Wednesday, August 18, 2010

ബോധവല്‍ക്കരണം

രാവിലെ നല്ല മഴക്കോള്!
മഴകാണാന്‍ നിക്കണോ അതോ മൂടിപ്പുതച്ചുകിടന്ന് ഉറങ്ങണോ എന്ന് ഒരു നിമിഷം ശങ്കിച്ചിട്ട് മീര ഉള്ളിലേക്ക് വലിഞ്ഞു..
‘മഴ പിന്നേം കാണാം.. ഉറക്കം പോയാല്‍ പിന്നെ കിട്ടുകയുമില്ല. ഉറക്കത്തെ തഴുകാനാകാത്ത ദേഷ്യത്തില്‍ കണ്ണുകള്‍ മഴയെയും പുഴയെയും ഒന്നും ആസ്വദിക്കാനൊട്ട് അനുവദിക്കയുമില്ല!’
‘കണ്ണേ മടങ്ങുക..’ എന്നു പറഞ്ഞ് പണിപ്പെട്ട് വെളിയില്‍ പൊട്ടിവിടരുന്ന പ്രഭാതത്തില്‍ നിന്നും ദൃഷ്ടികള്‍ പറിച്ചെടുത്ത്, ഉള്ളില്‍, മുറിയില്‍ പോയി മൂടിപ്പുതച്ചു കിടന്നു..
‘ഉറക്കമേ വരൂ.. തഴുകി എന്റെ കണ്ണുകളെ അനുഗ്രഹിക്കൂ..
എന്നെ ഈ ഉറക്കശാപത്തില്‍ നിന്നും മുക്തയാക്കൂ..’
അങ്ങിനെ ഒടുവില്‍ പാത്തും പതുങ്ങിയും ഉറക്കം വന്നു.. മിഴികളെ മൂടി..
ഒരു 10 മിനിട്ട് കഴിഞ്ഞുകാണില്ല.. ണീം ണീം.. ഫോണ്‍!
‘ഈ കൊച്ചുവേളുപ്പാന്‍ കാലത്ത് ആര്‍ക്കാണ് മീരയോട് സംസാരിച്ചില്ലെങ്കില്‍ ഉറക്കം വരാത്തത്(?)’ എന്നും പിറുപിറുത്ത് ഫോണ്‍ എടുക്കുമ്പോള്‍, അങ്ങേ തലക്കല്‍ നിന്നും.
‘ങും! ഞാന്‍ 9 അരയ്ക്ക് വരും, മകനോട് റഡിയായി നില്‍ക്കാന്‍ പറയണം.. അവനെ ഡ്രൈവിംഗിനു കൊണ്ടുപോകാം..‘
കാര്യമൊക്കെ നല്ലതുതന്നെ! (ഇന്നലെ മുഴുവന്‍ ഇതായിരുന്നു പരിപാടിയും.. താനും കുറെയൊക്കെ എന്‍‌ജോയ് ചെയ്തതുമാണ്..) പക്ഷെ പറയാന്‍ കണ്ട നേരം! ഇത് തീര്‍ച്ചയായും കുശുമ്പുതന്നെ. വേറേ ഒന്നും ആയിരിക്കില്ല. അദ്ദേഹം പോയപ്പോള്‍ താന്‍ ഉറക്കക്കൊതിയുമായി റ്റാ റ്റാ പറയുന്ന രംഗം മനോമുകുരത്തില്‍ തികട്ടി വന്നപ്പോള്‍ ചെയ്ത പണിയായിരിക്കും..
പോരാത്തതിനു രണ്ടുദിവസം മുന്‍പ് , കഷ്ടകാലത്തിനു, പനിപിടിച്ച് ചുമച്ച് ഒരു പരുവമായപ്പോള്‍ ആകെയുള്ള ആശ്രയമായ ലാപ്ടൊപ്പ് തുറന്നുവച്ച് ആരെയോ തിരയുമ്പോലെ കണ്ണും മിഴിച്ചിരിക്കുന്നത് അബദ്ധവശാല്‍ മാന്യദേഹം കാണുകയും, അത് പിറ്റേന്ന് കൊച്ചു മകളോട് പൊടിപ്പും തൊങ്ങലും വച്ച്, ‘മകളേ, നിങ്ങളുടെ അമ്മ രാത്രി മുഴുവന്‍ ഉറക്കമിളച്ച് കമ്പ്യൂട്ടറിന്റെ മുന്നിലാണ്, ചുമ്മാതല്ല പകലൊക്കെ വലിയ ക്ഷീണം.. ചുമ്മാ നിങ്ങള്‍ പഠിക്കാന്‍ കൂട്ടിനിരിക്കയാണെന്നൊക്കെ കളവുപറഞ്ഞ് അവള്‍ക്ക് ഇതാണ് പണി..’ എന്നിങ്ങിനെ ഒന്നിനൊമ്പതായി പറഞ്ഞ് പിടിപ്പിക്കയും ചെയ്തു!

