി പറഞ്ഞ് പിരിഞ്ഞു.. എല്ലാം ഒരു ഞൊടിയിടയില്‍ കഴിഞ്ഞു!

രണ്ട്, ഒരു സായിപ്പും മദാമ്മയും (മദ്ധ്യവയസ്സിനോടടുക്കുന്ന പ്രായം..) തമ്മില്‍ പിരിയും നേരം പരസ്പരം ഒരു ചുംബനം സമ്മാനിച്ചു! (സത്യമായിട്ടും ഈ പ്രായത്തിനിടയില്‍ ലൈവായി ഇത്തരം ഒരു കാഴച്ച അദ്യമായി കാണുകയാണ്! എന്റെ നല്ല പ്രായത്തിലൊക്കെ യുവമിഥുനങ്ങളൊക്കെ പാത്തും പതുങ്ങിയും ബസ്റ്റോപ്പിലും മറ്റും ഇരുന്ന് ഓരോന്ന് കാണിക്കുന്നപോലെ തോന്നുമ്പോള്‍ ഛായ്! അസംബന്ധം! അശ്ലീലം! എന്നൊക്കെ പറഞ്ഞ്, ഞാനൊന്നും കണ്ടില്ല, കാണാന്‍ താല്പര്യപ്പെടുന്നുമില്ല! എന്ന മട്ടില്‍ തലയുമുയര്‍ത്തി ഒറ്റ നടപ്പായിരുന്നു.. ഇപ്പോള്‍ പിന്നെ വയസ്സൊക്കെ കുറെയായില്ല്യോ! അതുകൊണ്ട് നേരിട്ട് ഒന്നു നോക്കാനും തരം കിട്ടിയാല്‍ ഒരു ആശീര്‍വ്വാദ മനോഭാവം കാട്ടാനും ഒക്കെ ഒരു ഹൃദയവിശാലത!)

മൂന്ന്, ഒരു മാന്യന്‍ എന്റെ കാലില്‍ വീണു വീണില്ല എന്ന മട്ടില്‍ നമസ്ക്കരിച്ചു!
അദ്ദേഹം നടന്നപ്പോള്‍‍ സൂക്ഷം എന്റെ മുന്നില്‍ വച്ച് കാലിടറുകയും (കാല്‍ തട്ടി എന്നും പറയാം)
മുന്നോട്ട് കുനിഞ്ഞ് എന്നെ വന്ദിക്കയും ചെയ്തു! ഞാന്‍ ഭയന്ന്, ആശീര്‍വ്വദിക്കണോ എന്നു ഒരു നിമിഷം നോക്കി, വേണ്ടെന്ന് കണ്ട് ആശ്വസിച്ചു, പിന്നെ, ‘ഞാനൊന്നും പിഴച്ചില്ലേ..’ എന്ന മട്ടില്‍ ശാന്തത കൈവരിച്ചു

അപ്പോള്‍ ഫോണിന്റെ ബാക്കി കഥ..!
ഇനി എനിക്ക് വെളിയില്‍ ഷോപ്പിംഗിനൊക്കെ പോകുമ്പോഴും ബ് ളോഗുലകത്തെയും ട്വിറ്ററുലകത്തെയും ഒക്കെ വിശേഷങ്ങള്‍ അറിഞ്ഞ് ചാരിതാര്‍ത്ഥ്യപ്പെടാം.. സായൂജ്യമടയാം.. എന്നു പറഞ്ഞ് അധികം ദീര്‍ഘി‍പ്പിക്കാതെ ഞാന്‍ എന്റെ കുത്തിക്കുറിപ്പ് ചുരുക്കുന്നു..
ഇന്ന് ചൊവ്വാഴ്ച്ചയായതുകൊണ്ട് നാളെമുതല്‍ ഉപയോഗിക്കാം എന്റെ ഫോണിനെ!

10 comments:

Rare Rose said...

ആത്മേച്ചീ.,ഇപ്പോ മിക്ക പോസ്റ്റിലും ഒരു തമാശക്കാരി ഒളിഞ്ഞു നോക്കുന്നുണ്ടല്ലോ.:)
ഒന്ന്,രണ്ട്,മൂന്ന് ഒക്കെ മനസ്സിലോര്‍ത്ത് ചിരിച്ചു.

