Thursday, October 7, 2010

പ്രായം പരിക്കേല്‍പ്പിക്കാത്ത മനസ്സുകള്‍‌...

1*
ഇന്ന് അല്പം സന്തോഷമായ ഒരു പോസ്റ്റ് എഴുതി ഒപ്പിക്കാം എന്നു കരുതുന്നു. എല്ലാ സന്തോഷവും തികഞ്ഞിട്ട് പോസ്റ്റ് എഴുതാമെന്നു കരുതിയാല്‍ അവിടേ ഇരിക്കാനേ പറ്റത്തുള്ളൂ . അങ്ങിനെ ഇരുന്നാല്‍ ആകെ ഒരു ഇന്‍സ്പിറേഷന്‍ (ജീവിക്കാന്‍) കിട്ടുന്ന ഒരേ ഒരു വാതായനവും കൊട്ടിയടക്കുന്നതിനു തുല്യമാവും. അതുപിന്നെ എന്റെ സത്യാന്വേക്ഷണ ത്വരയ്ക്ക് വിഘാതമാകും. അതുകൊണ്ട് എന്തെങ്കിലും ഒക്കെ എഴുതാം അല്ലെ?, എന്റെയും ബോറഡി പോകും.. പിന്നെ...
തുടങ്ങട്ടെ,

ഇപ്പോള്‍ ഒരു ദിവസം ഒന്നു തീര്‍ന്നു കിട്ടണമെങ്കില്‍ വളരെ പ്രയാസപ്പെടേണ്ടതുണ്ട്.
മനസ്സിനെ കണ്ട്രോളില്‍ വയ്ക്കാന്‍ പെടുന്ന പാട് ചില്ലറയൊന്നും അല്ല. രാവിലെ, ‘ദൈവമേ രക്ഷിക്കണേ..’ എന്നു വിളിച്ചിട്ട് ആദ്യം നോക്കുന്നത് ബ്ളോഗില്‍ അല്ലെങ്കില്‍ ട്വിറ്ററില്‍ ജീവസ്പന്ദനം ഉണ്ടോ എന്നാണ്. എല്ലാം ഓ.കെ യെന്നു കണ്ടാല്‍ പിന്നെ ആദ്യം ഭക്തിഗാനം, പിന്നെ ഭാഗവതാമൃതം തുടങ്ങി മനസ്സിനെ കണ്ട്രോള്‍ ചെയ്യാനുള്ള ഓരോ അഭ്യാസങ്ങളാണ് . അതിനിടെ ചരടു പൊട്ടിച്ച്, മനസ്സ് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേക്ഷിക്കാന്‍ തുടങ്ങും! എല്ലാം കൂടി ഒരു തീസിസ് ആക്കി ദൈവത്തിനു സമര്‍പ്പിച്ചാല്‍ ഒരു പക്ഷെ മോക്ഷമോ, പുണ്യമോ നല്‍കാം എന്ന കരാറുണ്ടെന്ന മാതിരി! വൈകിട്ടാകുമ്പോള്‍ മനസ്സമാധാനമൊക്കെ കമ്പ് ളീറ്റ് പോയിക്കിട്ടിയ മനസ്സുമായി വീണ്ടും അഭ്യാസം തുടങ്ങും.

ഈയ്യിടെ അല്പം സമാധാനം കിട്ടുന്നു, അന്യനാട്ടിലുള്ളഒരു ബെസ്റ്റ് ഫ്രണ്ട് മനസ്സുവച്ച് എന്റെ പരാതികളൊക്കെ കേള്‍ക്കാന്‍ ചെവി തരുന്നതുകൊണ്ടോ അതോ രാത്രി ഒരു അരമണിക്കൂര്‍ പൂജാമുറിയില്‍ പോയിരുന്നു പ്രാര്‍ത്ഥിക്കുന്നതുകൊണ്ടാണോ എന്നറിയില്ല.