മകള്‍ സ്ക്കൂളില്‍ നിന്നും വന്ന് റസ്റ്റ് എടുക്കുമ്പോള്‍ എന്നെ അരികില്‍ വിളിച്ചു.
ഞാന്‍ അനുസരണയോടെ അടുത്ത് ചെന്നിരുന്നു.
‘അമ്മേ അമ്മയ്ക്ക് ഞാന്‍ ഉപദേശിക്കുന്നതാണോ (സ്കോള്‍ഡ്! സ്കോള്‍ഡ്!) അച്ഛന്‍ ഉപദേശിക്കുന്നതാണൊ ഇഷ്ടം?’
‘അത്.. സത്യം പറഞ്ഞാല്‍, എനിക്ക് ആരും എന്നെ സ്കോള്‍ഡ് ചെയ്യുന്നത് ഇഷ്ടമല്ല. ഞാന്‍ ഒരു ജോലിക്കാരിയല്ലല്ലൊ സ്കോള്‍ഡൊക്കെ ചെയ്യാന്‍. ഞാനും നിങ്ങളെപ്പോലെ ഒരു വ്യക്തിയല്ല്യോ! പിന്നെയിപ്പം സ്കോള്‍ഡ് ചെയ്യുന്നതെന്തിനാ?
എന്താ ഞാന്‍ ചെയ്ത മിസ്റ്റേക്ക് എന്ന് പറഞ്ഞാല്‍ തിരുത്താന്‍‍ പറ്റുന്നതാണെങ്കില്‍ തിരുത്താന്‍ ഞാന്‍ റെഡി..’

അച്ഛന്റെ ഭാവവും ഗാംഭീര്യവും ഒക്കെ കടംവാങ്ങി എന്നെ നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങിയ അവള്‍ ഒന്നു പകച്ച മട്ട്!

