Wednesday, November 10, 2010

അക്കരപ്പച്ച!

ഷോപ്പിംഗ് സെന്ററില്‍ കൊണ്ടുവിട്ട് കൂട്ടുകാരനോടൊപ്പം യാത്ര തുടരുന്ന ഭര്‍ത്താവിനെ നോക്കി മീര ഷോപ്പിംഗ് സെന്ററിന്റെ ഉള്ളില്‍ കടന്നു. ശരിക്കും അടുത്തുള്ള ഒരു ഷോപ്പില്‍ പോകാനായി ഇറങ്ങിയതാണ്, അപ്പോഴാണ് ഭര്‍ത്താവ് പറഞ്ഞത് ടൌണില്‍ പോകുന്നുണ്ട്, വരുന്നെങ്കില്‍ അവിടെ വിടാം എന്നു. ആദ്യം മടിയാണു തോന്നിയത്! തന്റെ ഉള്ളില്‍ അലയടിക്കുന്ന സമാധാനം ഇല്ലാതാകുമോ എന്ന ഒരു ഭയം! പിന്നെ കരുതി, ഒരു ഫ്രീ ലിഫ്റ്റ് അല്ലെ, വെറുതെ പോയി വരാം. കുടുംബമായി ഒന്നിച്ച് ചിലവഴിക്കാന്‍ കിട്ടുന്ന അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളാണ്. വേണ്ടെന്ന് വയ്ക്കുന്നത് നന്നല്ല.

വാങ്ങിക്കാന്‍ വലുതായി ഒന്നും ഇല്ലായിരുന്നു.. സി. ഡി. സെക്ഷനില്‍ പോയി. ഗസ്സലിന്റെയും ഭക്തിഗാനങ്ങളുടെയും അടുത്തൊക്കെ ചുറ്റിപ്പറ്റി നിന്നു. ഒടുവില്‍ ശ്രീകൃഷ്ണഭക്തിഗാനം ഓടക്കുഴലില്‍ വായിക്കുന്നത് വാങ്ങി. വെറുതെ ബോറഡിക്കുമ്പോള്‍ കേള്‍ക്കാം.. ഭക്തിയും സ്നേഹവും കലര്‍ന്നതല്ലെ, അതുമതി. അതാണിനി തനിക്ക് അനുയോജ്യം!

ഭര്‍ത്താവ് ഓഫീസ് കാര്യങ്ങള്‍ കഴിഞ്ഞ് പോകാറായി എന്നു വിളിച്ചപ്പോള്‍ ധൃതിപിടിച്ച് കൌണ്ടറില്‍ ചെന്ന് ബില്‍ പേ ചെയ്ത് പുറത്തിറങ്ങി വെയിറ്റ് ചെയ്തു.

കാറില്‍ പുതിയ സെയിത്സ് മാനും ഉണ്ട്. അയാളെ എല്ലാം പരിചയപ്പെടുത്തുന്ന ബദ്ധപ്പാടിലാണു ഭര്‍ത്താവ്. ‘കഷ്ടപ്പെട്ടാലേ ഉയരാന്‍ പറ്റൂ.. ’ തുടങ്ങി കുറെ ക് ളാസ്സുകള്‍ കാണും ഇനി. പുതിയ ആളെ മെരുക്കിയെടുക്കല്‍. അയാള്‍ ആ പരീക്ഷണങ്ങളൊക്കെ കടന്നു കിട്ടിയാല്‍ ഭാഗ്യം! മനസ്സില്‍ അയാളോട് സഹതാപം തോന്നി. അന്യനാട്ടില്‍ ഡീസന്റ് ആയി ഒരു ജോലിയായിരിക്കും എല്ലാവര്‍ക്കും ആഗ്രഹം! അല്പം ക്ഷമിച്ചിരുന്നാല്‍ ഒടുവില്‍ ഡീസന്‍സി ഒക്കെ കൈവരും എന്നു മനസ്സില്‍ പറഞ്ഞു..

