Thursday, June 3, 2010

ആത്മാവിന്റെ സത്യങ്ങള്‍

തെറ്റുകള്‍ പെരുകുമ്പോള്‍..,
പിന്നെ അവ ജയിക്കുമ്പോള്‍..,
ശരികള്‍ കരയുന്നു...
കാത്തിരിക്കുന്നു..
തെറ്റിന്റെ തോല്‍‌വിക്കായി..
ദിവസങ്ങള്‍ മാസങ്ങളാകുന്നു..
മാസങ്ങള്‍ വര്‍ഷങ്ങളാകുന്നു
വര്‍ഷങ്ങള്‍ ചിലപ്പോള്‍ ജന്മങ്ങളാകുന്നു..
എങ്കിലും മൂടിക്കെട്ടിയ മനസ്സുമായി
ശരി , തന്റെ കാത്തിരിപ്പു തുടരുന്നു..

എന്തിനാണിത്രയും എഴുതിയതെന്ന് ആത്മയ്ക്കും അറിയില്ല.. ഒരുപക്ഷെ, ആത്മയുടെ ആത്മാവും ഏതെങ്കിലും തെറ്റിന്റെ പരാജയത്തിനായും ശരിയുടെ വിജയത്തിനായും കാത്തിരുന്നിട്ടുണ്ടാകും..
ആ തെറ്റു തോല്‍‌ക്കാന്‍ തുടങ്ങുന്നതു കണ്ടാകും വാല്‍മീകം വിട്ട് ശരി പുറത്തുവരാന്‍ തയ്യാറാകുന്നത്..
ആര്‍ക്കറിയാം ആത്മാവിന്റെ ഭാക്ഷകള്‍..?!
---
പല കാര്യങ്ങളും വിചിത്രങ്ങളാണ്.. ആത്മാവില്ലെന്നു കരുതുന്ന പലതിനും ആത്മാവുണ്ടെന്ന് കണ്ടെത്തും ചിലപ്പോള്‍..!
വീടിനു ആത്മാവ്!
ബ്ലോഗിനു ആത്മാവ്!
തെറ്റിനു ആത്മാവ്!
ശരിക്ക് ആത്മാവ്!
സഹനതയ്ക്ക് ആത്മാവ്!
ചെടികള്‍ക്കും കിളികള്‍ക്കും ഒക്കെ ആത്മാവുണ്ടെന്ന് തോന്നും ചിലപ്പോള്‍..