പിന്നെ പാവമല്ലെ, ഒന്ന് സ്കോള്‍ഡിക്കോട്ടെ എന്നു കരുതി ചോദിച്ചു,
‘ഉം? എന്താ ഞാന്‍ ചെയ്ത കുറ്റം?’
‘അമ്മ ഇന്നലെ രാത്രി 3 മണിക്ക് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തിരുന്നു അല്ലെ?!’
‘അതെ, എനിക്ക് പനിയായിരുന്നു.. ഉറക്കം വന്നില്ല.. ഒരാശ്വാസത്തിനായി കമ്പ്യൂട്ടര്‍ നോക്കി.
ഓരോ മനുഷ്യര്‍ക്ക് ഓരോ ആശ്വാസങ്ങളല്ലെ, ചിലര്‍ ഉറക്കം വന്നില്ലെങ്കില്‍ പാട്ട് കേള്‍ക്കും.. ചിലര്‍ ടി. വി. വയ്ക്കും.. (ചിലര്‍ മഴ നനയും..) അങ്ങിനെ..’
(ഭര്‍ത്താവിനോട് പലപ്രാവശ്യം പറഞ്ഞതാണ് ഈ കമ്പ്യൂട്ടറിനകത്തൂടെ ആരും ഇറങ്ങി വെളിയില്‍ വരില്ല, ചാറ്റ് ചെയ്യുന്ന പ്രായം ഒക്കെ കഴിഞ്ഞു.. പിന്നെ അല്ലറ ചില്ലറ എഴുത്തും വായനയും ഒക്കെയേ ഉള്ളൂ.. നിങ്ങളുടെ ഭാര്യ 20 വര്‍ഷം മുന്‍പ് കണ്ടപോലെ ചാരിത്ര്യവതിയായി ഇരിക്കുന്നതു തന്നെ ഈ കമ്പ്യൂട്ടറുകാരണമാണ്.. ആരുടേം മുഖത്തു നോക്കീട്ടും ഇല്ലാ ആരും സ്പര്‍ശ്ശിച്ചിട്ടും ഇല്ല.. ഇതീ കൂടുതല്‍ എന്തുവേണം..ഹും!)
‘അമ്മേ ഞാന്‍ ശരിക്കും ചോദിക്കുകയാണ്?’ മകള്‍ വീണ്ടും..
‘എങ്കില്‍ അമ്മയും ചോദിച്ചോട്ടെ, അച്ഛനു അമ്മയെ കണ്ടപ്പോള്‍, പനി കുറവുണ്ടോടീ? കുടിക്കാന്‍ വല്ലതും വേണോ? എന്നൊക്കെ ചോദിക്കാമായിരുന്നില്ലെ?!, അതിനുപകരം പാവം ഒരു ലാപ്ടോപ്പിനെ കുറ്റം പറയുന്നത് ശരിയാണോ?’
വാദിയെ പ്രതിയാക്കുന്ന മട്ടുകണ്ട് അവള്‍ പിണങ്ങി.
‘അമ്മ ഇനി രാത്രി എനിക്ക് കൂട്ടിനിരിക്കണ്ട.’
‘ശരി.. ഇരിക്കുന്നില്ല. അപ്പോള്‍ പിന്നെ രാത്രി 2 മനിക്കൊക്കെ അമ്മേ ഒരു ടൌവ്വലും അല്പം കോഫിയും ഒക്കെയായി വരൂ.. എന്നൊന്നും പറഞ്ഞ് വിളിച്ചു കൂവരുത്. ഉറക്കം വരും വരെ കാലു തിരുമിക്കരുത്..’
മടിച്ചു മടിച്ച് അവള്‍.. ‘ങും!’
‘രാവിലെ 5 അരയ്ക്ക് എണീക്കാനുള്ളപ്പോള്‍ ഞാന്‍ 4 അരക്കേ എണീറ്റ് മൈലോ തന്ന് ഇടവിട്ട് വിളിച്ചുകൊണ്ടിരിക്കണം എന്നും പറയരുത്..’
അവള്‍ക്ക് അല്പം ചിരിയും പിന്നെ സത്യവും തോന്നുന്നു..
പിന്നീട് ഞാന്‍ ടോണ്‍ മാറ്റി കുറച്ചുകൂടി സ്നേഹത്തില്‍: ‘മോളുടെ അടുത്ത വര്‍ഷവും കൂടി കഴിയുമ്പോള്‍ അമ്മ എന്നും നേരത്തെ കിടക്കും..രാവിലെ എണീക്കും.. പ്രഭാതം കാണും.. ഇനി ഒരു വര്‍ഷം കൂടിയല്ലെ ഉള്ളൂ.. അതുവരെ അമ്മ ഇങ്ങിനെയൊക്കെ അങ്ങ് പോകും.. ആര്‍ക്കും നഷ്ടമില്ലല്ലൊ.
കമ്പ്യൂട്ടറില്‍ പകലുചെയ്യാവുന്ന കാര്യങ്ങള്‍ക്കായി ആരെങ്കിലും രാത്രി രണ്ടും മൂന്നും മണിവരെ ഉറക്കമിളക്കുമോ?! അച്ഛന്‍ വെറുതെ എസ്ക്യൂസുകള്‍ കാണുകയാണ്.. ആ പറ്റില്‍ അമ്മയെ കുറ്റബോധവത്കരിച്ച് നന്നാക്കാന്‍..’

അവള്‍ ഏതിനും തല്‍ക്കാലം ബോധവല്‍ക്കരണം മതിയാക്കിയെന്നു തോന്നുന്നു. കൂടുതല്‍ ബോധവല്‍ക്കരിച്ചാല്‍ തനിക്കു തന്നെ വന്‍നഷ്ടം എന്നു മനസ്സിലാക്കിയതുകൊണ്ടുകൂടിയാണെന്നു തോന്നുന്നു..!