ഒന്നും അറിയാത്ത നിര്‍വ്വികാരപര്‍ബ്രഹ്മം പോലെ പുറകിലത്തെ സീറ്റില്‍ ഇരിക്കുമ്പോള്‍ മീര വെറുതെ ഓര്‍ത്തു.. മുന്നിലിരിക്കുന്ന പുതിയ സെയിത്സ് മാനു താന്‍ ഒരു അല്‍ഭുതമായിരിക്കാം. ധൃതിപിടിച്ചോടിനടക്കുന്ന ഒരു ബിസിനസ്സ്കാരന്റെ വളരെ മര്യാദക്കാരിയായ ഒരു പാവം ഭാര്യയായി എങ്ങിനെ ജീവിക്കുന്നു എന്നത്!

വഴിയരികില്‍ വണ്ടി നിര്‍ത്തി ചായകുടിക്കാന്‍ ഒരു കൊച്ചു ടീഷോപ്പില്‍ കയറുമ്പോള്‍ ഭര്‍ത്താവ് ഔപചാരികമെന്നോണം സെയില്‍‌സ്മാനെ ക്കൂടി വിളിച്ചു. അയാള്‍ ഒഴിഞ്ഞുമാറി. ഏതോ ഇഷ്ടമില്ലാത്ത ചങ്ങല ഉരിഞ്ഞ് വീണ ലാഘവത്വം കണ്ടു മുഖത്ത്! മീരക്ക് വീണ്ടും സഹതാപം തോന്നി!

അയാള്‍ മീരയുടെ സഹതാപം കൂടി വിശ്വസിക്കാന്‍ മടിച്ച് ശേഷിച്ച തലയെടുപ്പോടെ നടന്നകന്നു.

വളരെ പ്രാക്റ്റിക്കലായ തന്റെ ഭര്‍ത്താവിന്റെ രീതികള്‍ക്കനുസരിച്ച് ഉയരാന്‍(താഴാന്‍) അയാള്‍ക്ക് ഒരിക്കലും കഴിയില്ലെന്ന് മീരയ്ക്ക് പെട്ടെന്ന് തോന്നി. പോട്ടെ പോയെ രക്ഷപ്പെടാന്‍ പറ്റുമെങ്കില്‍ രക്ഷപ്പെട്ടോട്ടെ.


ഭര്‍ത്താവിനോടൊപ്പം അദ്ദേഹത്തിന്റെ അതേ ചിന്താഗതിയുള്ള സുഹൃത്തും വന്നു ചേര്‍ന്നു.
അവര്‍ ഒരുപോലെ ചിന്തിക്കയും പ്രവര്‍ത്തിക്കയും ചെയ്യുന്നു! തനിക്ക് തികച്ചും വ്യത്യസ്ഥമായ രീതികളില്‍.. പെട്ടെന്ന് മീരയ്ക്ക് ഭര്‍ത്താവിനോട് സഹതാപം തോന്നി..ഒരു തരം മാതൃഭാവം! തന്റെ ജീവിതം ലാഘവത്വത്തോടെ കാണാനകാത്തതില്‍..അമിതമായ ടെന്‍ഷനും കൊണ്ടു ജീവിക്കുന്നതില്‍..ഭാര്യയെയും മക്കളെയും നോക്കാന്‍ സമയം കണ്ടെത്താനാകാതെ .. വെറുതെ.. വെറുതെ രാഷ്ട്രീയങ്ങളിലും പിന്നെ ബിസിനസ്സിലും മുഴുകി മറയാന്‍ ശ്രമിക്കുന്നതില്‍.. ഒക്കെ ഒരു സഹതാപം!

