Tuesday, November 9, 2010

എന്തേ മനസ്സിനൊരു മൌനം?!

രണ്ടു ദിവസം മിണ്ടാതേം പറയാതേം ഒക്കെ ഇരിക്കമ്പം ഉം.. എന്താ, ഒരപരിചിതത്വം?
ഇത് നല്ലതല്ല ട്ടൊ ബ് ളോഗേ, പറഞ്ഞില്ലെന്നു വേണ്ട.
അതിനു ഞാനിപ്പം എന്തു ചെയ്തു എന്നു കരുതിയാ ഈ മൌനം?!
ഹൃദയം തുറക്കാന്‍ ഒരു മടി?!

‘വെറുതെ ഈ തണുത്ത രാത്രിയില്‍ എത്ര നേരമായി ബ് ളോഗുകളും വായിച്ച് ഇരിക്കുന്നു..
ഇനി എന്തെങ്കിലും രണ്ടു വരി എഴുതീട്ട് പോ ആത്മേ’ എന്ന് ബ് ളോഗും!

എന്നാ പറയാനാ ബ് ളോഗൂ, പതിവിനു വിപരീതമായി എന്തു സംഭവിച്ചാലും ആത്മയ്ക്ക് ഒരുതരം സസ്പന്‍സ് വന്ന് പിടികൂടും! എല്ലാം ശുഭമായി പര്യവസാനിക്കുമോ?, എല്ലാം കഴിയുമ്പോള്‍ ആത്മക്ക് പഴയ ആത്മയാകാന്‍ കഴിയുമോ, എന്നൊക്കെയുള്ള ഒരു ശങ്ക!

ഒന്നു രണ്ടു സംഭവങ്ങള്‍ ഉണ്ടായി ആത്മയെ ബ് ളോഗുമായി അകറ്റാന്‍.
ഒന്ന്, ഒരു പാര്‍ട്ടിക്കുപോയി.. അതിന്റെ ഒരു വൈവിധ്യം..!
എഴുതാമെന്നു വച്ചാല്‍..
ഏകദേശം ഇങ്ങിനെയൊക്കെ ഇരിക്കും...
‘അവിടെ കൂടിയിരുന്നവരൊക്കെ വളരെ വലിയ ആള്‍ക്കാരായിരുന്നു.
വലിയ ആള്‍ക്കാരെ കാണുമ്പോള്‍ ആത്മയുടെ ആത്മാവ് കമ്പ് ളീറ്റ് മറഞ്ഞിരിക്കും, ഹൃദയം പൂര്‍ണ്ണമായും കൊട്ടിയടക്കപ്പെടും!, പിന്നെയുള്ളത് മറ്റുള്ളവരുടെ ഇംഗീതത്തിനനുസരിച്ച് ചലിക്കുന്ന ഒരു പാവപോലെ ആത്മ നീങ്ങും. ആത്മയുടെ കയ്യീന്ന് ഒരു വീഴ്ചയും പറ്റാതെ എല്ലാം ശുഭമായി പര്യവസാനിക്കും വരെ ഒരു സ്വപ്നലോകത്തിലെന്നപോലെ സഞ്ചരിക്കും..
ഒടുവില്‍ എല്ലാം കഴിയുമ്പോള്‍ പഴയ ആത്മയായി എന്റെ ബ് ളോഗെ, നിന്റെ അടുത്തെത്താന്‍!
(ഹും! എന്നിട്ടും ഔരു ഗമ കണ്ടില്ലെ!)’

അടുത്തത്, ബ് ളോഗിലല്ലാതെ പുറത്തുള്ള ഒരു വളരെ ശക്തമായ സുഹൃത് ബന്ധം (ഒരു ഫാമിലിയോടുള്ള അടുപ്പമാണേ!) വന്ന് മാടിവിളിച്ചു. അപ്പോഴും ഹൃദയം ലോലഭാവം പൂണ്ടെങ്കിലും തുറക്കാതിരിക്കാന്‍ പണിപ്പെട്ടു. കാരണം ആത്മയുടെ ഓവര്‍ സെന്‍സിറ്റിവിറ്റി പലര്‍ക്കും അമ്പരപ്പുണ്ടാക്കും എന്ന ഭയമാണു ഇവിടെ ഹൃദയം പൂട്ടാന്‍ പ്രേരിപ്പിക്കുന്നത്! ആത്മ ഹൃദയം തുറക്കാതെ, അവരോടൊപ്പം സമയം പങ്കുവയ്ക്കും. ഉള്ളില്‍ ഈ നിമിഷങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണു എന്ന് ആരോ വിളിച്ചോതുമെങ്കിലും, പാടില്ല, ഒന്നിനോടും അമിത പ്രതിപത്തി വയ്ക്കരുതേ ആത്മേ.. പിന്നീട് അത് വല്ലാത്ത പൊസ്സസ്സീവിനസ്സ് ഉണ്ടാക്കും.. പിന്നെ നിനക്കു തന്നെ നിന്നെ നിയന്ത്രിക്കാനാവാതെ വരും.. നീ കരയും.. ആരും കാണില്ല.. വെറുതെ നിന്റെ പാവം ഹൃദയത്തെ കൂടുതുറന്നുവിട്ട് വീണ്ടും നോവിച്ച് അകത്തു കയറ്റുണോ?!

