Friday, November 5, 2010

ദീപാവലി മാഹാത്മ്യം!

വീണ്ടും ഒരു ദീപാവലി കൂടി!

ഈ നാട്ടില്‍ പടക്കം പോയിട്ട് പട്ടാസ് പോലും പൊട്ടിക്കാന്‍ അനുവാദമില്ല. വിളക്കു കൊളുത്തി വച്ചും പൂത്തിരി കത്തിച്ചും ഒക്കെ തമിഴ് മക്കള്‍ ദീപാവലി ആഘോഷിച്ചു സമാധാനിക്കുന്നു.
പിന്നെ മധുരപലഹാരങ്ങള്‍, പളപളാ തിളങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലെ വസ്ത്രങ്ങള്‍..
ഇവയൊന്നും തന്നെ ദീപാവലി പ്രമാണിച്ച് ഇവിടെ ആരും വാങ്ങില്ല!

അതുപിന്നെ പണ്ടും അങ്ങിനെ തന്നെയായിരുന്നു.. നാട്ടില്‍, ഉത്സവ ദിവസങ്ങളില്‍, അയല്‍‌പക്കങ്ങളിലുള്ള കുട്ടികള്‍ ഉടുത്തൊരുങ്ങി, ഉത്സവസ്ഥലങ്ങളില്‍ പോയി ഉറക്കമൊഴിഞ്ഞ് കുടുംബത്തോടൊപ്പം ആര്‍മാദിക്കാന്‍ തയ്യറെടുക്കുമ്പോള്‍ അച്ഛന്‍ വളരെ ഡീസന്റ് ആയി ഞങ്ങളെ നേരത്തെ കൊണ്ടു തൊഴുവിച്ച്, (വേണമെങ്കില്‍ ഒരു തൂക്കവും കാണാം) വീട്ടിലേക്ക് മടങ്ങും!
പോകുന്ന വഴിക്ക് അയല്പക്കക്കാരൊക്കെ കുടുംബ സമേധം പായും വിരിപ്പും ചൂട്ടും, ടോര്‍ച്ചും.! ഒക്കെയായി ഉറക്കമൊഴിയാന്‍ തയ്യാറെടുത്ത് ചിരിച്ചു മറിഞ്ഞ് നടന്നുപോകുന്നത് കാണാം..! ചിലപ്പോള്‍ കൂടെ പഠിക്കുന്ന കൂട്ടുകാരികളും കസിന്‍സും ഒക്കെ കാണും കൂട്ടത്തില്‍! കുടുംബത്തില്‍ പിറന്നതില്‍ വല്ലാത്ത നഷ്ടബോധം തോന്നും അപ്പോഴൊക്കെ. ‘അപ്പച്ചിയുടെ മക്കളും നമ്മുടെ കുടുബത്തില്‍ പിറന്നവരല്ലെ? അവര്‍ക്കില്ലാത്ത കുടുംബമഹിമ നമുക്കെങ്ങിനെ!’ എന്ന ഒരു സംശയം തലപൊക്കും. പിന്നെ സാരമില്ല അച്ഛന്റെ ആഗ്രഹമല്ലേ, നല്ല ഒരു കാര്യമായിരിക്കും..പാവം അല്പം മഹിമ ഉണ്ടാക്കിക്കോട്ടെ, എന്നു സമാധാനിക്കാന്‍ ശ്രമിക്കും.

വഴിവക്കില്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണവിധാനങ്ങളില്‍ കളിപ്പാട്ടങ്ങളും കുപ്പിവളകളും ഒക്കെ കിടന്ന് തൂങ്ങിക്കളിക്കുമ്പോള്‍ മീര ദയനീയമായി അവയെ നോക്കും..പാടില്ല, നല്ല കുടുംബത്തിലെ പെണ്‍കുട്ടികള്‍ അതൊന്നും ആഗ്രഹിച്ചുകൂടാ..