വെറുതെ അപരിചിതരെപ്പോലെ മീര അവരെ നോക്കിയിരുന്നു.. തനിക്കും അവര്‍ക്കും തമ്മില്‍ യാതൊരു ചിന്തകളും ഇല്ല പങ്കുവയ്ക്കാന്‍! പക്ഷെ രണ്ടുപേരും സമൂഹത്തില്‍ വലിയ സ്ഥാനവും മാനവും ഒക്കെ നേടിയവരാണ്. പക്ഷെ, തനിക്കെന്തേ അവരോട് പ്രത്യേകതയൊന്നും തോന്നാത്തത്! പ്രായവ്യത്യാസമാകുമോ! അതാകില്ല! ഇതിലും പ്രായവ്യത്യാസമുള്ളവര്‍ തമ്മിലും വിവാഹം കഴിക്കുന്നുണ്ടല്ലൊ! ബഹുമാനം കാണിക്കാന്‍ എളുപ്പമുണ്ട്.. അതുകഴിഞ്ഞാല്‍ താന്‍ തീര്‍ത്തും നിസ്സംഗയാണ് .

സുഹൃത്തിന്റെ കണ്ണുകള്‍ തന്നില്‍ പതിയുമ്പോള്‍ മീര ഒന്നുകൂടി അസ്വസ്ഥയായി. മീര ഒന്നുകൂടി ഉള്ളിലേക്ക് വലിയാന്‍ ശ്രമിച്ചു. ഇല്ല നിങ്ങള്‍ക്ക് ഒരിക്കലും കണ്ടെത്താനാകില്ല എന്റെ മനസ്സോ ഹൃദയമോ ഒന്നും.. അതില്‍ ഞാന്‍ തീര്‍ത്തും നിസ്സഹായയാണ്! ഒരിക്കല്‍ താനും അദ്ദേഹത്തോടൊപ്പം ബിസിനസ്സിലും പുറത്തും ഒപ്പം നില്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവളാണ്! ഇല്ല ഇനി ആ മൂടിയ കവാടം ഒരിക്കലും തുറക്കാനിടയില്ല.

ഒരു അടിമയ്ക്ക് യജമാനനോട് കൂറുപുലര്‍ത്താനും നന്ദി കാണിക്കാനും ബഹുമാനം ചൊരിയാനും പിന്നെ വേണ്ടിവന്നാല്‍ തന്റെ കഷ്ടപ്പാടുകള്‍ മറന്ന് സഹതാപം കാട്ടാനും കൂടി കഴിഞ്ഞേക്കും അതിലപ്പുറമൊന്നും ഉണ്ടാകില്ല ഇനി. പെട്ടെന്ന് പാര്‍ട്ടികളിലും ജോലിസ്ഥലങ്ങളിലും അവര്‍ മുന്നില്‍ നിര്‍ത്തുന്ന ചില പെണ്ണുങ്ങളുടെ ചിത്രങ്ങള്‍ മീരയുടെ ഉള്ളില്‍ വെറുപ്പോടെ തെളിഞ്ഞു വന്നു. മീരയുടെ ഭാവപകര്‍ച്ച കണ്ടാകണം അയാള്‍ റിലാക്സ് ആകാന്‍ ശ്രമിക്കുന്ന കണ്ടു.


പിന്നെ അവര്‍ അന്നു നടന്ന ബിസിനസ്സ് നേട്ടങ്ങള്‍ അഭിമാനപൂര്‍വ്വം സംസാരിച്ചു തൃപ്തിപ്പെടുമ്പോള്‍, അവരുടെ സഹതാപം അര്‍ഹിക്കുന്ന ഒരു വീട്ടമ്മയായി ഒതുങ്ങി മീര ഒരരുകു പറ്റി ഇരുന്നു.

അതിനിടയില്‍, ചായക്ക് മധുരം കൂടുതലെന്നും വടയില്‍ എണ്ണ കൂടുതലാണെന്നും ഒക്കെ തങ്ങള്‍ ഒരുപോലെ സമ്മതിച്ചു തൃപ്തിപ്പെട്ടു! ഒടുവില്‍ ചായകുടികഴിഞ്ഞ് വെളിയില്‍ ഇറങ്ങി അയാള്‍ തന്റെ കാറില്‍ കയറുമ്പോള്‍ ഇനി തനിക്ക് തന്റെ കട്ടിയുള്ള മുഖം മൂടി ഊരിവയ്ക്കാമല്ലൊ എന്ന് ആശ്വാസം തോന്നി!

