Sunday, October 3, 2010

ചില പ്രവാസി വീട്ടമ്മമാര്‍

അവള്‍ക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. പക്ഷെ, ഉറങ്ങാന്‍ പാടില്ല. പരീക്ഷയ്ക്ക് ഉറക്കമിളച്ചിരുന്ന് പഠിക്കുന്ന കുട്ടികള്‍, അവരെ തനിച്ചാക്കിയിട്ട് പോയി ഉറങ്ങുന്നതെങ്ങിനെ?
ടി.വിയും വയ്ക്കാന്‍ പറ്റില്ല. ഒരു ചെറിയ ബുക്ക് എടുത്ത് വായിക്കാന്‍ ശ്രമിച്ചു, വീണ്ടും ഉറക്കം വരുന്നു.. സോഫയില്‍ പോയി കിടന്നു, ‘മക്കളേ എന്തെങ്കിലും വേണമെങ്കില്‍ വിളിച്ചാല്‍ മതി, അമ്മ ഇവിടെ ഉണ്ട് ’എന്നുപറഞ്ഞ് കിടന്നു.. കണ്ണുകള്‍ അടഞ്ഞു തുറന്നും ഒരു പാതി മയക്കത്തില്‍ ആണ്ട് കിടക്കുമ്പോള്‍ അവള്‍ ഓര്‍ത്തു... അടുത്ത മുറിയില്‍ ഒന്നും അറിയാതെ കൂര്‍ക്കം വലിച്ചുറങ്ങുന്ന അവരുടെ അച്ഛന് ഇതൊന്നും അറിയണ്ടല്ലൊ, ഒന്നിലും ഭാഗമാകാനും കിട്ടില്ല. അവര്‍ക്കൊക്കെ വലിയ വലിയ കാര്യങ്ങളാണ് ചെയ്യാനുള്ളത്. അവരുടെ വലിയ ലോകത്തിലെ ചെറിയ/അപ്രധാനമായ മനുഷ്യരാണ് തങ്ങള്‍ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.. കഴിവതും എല്ലാ സ്വന്തമായി ചെയ്യാനും ശീലിച്ചു കഴിഞ്ഞിരുന്നു. അവര്‍ക്ക് അച്ഛനായും അമ്മയായും അമ്മുമ്മയായും അപ്പുപ്പനായും, അമ്മാവനായും ഒക്കെ താന്‍ മാത്രമേ ഉള്ളൂ എന്ന ബോധം അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച് ജീവിക്കുന്ന ഒരു സ്ത്രീയായി തന്നെ മാറ്റിയിരിക്കുന്നു. താന്‍ ജനിച്ചതുതന്നെ ഈ ഒരേ ഒരു കടമ നിറവേറ്റാനായിരുന്നിരിക്കുമോ എന്ന തോന്നലും!

മക്കള്‍ക്ക് പരീക്ഷയുള്ളപ്പോള്‍ അവരുടെ രീതികള്‍ക്കൊത്ത് ചലിക്കുന്ന ഒരു പാവയെപ്പോലെ വീട്ടിനുള്ളില്‍ തളഞ്ഞ് കിടക്കണം. അതിനു നേരെ വിപരീതമായ ഒരു ജീവിതമാണ്‌ നല്ലപാതി(?) എന്നു വിശേഷിപ്പിക്കുന്ന വ്യക്തിയുടേത്. ആ സമയങ്ങളിലാണ്‌ അവര്‍ പുറത്ത് ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത്. രണ്ടും മൂന്നും സ്റ്റേജ് ഷോകള്‍, മന്ത്രിയേയും മറ്റും ആദരിക്കല്‍, മറ്റു വിശിഷ്ടാതിഥികളെ ആദരിക്കല്‍, കൂട്ടത്തില്‍ കുടുംബത്തിലെ മറ്റംഗങ്ങളെ കുറച്ചുകൂടി പദവികള്‍ നല്‍കി ആദരിക്കല്‍. ആകപ്പാടെ ആദരിക്കലുകളാണ്‌! അവിടെ അറിയാതെ ചെന്നുപെട്ടുപോയാല്‍ കരച്ചില്‍ വരും! നമ്മള്‍ ഊട്ടിപോറ്റുന്ന വ്യക്തി മറ്റുള്ളവരെ പൊക്കാനും പിന്നെ സ്വയം പൊങ്ങാനുമായി(രഹസ്യം..‘ഏയ്! അങ്ങിനെ യാതൊരാഗ്രഹവും ഇല്ല’ എന്നു പറഞ്ഞേക്കും) അഹോരാത്രം പാടുപെടുന്നതില്‍ നമ്മള്‍ തരിമ്പുപോലും ഇല്ലല്ലൊ എന്ന ഒരു അപമാനം!

