Saturday, October 23, 2010

ഇന്നത്തെ താപനില

സന്തോഷത്തിനു കടന്നു വരാന്‍ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട.. (ഇറങ്ങിപ്പോകാനും!)
ഇപ്പോള്‍ ആകെ സന്തോഷമയമാണ്!

സന്തോഷത്തിനായി പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. മി. ആത്മ മിണ്ടി എന്നതൊഴിച്ചാല്‍ അതിനെ തുടര്‍ന്ന് പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നും തന്നെ സംഭവിച്ചില്ല. അദ്ദേഹം പതിവുപോലെ രാവിന്റെ മദ്ധ്യയാമത്തിലും, ഞാനും കോളേശില്‍ പഠിക്കുന്ന എന്റെ പിള്ളയും കൂടി ഏകദേശം രാത്രിയുടെ അന്ത്യയാമത്തിലും ഉറക്കത്തെ വരിച്ചു കൃതാര്‍ത്ഥരായി.

രാവിലെ പ്രാതല്‍ സമയത്ത് ഞങ്ങള്‍ അന്യോന്യം വാതോരാതെ ശര‍വര്‍ഷങ്ങള്‍ നടത്തി,
ഇദ്ദേഹം‍ എന്നെ കളഞ്ഞിട്ട് പോകില്ല എന്നു ഞാനും ഉറപ്പുവരുത്തി, ഇവള്‍ക്ക് പോകാന്‍ ഒരിടമില്ല, ഇവിടെ അടിഞ്ഞുകിടന്നോളും എന്ന് അദ്ദേഹവും ഉറപ്പുവരുത്തി,
അദ്ദേഹം പുറത്തേക്ക് അതിശീഘ്രം പാഞ്ഞ് പോയി..

വെളിയിലത്തെ താപനില വളരെ കുറഞ്ഞിട്ടുണ്ട്, (ഉള്ളിലേയും!)
പുറത്ത് കോരിച്ചൊരിയുന്ന മഴ വരാന്‍ പോകുന്നു.. ( ഞാന്‍ പോയി ജനലുകളൊക്കെ അടച്ചിട്ടു ബാക്കി എഴുതാം..)

ഞാന്‍ മക്കളോട് ചോദിച്ചു,
‘നിങ്ങള്‍ ഷോപ്പിംഗിനു വരുന്നോ? രണ്ടുമൂന്ന് സാധനങ്ങള്‍ വാങ്ങാനുണ്ട്..’
‘ഇല്ല, ഞങ്ങള്‍ വരുന്നില്ല’.
‘നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞല്ലൊ, വരൂ.. എന്റെകൂടെ, ഞാന്‍ വെളിയിലത്തെ ലോകം നിനക്ക് കാട്ടി തരാം’.
‘വേണ്ട, ഞാന്‍ ബിസിയാണ്, എനിക്ക് പ്രോജക്റ്റ് വര്‍ക്ക് ഉണ്ട്’.
‘ശരി! എങ്കില്‍ ഇനിമുതല്‍ ഏതുനിമിഷവും, എനിക്ക് ശക്തി കിട്ടിയാല്‍ ഉടന്‍, ഞാന്‍ എന്റെ ചിറകുകള്‍ വിരിച്ച് ഷോപ്പിംഗ് സെന്ററിലെക്ക് പറക്കുമേ.. പറഞ്ഞില്ലെന്നു വേണ്ട’.
അപ്പോള്‍ അവര്‍ രണ്ടുപേരും കൂടി ഭയങ്കര ചിരി! ഇനി എന്റെ ഇംഗ് ളീഷ് തെറ്റിയതാകുമോ?!
‘എന്തുപറ്റി മക്കളെ? നിങ്ങള്‍ എന്തൊ കളിയാക്കി ചിരിക്കുവാന്നോ?!’
‘അല്ല അമ്മേ, ഒന്നുമില്ല!’
‘അതല്ല! എന്തോ ഉണ്ട്..?!’
‘അമ്മ ശരിക്കും നല്ല് ജോക്ക് തന്നെയാണ് പറഞ്ഞത് ഞങ്ങള്‍ക്ക് ഒപ്പം വരാനായില്ലെന്നേ ഉള്ളൂ,
ഞങ്ങള്‍ അല്പം താഴെ ഗ്രേഡില്‍ ചിന്തിച്ചെന്നേ ഉള്ളൂ..’ മൂത്തയാള്‍ സമാധാനിപ്പിച്ചു.
ഞാന്‍: ‘അതാവില്ല, മറിച്ചായിരിക്കും.. പറയൂ.. പറയൂ..’
‘അതല്ല അമ്മേ ഒരു ജനറേഷന്‍ ഗാപ്പിന്റെ കാര്യമാണ്’.
‘ആ ഗ്യാപ്പ് അടക്കാന്‍ നോക്കൂ മക്കളേ.. അപ്പോള്‍ എനിക്ക് യംഗര്‍ ജനറേഷന്റെ ചിന്തകളില്‍ എത്താന്‍ ‍ കഴിവുണ്ടോ ഇല്ലയോ എന്നറിയുകയും ചെയ്യാമല്ലൊ!’,

