Tuesday, October 19, 2010

ധൃതരാഷ്ട്രി

ആദ്യം, ബസ്സില്‍ കയറി ഇന്റര്‍ചേഞ്ചില്‍ ഇറങ്ങി.. (മകാളുക്ക് വാങ്ങിയ ഒരു ചിന്ന കാറ് വെളിയില്‍ വെയിലും കൊണ്ട് കിടപ്പുണ്ട്..). എന്റെ കാര്യവും അതിന്റെ കാര്യവും ഏതാണ്ട് ഒരുപോലെയാണ്...
ഓടിക്കാന്‍ ആര്‍ക്കും സമയവും സൌകര്യവും സന്മനസ്സും ആവശ്യവും ഒന്നും ഇല്ലാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍.. ‘വേണമെങ്കില്‍ വെളിയിലത്തെ വെയിലുമൊക്കെ കൊണ്ട് എങ്ങനേലും സര്‍വൈവ് ചെയ്യാന്‍ പഠി കാറേ.. ഒരിക്കല്‍ എല്ലാവര്‍ക്കും സൌകര്യം ഒത്തുവരുംവരെ..’

ഞാനതൊക്കെ തരണം ചെയ്തു, ഓടിക്കാന്‍ സമയമില്ലാത്തോരെയൊക്കെ ബഹിഷ്ക്കരിച്ച്
സ്വയം നടക്കാന്‍ ശീലിച്ചു, സ്പീടിനു പോകാന്‍ പറ്റില്ലെന്നും, ദൂരെയൊന്നും എത്താന്‍ പറ്റില്ലെന്നുമല്ലെ ഉള്ളൂ.. ആരാലും മിസ്‌യൂസ് ചെയ്യപ്പെടില്ലല്ലൊ, എനിക്ക് രണ്ട് കാല് ദൈവം തമ്പുരാന്‍ തന്നിട്ടുണ്ട്.. ഞാന്‍ അതും കൊണ്ട് ബസ്റ്റോപ്പില്‍ എത്തി. ഇന്റര്‍ചെയിഞ്ചില്‍ ഇറങ്ങി തെക്കോട്ടു നടക്കണോ വടക്കോട്ടു നടക്കണോ പടിഞ്ഞാട്ടേക്ക് നടക്കണോ എന്നൊരവലോകനം നടത്തിയപ്പോള്‍ , വടക്കോട്ടുള്ള പാതയില്‍ ആദ്യം പോയിട്ട് പിന്നെ തെക്കോട്ടും അതീപ്പിന്നെ പടിഞ്ഞാറേക്കും പോകാം എന്ന ഒരു നിഗമനത്തില്‍ എത്തി.
*
ആദ്യം പോസ്റ്റോഫീസില്‍ കയറി,പിന്നെ ഹെയര്‍ സലൂണില്‍ കയറി!
അവിടെയിരുന്ന് രജനീകാന്തിന്റെ മകാളുടെ കല്യാണവിശേഷങ്ങളും നയന്‍സിന്റെ വിശേഷങ്ങളും ഒക്കെ വായിച്ച്, ഒടുവില്‍ വെളിയിലിറങ്ങി..
*
ഹെയര്‍ സലൂണീന്നിറങ്ങുമ്പോള്‍ തല തണുത്തും, ശരീരം ചൂടായും, വയറില്‍ ലേശം വിശപ്പിന്റെ വിളിയു(ഒണ്‍ ഓഫ് മൈ വീക്ക്നസ്സ്) മായി ഒരു ഫുഡ് കോര്‍ട്ടിനടുത്തൂടെ നടക്കുമ്പോള്‍.. ശ്ശ്യോ! ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ അവിടെ കയറിയിരുന്ന് ശാപ്പിട്ട്, ഒരു ചായയും കുടിച്ച് വരാമായിരുന്നു.. ‘മാസ്റ്റര്‍ ഓഫ് ദി ഹൌസ്’ നല്ല നേറ്റിയില്‍ ഇരിക്കുമ്പോള്‍ പോസ്റ്റോഫീസില്‍ വരുന്നതിനിടയില്‍ ഇവിടെ വന്ന് ആഹാരം കഴിച്ച് മടങ്ങുക പതിവുണ്ട്..( ഹാപ്പി ഫാമിലിയാകാനായാണ് തിരക്കിനിടയിലും ആഹാരം കഴിക്കാനായി കൂടെ കൂടുന്നത് ട്ടൊ,)
പക്ഷെ, ഇപ്പോള്‍ അതെപ്പറ്റിയൊന്നും ഓര്‍മ്മവന്നില്ല, കാരണം, മാസ്റ്റര്‍ ഓഫ് ദി ഹൌസ് സഹിക്കാവുന്നതിന്റെ ബോഡറുകള്‍‍ താണ്ടിയെന്ന ഒരു തോന്നലില്‍ ആത്മ രണ്ട് ഡയലോഗ് കാച്ചി, അത് മാസ്റ്ററിനു പിടിച്ചില്ല, ഇപ്പോള്‍ ‘ഇല മുള്ളേല്‍ വീണാലും മുള്ള് ഇലേല്‍ വീണാലും..’എന്ന പ്രതിസന്ധിയിലായി‍ കാര്യങ്ങള്‍. ഇനി എങ്ങിനെയോ, എപ്പോഴോ, എല്ലാം കലങ്ങി തെളിയുക!
മാസ്റ്റര്‍ ഓഫ് ദി ഹൌസിനു സ്നേഹിക്കാന്‍ സമയമില്ലെങ്കിലും എത്ര തിരക്കിനിടയിലും പിണങ്ങി നടക്കാന്‍ നല്ല വിരുതാണ്. അതിന്റേതായ ബെനഫിറ്റും കാണുമായിരിക്കും..
(ഹും! സാരമില്ല, തല്‍ക്കാലം, മി. ആത്മ മിണ്ടാതിരിക്കുമ്പോള്‍ ഐ ആം ഫ്രീ ലൈക്ക് എ ബേഡ്!)


