Sunday, August 29, 2010

പറഞ്ഞില്ലെന്നു വേണ്ട..

കുറേ നാളായി പറയണം പറയണം എന്നു കരുതി ഇരിക്കുവാരുന്നു.
ഇന്ന്, ഈ സമയം, രാത്രി നാല് പതിനഞ്ച്!
എനിക്ക് പറയാന്‍ തോന്നുന്നു.. ഇന്ന് മിക്കവാറും പറയും...

പറയാന്‍ വന്നതെന്തെന്നാല്‍..
എഴുത്തുകാര്‍ക്ക് പ്രായം ഇല്ല എന്നത്രെ!

എഴുത്തുകാര്‍ എന്നു പറഞ്ഞാല്‍ തന്നെ ഭാവനയുടെ ലോകത്ത് വിഹരിക്കുന്നവര്‍ എന്നല്ല്യോ!
അവര്‍ ചിലപ്പോള്‍ ചെറുപ്പക്കാരെപ്പോലെ ചിന്തിച്ചു എന്നു വരും, ചിലപ്പോള്‍ കുട്ടികളെപ്പോലെ ചിന്തിച്ചു എന്നുവരും, മറ്റുചിലപ്പോള്‍ വൃദ്ധന്മാരെ പ്പോലെ ചിന്തിച്ചു എന്നുവരും.
അവരുടെ മനസ്സ് ഏതു മേഘലയില്‍ ആണ് അലയാ‍ന്‍ പോകുന്നത് അതനുസരിച്ച് അവരുടെ എഴുത്തിനും അവസ്ഥാന്തരം സംഭവിക്കും..

ആത്മ ആത്മ എന്നപേരുതന്നെ തിരഞ്ഞെടുക്കാന്‍ കാരണം. ആത്മാവ് എന്ന അര്‍ത്ഥം ഉള്ളതുകൊണ്ടാണ്‌ . ആത്മാവിനു പ്രായമില്ലല്ലൊ, ആത്മയുടെ ആത്മാവാണ്‌ ഇവിടെ സംസാരിക്കുന്നത്. എന്റെ ഒരു സൃഷ്ടിയായ ‘ആത്മ’ എന്നും ആത്മയായി തന്നെ ജീവിക്കട്ടെ... പ്രായവും, ആണ്‍പെണ്‍ഭേദവും, മറ്റുവലിപ്പച്ചെറുപ്പങ്ങളുമില്ലാതെ, ‘മാനുഷരെല്ലാരും ഒന്നുപോലെ..’ എന്ന ഒരു മിഥ്യാലോകത്ത്...!


ആക്ച്വലി പറയാന്‍ വന്നത് ഇതൊന്നും അല്ല;

നമ്മുടെ മോഹന്‍ ലാലിനേം മമ്മൂട്ടിയേയും ഒക്കെ പ്രായത്തിന്റെ പേരില്‍ അധിഷേപിക്കുന്ന കാണുമ്പോള്‍ ഒരു നൊമ്പരം..
പ്രായമാകുന്നത് ഒരു കുറ്റമോ കുറവോ ആണോ?
അല്ല, ആണോ?!

തീര്‍ച്ചയായും അഭിനയജീവിതത്തിലും മോഡലിംഗിലും ഒക്കെ ബോഡി നന്നായി ഇരുന്നാലേ പിടിച്ചു നില്‍ക്കാനാകൂ.. ശരിതന്നെ. പക്ഷെ, ഇത്, മലയാളികള്‍,നടന്മാര്‍ക്ക് പ്രായം കൂടിപ്പോയെന്നു കരുതി അവര്‍ സിനിമയില്‍ ജീവിക്കാനേ പാടില്ലാത്ത പോലല്യോ പലയിടത്തും സംസാരിക്കുന്നത്!
അപ്പോള്‍ ഒരു നാല്പതു വയസ്സൊക്കെ കഴിഞ്ഞ മനുഷ്യരെല്ലാം കൂടി കാശിക്കുപോയി സന്യസിക്കണമെന്നാണോ പറയുന്നത് ??!!
[പക്ഷെ ഈ പറയുന്ന 20 കാര്‍ ഇനി ഒരു 20 വര്‍ഷം-അതങ്ങ് ശഠേന്നു പോകും!-കഴിയുമ്പോള്‍, 30 കാര്‍ വെറും 10 വര്‍ഷം കൂടി കഴിയുമ്പോള്‍ ഓവര്‍ ഏജ് ആകുമേ! അന്ന് നിങ്ങള്‍ എന്നാ ചെയ്യും?! (മമ്മൂട്ടി സ്റ്റൈല്‍!)]