മീര ഭര്‍ത്താവിനോടൊപ്പം ചിരപരിചിതമായ കാറില്‍ തന്റെ സീറ്റില്‍ പെട്ടെന്ന് സുരക്ഷിതയായപോലെ അമര്‍ന്നിരുന്നു. ഭര്‍ത്താവിനു അന്നു നടന്ന ബിസിനസ്സ് നേട്ടങ്ങളെ കുറിച്ചുള്ള ത്രില്ലുകളായിരുന്നു. പങ്കുപറ്റുന്ന പങ്കാളിയല്ലെ, കേള്‍ക്കണം.. ചെവികൂര്‍പ്പിച്ച്.. അല്ലെങ്കില്‍ അത് മഹാപാപമാകും. മീര എല്ലാം മൂളിക്കേട്ടു. കഴിവതും ഉള്ളിലേക്കിറങ്ങി അനുഭാവം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു..


പണ്ട് ശ്രീബുദ്ധനു ബോധിവൃക്ഷത്തിന്റെ അടീലിരുന്നപ്പോള്‍ ജ്ഞാനോദയം ഉണ്ടായി!
പിന്നെ ചുറ്റും നടക്കുന്നതൊന്നും വേദനിപ്പിക്കാതായി. ഉള്ളില്‍ പരമാനന്ദം! കാരണം ശ്രീബുദ്ധനു ഉള്ളില്‍ പ്രകാശത്തിന്റെ ഒരു ലോകം ഉണ്ടായിരുന്നു!

അതുപോലെ.. അതുപോലെ, മീരയും ഇഹലോകവാസം ദുസ്സഹവും ദുരൂഹവും ഒക്കെയായി ഇരുന്നകാലത്താണ് കമ്പ്യൂട്ടറിന്റെ മുന്നില്‍ സമാധിയിരിക്കാന്‍ തുടങ്ങിയത്.. ആദ്യമാദ്യം അക്ഷരങ്ങള്‍ തേടിപ്പിടിക്കലായിരുന്നു.. പിന്നെ അവ അര്‍ത്ഥമുള്ള വാചകങ്ങളാക്കാന്‍ കഴിഞ്ഞു. പിന്നെ അത് മറ്റുള്ളവര്‍ മനസ്സിലാകുന്ന രീതിയില്‍ ആക്കാന്‍ കഴിഞ്ഞു. സ്വന്തം ഭാക്ഷയെ തിരിച്ചറിഞ്ഞു!
മനോവ്യാപാരങ്ങള്‍ അവയുമായി കെട്ടുപിണഞ്ഞപ്പോള്‍ ശരിക്കും ബോധം ഉദിക്കാന്‍ തുടങ്ങി!
അങ്ങിനെ മീരയും സമാധിയായി.

ഇന്ന് മീരയുടെ ഉള്ളിലും ഒരു ലോകം ഉണ്ട്. പുറം ലോകത്തില്‍ നിന്നും ഓടിഒളിക്കാനായി ഒരു ലോകം! ശ്രീബുദ്ധനു ദൈവത്തിന്റെ ലോകമെന്നതുപോലെ മീരയ്ക്ക് കമ്പ്യൂട്ടറിനകത്ത് ഒരു ലോകം! (ഒരു പക്ഷെ കമ്പ്യൂട്ടര്‍ ഇല്ലായിരുന്നെങ്കില്‍ വെറും ഡയറി താളുകളായി തീരുമായിരുന്നവ)

മീര നിശ്വസിച്ചു! അതെ, എന്റെ ഉള്ളിലെ ഈ അജ്ഞാത ലോകമാണ് എന്നെ ഈ ലോകത്ത് നിസ്സംഗയായി ജീവിക്കാന്‍ ശക്തി തരുന്നത്! എനിക്കു മാത്രമല്ല, പലര്‍ക്കും! ഒരു അരനൂറ്റാണ്ടു കഴിയുമ്പോള്‍ ഈ ലോകവും മറയും! അന്ന് മനുഷ്യര്‍ ഇതിലും പുതിയ ലോകങ്ങള്‍ കണ്ടെത്തും..