മൂത്തയാള്‍ മടിച്ചു മടിച്ച്, ‘അത്.. അമ്മ ഏതുനിമിഷവും ചിറകുവിരിച്ച് ഷോപ്പിങ് സെന്ററിലേക്ക് പറന്നകലും എന്നു പറഞ്ഞില്ലേ, അപ്പോള്‍ ഇവള്‍ പറയുകയാണ് ‘മേക്ക് ഷുവന്‍, അതിനു മുന്‍പ് നല്ലോണം കുളിച്ചിട്ട് ചിറകുവിരിക്കാന്‍’ എന്ന്!

ഹും!

അപ്പോള്‍ ഒരാള്‍ക്ക് ഇന്നത്തെ പ്രോജക്റ്റ് വര്‍ക്കില്‍ നിന്നും രക്ഷപ്പെടണം.
‘ഒരു നല്ല എസ്ക്യൂസ് പറഞ്ഞുതരൂ..’ എന്ന് മൂത്തയാളോട്
‘എടീ നീ ഏതിനും കള്ളം പറയുന്നു.. എത്ര നല്ല കള്ളം പറഞ്ഞാലും കള്ളം കള്ളം തന്നെയല്ലെ
അതിലിനി ഒരു ബെട്ടര്‍ ആയി എന്നാ കാട്ടാനാ?’
ഞാന്‍ ഇടക്കു കയറി പറഞ്ഞു, ‘കള്ളം പറയേണ്ട കാര്യമില്ല, എനിക്ക് അമ്മയുടെ കൂടെ ഷോപ്പിംഗിനു പോകേണ്ടി വന്നതിനാല്‍ പ്രൊജക്റ്റ് ചെയ്യാന്‍ വരാന്‍ സാധിച്ചില്ല എന്ന സത്യം തുറന്നു പറയൂ’
അത് ആരും കേട്ടില്ലാ!

മഴ പെയ്ത് നിര്‍ത്തി.. ഇടി മുഴങ്ങുന്നു.. ഷോപ്പിംഗ് ഫീവന്‍ എന്നില്‍ ഇനിയും ശമിച്ചിട്ടില്ല, ഏതുനിമിഷവും പോകും..
മുകളിലത്തെ റൂമൊക്കെ ഒന്നു മോപ്പ് ചെയ്താലോ എന്നും ഉണ്ട് മറ്റൊരു പ്രോജക്റ്റ്.
എന്തുവേണമെന്ന് ഉറപ്പായില്ല,