ഇതിനിടെ സമാധാനം പുനരാവിഷ്ക്കരിക്കാനായി ഒരു കാര്യം കൂടി ഉറച്ചു. തന്റേടമില്ലാത്തോര്‍ വെറുതെയെങ്കിലും പുതിയ പാതകളൊക്കെ പരീക്ഷിച്ചു നോക്കാന്‍ പോകുന്നത് വലിയ അപകടമാകും എന്നും, അവര്‍ നടന്നു ശീലിച്ച പാതയിലൂടെ സമാധാനമായി പോകുന്നതാണ് ഉത്തമം എന്നും ഒരു നിഗമനത്തിലെത്തി.

2*

ഇത്രയും മുഖവുര വായിക്കാന്‍ ക്ഷമ കാണിച്ചവര്‍ക്കായി ഇനി അല്പം സന്തോഷ വര്‍ത്തമാനം പറയാം...

ഇന്നലെ മകളുടെ പരീക്ഷ തീര്‍ന്നതു പ്രമാണിച്ച് അവളോടൊപ്പം ‘യന്തിരന്‍’ സിനിമ കാണാന്‍ പോയി!
ശരിക്കും പറഞ്ഞാല്‍ രജനികാന്തിനെ ഒരിഞ്ചുപോലും ഇഷ്ടമല്ല, സൌന്ദര്യധാമം ഐശ്വര്യയും എന്റെ സൌന്ദര്യ സങ്കല്പത്തില്‍ ഒന്നും പെടുന്നില്ല. ഒരുപക്ഷെ, രണ്ടുപേരും എന്റെ സങ്കല്പത്തിനും അതീതമായി നില്‍ക്കുന്നതുകൊണ്ടാകാം.. പക്ഷെ, രണ്ടുപേരും പെര്‍ഫക്റ്റ് ആക്റ്റേര്‍സ് ആണു. അല്ലെങ്കില്‍ പെര്‍ഫക്ഷന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍.

രജനീകാന്ത് അല്ലെങ്കില്‍ തന്നെ ഒരു യന്തിര മനിതന്‍ ആണല്ലൊ, അദ്ദേഹത്തെ ഇനിയിപ്പം എന്നാ കാണിച്ചായിരിക്കും കൂടുതല്‍ യന്ത്രവത്കരിക്കുന്നത് എന്നറിയാനുള്ള ഒരു ചെറിയ ആകാംഷയും ഉണ്ടായിരുന്നു.

3*
അങ്ങിനെ ഞങ്ങള്‍ യാത്രയായി..
ഞാനും, പരീക്ഷ കഴിഞ്ഞ എന്റെ മകാളും..
ഞങ്ങള്‍ എം. ആര്‍. ടി എടുത്തു.
മകളോടൊപ്പം നടക്കുമ്പോള്‍ അവളും ഞാനും ഒരു പ്രായമാണെന്ന ഒരു ഫീലിംഗ്‍ വരും..
അവളോടൊപ്പം പുറം ലോകം ഒക്കെ ഒന്ന് എഞ്ജോയ് ചെയ്യാം എന്നു കരുതി അല്പം ഉഷാറാകാന്‍ തുടങ്ങുമ്പോള്‍.. അതാ ഒരു ചെറുപ്പക്കാരന്‍ എന്നെ കണ്ട് സീറ്റില്‍ നിന്നും ചാടിയെണീക്കുന്നു!
(സത്യമായിട്ടും എണീറ്റു!)
മകള്‍ പൊടുപൊടാ ചിരി!
ഞാന്‍ പെട്ടെന്ന് പറഞ്ഞു, ‘ഓ സാരമില്ല, ഇറ്റ് ഈസ്സ് ഓ. കെ, ഞാന്‍ നിന്നോളാം..’ എന്ന്‌. (അധികവും ആഗ്യഭാഷയായിരിക്കും വെളിയില്‍ വരുന്ന വാക്കുകള്‍ ഒന്നോ രണ്ടോ ഒക്കെയേ കാണൂ ട്ടൊ)
അപ്പോള്‍ അയാള്‍ അല്പം സംശയത്തോടെ വീണ്ടും സീറ്റില്‍ ഇരുന്നു.
എന്റെ മനസ്സില്‍ ‘ഞാന്‍ അത്രയ്ക്ക് വയസ്സായോ?’ എന്ന ഒരു ഭയം വീണ്ടും തലപൊക്കി!
അപ്പോള്‍ മകള്‍, ‘അമ്മ ഗര്‍ഭിണിയാണെന്നു കരുതിക്കാണും!’
ഓ! ശരിയാണ് മുടിയൊക്കെ സ്റ്റൈറ്റന്‍ ചെയ്ത് അല്പം ചെത്തി നടക്കുകയാണല്ലൊ,
അതിനിടെ വയറു കൂടുതല്‍ പ്രൊജക്റ്റ് ചെയ്യുന്നത് ശ്രദ്ധിക്കാന്‍ മറന്നുപോയി! ഒരറ്റം നേരെയാക്കുമ്പോള്‍ മറ്റേയറ്റം വേര്‍സ് ആകും എന്നാ ചെയ്യാനാ!

