Monday, August 23, 2010

എന്റെ ഓണം..

ഈ നാട്ടില്‍ വന്നതില്‍ പിന്നെ , ആദ്യം ഒരു പത്തു പതിനഞ്ച് വര്‍ഷം, ഓണം അടുത്തു എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍‍ ഒരു ഭീതി ഉണരും, തിരുവോണദിവസം അടുക്കും തോറും കൈകളും കാലുകളും ഒക്കെ തളരും, സാധാരണ വയ്ക്കുന്ന കറികള്‍ പോലും വയ്ക്കാന്‍ തോന്നില്ല, ആകെ ഒരു തളര്‍ച്ച!

ചെറുതിലേ ഓണം എന്നു കേള്‍ക്കുമ്പോള്‍, ഓണാവധി, ഊഞ്ഞാല്‍, സദ്യ, വിരുന്നുപോക്ക്, ഓണാഘോഷം കാണല്‍ തുടങ്ങി എന്തൊക്കെയോ ഓര്‍മ്മകള്‍ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുമായിരുന്നു.

ഇവിടെ വന്നതില്‍ പിന്നെ, വെറുതെ ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ ഒരു വീട്ടില്‍ പോയി കമ്പള്‍സറി ഓണച്ചാപ്പാടു കഴിക്കണം എന്ന ഭീതി. ഓണമൊരുക്കിയവര്‍ അത് സ്നേഹത്തോടെയല്ല് വിളമ്പിത്തരുന്നത് എന്ന വേദന. ഇതേ കറികളും വിഭവങ്ങളും ഒക്കെ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സമൃദ്ധിയില്‍ അനുഭവിച്ചിട്ടുള്ളപ്പോള്‍ ഇപ്പോള്‍ ഓണം തന്നെ പരിഹാസ്യയാക്കാനായി വരുന്നു എന്ന തോന്നല്‍! അങ്ങിനെ ഒരു സാഹചര്യം പുത്തരിയായതുകൊണ്ട്, ആ നില വരുത്തിവയ്ക്കുന്ന ഓണത്തെ തന്നെ വെറുക്കാന്‍ തുടങ്ങി...

പിന്നെ കാലം‍ ചെല്ലും തോറും പതിയെ ആ ഭയത്തെ വെല്ലാന്‍ നോക്കി...
ഓരോ വര്‍ഷവും ഓരോ കറികളായിരുന്നു വയ്ക്കാന്‍ സാധിച്ചത്!
പിന്നീട് അടുത്തവര്‍ഷം ആകുമ്പോള്‍ ആ പുതിയ കറിയെപ്പറ്റി മറന്നുപോകും താനും!
ഒടുവില്‍ എന്നോ ധൈര്യത്തോടെ പായസം വയ്ച്ചു വിജയിച്ചു.
ഒരു ലോകം ജയിച്ച പ്രതീതി..
പായസം 25 പേര്‍ക്ക് 50 പേര്‍ക്ക് ഒക്കെ ഒന്നിച്ചുണ്ടാക്കാനാകുമായിരുന്നിട്ടും എന്റെ ഓണം അവര്‍ ആഘോഷിച്ചു.
ഒന്നുമറിഞ്ഞുകൂടാത്ത അഗതിമാരുടെ കൂട്ടത്തിലിരുത്തി ഭക്ഷണം തന്ന് വിട്ടു .
എന്നിട്ടും അവിടെ ഒത്തുകൂടി അവരുടെ ഓണം വിജയിപ്പിച്ച ഒരു സംതൃപ്തിയോടെ വീട്ടില്‍ തിരിച്ചെത്തുമ്പോഴും, മനസ്സില്‍ നിറയെ നഷ്ടബോധമായിരുന്നു. ഈ ഓണ പരിശ്രമത്തിനെക്കാള്‍ എന്തൊക്കെ കഷ്ടപ്പാടുകളാണ് ഒരു വര്‍ഷം മുഴുവന്‍ തരണം ചെയ്തത്.. എന്നിട്ട്, എല്ലാം വെള്ളത്തിലായപോലെ, താന്‍ ഒന്നുമല്ലാതെ, ഒന്നും അറിഞ്ഞുകൂടത്ത വിഡ്ഡിയെപ്പോലെ..
എന്തേ തന്റെ വീട്ടില്‍ ഓണം വരുത്താനാകാത്തതെ എന്ന വിഷാദമായിരുന്നു, നഷ്ടബോധമായിരുന്നു.
ഒടുവില്‍ ഓരോ വര്‍ഷം തോറും കറികളുടെ എണ്ണം കൂടി ഒരുവിധം ഓണക്കറികള്‍ ഓണത്തിന്റെ ഭയത്തെ വെന്ന് വയ്ച്ചു കഴിഞ്ഞപ്പോഴും ഓണം എന്റ് വീട്ടില്‍ വന്നില്ല.
അഗതികളെപ്പോലെ പോയി കഴിച്ചു വന്നു..