ഉദാഹരണത്തിനു ബ് ളോഗിനെ ശ്രദ്ധിക്കാതെ ഉപേക്ഷിച്ചിട്ട് വെളിയില്‍ ആനന്ദം തേടിപ്പോയാല്‍
തിരിച്ചുവരുമ്പോള്‍ നമ്മെ കാത്ത് നിരാശയായി ഒടുവില്‍ നിസ്സംഗതയോടെ കിടക്കുന്ന ബ് ളോഗായിരിക്കും.. പിന്നീട് അതിനെ ആദ്യം മുതല്‍ ഉണര്‍ത്തിയെടുക്കേണ്ടതായി വരും..
അതുപോലെ തന്നെയാണ് വീടിന്റെ കാര്യവും. വീട് ആത്മയ്ക്ക് സുരക്ഷിതത്വം തന്നിരുന്നു.. ഇതിന്റെ ഏകാന്തതില്‍ ആണ്ടിരുന്നു ആത്മ ബ് ളോഗെഴുതി, സ്വപ്നങ്ങള്‍ കണ്ടു.. ബുക്കുകള്‍ വായിച്ചു..
എന്നിട്ട് നന്ദിയില്ലാതെ അവസരം വന്നപ്പോള്‍ വീടിനെ ഉപേക്ഷിച്ച് ഊരു ചുറ്റാന്‍ പോയി സന്തോഷം ഉണ്ടാക്കാന്‍ നോക്കി..
വെളിയില്‍ എവിടെ സന്തോഷം?!
എങ്ങുമില്ല.. വര്‍ണ്ണങ്ങളിലും ശബ്ദങ്ങളിലും ഒക്കെ സന്തോഷം ഒളിഞ്ഞിരിക്കുന്നതിലും കൂടുതല്‍ നിരാശയും പ്രതീക്ഷയും അശാന്തിയും ഒക്കെയാണെന്നറിഞ്ഞ് ഒടുവില്‍ തിരിച്ച് വീടണയുമ്പോള്‍
തണുപ്പന്‍ മട്ടിലാവും വീടിന്റെ സ്വീകരണം.. തന്നെ ഉപേക്ഷിച്ചു പോയ, തന്റെ സംരക്ഷണം പൊട്ടിച്ച് പുറത്ത് ചുറ്റിത്തിരിയാന്‍ പോയ മുടിയനായ പുത്രന്റെ തിരിച്ചു വരവുപോലെ..
ഒരല്പം നിസ്സംഗതയോടെ നില്‍ക്കും..പിന്നെ മാപ്പിരന്ന്.. വീടിനെ പഴയപോലെ സ്നേഹിക്കാന്‍ പഠിക്കണം.. അപ്പോള്‍ എല്ലാം മറന്ന് വീട് നമ്മെ വീണ്ടും സ്വീകരിക്കും.. ഏകാന്തതകൊണ്ട് സമ്പന്ന്മാക്കും!.. സുരക്ഷിതയാക്കും! നല്ല ചിന്തകള്‍ തന്ന് അനുഗ്രഹിക്കും..

----
നമ്മുടെ ആത്മാവ് പല കണ്ണികള്‍ കൊണ്ട് ചേര്‍ക്കപ്പെട്ടതാണ് .

ഭര്‍ത്താവ്, അമ്മ, അമ്മായി, സഹോദരങ്ങള്‍.. മക്കള്‍.. വേണ്ടപ്പെട്ടര്‍...
ചിലര്‍ സംരക്ഷണംനല്‍കുന്നു, ചിലര്‍ വിശ്വാസം, ചിലര്‍ ശക്തി, ചിലര്‍ സൌഹൃദം ചിലര്‍ വാത്സല്യം ചിലര്‍ സ്നേഹം.. സ്നേഹം തന്നെ പലവിധത്തില്‍ ഉണ്ട്..
നമ്മുടെ ആത്മാവിനെ സംതുലനം ചെയ്യാന്‍ പാകത്തില്‍ നാം ഓരോന്നും സ്വീകരിക്കുന്നു..
ഇതിനിടയില്‍ ഒന്നിന്റെ അഭാവം പോലും നമ്മെ സ്തബ്ദരാക്കും ചിലപ്പോള്‍. നാം അറിഞ്ഞുകൊണ്ടല്ലല്ലൊ ഈ തിരഞ്ഞെടുക്കല്‍ നടത്തുന്നത്.. അത് നമ്മുടെ ആത്മാവിന്റെ തന്നെ തിരഞ്ഞെടുക്കലല്ലെ, അതുകൊണ്ട് ഈ കണ്ണിയില്‍ ഒന്നു പൊട്ടിപ്പോയാലും ആത്മാവ് സ്തബ്ദമാകും.. നിശ്ശബ്ദമായി കണ്ണീരൊഴുക്കും.. മുന്നോട്ടു പോകാനറച്ച് ഒരു മൂലയില്‍ കുത്തിയിരിക്കും..
പ്രതീക്ഷ കെടാതെ.. അല്ലെങ്കില്‍ പ്രതീക്ഷ തീര്‍ത്തും കെടുന്നതുവരെ.. ഇതിനു രണ്ടിനുമിടയില്‍ പെട്ടുഴലുന്ന ആത്മാവിന്റെ നിസ്സഹായത; ദൈന്യം നമ്മെ മൂകരാക്കുന്നു..