ഇന്ന് നല്ല ഒരു തമിഴ് ഷോ ഉണ്ട്.. എന്റെ ഭര്‍ത്താവ് ആണ് അണിയറ ശില്‍പ്പികളില്‍ പ്രധാനി
പക്ഷെ, ഞാന്‍ പോകുന്നില്ല്, ഫീല്‍ ചെയ്യും എന്നത് ഒന്നാമത്തെ പ്രശനം, രണ്ടാമത്, ഒരാള്‍ പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ നല്ല ഒരമ്മ എങ്ങിനെ പോയിരുന്ന് എന്‍‌ജോയ് ചെയ്യാന്‍! (അല്ലാതെ മി. ആത്മയുറ്റെ അടുത്തിരുന്ന് കാണാനൊന്നും പറ്റില്ല എന്ന വിഷമം ഒന്നും ഇല്ല അതൊക്കെ എന്നേ ഉപേക്ഷിച്ചു)

[മുകളിലത്തെ സംസാരം ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ ആണു ട്ടൊ, ചിലപ്പോഴൊക്കെ ആത്മക്ക് ഇംഗ് ളീഷ് മൂഡ് വരും- ശുദ്ധ മലയാളീസ് അടുത്തില്ലെങ്കില്‍! (ശുദ്ധ ഇംഗ്ലീഷുകാരെക്കാള്‍ മലയാളികള്‍ക്കാണ് ഇംഗ്ലീഷ് തെറ്റിപ്പറഞ്ഞാല്‍ ഒരു ഇത്!). ‘വാട്ടര്‍ വാട്ടര്‍ എവരിവെയര്‍’ എന്നാകുമ്പോള്‍ നമ്മളും അറിയാതെ ഒരല്പം കുടിക്കാതെ നിവര്‍ത്തിയില്ലല്ലൊ,]

ഷോപ്പിംഗ് തല്‍ക്കാലം മാറ്റിവച്ച് വീടു വൃത്തിയാക്കല്‍ തുടങ്ങി..
പാര്‍ട്ട് ടൈം മെയിട് ഒരു ദിവസം അങ്ങ് അപ്രത്യക്ഷമായി!
വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ കയറിയിറങ്ങി ജോലിചെയ്തതിനു പോലീസ് കയ്യോടെ പിടിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി റ്റാ റ്റാ പറഞ്ഞയച്ചാതാകാനും സാദ്ധ്യതയുണ്ട്..
എന്റെ മകാള് പറയുന്നപോലെ, ‘അങ്ങിനെ ആ പെണ്ണു( 55 വയസ്സുള്ള!) പോയീ..’
പാവം! അവര്‍ക്ക് നാട്ടില്‍ നല്ല ഇംഗ്ലീഷ് മീടിയം സ്ക്കൂളില്‍ പഠിക്കുന്ന ഒരു മകളുണ്ടായിരുന്നു, (വളരെ ലേറ്റ് ആയാണു പ്രസവിച്ചത്), ഒരുപാട് സ്വപ്നങ്ങളും കദനകഥകളും ഒക്കെ ഉണ്ടായിരുന്നു...

അങ്ങിനെ അവര്‍ വരാതായപ്പോള്‍ പെര്‍മനന്റ് സ്റ്റാഫ് ആയ ഞാന്‍ ജോലി ഏറ്റെടുത്തു..
ഈ മെയിഡിന് പിന്നെ വേറേ ദൂഷ്യം ഒന്നുമില്ല, ഏതുജോലി ചെയ്യാനും മടീമില്ല, ഇടയ്ക്ക് ഓടിവന്ന്
ബ്ലോഗിനോട് അല്പം സല്ലപിക്കണം എന്ന ദൂഷ്യം ഒഴിച്ച്!

അതിനിടെ ഇന്നലെ ഒരു കൊച്ചു കണ്ടുപിടിത്തം നടത്തി!

