Sunday, July 25, 2010

വീണ്ടും മഴയെപ്പറ്റി...

ആദ്യം ജീവിക്കാനായി ബ്ലോഗെഴുതി.. ഇപ്പോള്‍ ബ്ലോഗെഴുതാനായി ജീവിക്കുന്നപോലെ!

അപ്പോള്‍ പറയാന്‍ വന്നതെന്തെന്നു വച്ചാല്‍, ആത്മീയവും ലൌകീകവും തമ്മില്‍ ബാലന്‍സ്‌ചെയ്യാനായി ഇന്നലെ മഴയെപ്പറ്റി മനസ്സില്‍ തോന്നിയ ചില വരികള്‍ കുറിച്ചോട്ടെ,
മഴയെപ്പറ്റി ഇതുനുമുന്‍പും ഒരു പോസ്റ്റ് എഴുതിയായിരുന്നു.

മഴയെപ്പറ്റിയും പുഴയെപ്പറ്റിയും ഒക്കെ എത്ര എഴുതിയാലും ആര്‍ക്കും മതിവരില്ലല്ലൊ,
ഏഷ്യാനെറ്റില്‍ മഴയെപ്പറ്റി മാത്രം ഒരു പ്രത്യേക പരിപാടി തന്നെയുണ്ട്!
മഴയെ മനുഷ്യര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.. പണ്ടും അറിഞ്ഞിട്ടുണ്ട്..പക്ഷെ അത് ജീവിതത്തിന്റെ ഒരു ഭാഗം എന്നപോലെ മഴ മനുഷ്യനില്‍ അലിഞ്ഞുചേര്‍ന്നിരുന്നു..

വയലില്‍ ഞാറു നടുമ്പോള്‍, പുരയിടത്തില്‍ കൃഷി വിഭവങ്ങള്‍ ശേഖരിക്കുമ്പോള്‍, സ്ക്കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് നടന്ന് വരുമ്പോള്‍.. അങ്ങിനെ നാമറിയാതെ മഴയും കൂടെയുണ്ടായിരുന്നു..
മഴയില്‍ നന്നായി നനഞ്ഞ് പിന്നെ ഒന്നു കുളിച്ചുകയറിയാല്‍ നല്ല ഫ്രഷ് ആകും.. ആകെ ഒരു
ഉന്മേഷം!

പക്ഷെ, ചെറുതിലേ എനിക്ക് മഴ നനയാന്‍ അനുവാദമില്ലായിരുന്നു. ‘മഴ നനഞ്ഞാല്‍ പനി പിടിക്കും..’ ‘മഴയത്തു കളിക്കുന്നോ അസത്തുക്കള്‍ അകത്ത് കയറിന്‍, നോക്കിക്കോ മഴനനഞ്ഞ് വല്ല കൊള്ള(അസുഖം) യും വരുത്തിവച്ച് വാ.. നല്ലതു കിട്ടും!’എന്നിങ്ങനെ ഭീക്ഷണികള് !‍അങ്ങിനെ മഴയെപ്പറ്റി പല പ്രകാരത്തില്‍ ഇല്ലാക്കഥകളും പൊല്ലാക്കഥകളും പറഞ്ഞ് ഒരു അഞ്ജാത ഭീതി വളര്‍ത്തി ആവശ്യത്തിനു മഴയൊക്കെ കൊണ്ടു വളര്‍ന്ന മുതിര്‍ന്നവര്‍ തന്നെ‍ മഴയില്‍ നിന്നും എന്നെ അടര്‍ത്തുമാറ്റിയിരുന്നു.
നല്ല പെരുമഴയത്തിറങ്ങി നിന്ന് നാച്യുറല്‍ ഷവറില്‍ ഒന്നും കുളിക്കാന്‍ ചെറുതിലേ വലിയ മോഹമായിരുന്നു..കൊതിതീരെ മഴനനയാനും.. പക്ഷെ, നടന്നില്ല.
ഇപ്പോള്‍ മഴ മഴ പനി പനി എന്ന് കേട്ട് കേട്ട് ശീലിച്ച് മഴ അല്പം തട്ടിയാല്‍ പിന്നെ പനിവരും!
അതുകൊണ്ട് മഴയെ അല്പം കുശുമ്പോടെ നോക്കും.. ധാരാളം മഴനനഞ്ഞ് ആര്‍മാദിച്ച് വളര്‍ന്നവരെക്കുറിച്ചോര്‍ത്ത് അസൂയപ്പെടും..
നാട്ടില്‍ പാടത്തും മറ്റും ജോലിചെയ്യുന്നവര്‍ മഴയത്ത് നനഞ്ഞ് കുളിച്ച് പിറ്റേന്നും നല്ല ഉഷാറോടെ ജോലിചെയ്യാന്‍ വരുന്നതൊ!
‘ഏയ്, മഴനനഞ്ഞാല്‍ ആപത്തൊന്നും വരില്ല’ എന്ന് നന്നായറിയാം എന്നാലും അമ്മയുടെ വിലക്കുകള്‍ അവഗണിച്ച് ഇനി പനിയെങ്ങാനും വന്നാലോ! പാവം മഴ തെറ്റുകാരിയാവില്ലേ..!