അങ്ങിനെ..(കഥേടെ ബാക്കി..), പോയ ഉറക്കത്തെയും പഴിച്ചുകൊണ്ട് മീര ഗത്യന്തരമില്ലാതെ ആകെ ആശ്രയമായ ലാപ്ടോപ്പിനെ തന്നെ അഭയം പ്രാപിച്ചു..
‘ങ്ഹാ! നിന്നെ ഒന്നു നോക്കിയെന്നു കരുതിയാണോ ലോകം മുഴുവനും പിടിച്ചടക്കാന്‍ നടക്കുന്നോര്‍ക്ക്
ദേഷ്യം?! എന്നാല്‍ പിന്നെ നിന്നെ ഒന്നു നന്നായി നോക്കീട്ട് തന്നെ കാര്യം!! ’
അങ്ങിനെ ചെന്നു പെട്ടത് സാക്ഷാല്‍ ഐസിബിയുടെ ബ് ളോഗില്‍!
പിന്നെ സംഭവിച്ചതൊന്നും പറയാതിരിക്കയാണു ഭേദം!
ഐസീബി ഉറക്കം പമ്പ കടത്തുക മാത്രമല്ല വെറും വയറ്റില്‍ ചിരിച്ച് ചിരിച്ച് കുടലുമാല ഇളകി കണ്ണുകള്‍ നിറഞ്ഞു തുളുമ്പി അങ്ങിനെ ചിരിച്ചു ചിരിച്ച് നടക്കുന്നു..!!
എന്തിനധികം! മാത്രൃഭൂമി പത്രം നോക്കിയപ്പോള്‍ സിനിമാ നടന്‍ സുബൈര്‍ മരിച്ചു എന്നു കണ്ടപ്പോള്‍ തോന്നിയത്.. ‘അയ്യോ നിങ്ങള്‍ രണ്ടൂസം കൂടി ജീവിച്ചിരുന്നെങ്കില്‍ ഐസീബീന്റെ പോസ്റ്റ് വായിച്ച് ചിരിച്ചേച്ചു മരിക്കാരുന്നല്ലൊ, കഷ്ടായിപ്പോയീ, നഷ്ടായിപ്പോയീ.. നിങ്ങളുടെ ജന്മം’ എന്നു പറയാനാണ്!

ഇനിയിപ്പോ ഉറക്കം കെടുത്തിയ ത്രില്ലില്‍ എത്തുന്ന ഭര്‍ത്താവിന്റെ മുന്നിലും അറിയാതെ ചിരിച്ചുപോകുമോ എന്നൊരു ഭീതിയുണ്ടാര്‍ന്നു... പക്ഷെ, അദ്ദേഹം പറഞ്ഞപോലെ 9 അരക്കും വന്നില്ല 10 അരയ്ക്കും വന്നില്ല.. അതുകൊണ്ട് തല്‍ക്കാലം മീര രക്ഷപ്പെട്ടു.

[ഏതിനും ഞമ്മന്റെ അസ്‌ബന്റും, ഐസീബിയും കൂടി ഇന്നത്തെ ഉറക്കമെല്ലാം കമ്പ് ളീറ്റ് ഇല്ലാതാക്കി തന്നു! എങ്കിപ്പിന്നെ അതൊരു പോസ്റ്റ് ആക്കാം എന്നു കരുതി.. ഇന്ന് നെറയെ ജോലീം ഒള്ളതാണ് എന്റെ പടച്ചോനേ!

എവിടെനിന്നോ തുടങ്ങി.. എവിടെയോ അവസാനിച്ച ഒരു പോസ്റ്റ്.. സമയമുള്ളവര്‍ വായിക്കൂ..]

8 comments:

sm sadique said...

സമയമുണ്ടായിരുന്നു , വായിച്ചു.

കൂടുതല്‍ ബോധവല്‍ക്കരിച്ചാല്‍ തനിക്കു തന്നെ വന്‍നഷ്ടം

ആത്മ said...

:)

കുഞ്ഞൂസ് (Kunjuss) said...

ആത്മാ,
പനിച്ചു കിടന്ന കുട്ടിയല്ലേ,പനി മാറിയോ എന്നൊക്കെ നോക്കാന്‍ വന്നതാ, പോരാത്തതിനു കഴിഞ്ഞ ദിവസം എനിക്ക് കുശുമ്പും തോന്നിയതല്ലേ... പിന്നെയാ അച്ഛന്‍ എപ്പോഴും പറയാറുള്ളത് ഓര്‍ത്തത്‌,"മറ്റുള്ളവരോട് അസൂയ തോന്നിയാല്‍ നമ്മുടെ മനസ്സിലുള്ള നന്മ ഇല്ലാതാവും" എന്നത്. അതിനാല്‍ ഇത്തിരി നേരത്തേക്കാണെങ്കിലും കുശുമ്പ് തോന്നിയതിനു മാപ്പ്!
ഐസീബിയുടെ പോസ്റ്റ്‌ ഞാനും ആസ്വദിക്കാറുണ്ട്. ഇവിടെ വന്നു ആത്മയുടെ പോസ്റ്റ്‌ കണ്ടപ്പോള്‍ ഒരു സമാധാനം....