ഈ ബ്ലോഗു വായിക്കുന്ന; ഏകാന്തതകോണ്ട് എപ്പോഴെങ്കിലും പൊറുതിമുട്ടിയ, മുട്ടാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കുമായി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു:

നമ്മള്‍ തനിച്ചേ ഉള്ളൂ ഈ അന്യനാട്ടില്‍ (സ്വന്തനാട്ടിലായാലും) അല്ലെങ്കില്‍ ഓഫീസില്‍ എന്നൊക്കെ കരുതി ഡിപ്രഷന്റെ പടുകുഴിയില്‍ അമരാന്‍ മനസ്സ് തയ്യാറെടുപ്പു നടത്തുമ്പോള്‍ ഓടിപ്പോയി ഒരു മുഖക്കണ്ണാടി കയ്യിലെടുക്കുക, (കണ്ണാടിയുടെ മുന്നിലേക്ക് ഓടരുത്- നമ്മുടെ കയ്യെത്തും ദൂരത്ത് ഒരു കണ്ണാടി കരുതി വയ്ക്കാം..)
എന്നിട്ട് വെറുതെ ആ കണ്ണാടി കയ്യിലെടുത്ത് നോക്കിയാല്‍ മതി!
അവിടെ നിങ്ങളെ പോലെ, നിങ്ങളുടെ അതേ പ്രശ്നങ്ങളുള്ള, നിങ്ങളുടെ അതേ ഏജ് ഉള്ള, നിങ്ങളുടെ അതേ ബഹഹീനതകളുള്ള, വേവ്ലഗ്ത് ഉള്ള ഒരാളെ കാണാം..!
ചിലപ്പോള്‍ നിസ്സംഗനായു, ചിലപ്പോള്‍ സശയാലുവായും, ചിലപ്പോള്‍ ഭയന്നും, ചിലപ്പോള്‍ പ്രതീക്ഷയുടെ കൈത്തിരി ഒളിപ്പിച്ചുവച്ചും ഒക്കെ ഇരിക്കുന്ന ഒരു മനുഷ്യനെ!
ദൈവം നിങ്ങള്‍ക്കായി തന്ന രൂപമാണ് അത്!
ഒരുപക്ഷെ, നാം ഏറ്റവും കുറച്ച് കണ്ടിട്ടുള്ളതും ആ രൂപമാകാം..!
(അതാകും ഒരു ഗ്രൂപ്പ്ഫോട്ടോ ഒക്കെ കിട്ടിയാല്‍ നാം ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് നമ്മെയല്ലെ, കാരണം മറ്റെല്ലാവരെയും നാം ആവശ്യത്തിനു കണ്ടതാണ്, ഫോട്ടോ എടുക്കുന്ന വേളയില്‍ പോലും! നാം നമുക്ക് അപരിചിതരാണ് പലപ്പോഴും.. )
കുറച്ചുനേരം ആ പ്രതിരൂപത്തില്‍ നോക്കിയിരിക്കുമ്പോള്‍ നാം അറിയാതെ നാം ഏകനല്ലെന്ന ഒരു ഫീലിംഗ് നമ്മില്‍ വന്ന് നിറയും. നമുക്ക് പ്രിയപ്പെട്ട ആരോടൊപ്പമോ നാം കുറെ നിമിഷങ്ങള്‍ പങ്കുവച്ചതായും തോന്നും!


അപ്പോ ശരി പിന്നെ കാണാം..
ഇനി പോയി ബാക്കി ജോലി ചെയ്യട്ടെ, ആ പെണ്ണു വന്നില്ലല്ലൊ!

9 comments:

jayanEvoor said...

ഈ കണ്ണാടി പ്രയോഗം പത്താം ക്ലാസ് വെക്കേഷനിൽ തന്നെ പ്രയോഗിച്ചിരുന്ന ഒരാളാണു ഞാൻ.

വീട്ടിലെ അലമാരയ്ക്ക് ഒരു നെടുനീളൻ നിലക്കണ്ണാടി ഉണ്ടായിരുന്നു. അതിൽ നോക്കി കുറേ നേരം നിന്നു കഴിയുമ്പോൾ മറ്റൊരാളെ നോക്കുന്നതു പോലെ നമുക്ക് നമ്മളെ കാണാനാവും!