ഒടുവില്‍ സ്വാതന്ത്രം കിട്ടി! ഓണം അവരവരുടെ വീട്ടില്‍ കഴിക്കാമെന്ന നിയമം(?) പ്രാബല്യത്തില്‍ വന്നു! ഒരു രണ്ടോ മൂന്നോ വര്‍ഷമായിക്കാണും ഈ അവകാശം കിട്ടിയിട്ട്. അത് എങ്ങിനെ വേണ്ടെന്നു വയ്ക്കാന്‍??!!

ഭയമൊന്നും ഇല്ലെങ്കില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു മൂഡ് ആണ് ഓണം മൂഡ്!

പ്രധാനമായും കുറച്ച് പൂക്കള്‍ സംഘടിപ്പിച്ച് ഒരു പൂക്കളം ഇടാന്‍ നോക്കുക!
അപ്പോഴേ ഒരു ഓണ ഫീലിംഗ് വരും!
ആരെങ്കിലും കാണുന്നോ കാണുന്നില്ലേ എന്നൊന്നും നോക്കണ്ട, നമ്മുടെ മക്കളെ ഓണം എന്തെന്നു മനസ്സിലാക്കാന്‍, നമുക്ക് ഓണത്തിനെ സ്മരിക്കാന്‍!
(അല്ലെങ്കില്‍ ഓണം ഓരോ അസ്സോസിയേഷന്റെ മാത്രം കുത്തകയായിപ്പോകും)

ഞാന്‍ ഉത്രാടദിവസം (ഈ ദിവസങ്ങള്‍ പോലും ഒരു നാലഞ്ചു വര്‍ഷം മുന്‍പ് ഭയം വിഴുങ്ങി മറക്കുമായിരുന്നു ഓണം എന്നെന്നറിയാന്‍ പോലും നടുക്കം!എത്രയും താമസിച്ചറിയുമോ അത്രയും ഭയം കുറയുമല്ലൊ എന്നു കരുതുമായിരുന്നു) ഒരുവിധം ഓണക്കറികള്‍ ഒക്കെ വച്ചു, പായസവും വച്ചു..
പക്ഷെ രണ്ടു നേരവും ഗൃഗസ്ഥന്‍ തന്റെ കുടുമ്പത്തോടൊപ്പം വെളിയില്‍ നിന്നും രണ്ടു കല്യാണങ്ങളില്‍ പോയി മൃഷ്ടാന്നം ഭക്ഷിച്ച് തിരിച്ചു വന്നു..

ഞാന്‍ വച്ച കറികള്‍.. ഇഞ്ചി, നാരങ്ങ്, പച്ചടി, തോരന്‍, അവിയല്‍, പരിപ്പ് സാമ്പാര്‍ ഒക്കെ വച്ച് ഇലയിട്ട് എന്റെ കൊച്ചു മകള്‍ക്ക് കൊടുത്തു. അവള്‍ക്ക് നാളെ സ്ക്കൂള്‍ ഉള്ളതാണ്‌ ഒരുപക്ഷെ, അവളെ നാളെ ഓണസദ്യസമയം കിട്ടിയില്ലെങ്കിലോ!

മൂത്തയാള്‍ പായസം വയ്ക്കാനൊക്കെ സഹായിച്ചു.. പായസം നന്നെന്നു പറഞ്ഞ് അതും കുടിച്ച്.. ഇനി ഇന്ന് കഴിക്കാന്‍ പറ്റില്ല എന്നും പറഞ്ഞ് കിടന്നു.