ഒടുവില്‍ ഉത്സവസ്ഥലത്തിന്റെ പരിധി കഴിയാറാകുമ്പോള്‍ തടുത്തു വച്ച് ആഗ്രഹങ്ങള്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങുമ്പോലെ മടിച്ചു മടിച്ച് അമ്മയോട് പറയും ‘അമ്മേ അരല്പം കൊഴുന്ന് (മാരിക്കൊഴുന്ത്) വാങ്ങിത്തരാമോ?’ (അതെങ്കിലും കിട്ടിയില്ലെങ്കില്‍ താന്‍ കരഞ്ഞുപോകും എന്ന ഒരു ഭയം ഉള്ളിലൊതുക്കി)
അച്ഛന്റെ കുടുംബഗൌരവം നിലനിര്‍ത്താനായി ഗൌരവത്തോടെ നടക്കുന്ന അമ്മ അറച്ചറച്ച് കൊഴുന്ന് വാങ്ങിത്തരും. താന്‍ ഒരല്പം കൊഴുന്ത് വാങ്ങിയതുകൊണ്ട് തകര്‍ന്നടിഞ്ഞോ അച്ഛന്റെ അഭിമാനമെല്ലാം എന്നു ഭയന്ന് മീര ഏന്തി വലിഞ്ഞ് ഭയത്തോടെ നടക്കും അച്ഛന്റെ ഒപ്പമെത്താന്‍..

അച്ഛന്‍ വഴക്കൊന്നും പറയില്ല. വെറുതെ അച്ഛനാകാന്‍ വേണ്ടിയെന്നോണം ഗൌരവം അഭിനയിക്കുന്നതായും തോന്നും ചിലപ്പോള്‍!
അങ്ങിനെ അച്ഛന്‍ പ്രേമവിവാഹത്തിലൂടെയും നെഗളിപ്പിലൂടെയും (എം. ജി. കോളേജില്‍ സെക്കന്‍ഡ് ഗ്രൂപ്പെടുത്ത് ഡോക്ടറാകാന്‍ പഠിച്ച ചെക്കന്‍ തലതിരിഞ്ഞ് പഠിപ്പു നിര്‍ത്തി രാഷ്ടീയം സ്വീകരിച്ചു എന്നാണ് അമ്മുമ്മ പറയാറ്‌!) കളഞ്ഞു കുളിച്ച കുടുബമഹിമയും കുറവുകളും ഒക്കെ നികത്താന്‍ അച്ഛന്‍ കണ്ടുപിടിച്ച ഒരിരയായിരുന്നു താന്‍ എന്നു പണ്ടേ തോന്നിയിരുന്നു..

നാട്ടില്‍ പണ്ടും ദീപാവലി ആരും അത്ര വലുതായി ആഘോഷിക്കില്ല. ശരീരം നിറയെ എണ്ണതേച്ച് കുളിക്കും.. പിന്നെ രാത്രി നിറയെ പടക്കവും പൂത്തിരികളും ഒക്കെ കത്തിക്കു.. കഴിക്കാനും പുഴുക്കോ എന്തൊക്കെയോ പ്രത്യേകതയുള്ള ചില ഭക്ഷണങ്ങളും കാണും. ഓണം പോലെ ഗംഭീരമൊന്നും ആവില്ല ചാപ്പട്. രാത്രിയിലെ പടക്കം പൊട്ടിക്കലായിരുന്നു ദീപാവലി ആകര്‍ഷകമാക്കിയിരുന്നത്.തിരുവനന്തപുരത്തെ സത്യന്‍ മാമന്‍ ഒരു ബോക്സ് സ്പെഷ്യല്‍ പടക്കം സമ്മാനിക്കുമായിരുന്നു! സഹോദരന്‍ പടക്കവും മത്താപ്പും ഒക്കെ കത്തിക്കുമ്പോള്‍ താന്‍ പൂത്തിരിയും തറച്ചക്രവും ഒക്കെ കത്തിച്ചു തൃപ്തിപ്പെടുമായിരുന്നു..

പക്ഷെ, ഇവിടെ അന്യനാട്ടില്‍ ആഘോഷിച്ചില്ലെങ്കില്‍ ഇനി നാണക്കേടാണ്. പാരമ്പര്യം കാപ്പാത്തണ്ടെ, പടക്കമൊന്നും പൊട്ടിച്ചുകൂടെങ്കിലും എങ്ങിനെയെങ്കിലും ദീപാവലിയെ സ്വീകരിക്കണം..
മീര കുളിച്ചിട്ട് നേരെ നടന്ന് നടന്ന് ഇവിടെ അടുത്തുള്ള ഒരേഒരു ഇന്ത്യന്‍ കടയില്‍ കയറി, അവിടെയുള്ള ദീപാവലി ഐറ്റംസ് മിതമായ രീതിയില്‍ വാങ്ങിക്കൊണ്ടു വന്നു.

ഇനി തന്റെ വകയായി ഒരു പായസം വയ്ക്കണം.. ഒരു ബോക്സ് പൂത്തിരി വാങ്ങി വച്ചിട്ടുണ്ട്.
അത് കത്തിക്കാന്‍ മക്കള്‍ക്ക് സൌകര്യമുണ്ടാകുമോ എന്നത് കണ്ടറിയണം
എങ്കിലും ഒരു പക്ഷെ, ആഘോഷിക്കണമെന്നു തോന്നിയാല്‍ നിരാശപ്പെടക്കൂടാത്! ഏത്?!

