Wednesday, August 4, 2010

അടിമ

നന്ദിനിക്ക് നാളെ ഒരുപാട് ജോലികളുണ്ട്.. തന്റെ സാരിയും മറ്റും മറ്റൊരു റൂമിലേക്ക് മാറ്റണം.. കഴിയുമെങ്കില്‍ താഴെ മെയിഡ്സ് റൂമിലാക്കിയാല്‍ കൂടുതല്‍ സുരക്ഷിതത്വം. പിന്നെ ആരും ശല്യം ചെയ്യില്ല. റൂമിനു മെയിഡ്സ് റൂം എന്നാണ് പേരെങ്കിലും തനിക്കായി ഒരു മെയിഡിനെയെടുക്കാനൊന്നുമുള്ള വിശാലമനസ്കതയോ തന്റേടമോ ഒന്നും ഭര്‍ത്താവിനില്ല.
മെയിഡില്ലാതെ അമ്മ അഞ്ചുമക്കളെ വലുതാക്കിയ ചിരിത്രമോ മറ്റോ ആയിരിക്കും ഉള്ളില്‍. അമ്മയെ സമാധാനിപ്പിക്കാന്‍ തന്നെ ക്രൂശിക്കുന്നു..
മെയിഡിനെ നിര്‍ത്താന്‍ അനുവാദം ചോദിച്ചാല്‍, ‘ഓ! നിനക്ക് മെയിഡിനെ നോക്കാനൊന്നും അറിയത്തില്ല!’
‘നിങ്ങളുടെ സഹോദരി ഈ വര്‍ഷം മൂന്നു മെയിഡിനെ മാറ്റിയിട്ടല്ലേ ഇപ്പോള്‍ ഒരുത്തി സ്ഥിരമായിട്ട് നില്‍ക്കുന്നത്.. അതുപോലെ പരീക്ഷിക്കണം..’
അദ്ദേഹം കേള്‍ക്കാത്തപോലെ നടന്നകന്നു..
ഇല്ല തനിക്ക് ഒന്നും നോക്കാനറിയില്ലാ..
ലൈസന്‍സെടുത്താലും വണ്ടിയോടിക്കാനറിയില്ല, ( താന്‍ വണ്ടിയൊക്കെ ഓടിച്ചാല്‍ ഗേള്‍ ഫ്രണ്ടിനു ഫീല്‍ ചെയ്യും!)
ഡിഗ്രീ എടുത്താലും ക് ളറിക്കല്‍ ജോലി ചെയ്യാന്‍ കഴിവില്ലാ, (ജോലിക്ക് പോയാല്‍ സഹോദരിക്ക് ഫീല്‍ ചെയ്യൂം!)
അമ്മയെ നാട്ടില്‍ നിന്നു കൊണ്ടുവന്നാല്‍ അഡ്ജസ്റ്റ് ചെയ്യാനറിയില്ലാ, (തന്റെ അടിമക്ക് ഒരു സുരക്ഷിതത്വമോ?! ഹും!)

നന്ദിനിയുടെ നിര്‍ദ്ദോഷമായ ഓരോ ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തുന്നത് ആശപൂര്‍ണ്ണാദേവിയുടെ കഥാപാത്രമായ സുവര്‍ണ്ണലതയുടെ പടിഞ്ഞാറുവശത്തെ വരാന്തയ്ക്കായുള്ള ആഗ്രഹം നിര്‍ദ്ദാക്ഷിണ്യം തകര്‍ത്തെറിയപ്പെടുന്നപോലെയാണ്.. സുവര്‍ണ്ണലതക്ക് തന്റെ നല്ല പ്രായത്തില്‍ പടിഞ്ഞാറുവശത്തെ വരാന്ത കിട്ടിയില്ലെങ്കിലും പ്രായമേറെയായപ്പോള്‍ കിട്ടി. അവിടെയിരുന്ന് അവള്‍ എഴുതിയ കഥകളൊക്കെ ഒടുവില്‍ സ്വയം തീയിലിട്ട് എരിക്കേണ്ടിവന്നു.. പടിഞ്ഞാറുവശത്തെ വരാന്തയില്‍ തന്റെ അന്ത്യ ദിവസങ്ങളില്‍ ആര്‍ക്കും ശല്യമാകാതെ കിടന്നു മരിച്ചു..
ഭാര്യയുടെ ഉത്സാഹം ശുഭപ്രതീക്ഷ ഒക്കെ കാണുമ്പോള്‍ അത് തന്റെ കഴിവുകേടായി കരുതി തളര്‍ന്നുപോകുന്ന ഭര്‍ത്താവ്.. ഭാര്യയുടെ അമിത സന്തോഷം അത് അവളുടെ മേല്‍ക്കോയ്മയായി കരുതുന്ന ഭര്‍ത്തൃവീട്ടുകാര്‍.. അവളുടെ വിളറിയ മുഖം.. കരിഞ്ഞ സ്വപ്നങ്ങള്‍..ഒക്കെ തങ്ങളുടെ വിജയമായും അവര്‍ കരുതുന്നു... അല്ലെങ്കില്‍ പെണ്‍കോന്തന്മാരാണത്രെ ഭാര്യമാരുടെ വാക്കുകേട്ട് നടക്കുന്നത്!
ഭാര്യമാരുടെ സന്തോഷം കാണുമ്പോള്‍ ബലഹീനരാകുന്നവരാണോ പെണ്‍കോന്തന്മാര്‍ അതോ അന്തസ്സായി തന്റെ ഇണയെ സന്തോഷിപ്പിച്ചു ജീവിപ്പിക്കുന്നവരാണോ നട്ടെല്ലുള്ളവര്‍ എന്ന് നന്ദിനിക്ക് പലപ്പോഴും ഒരു ആശയക്കുഴപ്പം നേരിടും..
സാരമില്ല. താന്‍ ആണായല്ലല്ലൊ ഈ ജന്മം ജനിച്ചത്. പെണ്ണായല്ലെ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ തന്റേടത്തോടെ ഇഷ്ടപ്പെടുന്ന പെണ്ണിനെ വരിക്കുന്ന ഒരു ആണായി ജനിക്കണം..