‘തേ സീ’
അങ്ങിനെ ആത്മയ്ക്ക് തനിച്ച് കഴിക്കാനുള്ള മടിയുള്ളതിനാല്‍ ഒരു റ്റീ സ്റ്റാളില്‍ ചെന്ന് ‘തേ സീ’ (എന്നു പറഞ്ഞാല്‍ കൊണ്ടന്‍സ്‌ഡ് മില്‍ക് ഇടാത്ത ശുദ്ധമായ പാല്‍ ചായ എന്ന് മലയാളം) വേണം, എന്നു പറഞ്ഞു.. എന്നിട്ട് ‘ടേക്ക് എവേ’ (എന്നാല്‍ പോകുന്ന വഴിക്ക് കുടിച്ചോണ്ട് നടക്കാം.) എന്നും പറഞ്ഞു. ശരിക്കും ഉള്ള ഇംഗ് ളീഷുകാര്‍ ഇങ്ങിനെയൊക്കെയാണോ സംസാരിക്കുന്നത് എന്നെനിക്കറിയില്ല. ഞാന്‍ കേട്ടിട്ടുള്ള ഇംഗ്ളീഷാണ് ഞാന്‍ പറയുന്നത്. ഈ തേ സീ ക്ക് ഒരു 10 കാശുകൂടി അധികം കൊടുക്കണം.

കാശുകൊടുത്ത് പ്ലാസ്റ്റിക്കില്‍ കെട്ടിത്തൂക്കിയ ചായയുമായി പതുക്കെ സിപ്പി സിപ്പി വീണ്ടും മന്ദഗതിയായി അങ്ങിനെ നടക്കുമ്പോള്‍.., അടുത്ത് ഒരു അല്ലറ ചില്ലറ കട! അത് എന്റെ മറ്റൊരു വീക്ക്നസ്സ് ആണ്. അവിടെ കയറിയാല്‍ നമുക്ക് പറ്റുന്ന രീതിയില്‍ വീട് റിന്നോവേഷന്‍ ചെയ്യാനുള്ള സകലമാന സാധനങ്ങളും കിട്ടും (ഡിപ്രഷന്‍ മാറ്റാനും ഉതകും) 2 വെള്ളിക്കുള്ള ഇയര്‍ ഫോണ്‍ (ചൈനേടെ വക) അതിന്റെ ഒറിജിനലിനു 18 വെള്ളിയാണ് ഞാന്‍ ആക്രാന്തത്തോടെ രണ്ടെണ്ണം എടുത്തു. അതാകുമ്പോള്‍ ഇഷ്ടം പോലെ ഉപയോഗിക്കാം പാഴിക്കളയാം.. പിന്നെ മനസ്ഥാപമില്ലാതെ വേറൊരെണ്ണം എടുക്കാം.. പിന്നെ, സി. ഡി റാക്കറ്റ്, ഒരു 3 പിന്‍ പളഗ്, തലയില്‍ ഇടാന്‍ ഒന്നു രണ്ട് ക് ളിപ്പ്, വാട്ടര്‍ ബേബീസിനെ നോക്കീട്ട് വിചാരിച്ച കളര്‍ കിട്ടിയില്ല, പിന്നെ എന്തൊക്കെയോ വാങ്ങി ഓര്‍മ്മ വരുന്നില്ല. ഏതിനും എന്റെ കയ്യില്‍ സാധനങ്ങള്‍ കൊണ്ടു നിറഞ്ഞപ്പോള്‍ കടയുടമ സന്തോഷമായി എന്റെ കയ്യില്‍ നിന്നും കുറെ വാങ്ങി കൌണ്ടറില്‍ കൊണ്ടുപോയി വച്ച് സഹായിച്ചു..