അല്ലേ, 90 വയസ്സായ ടാക്സിഡ്രൈവര്‍മാര്‍ അന്തസ്സായി വണ്ടിയോടിക്കുന്നു!
ബിസിനസ്സുകാര്‍ അന്തസ്സായി സ്വന്തം ബിസിനസ്സ് ഉയര്‍ത്തിക്കോണ്ടിരിക്കുന്നു!
രാഷ്ട്രീയക്കാര്‍ കുഴിയില്‍ പോകാന്‍ നേരവും രാഷ്ട്രീയം പറഞ്ഞുകൊണ്ട് പോകുന്നു!
ആരെങ്കിലും താന്‍ പ്രയാസപ്പെട്ടു നേടിയെടുത്തതെല്ലാം ശ്രീബുദ്ധന്റെ കൂട്ട് അങ്ങ് ഒറ്റയടിക്ക് ഉപേക്ഷിച്ചിട്ട് പോകുമോ?!
എന്താ ഈ കലാകാരന്മാര്‍ക്കുമാത്രം ഒരു പ്രായപരിധി?! ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍ ഒരുദിവസം ഉപേക്ഷിച്ചു പോകാന്‍ തോന്നുമോ താന്‍ ഇതുവരെ കഷ്ടപ്പെട്ട്, ഇഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയതെല്ലാം?! അവരുടെ പ്രായത്തെപ്പറ്റി ബോധവാന്മാരാകാതെ അവരുടെ അഭിനയം ആസ്വദിക്കൂ..

നല്ല നല്ല കഥകളും സിനിമകളും ഉണ്ടാകാത്തതിനു നടന്മാരുടെ പ്രായത്തെ കുറ്റം പറയുകയാണോ വേണ്ടത്!
സിനിമയ്ക്ക് ആകെപ്പാടെ ഒരു മൂല്യത്തകര്‍ച്ച/ ഇടിവ് വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്
നടന്മാരുടെ പ്രായം പറഞ്ഞ് അവരെക്കൂടി ഒതുക്കാന്‍ നോക്കിയാല്‍ പിന്നെ ടീനേജ് കാരുടെ കഥകള്‍ മാത്രം എഴുതാന്‍ സാഹിത്യകാരന്മാരോടും അവരുടെ ചിത്രങ്ങള്‍ മാത്രം വരയ്ക്കാന്‍ ചിത്രകാരന്മാരോടും ഒക്കെ പറയേണ്ടിവരും..
ടീനേജ് കാര്‍ മാത്രം സിനിമ ആസ്വദിക്കണം എന്നും പറയുമോ ഒരു കാലത്ത്!
പ്രായത്തെ ചെറുത്തുനില്‍ക്കാന്‍ പല മരുന്നുകളും കണ്ടുപിടിത്തങ്ങളും ഉള്ള ഇക്കാലത്ത് കഴിവുള്ളവര്‍ പ്രായം ഒക്കെ മറന്ന് അഭിനയിക്കട്ടെ!
പറയുന്ന കേട്ടാല്‍ തോന്നും മലയാളത്തിലെ നായകന്മാര്‍ക്ക് പ്രായം കൂടിയതുകൊണ്ടാണ് മലയാള സിനിമ നന്നകാത്തതെന്ന്‌ !

പണ്ട് നസീര്‍ വളരെ പ്രായം ചെന്നിട്ടും ടീനേജ് നടിമാരോടൊപ്പം അഭിനയിച്ചാല്‍ ജനം തീയറ്ററില്‍ കാശുകൊടുത്തു പോയിരുന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കും..
കാരണം.. അന്ന് വേറേ എന്റര്‍ടയിന്മെന്റ് ഒന്നും ഇല്ലായിരുന്നു.
വല്ലപ്പോഴും വരുന്ന സിനിമ, അതില്‍ നല്ല കഥ കാണും.. പിന്നെ അഭിനയിക്കുന്നവരുടെ പ്രായം നോക്കാനൊന്നും അന്ന് ആര്‍ക്കും തോന്നിയില്ല.
പിന്നീട് ഒരു സോമനും സുകുമാരനും ഒക്കെ ഉയര്‍ന്നു വരുന്നതുവരെ നസീറിനെ തന്നെ വായും പൊളിച്ച് നോക്കിയിരുന്നു..! ഇന്നാര്‍ക്കും അതിനു ക്ഷമയില്ല.
പഴയവരെ പിടിച്ച് കൂട്ടിലടച്ചിട്ട്, പുതിയവരെ കൊണ്ടുവരാനൊരു വെമ്പല്‍!
പഴയവര്‍ അഭിനയിച്ചു തെളിയിച്ചതുകൊണ്ടല്ലേ അവര്‍ക്ക് ഈ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാനായത്‌!
അന്നത്തെ സോമനെയും സുകുമാരനെക്കാളും ഒക്കെ അഭിനയിക്കാന്‍ സാധിച്ചു, മനുഷ്യരുടെ ശ്രദ്ധപിടിച്ചുപറ്റിയതുകൊണ്ട് അവര്‍ പതിയെ ഉയര്‍ന്നു വന്നു..
ഇനിയുള്ള നടന്മാര്‍ക്കും ആ ക്ഷമ വേണം..
അതല്ലാതെ മുന്നിലുള്ളവരെ ഒറ്റയടിക്ക് ഇടിച്ചു താഴെയിട്ടിട്ടല്ല/ജീവനോടെ കുഴിച്ചുമൂടിയിട്ടല്ല മുന്നോട്ടുപോകേണ്ടത്..

ഇന്ന് മനുഷ്യര്‍ക്ക് ഒരു നല്ല സിനിമ കാണുന്നതിലും വലിയ സന്തോഷങ്ങള്‍ നിരവധിയാണ് . അതിനിടയില്‍ തീയറ്ററില്‍ പോയി സിനിമ കാണുന്ന കാര്യം തന്നെ കഷ്ടമാണ് .
അതിനിടയില്‍ കഥയില്ലാ സിനിമകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന സംവിധായകര്‍..
ഈ ആക്രാന്തം ഒക്കെ ഒന്ന് നിയന്ത്രിച്ച്, ആദ്യം നല്ല ഒരു കഥ, പിന്നെ നന്നായി ചിന്തിച്ച് അല്പം കൂടി സമയവും ഒക്കെ കൊടുത്ത് ആ സിനിമയെ ജീവസ്സുറ്റതാക്കല്‍, ഇതിനൊന്നും‍ അവര്‍ക്കും സമയമില്ലാ..

എനിക്കു തോന്നുന്നത് സിനിമയും സീരിലയലിനെപ്പോലെയൊക്കെ കുറച്ചുകൂടി സ്വാഭാവികമായ രീതിയില്‍ എടുത്താല്‍ ഒരുപക്ഷെ വിജയിച്ചേക്കും.
മനുഷ്യരുടെ യധാര്‍ത്ഥജീവിതം ഇമിറ്റേറ്റ് ചെയ്യുന്നതുകൊണ്ടും മനുഷ്യരുടെ ഇടയില്‍ താരപരിവേഷമില്ലാതെ സാധാരണക്കാരെപ്പോലെ പ്രത്യക്ഷപ്പെടുന്നതും ആണ് ഇപ്പോള്‍ മനുഷ്യര്‍ക്ക് വേണ്ടത് എന്നു തോന്നുന്നു.
പണ്ടത്തെപ്പോലെ സിനിമാനടന്മാര്‍ നക്ഷത്രങ്ങളെപ്പോലെ വിരാജിക്കാന്‍ നോക്കാതെ അല്പം കൂടി സാധാരണക്കാരുടെ ഇടയില്‍ ജീ‍വിക്കാന്‍ തക്ക രീതിയില്‍ ഒരു അഴിച്ചുപണി നടത്തിയാല്‍ മലയാള സിനിമ വിജയി ച്ചേക്കും.
ഉദാഹരണം.. സുരാജ് വെഞ്ഞാറമ്മൂട്.. മിമിക്രിയിലൂടെ സാധാരണക്കര്‍ക്ക് പറ്റുന്ന തറ തെറ്റുകളും കുറ്റങ്ങളും അബദ്ധങ്ങളും, വിഡ്ഡിത്തങ്ങളും ഒക്കെയാണ്. അതും തനി ഗ്രാമീണഭാക്ഷയില്‍.. എന്നിട്ട് ഇവിടത്തെ അംബാസിഡനാരും എം.പിമാരും മന്ത്രിമാരുമടക്കം എല്ലാവരും അത് ആസ്വദിച്ചു ചിരിച്ചു.. !
എന്നാല്‍ കോട്ടും സൂട്ടുമിട്ട് ഭയങ്കര താരപരിവേഷത്തോടെ വന്നാല്‍ ആ ഒരു രസം തോന്നുകയില്ല.
കലക്ക് സ്വാഭാവികത വേണം..

ഇനി ഈ അഴിച്ചുപണി എങ്ങിനെ നടത്താമെന്ന് ആത്മ തന്നെ ആലോച്ചിച്ചിട്ട് പിന്നീട് വരാം..
ഒരു ഉത്തരം: ടിവി ചാനലുകളിലൂടെ തന്നെ സിനിമാനടന്മാരും നടിമാരും ഒക്കെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തണം..
ബാക്കി പിന്നെ..
(തെറ്റുകള്‍ വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ നാളെ തിരുത്തപ്പെടും...)

13 comments:

appachanozhakkal said...

Good Morning ആത്മ,
താകള്‍ 4 -15 ന് ചെയ്ത പോസ്റ്റ്‌, അഞ്ചുമിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ വായിച്ചു. വളരെ നന്നായിട്ടുണ്ട്. ആത്മയുടെ പോസ്റ്റിനു കമന്റ് എഴുതാന്‍ മാത്രമുള്ള ആത്മവിശ്വാസമൊന്നും എനിക്കില്ല. എന്നാലും എഴുതാന്‍ ആഗ്രഹിച്ചുപോയില്ലേ? സ്വന്തം പേര്, മറ്റൊരാള്‍ ചൊല്ലി വിളിക്കുന്നത്‌, ഏതൊരാള്‍ക്കും ആനന്ദകരമാണെന്ന്, ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ആത്മ എന്ന് സംബോധന ചെയ്തത്.
ഘടികാരം കണ്ടുപിടിക്കുന്നതിനു മുന്‍പ്, നാഴികവട്ട എന്നൊരു ഉപകരണമായിരുന്നു സമയമാപിനി. ഭൂമിയില്‍ നമുക്ക് അനുവദിച്ച സമയവും, ഏതാണ്ട് അത് പോലെയാണെന്ന് ചിന്തിച്ചു ജീവിച്ചാല്‍, വാര്‍ദ്ധക്യം വരുന്നത് നമ്മളറിയുകയില്ല. വലിയ വിദ്യാഭ്യാസവും നേടിയിട്ട്, ഏതെങ്കിലും കമ്പനിയില്‍ ജോലിക്ക് കയറിപ്പറ്റിയാല്‍, ഒരു മൂന്നു മാസത്തെ പരിശീലനം. എന്നതുപോലെ, ജനിച്ചു വീഴുമ്പോള്‍ മുതല്‍ പരിശീലനങ്ങള്‍ തുടങ്ങുകയായി. ദ്രാവക രൂപത്തില്‍ കഴിക്കുന്ന ആദ്യാഹാരം ദഹിക്കാന്‍, മലര്‍ന്നു കിടന്നു കൈ കാലിട്ടടിക്കുന്ന വ്യായാമം. അതുകഴിഞ്ഞാല്‍, മുട്ടില്‍ നീന്തി ജീവിതയാത്ര ആരംഭിക്കുകയായി. വിദ്യാഭ്യാസവും ഗുസ്തിയുമായിട്ട് പത്തിരുപതു വര്ഷം. അങ്ങനെ പത്തിരുപതു വയസ്സാകുമ്പോഴേക്കും, ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച്, ഒറ്റക്ക് തിന്നാനുള്ള ആവേശം, ആക്രാന്തം. അതിനെല്ലാം, മാതാ പിതാക്കള്‍(പിന്തിരിപ്പന്മാര്‍)തടസം. താമസിയാതെ, ഇഷ്ട്ടപ്പെട്ട ഇണയെയും കൂട്ടി ജീവിത യാത്രയുടെ രണ്ടാം ഘട്ടം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ദൌത്യം മുന്‍ നിര്‍ത്തി, രണ്ടുപേരുടെയും കൂടിയുള്ള പിടി വലി. കുടുംബത്തോടും, സമൂഹത്തോടും അവനവനോടുമുള്ള ഉത്തരവാദിത്വങ്ങള്‍, ഉദാസീനതകള്‍. ഇതെല്ലാം പരിഹരിച്ചു കഴിഞ്ഞ് നേരെ ചൊവ്വേ ഭക്ഷണം കഴിച്ചു വിശ്രമിക്കാമെന്നു കരുതുമ്പോഴേക്കും, സഖാകള്‍ മൂന്നു പേരും എത്തും - പ്രമേഹം, പ്രഷര്‍, കൊളഷ്ട്രോള്‍. ചുരുക്കിപ്പറഞ്ഞാല്‍, ഉത്തരവാദിത്വങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സമയം കിട്ടില്ല. കാലന്‍, പോത്തിനെയും കൊണ്ട് പടിക്കല്‍ വന്നു വിളിക്കുംപോഴായിരിക്കും, "ഈശ്വരാ ഇതിനുമാത്രം വയസ്സായോ"എന്ന് ചിന്തിക്കേണ്ടി വരിക.

ആത്മ said...

ഗുഡ് മോണിംഗ്!

കമന്റ് കണ്ടപ്പോള്‍ വളരെ സന്തോഷമായി!

സത്യം പറഞ്ഞാല്‍ ഇത്രയുമൊക്കെ എഴുതീട്ടും, ഓരോ പോസ്റ്റും കഴിഞ്ഞ് ആദ്യത്തെ കമന്റ് കിട്ടുന്നതുവരെ ഒരു ചങ്കിടിപ്പാണ്‍!

വളരെ വളരെ നന്ദി!
സമയം കിട്ടുമ്പോള്‍ ദയവായി വീണ്ടും വരിക..

മാണിക്യം said...

ആത്മേ !! ആ പറഞ്ഞത് ശരി 100% :)
ബാക്കി പിന്നെ പറയം ഇപ്പോള്‍ ഉറങ്ങാന്‍ പോണൂ

Diya Kannan said...
This comment has been removed by the author.
Diya Kannan said...

ayyo!!!! very very sorry.

"athmechi" enna vili ithrayum problematic aanalle....

ആത്മ said...

മാണിക്യം,

ശരി,
ഗുഡ് നൈറ്റ്!

ആത്മ said...

Diya Kannan,

ചേച്ചി എന്നു വിളിക്കുന്നത് വളരെ വളരെ സന്തോഷം ആണ്. ഒരു പ്രത്യേക സ്നേഹം തോന്നുകയും ചെയ്യും..

അതല്ല കാര്യം. ചേച്ചി എന്നു വിളിക്കുമ്പോള്‍ നമുക്ക് ഒരു ഉത്തരവാദിത്വം, മച്യൂരിറ്റി ഒക്കെ വരില്ലേ, അപ്പോള്‍ ഫ്രീ ആയി എഴുതാന്‍ വിമുഖത തോന്നും എന്നതുകൊണ്ട് എടുത്തുകാട്ടിയെന്നേ ഉള്ളൂ..

ചേച്ചി എന്നുവിളിച്ചു ശീലിച്ചോര്‍ ചേച്ചി എന്നു തന്നെ ദയവായി വിളിക്കാനപേക്ഷ..

എഴുത്താണൊ സ്നേഹമാണോ വലുത് എന്നു ചോദിച്ചാല്‍ ധര്‍മ്മസങ്കടത്തിലാവില്ലേ,
രണ്ടും ഒരുപോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ചേച്ചിയാണു ട്ടൊ,

ദിയയും മറ്റും ചേച്ചീന്നൊക്കെ വിളിക്കുമ്പോള്‍ സന്തോഷിച്ചിട്ടേ ഉള്ളൂ..
ദിയയുടെ ചേച്ചിയെക്കാളും പ്രായം ഒരു പക്ഷെ എന്നുക്കു കാണുകയും ചെയ്യും!


ചേച്ചി എന്നു വിളിക്കുന്നതുകൊണ്ട്,
എഴുത്തില്‍ ആ മച്യൂരിറ്റി പ്രതീക്ഷിക്കരുതേ എന്നെ അര്‍ത്ഥമാക്കിയിട്ടുള്ളൂ..:)

ചേച്ചി എന്നു വിളിച്ചില്ലെങ്കില്‍ ആത്മ പിണങ്ങുമെ പറഞ്ഞില്ലെന്നു വേണ്ട:)

ഇത് ഒരു ചേച്ചി പ്രശനമല്ല,
പ്രായം എടുത്തുകാട്ടി, ഒരു കലാകാരന്റെ നൈസര്‍ഗ്ഗിക വാസനകള്‍ക്ക് വിഘാതം വരുത്തരുതെന്നു പറയാനാണു..

ആത്മ said...

diya,

ഈ പോസ്റ്റ് ശരിക്കും ആത്മയ്ക്കുവേണ്ടി എഴുതിയതല്ല. സിനിമാക്കാരെപ്പറ്റി എഴുതാന്‍ ഒരു ഇന്റ്രൊഡക്ഷന്‍ എഴുതിയെന്നേ ഉള്ളൂ!

ശരിക്കും ചേച്ചി വിളി ആത്മയെ അത്രക്കങ്ങ്ട് ബാധിച്ചിട്ടില്ല എന്നുവേണം കരുതാന്‍..

ഞാന്‍ ശരിക്കും ആ മഹാനടന്മാരെ യുവാക്കള്‍ തേജോവധം ചെയ്യുന്നതുകണ്ട് വിഷമിച്ചെഴുതിയ പോസ്റ്റുതന്നെയാണ് ഇത്..

കാലം തന്നെ അഴിച്ചുപണികള്‍ നടത്തി യൌവ്വനം തിരിച്ചെടുക്കാന്‍ തുടങ്ങുന്ന മദ്ധ്യവയസ്സില്‍ തങ്ങളുടെ ആരാധകരെന്നു കരുതിയ ജനങ്ങള്‍ തന്നെ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ എന്തു മനോവിഷമം തോന്നും..!:(

എന്തെല്ലാം സ്റ്റ്രയിന്‍ ചെയ്തായിരിക്കും
അവര്‍ സാധാരണക്കാരെ ചിരിപ്പിക്കയും കരയിപ്പിക്കയും ഒക്കെ ചെയ്തത്!

കാലം തന്നെ പതിയെ ചെയ്തുതീര്‍ക്കുന്ന ഒരു വ്യതിയാനത്തിനെ കാലത്തിനു തന്നെ വിട്ടുകൊടുക്കുന്നതല്ലെ ബുദ്ധി എന്നു തോന്നി എഴുതിയതാണ്‌.

ദിയക്കുട്ടി പിണങ്ങല്ലേ..
ആത്മേച്ചി ഒരു കൊച്ച് ഷോപ്പിംഗിനൊക്കെ പോയിട്ട് വരാം ട്ടൊ,

Diya Kannan said...

ayyo athmechiyodu pinangano..athorikkalum illa...


chechi ennokke kandal kunju vishewshangal ezhuthathirunnalo ennu pedichu paranjatha.. :)

enikku chechi illayirunnutto..pinne kannane kittiyappol koode oru chechiyeyum free aayikkitti..:)

athmechi -de chila postukal kandappol sharikkum njangalude chechiyodu samsarikkunnathu poleyundayirunnu...ippol chechikkum ariyam ee blog-ne patti..she is not a regular blog reader though.. :)


pinne ee chechi viliyil ithiri respect-um undennu vacho..:)

appol idakkidakku kunju visheshangalum..chechiyayi thathwa chinthakalum...pinne idakku venemenkil ithiri muthassikktahayum okke ezhuthikolootto..vayikkan njangal okke ivide ready.. :)

Rare Rose said...

ദിയയെ പോലെ ആത്മേച്ചി വിളി കുഴപ്പമായോന്നു ഞാനും വിചാരിച്ചു.മറുപടി കണ്ടപ്പോളാണു സമാധാനമായത്.:)

ആത്മേച്ചി തത്വചിന്തകളും,കുഞ്ഞു വിശേഷങ്ങളും എന്തെഴുതിയാലും ഞങ്ങള്‍ വായിക്കാന്‍ നൂറു വട്ടം റെഡി.ദിയ പറഞ്ഞ പോലെ ഈ ചേച്ചി വിളി ഞങ്ങളേക്കാള്‍ ജീവിതം ഒരുപാട് കണ്ട,ഒരുപാട് അടുപ്പം തോന്നിപ്പിച്ച ഈ എഴുത്തിനോടുള്ള ബഹുമാനവും,ഇഷ്ടവും നിറച്ച സ്നേഹവിളിയല്ലേ..:)

പിന്നെ നടന്മാരുടെ കാര്യം.ചില കഥയില്ലാ സിനിമകളിലൊക്കെ നമ്മുടെ മോഹന്‍ ലാലും,മമ്മൂട്ടിയുമൊന്നും അഭിനയിക്കേണ്ടിയിരുന്നില്ലെന്നു തോന്നാറുണ്ട്.പക്ഷേ അവരു തന്നെയഭിനയിച്ച നല്ല സിനിമകളിലെ ചില മനോഹര നിമിഷങ്ങള്‍ കാണുമ്പോള്‍ വീണ്ടും ‘ആഹാ’ എന്നു പറഞ്ഞു പോവും.ഇപ്പോഴത്തെ യുവനടന്മാര്‍ക്ക് ഇവരുടെയത്രേം തിളക്കം ആ സീനില്‍ വന്നാലുണ്ടാവുമോ എന്നും സംശയിച്ചു പോവും.ഈയടുത്ത് കണ്ട ടി.വിയില്‍ കണ്ടതാണു ലൌഡ് സ്പീക്കര്‍ എന്ന സിനിമ.ഒരു കുഞ്ഞു കഥ.പക്ഷേ മമ്മൂട്ടിയൊക്കെ നന്നായി ചെയ്തിരിക്കുന്നു.അത്രേം സ്വാഭാവിക അഭിനയം ഇപ്പോഴത്തെ താരങ്ങള്‍ക്കുണ്ടാവുമോന്നു സംശയമാണു.അവരവര്‍ക്കു ചേരുന്ന കഥയുള്ള സിനിമകള്‍ തെരഞ്ഞെടുത്താല്‍ ഈ പ്രായം എന്ന സംഭവമേ ആരും ഓര്‍ക്കില്ല..

ആത്മ said...

ദിയ,

രാവിലെ വെപ്രാളത്തില്‍ കമന്റ് വായിച്ചിട്ട് ഷോപ്പിംഗിനു പോയി..
എങ്കിലും ദിയയുടെ കമന്റിനെപ്പറ്റി ഇടയ്ക്കിടെ ഓര്‍ക്കും.. വെപ്രാളത്തില്‍ വായിച്ചതുകൊണ്ടോ ആത്മക്ക് തോന്നിയത് ദിയയ്ക്ക് വെളിയില്‍ വലിയ റെസ്പക്റ്റ് ഒക്കെ ഉള്ള ഒരു ചേച്ചിയുണ്ട് എന്നായിരുന്നു..
ഞാന്‍ മകളോട് പറഞ്ഞു,
മോളേ ഇന്ന് ഒരാള്‍ എന്റെ ബ്ലോഗില്‍ കമന്റെഴുതെട്ട് ആ ആളിനു
വെളിയില്‍ വളരെ റെസ്പക്റ്റൊക്കെ ഉള്ള ഒരു ചേച്ചിയുണ്ടെന്ന് പറഞ്ഞു..

അങ്ങിനെ വലിയ റെസ്പക്റ്റ് ഉള്ള ഒരു മലയാളി ചേച്ചി ആരായിരിക്കാം..?!
ദിയ ആ വലിയ ചേച്ചിയുടെ അനിയത്തിയാണല്ലൊ എന്നൊക്കെ ഓര്‍ത്തു നടന്നു..

ഇപ്പോള്‍ തിരക്കൊക്കെ ഒഴിഞ്ഞ് കമന്റ് ഒരിക്കല്‍ കൂടി വായിച്ചപ്പോഴാണ്‍‌ അയ്യടാ ഇത് ഇപ്പടിയായിരുന്നോ! എന്നു തോന്നിയത്..

നന്ദി ട്ടൊ, :)

ആത്മ said...

Rare Rose,

ഞാനും മമ്മൂട്ടിയുടെ ലൌഡ് സ്പീക്കര്‍ ഈയ്യിടെ കണ്ടു. അതിലെ മമ്മൂട്ടിയുടെ അഭിനയത്തെപ്പറ്റി എഴുതണം എന്നു കരുതി വന്നതാണ്‌ അപ്പോള്‍ റെയര്‍ റോസും അതുതന്നെ എഴുതിയിരിക്കുന്നു!

എന്റെ മകള്‍ ഒരു പ്രിഥ്വിരാജ് ഫാന്‍ ആണു ട്ടൊ,
ഇന്ന് റോബിന്‍ ഹുഡ് എന്ന പടം അവളോടൊപ്പം ഇരുന്ന് പകുതി കണ്ടു..
കണ്ടിടത്തോളം ഇഷ്ടപ്പെട്ടു. യുവതാരങ്ങള്‍ എല്ലാവരും വളരെ നന്നായി അഭിനയിച്ചിര്ക്കുന്നു.
മോഹന്‍ലാലും മുകേഷും ഒക്കെ പണ്ട് അഭിനയിച്ചപോലെയൊക്കെ തോന്നി..

ഞാന്‍ മകളോട്, മുതിര്‍ന്ന നടന്മാര്‍ക്ക് ചേര്‍ന്ന വിധത്തില്‍ കഥയെഴുതാത്ത സംവിധായകരെ കുറ്റപ്പെടുത്തിയപ്പോള്‍ അവള്‍ പറയുകയാണ്‍‌
‘മമ്മൂട്ടിയും മോഹന്‍ലാലും രജനീകാന്തുമൊക്കെ ഏതുതരം കഥകള്‍ വേണമെന്ന് സംവിധായകരോട് ആവശ്യപ്പെട്ട്ലും അത്തരം കഥകള്‍ അവര്‍ ഉണ്ടാക്കും.. അപ്പോള്‍ അവരല്ലെ അത് മനസ്സിലാക്കി മെച്യുര്‍ ആയ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടത്’
എന്ന് ഇങ്ങോട്ട് ചോദിച്ചു!

മോഹന്‍ലാലിനെ വെല്ലാന്‍ ഭാവാഭിനയത്തില്‍ ഒരു നടനും മലയാളത്തില്‍ ഇല്ല എന്നു തന്നെ അവളുടെയും അഭിപ്രായം!

ഞാന്‍ ചോദിച്ചു, അപ്പോള്‍ പ്രിഥ്വിരാജോ? എന്ന്

അപ്പോള്‍ അവള്‍ പറയുന്നു, പൃഥ്വിയെ വേണമെങ്കില്‍ മമ്മൂട്ടിയെപ്പോലെയാണെന്ന് സമ്മതിക്കാം എന്ന്!

ഇത്രയും എഴുതി ഇന്ന് ഉപസംഹരിക്കുന്നു...

ബാക്കി നാളെ..:)

ആത്മ said...

ഈ പോസ്റ്റിനു ഒരു കണ്‍ക്ലൂഷന്‍!

ഏതിനും എഴുതിപ്പോയില്ല്യോ!,
ഇനിയിപ്പം നന്നായി അങ്ങ് പറഞ്ഞു തീര്‍ക്കാം...

ശരിക്കും പറഞ്ഞാല്‍ പെണ്ണുങ്ങളും, തീരെ ചെറുപ്പക്കാരും ഒക്കെ ചേച്ചി എന്നു വിളിക്കമ്പം വിഷമം തോന്നില്ല.

ഒന്നു കെട്ടി, കുറെ മക്കളൊക്കെ ഉണ്ടായി, മീശയൊക്കെ നരച്ചു തുടങ്ങിയ ആണുങ്ങളൊക്കെ(പരിചയമില്ലാത്തോര്‍) വിളിക്കുമ്പോള്‍ ഒരു വിഷമം. അത്രക്ക് അങ്ങ് മൂത്ത ചേച്ചിയാകാനുള്ള ഒരു പക്വത എനിക്കില്ല എന്ന തോന്നലാണ്‌ ഒരു ചമ്മല്‍ ഉണ്ടാക്കുന്നത്..
(സത്യമായിട്ടും വേറെ ഒരു ഉദ്ദേശ്യവും ഇല്ല!)
ഒരു സുകുമാരിചേച്ചി, അല്ലെങ്കില്‍ ലളിതചേച്ചി, ശ്രീവിദ്യചേച്ചി, അടൂര്‍ പങ്കജം ചേച്ചി, എന്നപോലെയൊക്കെ ഒരു തോന്നല്‍..

ഏതിനും പറ്റിയത് പറ്റി. ക്ഷമിക്കാന്‍ പറ്റുന്ന തെറ്റുവല്ലതും ആണെങ്കില്‍ ദയവായി ക്ഷമിക്കുക..

യുവതികളും ‍ക്കും ചെറുപ്പക്കാരും ഇനിയും ചേച്ചി എന്നു തന്നെ വിളിക്ക്‍ാനപേക്ഷ..