Sunday, September 19, 2010

സൂര്യനെ സ്നേഹിച്ചവള്‍‌

അവള്‍ക്ക് ആദ്യമാദ്യം സൂര്യന്‍ വെറും ഒരു കത്തുന്ന ഗോളം മാത്രമായിരുന്നു.
സുഖനിദ്രയെ അലോരസപ്പെടുത്തുമാറ് കണ്ണില്‍ വന്നടിക്കും..
പൊയ്പ്പോയ ഇരുട്ടിനെ ആവാഹിക്കാന്‍ അവള്‍ പുതപ്പ് തലയിലൂടെ മൂടി ഇരുട്ട് വരുത്താനായി ഒരു വിഫലശ്രമം നടത്തും.

സൂര്യന്റെ വരവില്‍ പ്രകൃതിയാകെ ഉണരുമ്പോള്‍ അവള്‍ക്കു മാത്രം എന്നും പരിഭവങ്ങളെ സൂര്യനോട് പറയാനുള്ളൂ..
രാവിലെ തണുത്ത വെള്ളത്തില്‍ കുളിക്കണം,
സ്ക്കൂളില്‍ പോകണം.. ദേഷ്യക്കാരനായ കണക്കുസാറിന്റെ ക്ലാസ്സ് ഓര്‍ക്കുമ്പോള്‍ സ്ക്കൂളുപോലും വെറുക്കുന്ന കാലം.
എല്ലാറ്റിനും കാരണക്കാരന്‍ ഈ കത്തുന്ന സൂര്യനല്ലെ!
സൂര്യന്‍ പകല്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇതൊന്നും നേരിടേണ്ടി വരുമായിരുന്നില്ല.
സൂര്യന്‍റ്റെ വര്‍വ് അനൌണ്‍സ് ചെയ്ത് ഉറക്കെ കൂവി എല്ലാവരെയും ഉണര്‍ത്തുന്ന പൂവാലന്‍ കോഴിയോടും ‘കാ’ ‘കാ’എന്നു ഉല്ലാസത്തോട് പറന്നുനടക്കുന്ന കാക്കളോടും ഒക്കെ അവള്‍ക്ക് അസൂയയായി.
‘എന്തുകണ്ടിട്ടാണ്‌ ഇത്ര ആഹ്ലാദിക്കാന്‍!’ ഒരിക്കലും കുളിക്കാത്ത കാക്ക!
കണക്കുസാറിന്റെ അടി വാങ്ങാതെ സുഖമായി പകല്‍ മുഴുവനും തൊടിയില്‍ നടക്കുന്ന പൂവന്‍ കോഴി!

അവള്‍ നിറയെ പരിഭവങ്ങളുമായി സൂര്യന്റെ നേരെ നോക്കാന്‍ ശ്രമിച്ചു. കണ്ണ്‌ പുളിക്കുന്നു!
അപ്പോള്‍ മുത്തശ്ശി പറയും, ‘സൂര്യനെ ‍നേരെ നോക്കാന്‍ പാടില്ല. കണ്ണിന്റെ കാഴ്ച മങ്ങും!’അതുകൊണ്ടോ അവള്‍ക്ക് ചെറുതിലേ കണ്ണാടിയും വയ്ക്കെണ്ടി വന്നു.ഹും!

പിന്നീട് വൈകുന്നേരമാകുമ്പോള്‍ സ്ക്കൂളീന്ന് വന്ന് ഹോംവര്‍ക്കൊക്കെ ചെയ്ത് അനിയനോട് കളിച്ചും അമ്മുമ്മയുടെ കഥകള്‍ കേട്ടും ഇരിക്കുമ്പോള്‍ അവള്‍ക്ക് സൂര്യനോട് വലിയ ദേഷ്യമൊന്നും തോന്നില്ല.
പാവം മറയാന്‍ പോവുകയല്ലേ, പൊയ്ക്കോട്ടെ,പോയി ഉറങ്ങിക്കോട്ടെ.
അപ്പോള്‍ അമ്മുമ്മ പറയും,
‘കണ്ടോ, മാനം മുഴുവന്‍ ചുവന്നു വരുന്നത്!
സൂര്യന്‍ മറയുന്നതില്‍ വാനം കരഞ്ഞ് കണ്ണുചുവപ്പിക്കുന്നതാണ്‍.