സി. ഡി ഷോപ്പ്:
കാശുകൊടുത്തു പിരിഞ്ഞ് അടുത്ത കടയില്‍ കയറി. ഒരു സി. ഡി കടയാണ്. അവിടെ എത്ര സമയം വേണേലും നില്‍ക്കാം. ഓരോ സി. ഡി യും വാങ്ങുന്നതും പിന്നെ കാണാന്‍ സമയമില്ലാതെ ഒരു മൂലയില്‍ അടിയുന്നതും, ചില മ്യൂസിക്ക് സി.ഡി കള്‍ വാങ്ങി കേട്ട് അങ്ങ് വെസ്റ്റേണൈസ്ഡ് ആകാന്‍ പറ്റുവോ എന്നൊരു പരീക്ഷണം നടത്തിയാലോ എന്നിങ്ങനെ പലേ ചിന്തകളുമായി വലിഞ്ഞു മുറുകിയ മുഖവുമായി നില്‍ക്കുമ്പോള്‍, കടയുടമ എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ട് അതൊന്ന് ലഘൂകരിക്കാനായി ‘ഇപ്പോള്‍ മൂന്നെണ്ണം ഒരുമിച്ചു വാങ്ങിയാല്‍ 10 വെള്ളിയേ ഉള്ളൂ’എന്ന് ഓര്‍മ്മപ്പെടുത്തി. ഞാന്‍ ‘ജസ്റ്റ് ലുക്കിംഗ് ജസ്റ്റ് ലുക്കിംഗ്’ എന്നു പറഞ്ഞ് ചിരിച്ചെങ്കിലും അവര്‍ പ്രതീക്ഷയോടെ ഒരല്പം നിന്നു, ‘ഇതെങ്കിലും വാങ്ങിയില്ലെങ്കില്‍ നീ ഒരു ദരിദ്രവാസി തന്നെയെന്നു ഞാന്‍ കരുതുന്നതില്‍ നിനക്ക് വിഷമം ഒന്നും ഇല്ലെങ്കില്‍ നീയായി നിന്റെ പാടായി’ എന്ന ഒരു നിലപാടോടെ.
ഞാന്‍ പതിവുപോലെ കൂളായി എന്റെ ഗവേഷണമൊക്കെ നടത്തീട്ട് , ‘ഓ.കെ താങ്ക്സ്!’ (എന്റെ ഭാവവിഹ്വാദികള്‍ ദൂരെ നിന്ന് വീഷിച്ചതിനു! ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഞാന്‍ ജസ്റ്റ് ലുക്ക് ചെയ്യുകയാണെന്ന്, എങ്കിലും ക്ഷമിക്കണം എനിക്ക് നിങ്ങളുടെ ബിസിനസ്സ് ബുദ്ധിയെ ചെറിയ രീതിയില്‍ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദിക്കുന്നു.) എന്നും പറഞ്ഞ് അവിടെ നിന്നും നടകൊണ്ടു.