ആത്മ said...

കുഞ്ഞൂസ്,

ഈ അസൂയ എന്നു പറയുന്നത് സ്നേഹത്തിന്റെ ഒരു വകഭേദം മാത്രമാണെന്നാണ് എന്റെ കണ്ടുപിടിത്തം..
കാരണം.. നമുക്ക് കൂടുതല്‍ സാമ്യം അല്ലെങ്കില്‍ സ്വന്തം എന്നൊക്കെ തോന്നുന്നവരോടായിരിക്കില്ലേ കൂടുതല്‍ അസൂയയും..
സഹോദരീ സഹോദരന്മാര്‍ തമ്മില്‍..
ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍(ഒരാള്‍ക്കില്ലാത്ത ഒരു ബന്ധം മറ്റൊരാള്‍ക്ക് കിട്ടുമ്പോള്‍)

എനിക്കും ഞാന്‍ സ്നേഹിക്കുന്നവരോട് ഭയങ്കര അസൂയയാണു കുഞ്ഞൂസേ
ഒരു കണക്കിനു ഈ ബ്ലോഗ് ഇങ്ങിനെ എഴുതിക്കൊണ്ടേ ഇരിക്കുന്നതു തന്നെ പലരോടും ഉള്ള അസൂയ (മോഹഭംഗം) മറക്കാന്‍ വേണ്ടികൂടിയാണു..

കുഞ്ഞൂസിനോടും ചെറുതായി അസൂയയൊക്കെ ഇടക്ക് തോന്നിയാരുന്നു.. പിന്നെ ഓവര്‍കം ചെയ്തതാണു ട്ടൊ..:)

വല്യമ്മായി said...

പനി മാറിയോ,ഇവിടേയും നാട്ടില്‍ നിന്ന് കൊണ്ട് വന്നതിന്റെ ബാക്കി പനിയും ജലദോഷവും ആണ് എല്ലാവര്‍ക്കും :)

ഓണാശംസകള്‍

Rare Rose said...

ആത്മേച്ചീ.,പനിയൊക്കെ മാറി ഉഷാറായി തുടങ്ങിയല്ലോ.ഐസീബിയുടെ പോസ്റ്റ് ആത്മേച്ചിക്ക് നല്ലൊരു ചിരി മരുന്നായീന്നു തോന്നണു.പിന്നെ അവസാനായപ്പോള്‍ ആത്മേച്ചീം ഒരു ചിന്ന ഐസീബി ഭാഷക്കാരിയായീ ട്ടാ.:)

ആത്മേച്ചി പറഞ്ഞത് കണ്ട് ചട്ടിക്കരിയിലെ പുതിയ പോസ്റ്റ് പോയി ഇപ്പോള്‍ വായിച്ചേയുള്ളൂ..അവിടുത്തെ ചിരി മേളം കണ്ട് മീരയെ പോലെ എന്റെ ഇന്നത്തെ ദിവസം ആകെ ഖുശിയായി.:)

ആത്മ said...

വലിയമ്മായി,
എത്രയും വേഗം എല്ലാര്‍ക്കും ആരോഗ്യം തിരിച്ചുകിട്ടട്ടെ എന്നു പ്രാര്‍ത്ഥിക്കാം..

ഇവിടെ ആകെ ഒരു കുഴഞ്ഞുമറിഞ്ഞപോലെ എല്ലാം കിടക്കുന്നു അമ്മായീ.. വീട്ടുജോലി തീര്‍ത്തിട്ട് മനസ്സില്‍ വെട്ടം വരുമ്പം അമ്മായിക്ക് നല്ലാം വണ്ണം കമന്റൊക്കെ എഴുതാം എന്നും കരുതി നീട്ടി വച്ച് വച്ച്, മനസ്സും ക്ലിയറ് ആകുന്നില്ല അടുക്കളേം ക്ലിയര്‍ ആകുന്നില്ല..
പിന്നെ ഗത്യന്തരമില്ലാതെ ഇങ്ങു പോന്നു..:)

എങ്കിപ്പിന്നെ പിന്നെ കാണാം ല്ലെ,

ആത്മ said...

Rare Rose,:)

ഐസീബിയുടെ ബ്ലോഗ് വായിച്ചേച്ച് വന്നാ പിന്നെ അതുമാതിരി സംസാരിക്കനായിക്കൊണ്ട് തോന്നും..
മനുസേമ്മാരുടെ ഒരു സ്വഭാവം അല്ല്യോ അത്..:)