വീടെത്താറാകുമ്പോള്‍ ഒരാശ്വാസം അനുഭവപ്പെട്ടു. ജോലികള്‍ ഒതുക്കിയാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു ലോകമുണ്ട് അവിടെ..തന്റെ റൂമിനകത്ത്, ലാപ്ടോപ്പിനകത്ത്, സസൂക്ഷ്മം വായിച്ചു മനസ്സിലാക്കി, അറിഞ്ഞ് ശീലിച്ച ഒരു ലോകം.. വെളിയിലെ തത്രപ്പാടില്‍ അധികമാരും മിനക്കെട്ട് കടക്കാന്‍ കൂട്ടാക്കാത്ത ഒരു ലോകം. ആ ലോകത്തിലെ അന്തേവാസിയായിട്ട് ഇപ്പോള്‍ വളരെ വര്‍ഷങ്ങളായിരിക്കുന്നു.. വെറുതെ, തന്നെ മനസ്സിലാക്കാത്തവരുടെ ലോകത്തില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നോ, അതോ, തന്നെ കൂടുതല്‍ മനസ്സിലാക്കുന്നവരെ കണ്ടെത്തിയപ്പോള്‍ അവരുടെ ലോകം ആകര്‍ഷകമായതോ അറിയില്ല.


വീട്ടിലെത്തി ഭര്‍ത്താവിനു ചായയിട്ടു കൊടുത്ത്, ചുരുക്കം ചില വീട്ടുജോലികളും തീര്‍ത്ത്, മീര പതിയെ ഉള്ളില്‍ കടന്നു.. തന്റെ അഞ്ജാത ലോകത്തിലേക്ക്.. അക്കരെപ്പച്ചയിലേക്ക്.. സമാധിയിലേക്ക്...

15 comments:

വല്യമ്മായി said...

ഇതാണ് ഞാന്‍ കണ്ടെത്തിയ ലോകം http://rehnaliyu.blogspot.com/2008/07/blog-post_18.html

Rare Rose said...

ഉള്ളിലോ,പുറത്തോ സ്വന്തമായൊരു ലോകമുണ്ടാക്കാന്‍ പറ്റിയാല്‍ രക്ഷപ്പെട്ടു ആത്മേച്ചീ.ഏതെങ്കിലുമൊരിടം സ്വൈര്യം കെടുത്തുമ്പോള്‍ മറ്റേയിടത്തു പോയി സമാധാനം കണ്ടെത്താല്ലോ.:)

ആത്മ said...

അതെ എല്ലാം ഒന്നു തന്നെ അമ്മായി!
ദൈവോം മനുഷ്യരും എല്ലാം..
സമാധാനമായി ജീവിക്കാന്‍ പറ്റുന്ന ഇടത്തൊക്കെ ദൈവസാന്നിദ്ധ്യം ഉണ്ടാകും എന്നു തോന്നുന്നു..
അല്ലെങ്കില്‍ ദൈവസാന്നിദ്ധ്യമുള്ളിടത്തൊക്കെ സമാധാനം ഉണ്ടാകും എന്നും പറയാം.. അല്ലെ,

ആത്മ said...

Rare Rose, :)

അതെയതെ, എവിടെയെങ്കിലുമൊക്കെ കയറിപ്പറ്റി നമ്മുടെ മനസ്സിനെ സ്വസ്ഥമാക്കണം.. അല്ലെ,
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍..

നന്ദി റോസൂ..!

Manoraj said...