പോപ്പുലര്‍:
പിന്നെ നേരെ പോപ്പുലറില്‍ കയറി, ആകെ ഒരു അവലോകനം നടത്തി. ഇംഗ്ളീഷ് നോവലിന്റെ അടുത്തൊക്കെ നില്‍ക്കുമ്പോള്‍ നമ്മള്‍ ഒരു പ്രത്യേക മനോനില കൈവരിക്കണം. നമ്മള്‍ ഒരു സാദാ ഹൌസ് വൈഫ്.. അതും നാട്ടീന്നു വന്ന. അപ്പോള്‍ ഇവിടത്തെ അഭ്യസ്തവിദ്യര്‍ ഒക്കെ വരുമ്പോള്‍ ഞാന്‍ എന്റെ മക്കള്‍ക്കായി നോക്കുന്നെന്നൊ മറ്റോ കരുതി നില്‍ക്കണം..
പക്ഷെ, കയറിയയുടന്‍ നാട്ടീന്നു വന്നോരാരെങ്കിലും ഉണ്ടോന്ന് നോക്കി.. ഇല്ല ആശ്വാസം!
പിന്നെ നാട്ടീന്ന് പണ്ട് വന്ന അമ്മമാരുടെ മക്കള്‍ ഉണ്ടോന്ന് നോക്കി (അവരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്!) എല്ലാം ബൊമ്മ മുഖങ്ങളേ ഉള്ളൂ.. അവരുടെ എക്സ്പ്രഷന്‍സ് ഒന്നും ഇന്റ്ട്രപ്രട്ട് ചെയ്യാന്‍ ഇതുവരെ മിനക്കെടാന്‍ തോന്നീട്ടില്ലാത്തതുകൊണ്ട് സമാധാനമായി ബുക്ക് ബ്രൌസിംഗ് തുടങ്ങി..
അവിടേം എത്ര നേരം വേണേലും നില്‍ക്കാം.. ( ഒരു ദിവസം തീര്‍ന്നുകിട്ടാനാണോ പാട്!)
എങ്കിലും കുറെ നേരമായപ്പോള്‍ ബോധം വന്നു.. ഇന്നത്തെ എന്റെ ലക്ഷ്യം ഇതല്ലല്ലൊ,
പെയിന്റ് ബ്രഷ് എക്സട്ര അല്ലെ! അങ്ങിനെ അവിടെപോയി മക്കള്‍ക്ക് വേണ്ടി വാങ്ങുന്നു എന്ന ഭാവേന പിന്നെ കുറച്ചു ഡ്രായിങ് പേപ്പറും, കളര്‍ പെന്‍സിലും ഒക്കെ വാങ്ങി..
അടുത്ത ലക്ഷ്യം ഫോട്ടോഗ്രാഫി, പെയിന്റിംഗ് ഒക്കെ പഠിക്കാനാണ്‌ ! അതും തനിയെ! നടന്നതുതന്നെ! ‘ഇനി ലൈബ്രറിയില്‍ കയറി ബിഗിനേര്‍സിന്റെ ബുക്കുകള്‍ തപ്പണം..’ മനസ്സില്‍ കരുതി..
*
അടുത്തത് പ്രിന്റര്‍ ഇങ്ക് വാങ്ങണം 90 ആണോ 60 ആണോ! നമ്പര്‍ മറന്നുപോയി. പോപ്പുലറീന്ന് വാങ്ങാമെന്നു വച്ചാല്‍ അത് കൌണ്ടറിന്‍ നില്‍ക്കുന്ന ആരോടെങ്കിലും റിക്വസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ ഒരു താക്കോലുമായി വരും, നിധിയൊക്കെ എടുക്കുമ്പോലെ, പൂട്ടു തുറന്ന് ഇങ്ക് എടുത്ത് കൌണ്ടറില്‍ കൊണ്ട് വയ്ക്കും.. നമ്മള്‍ ക്യൂവില്‍ നിന്നും നിരങ്ങി നിരങ്ങി അവിറ്റെ എത്തുമ്പോള്‍, ‘ലോ ആ ഇരിക്കുന്ന പ്രിന്റര്‍ ഇങ്ക് എനിക്കുള്ളതാണ്’ എന്നു പറയുമ്പോള്‍ അവര്‍ അത് എടുത്ത് കാശൊക്കെ വാങ്ങി പൊതിഞ്ഞു കെട്ടി തരും (പോപ്പുലര്‍ മെമ്പര്‍ ആണെങ്കില്‍ റിഡക്ഷന്‍ ഉണ്ട് ട്ടൊ). അങ്ങിനെ അവര്‍ കയ്യീ തരമ്പം ‘ഈ ഇങ്ക് 90 ഓ 60 ആണെന്ന് ശരിക്കും അറിയില്ലെന്നും തെറ്റിപ്പോയെങ്കില്‍ നാളെ തിരിച്ചുകൊണ്ടുവന്നാല്‍ (ഇനീം താക്കോലെടുത്ത്, പെട്ടി തുറന്ന് ഇതു മാറ്റി വേറൊന്ന് എടുത്ത്, വീണ്ടും ക്യൂവില്‍ പോയി നിന്ന് നിരങ്ങി അവിടെ ചെന്ന് ബില്‍ പേ ചെയ്ത് ) മാറ്റി വാങ്ങാനാകുമോ?’ എന്നൊക്കെ ചോദിക്കുന്ന പൊല്ലാപ്പോര്‍ത്ത് അവിടെ നിന്നും മഷി വാങ്ങണ്ട എന്നങ്ങു തീരുമാനിച്ചു.

