Wednesday, May 12, 2010

നമ്മെ നാമാക്കുന്നവ..

നമുക്ക്‌ നമ്മെ തന്നെ നഷ്ടപ്പെടുമ്പോഴാണ്‌ ചില അകാരണമായെന്നോണം വലിയ വ്യഥ മനസ്സിനെ ശ്വാസം മുട്ടിക്കുന്നത്‌.
ഒന്നുകിൽ നമ്മെ മറക്കാൻ വണ്ണം ശക്തമായ ഒരു സ്നേഹം, അല്ലെങ്കിൽ വെറുപ്പ്‌
അതുമല്ലെങ്കിൽ പതിവായി കാണുന്ന ഒരു വ്യക്തിയുടെ അഭാവം
അല്ലെങ്കിൽ പതിവിനു വിപരീതമായി ചിലരുടെ സാന്നിദ്ധ്യം..
അങ്ങിനെ എന്തോ ഒന്ന് നമ്മെ നമ്മിൽ നിന്നും മറച്ചുവയ്ക്കുന്നു..
നാം നമ്മളാകണമെങ്കിൽ ചില ചേരുവകകളൊക്കെ ചേരും പടി ചേർക്കേണ്ടതുണ്ട്‌
പതിവായി കാണുന്ന ചില മനുഷ്യർ
പതിവായി ചെയ്യുന്ന ചില ജോലികൾ
പതിവായി കിട്ടുന്ന ചില വഴക്കുകൾ
പതിവായി കിട്ടുന്ന അവഗണന.. അത്‌ സഹിക്കാനുള്ള ഒരു തന്റേടം
പതിവായുള്ള ഉറക്കമൊഴിയൽ..
പതിവായി വാങ്ങാറു വീട്ടു സാമാനങ്ങൾ
പതിവായി കഴുകാറുള്ള ചില പാത്രങ്ങൾ..
പതിവായി കഴിക്കാറുള്ള ചില ആഹാരങ്ങൾ
പതിവായി കാണുകയും ഉപയോഗിക്കയും അലഷ്യമായി വയ്ക്കുകയും പിന്നെ ഒതുക്കിവയ്ക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ നിത്യോപയോഗ വസ്തുക്കൾ..
അവയ്ക്കും നമ്മുടെ ഹൃദയത്തിൽ മനസ്സിൽ ഇടമുണ്ട്‌.. നമ്മുടെ സന്തോഷത്തിൽ പങ്കുണ്ട്‌..
ചിലർക്കാണെങ്കിൽ അത്‌ പതിവായി കാണുന്ന സീരിയലാകാം..
ആത്മക്കാണെങ്കിൽ സീരിയലിനു പകരം പതിവായി ബ്ലോഗിൽ എന്തെങ്കിലും കുത്തിക്കുറിക്കലാകാം..
ചിലർക്ക്‌ ട്വിറ്ററിലോ ഗൂഗിള്‍ ബസ്സിലോ പോയി കൂട്ടംകൂടലാകും
മി. ആത്മയ്ക്കാണെങ്കിൽ.. പുറത്ത്‌ കുറേ പ്രോബ്ലംസ്‌ സോൾവ്‌ ചെയ്യാൻ വേണം..
പിന്നെ അതിന്‌ ഇമ്പോർട്ടൻസ്‌ കൊടുത്ത്‌ ധൃതിപിടിച്ച്‌ പുറത്തേയ്ക്ക്‌ പായണം..
അങ്ങിനെ നമ്മെ നാമാക്കുന്ന ചില ചേരുവകകൾ ഓരോരുത്തർക്കും കാണും..
അതില്ലാതാകുമ്പോൾ ശ്വാസം മുട്ടുമ്പോലെ..
അകാരണമെന്നോണം നാം ദുഃഖിക്കുന്നു...
ഓരോ ശീലങ്ങളാണ് ഒരു മനുഷ്യനെ വാര്‍ത്തെടുക്കുന്നത്.
ചില ശീലങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാമെന്നിരിക്കെ, ചിലവ വിധി നമ്മുടെ മേല്‍ അടിച്ചേൽപ്പിക്കുന്നവയാകാം.. അവയും ഒടുവില്‍ ശീലങ്ങലാകുന്നു..
സന്തോഷമായാലും സന്താപം ആയാലും അവയില്ലാതെ നമുക്ക് ജീവിക്കാനാവാതാകുന്നു..
ഒടുവിലൊടുവില്‍, നമ്മെ നാമാക്കുന്ന ദുഃഖങ്ങളെയും നാം ഇഷ്ടപ്പെട്ടു തുടങ്ങുന്നു..
(ഇത്രേം എഴുതിയപ്പോള്‍ അടുപ്പില്‍ വച്ചിരുന്ന ചിക്കന്‍ ഒരുവിധം നന്നായി അടിയില്‍ പിടിച്ചു!
പിന്നെ പോയി ഒരുവിധം കഴിക്കാവുന്ന പരുവമാക്കി.. ഇത് അപ്രതീക്ഷിതമായ വിഷമങ്ങള്‍
ആണെങ്കിലും ഇതൊക്കെ ആത്മയെ ആത്മയാക്കുന്നു!)

