Tuesday, October 26, 2010

സെല്‍ഫ് കൌണ്‍സലിംഗ്

ഇന്നലെ മനസ്സിനെ പറഞ്ഞുപഠിപ്പിച്ച പാഠങ്ങളൊക്കെ ഇന്ന് രാവിലെ ഉറക്കമെണീറ്റുവരുമ്പോള്‍ അത് പാടേ മറന്നുപോയിരിക്കുന്നു! ഇനി ആദ്യമേ പഠിപ്പിക്കണം..

തുണിവിരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ചോദിച്ചു,
‘ആത്മേ, അപ്പോള്‍ നിനക്ക് ഇപ്പോള്‍ സുഖവും സന്തോഷവും ഒക്കെയാണല്ലൊ അല്ലെ?’
മനസ്സില്ലാ മനസ്സൊടെ, ‘ഉം.. ഒരുവിധം.. എല്ലാം മനസ്സിന്റെ ലീലകളല്ലേ.. മനസ്സിനെ അടക്കണം (ആള്‍ക്കാരെയല്ല!)’

പിന്നീട്.., ‘ഹും! എന്നാലും ആ മനുഷ്യനെ ചുറ്റിപ്പറ്റി ഒരു സ്വപ്നവും നെയ്യാനാവില്ലല്ലൊ,
ഞാന്‍ നെയ്യാന്‍ തുടങ്ങുന്നെന്നറിയുമ്പോഴേ അത് അട്ടിമറിച്ച് മറ്റുള്ളവര്‍ അത് കൈക്കലാക്കും
ഇങ്ങിനെ ഒരു മനുഷ്യനായിപ്പോയല്ലൊ!’

ഉം! നീ നേരത്തെ അറിഞ്ഞില്ലേ? ആത്മേ നിന്നോട് നൂറുവട്ടം പറഞ്ഞതാ, മറ്റുള്ളവരെ കുറ്റം പറഞ്ഞ സമാധാനിക്കാന്‍ നോക്കരുതെന്ന്. നീ തിരഞ്ഞെടുത്ത ജീവിതമല്ലെ, നാട്ടിലെ സുഖമൊന്നും പോരാഞ്ഞ് കൂടുതല്‍ സുഖവും സൌകര്യവും കിട്ടുമെന്ന് കരുതി?

അത്.. ഞാനറിഞ്ഞില്ലല്ലൊ, ഇവിടെ കൊണ്ടിട്ടിട്ട് നല്ലപിള്ള ചമഞ്ഞ് നടക്കാനായിരുന്നു പളാനെന്ന്!

അത് നേരത്തെ ഓര്‍ക്കണമായിരുന്നു.. സ്വയം സ്വാതന്ത്രമൊക്കെ ഹോമിച്ച് ഇറങ്ങി തിരിച്ചിട്ട് ഇപ്പം മറ്റുള്ളോരെ കുറ്റപ്പെടുത്തുന്നോ! അല്ലേ ആത്മെ, നീ പറയുന്നു മറ്റുള്ളവര്‍ നിന്റെ സുഖം, നിന്റെ വിജയങ്ങള്‍ ഒക്കെ തട്ടിപ്പറിക്കുന്നു എന്ന്! ഈ മറ്റുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ നീ അങ്ങ് വിജയം കൊയ്ത് മറിച്ചേനെ അല്ല്യോ! എങ്കിപ്പിന്നെ മറ്റുള്ളവരെ കാണും മുന്‍പ് നീ ഒന്നും നേടാഞ്ഞതെന്തേ? !.. നീ അന്നും ഇന്നും എന്നും അലസയും, മറ്റുള്ളവരുടെ ചിലവില്‍/നിഴലില്‍ ജീവിക്കാനും സുഖം കണ്ടെത്താനും ആഗ്രഹിക്കുന്ന ഒരു മന്ദബുദ്ധിയാണ് ആത്മേ, അതിന് ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനസ്സിലായോ?! ഇനി മേലാല്‍ ആരേം കുറ്റം പറയരുത്.

‘ഇല്ല’.

മറ്റുള്ളവര്‍ നിന്റെ എല്ലാം തട്ടിപ്പറിക്കാനും ഇല്ലാതാക്കാനും നടക്കുന്നെന്നതല്ല്യോ നിന്റെ ഇപ്പോഴത്തെ വിഷാദകാരണം?! അതേ, നിനക്ക് അതൊക്കെ കൈവശമുള്ളതുകൊണ്ടല്ലെ, അത് അവര്‍ക്ക് എടുക്കാന്‍ ആഗ്രഹം തോന്നുന്നതും മത്സരിക്കാന്‍ വരുന്നു എന്നു തോന്നുന്നതും?!
അപ്പോള്‍, എന്താന്നു വച്ചാല്‍, നിനക്കുള്ളതൊന്നും നിനക്കുതന്നെ അറിയില്ലാ എന്നതാണ്!
സ്വയം സംതൃപ്തയാകാന്‍ നോക്കൂ ആത്മേ.. സംതൃപ്തയാ‍കാന്‍ നോക്കൂ..