അതെ, സൂര്യനും വല്ലാതെ ചുവക്കും.. കരഞ്ഞ് കരഞ്ഞ്..!
എല്ലാരെയും പിരിയാനുള്ള ദുഃഖമായിരിക്കും! അവള്‍ ശരിവയ്ക്കും.

‘ഇനി അത് എവിടെ പോകും അമ്മുമ്മേ?’

‘ഇനി അത് കടലില്‍ മുങ്ങും.’

‘കടലിനടീലാണോ സൂര്യന്റെ വീട്?’

‘അതെ അവിടെ പോയി ഉറങ്ങിയെണീറ്റ് രാവിലെ വീണ്ടും വരും, ഭൂമിയെ കാണാന്‍!’

വീണ്ടും വരുമെന്ന് കേള്‍ക്കുമ്പോള്‍ ‍ അവള്‍ക്ക് വീണ്ടും നീരസം വരും..അവള്‍ ഉള്ളില്‍ പറയും, ‘അതെ അതെ എന്റെ ഉറക്കം നശിപ്പിക്കാന്‍..,
ജോലിക്കാരി പെണ്ണിനെ ഉറക്കച്ചടവോടെ പണിയെടുപ്പിക്കാന്‍,
അമ്മയെ ഉറക്കച്ചടവോടെ ശകാരിപ്പിക്കാന്‍,
അച്ഛനെ നിശ്ശബ്ദനായി എണീറ്റ്, തണുത്ത വെള്ളത്തില്‍ കുളിച്ച്,പ്രാര്‍ത്ഥിച്ച്,നല്ല തൂവെള്ള വസ്ത്രവും ഇട്ട്, ഒരു സൂട്ട്കേസും ആയി ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറ്റി എങ്ങോട്ടെന്നില്ലാതെ അയക്കാന്‍..’

പക്ഷെ, കന്നുകാലികളെ നോക്കുന്ന പയ്യനെ മാത്രം സൂര്യനു അലോരസപ്പെടുത്താനൊന്നും പറ്റില്ല.
അവന്‍ കന്നുകാലികളോടൊപ്പം എണീറ്റ് സൂര്യന്റെ ആഗമനം ഒരുതരം അലസതയോടെ നോക്കി,കോട്ടുവായൊക്കെ ഇട്ട്, പിന്നെ ചായയും പലഹാരവും ഒക്കെ കഴിച്ച്,ഉത്സാഹത്തോടെ തൊടിയില്‍ പുല്ലുപറിക്കാനോ, കമ്പോളത്തില്‍ പോകാനോ ഒക്കെ റഡിയായി നില്‍ക്കുന്നുണ്ടാകും.
(കണക്കുസാറിന്റെ അടിയും വാങ്ങണ്ടല്ലൊ!)

പിന്നെ കിളയ്ക്കാന്‍ വരുന്ന മാധവ അണ്ണനും മറ്റും പ്രഭാതത്തെ സ്വാഭാവികതയോടെ എതിരേല്‍ക്കുന്നവരാണ്. രാവിലെ ഒരു കട്ടന്‍ ചായയും കുടിച്ച്, ഒരു ബീഡിയും വലിച്ച് അലസമായി വരും.. വന്ന് തൊടിയില്‍ തനിക്കിഷ്ടമുള്ള എന്തെങ്കിലും ഒക്കെ ചെയ്യും.. പിന്നെ സമയാസമയങ്ങളില്‍ ഭക്ഷണവും..