അടുത്ത് ‘സൈബര്‍ സ്പേസ്’ എന്നൊരു കടയുണ്ട്..
നല്ല മാന്യന്മാരായ യുവാക്കളാണ് അത് നടത്തുന്നത്. ഞാന്‍ എന്റെ അവസ്ഥ പറഞ്ഞു,
‘സാരമില്ല, ഡോണ്ട് വറി, ‘പ്രിന്റര്‍ തുറന്ന് നോക്കി, ഈ നമ്പര്‍ അല്ലെങ്കില്‍ കവറു പൊട്ടിക്കാതെ ഭദ്രമായി തിരിച്ചുകൊണുവന്നാല്‍, നോ പ്രോബ്ബ്ളം, ഉടന്‍ മാറ്റി തരാം..’ എന്ന് വാഗ്ദാനം ചെയ്തു!
നല്ല എജ്യൂക്കേറ്റഡ് ആയവര്‍ ഒക്കെ സമാധാനിപ്പിക്കുകേം വാഗ്ദാനം ചെയ്യുകേം ഒക്കെ ചെയ്തപ്പോള്‍ പെട്ടെന്ന് സാദാ വീട്ടമ്മ ലുക്ക് ഒക്കെ പോയി പെട്ടെന്ന് ഞാനും ഒരു എജ്യൂക്കേറ്റഡ് ലേഡിയായി!. അവിടെ നിന്നും വലിയ ഗറ്റപ്പോടെ എന്തോ സാധിച്ച മാതിരി വെളിയില്‍ വന്നു! ( ‘ഇനി ഒരു ജന്മമുണ്ടെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ എന്‍‌ജിനീയര്‍ ആയി ജീവിക്കണം’ എന്നു മനസ്സില്‍ കരുതുകേം ചെയ്തു!)
[‘കണ്ടോ മി.ആത്മേ നിങ്ങള്‍ വിലയില്ലെന്നു കരുതി മൂലയില്‍ ഒതുക്കിയിട്ടിരിക്കുന്ന കാശിനു കോള്ളാത്തവള്‍ ഇന്ന് എന്തുമാത്രം കാശു ചിലവാക്കിയെന്നോ?, ദാ ഇപ്പം വലിയ എജ്യൂക്കേറ്റഡ് ലേഡിയായി ഷോപ്പിംഗ് തുടരുന്നത് കണ്ടോ?!’]

കോള്‍ഡ് സ്റ്റോറേജും ഫുഡ് കോര്‍ട്ടും:

പിന്നീട് നേരെ എസ്കലേറ്റര്‍ എടുത്ത് കീഴ്‌പ്പോട്ടേക്ക് പോയി..
അവിടെ കോള്‍ഡ് സ്റ്റോറേജ് ഉണ്ട് ,
അതിന്റെം കീഴെ ഫുഡ് കോര്‍ട്ടുണ്ട്..!
ഹോ! എന്തെല്ലാം കാര്യങ്ങളാണ്‌ ആത്മയ്ക്ക് ചെയ്തു തീര്‍ക്കാന്‍ കിടക്കുന്നത് !
ആത്മക്ക് രോമാഞ്ചം വന്നു!
ഇതിനിടയില്‍ ഫോണെടുത്തു മക്കളെ ഓരോരുത്തരെയായി വിളിച്ചു..
ഒരാള്‍ പറഞ്ഞു ‘അമ്മേ ഒരു മണിക്കൂര്‍ കഴിയും വരാന്‍’.
‘സാരമില്ല, ഞാന്‍ ഈ ഷോപ്പിംഗ് കോപ് ളക്സില്‍ കാണും. നമുക്ക് ഇവിടെ മീറ്റ് ചെയ്യാം.. അഹാരവും കഴിച്ച് വീട്ടില്‍ പോകാം’
അടുത്തയാളെ വിളിച്ചു.. ‘ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ വരും’ !!
‘ശരി ഇവിടെ വരൂ , അമ്മ കോള്‍ഡ് സ്റ്റോറേജിനുള്ളില്‍ കാണും’