‘ശരി!’ (ആത്മ തല്‍ക്കാലം അടങ്ങി)

ആത്മ വീണ്ടും, ‘പക്ഷെ, നമുക്ക് എല്ലാം ഉണ്ടെന്നു കരുതി ആര്‍മാദിക്കുന്നത് അഹങ്കാരമാവില്ലേ?!
നമുക്ക് ഒന്നുമില്ല എന്നു കരുതി ജീവിക്കുന്നവരല്ലെ എളിയ മനുഷ്യര്‍?! എനിക്കെങ്ങും വയ്യ ആനന്ദിക്കാന്‍!’ ഇങ്ങിനെ ചെയ്യാം.. എനിക്കൊന്നുമില്ല, എനിക്കൊന്നും വേണ്ട, ഞാന്‍ ഒരു വെറും വിസിറ്റര്‍ ഈ ലോകത്തില്‍.. കുറച്ചുകാലം കൂടി ജീവിച്ചേച്ച് അങ്ങ് പോകും..അതിനിടയില്‍ ആരേം വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനൊ പോവില്ല. എന്റെ കഴിവുകൊണ്ട് നേടാന്‍ കഴിയുന്നതേ ആഗ്രഹിക്കൂ.. ഭര്‍ത്താവ് എന്നാല്‍ അതും ഒരു അന്യ മനുഷ്യനാണ്. അവരുടെ ജീവിതം കൊണ്ട് അവര്‍ക്കിഷ്ടമുള്ളത് ചെയ്തോട്ടെ. എന്നെക്കൂടി നോക്കും, നോക്കണം എന്നൊന്നും ആഗ്രഹിക്കരുത്..

ഒരു നേരിയ പ്രതീക്ഷ! ‘എങ്കിപ്പിന്നെ മക്കളെ ഡിപ്പന്റ് ചെയ്താലൊ?’

നിനക്ക് ആരെയെങ്കിലും ഡിപ്പന്റ് ചെയ്യാതെ ജീവിക്കാന്‍ സാധ്യമല്ല അല്ല്യോ?!
പോയി കണ്ണാടി എടുക്ക് ആത്മേ, കണ്ണാടി എടുക്ക്! എന്നിട്ട് കണ്ണുതുറന്ന് നോക്ക്!
എന്നിട്ട് ചോദിക്ക്, ഈ ഒരു മനുഷ്യന്‍ പോരേ നിനക്ക്, എന്ന്! ഉം.. പോ!

ഹും! വല്ലാത്ത ഒരു ആത്മാവു തന്നെ ഈ ആത്മയുടേത്!
മെരുക്കാന്‍ ഭയങ്കര പ്രയാസം!

-----

മുകളില്‍ പറഞ്ഞത്രെം ആത്മ അനുസരിച്ചോ?!

സത്യം പറഞ്ഞാല്‍ ഒരു ദിവസം കണ്ണാടിയും എടുത്തോണ്ട് അതിന്റെ മുന്നില്‍ അല്പനേരം ഇരുന്നപ്പോള്‍ ആശ്വാസം തോന്നിയെന്നതൊക്കെ സത്യം! പക്ഷെ, അതീപ്പിന്നെ ആത്മ കണ്ണാടി കൈകൊണ്ടു തൊട്ടിട്ടില്ല.

ആത്മ അത്രേം എഴുതീട്ട് രണ്ട് പ് ളാസ്റ്റിക് കയ്യുറകളും ഇട്ട് നേരെ ഇറങ്ങി വെളിയിലേക്ക്. കരിയില തൂത്തുവാരല്‍, ചെടികള്‍ വെട്ടി നിരപ്പാക്കല്‍ തുടങ്ങി ഒട്ടനവധി ജോലികള്‍ ആത്മയെ കാത്തു നില്‍പ്പുണ്ടായിരുന്നു. പിന്നെ ഇടയ്ക്കിടെ അതുവഴി പോകുന്നവരൊക്കെ, ‘ഹൊ! കഠിനമായി ഉഴയ്ക്കുന്ന ഒരു വീട്ടമ്മ’ എന്നു മനസ്സില്‍ കരുതിക്കൊണ്ട് പോകുന്നതോര്‍ത്ത് കോള്‍മയിര്‍ കൊള്ളല്‍, അങ്ങിനെ ഒന്നു രണ്ടു മണിക്കൂര്‍ കടന്നു പോയി

പിന്നെ വന്നിരുന്ന് അല്പം ഭക്ഷിച്ചിട്ട്, ഭാഗവതാമൃതം റിക്കോട് ചെയ്തത് കേട്ടു..

പിന്നെ പനിയുടെ രണ്ട് ഗുളികകളും വിഴുങ്ങി, ദാ ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഒരു സാദാ വീട്ടമ്മയായി ഇരിക്കുന്നു.