മക്കള്‍ക്ക് അച്ഛന്റെ സഹായം ഒന്നും കിട്ടുന്നില്ലെന്നതോ പോകട്ടെ, ഈ അമിതാഹ്ലാദവും ആരവവും ഒക്കെ അവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് വീട്ടില്‍ മറ്റൊരു സാഹചര്യമായിരിക്കും. അവര്‍ പുറത്തു കാണുന്നതില്‍ നിന്നും വളരെ വിപരീതമായവ. അവിടെ, പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടികള്‍, രാവും പകലും വീടിനുവേണ്ടി അനങ്ങിക്കൊണ്ടിരിക്കുന്ന ഒരു യന്ത്രം,
അവിടെ ഒരു രസവും കാണില്ല! ബോറായും തോന്നും! പുറത്തെ രസങ്ങളിലൊന്നും കുടുംബത്തെക്കൂടി ഭാഗമാക്കണമെന്ന ഒരു വിചാരവും അടുത്ത ഭാവിയിലൊന്നും ഇല്ലാതാനും .

ചെറുതിലെ, പരീക്ഷകളിൽ മാർക്ക് കുറഞ്ഞാൽ അമ്മയ്ക്കും മക്കൾക്കും ഒരുമിച്ചായിരിക്കും വിരട്ട്! അതോടെ തീർന്നു കടമ! അവര്‍ ഏതു ബുക്കാണ് വായിക്കുന്നത്, എവിടെയാണു സംശയം, ഏതിനാണ് ട്യൂഷന്‍ വേണ്ടത്, ഇതൊന്നും അറിയണ്ട. ചെറുതിലെ അവരുടെ ബര്‍ത്ഡേകള്‍ പ്രസന്റുകളും സര്‍പ്രൈസുകളും ഒന്നുമില്ലാതെ കടന്നുപോകുന്നു. അത്രയ്ക്ക് നല്ല ഒരു മകനെ കിട്ടിയ അമ്മ ചാരിതാര്‍ത്ഥ്യമണയുന്നു. ഭാര്യക്ക് പോകട്ടെ, മക്കള്‍ക്കും പ്രസന്റൊന്നും വാങ്ങാതെ, അവരെ അച്ചടക്കത്തോടെ വീട്ടിനുള്ളില്‍ പഠിക്കാനും വീട്ടുജോലിചെയ്യാനുമുള്ള മെഷീനുകളെപ്പോലെ തളച്ചിട്ടിട്ട് , പുറത്ത് അവരോടൊപ്പം വിവാഹസല്‍ക്കാരങ്ങളിലും മറ്റും ചെല്ലുമ്പോള്‍ ഒരമ്മ മനസ്സ് വളരെ സന്തോഷിച്ചിരിക്കണം..!