അത്മ,

കഥയിലെ വിഷയത്തിലും കഥയുടെ പരിണാമഗുപ്തിയിലും യാതൊരു വ്യത്യസ്ഥതയും പുതുമയും ഇല്ല. ആത്മയുടെ ഞാന്‍ വായിച്ച ചില കഥകളുടെ ഒരു റേഞ്ച് വന്നില്ല.

ആത്മ said...

നാളെ സമയം കിട്ടുമ്പോള്‍ അല്പം കൂടി ചേര്‍ത്ത് കഥ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കാം..

അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി!

ജീവിതത്തിലെ ചില ഏടുകളുടെ കൂട്ടത്തില്‍ അല്പം ഫിലോസഫിയും ചിന്തകളും ഒക്കെ ചേര്‍ത്ത് അങ്ങ് പെട്ടെന്ന് എഴുതുന്നതാണ്..
കഥപോലെ തോന്നിയെന്നതുതന്നെ വലിയ ഒരു അഭിനന്ദനമായി കരുതുന്നു...

ഇനി കുറച്ചുകൂടി കഥപോലെ എഴുതാന്‍ ശ്രമിച്ചു നോക്കാം..

ഒരിക്കല്‍ക്കൂടി നന്ദി!

ആത്മ said...

കഥയില്‍ കുറച്ചുകൂടി എഴുതി ചേര്‍ത്തു..
ഇപ്പോള്‍ ഭേദപ്പെട്ടോ?

jazmikkutty said...

ആത്മ, ഒരു ആത്മാവിഷ്കാരം പോലെയുള്ള ഈ എഴുത്ത് (കഥ) എനിക്കൊരുപാട് ഇഷ്ട്ടമായി..ഈ ബ്ലോഗുലകത്തില്‍ ആത്മയുടെ ബ്ലോഗ്‌ തികച്ചും വിത്യസ്തമായിട്ടാണ് എനിക്ക് തോന്നിയത്..മഴവരുന്നതിന് തൊട്ടു മുന്‍പുള്ള തണുത്ത കാറ്റുപോലെ സുഖകരമായ ഒന്ന്...

Kalavallabhan said...

ആത്മ(യുടെ)കഥകൾ

Manoraj said...

ആത്മ,

അദ്യമേ തന്നെ അഭിപ്രായത്തെ തികച്ചും പോസിറ്റീവ് ആയെടുത്ത ആ മനസ്സിന് ഒരു കൈയടി. ഒപ്പം സന്തോഷവും.ആദ്യമുണ്ടായതിനേക്കാളും ഇപ്പോള്‍ ബെറ്റര്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും പ്രമേയ പരിസരം നമ്മള്‍ സ്ഥിരമായി ഒട്ടേറെ കേട്ട് പഴകിയത് കൊണ്ടാവാം എനിക്ക് വളരെ മനോഹരം എന്ന കമന്റ് പറയാന്‍ കഴിയാത്തത്. ആത്മയില്‍ മനോഹരമായി എഴുതാന്‍ കഴിയുന്ന ഒരു എഴുത്തുകാരിയുണ്ട്. താങ്കളെ കുറിച്ച് കൂടുതല്‍ എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ പ്രൊഫൈല്‍ പ്രകാരം എഴുത്തുകാരി എന്നരീതിയില്‍ തന്നെ ജെന്‍ഡര്‍ അനുമാനിക്കുന്നു. ഇനിയും എഴുതുക. ഇവിടെയൊക്കെ തന്നെ ചുറ്റിപറ്റിക്കാണും :)

ആത്മ said...

jazmikkutty,

കമന്റിനു മറുപടി എഴുതാന്‍ രണ്ടുമൂന്നു പ്രാവശ്യം ശ്രമിച്ചു എങ്കിലും സാധിച്ചില്ല!
ഇതെന്തുപറ്റി ദൈവമേ! എന്നും കരുതി ഇരിക്കയായിരുന്നു..