4*
എം. ആര്‍. റ്റിയില്‍ നിന്നും ഇറങ്ങി അണ്ടര്‍ ഗ്രൌണ്ട് പാതയിലൂടെ ഞങ്ങള്‍ തീയറ്ററിലേക്ക് നടക്കുമ്പോള്‍ ഒരു 70,75 വയസ്സു തോന്നിപ്പിക്കുന്ന ഒരാള്‍, ‘അവിടെ നില്‍ക്കൂ, ഒന്നു നില്‍ക്കൂ..’ എന്നും പറഞ്ഞ് എന്റെ ഒപ്പം എത്താന്‍ ഏന്തി വലിഞ്ഞു നടക്കുന്നു..
ഞാന്‍ കരുതി എസ്കലേറ്ററില്‍ കയറാനായി ഒരു ഹെല്പിംഗ് ഹാന്ഡിനുവേണ്ടിയായിരിക്കും എന്ന്.
അക്ഷെ, അടുത്തെത്തിയപ്പോള്‍ അയാള്‍ എന്റെ കൈയ്യൊന്നും ഗ്രഹിക്കാന്‍ ആഗ്രഹം കാണിച്ചില്ല! അടുത്തേക്ക് അല്പം ചൊതുങ്ങിക്കൂടി നിന്നിട്ട് ധൃതിയില്‍ പറഞ്ഞു തുടങ്ങി,
‘യു, നോ, ഐ നോ ഹിന്ദി, തമില്‍.., ‘തൂ ബഹുത്ത് അച്ഛാ ഹെ’
‘തൂ ലഡ്കി ഹേ’ (മോളോട്!)
ഇയാളുടെ ചൈനീസ് ഇതുവരെ ഒരു സെന്റന്‍സ് കൂട്ടിച്ചേര്‍ത്ത് പറയാനറിഞ്ഞുകൂടാത്ത എനിക്ക്
അയാള്‍ ഒരല്‍ഭുതമായി! പോരാത്തതിനു ബ് ളോഗെഴുത്തിന് ഒരു ഇരയെ കിട്ടിയ സന്തോഷം!
എന്റെ സന്തോഷം കണ്ട് മോള്‍ക്കും സന്തോഷം വന്നു!
ഞങ്ങള്‍ തല്‍ക്കാലം യന്തിരനെ പറ്റി മറന്നു!
ഇവിടെ മൂവിയെക്കാളും നല്ല ഒരു കഥയുമായി ഇതാ ഒരു മനിതന്‍! എങ്ങിനെ കണ്ടില്ലെന്നു നടിക്കും! അതിനിടക്ക് അയാള്‍, ‘എനിക്ക് തമിള്‍ അറിയാം.., ‘ഉന്നൈ ഞാന്‍ കാതലിക്കിറേന്‍!’ (ഹും!പറയാന്‍ കിട്ടിയ വാചകം!)