ഭാര്യയെയും മക്കളെയും ഒക്കെ അവഗണിച്ച് സമൂഹം നന്നാക്കാന്‍ ചെല്ലുന്ന ഒരു വിവാഹിതനു ഭയങ്കര മതിപ്പാണു സമൂഹം നല്‍കുന്നത്. ഹോ! അയാള്‍ സ്വന്തം ഭാര്യയെയും മക്കളെയും പോലും നോക്കാതെ നമുക്കുവേണ്ടി കഷ്ടപ്പെടുന്നു! നമ്മെ ആദരിക്കുന്നു.. !! ഇത് ജോലിചെയ്യുന്ന ഇടത്തായാലും പാര്‍ട്ടി പ്രവര്‍ത്തകരുടെയിടയിലായാലും, സ്വന്തം കുടുബത്തില്‍ നിന്നായാലും, ഈ ഒരു ആദരവ് വാങ്ങി ശീലിച്ചു പോയ ഒരാള്‍ക്ക് കുടുബത്തെ കൂടുതല്‍ അവഗണിക്കാന്‍ പ്രചോദനമാകുന്നു.

വീട്ടില്‍ തിരിച്ചു വരുമ്പോള്‍ അവിടെ ബൊമ്മകളെപ്പോലെ മൂന്നോ നാലോ മനുഷ്യര്‍ കാണും. തന്റെ ദയവില്‍ നിത്യചിലവ് നടത്താനും, തന്റെ ചിലവില്‍ പുറം ലോകം കാണാനും, തന്റെ സമയത്തില്‍ സന്തോഷിപ്പിക്കാനും ആകുന്ന; കാത്തുനില്‍ക്കുന്ന മനുഷ്യര്‍. അവരുടെ ബേസിക്ക് ആവശ്യങ്ങള്‍ താന്‍ നിറവേറ്റുന്നു എന്ന സന്തോഷത്തില്‍ പുറത്തെ ആഹ്ലാദതിമിര്‍പ്പുമായി അവരുടെ അടുത്തേക്ക് വരുന്ന അയാള്‍ക്ക് അവരുടെ കണ്ണിലെ പ്രതീക്ഷകള്‍ കാണാനാകുന്നില്ല. പഠിത്തത്തിന്റെ ടെന്‍ഷനില്‍ ഇരിക്കുന്ന അവര്‍ക്കും, തനിച്ചുള്ള ഉത്തരവാദിത്വത്തില്‍ ആകെ മരവിച്ചിരിക്കുന്ന വീട്ടമ്മയ്ക്കും, അപരിചിതമാ‍യ അയാളുടെ ഈ തിമിര്‍പ്പ് അരോചകമായി തോന്നുന്നു, അലോരസമുണ്ടാക്കുന്നു. അവര്‍ ഒഴിഞ്ഞുമാറാന്‍ നോക്കുന്നു, വിടവുകള്‍ വലുതായിക്കൊണ്ടിരിക്കുന്നു. പുറത്ത് സ്ഥാനമാനങ്ങള്‍ കൂടുന്തോറും അകത്ത് വിടവുകള്‍ വലുതായിക്കൊണ്ടിരിക്കുന്നു.

മക്കള്‍ അമ്മയോട് പറയുന്നു, “അമ്മേ നാട്ടിലുള്ള വിനുമാമനും അനില്‍ ചിറ്റപ്പനും ഒക്കെയാണ്‌
ശരിക്കുമുള്ള അച്ഛന്മാര്‍! അവര്‍ മക്കളെ പലയിടത്തും കൊണ്ടുപോകുന്നു, അവര്‍ക്ക് പലതും പറഞ്ഞുകൊടുക്കുന്നു, അവരോടൊപ്പം പുറം ലോകംകാണുന്നു, അവരാണ് ശരിക്കും ഉള്ള അച്ഛന്‍” എന്ന്! അവർക്ക് സ്വന്തം പിതാവിനോട് ദേഷ്യമൊന്നും ഇല്ല. പക്ഷെ, ഒരു പിതാവിൽ നിന്ന് കിട്ടേണ്ടതെന്താണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു! തങ്ങൾക്ക് അതൊന്നും കിട്ടിയിട്ടില്ലെന്നും!
എല്ലാം കേട്ട് ഒരുനിമിഷം, പ്രതികരണശേഷി നഷ്ടപ്പെട്ടപോലെയിരിക്കുന്ന വീട്ടമ്മ! തനിക്കു വന്നുപെട്ട നഷ്ടങ്ങളുടെ പട്ടിക കണക്കുകൂട്ടാന്‍ പോലും അശക്തയായി തളരുന്നു.