ഇപ്പോള്‍ പിടികിട്ടി!ഇത്തരത്തില്‍ ഒരു കമന്റ് ജീവിതത്തിലാദ്യമായാണു ആത്മയ്ക്ക് കിട്ടുന്നത്..!
ആത്മ അന്തം വിട്ടുപോയതാണെന്നു തോന്നുന്നു...:)

അഭിനന്ദനത്തിനു ഹൃദയം നിറഞ്ഞ നന്ദി!

ആത്മ said...

Kalavallabhan,:)

ആത്മയുടെ കഥകള്‍ മാതമല്ല, ഞാന്‍ ജീവിതത്തിലെ നാനാ തുറകളിലെ പെണ്ണുങ്ങളുടെ ദുഃഖങ്ങള്‍ ഒക്കെ ഒപ്പിയെടുത്ത്, സ്വന്തം ദുഃഖമായി
കരുതി എഴുതി ഫലിപ്പിക്കുകയാണ് എന്നൊക്കെ എഴുതണമെന്നുണ്ട്..
എന്തുചെയ്യാം..

പക്ഷെ, ഒന്നുപറയാം, ആത്മയുടെ ദുഃഖം അല്ല, ആത്മ ചിലവ ചിലപ്പോള്‍ ഇന്റര്‍പ്രറ്റ് ചെയ്യുന്നത് ഇങ്ങിനെയൊക്കെ എന്നേ ഉള്ളൂ..

ചിലപ്പോള്‍ നേരെ വിപരീതമായും ഒക്കെ ചിത്രീകരിച്ചെന്നിരിക്കും..

കണ്ടതില്‍ സന്തോഷം!

ആത്മ said...

Manoraj,

അഭിനന്ദനത്തിനു വളരെ വളരെ നന്ദി!

ആത്മക്ക് ഒരുപക്ഷെ, എന്നെങ്കിലും ഒക്കെ നല്ലവിഷയങ്ങള്‍ കിട്ടി, നല്ല രീതിയില്‍ എഴുതുമായിരിക്കും അല്ലെ,

പ്രോത്സാഹനത്തിനു നന്ദി!
അതു വളരെ പ്രതീക്ഷകള്‍ പ്രേരണകള്‍ ഒക്കെ തരും..തീര്‍ച്ച!

ഞാന്‍ സ്ത്രീതന്നെയാണ്. 15 ഉം 20 ഉം വയസ്സുള്ള മക്കളുടെ അമ്മ..

കുഞ്ഞൂസ് (Kunjuss) said...

ആത്മാ, സ്വയം കന്ടെത്തേണ്ടിയിരിക്കുന്നു, നമുക്കായി ഒരിടം, അത് പുറത്തായാലും അകത്തായാലും....

ആത്മ said...

അതെ! :)

അങ്ങിനെ ഒരു ലോകം ഉണ്ടോ?!
എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞുമാറി തനിച്ചാകുമ്പോള്‍ അല്പം സമയം കിട്ടുന്ന ആ ഏകാന്തത.. അതാണ്‍് എന്റെ ലോകം എന്നു എനിക്ക് ചിലപ്പോള്‍ തോന്നും!

പക്ഷെ, എപ്പോഴും ഏകാന്തത ആയാല്‍ ജീവിക്കാനും പറ്റില്ല!
എല്ലാം വേണം ബാലന്‍സ്ഡ് ആയി..അല്ലെ,
വലിയമ്മായി എഴുതിയപോലെ ആത്മീയലോകം കണ്ടെത്തുന്നവര്‍ക്ക് ആശ്വാസം ഉണ്ടാകും..
പക്ഷെ, ലൌകീകതയുടെ ഇടയില്‍ അല്പ സമയം പോയി ആത്മീയസുഖം അനുഭവിച്ച് തിരിച്ചെത്തുമ്പോള്‍ അതു നിലനിര്‍ത്താന്‍ കഴിയാതെ പരാജയപ്പെട്ടുപോകുന്നു..
ഈ ലോകത്തില്‍ നിന്നും തീര്‍ത്തും അന്യയായപോലെ ഒരു തോന്നല്‍ വരും..