25 comments:

അനൂപ്‌ കോതനല്ലൂര്‍ said...

എനിക്കാണെല് പതിവായി കമന്റടിനാ അഗ്രഹം.
ആത്മ നന്നായിരിക്കുന്നു.

വല്യമ്മായി said...

ദുഃഖങ്ങളെയും വേദനകളെയും നമ്മള്‍ കുടുതല്‍ ഓര്‍ത്ത് വെക്കും,ഇഷ്ടപ്പെടും കാരണം അവ തരുന്ന തിരിച്ചറിവുകള്‍ ഒരു സന്തോഷത്തിനും തരാന്‍ കഴിയില്ല :)

ശ്രീ (sreyas.in) said...

സാധാരണയായി, എന്റെ ചിന്തകള്‍ തന്നെയാണ് ഞാന്‍ എന്ന് ഞാന്‍ കരുതുന്ന ഞാന്‍. ഈ ചിന്തകളില്ലെങ്കില്‍ എനിക്ക് ബോറാണ്.ഇതിനൊക്കെ അപ്പുറത്തൊരു ഞാനുണ്ടോ? എങ്ങനെയിരിക്കും?

ശ്രീ (sreyas.in) said...

പാവം ചിക്കന്‍, അതിനെ ജീവിക്കാന്‍ വിടാതെ കൊന്നു, എന്നിട്ട് അതിന്റെ ശവശരീരത്തിന് പോലും അതര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്നില്ല, ഈ മനുഷ്യരുടെയൊരു കാര്യം. ആചാരവെടിയൊന്നുമില്ലെങ്കിലും പാകത്തിന് ഉപ്പും മസാലയും ചേര്‍ത്ത് പുതപ്പിച്ചു, നീല നിറമുള്ള ഫ്ലെയിം കൊണ്ടുമൂടി, കരിപുരളാതെ ആ ശവശരീരത്തെ ബഹുമാനിക്കാമായിരുന്നു! :-)

ആത്മ said...

അനൂപ്‌ കോതനല്ലൂര്‍,

അത് തീർച്ചയായും വളരെ നല്ല ഒരാഗ്രഹമാണ്‌ ട്ടൊ,..:)

ആത്മ said...

വല്യമ്മായി,

അതെയതെ! പക്ഷെ അത് കടന്നുകിട്ടാനുള്ള ആക്രാന്തമാണ്‌ അൺസഹിക്കബിൾ!
പിന്നീട് ഞാനൊരു മിടുക്കൻ തന്നെ ആ ദുഃഖവും തരണം ചെയ്തല്ലൊ എന്നൊക്കെ ആശ്വസിക്കാം..
പക്ഷെ, ചില ദുഃഖങ്ങളുണ്ട്.. ഒരിക്കലും തരണം ചെയ്യാനാകാതെ/നീതീകരിക്കാനാകാതെ മനസ്സിന്റെ ഒരു കോണിൽ എന്നും ഒരു നഷ്ടമായി തേങ്ങുന്നവ. മറവി ഒന്നുമാത്രമേ അത്തരം ദുഃഖങ്ങൾക്ക് ശമനം ഉണ്ടാക്കൂ.. ഈ മറവി വന്നു പൊതിയാൻ ശ്രമിക്കുമ്പോഴും പിടികൊടുക്കാതെ കുതറിയോടി നിലവിളിക്കും കുറേ നാൾ..പിന്നെ സാവധാനം മറവിയ്ക്ക് വഴങ്ങി ഒതുങ്ങും..

ആത്മ said...