കോള്‍ഡ് സ്റ്റോറേജില്‍
അവിടെ ആദ്യം ചെടീടെ അടുത്ത് പോയി അല്പസമയം നിന്നിട്ട് , ആത്മസംയമനം പാലിച്ചിട്ട് നേരെ സെറിയലിന്റെ അടുത്ത് പോയി, ഒന്നു രണ്ടെണ്ണം എടുത്തു. ഇതൊക്കെ കഴിച്ചാല്‍ തടി കുറയും എന്നാണ് എഴുതിയിരിക്കുന്നത്! എന്തൊക്കെ കഴിച്ചാല്‍ തടി കുറയും എന്നാണ്! അല്ലാതെ കഴിക്കാതെ കുറക്കുന്ന പരിപാടിയൊന്നും ആത്മയുടെ മനോമുകുരത്തില്‍ വരില്ല!
വീണ്ടും നടന്നു, ‘ഇനി വേറേ എന്തെങ്കിലും ഒക്കെ തടി കുറക്കാനായി കഴിക്കാന്‍ പറ്റുവോ?!’ എന്നും നോക്കി.
ഒന്നും കിട്ടാത്ത ഫ്രസ്ട്രേഷനില്‍ ചോക്കലേറ്റ് സെക്ഷനില്‍ ചെന്നു..
‘തടികുറക്കാനായി വല്ല ചോക്കലേറ്റും ഉണ്ടോ..?!’ (നല്ല ആത്മസംയമനം വേണം ഇവിടെം)
ഇല്ല,
മധുരം കുറഞ്ഞത്?!
എങ്കിപ്പിന്നെ അതു രണ്ടെണ്ണം എടുക്കാം അല്ല്യോ!
അവിടുന്ന് ആത്മസംയമനം പാലിച്ച് അടുത്ത സെക്ഷനിലേക്ക് ..

ക് ളീനിംഗ് ഐറ്റംസ് ആണ് . അതുമൊക്കെ വാങ്ങി, കൌണ്ടറില്‍ എത്തിയപ്പോള്‍ സ്ക്കൂള്‍ യൂണിഫോമില്‍ ചിന്നവള്‍ എത്തി! പെട്ടെന്ന് ഞാനൊരു തെണ്ടിത്തിരിയുന്ന വീട്ടമ്മയുടെ ലുക്കൊക്കെ മാറ്റി ഒരു ‘പ്രൌഡ് മദര്‍ ഓഫ് എ ക്ളവര്‍ ഡോട്ടര്‍’ എന്ന മാസ്ക്ക് അണിഞ്ഞു.. ഞങ്ങള്‍ ഒരുമിച്ച് ബില്‍ പേ ചെയ്ത് വെളിയില്‍ ഇറങ്ങി.

ഇനിയാണ് ഹൈലൈറ്റ് ഓഫ് ദി ഡേ! ഈറ്റിംഗ്!!
ഫുണ്ട് കോര്‍ട്ടില്‍ ഇരുന്ന് കഴിക്കുമ്പോള്‍ വല്ലാത്ത സംതൃപ്തി തോന്നി.
കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂത്തയാളും എത്തി. അപ്പോള്‍ അടുത്ത കാന്റീനിലെ ഓണര്‍, ‘നിന്നെ പ്രതീക്ഷിച്ച് നിന്റെ അമ്മ എത്ര നേരമായി ഇരിക്കുന്നെന്നോ?!’
ങ്ങേ! അപ്പോള്‍ ഇവര്‍ നിര്‍വ്വികാരപരബ്രഹ്മങ്ങളല്ലേ! ഈ യന്ത്രമുഖങ്ങള്‍ക്കുള്ളില്‍ തുടിക്കുന്ന ഹൃദയങ്ങള്‍!

ഇതിനിടെ മൂത്തയാളെ കാത്തിരുന്ന വിഷമത്തില്‍ ഇളയ ആള്‍, ‘അമ്മേ ഇനി ഞാന്‍ അമ്മയുറ്റെ കൂടെ ആഹാ‍രം കഴിക്കാന്‍ വരികേമില്ല ചേട്ടനെകാത്ത് ഇരിക്കുകേം ഇല്ല’.
ഞാന്‍ ഒബീഡിയന്റ് ആയി പറഞ്ഞു, ‘ശരി' (പിന്നത്തെ കാര്യം പിന്നെയല്ല്യോ!.)

‘ധൃതരാഷ്ട്രി!’