പിന്നെ കുറെ മധുരപലഹാരങ്ങളും കരുതി വച്ചിട്ടുണ്ട്. ആരെങ്കിലും ദീപാവലിയായി വീട്ടില്‍ കയറി വന്നാല്‍ ഒന്നും ഇല്ലെന്നാവരുതല്ലൊ, ചിക്കണ്‍ ബിരിയാണിയും വയ്ക്കണം.. പായസവും ചിക്കണ്‍ ബിരിയാണിയും കൂടി ഒന്നു വച്ചു കിട്ടിയാല്‍ പിന്നെ മീര ജയിച്ചു! ദീപാവലി വന്നു!

തലേന്ന് ഭര്‍ത്താവ് ‍ പറഞ്ഞു, “നിനക്കു വേണമെങ്കില്‍ നാട്ടില്‍ നിന്നോ മറ്റോ ഒരു മെയിഡിനെ എടുക്കാം‍” എന്ന്, പണ്ടും പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്.. പക്ഷെ അത് ചിന്തിക്കേണ്ട വിഷയമാണ്.. വളരെയധികം ചിന്തിച്ച് ചിന്തിച്ച് ആ ചിന്ത ഒരു വര്‍ഷം കൂടി നീട്ടിയിട്ട് ഉറപ്പിക്കാം എന്നു കരുതുന്നു. തല്‍ക്കാലം മീരയ്ക്ക് മീര മാത്രമേ ഉള്ളൂ ദീപാവലി ഒരുക്കാനും ഓണം ഒരുക്കാനും അടുപ്പില്‍ തീ പുകയ്ക്കാനും ഒക്കെ..

‘ഇങ്ങിനെയെങ്കിലും ഒക്കെ അങ്ങ് ജീവിക്കാനായാല്‍ മതിയായിരുന്നു ദൈവമേ.. മനസ്സിനും ശരീരത്തിനും ആരോഗ്യം മതി’ മീര സ്വയം പറഞ്ഞുകൊണ്ട് പതിയെ അടുക്കളയിലേക്ക് നടന്നു..
*

എല്ലാം ഒരുവിധം ശരിയായാല്‍ ഈ കഥ നിനക്കായി ഡെഡിക്കെറ്റ് ചെയ്യാം എന്റെ ബ് ളോഗേ!
ഗുഡ് ബൈ
*
[ദീപാവലി വലിയ കുഴപ്പമൊന്നുമില്ലാതെ കടന്നുപോയി.. രണ്ടുമൂന്നു പാര്‍ട്ടിക്കൊക്കെ പോകാമായിരുന്നെങ്കിലും ഒഴിഞ്ഞുമാറി. എന്തോ ഒരു മടി. വീട്ടിനുള്ളില്‍ വച്ചും വിളമ്പിയും ആത്മ ദീപാവലി ആഘോഷിച്ചു. മനസ്സിന്റെ സംതൃപ്തിയാണല്ലൊ എല്ലാം..!]

16 comments:

SONY.M.M. said...

ദീപാവലി ആശംസകള്‍

ആത്മ said...

സോണിക്കും ദീപാവലി ആശംസകള്‍!

Rare Rose said...

ഉത്സവത്തിനു കാര്യമായി പെട്ടിക്കടകളീന്നു ഞങ്ങള്‍ക്കും വാങ്ങിത്തരാറില്ലായിരുന്നു.
‘അതൊന്നും കൊള്ളില്ല‘ എന്നൊരു പറച്ചിലൊറ്റപ്പോക്കു പോയ്ക്കളയും എല്ലാരും.ആ കടകളിലെ പ്രകാശത്തില്‍ വള-മാല സംഭവങ്ങളൊക്കെ പളപളാ മിനുങ്ങുന്നത് നോക്കി നിരാശരായി ഞങ്ങളും നടക്കും.അവസാന ദിവസാവുമ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഇതു പോലെ വാങ്ങിത്തരും:)
ദീപാവലി ആശംസകള് ആത്മേച്ചിക്കും‍..

വീ കെ said...

ദീപാവലിക്ക് ‘ചിക്കന്‍ ബിരിയാണി‘യും പായസവും....!!
രണ്ടും കൂടി ഒരു യോജിപ്പില്ല.
അന്നേദിവസം പച്ചക്കറിയല്ലെ പതിവ്...?