അങ്ങിനെ മഴയും ഞാനും തമ്മില്‍ ഒരു അഡ്ജസ്റ്റുമെന്റില്‍ എത്തി..
നമുക്ക് പരസ്പരം നോക്കിയിരിക്കാം.
നീ വേനലില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന എന്റ് മോഹങ്ങളെ
തണുപ്പിച്ചാറ്റി വീണ്ടും ഉണര്‍ത്തുകയും,
ഞാന്‍ നിന്നെക്കുറിച്ച് കവിതകള്‍ എഴുതുകയും ആവാം..
നിര്‍ദ്ദോഷമായവ..
നീ എനിക്ക് സ്വപ്നങ്ങള്‍ തരിക,
ഞാന്‍ നിന്നെ മനസ്സില്‍ ഒപ്പിയെടുത്ത്
അതൊരു മായാത്ത ചിത്രമാക്കി,
എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കാം..

ഒരു മഴയില്‍ കിളിര്‍ത്തു വളര്‍ന്ന ചെടികള്‍
ഇനിയൊരു മഴയുണ്ടായാലേ മാറ്റിനടാനാവൂ ..
വേനല്‍ മുഴുവന്‍ നിരാശയോടെ മഴയെയും പ്രതീക്ഷിച്ച്
കാത്തിരിക്കണം..
മറ്റൊരു മഴ വരുമ്പോള്‍..
മണ്ണിനിളക്കം വരും.. അപ്പോള്‍,
കഴിഞ്ഞ മഴയില്‍ കിളിര്‍ത്ത ചെടികളെയും തൈകളെയും
വീണ്ടും പുതിയ രീതിയില്‍ മാറ്റി നട്ട് സന്തോഷിക്കാം.
മഴ മണ്ണിന് ഇളക്കം വരുത്തുന്നു..
അതുവരെ ഭൂമിയില്‍ നിദ്രകൊണ്ടിരുന്ന,
അല്ലെങ്കില്‍ വാടിത്തളര്‍ന്നു കിടന്നവയൊക്കെ
വീണ്ടും ഉയിര്‍ത്തെണീക്കാന്‍ തുടങ്ങുന്നു.
ഭൂമിയെ അത് പച്ച കരിമ്പടം കൊണ്ട് പുല്‍കി
മനോഹരമാക്കുന്നു!
ക്ഷീണിച്ചു കിടന്ന ഭൂമിയെ ഉന്മത്തയാക്കുന്നു.

മഴ ഭൂമിയെ തരളിതമാക്കുന്നു..
ഒപ്പം മനുഷ്യ ഹൃദയങ്ങളേയും..
അപ്പോള്‍ വിതയ്ക്കുന്ന വിത്തുകള്‍
പത്തരമാറ്റായി മുളച്ച് പൊന്തും!
മണ്ണില്‍ വിള്ളലുകള്‍ സൃഷ്ടിച്ച് ആഴത്തിലാഴത്തില്‍
അതിന്റെ വേരുകള്‍ പടരും
എത്ര കൊടിയ വേന‍ലിലും വറ്റാത്ത, ഈര്‍പ്പമുള്ള
അടിമണ്ണില്‍ അതിന്റെ വേരുകള്‍ ചെന്നെത്തും!
പിന്നീടുണ്ടാകുന്ന മഴയും വെയിലും ഒക്കെ അതിനൊരു ഹരമാകും!
മഴയില്‍ കുളിച്ച് വെയിലില്‍ തോര്‍ന്ന് ..
കാറ്റിലാടി..
പിന്നെ പൂവിട്ട് കായിട്ട് ..
അത് സമ്പന്നമാകും..

2 comments:

സു | Su said...

മഴയെക്കുറിച്ച് എഴുതിയത് വായിച്ചു. നന്നായിട്ടുണ്ട്. മഴ കുട്ടിക്കാലത്തും ഇന്നും ഒരുപോലെ ഇഷ്ടമാണ്. ശാസനകൾ, കാലം മാറുമ്പോൾ മാറുന്നില്ല. കൈമാറിപ്പോകുന്നേയുള്ളൂ. മഴ പെയ്യട്ടെ ഭൂമി കുളിരട്ടെ. സ്നേഹമഴ പെയ്യട്ടെ, മനസ്സു കുളിരട്ടെ.

പോസ്റ്റുകളൊക്കെ വായിക്കുന്നുണ്ട്. കുറച്ചു തിരക്കിലാണ്.

ആത്മേച്ചിയ്ക്ക് സുഖമെന്ന് കരുതുന്നു.

ആത്മ said...

ഓണപ്പരിപാടികളുടെ തിരക്കിലായിരിക്കും അല്ലെ സൂ,
വെറുതെ ഗസ്സ് ചെയ്തതാണേ!:)

ഇവിടെ എല്ലാര്‍ക്കും സുഖം തന്നെ.
അവിടെയും അപ്രകാരം എന്നു വിശ്വസിക്കുന്നു..!:)