എങ്കിലും തനിക്ക് ഒരു ഫാമിലി വേണമല്ലൊ, സഹിക്കാം.. മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ ശ്രമിക്കാം.. പക്ഷെ,
ഒരു നല്ല ഷോ വന്നാല്‍ ഭാര്യയെ ഒപ്പം ഇരുത്താനാവില്ലാ.. (ഒരുപാട് പേര്‍ക്ക് ഫീല്‍ ചെയ്യും!)
മുന്നില്‍ സീറ്റ് കിട്ടിയാലും ചോദിക്കും “ഞാനായിരുന്നെങ്കില്‍ അവിടെ ഇരിക്കില്ലായിരുന്നു പിറകില്‍ ഇരുന്നേനെ”
ഭാരവാഹികളുടെ ഭാര്യമാര്‍ ഇവ്വിധം ഭാരവാഹികള്‍ക്ക് പെരുമ ഉണ്ടാക്കാനായി പുറകിലേക്ക് വലിയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്..
ഓ! എവിടെയെങ്കിലും ഇരുന്നാല്‍ മതി. ഒരുകണക്കിന് പുറകില്‍ ഇരിക്കുന്നതാണ് സുഖം. കുറച്ചുകൂടി പ്രൈവസി കിട്ടും.
ഒക്കെ സഹിക്കാം എല്ലാം വേണ്ടെന്നു വച്ച് നല്ല ശ്രീബുദ്ധനെപ്പോലെ ശാന്തമായ മനസ്സും മുഖവുമായി വെളിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ചിലരുണ്ട്, കാണുമ്പോള്‍ ഓടി വരും “അയ്യോ നന്ദിനീ.. നിന്നെ കാണാനേ ഇല്ലല്ലൊ! ഞാന്‍ അനിയത്തിയെ കാണുമ്പോഴൊക്കെ പറയും നന്ദിനിയെക്കൂടി വിളിക്കണേ എല്ലാറ്റിനും എന്നൊക്കെ..” (തനിക്കുപോലും തന്നോട് തോന്നാത്ത സഹതാപം!)
‘ഓ! എനിക്ക് സമയം കിട്ടില്ല ആന്റി, എല്ലാം ഒതുക്കിയിറങ്ങാന്‍ പ്രയാസം!’
‘എങ്കിലും പിന്നീടൊരുകാലത്ത റിഗ്രറ്റ് തോന്നും’
(ഓ! പിന്നേ! ആര്‍ക്കാണ് റിഗ്രറ്റ് തോന്നാത്തത്?! ലോകം മുഴുവന്‍ അടക്കിവാഴണം എന്നു കരുതി പരക്കം പായുന്നവര്‍ക്ക് സമാധാനമായി ഓള്‍ഡ് ഏജിനെ അഭിമുഖീകരിക്കാനാവുമോ? - ചോദിക്കണമെന്നു കരുതിയത് നിയന്ത്രിച്ചു നിര്‍ത്തി)
‘കൊതി തീരുംവരെ ഇവിടെ ജീവിച്ച മരിച്ചവരുണ്ടോ..’ എന്നല്ലെ കവി പോലും പാടിയത്!
എനിക്കിപ്പോള്‍ ഇത്രയൊക്കെ മതി.. അവരെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ക്കായി പരതി..