എന്റെ മുഖമൊക്കെ ചുവന്നു തുടുത്തു! ഞാന്‍ ഒരു ചമ്മലോടെ മകളെ നോക്കി! അവള്‍ ചിരിയടക്കാന്‍ നന്നെ പ്രയാസപ്പെടുന്നുണ്ടായിരുന്നു!
ഫോര്‍ട്ടി സംതിംഗായ എന്നോട് 80 സംതിങ്ങായ ഒരു അപ്പുപ്പന്‍ ഇതാ ജീവിതത്തിലാദ്യമായി ‘ഐ ലവ് യു’ പറഞ്ഞിരിക്കുന്നു!
(ഹൊ! അറ്റ്ലാസ്റ്റ് ഒരു യധാര്‍ത്ഥ മനുഷ്യന്‍ എന്റെ മുഖത്തുനോക്കി ഇതാ അത് പറഞ്ഞിരിക്കുന്നു..!
എന്നാലും ഇത്രേം വര്‍ഷം കാത്തിരിക്കേണ്ടി വന്നല്ലൊ, - തമിഴിലെങ്കില്‍ തമിഴില്‍..- ഈ വാചകം കേളക്കാന്‍!)
സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു!
അയാള്‍ നിര്‍ത്തുന്ന ഭാവമില്ല, ‘നീ റൊമ്പ അഴകായിരുക്കേന്‍!’
എനക്കു ഉന്നെ റൊമ്പ പിടിക്കും.. (സത്യമായിട്ടും കള്ളം പറയുകയല്ല.. അയാള്‍ ഇത്രെം പറഞ്ഞു)
കൂട്ടത്തില്‍ തനിക് ഹിന്ദിയില്‍ ഏക്, ദൊ, തീന്‍.. ദസ് വരെ എണ്ണാന്‍ പറ്റുമെന്ന് തെളിയിച്ചു,
പിന്നെ മലയാളത്തിലെ രണ്ടു വാക്കുകളും ‘സുഖം തന്നാ’ എന്നോ മറ്റോ.
അയാളുടെ നാവീന്ന് മലയാളം കൂടി കേട്ടപ്പോള്‍, എനിക്കയാളെ അങ്ങ് ദത്തെടുത്താലെന്താന്നൊരു ചിന്ത വന്നു.
അയാള്‍ പിന്നെ ചോദിച്ചു, ‘എന്നെ കണ്ടാല്‍ എത്ര വയസ്സു തോന്നിക്കും?’

ഞാന്‍ അയാളുടെ മുഖത്തു നോക്കി!
‘നിങ്ങള്‍ക്ക് എത്ര വയസ്സാകണം?, അത്രയും ഞാന്‍ ആക്കിത്തരാം’എന്ന സമാധാനിപ്പിക്കലോടെ.
എന്നിട്ട് ഒരു ഏകദേശകണക്കുപോലെ പറഞ്ഞു ‘അറുപത് , അറുപത്തഞ്ച്..’
അപ്പോള്‍ മകളോട് അയാള്‍ അതേ ചോദ്യം ആവര്‍ത്തിച്ചു,
അവള്‍ കുറച്ചുകൂടി കുറച്ചുകൊടുത്തു ‘ഒരു അമ്പതിനടുത്ത്...’
അദ്ദേഹത്തെ അത് വലുതായി ആഹ് ളാദപ്പെടുത്തിയതൊന്നും ഇല്ല ട്ടൊ, എങ്കിലും ഞങ്ങളുടെ കണക്കുകൂട്ടലുകളൊക്കെ ശരിവയ്ക്കുന്നതിനിടക്ക് ധൃതിയില്‍ തന്റെ ഐ.സി എടുത്ത്
‘നോക്കൂ, എനിക്ക് 82 ആയി! പക്ഷെ, ഞാന്‍ ഇപ്പോഴും നല്ലായിരിക്കുന്നില്ലേ?‘
ഞാന്‍ സമാധാനപ്പെടുത്തി, ‘യസ്! യു ലുക്ക് വെരി ഹെല്‍തി!’
‘യാ യാ’ അയാള്‍ അതു ശരിവയ്ക്കുന്ന മാതിരി പുഞ്ചിരിച്ചു.