അമ്മുമ്മ സൂര്യനെ തീരെ മൈന്റ് ചെയ്യാറില്ല. അമ്മുമ്മയ്ക്ക് എല്ലാറ്റിനോടും ഒരുതരം നിസ്സംഗതയാണ്‌.അമ്മുമ്മയ്ക്ക് തോന്നുമ്പോഴേ അമ്മുമ്മയ്ക്ക് പ്രഭാതമാകൂ.

അമ്മയുടെ അമ്മ മറിച്ചായിരുന്നു. എന്നും രാവിലെ പല്ലുതേച്ച്, കയ്യും കാലും മുഖവും ഒക്കെ കഴുകി സൂര്യനമസ്ക്കാരം ചെയ്തതില്‍ പിന്നെ മാത്രമേ വല്ലതും കഴിക്കൂ..!

സൂര്യനെ ഓരോരുത്തര്‍ ഓരോ രീതിയില്‍ വരവേല്‍ക്കുന്നു..!


കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അവള്‍ക്ക് മനസ്സിലായി സൂര്യന്‍ കടലിന്റെ അടീലൊന്നും പോയതല്ല. അവിടെ തന്നെയുണ്ട്, നമുക്ക് കാണാന്‍ പറ്റില്ലെന്നേയുള്ളൂ. ബാക്കി പകുതി ആളുകള്‍ക്കും ഇപ്പോള്‍ സൂര്യനെ കാണാന്‍ കഴിയും.അവിടെ അവര്‍ക്ക് പ്രഭാതമാകും.
ചിലര്‍ക്ക് നട്ടുച്ചസമയവും ചിലര്‍ക്ക് സന്ധ്യാസമയം.അവര്‍ സൂര്യനോട് വിടപറയുകയാവും.
ചിലര്‍ വര്‍വേല്‍ക്കുകയും.

സൂര്യനെ കാണാന്‍ കഴിയാതെ കിടക്കുമ്പോള്‍ അവള്‍ ഓര്‍ക്കും,
താന്‍ കിടക്കുന്ന ഭൂമി തുരന്ന് തുരന്ന് വലരെ ദൂരം ചെന്നാല്‍ ഭൂമിയുടെ മറുപുറം എത്താം.
അവിടെ കത്തിജ്വലിക്കുന്ന സൂര്യനും പിന്നെ അതിവ്യത്യസ്ഥരായ് ചില മനുഷ്യരും കാണും.
സൂര്യന്‍ ഒന്നുതന്നെയാണെങ്കിലും അവിടെ താന്‍ അപരിചിതയാകും!

വീണ്ടും വലുതായപ്പോല്‍ അവള്‍ ഓര്‍ത്തും അമേരിക്കയിലെ അമ്മാവനും മക്കളും ഒക്കെ
ഭൂമിയുടെ മറുപുറത്ത് ഇപ്പോള്‍ തലകുത്തി നടക്കുകയാവും.
തങ്ങള്‍ ഭൂമിയില്‍ പറ്റിപ്പിടിച്ച്(ഭൂമി തങ്ങളെ ഭദ്രമായി പൊത്തിപ്പിടിച്ച്) ഉറങ്ങുമ്പോള്‍..
അവര്‍ തല‍കുത്തനെ(?) അവിടെ..‘അയ്യോ അവര്‍ അങ്ങ് പറന്ന് താഴേക്ക് (അല്ല മുകളിലേക്ക്) പോവില്ലെ!’ അവള്‍ക്ക് ആകെ തല‍ചുറ്റി.
ഭൂമിയും.. സൂര്യനും.. മനുഷ്യരും...!

ഭൂമിയുടെ പിടിയൊന്നുവിട്ടാന്‍ പറന്നുയരുന്ന മനുഷ്യര്‍!
സൂര്യന്റെ അടുത്തെത്തുമായിരിക്കുമോ അപ്പോള്‍?!
അതോ ആകാശത്തു പറന്നു നടക്കുന്ന മനുഷ്യരായി മാറുമോ?!
ആ‍കാശത്തു നിറയെ പറക്കുന്ന വീടും അവിടെ നിറയെ പറന്നു നടക്കുന്ന മനുഷ്യരുമാകും അപ്പോള്‍..!