രാത്രി ഭര്‍ത്താവ് ഇന്‍- ലാസ് നോടൊപ്പം മറ്റൊരു സദ്യയും കഴിച്ച് അലസമായി വന്നു..
ഞാന്‍ ആര്‍ക്കുവേണ്ടി എല്ലാം ഒരുക്കുന്നു എന്നു ചോദിച്ചാല്‍ എനിക്കു വേണ്ടി..
എന്റെ മനസ്സിലെ ഓണസങ്കല്പം മായാതിരിക്കാന്‍ മറക്കാതിരിക്കാന്‍..
എന്റെ വീട്ടിലും ഓണം ഉണ്ടല്ലൊ എന്നു സമാധാനിക്കാന്‍!

ഇന്ന് ഓണദിവസം..

പതിവില്ലാതെ ഭര്‍ത്താവ് അല്പം ദാക്ഷിണ്യത്തോടെ ഇന്ന് ഉച്ചക്ക് മക്കളേയും കൂട്ടി
ഒരുമിച്ചിരുന്ന് കഴിക്കാം എന്നു പറഞ്ഞപ്പോള്‍ സമ്മതിച്ചു (വല്ല കൂട്ടുകാരും ചെയ്യുന്നത് കേട്ട് അനുകരിക്കുകയും ആയിരിക്കാം..)
ഒരുമിച്ചിരുന്ന് കഴിച്ചു..
മക്കള്‍ മഹാബലിയെപ്പറ്റി ചോദിച്ചു.. ഞാന്‍ ശ്രീ ശ്രേയസ്സ് എഴുതിയ കഥ വിശദമായി പറഞ്ഞുകേള്‍പ്പിച്ചു..

ചുരുക്കത്തില്‍..ഓണം എന്നാല്‍ ഇത്രയേ ഉള്ളൂ..!
കുറച്ചു പൂക്കള്‍,
കുറച്ചു കറികള്‍ (വയ്ക്കാന്‍ പഠിച്ചാല്‍ ഈസിയായി തോന്നും!),
പിന്നെ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കല്‍!
തീര്‍ന്നു!


വൈകിട്ട് മകള്‍ ചോദിച്ചു,
“അമ്മേ ഇനി എത്ര ദിവസം കൂടി കാണും ഈ ഓണം?”
‘ആകെ 10 ദിവസമാണ്‌.. എന്നാലും പ്രധാനമായും മൂന്നുദിവസം എങ്കിലും കാണും.
സാരമില്ല മാവേലി പ്ലയിനിലൊക്കെ കയറി എന്നും ഇങ്ങെത്തി എന്നൊന്നു വരില്ല.
നാം വെറുതെ ഒരു ഓര്‍മ്മയ്ക്ക് കൊണ്ടാടുന്നെന്നേ ഉള്ളൂ! നമുക്ക് ഓണം ഒരു ദിവസം മതി..’

രാത്രി മോള്‍ക്ക് ചോറും പുളിശ്ശേരിയും ഇറച്ചി വറുത്തതും അച്ചാറും പപ്പടവും (അവളുടെ സ്ഥിരം ഭക്ഷണം ) കൊടുത്തപ്പോള്‍ അവള്‍ക്ക് സമാധാനമായി..

ഓണത്തെ വെന്ന് ഞാന്‍ ഇതാ ഇവിടെ!
എല്ലാവരും ഓണം എന്നു പറഞ്ഞ് ആര്‍മാദിക്കുന്നു!
എനിക്ക് ഓണം കുറച്ചു പൂക്കളും പിന്നെ പതിവില്ലാത്ത കുറച്ചു കറികളും പിന്നെ കുറച്ച് ഇലകളും കൂടി കിട്ടിയാല്‍ കപ്ലീറ്റായി..