ഞാന്‍ ഇതിനിടയില്‍ ഒന്നു രണ്ടു ഫോട്ടോ എടുത്തു. അപ്പോള്‍ അയാള്‍ക്ക് ഞങ്ങളുടെ കൂടെ ഫോട്ടോ എടുക്കണമെന്നായി, പിന്നീട് അത് അയച്ചുകൊടുക്കുമോന്നായി..
ആഗ്രഹങ്ങള്‍ പെരുകുന്നത് കണ്ട് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. യന്തിരന്‍ എവിടെ വരെയായോ?! പക്ഷെ, എയ്യാള്‍ ഒന്നു നിര്‍ത്തിയാലല്ലെ, പറയാന്‍ പറ്റൂ..
അയാള്‍ പിന്നെ ചോദിച്ചു, ‘നിന്റെ ഭര്‍ത്താവെങ്ങിനെ?, ആളു ഭയങ്കരനാണോ?, ഞാന്‍ ഫോണ്‍ ചെയ്താല്‍ എന്നെ വന്ന് അടിക്കുമോ?’ എന്നൊക്കെ..
എന്നിട്ട് പിരിയുന്ന കൂട്ടത്തില്‍ തനിക്ക് ഒരു സുന്ദരിയായ ഭാര്യയുണ്ടെന്നും, തന്നെക്കാള്‍ 10 വയസ്സിനു ഇളയതാണെന്നും, ഒക്കെ പറഞ്ഞു. ഒരുവിധം അയാളില്‍ നിന്നും രക്ഷപ്പെട്ട് ഞങ്ങള്‍ തീയറ്ററിലേക്കുള്ള എസ്കലേറ്ററില്‍ കയറിപ്പറ്റി!

എന്റെ ഫോണ്‍ നമ്പര്‍ അയാളുടെ ഹാന്‍ഡ് ഫോണില്‍ ഉണ്ട് !
വിളിക്കുമോ ഒരു ഭയം ഇപ്പോള്‍!
മകള്‍ പിന്നീട് ഒരുപാട് നേരം വഴക്കു പറഞ്ഞു,
‘അമ്മ എന്തിനാ നമ്പര്‍ കൊടുത്തേ?’ എന്നൊക്കെ പറഞ്ഞ്.
‘സാരമില്ല മോളേ ഒരു വയസ്സനല്ലെ,’ ഞാനും അല്പം പ്രായമൊക്കെ ആയില്ലേ.’
‘എന്നാലും.. അതു ശരിയല്ല.’
(80 വയസ്സായിട്ടും ചെറുപ്പമായിരിക്കുന്ന ഒരു മനസ്സുമായി നടക്കുന്ന ഒരു മനുഷ്യന്‍ !)

ഇനി ഈ മനിതനെ അവിടെ വിട്ടിട്ട് അടുത്ത അല്‍ഭുതം കാണാന്‍ പോകാം.. യന്തിരമനിതനെ!

5*
ഞങ്ങള്‍ ആ ബോയ് ഫ്രണ്ടിനെക്കാരണം 10 മിനിട്ട് ലേറ്റായാണ് യന്തിരനെ കാണാനെത്തിയത്!
ചെന്നപ്പോള്‍ രജനീകാന്ത്, യന്തിരന്‍ രജനിയെയുമായി വീട്ടില്‍ ചെല്ലുന്നതും, അമ്മ ഹാപ്പിയായി വെല്‍കം ചെയ്യുകയുമായിരുന്നു..!
എല്ലാറ്റിലും ഒരു നാടകീയത! രജനീ പടം എന്നാല്‍ അതാണല്ലോ!
പക്ഷെ ഇത് അസ്സല്‍ രജനീ പടം തന്നെ. എപ്പോഴും രജനി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പടം! അവസാനിക്കാറായപ്പോള്‍‍ മനസ്സില്‍ കരുതി, ‘ഹൊ! ഇനി രജനിക്ക് സമാധാനമായി മരിക്കാം..’ എന്തൊക്കെയോ നേടിയ സംതൃപ്തിയോടെ.. (ആ സിനിമയുടെ വിജയം മുഴുവനും അതിന്റെ സ്പെഷ്യല്‍ ഇഫക്റ്റ്സിനും, മറ്റു സാങ്കേതിക വിദ്യകള്‍ക്കും, പിന്നെ ഐശ്വര്യയുടെ ഗ്ളാമറിനും പോയാല്‍ പിന്നെ ബാക്കി ക്രഡിറ്റ് യന്ത്രങ്ങള്‍ക്കും രജനിക്കും കൊടുക്കാം..) പക്ഷെ, ഒപ്പം എനിക്ക് ജീവിക്കാനുള്ള ആശ തീര്‍ത്തും ഇല്ലാതാവുകയും ചെയ്തു!