ഒടുവില്‍ ബസ്സ് കാത്തിരിക്കുമ്പോള്‍, മൂത്തയാളെ കണ്ടപ്പോള്‍ പറയാന്‍ മറന്ന പരിഭവങ്ങളുമായി രണ്ടും കൂടി ഒന്നുചേര്‍ന്നപ്പോള്‍ ആത്മ ആശ്വാസത്തോടെ അടുത്തുള്ള കോണ്‍ക്രീറ്റ് സ്റ്റൂളില്‍ കയറി ഇരുന്ന് നടുവൊന്നു നിവര്‍ക്കുമ്പോള്‍, ‍ മൂത്തയാള്‍, ആത്മയുടെ പുറത്ത് തൊട്ട് തലോടിക്കൊണ്ട്,
‘അമ്മേ, എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്‌!, നീ ഒരു ധൃതരാഷ്ട്രിയാണ് കേട്ടോ !’
അവര്‍ക്ക് സ്നേഹം വരുമ്പോള്‍ എന്നെ എന്തെങ്കിലും ഒക്കെ സ്പെഷ്യല്‍ പേരു വിളിക്കണം!
ഇന്ന് കണ്ടുപിടിച്ച പുതിയ വാക്കാണ് ധൃതരാഷ്ട്രി!
ഞാന്‍, ‘ഓ എന്നെ കളിയാക്കാനായിട്ടെങ്കിലും അപ്പോള്‍ നീ ഒരു പുതിയ വാക്കു കണ്ടുപിടിച്ചല്ലൊ!
‘ധൃതരാഷ്ട്രി’ എന്നാല്‍ ദുഷ്ടത്തരം ചെയ്യുന്നവള്‍ എന്നോണോ?! ധൃതരാഷ്ട്രര്‍ ഭയങ്കര ദുഷ്ടത്തരം മനസ്സില്‍ കൊണ്ടുനടന്ന ആളല്ലെ?,’
‘അല്ല അമ്മെ, ഞാന്‍ പറഞ്ഞത് ‘ദ..ദരിദ്ര..വാസി’ എന്നാണ്!’
ദരിദ്രവാസി പ്രനൌണ്‍സിയേഷന്‍ ധൃതരാഷ്ട്രി എന്നായിപ്പോയതാണ്!
ചുരുക്കത്തില്‍ അവരുടെ കൂടെ എഞ്ജോയ്യ് ചെയ്യാനായിട്ട് സിമന്റ് ബഞ്ചില്‍ ബസ്സും കാത്തിരിക്കുന്ന എന്നോട് സ്നേഹം തോന്നിയപ്പോള്‍ വിളിക്കാന്‍ തോന്നിയ പേരായിരുന്നു അത്!
എനിക്ക് വീണ്ടും കുളിരു കോരി! ഞാന്‍ പുകഴ്ത്തി ‘ഹൊ! പാടുപെട്ട് ഇത്രം വലിയ ഒരു മലയാള വാക്ക് പറഞ്ഞൊപ്പിച്ചല്ലൊ! സന്തോഷായി!’

സാരമില്ലാ.. മലയാളത്തില്‍ ആര്‍ക്കും (ആരെയും) എന്തും പറയാമല്ലൊ! തെറ്റിയാലും ആരും ചോദിക്കാനും പറയാനും ഇല്ലല്ലൊ! ഹും!

(അങ്ങനെ ഒരു ദിവസത്തെ ഷോപ്പിംഗ് ചരിതം തല്‍ക്കാലം അവസാനിപ്പിച്ചോട്ടെ. മി. ആത്മ ഇനിയും പണിമുടക്കിലാണെന്നതൊഴിച്ചാല്‍ ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്..)

8 comments:

Kalavallabhan said...

"എന്റെ കാര്യവും അതിന്റെ കാര്യവും ഏതാണ്ട് ഒരുപോലെയാണ്...
ഓടിക്കാന്‍ ആര്‍ക്കും സമയവും സൌകര്യവും സന്മനസ്സും ആവശ്യവും ഒന്നും ഇല്ലാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍.."

ഈ “അത്മ”ഗതം കൊള്ളാം.

ആത്മ said...

താങ്ക്സ്! :)

Rare Rose said...

എല്ലാ കുട്ടികളും ലോകത്ത് ഒരു പോലാണോ.:)

എന്റെയനിയത്തിക്ക് അമ്മയോടോ,എന്നോടോ സ്നേഹം മൂക്കുമ്പോള്‍ ഇമ്മാതിരി വിചിത്രമായ പേരുകള്‍ വിളിച്ചാണു സ്നേഹപ്രകടനം.അവള്‍ക്ക് പറയാന്‍ കിട്ടാത്തതിന്റെയല്ല..ചുമ്മാ വായില്‍ത്തോന്നിയ ഓരോ സ്നേഹവിളിപ്പേരാണു ഓരോ സമയത്തും ഞങ്ങള്‍ക്കിടുക.:)

ആത്മ said...