അതിലും മുതിര്‍ന്നപ്പോള്‍,
അവള്‍ വെറുതെ സൂര്യനെ പ്രണയിക്കാന്‍ പഠിച്ചു.
ഭൂമിയുടെ സുരക്ഷിതത്വത്തില്‍ വിശ്വസിക്കാന്‍ പഠിച്ചു.
സൂര്യന്റെ നേതൃത്വത്തിലുള്ള ഭൂമിയിലെ ജീവിതം ശാശ്വതമാണെന്നും ഭാവന ചെയ്ത് ആസ്വദിക്കാന്‍ പഠിച്ചു.

ഇവിടെ അസ്തമിക്കുന്ന സൂര്യന്‍ ഭൂമിയുടെ മറുപുറം ഉദിക്കുമെന്നത് വിസ്മരിച്ച്
അസ്തമന സൂര്യനെ നോക്കി വിരഹ ഗീതം പാടാന്‍ പഠിച്ചു.
മാനത്തു പടരുന്ന ചുവപ്പ് സൂര്യന്റെയും ഭൂമിയുടെയും ദുഃഖത്താല്‍ ചുവന്ന കവിള്‍ത്തടമാണെന്ന് കരുതാന്‍ ഇഷ്ടപ്പെട്ടു.

പിന്നെ പിന്നെ,സൂര്യന്‍ തന്നെയോര്‍ത്താണ്‌ കരയുന്നതെന്ന് ഭാവനചെയ്യാന്‍ ഇഷ്ടപ്പെട്ടു.
സൂര്യനെ അഗാധമായി പ്രണയിക്കാന്‍ അവള്‍ വെമ്പി.
ചൂടും വെളിച്ചവുമായി വരുന്ന സൂര്യന്‍ അവള്‍ക്കെല്ലാമെല്ലാമായി.
അവള്‍ സൂര്യനെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയായി.
അവള്‍ മറ്റെല്ലാം മറന്നു...

ഉള്ളിലിരുന്നാരോ പറഞ്ഞു,
‘സൂര്യനെ സ്നേഹിക്കുന്നത് വിഡ്ഡിത്തമാണ്‌!’
പ്ക്ഷെ, പ്രണയം തോന്നിയവയെയല്ലേ പ്രണയിക്കാനാവൂ!

സൂര്യനെ തന്റേതു മാത്രമാണെന്ന പറയാന്‍ അവള്‍ക്കാവില്ല.
സൂര്യന്‍ ഒരിക്കലും ഒരിക്കലും തന്നെ സ്വന്തമാണെന്ന് അംഗീകരിക്കില്ല.
താന്‍ മറഞ്ഞാലും സൂര്യന്‍ മറയില്ല. ഭൂമിയും. താന്‍ മാത്രമാണ് നശ്വരമായതെന്നും,
സൂര്യനെ പ്രണയിക്കുന്ന താന്‍ അനാധയാണെന്നവള്‍ ആദ്യമായറിഞ്ഞു.
എങ്കിലും സൂര്യനെ പ്രണയിക്കാതിരുന്നാല്‍ തന്റെ ദിനങ്ങള്‍ ഇരുട്ടില്‍ ആണ്ടുപോകും എന്നും അവളറിഞ്ഞു!

പിന്നീട് വളരെക്കാലം ചെന്നപ്പോള്‍ അവള്‍ ഒന്നുകൂടി പഠിച്ചു.
ചുട്ടുപൊള്ളുന്ന സൂര്യന്റെ ചൂട് അവള്‍ക്ക് സഹിക്കാവുന്നതിലും അധികമാണെന്ന്.