ശ്രീ (sreyas.in),

അല്ലെങ്കിൽ തന്നെ വല്ലപ്പോഴും മീനും കോഴിയും ഒക്കെ കഴിക്കുന്നത്‌ എന്തോ കോലപാതകം ചെയ്യുന്ന
കുറ്റബോധത്തോടെയാണ്‌..
ഇനി എങ്ങിനെയോ?!

അപ്പോൾ ശ്രേയസ്സ്‌ വിജിറ്റേറിയൻ ആണല്ലെ!

ആത്മ തന്നെ കറിവച്ച്‌ വിളമ്പുമ്പോൾ ചിലപ്പോൾ ക്ഷീണമൊക്കെ വരുമ്പോൾ അറിയാതെ അങ്ങ്‌ കഴിച്ചുപോകും..!
'ഈ മനസ്സിന്റെ ഒരു കാര്യം' എന്ന പോസ്റ്റിൽ വലിയമ്മായിക്ക്‌ ഒരു കമന്റെഴുതി
(ഒരു ആചാര്യന്റെ വാക്കുകളാണ്‌..)
അതിൽ കൊല്ലുന്നതും കൊല്ലപ്പെടുന്നതും ഒക്കെ ദൈവം തന്നെ എന്നും,ഒക്കെ അദ്ദേഹത്തിന്റെ ചെയ്തികളാണ്‌ എന്നും പറയുന്നു. വേണമെന്നുള്ളവർക്ക്‌ കഴിക്കാം..
വേണ്ടെങ്കിൽ കഴിക്കണ്ട..
ഈ കഴിക്കാൻ തോന്നുന്നതും കഴിക്കാൻ തോന്നാതിരിക്കുന്നതും പോലും ദൈവം തന്നെ നമ്മിലൂടെ ചെയ്യിക്കുന്നതാണത്രെ!
അപ്പോൾ ശ്രേയസ്സിനെ വിജിറ്റേറിയൻ ആക്കുന്നതും ദൈവം,
ആത്മയെ വല്ലപ്പോഴും നോൺ വെജിറ്റേറിയൻ ആക്കുന്നതും ദൈവം!..:)

സു | Su said...

സന്തോഷമില്ലാന്നും പറഞ്ഞ് ചിക്കൻ വാങ്ങാൻ പോയോ?

ശീലങ്ങൾ തെറ്റുമ്പോൾ നാം നമ്മെത്തന്നെ ഉൾക്കൊള്ളുന്നില്ല എന്നാ‍ണോ ആത്മേച്ചീ?

ആത്മ said...

സു | Su ,

അതെ, ശീലങ്ങൾ വല്ലാതെ തെറ്റിയാലും ജീവിക്കാൻ പ്രയാസമാണ്‌
പിന്നെ ശീലങ്ങൾക്ക്‌ വല്ലാതെ അങ്ങ്‌ അടിമപ്പെട്ടുപോയാലും ജീവിക്കാൻ പ്രയാസമാണ്‌
ആകെമൊത്തത്തിൽ നമ്മുടെ ചില മിനിമം ശീലങ്ങളെങ്കിലും വേണം നമ്മെ നാമാക്കാൻ എന്നു തോന്നുന്നു..

ഇന്നും ഷോപ്പിംഗിനു പോകുന്നു ട്ടൊ,(പറ്റുമെങ്കിൽ കോവയ്ക്കയും വാങ്ങണം..)
മകൾക്ക്‌ ഇപ്പോൾ അവധിയാണ്‌..
അവളോടൊപ്പം വെളിയിലത്തെ ലോകം അൽപം കണ്ടിട്ട്‌ വരാം ട്ടൊ,

ഇന്നലെ ആത്മേടെ അമ്മയെ ഫോണിൽ വിളിച്ച്‌ നല്ല കുറേ ഡയലോഗുകൾ കൊടുത്ത്‌ ശരിപ്പെടുത്തിയെടുത്തു.(അമ്മപറയും ആത്മയെയാണ്‌ നേരെയാക്കിയതെന്ന്)
നമുക്ക്‌ പറ്റുന്നവരെയല്ലേ നമുക്ക്‌ ശരിയാക്കിയെടുക്കാൻ പറ്റൂ..

പറ്റുമെങ്കിൽ അടുത്ത പോസ്റ്റിൽ അതെപ്പറ്റി എഴുതാം ട്ടൊ,

പോയിട്ട്‌ വരാം...:)

Rare Rose said...