മെഷീനുകള്‍ മനുഷ്യന്റെ മനുഷ്യഗുണങ്ങള്‍ ഓരോന്നായി അപ്രത്യക്ഷപ്പെടുത്തി വരുന്ന ഒരു യുഗത്തിന്റെ ആരംഭത്തിലാണു ഞാന്‍ ജീവിക്കുന്നത്. അതിന്റെ അന്ത്യം കാണാനായി എനിക്കിനി ജീവിക്കണ്ട, ഇനി ജനിക്കയും വേണ്ട. യ്ന്തിറങ്ങള്‍ ഭരിക്കുന്ന ഈ ഭൂമിയെ ഓര്‍ത്ത് എനിക്ക് ഭയമായി.
രജനി ജയിക്കട്ടെ! യന്തിരങ്ങള്‍ ജയിക്കട്ടെ! അവതാരങ്ങള്‍ ജയിക്കട്ടെ!
മനുഷ്യന്റെ എല്ലാ ലോലഭാവങ്ങളും യന്തിരങ്ങള്‍ നിര്‍വ്വഹിച്ചോട്ടെ.
മനുഷ്യര്‍ മാത്രം മരവിച്ചുകൊണ്ടേ ഇരിക്കട്ടെ..
യന്ത്രങ്ങളായി തീര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യരും, മനുഷ്യരായി തീരുന്ന യന്ത്രങ്ങളും...!

[ഈ പോസ്റ്റ് അല്പം നീണ്ടുപോയതിനാല്‍ പലഭാഗങ്ങളായി നമ്പര്‍ ഇട്ടു തിരിച്ചിട്ടുണ്ട്. സമയമില്ലാത്തോര്‍ക്ക് സമയം കിട്ടുമ്പോള്‍ ഓരോ ഭാഗങ്ങളായി വായിക്കാനായി]

20 comments:

SAJAN S said...

അയ്യോ....... നമിച്ചു........നന്നായി എഴുതിയിരിക്കുന്നു.......
ആശംസകള്‍.......ശരിക്കും ആസ്വദിച്ച ഒരു പോസ്റ്റ്‌.....

Kalavallabhan said...

ആ യന്തിരവൻ 82 കാരൻ കാരണം യന്തിരൻ 10 മിനിറ്റോടി.

Rare Rose said...

എന്തിരന്‍ സിനിമ ആത്മേച്ചി കണ്ടോന്നു ചോദിക്കാനിരിക്കുകയായിരുന്നു.സാധാരണ രജനി പടങ്ങളേക്കാള്‍ ഭേദം എന്നു പറയാം അല്ലേ..

പിന്നെ പോസ്റ്റിലെ അപ്പൂപ്പന്‍ ഭാഗം എന്നേം ചിരിപ്പിച്ചു.അതും തമിഴും,മലയാളവും,ഹിന്ദിയുമൊക്കെയായി എത്ര ഭാഷയിലാണു കക്ഷി ഇഷ്ടമറിയിക്കുന്നത്.:)

വല്യമ്മായി said...

ആത്മേച്ചിയുടെ പോസ്റ്റ് വായിച്ചിട്ട് ഇത്രയേറെ ചിരിച്ചതിന്നാണ് :) എന്നിട്ട് "കാമുകന്‍" വിളിച്ചിരുന്നോ?