നാളെ നന്ദിനിക്ക് ഒരുപാട് മാറ്റങ്ങള്‍ ചെയ്യേണ്ടതുണ്ട്. . അവളുടെ സാധനങ്ങളെല്ലാം ഒരു മുറിയില്‍ ഭദ്രമായി വയ്ക്കണം. എല്ലാം അടുക്കും ചിട്ടയുമില്ലാതെ പലയിടത്തായി കിടക്കുകയാണ്. ഓരോ നിരാശകളും തരണം ചെയ്ത് കഴിയുമ്പോള്‍ ഫിനിക്സ് പക്ഷിയെപ്പോലെ ആഗ്രഹങ്ങളൊക്കെ ചിതയിലെറിഞ്ഞ് ഒരു പുതിയ നന്ദിനി ഉയിര്‍ത്തെണീക്കുന്നു.. കൂടുതല്‍ ശുദ്ധയും ധൈര്യവതിയുമായ നന്ദിനി..

യൌവ്വനത്തോട് വിടപറയാനും വാര്‍ദ്ധക്ക്യത്തെ പതിയെ പതിയെ സ്വാഗതം ചെയ്യാനും താന്‍ തയ്യാറെടുക്കേണ്ടിയിരിക്കുന്നു.. തനിക്ക് ജീവിതം ഒന്നും തന്നെ തന്നില്ല.. തന്നതൊക്കെയും മറ്റുള്ളവര്‍ തട്ടിപ്പറിക്കുകയോ, തന്റെ തന്നെ രക്ഷകന്‍ അവര്‍ക്കായി മാറ്റിവയ്ക്കുകയോ ചെയ്തു. തന്നോടുള്ള വാശിയാണൊ മുന്നിട്ടു നില്‍ക്കുന്നത് അതോ മറ്റുള്ളവരോടുള്ള സ്നേഹമോ?! ഇനിയും ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു മനുഷ്യന്‍! ഒരിക്കല്‍ തോന്നും ലോകത്തില്‍ എല്ലാവരെയും സഹായിക്കാനുള്ള മനസ്സുള്ള മനുഷ്യനാണെന്ന്. മറ്റുചിലപ്പോള്‍ തോന്നും സകലരേയും ചൊല്‍പ്പടിക്കു നിര്‍ത്തി വിജയോന്മാദം കൊള്ളുന്ന എന്തോ ഒരു വികൃത സ്വഭാവത്തിനുടമയാനെന്ന്.. മറ്റുള്ളവരുടെ മോഹങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കാതെ തല്ലിത്തകര്‍ത്ത് രസിക്കുന്ന നിഷേധിയായ ഒരു വികൃതിപയ്യനായി തോന്നും.. തനിക്ക് കിട്ടാത്തതൊന്നും മറ്റാരും അനുഭവിക്കണ്ട എന്നു മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു സാഡിസ്റ്റ് സ്വഭാവം! തന്റെ ജീവിതം മുഴുവനും ഈ വികൃത സ്വഭാവത്തിനായി ഹോമിക്കേണ്ടിവന്നുവല്ലൊ എന്ന നിരാശയായിരുന്നു..

നന്ദിനി ഒരിക്കല്‍ക്കൂടി കരകയറി.. അവള്‍ തന്റെ ആത്മാവിനെ സ്വതന്ത്രമാക്കി. മോഹങ്ങള്‍ മനസ്സില്‍ കൊണ്ടുനടന്നാലല്ലെ മോഹഭംഗം ഉണ്ടാകൂ.. അവള്‍ തന്റെ മോഹത്തെ പിഴുതെറിഞ്ഞു. . ഇനി ആര്‍ക്കും തന്നെ ഒരു ചുക്കും ചെയ്യാനാവില്ല!! തന്റെ തളര്‍ച്ചയാണ് അവരുടെ വിജയം.. ഇല്ല തളരില്ല.. മോഹങ്ങളും സ്വപ്നങ്ങളും ആണ് എപ്പോഴും തന്നെ തളര്‍ത്തുന്നത്!