ഭൂമി കരയുന്നത് സൂര്യന്റെ വിടപറയലിലല്ല, ഉഗ്രതാപത്താല്‍ വെന്തുചുമക്കുന്നതാണെന്നു തോന്നി. എന്നാല്‍ സൂര്യതാപം ഇല്ലാതായാല്‍, തന്റെ സര്‍വ്വചരാചരങ്ങളും നശിച്ചുപോകുമെന്നും ഭൂമിക്കറിയാം. ഭൂമിയുടെ നിസ്സഹായത അവളെ തളര്‍ത്തി.

സൂര്യനെ സ്നേഹിക്കാന്‍ അവള്‍ ഭയന്നു. ആ ചൂടില്‍ താന്‍‍ വെന്തുകരിഞ്ഞുപോകുമെന്ന് ഭയന്നു. എങ്കിലും ഇത്തിരി വെട്ടത്തിനായി അവള്‍ പ്രണയിച്ചു..

12 comments:

Diya Kannan said...

title കണ്ടപ്പോള്‍ ഇതാണ് ആദ്യം മനസ്സില്‍ വന്നത്.
http://vayady.blogspot.com/2010/09/blog-post.html

നന്നായിട്ടുണ്ട് .

ആത്മ said...

:)

ആ പോസ്റ്റ് വായിച്ചായിരുന്നു..
വളരെ ഇഷ്ടമാവുകയും ചെയ്തു!

പക്ഷെ, അത്തരത്തില്‍ കഥയെഴുതി പറ്റിക്കാന്‍ പറ്റുന്നില്ല.അതുകൊണ്ട് അതുപോലൊന്നും ചിന്തിക്കില്ല.

ഇതുപോലെ കൊച്ചു കൊച്ചു ചിന്തകളേ പറ്റുന്നുള്ളൂ..

Kalavallabhan said...

"എങ്കിലും ഇത്തിരി വെട്ടത്തിനായി അവള്‍ പ്രണയിച്ചു.. "
അതെ
അല്പം നന്മയുടെ വെളിച്ചം
അത് നമ്മെ നയിക്കട്ടെ

ശ്രീ said...

നല്ല ചിന്തകള്‍, ആത്മേച്ചീ... കുഞ്ഞായിരുന്നപ്പോള്‍ ഇങ്ങനെയൊക്കെ തന്നെ ഞാനും ചിന്തിച്ചിട്ടുണ്ട്. (സൂര്യനോട് വെറുപ്പു തോന്നിയിട്ടില്ലെങ്കിലും. മറിച്ച് രാവിലെ ഉദിച്ചുയരുന്ന സൂര്യനെ കാണുന്നത് സന്തോഷം തരുന്ന കാര്യവുമായിരുന്നു‌)

ആത്മ said...

Kalavallabhan,

നന്ദി! :)

ആത്മ said...

ശ്രീ,

ശരിക്കും സൂര്യനോട് വെറുപ്പൊന്നും തോന്നീട്ടില്ല.
മറിച്ച് ദൈവത്തെപ്പോലെ തോന്നീട്ടും ഉണ്ട്!

ഇത് വെറുതെ ഒരു പ്രത്യേക നിമിഷത്തിലെ ചിന്തകൾ കോർത്തെടുത്ത് നിരത്തിയെന്നേ ഉള്ളൂ..:)

Jishad Cronic said...

നന്നായിട്ടുണ്ട്...

ആത്മ said...

നന്ദി!

jayarajmurukkumpuzha said...

valare nannayittundu..... ashamsakal........

ആത്മ said...

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ വളരെ നന്ദി!

Rare Rose said...

കാലം മാറുന്നതിനനുസരിച്ച് ഇഷ്ടാനിഷ്ടങ്ങള്‍ ഏതിനോടും മാറിമറിയും അല്ലേ ആത്മേച്ചീ.:)

പിന്നെ പഴേ പോലെ താളുകള്‍ വേഗം മറിക്കണില്ലല്ലോ ഇപ്പോള്‍..തിരക്കിലാണോ..

ആത്മ said...

ഏയ്!, തിരക്കൊന്നും ഇല്ല.. ഒരുതരം സസ്പെന്‍സ്!
അത്രയേ ഉള്ളൂ..:)