അപ്പോൾ ഞാൻ അയാളെക്കുറിച്ചു ചിന്തിക്കും, വിലയിരുത്തും, വിമർശിക്കും!

പിന്നെപ്പിന്നെ പഠനം, തെരക്കുകൾ ഒക്കെ എന്നെ വിഴുങ്ങി....

ഇപ്പൊഴും വല്ലപ്പോഴും കണ്ണാടി നോക്കാറുണ്ട്!

അതൊക്കെ ഓർമ്മ വന്നു!

കീപ് റൈറ്റിംഗ്!

ആത്മ said...

പ്രോത്സാഹനത്തിനു നന്ദി!

സു | Su said...

എനിക്കിപ്പോ കണ്ണാടിനോക്കാൻ നേരമില്ല. കാലുനോക്കാനേ നേരമുള്ളൂ. ജോലിയാണെങ്കിൽ കുറച്ചധികവും ഉണ്ട്. ഒക്കെ “എക്സ്ട്രാ” ആയിട്ട് കണ്ടുപിടിച്ചതാണ്. സാധാരണത്തെ ജോലിയൊക്കെ വേഗം കഴിച്ചു. ഈ “മെയിഡിന്” ഇന്ന് വിശ്രമിക്കാൻ കുറച്ചേ സമയം ഉള്ളൂ. ആത്മേച്ചിയ്ക്കു, വെറുതേയിരുന്നു ഡിപ്രഷൻ ഉണ്ടാക്കി കണ്ണാടീം നോക്കിയിരുന്നു സല്ലപിക്കാതെ എന്നെ വന്നൊന്നു സഹായിച്ചൂടേ? ഹും... ഒരു ഉപകാരം ചെയ്യാൻ ഇക്കാലത്ത് ആരേം കിട്ടില്ല.

ഷോപ്പിംഗ് നിർത്തിവയ്ക്കണ്ട. ജോലിയൊക്കെ വേഗം കഴിച്ച് പുറപ്പെടൂ. (എനിക്കും എന്തെങ്കിലുമൊക്കെ വാങ്ങുമാ‍യിരിക്കും).

:)

Rare Rose said...

ആ ഗ്രൂപ്പ് ഫോട്ടോ കാര്യം എത്ര ശരിയാ ആത്മേച്ചീ.:)

ഞാന്‍ പണ്ട് ക്ലോണിങ്ങിനെ പറ്റിയൊക്കെ പഠിക്കുന്ന സമയത്ത് വിചാരിക്കാറുണ്ടായിരുന്നു,മുഴുവനായും എന്നെപ്പോലുള്ള,എന്നെപ്പോലെ തന്നെ ഓരോ നിമിഷവും ചിന്തിക്കുന്ന എന്റെയൊരു ക്ലോണിനെ ഉണ്ടാക്കിക്കിട്ടിയാല്‍ നന്നായിരുന്നുവെന്നു.നമ്മുടെയോരോ സമയത്തെ ഇത്തിരി സന്തോഷം,സങ്കടം ഒക്കെ ഈ ലോകത്ത് ഇത്രേം നന്നായി വേറാര്‍ക്കാ മനസ്സിലാക്കാന്‍ പറ്റുകയെന്നൊക്കെ.അപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും മുഴുവനായും മനസ്സിലാക്കി എന്നും ഒരു പരസ്പര സഹായ സഹകരണ സംഘമായി അങ്ങ് നടക്കാല്ലോ എന്നു.:)
അതിന്റെ ഒരു കൊച്ചു പ്രായോഗിക വകഭേദം പോലെ ഈ കണ്ണാടിയും..

ആത്മ said...