നാളെ തന്റെ സാധനങ്ങളൊക്കെ പുതിയ രീതിയില്‍ അടുക്കിപ്പറുക്കി പുതിയ ഒരു നന്ദിനിയാകണം...
ബുക്കുകള്‍ എല്ലാം ഒരിടത്ത് ഭദ്യമായി അടുക്കി വയ്ക്കണം..(പൂട്ടി വയ്ക്കണം അല്ലെങ്കില്‍ തരം കിട്ടുമ്പോള്‍ വീണ്ടും താറുമാറാക്കി ക്കളയും വികൃതി പയ്യന്‍). നാളെ പുലരട്ടെ.. പുതിയ ഞാന്‍.. തളര്‍ന്നിട്ടില്ല എന്നു കാട്ടണം.. തളരില്ല എന്നു കാട്ടണം.. പറ്റുമെങ്കില്‍ ഒരു കൂട്ടുകാരിയെ വിളിച്ച് ഒത്ത് ഒരു ഷോപ്പിംഗിനും പോണം.. നന്ദിനിയുടെ കണ്ണില്‍ ഉറക്കം വന്നു തുടങ്ങി. .
തന്നെ ആരോ സ്നേഹിക്കുന്നുണ്ടെന്ന് ഭാവനയില്‍ കാണുന്നുണ്ടല്ലൊ.. സ്നേഹമായിരിക്കുമോ?!
സങ്കല്പങ്ങളിലുള്ള പ്രണയങ്ങള്‍! ഒരു പുരുഷനു സ്ത്രീയെ അക്സപ്റ്റ് ചെയ്യാനാകുമോ? അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്താണെന്ന് കണ്ടുപിടിക്കാനാകുമോ?
തന്റെ സ്വഭാവം ഇഷ്ടപ്പെടുന്ന ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ട്.. തന്നെ താനായി കാണുന്ന.. ഒരാള്‍..വെറുതെ നന്ദിനി ഭാവന ചെയ്യും.. വെറുതെ.. അങ്ങിനെയൊന്നുണ്ടോ?! കാണുമായിരിക്കും..
അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.. ഒരു നല്ല നാളെയ്ക്കു വേണ്ടി നന്ദിനി ഉറങ്ങിക്കോട്ടെ..

നാളെ..അവള്‍ക്ക് ചെയ്യാന്‍ ഒരുപാടു കാര്യങ്ങളുണ്ട്.. ബുക്കുകള്‍ പുതിയ വിധത്തില്‍ അടുക്കണം.. തുണികള്‍ വേര്‍തിരിക്കണം.. പറ്റുമെങ്കില്‍ ഷോപ്പിംഗിനു പോകണം.. ഇന്ന് അവള്‍ ഉറങ്ങിക്കോട്ടെ..

4 comments:

സു | Su said...

നന്ദിനിയ്ക്ക് എന്തൊക്കെ പ്രശ്നങ്ങൾ! അങ്ങനെയൊന്നും ചിന്തിക്കാതെ ഒക്കെ നല്ലതെന്നു ചിന്തിച്ചാൽ മതിയാവും. മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ വിട്ടുകളഞ്ഞാല്‍പ്പിന്നെ ബാക്കിയൊന്നുമില്ലാത്ത അവസ്ഥയാവില്ലേ? അതുകൊണ്ട് നന്ദിനി മോഹിക്കട്ടെ, സ്വപ്നം കാണട്ടെ.

ആത്മേച്ചീ, മഹാഭാരതം വായിക്കുന്നുണ്ട്. അതിലെ നന്ദിനിപ്പശു നല്ല മിടുക്കിയായിരുന്നു.

അഷ്ടാദശപുരാണത്താൽ
വ്യാസൻ ചൊന്നതു രണ്ടുതാൻ
പരോപകാരമേ പുണ്യം
പാപമേ പരപീഡനം.

(വായിച്ചത് ആത്മേച്ചിയ്ക്കും വായിക്കാൻ എഴുതിയിടാമെന്നുവെച്ചു.)

:)

ആത്മ said...

മോഹിക്കാനും സ്വപ്നം കാണാനും ഒക്കെ പ്രായം ഒരു പരിധിയല്ലല്ലൊ അല്ലെ,
:)

നന്ദി!

മഹാഭാരതം എഴുതാന്‍ നോക്കുന്നുണ്ട്
അതില്‍ ഒരുപാട് ഉപകഥകള്‍! എല്ലാം വേര്‍തിരിച്ച് ചുരുക്കി എഴുതാന്‍ തക്ക സ്വസ്ഥത കിട്ടുന്നില്ല..

മാണിക്യം said...

"തന്റെ സ്വഭാവം ഇഷ്ടപ്പെടുന്ന ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ട്.. തന്നെ താനായി കാണുന്ന.. ഒരാള്‍..വെറുതെ നന്ദിനി ഭാവന ചെയ്യും.. വെറുതെ.. അങ്ങിനെയൊന്നുണ്ടോ?! കാണുമായിരിക്കും...."
ആത്മേ പറയാതിരിക്കാന്‍ വയ്യ,
മനോഹരമായി എഴുതിയ ഒരു കഥ...
വളരെ ഇഷ്ടമായി!

ആത്മ said...

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ട്..
വളരെ വളരെ നന്ദി! :)