മേല്‍ എഴുതിയതൊക്കെ എഴുതി.. വെറുതെ.. ഒരു പക്ഷെ, ആത്മാവിന്റെ ഭാക്ഷയാകാം..
--
ഇനി ശരിക്കുമുള്ള ഭാക്ഷയില്‍ ഒരപ്ലം..

പനിവന്നിട്ട് പോയപ്പോള്‍ ആത്മയില്‍ ഒരാക്രാന്തം വന്നു പിടിച്ചില്ല്യോ!,
അത് എവിടെ ചെന്നു നിന്നു എന്നു ചുരുക്കിപ്പറഞ്ഞാല്‍..
ഷോപ്പിംഗ്, ഗാര്‍ഡണിംഗ്, കുക്കിംഗ് , ഒക്കെ മാറി മാറി പയറ്റിയെങ്കിലും ഒടുവില്‍ ആക്രാന്തം ചെന്നു നിന്നത് വായനയില്‍ ആണ്.. ദി പാലസ് ഓഫ് ഇല്ല്യൂഷന്‍ ഏകദേശം തീരാറായി..
ഇപ്പോള്‍.. പ്രഥമ പ്രതിശ്രുതി, ഒന്നു രണ്ടു ചാപ്റ്റര്‍ ആയി, അപ്പോല്‍ ഒരു ദേശത്തിന്റെ കഥയും രണ്ടാമൂഴവും എടുത്തു.. അങ്ങിനെ നാലു പുസ്തകങ്ങള്‍ വായിക്കാന്‍ പ് ളാനിട്ടിരിക്കയാണ്.. ഇതിനിടേ ബ്ളോഗും എഴുതും.. എങ്ങിനെ?! ഇനി ആത്മയ്ക്ക് ബോറഡിക്കുമോ?! ഇല്ലല്ലൊ അല്ലെ,

പുസ്തകങ്ങള്‍ ഓരോന്നായി വായിച്ചാലും എല്ലാം കൂടി വായിച്ചാലും നഷ്ടമൊന്നും വരാനില്ലല്ലൊ,
ആത്മയ്ക്ക് മാത്രമായി എഴുതപ്പെട്ട പുസ്തകങ്ങളല്ല, വേണമെങ്കില്‍ ആത്മയ്ക്കും വായിച്ച് ആസ്വദിക്കാം എന്നു മാത്രം. വായിച്ചാലും ആത്മയുടെ തലമണ്ടയില്‍ കൊള്ളുന്നതേ മനസ്സിലാവത്തുള്ളൂ... കഥാകൃത്ത് ഉദ്ദേശിച്ചപോലെ ഒന്നും ആയിരിക്കില്ല ആത്മ പലതും മനസ്സിലാക്കുന്നത്.. ആത്മയ്ക്ക് യോഗമു ള്ള ചിലതൊക്കെ മനസ്സിലാവും.. ഈ ബുക്കുകള്‍ തന്നെ ഈ ലോകത്തിലുള്ള പല മലയാളികളും ഇപ്പോള്‍ വായിക്കുന്നുണ്ടാകും.. ഓരോരുത്തരെയും അത് ഒരോ രീതിയിലാവും സ്വാധീനിക്കുക..
ഇതെല്ലാം കൂടി വായിച്ചു കഴിയുമ്പോള്‍ ആത്മ എന്താകുമെന്ന് ബ് ളോഗേ നിനക്കു കാണാം..
കാത്തിരിക്കുക..

8 comments:

Rare Rose said...

ആത്മേച്ചീ.,ഒറ്റയടിക്ക് നാലു പുസ്തക ചങ്ങാതിമാരോടാണു കൂട്ട് അല്ലേ.നല്ലൊരു വായനക്കാലം ആശംസിക്കുന്നു.:)

അതില്‍ രണ്ടാമൂഴവും,പ്രഥമ പ്രതിശ്രുതിയും മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ.പ്രഥമ പ്രതിശ്രുതിയിലെ, ആരുമൊപ്പമില്ലെങ്കിലും,തനിക്കു ചുറ്റിലുമുള്ള തെറ്റുകള്‍ക്കു നേരെ പൊരുതി നില്‍ക്കാന്‍ ശ്രമിക്കുന്ന,ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന സത്യയെ വായനക്കാര്‍ ഒരിക്കലും മറക്കില്ലെന്നു തോന്നുന്നു.