ഇല്ലാത്ത ജോലിത്തിരക്കിനിടയിൽ വളരെ ധൃതിയിൽ വന്ന് സ്ക്കൂളിലോ, ട്യൂഷനോ
കൊണ്ടാക്കാൻ സമയം കണ്ടെത്തുന്ന ഒരു അച്ഛൻ. കൂട്ടത്തില്‍ ഭാര്യയ്ക്കും വേണമെങ്കില്‍ കാറില്‍ കയറിയിരിക്കാം..! കാറിലിരിക്കുമ്പോഴും മുഴുവൻ സമയവും ഫോണിലായിരിക്കും. വരുന്ന വഴി, ‘ഡ്രൈവ് ത്രൂ’ മക്ഡോണാൾഡിൽ നിന്നും വേണമെങ്കിൽ എന്തെങ്കിലും ഓഡർ ചെയ്യാം. അകെ ഭർത്താവിൽ നിന്നും, അച്ഛനിൽ നിന്നും കിട്ടുന്ന വിലപ്പെട്ട കുറച്ചു സമയം! അതിനായി മാത്രം ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ ഒരു സംതൃപ്തയായ വീട്ടമ്മയുടെ മുഖംമൂടിയുമണിഞ്ഞ് അവൾ കാറിൽ കയറിയിരിക്കും. മക്കൾ സന്തോഷമുള്ള മക്കളെപ്പോലെ പിറകിലും. ഫോണിൽ നിന്നും ഒഴിഞ്ഞ സമയമുണ്ടെങ്കിൽ മാത്രം കളിതമാശകൾ പറയാൻ സമയം കണ്ടെത്തുന്ന ഗൃഹസ്ഥൻ. ഹാപ്പി ഫാമിലി!

‘ഈ ജീവിതമാണല്ലൊ തന്റെ മക്കൾക്കു കിട്ടിയത് !’എന്നു വരുത്തപ്പെടുന്ന വീട്ടമ്മ.
നാട്ടിലായിരുന്നെൻകിൽ ഒരു അമ്മാവനോ ചിറ്റപ്പനോ എങ്കിലും അവരെക്കൂടി നോക്കുമായിരുന്നു
ഇവ്ടെ മറ്റാരുമില്ലാത്ത അന്യനാട്ടിൽ തങ്ങൾ സുരക്ഷിതരല്ല എന്ന ഭയം. അധികാരഭ്രാന്തുപിടിച്ച ഒരു കുടുബംത്തില്‍ വന്നുപെട്ടപോലെ. അവിടെ തങ്ങൾ തികച്ചും അപരിചിതരെപ്പോലെ. ലോകം നിറയെ കാണാനാഗ്രഹമുള്ള ഒരു വീട്ടമ്മ. ലോകം എന്താണെന്നറിയാൻ ആകാഷയോടെ മക്കൾ! അവരുടെ ആത്മാവിനെ കാണാതെ എന്തു വലിയ ഭാഗ്യങ്ങളായിരിക്കാം ആ ഗൃഹനാഥന്റെ മുന്നിൽ വെട്ടിപ്പിടിക്കാനായി കിടക്കുന്നത്!