ഇവിടെയാണ് ആത്മീയം സഹായത്തിനെത്തുക. കര്‍മ്മം ചെയ്യുക, പക്ഷെ നിസ്സംഗമായി.
എപ്പൊള്‍ വേണേലും പിരിയാനും മറ്റും തയ്യാറായി. ആത്മക്ക് ഇത്രയും ഒരു ലോല ഭാവം, തരളിത ഹൃദയം ഉണ്ടെന്ന് ആരും അറിയാതിരിക്കട്ടെ അല്ലെ! (അല്ലേ, ഇനി എത്ര വയസ്സുവരെയായിരിക്കും ഈ തരളിതവും ലോലവും ഒക്കെ ശേഷിക്കുക!)

ആത്മക്ക് ഈയ്യിടെ ഒരു വല്ലാത്ത സുഖം.. ഒരുപാട് പ്രായമായ (എന്നുവച്ചാല്‍ ഒരു 60 വയസ്സ് കഴിഞ്ഞ ഒരു പാകതയുള്ള) സ്ത്രീയെപ്പോലെ സ്വസ്ഥമായി ചപലതയൊക്കെ വിട്ട് ഭാഗവതവും രാമായണവും ഒക്കെ കേട്ട് സര്‍വ്വവും മറന്ന് അങ്ങ് ജീവിക്കാന്‍.. എന്തു സുഖമായിരിക്കും അല്ലെ ആ മനസ്സ്! അല്ല, അങ്ങിനെ ഒരു മനസ്സിനു വിപരീതമായി ഒന്നും പ്രത്യക്ഷത്തില്‍ ആത്മയ്ക്ക് സംഭവിച്ചില്ല. എങ്കിലും.. ഉള്ളിന്റെ ഉള്ളില്‍ ആത്മ വല്ല ആഗ്രഹവും പൂഴ്ത്തി വച്ചിട്ടുണ്ടാകുമോ എന്നൊരു സംശയം!

ഇത്രേം എഴുതി ഇന്ന് ചുരുക്കുന്നു.
ആരെങ്കിലും വായിക്കുന്നെങ്കിലും മനസ്സിലാകുന്നെങ്കിലും ഭാഗ്യം!
അല്ലെങ്കില്‍ നാളെ ഒന്നുകൂടി നന്നായി എഴുതാം..
സസ്നേഹം
ആത്മ

6 comments:

കുഞ്ഞൂസ് (Kunjuss) said...

ഞാന്‍ വായിച്ചു ആത്മാ,എനിക്ക് മനസ്സിലായോ എന്നെനിക്കറിയില്ല.അല്ലെങ്കില്‍ മനസിലാക്കാന്‍ മാത്രമുള്ള വിവരം എനിക്കില്ലാന്നു പറയുന്നതാവും കൂടുതല്‍ ശരി.എന്നാലും ആത്മയുടെ ചിന്തകള്‍ക്ക് ആത്മാവുണ്ടാകുന്നത് എപ്പോഴും ഇത്തരം തുറന്ന എഴുത്തുകളിലാണ് എന്നതിനാല്‍ ഏറെ ഇഷ്ടമാവുന്നു എനിക്ക്!

ആത്മ said...

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ ആശ്വാസം! :)

പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി!

Kalavallabhan said...

വായിച്ചു.
മനസ്സിലാക്കുന്നില്ല.
അക്കരെപ്പച്ച കാണാതിരിക്കുക.

ആത്മ said...

കലാവല്ലഭന്‍! :)

സൂക്ഷിച്ചു വായിച്ചാല്‍ മനസ്സിലാവും അക്കരപ്പച്ചയും ഇക്കരപ്പച്ചയും നിസ്സംഗതയോടെ കാണുവാന്‍ ശ്രമിക്കുന്ന ഒരു ആത്മയെ...

സു | Su said...

പാർട്ടിയ്ക്കു പോകുമ്പോൾ അവിടെ എല്ലാം കണ്ട് അവരിൽ ഒരാളാവുക. സൗഹൃദം കിട്ടുമ്പോൾ എന്തിനാണ് ഓടിയൊളിക്കുന്നത്? അവസാനം വിഷമിക്കേണ്ടിവരുമോന്ന് വിചാരിക്കുന്നതെന്തിന്? രാമായണവും ഭാഗവതവും ഒക്കെ കേട്ടിരിക്കാൻ വയസ്സ് അറുപത് ആകണോ? എന്നുവെച്ച് അതുമാത്രം മതി എന്നു കരുതി സ്വയം മറന്ന് ജീവിക്കേണ്ട.

(ബ്രിഡ വായിച്ചു. അതും പറഞ്ഞേക്കാമെന്നു കരുതി. കുറച്ചു തിരക്കിലാണ് ആത്മേച്ചീ).

:)

ആത്മ said...

സൌഹൃദത്തില്‍ നിന്നും ഓടിയൊളിക്കില്ല സൂജി..:)

അവരൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും ആയിരുന്നു..

സൂജി മിക്കപ്പോഴും തിരക്കിലാണല്ലൊ!

ബ്രിഡ വായിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!