ഈ സൂ എന്നെക്കൊണ്ട് പറയിപ്പിക്കും...:)

ഇന്നലെ, മി. ആത്മയോട്, ‘ഇനി നിങ്ങളുടെ സഹോദരനോ, സഹോദരിക്കോ ഒക്കെ വല്ലതും വീട്ടുജോലി ചെയ്യാനുണ്ടോ..?’എന്നു ചോദിക്കാമെന്നു കരുതി, പിന്നെ ചെയ്ത ജോലീടെ വില കളയണ്ട എന്നു കരുതി ആത്മസംയമനം ചെയ്തിരിക്കുകയാണ്..
അതിനിടേലാണ് സൂവിന്റെ ചോദ്യം!
ഹും!

ഭാഗ്യം! സൂവിന്റെ അടുത്ത് ജീവിക്കാത്തത്..
അല്ലെങ്കില്‍ ഡിപ്രഷന്‍ പിടിച്ചിരിക്കുന്ന പാവം ആത്മേ കൊണ്ട് സൂജി പലതും ചെയ്യിച്ചേനെ!

ഷോപ്പിംഗിനു പോയി സൂവിനു വേണ്ടി ഒന്നുരണ്ട് ഫോട്ടോ എടുത്തു.
കഷ്ടകാലത്തിനു കാമറ എടുക്കാന്‍ മറന്നുപോയി. ഹാന്‍ഡ്ഫോണിലാണ് എടുത്ത്ത്..കൊള്ളാമോന്ന് നോക്കട്ടെ, കൊള്ളാമെങ്കില്‍ സൂവിന് ഡെഡിക്കേറ്റ് ചെയ്യാം..

ആത്മ said...

Rare Rose,

അതെ! കണ്ണാടിയില്‍ കാണുന്ന പ്രതിരൂപം നമ്മെ സ്നേഹിക്കും, വിട്ടുപോകില്ല, വിശ്വാസവഞ്ചന ചെയ്യില്ല,നമ്മുടെ ഉയര്‍ച്ചയില്‍ അഭിമാനിക്കും, വീഴ്ചയില്‍ സഹതപിക്കും, സന്തോഷങ്ങളില്‍ പങ്കുചേരും..രഹസ്യങ്ങള്‍ സൂക്ഷിക്കും... അങ്ങിനെ അങ്ങിനെ എത്ര എത്ര കാര്യങ്ങള്‍... അല്ലെ!, :)

കുഞ്ഞൂസ് (Kunjuss) said...

ഈ കണ്ണാടി സൂത്രം വളരെ രസകരമാണ് ആത്മാ...ഞാന്‍ ഇടയ്ക്കിടെ എന്നെ, എന്റെ ആത്മാവിനെ, (ആത്മയെ അല്ലാട്ടോ..) കാണാന്‍ ശ്രമിക്കാറുണ്ട് ,സല്ലപിക്കാറുണ്ട്, പിണങ്ങാറുണ്ട്,വഴക്ക് പറയാറുണ്ട്...അങ്ങിനെയങ്ങിനെ....സ്വത്വം തിരയാറുണ്ട് ഈ സൂത്രത്തില്‍ കൂടി...

കുഞ്ഞൂസ് (Kunjuss) said...

പിന്നെ ഇടക്കൊക്കെ ആ 'സൂ' കൊച്ചിനെ ഒന്നു സഹായിക്കു ട്ടോ....പാവം കുട്ടിയല്ലേ....

ആത്മ said...

കുഞ്ഞൂസിനും കണ്ണാടിപ്രയോഗം ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം!

കുഞ്ഞൂസും സൂവിന്റെ പക്ഷമാണ് അല്ലെ!


ഓ! ശരിയാണ്, ഇപ്പോഴാണ് ഓര്‍മ്മ വന്നത്, സൂ കാലുവയ്യാത്തതുകൊണ്ടാവും സഹായം അഭ്യര്‍ത്ഥിച്ചത് അല്ലെ,
അയ്യോ! ഞാന്‍ നല്ല വഴക്കും പറഞ്ഞു..
ഇനി ഇപ്പം എന്നാ ചെയ്യാനാ..!

സൂവിന്റെ കാണുമ്പോള്‍ സോറി പറയാം..അല്ലെ,