ആത്മ said...

താങ്ക്സ്!..:)

അങ്ങിനെ ആത്മേം ബിസിയായീ..

വല്യമ്മായി said...

അവസാന വിജയം ശരിയുടേത് തന്നെയാകും :)

ദേശത്തിന്റെ കഥയും രണ്ടാമൂഴവും കുറേ നാള്‍ മുമ്പ് വായിച്ചതാണ്.

നാട്ടില്‍ ചെന്നാല്‍ കുറ്ച്ച് ദിവസം ഉറക്കം വരില്ല,വെറുതെ വീടിന്റെ മുക്കും മൂലയും തപ്പി നടകും ;) സത്യത്തില്‍ തിരിച്ച് വരുമ്പോള്‍ വല്യ സങ്കടമാണ് വീട് അടച്ചിട്ട് പോരുന്നതില്‍.

ആത്മ said...

അതുപിന്നെ വീടിനെ കുറെ നാളുകള്‍ക്ക് ശേഷം കാണുന്നതല്ലേ..:)

വീടിനോട് സ്നേഹം ഉള്ളതുകൊണ്ടല്ല്യോ വിഷമം /വിരഹം വരുന്നത്!
അതാണു പറഞ്ഞത് വീടിനും ആ‍്ത്മാവുണ്ടെന്ന്!

എങ്കിലും അമ്മായിയെയും പ്രതീക്ഷിച്ച് കാത്തിരിക്കാന്‍ ഒരു വീടുണ്ടല്ലൊ, അതു വലിയ ഒരു കാര്യമല്ലെ,

ഇപ്പ്രാവശ്യം വിഷമിക്കാതെ വരൂ ട്ടൊ,
ആത്മ ആത്മയുടെ ആത്മഗതങ്ങള്‍ കൊണ്ട് അമ്മായിയുടെ വിഷമം തീര്‍ക്കാന്‍ നോക്കാം..:)

കുഞ്ഞൂസ് (Kunjuss) said...

ആത്മാ, വായിക്കൂ.... എനിക്കും ഇങ്ങിനെയൊക്കെ എഴുതന്നതിനേക്കാള്‍ ഇഷ്ടം, വായിച്ചിരിക്കാനാണ്. എന്നാലും സമാനചിന്തയുള്ള ഇവിടെ എത്തിച്ചേരുമ്പോള്‍, ഒന്നും മിണ്ടാതെ പോകാനും തോന്നില്ല.
വായനാലോകത്തെ തിരക്കിനിടയില്‍ ബ്ലോഗിനെ മറന്നു പോകല്ലേ... ബ്ലോഗിനും ഞങ്ങള്‍ക്കും ആത്മാവുണ്ട്!

ശ്രീ said...

വായനാലോകത്തേയ്ക്ക് തിരിച്ചു പോകാന്‍ കഴിയുന്നതും ഒരു സുഖം തന്നെ...

ആത്മ said...

കുഞ്ഞൂസ്,

കണ്ടതില്‍ വളരെ സന്തോഷം..
രണ്ട് പോസ്റ്റും എഴുതി വച്ച് ആരും വരുന്നില്ലല്ലൊ വായിക്കാന്‍ എന്നും പറഞ്ഞ് കഴിഞ്ഞയാഴ്ച്ച നടന്നു...
പ്രതീക്ഷയൊക്കെ മങ്ങി, ‘എല്ലാവരും തിരക്കായിരിക്കും.. സാരമില്ല’ എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാന്‍ തുടങ്ങിയപ്പോള്‍ ദാ വീണ്ടും!