പിന്നെ ആളുകളെ കാണിക്കാനല്ലെ ഇപ്പോള്‍ എല്ലാം?!
അതിന്‌‌ താല്പര്യമുള്ളവര്‍ക്ക് ഒന്നല്ല ഒമ്പത് ഓണം ഉണ്ണാന്‍ സംവിധാനം ഉണ്ട് ഇപ്പോള്‍
(ഓരോ അസോസിയേഷന്‍സ് മല്‍സരിച്ചല്ലെ ഓണസദ്യയൊരുക്കലും മറ്റും! നമ്മളങ്ങ് ഉടുത്തൊരുങ്ങി ചെന്നാല്‍ മാത്രം മതിയാകും! തന്ന് വിടും!)
പിന്നെ എന്തിനു ഓണത്തെ ഭയപ്പെടുന്നു?
ഭയപ്പെടേണ്ടത് അടിമത്വത്തെയാണ്!
നമുക്ക് സമയവും സ്വാതന്ത്രമുണ്ടെങ്കില്‍ ഓണമെന്നല്ല എന്തും നമുക്ക് പുനരാവിഷ്ക്കരിക്കാം..
ഒന്നും ആരുടെയും കുത്തകയല്ല.

ഞാന്‍ ഓണത്തിന് ആക്ച്വലി ആരെയാണ്‌ സന്തോഷിപ്പിക്കുന്നത്?
എന്നെത്തന്നെ! (കാരണം എനിക്ക് എന്നെമാത്രമേ സന്തോഷിപ്പിക്കാനാവൂ.. ഒപ്പം, എന്നെക്കൊണ്ട് സന്തോഷിക്കണം എന്ന് ശരിക്കും ആഗ്രഹമുള്ളവര്‍ക്ക് ഞാന്‍ ആ സന്തോഷം പങ്കിടാം..) അത്രയൊക്കെയേ ഓണമേ എന്നെക്കൊണ്ട് ഈ അന്യനാട്ടില്‍ (ഒരു പക്ഷെ സ്വന്ത നാട്ടിലായാലും) പറ്റൂ..

തല്‍ക്കാലം മതിയാക്കാം അല്ലെ,

6 comments:

റ്റോംസ് കോനുമഠം said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!
ഓണവാരഫലം ഇവിടെ വായിക്കാം.

ആത്മ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...!!

വാരഫലം വായിച്ചു.. എന്റെ കാര്യത്തിലാണെങ്കില്‍ ബ്ലോഗിംഗ് കാരണമാണ്‌ ഭാര്യ പിണങ്ങിപ്പോകാത്തത്...:)

ബാക്കിയെല്ലാം ശരിയായി.
ഇനീം തുടരുക ഈ വാരഫലം..
നല്ല രസമുണ്ട് വായിക്കാന്‍..
ആശംസകള്‍!

അനില്‍കുമാര്‍. സി.പി. said...

“ചുരുക്കത്തില്‍..ഓണം എന്നാല്‍ ഇത്രയേ ഉള്ളൂ..!“ ഉം:)

ഓണാശംസകള്‍.

ആത്മ said...

ഓണാശംസകള്‍!

ശരിക്കും പറഞ്ഞാല്‍ ഓണം ഇത്രയേ ഉള്ളൂ!

പക്ഷെ, ഇതിലും അപ്പുറം ഉണ്ടെന്ന് വൈഖരിയിലെ കഥ വായിച്ചപ്പോള്‍ മനസ്സിലായി

കാത്തിരിക്കാന്‍ ആളുള്ളവര്‍ അറിയുന്നില്ല അതിന്റെ വില

എന്തുചെയ്യാന്‍ ലോകം ഇങ്ങിനെയായിപ്പോയി

ഞാന്‍ ചിലപ്പോഴൊക്കെ കരുതും ദൈവത്തിനു എല്ലാം തുല്യമായി മനുഷ്യര്‍ക്ക് വീതിച്ചുകൊടുത്തുകൂടെ എന്ന്

കുഞ്ഞൂസ് (Kunjuss) said...

ആത്മാ,
വൈകിപ്പോയെങ്കിലും നേരുന്നു ഞാനും ഓണാശംസകള്‍!

ആത്മ said...

ഓണാശംസകള്‍!

ഓണകഥ വായിച്ചായിരുന്നു.. വളരെ ഇഷ്ടമായി..

ഇനീം നല്ല നല്ല കഥകളൊക്കെ എഴുതൂ..


ഞാന്‍ എന്റെ മകളുടെ കൂട്ടുകാരിയുടെ വീട്ടില്‍ പോയിട്ട് വരാം.. :)

ഓണക്കലത്ത് വന്ന് ആത്മയോട് ആശംസകളൊക്കെ അറിയിച്ചതിനു പ്രത്യേക നന്ദി!