വര്‍ഷത്തിലൊരിക്കല്‍ അന്യനാട്ടിലെ വീട്ടുജോലിക്കാരികള്‍ അവധിക്ക് നാട്ടില്‍ പോകുന്നതുപോലെ
തനിച്ച് നാട്ടില്‍ പോകും, ആര്‍ക്കെങ്കിലും കൊടുക്കാന്‍ കുറെ സാധനങ്ങളും വാങ്ങി. കൂടെ മക്കളും കാണും ലോകം കാണാനായി. വീട്ടമ്മയ്ക്ക് പുറം ലോകത്തെപറ്റി പറഞ്ഞുകൊടുക്കാനുള്ള വലിയ അറിവുകളൊന്നും തന്നെ കാണില്ല. അറിവുള്ള ആള്‍ അപ്പോഴും ധ്ര്‌തിപിടിച്ച് ബിസിനസ്സും, പാര്‍ട്ടിയും, അമ്മയുടെ കുടുബവും, അമ്മയുടെ കൂട്ടുകാരെയും സന്തോഷിപ്പിക്കുകയാവും. ഇങ്ങിനെ ഒരു മകനെ പ്രസവിച്ച അമ്മ ചാരിതാര്‍ത്ഥ്യമടയുന്നു.

നാട്ടില്‍ കുറെ സാധനങ്ങളുമായെത്തുന്ന ബോറഡിച്ച വീട്ടമ്മ ആ വിദേശ സാധങ്ങളൊക്കെ ഓരോരുത്തര്‍ക്കായി പങ്കുവച്ച് പകരം സ്നേഹം കിട്ടുമോ എന്നു പരീക്ഷിക്കുന്നു. പിന്നീട് സ്നേഹത്തിനു പകരം മോക്ഷം കിട്ടുമോ എന്നാകുന്നു. ഒടുവില്‍ പതിയെ, പതിയെ, കയ്യിലുള്ള കാശിനു വലിയ വിലയൊന്നും ഇല്ല എന്നു പതിയെ മനസ്സിലാക്കുന്നു. (എല്ലാം വിട്ടെറിഞ്ഞ് ഇവിടെ വന്നു താമസിക്കുവാന്‍ അഭിപ്രായപ്പെടുന്ന തന്റെ അമ്മയെ അവള്‍ സംശയത്തോടെ നോക്കുന്നു. തന്റെ മക്കളെ സ്വന്തം പിതാവില്‍ നിന്നു പിരിക്കുന്നത് പാപമാണെന്ന അറിവില്‍.)

ഇവിടെ എങ്ങിനെ തന്റെ മക്കളെ ലോകം കാണിക്കാനാകും എന്ന് അറിയാതെ വിഷമിക്കുന്നു! മക്കള്‍ അമ്മയോടൊപ്പം ആരുടെയെങ്കിലും ദാക്ഷിണ്യത്തിനായി അവര്‍ കാത്തുനില്‍ക്കുന്നു. പുറം ലോകം കാണാന്‍. സ്വന്തം മക്കളെയും ഭാര്യയെയും നാടുകാണിക്കുന്ന ഒരു പിതാവിനോടൊപ്പം സൈഡ് സീറ്റിലിരുന്നു അവര്‍ പുറംലോകം കാണുന്നു, ആ അച്ഛനെ കണ്ട് അച്ഛന്മാര്‍ ഇതാണെന്ന് മനസ്സിലാക്കുന്നു. ആ കുടുംബത്തിന്റെ‍ ഒരു ഭാഗമായി ഭാവന്‍ ചെയ്ത് ഇരിക്കുന്നു.

സ്വന്തം മക്കളുടെ ഇംഗ്ലീഷ് ഇപ്രൂവ് ചെയ്യാനായി തന്റെ മക്കളൊട് ഇംഗ്ലീഷില്‍ സംസാരിപ്പിക്കാന്‍ ശ്രദ്ധിക്കുന്ന അച്ഛന്‍, സ്വന്തം മക്കളുടെ പാട്ടും ഡാന്‍സും തന്റെ മക്കളെ കാട്ടി അവരുടെ മതിപ്പു കൈപ്പറ്റാന്‍ ശ്രമിക്കുന്ന അമ്മ. തന്റെ മക്കള്‍ക്കായി എങ്ങും ഒരിടമില്ലല്ലൊ എന്ന ഖേദത്തോടെ നില്‍ക്കുന്ന അമ്മയോടൊപ്പം , സന്തുഷ്ടയായ ഒരു വിദേശിയുടെ പുഞ്ചിരിയുമായി നില്‍ക്കുന്ന മക്കള്‍‌,
പതിയെ അവര്‍ക്കു തമ്മില്‍ അദൃശ്യമായ ഒരു ആത്മബന്ധം ഉടലെടുക്കുന്നു.