സത്യം പറഞ്ഞാല്‍ ആത്മയ്ക്ക് കണ്ണാടിയെക്കാളും ഇഷ്ടം ബ് ളോഗില്‍ വല്ലതും എഴുതുന്നതാ.. (ഇംഗ് ളീഷ് ഇമ്പ്രൂവ് ചെയ്യുന്നതിനോടൊപ്പം മലയാളോം അല്പം പുരോഗതിപ്പെടുത്താം എന്നു കരുതി)

ആത്മയ്ക്ക് എപ്പോഴും എന്തെങ്കിലും/ആരെയെങ്കിലും എതിര്‍ക്കണം. ആരെയും എതിര്‍ക്കാനില്ലെങ്കില്‍ ആത്മ ആത്മയെ തന്നെ ധിക്കരിച്ചു എന്ന സംതൃപ്തിയോടെ അങ്ങിനെ ഇരിക്കുന്നു..

വേറേ വിശേഷം ഒന്നും ഇല്ല.

---

ഇന്നത്തെ ചിന്തകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും മനസ്സിലായ പാഠം:-

അലസമായ ശരീരമാണ് മനസ്സിനെ ആവശ്യമില്ലാത്ത ചിന്തകളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് ശരീരത്തിനെക്കൊണ്ട് എപ്പോഴും എന്തെങ്കില്‍ പണിചെയ്യിച്ചോണ്ടിരിക്കുക. അപ്പോള്‍ അത് ഒരു പാഠം പഠിക്കും.. മനസ്സിനെ തെറ്റായ വഴിക്ക് നയിക്കില്ല.

10 comments:

jazmikkutty said...

:)

ആത്മ said...

കണ്ടതില്‍ സന്തോഷം! :)

സു | Su said...

ഇത്രേം ജോലിയുണ്ടായിട്ടും ആത്മേച്ചി അലസയായിട്ട് ഇരുന്ന് ഓരോന്ന് ചിന്തിച്ചുകൂട്ടുന്നോ? ആരെയും തോല്‍പ്പിക്കേണ്ട ആത്മേച്ചീ. ആരിൽ നിന്നും ഒന്നും തട്ടിപ്പറിയ്ക്കേം വേണ്ട. നമുക്ക് ചെയ്യാനുള്ളത് എന്തുജോലിയായാലും ഇഷ്ടത്തോടെ ചെയ്യുക. അത്രേ വേണ്ടൂ. (രാവിലെ തന്നെ ഒരാളെ ഉപദേശിച്ചപ്പോ എന്തൊരാശ്വാസം. ;))

ആത്മ said...

ഉപദേശം കേട്ടപ്പോൾ എനിക്കും സമാധാനമായായിരുന്നു. സമാധാനവും കൊണ്ട് വെളിയിലൊക്കെ ഒന്നു പോയി കറങ്ങിയിട്ട് വന്നു. കുറച്ചു സാധനോം വാങ്ങണമായിരുന്നു..:)

സമാധാനിപ്പിച്ചതിനു നന്ദി!

സൂജി പറഞ്ഞത് ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്തുകൊണ്ട് ജീവിക്കുക എന്നല്ലെ, ഇച്ചിരി പാടാണ്.. എങ്കിലും അതല്ലെ പറ്റൂ.. അങ്ങിനെ ജീവിക്കാന്‍ ശ്രമിക്കാം..

കുഞ്ഞൂസ് (Kunjuss) said...

ആത്മാ... ആരെയെങ്കിലും എതിര്‍ക്കണം എന്നേയുള്ളോ, എങ്കില്‍ വരൂ,ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്, പലരും അതിനെ എതിര്‍ക്കുന്നുണ്ട്, ആത്മയും വരൂ...
(അങ്ങിനെയെങ്കിലും എന്റെ ആത്മക്ക് അല്പം ആശ്വാസം കിട്ടട്ടെ)

ആത്മ said...

ശരി,

ദാ പോകുന്നു എതിർക്കാനായി..

വല്ലതും കിട്ടുമോന്ന് കണ്ടറിയാം..:)

jayanEvoor said...

എന്തായാലും ഒരു ഗുണപാഠം കിട്ടിയില്ലേ!

സന്തോഷം!

ആശംസകൾ, ആത്മാ!

ആത്മ said...

അശംസകൾക്ക് വളരെ വളരെ നന്ദി!

sm sadique said...

ഞാനും കണ്ണാടി നോക്കും, എന്നെ തന്നെയും;…………
അലസനായ ഞാനും ആത്മവിമർശനം എത്ര…എത്ര…എത്രയോ നടത്തിയിരിക്കുന്നു.
പക്ഷെ, ക്യാ….?

ആത്മ said...

അതെ, നമ്മളിങ്ങനെ ആത്മവിമര്‍ശനം നടത്തിക്കൊണ്ടേ ഇരിക്കണം.. :)
അല്ലാതെന്തുചെയ്യാന്‍,
ദൈവത്തെ നേരിട്ടു കാണാന്‍ പറ്റില്ല,
നേരില്‍ കാണാന്‍ പറ്റുന്ന ദൈവങ്ങളു നമ്മള്‍ തന്നെയാണത്രെ!
എങ്കിപ്പിന്നെ നമുക്ക് നമ്മെ തന്നെ വിമര്‍ശിച്ചും, കണ്ടുപിടിച്ചും, പരീക്ഷണം നടത്തിനോക്കീം ജീവിക്കാം..അങ്ങിനെയല്ലെ,