ആത്മ said...

SAJAN S :)

ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

ആത്മ said...

Kalavallabhan, :)

അയ്യോ! ഒരു പാവം മനിതനല്ലെ,
യന്ത്രത്തെക്കാള്‍ മനുഷ്യനല്ലെ വലുത്!,

ആത്മ said...

Rare Rose,:)

പോസ്റ്റ് റെയര്‍ റോസിനെ ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷമായി!

രജനി പടങ്ങളൊന്നും തീയറ്ററില്‍ പോയി കണ്ടിട്ടില്ല. ഇതില്‍ സ്പെഷ്യല്‍ ഇഫക്റ്റ്സ് ഒക്കെ ഉണ്ടല്ലോന്ന് കരുതി
എന്നാപ്പിന്നെ ഒന്നു കണ്ടുനോക്കാം എന്നു കരുതി പോയതാണ്‌.
അതൊക്കെ എന്തെ ഭാവനകള്‍ക്കും അപ്പുറമായി നില്‍ക്കുന്നു. മനുഷ്യന്റെ മൂള എത്രമാത്രം വളര്‍ന്നിരിക്കുന്നു!

അവസാനഭാഗമൊക്കെ അന്തം വിട്ട്, കണ്ണും മിഴിച്ച് നോക്കിയിരുന്നു!
രജനിയുടെ ഒരു ഭാഗ്യമേ!

ആത്മ said...

വലിയമ്മായി, :)

അമ്മായി ചിരിച്ചല്ലൊ സന്തോഷായി!
കാമുകന്‍ ഇതുവരെ വിളിച്ചില്ല! ഭാഗ്യം!

സു | Su said...

ഹും...ആത്മേച്ചിക്കുവരെ ആരാധകൻ. ഞാനൊക്കെ എന്തിനു ജീവിച്ചിരിക്കുന്നു. ;) അവസാനം, വഴിയിൽ കിടന്ന മൂർഖനെയാണല്ലോ ഞാൻ മൊബൈലിൽ കയറ്റിയത് എന്ന് പോസ്റ്റ് ഇടരുത് കേട്ടോ.

എന്തിരൻ കാണണോന്നു ഇതുവരെ തീരുമാനിച്ചില്ല. ചിലപ്പോൾ കാണും.

ആത്മ said...

ഹും! ‘ആത്മേച്ചിക്കു വരെ’ആരാധകര്‍!അല്ലെ,(ഞാനെന്താ അത്ര കുറഞ്ഞ വല്ല സാധനവുമാണോ?!)
സൂവിന്റെ ആത്മാര്‍ത്ഥതയില്‍ വീണ്ടും സംശയം തോന്നുന്നൂ..:)

ഇനി ആരാധകനെ കിട്ടിയ അസൂയയാണെങ്കില്‍ ഒരു 7,8, വര്‍ഷം കൂടി ക്ഷമിച്ചിരുന്നാല്‍ കിട്ടും..! അവിടെ കിട്ടിയില്ലെങ്കില്‍ വല്ല ചൈനയിലോ, ജപ്പാനിലോ ഒരു വിസിറ്റിനു പോയാല്‍ മതി..
തീര്‍ച്ചയായും സൂവിന്റെ പുറകെ ഹാന്‍ഡ്ഫോണുമായി ഒരു വൃദ്ധന്‍ വരും.. വരാതിരിക്കില്ലാ... :)

സു | Su said...

ആത്മേച്ചിയ്ക്കു ദേഷ്യം വന്നു. ഞാനെന്റെ കമന്റ് പിൻ‌വലിക്കുന്നു. തമാശ പറഞ്ഞതായിരുന്നു. ആത്മാർത്ഥതയെ സംശയിക്കരുത്.

I am sorry!

ആത്മ said...

അയ്യേ! സൂ വലിയ ധൈര്യവതിയാണെന്നായിരുന്നു കരുതിയത്..
ആത്മേച്ചിക്ക് ദേഷ്യം ഒന്നും വന്നില്ല ട്ടൊ,

വെറുതെ, ദേഷ്യം അഭിനയിച്ചതാണ്..:)

അനൂപ്‌ കോതനല്ലൂര്‍ said...