[ഈ കഥ എന്റെ മാത്രം അനുഭവമൊന്നും അല്ല ട്ടൊ, വിദേശത്തു ജീവിക്കുന്ന ആള്‍ നാട്ടിലെ ഒരു സ്ത്രീയെ വിവാഹം ചെയ്യുമ്പോള്‍‌ മിക്കയിടത്തും കണ്ടിട്ടുള്‍ള ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയതാണു.. എന്റേതും ഉണ്ട് എന്നേയുള്ളൂ..പക്ഷെ, എന്റെതു മാത്രമല്ല]

11 comments:

Kalavallabhan said...

ഈ കഥ എന്റെ മാത്രം അനുഭവമൊന്നും അല്ല

കിച്ചന്‍ said...

:(

ഈ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കു.
http://swarnalipi.blogspot.com/2010/09/blog-post_12.html

P.S:ഈ ലിങ്ക് എന്റെ ബ്ലോഗിന്റെ പരസ്യം അല്ല കേട്ടോ.

ആത്മ said...

Kalavallabhan,:)

ഉത്തരം മുട്ടിപ്പിക്കുന്ന കമന്റ്!
എന്തെഴുതണം എന്നറിയില്ല..

ആത്മ said...

കിച്ചന്‍,

പോസ്റ്റ് വായിച്ചു. ഭാര്യയോടുള്ള സ്നേഹം എടുത്തുകാട്ടുന്ന വരികള്‍ അല്ലെ,

ആ ബ്ലോഗ് മൊത്തത്തില്‍ ഇഷ്ടമായി.

സ്നേഹം എല്ലാവരിലും ഉണ്ട്..
പക്ഷെ പരസ്പരം അഡ്ജസ്റ്റ് ചെയ്യാന്‍/സഹിക്കാന്‍‌ ഒക്കെ പ്രത്യേക കഴിവു വേണം എന്നു തോന്നുന്നു.

കലാം said...

കുറിപ്പ് കൊള്ളാം.
യാദാര്‍ത്ഥ്യം ആയിരിക്കാം,
പക്ഷെ കഥയായോ?

ആത്മ said...

കഥയായില്ല അല്ലെ!

സാരമില്ല, ഇന്നത്തെ യാധാര്‍ത്ഥ്യങ്ങളല്ലെ നാളത്തെ കഥകളാകുന്നത്... :)

കഥയാക്കാന്‍ ശ്രമിക്കാം..
അഭിപ്രായത്തിനു നന്ദി!

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

ആധുനികകാലം-കലികാലം!

ആത്മ said...

അതെ!

Manoraj said...

ആത്മ,

കഥയായില്ലെങ്കിലും സത്യത്തില്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ചെറുതായി മനസ്സില്‍ കൊണ്ടു. മറ്റൊന്നുമല്ല ഇതൊക്കെ എനിക്കും ബാധകമല്ലേ എന്നൊരു തോന്നല്‍.. ഏതയാലും ഇതൊന്ന് കഥയുടെ ഫോര്‍മാറ്റിലേക്ക് ശരിക്ക് മാറ്റാന്‍ കഴിയുമോ എന്ന് നോക്കൂ.

ആത്മ said...

നന്ദി!

താമസിയാതെ കഥയുടെ ഫോര്‍മാറ്റ് ആക്കാന്‍ ശ്രമിക്കാം..

അനുരാഗ് said...

കൊള്ളാം നന്നായി