ദീപാവലി ആശംസകള്‍...

ആത്മ said...

Rare Rose,

ദീപാവലി ആശംസകള്‍!
റെയറ് റോസിനും ഇത്തരം വിഷമം ഉണ്ടായിട്ടുണ്ട് അല്ലെ,

അതല്ല വിഷമം! ‘അതൊന്നും കൊള്ളില്ല’എന്നു പറഞ്ഞിട്ട് പിന്നെ കൊള്ളാവുന്നതെന്തെങ്കിലും വാങ്ങിത്തരാനെങ്കിലും ശ്രമിക്കണ്ടേ!
അവര്‍ അതങ്ങ് മറന്നും പോകും! ഹും!

ആത്മ said...

വീ കെ,

ദീപാവലി ആശംസകള്‍!

ഓണത്തിനല്ലെ പ്യൂര്‍‌ വെജിറ്റേറിയന്‍?

ദീപാവലി ഏതോ അസുരനെ കൊന്നതിന്റെ സെലിബ്രേഷന്‍ അല്ലെ!

മക്കള്‍ക്കൊക്കെ സന്തോഷം ചിക്കണ്‍ ബിരിയാണി വയ്ക്കുന്നതാണ്..
അതുകൊണ്ടാണ് അത് വച്ചത്

പിന്നെ പായസവും വച്ചു..

Jishad Cronic said...

ദീപാവലി ആശംസകള്‍

ആത്മ said...

ദീപാവലി ആശംസകള്‍!

jayanEvoor said...

പടക്കം, മത്താപ്പ്, കുടച്ചക്രം, കമ്പിത്തിരി...
ഞങ്ങളും ആഘോഷിച്ചു!
പടക്കത്തിന്റെ ശബ്ദം ഭാര്യക്കിഷ്ടമല്ലാത്തതുകൊണ്ട് അതിൽ നിന്നൊരു മുപ്പതെണ്ണം അയൽ വീഎട്ടിലെ കുട്ടികൾക്കു കൊടുത്തു.
അവന്മാർ അർമാദിച്ചു! ഞാൻ പത്തെണ്ണം പൊട്ടിച്ചു തൃപ്തിയടഞ്ഞു!

ആത്മയ്ക്കും കുടുംബത്തിനും ആശംസകളോടെ,
ജയൻ, ലക്ഷ്മി, കുഞ്ഞാറ്റ, കുഞ്ഞുണ്ണി.

ആത്മ said...

അവിടെയും എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം സ്നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍!

പാറുക്കുട്ടി said...

ദീപാവലി ആശംസകള്‍ !!!

ആത്മ said...

ദീപാവലി ആശംസകള്‍!

പാറുക്കുട്ടിയുടെ ബ്ലോഗുകള്‍ വായിച്ചു. ഭയങ്കര ഇഷ്ടമായി..
അഭിനന്ദനങ്ങള്‍!

കുഞ്ഞൂസ് (Kunjuss) said...

ആത്മാ,വൈകിയെത്തിയ എന്റെയും ആശംസകള്‍ സ്വീകരിക്കുമല്ലോ ല്ലേ...?

ആത്മ said...

കൊള്ളാം ഇതെന്തൊരു ചോദ്യം! :)
ലോകത്തില്‍ കാക്കത്തൊള്ളായിരം ജീവജാലങ്ങള്‍ക്കിടയില്‍ ഒരു ആത്മ!
ആ ആത്മയെ തേടിപ്പിടിച്ച് ദീപാവലി ആശംസിക്കാന്‍ ദൈവം നിയോഗിച്ച വളരെ ചുരുക്കം ചിലര്‍..!
എത്ര വൈകിയാലും ആശംസ ആശസ തന്നെയല്ലെ,

ഹൃദയം നിറഞ്ഞ നന്ദി!

Bindhu Unny said...

ഞാന്‍ ദീപാവലിക്ക് നഗരങ്ങളില്‍നിന്ന് ഓടിയൊളിക്കും. അത്രയ്ക്ക് മടുപ്പാണ് നിറുത്താതെയുള്ള പടക്കം പൊട്ടിക്കല്‍. ഇനീം കഴിഞ്ഞിട്ടില്ല. :)

ആത്മ said...

Bindhu Unny,:)

കണ്ടതില്‍ സന്തോഷം!
ആശംസകള്‍!
ദീപാവലിയൊക്കെ കഴിഞ്ഞതുകൊണ്ട്
വെറുതെ ആശംസകള്‍ നേരാം അല്ലെ,