പിന്നെ രണ്ടിലെ ഹൃദയ വിശാലത.പാവം മിഥുനങ്ങളെ ഒളിഞ്ഞു നോക്കീട്ട് ഹൃദയ വിശാലതയെന്ന് പറഞ്ഞാ മതീലോ.;)
ഞാനോടി പമ്പ കടന്നേയ്.:))

faisu madeena said...

പുതിയ ഫോണ്‍ ഒക്കെ ആയി അല്ലെ ???..

ആത്മ said...

റോസൂ,

ഇന്നലെ ഉറക്കപ്രാന്തില്‍ തോന്നി റോസിനാണ് കുറുമ്പ് എന്ന്..ഇന്ന് നേരം വെളുത്തപ്പോള്‍ തോന്നുന്നു ആത്മയാണ് കുറുമ്പുകാണിച്ചതെന്ന്..

പിന്നെ, ഞാന്‍ ഒളിഞ്ഞൊന്നും നോക്കിയില്ല(അവര്‍ യുവമിഥുനങ്ങളും അല്ലായിരുന്നു.. ഏകദേശം മദ്ധ്യവയസ്സിനോടടുക്കും. അവര്‍ പബ്ലിക്കായി സിനിമേല്‍ അഭിനയിക്കും പോലെയല്ല്യോ ഇതൊക്കെ ചെയ്യുന്നത്.. കണ്ണില്‍ പെട്ടുപോയതാണ്.. മുഖം തിരിക്കാതെ കടന്നുപോയെന്നേ ഉള്ളൂ..!

ആത്മ said...

faisu madeena,:)

അതെ! ഏതോ പ്ലാനില്‍ ഒക്കെ ചേര്‍ന്നാല്‍ ഫോണ്‍ വിലകുറച്ചൊക്കെ കിട്ടും.. പിന്നെ എത്രയോ പോയിന്റ് ഉണ്ടെങ്കില്‍ കുറെ കുറയും.. അങ്ങിനെ കിട്ടി!

ഫൈസുവിനെ കണ്ടതില്‍ സന്തോഷം!

jazmikkutty said...

ആത്മയുടെ കാലു തട്ടി വീണ ആളെ ആശീര്‍വദിക്കണോ വേണ്ടയോ എന്ന അവസ്ഥയില്‍ നിന്ന ആത്മേടെ മുഖം ഓര്‍ത്തു ചിരി വന്നു...
ആത്മേടെ മകള്‍ പറഞ്ഞതാ ശരി..ചിലപ്പോള്‍ കുട്ടികളുടെ ബുദ്ധി നമ്മള്‍ വലിയവര്‍ക്കുണ്ടാവില്ല.

ആത്മ said...

jazmikkutty, :)

വീണ്ടും കണ്ടതില്‍ വളരെ വളരെ സന്തോഷം!

എന്റെ മുഖം ഓര്‍ത്തു ചിരി വന്നു എന്നു കേട്ടപ്പോഴേ മനം കുളിര്‍ത്തായിരുന്നു..
മറുപടി എഴുതാന്‍ വൈകിപ്പോയി ക്ഷമിക്കുമല്ലൊ,

ഇനീം സമയം കിട്ടുമ്പോഴൊക്കെ ഇതുവഴി വരണേ..

Diya Kannan said...

athmechi....

me back..:)


as Rose said, now comedy factor is more in your posts.. :) very good...

let me read now all the posts I missed...


and how's phone? started to use it..

ആത്മ said...

വെല്‍കം ബാക്ക്! :)

ഫോണൊക്കെ കിട്ടി സന്തോഷമായി!

ദിയ എവിടെ പോയിരുന്നു?!
പുതിയ വീട് ശരിയാക്കാന്‍ പോയതാണോ? അതോ ടൂറിനെങ്ങാനും പോയോ?
പാട്ടുകളൊക്കെ കളക്റ്റ് ചെയ്ത് കേട്ടു തുടങ്ങിയെന്നു കരുതുന്നു..

Diya Kannan said...

athmechi..

puthiya project-nte next phase thirakkukalil mungippoyatha. pattukal onnum kelkkunnilla..

ആത്മ said...

സാരമില്ല, തിരക്കൊക്കെ കഴിഞ്ഞ് സാവധാനം കേള്‍ക്കൂ, ട്ടൊ..:)