നമ്മള്‍ ആഗ്രഹിച്ചാല്‍ ആഗ്രഹങ്ങള്‍ ഒന്നും നടക്കുകയില്ലെന്നും..
ആഗ്രഹിക്കാതിരുന്നാല്‍ ആഗ്രഹങ്ങള്‍ നടക്കും എന്നുമൊക്കെ ആത്മീയാചാര്യന്മാര്‍ പറയുന്നത് അതുകൊണ്ടാകും അല്ല്യോ!

ദൈവം ഒരു പ്രത്യേക സ്വഭാവക്കാരനാണത്രെ!
നമ്മള്‍ ചോദിച്ചാല്‍ തരില്ല,
ചോദിക്കാതിരുന്നാല്‍ കിട്ടും പോലും!(ആത്മേ പോലെയൊക്കെ തലതിരിഞ്ഞ സ്വഭാവമാകും!)

ബ്ലോഗ് ഈയ്യിടെയൊന്നും മറക്കുമെന്ന് തോന്നുന്നില്ല.. ആരെങ്കിലും അടിച്ചോടിച്ചാലേ രക്ഷയുള്ളൂ..:)
അതല്ലെ എഴുതാന്‍ വലിയ വിഷയമൊന്നും ഇല്ലെങ്കിലും എഴുതിപ്പോകുന്നത്..

ആത്മ said...

ശ്രീ,

വായിക്കാന്‍ നിറയെ പുസ്തകങ്ങള്‍ കിട്ടുമ്പോള്‍ തോന്നും ഷോപ്പിംഗിനു പോകണം എന്ന്
ഷോപ്പിംഗിനു പോകുമ്പോള്‍ തൊന്നും വീട്ടില്‍ അടങ്ങിയിരുന്ന് സിനിമാ കാണുന്നതാണ്‌ ഭേദം എന്ന്
സിനിമാ കാണുമ്പോള്‍ തോന്നും വീട്ടുജോലി ചെയ്യുന്നതാണ്‌ നന്നെന്ന്
വീട്ടുജോലി ചെയ്യുമ്പോള്‍ ബ്ലോഗെഴുതാന്‍ തോന്നും..
പിന്നെ എഴുതി ഓവറാകുമ്പോള്‍ തോന്നും ആത്മീയമാണ്‌ നന്നെന്ന്..
അങ്ങിനെ മനസ്സ് ഒരു കുരങ്ങനെപ്പോലെ ചാടിച്ചാടി നടക്കും..
ഈ മനസ്സിന്റെ ഒരു കാര്യം!!!

ഇന്നലെ മുതല്‍‌ ഒരു തെരുമാനമെടുത്തു
ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ
എല്ലാവരെയും സ്നേഹിക്കാന്‍ ശ്രമിക്കണം..
പ്രതിഫലത്തെപ്പറ്റിയൊന്നും ഓര്‍ക്കാതെ
എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിക്കണം എന്നൊക്കെ..

നശ്വരമായ ജീവിതം.. നമ്മളെന്തിന്‌ ഓരോ ആഗ്രഹങ്ങള്‍ ആഗ്രഹിച്ച് പിന്നെ നിരാശപ്പെടാന്‍ പോകുന്നു..
വെറുതെ അങ്ങ് ജീവിക്കുക..

പ്രതീക്ഷ, പ്രതിഫലം, ആഗ്രഹങ്ങള്‍, മോഹങ്ങള്‍, മോഹഭംഗങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത് ഈ മനസ്സല്ലേ, മനസ്സിനെ നിയന്ത്രിക്കണം.. ചിന്തകള്‍ വഴിവിടുന്നു എന്നു കാണുമ്പോള്‍ കടിഞ്ഞാണിടാന്‍ പഠിക്കണം.. എന്നൊക്കെ കരുതി ഇരിക്കയാണ്‌ തല്‍ക്കാലം..:)