Rare Rose,:)

സാരമില്ല, സ്നേഹത്തോടെ വിളിക്കുന്നതല്ലെ, അതും അര്‍ത്ഥം എന്തെന്നറിയാതെ!
പിന്നീട് ഞാന്‍ അര്‍ത്ഥം വിശദീകരിച്ചു കൊടുത്തു..

പോസ്റ്റ് വെറുതെ ബോറഡി പോകാനായിട്ട് എഴുതിയതാണ് ട്ടൊ,
ശരിക്കും സന്തോഷമില്ലാത്ത സമയത്ത്
നര്‍മ്മം കലര്‍ത്തി എഴുതുമ്പോള്‍ അത് അരോചകമായും തോന്നാം അല്ലെ!,

സാരമില്ല, ഞാന്‍ എന്റെ തന്നെ പ്രശ്നങ്ങള്‍ ഒരു തമാശരൂപത്തില്‍ പലപ്പോഴും കരുതി അങ്ങ് സമാധാനിക്കും.. ചില പോസ്സ്റ്റുകളും അത്തരത്തില്‍ ഒന്നാണ്.

ശരിക്കും പറഞ്ഞാല്‍ നമ്മുടെ ആത്മാവിനെ ഇതൊന്നും ബാധിക്കില്ലല്ലൊ,
വിഷമങ്ങള്‍ വരും പോവും..
ആത്മാവ്‌ എല്ലാറ്റില്‍ നിന്നും വേറിട്ട് നില്‍ക്കയല്ലെ,

മറ്റുള്ളവര്‍ ബലമായി തരുന്ന മുഖം മൂടികള്‍ ശരീരത്തിനെയല്ലെ ബാധിക്കൂ,
ആത്മാവ് സ്വതന്ത്രമല്ലെ, :)

കുഞ്ഞൂസ് (Kunjuss) said...

ഏതവസ്ഥയിലും മനസ് തുറക്കാന്‍ ഈ 'ബ്ലോഗ്‌' ആത്മയെ സഹായിക്കുന്നല്ലോ ...അത് വലിയ ഒരു കാര്യം തന്നെ.എനിക്കാണെങ്കില്‍ സങ്കടം വന്നാലും സന്തോഷം വന്നാലും ഒക്കെ ഇങ്ങിനെ എഴുതാന്‍ പറ്റില്ല.എന്തിനു ഒരു കമന്റ്‌ പോലും എഴുതാന്‍ എന്നെക്കൊണ്ട് പറ്റാറില്ല.ആത്മയുടെ ഈ പോസ്റ്റ്‌ തന്നെ മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് വായിക്കുന്നത്,എന്നിട്ട് കമെന്റുന്നതോ ഇപ്പോള്‍ മാത്രവും!
വീണ്ടും എഴുതണം, എന്നും എഴുതണം.... ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ....

ആത്മ said...

കുഞ്ഞൂസിനെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നുന്നു:)

ആത്മ എന്നുള്ള വിളിതന്നെ ആനന്ദദായകമാണ്..
അതുകേള്‍ക്കുമ്പോള്‍ ഒരു അക്സപ്റ്റന്‍സ് ഫീല്‍ ചെയ്യും!

മറ്റു വിളികളില്‍ അധികവും വാത്സല്യമാണ് തോന്നാറ്‌..!

എന്റെ പോസ്റ്റ് മൂന്നു നാലു പ്രാവശ്യം വായിച്ചു എന്നൊക്കെ കേട്ടപ്പോള്‍ ഹൃദയം നിറഞ്ഞു!

അരോരും അറിയപ്പെടാതെ പോകുന്ന ജീവിതങ്ങള്‍ മറ്റൊരാളുടെ മനസ്സില്‍ എത്തി എന്നറിയുമ്പോഴുള്ള ആ നിര്‍വൃതി അത് പറഞ്ഞറിയിക്കാനാവില്ല..

വളരെ വളരെ നന്ദി!

jayanEvoor said...

ആത്മ...
നല്ല രസമായി വായിച്ചു.

വിഷമിച്ചെഴുതിയതാണെന്നൊന്നും തോന്നിയില്ല.

കാർമേഘമാലയിലെ വെള്ളിക്കീറുപോലെ തെളിയുന്ന, ഇത്തിരി സന്തോഷത്തിൽ ആനന്ദിക്കുക!

എപ്പോഴും സന്തോഷം എന്നൊന്ന് ആർക്കുമില്ല. ഉള്ളതുകൊണ്ട് ഓണം പോലെ...!

ആത്മ said...

രസമായി വായിച്ചു എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം!