Wednesday, August 25, 2010

മാനുഷരെല്ലാരും ഒന്നുപോലെ!!

പണ്ട് മാവേലി നാടുവാണകാലത്ത് മാനുഷരെല്ലാരും ഒന്നുപോലെയായിരുന്നു..
പിന്നീട് വര്‍ഷം തോറും താന്‍ ഒന്നാക്കി മാറ്റിയ നാട്ടിനെ കാണാന്‍ മാവേലി എഴുന്നള്ളുമ്പോള്‍
ആള്‍ക്കാരെല്ലാം തങ്ങളുടെ ദാരിദ്രവും ഇല്ലായ്മയും സമര്‍ത്ഥമായി മറച്ചുവച്ച് ചിരിച്ചുകൊണ്ട് പൂവിളിയും ആര്‍പ്പുവിളികളുമായി മാവേലിയെ കാട്ടാനായി സന്തോഷം അഭിനയിച്ചു..
മാവേലിയെ കാണിക്കാനായി ആ പത്തു ദിവസം മനുഷ്യര്‍ തങ്ങളുടെ ഇല്ലായ്മ മറന്ന് ഒന്നായി സന്തോഷിച്ചു!

ഇന്ന് നമ്മെ തുല്യരാക്കുന്നത് സമ്പന്നതകൊണ്ടല്ല, സമ്പന്നതയുടെ നടുവിലെ ദുഃഖങ്ങളാണ്‍..!
ഇന്നും മാനുഷരെല്ലാരും ഒന്നുപോലെ തന്നെ!
നിറയെ ഉണ്ടായിരുന്നിട്ടും മനുഷ്യര്‍ക്ക് ആ പത്തുദിവസങ്ങളില്‍ സന്തോഷം,സുഭിഷത അഭിനയിക്കാന്‍ പോലും ആവുന്നില്ല എന്ന കാര്യത്തില്‍!

ഓണച്ചാപ്പാടിനെക്കാള്‍ പത്തരമാറ്റ് സ്വാദുള്ള വിഭവങ്ങള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുമെങ്കിലും,
ഓണപ്പൂക്കളെത്തെക്കാള്‍ വീട് അലങ്കരിക്കാന്‍ കൃത്രിമങ്ങളായ പലെ അല്‍ങ്കാര വസ്തുക്കളും ഉണ്ടായിട്ടും,ഓണക്കോടിയെക്കാളും വിലയേറിയ പട്ടുടയാടകള്‍ വര്‍ഷം മുഴുവന്‍ ഉടുത്തിട്ടും
ഓണം വരുമ്പോള്‍ ദുഃഖിക്കുന്നു!
‘അയ്യോ തൂശനിലയില്‍ അമ്മ വച്ചുതരുന്ന പുഴുക്കലരി ചോറും പരിപ്പും പപ്പടവും കൂട്ടി
അവിയലും തൊരനും കിച്ചടി,പച്ചടി,ഇഞ്ചി,നാരങ്ങയൊക്കെ കൂട്ടി ചോറുണ്ട്, നല്ല് അടപ്രഥമനില്‍ പഴമൊക്കെ ഇട്ടു സദ്യയുണ്ട്,കുടുംബവിട്ടില്‍ ഒത്തുകൂടാനുനും ഊഞ്ഞാലാടാനും ഒന്നും ആവുന്നില്ലല്ലൊ’ എന്ന ദുഃഖം!

ആധുനികത തേടിപ്പോയ മനുഷ്യരേ, ആധുനികതയ്ക്ക് പിന്നാലെ അലയുന്ന മനുഷ്യരേ, നിങ്ങളറിയുന്നോ സമ്പന്നതയുടെ നടുവിലെ ദരിദ്രരാണ്‌ നിങ്ങളെന്ന്!

എല്ലാവരും ഓണം വരുമ്പോള്‍ ഒന്നാവുന്നു! ഒരുകാര്യത്തില്‍!
എല്ലാമുണ്ടായിട്ടും, ഓണം കൊണ്ടാടാന്‍ കഴിയുന്നില്ല എന്ന ദുഃഖത്തില്‍!!

ഇന്ന് ആര്‍ക്കും കാണം വിറ്റ് ഓണം ഉണ്ണേണ്ട കാര്യമില്ല. എന്നിട്ടും ഓണത്തെ വരവേല്‍ക്കാനും എതിരേല്‍ക്കാനും ഒക്കെ വിസമ്മതിക്കുന്ന അസൌകര്യമുണ്ടാക്കുന്ന ഒരു ജീവിതമാണ്‌ പലരുടെതും.


[ഹൊ! ഇത്രേം എഴുതിയപ്പോല്‍ എന്തൊരു സമാധാനം! ഓണം എനിക്കുമാത്രമല്ല, എല്ലാവര്‍ക്കും ദുഃഖങ്ങളും നോസ്റ്റാള്‍ജിയകളും മാത്രമാണ് സമ്മാനിക്കുന്നതെന്ന് ഒടുവില്‍ ബോധ്യപ്പെട്ടു]


മനുഷ്യര്‍ക്ക് എന്തെല്ലാം ദുഃഖങ്ങളെന്നല്ലേ?!


എനിക്ക്, ഓണത്തിന്‌ പ്രിയമുള്ളോരാരേയും കാണാന്‍ പറ്റിയില്ലല്ലൊ എന്ന ദുഃഖം!
അല്ലെങ്കില്‍, ഭര്‍ത്താവിനു ജോലിയും മകള്‍ക്ക് സ്കൂളും ഉണ്ടല്ലൊ എന്ന ദുഃഖം(ആക്ച്വലി ദുഃഖം പുത്തരിയല്ല)

നാട്ടിലെ എന്റെ സഹോദരനും ഓണത്തിനു അവധി കിട്ടത്ത ദുഃഖം!
(എങ്കിലും അവന്‍ വിളിച്ച് കാര്യമായി, “ഹാപ്പി ഓണം മക്കളേ!” എന്നു പറഞ്ഞപ്പോള്‍‍ മനസ്സങ്ങ് കുളിര്‍ത്തു..!)

പിന്നെ, എനിക്കാണെങ്കില്‍ തന്നട്ടം തനിയേ ഈ ഓണവിഭവങ്ങളൊക്കെ ഒരുക്കണമല്ലൊ, എല്ലാം ശരിയാകുമോ എന്നൊക്കെയുള്ള ഒരു ദുഃഖം..


എന്റെ ഭര്‍ത്താവിന്റെ ദുഃഖം എന്തെന്നാല്‍ നിരവധി അസോസിയേഷന്‍സ് ഒരുക്കുന്ന ഓണസദ്യകള്‍ കഴിച്ച് കഴിച്ച് ഡയബറ്റീസ് പിടിക്കുമോ എന്നതാണ്‌!
അവിടെ പിന്നെ കഴിച്ചാലല്ല് പറ്റൂ.. നിനക്കെങ്കിലും..? എന്ന ഒരു ദയനീയ നോട്ടം!

അങ്ങിനെ ദുഃഖങ്ങള്‍ നിരവധിയാണ്‌ ...

6 comments:

Rare Rose said...

ആത്മേച്ചീ.,ഇവിടെയാണെങ്കില്‍ കുട്ടിത്തം മാറി വലുതായതിന്റെ ദു:ഖം.:(
കാലം ഇത്തിരി കറങ്ങി വന്നപ്പോഴേക്കും എവിടെ പോയി എന്റെ പഴയ കുഞ്ഞു നാളിലെ ഓണം,എവിടെ പോയി ഒത്തു ചേരലിന്റെ ആ നല്ല നിമിഷങ്ങള്‍ എന്നൊക്കെ ആലോചിച്ച് വിഷമിക്കുകയാണു ഇപ്പോഴത്തെ പണി.

വലിയവരെ പോലെ ഒരുപാട് ഓണക്കളികളുടെയോ,ആചാരങ്ങളുടെയോ ഓര്‍മ്മകളൊന്നും എനിക്കില്ല.എന്നാലും പോകപ്പോകെ എന്തൊക്കെയോ ഇല്ലാതായി വരുന്ന പോലെ.എന്താണെന്നു പറയാനൊട്ടു പറ്റുന്നുമില്ല.കൈ പിടിച്ചു നടത്തിയ ചില സ്നേഹങ്ങളുടെ സുഗന്ധമാണെന്നു തോന്നുന്നു ഓണത്തിനു.ഇപ്പോള്‍ നമുക്കൊപ്പം അവരില്ലാത്തത് കൊണ്ടാവും ഇങ്ങനെയൊക്കെ അല്ലേ..

ആത്മ said...

സന്തോഷമായി റെയര്‍ റോസേ!
സന്തോഷമായി!

ഈ ദുഃഖങ്ങള്‍ പങ്കുവയ്ക്കാനാകുന്നതുതന്നെ ഇനിയുള്ള ഓണക്കാലത്തിലെ ഏറ്റവും വലിയ സന്തോഷം! :)

jayanEvoor said...

കുട്ടിക്കാലത്തെ ഓണത്തിന്റെ പൊലിമ ഇന്നില്ല എന്നതു സത്യം.

എന്നാലും ഞാൻ ഓണം ആഘോഷിച്ചു.
തറവാട്ടിൽ പോയി.
അമ്മയും സഹോദരന്മാരും, ഞങ്ങളുടെ അഞ്ചു കുട്ടികളും കൂടി ഓണം ഉണ്ടു.
ഊഞ്ഞാലാടി. കുട്ടികൾ ഓണം ഇന്നും ആഘോഷിക്കുന്നു.
പത്തുകൊല്ലം കഴിയുമ്പോൾ അവർ പരയും 2010 ലൊക്കെ ഓണം എന്തു രസമായിരുന്നു എന്ന്!

(ഓണത്തിനു പുതുമയില്ല എന്ന് 1990 കളിൽ വിലപിച്ച കൌമാരമാണ് എന്റേത്. കാരണം അന്ന് എന്റെ ബാല്യം കഴിഞ്ഞിരുന്നു...!)

അതുകൊണ്ട് കുട്ടികൾക്ക് ആർത്തുല്ലസിക്കാൻ അവസരം ഉണ്ടാക്കുക, നമ്മൾ....

അവർ സന്തോഷിക്കുന്നത് കണ്ട് നമ്മൾ സന്തോഷിക്കുക!


അത്ര തന്നെ!

ആത്മ said...

കാര്യം എന്താന്നു വച്ചാല്‍ , ഈ ബ്ലോഗു ലോകത്ത് ഓണം ആഘോഷിച്ചെന്നൊക്കെ പറയുമ്പോള്‍ അത് അല്പം സൂക്ഷിക്കണം.. പ്രത്യേകിച്ചും നാട്ടില്‍ അടിപൊളിയായി ആഘോഷിച്ചെന്നൊക്കെ കേള്‍ക്കുമ്പോള്‍ എത്ര ആത്മാക്കളുടെ ഹൃദയം തേങ്ങുമെന്നറിയാമോ! ഈ ബ്ലോഗില്‍ വരുന്നതുവരെ ആത്മയുടെ ഹൃദയവും വേദനിക്കുമായിരുന്നു.. ഒരിക്കലും തിരിച്ചുകിട്ടാത്ത, ഒറിജിനല്‍ അല്ലാത്ത ഓണം..

ഓണം ആഘോഷിക്കാന്‍ അവധികിട്ടാത്തൊര്‍, ഫാമിലി അടുത്തില്ലാത്തോര്‍, അമ്മമാര്‍ വയ്ക്കുന്നപോലെ എല്ലാ വിഭവങ്ങളും വയ്ക്കാനവാത്തോര്‍ അങ്ങിനെ നിരവധിയാണു പ്രയാസ‌ങ്ങള്‍..

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയാത്തോരാണ്‌ നാട്ടില്‍ പലരും എല്ലാം വലിച്ചെറിയാന്‍ മുന്‍‌കൈ എടുക്കുമ്പോള്‍ വിദേശത്തു
പോയവര്‍ കൈവിട്ടുപോന്നതെന്തൊക്കെയാണെന്ന്
നന്നായി അറിഞ്ഞ് പരിതപിക്കുന്നവരാണധികവും
എന്നാണെനിക്ക് തോന്നുന്നത്..
പതിയെ പതിയെ തന്റെ നഷ്ടങ്ങളോക്കെ മറന്ന് അന്യനാടുമായി ഇഴുകിച്ചേരാന്‍ തുടങ്ങുമ്പോള്‍
ഓണം ഒരു വലിയ ഓര്‍മ്മപ്പെടുത്തല്‍‌ കൂടിയാകുന്നു.. നഷ്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍‌

ശരിയല്ലേ?,‌

--
ആത്മ ആത്മയുടെ എല്ലാ സന്തോഷങ്ങള്‍ക്കും ഈ ബ്ലോഗു ലോകം അല്ലെങ്കില്‍ മലയാളി ലോകത്തൊട്‌ കടപ്പെട്ടിരിക്കുന്നു..

ഒന്നുമല്ലാതായി മറയാന്‍ തുടങ്ങിയ എല്ല്ം അത് പുനര്‍ജ്ജീവിപ്പിക്കുന്നു..


മറ്റുള്ളവരെപ്പോലെയൊക്കെ ജീവിക്കണമെന്നും, ഒക്കെ ഒരു തോന്നാല്‍ തന്നെ ഇതിലൂടെയാണു അധികവും കിട്ടിയിട്ടുള്ളത്..

അതുകൊണ്ട് ആത്മ എല്ലാറ്റിനും മലയ്ളം ബ്ലോഗു ലോകത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു..

ഡിപ്രഷന്‍ വരുമ്പോള്‍ ഓടി വരും,
ജോലിക്കൂടുതല്‍.. ടെന്‍ഷന്‍, അസുഖം, സന്തോഷം എല്ലാം ബ്ലോഗ് അറിയണമെന്ന പോലെ..

ചുരുക്കത്തില്‍, എനിക്ക് ബ്ലോഗുമായി ബന്ധമില്ലാതാകുമ്പോള്‍‍ അന്ധകാരത്തില്‍ പെട്ട് തപ്പിത്തടയുന്ന മാതിരി ഒരു പരിഭ്രാന്തി ഉണ്ടാകും പലപ്പൊഴും..

തറവാട്ടിലൊക്കെ പോയി ഓണം ആഘോഷിക്കാന്‍ പറ്റുന്നതൊക്കെ ഒരു മഹാഭാഗ്യമാണ്‌.

മാണിക്യം said...

ആത്മേ ഓണാശംസകള്‍!

ഞങ്ങള്‍ ഓണം ആഘോഷിച്ചു ഉത്രാടത്തിനും തിരുവോണത്തിനും സദ്യയുണ്ടാക്കി...
ഈ വര്‍ഷത്തെ പ്രത്യേകത ഒരു പതിറ്റാണ്ടിനു ശേഷം ഞങ്ങള്‍ നാലുപേരും ഒന്നിച്ചുണ്ടായി എന്നതു തന്നെ ...
തിരുവോണ സദ്യയുണ്ടിട്ട് അന്ന് വൈകിട്ടത്തെ ഫ്ലൈറ്റിനു ചാച്ചന്‍ തിരികെ പോയി!

വിദേശത്തു പോയവരധികവും കൈവിട്ടുപോന്നതെന്തൊക്കെയാണെന്ന്
നന്നായി അറിഞ്ഞ് പരിതപിക്കുന്നവരാണ്.
പതിയെ പതിയെ തന്റെ നഷ്ടങ്ങളോക്കെ മറന്ന് അന്യനാടുമായി ഇഴുകിച്ചേരാന്‍ തുടങ്ങുമ്പോള്‍
ഓണം ഒരു വലിയ ഓര്‍മ്മപ്പെടുത്തല്‍‌ കൂടിയാകുന്നു.. നഷ്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍‌

അത്മേ എന്റെ മനസ്സിലുള്ളത് ആത്മ പറഞ്ഞു ...:)

ആത്മ said...

ഓണാശംസകള്‍! :)

ചാച്ചന്‍ എവിടെ പോയി?!
വേറേ രാജ്യത്താണോ?