‘ഉന്നൈ ഞാന്‍ കാതലിക്കിറേന്‍!’ (ഹും!പറയാന്‍ കിട്ടിയ വാചകം!)
കറുത്ത ചായം പൂശീയ വല്ലോ തൈകിളവിയാണെന്ന് പാവം വിചാരിച്ചിട്ടുണ്ടാകും.
ഒന്നുല്ല്യേലും വൃദ്ധന്മാരല്ലെ ഇതൊക്കെ ക്ഷമിക്കേണ്ടത്.

ആത്മ said...

ആക്ച്വലി, കറുത്ത ചായം പുരട്ടിയ ഒരു തൈ കിളവിതന്നെയാണ്‌ അല്ലെ,:)

ഞാന്‍ വാര്‍ദ്ധക്ക്യത്തിന്റെ പടിവാതിലിലും.. അദ്ദേഹം ഏകദേശം അങ്ങെയറ്റത്തും!
അദ്ദേഹം ഒരു പത്തുമുപ്പതു വര്‍ഷം കൂടി ജീവിച്ചിട്ടുണ്ടെന്നേ ഉള്ളൂ..

ഇതില്‍ ശരിക്കും പറഞ്ഞാല്‍ പ്രായം പരിക്കേല്‍പ്പിക്കാത്ത മൂന്നു നാലു മനുഷ്യരുണ്ട്..

ഞാന്‍, നമ്മുടെ കാതല്‍ മന്നന്‍ അപ്പുപ്പന്‍, പിന്നെ സാക്ഷാല്‍ രജനി പിന്നെ ഐശ്വര്യ... ഓരോരുത്തരും ഓരോ സ്റ്റേജില്‍ ആണെന്നേ ഉള്ളൂ...

കുഞ്ഞൂസ് (Kunjuss) said...

ആത്മാ.... പ്രണയം തോന്നാന്‍ പ്രായം ഒന്നും ഒരു തടസമല്ല എന്നല്ലേ.... എന്നാലും ആ ചൈനീസ് അപ്പൂപ്പന്‍ പല ഭാഷകളില്‍ ആയി തന്റെ പ്രണയം അറിയിക്കാന്‍ , കൃത്യമായും ആത്മയെ തന്നെ തേടിപ്പിടിച്ചു എത്തിയല്ലോ.

വളരെ രസകരമായി എഴുതിയിരിക്കുന്നു ട്ടോ...

ആത്മ said...

പൂര്‍വ്വജന്മസുകൃതം! പൂര്‍വ്വജന്മസുകൃതം! കുഞ്ഞൂസേ!
അല്ലാണ്ടെന്ത് പറയാനാ..:)

എഴുതിയത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!
കുഞ്ഞൂസിനെ കണ്ടതിലും വളരെ സന്തോഷം!

Diya Kannan said...

athmechi..


valare valare ishtamayi post..sharikkum chirippichu..athmechide fan-neyum ishtamyitto..


ee oru masam thirakkodu thirakka.. oru project hectic aayi ippol vannu vannu no blog no mail..no food even ennayi avastha...atha vaikiyathu..

ആത്മ said...

ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം! :)

തിരക്കിനിടയിലും വന്ന് അഭിപ്രായം ഒക്കെ എഴുതിയതിനു ഒരുപാട് നന്ദി!

കുഞ്ഞൂസ് (Kunjuss) said...

ആത്മാ... ഞാന്‍ എപ്പോഴും ഇവിടെ ഉണ്ട്, എന്റെ ബ്രൌസര്‍ സമ്മതിക്കാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും കമന്റ്സ് ഇടാന്‍ പറ്റാത്തത്.

ആത്മ said...

അത് സാരമില്ല,
വിഷമിക്കണ്ട.

ബ്രൌസര്‍ സമ്മതിക്കുമ്പോള്‍ കമന്റിട്ടാല്‍‌ മതി.. :)