‘ഒരു വേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ്‌ വരാം’ എന്ന വരികള്‍ പോലെ അല്ലേ ആത്മേച്ചീ.നമ്മുടെ മാറാപ്പിലെ കൊച്ചു ദു:ഖങ്ങളുടെ ഭാരം പരിചയമായിക്കഴിഞ്ഞാല്‍ അതില്ലാതെ ജീവിക്കാനാവും അല്ലെങ്കില്‍ മുന്നോട്ട് യാത്ര ചെയ്യാനാവും പാട്.

അപ്പോള്‍ ഷോപ്പിങ്ങിനു പോയി പുറം ലോകത്തെ വെളിച്ചം കണ്ടു,പുതിയ ചിന്തകളുമായി വരൂട്ടോ.:)

കുഞ്ഞൂസ് (Kunjuss) said...

aatmaa.... oru panichoodil,pinne vannu ezhutham ketto...

ആത്മ said...

Rare Rose,
ഷോപ്പിംഗിനു പോയി വന്നു..
ആകെ ഒരുത്സാഹം..
ആത്മയ്ക്ക് തോന്നുന്നു ആത്മ രാവിലെ പെസ്സിമിസ്റ്റിക്കായും ഉച്ചകഴിഞ്ഞാൽ പിന്നെ ഒപ്റ്റിമിസ്റ്റിക്കായും ചിന്തിക്കുന്നു..
കുറേ നാളുകളായി ഇങ്ങിനെയാണു.. വൈകുന്നേരമൊക്കെയായാൽ പിന്നെ ഒരു കാരണവുമില്ലാതെ മനസ്സ് അങ്ങ് തെളിയും!

ഇപ്പോൾ തെളിഞ്ഞിരിക്കയാണു ട്ടൊ,
ആത്മയെ ദ്രോഹിച്ചവരെ പോലും സ്നേഹിക്കാൻ പാകത്തിനു മനസ്സ്!

വെളിയിൽ പോയി ദം ബിരിയാണി കഴിച്ചു..
പിന്നെ കുറേ സി. ഡി കൾ വാങ്ങി
യാത്രയൊക്കെ കഴിഞ്ഞ് വീടിനെയും ഒന്നു ഫോം ആക്കി..ഇപ്പോഴാണു എല്ലാം ഒതുങ്ങിയത്.

ആത്മ said...

കുഞ്ഞൂസ് (Kunjuss)

paniyaaNenkil pinne rest edukkoo TTo,
vEgam sukhamaavaan praardhDhikkaam...

ശ്രീ (sreyas.in) said...

സ്വന്തമായി കൃഷി ചെയ്ത സസ്യാഹാരത്തിന്റെ സുഖം അനുഭവിച്ചു കാലംകൊണ്ട് സസ്യാഹാരി ആയതാണേയ്, അല്ലാതെ ദൈവത്തിനുവേണ്ടിയൊന്നുമല്ല! നാട്ടില്‍കിട്ടുന്ന ചീരയിലയുടെയും മുരിങ്ങയിലയുടെയും വാഴകൂമ്പിന്റെയും വാഴതടയുടെയും ഏഴയലത്തുവരുമോ കോഴിശവം? :-)

ആത്മ said...

തര്‍ക്കിക്കുകയണെന്ന് കരുതില്ലെങ്കില്‍.. ആത്മ ഒന്നു ചോദിച്ചോട്ടെ?

ഈ സസ്യങ്ങള്‍ക്കും ജീവനുള്ളതല്ലേ..
നാം അതിനെ വെട്ടിയും മുറിച്ചും ഒക്കെ വേദനിപ്പിച്ചല്ലെ ഉള്ളിലാക്കുന്നത്!
നാം അതിനെ ഇന്ന് വെട്ടിമുറിക്കാതിരുന്നെങ്കില്‍ എത്രയോ ദിവസം കൂടി അത് സൂര്യനേം ചന്ദ്രനേം താരകളേം ഒക്കെ കണട്, നല്ല ശുദ്ധവായുവൊക്കെ ശ്വസിച്ച്, കുറച്ചുകൂടി വളര്‍ന്ന് പൂത്ത് പരിലസിക്കില്ലായിരുന്നോ?!

വെറുതെ തര്‍ക്കിക്കാന്‍ പറയുന്നതല്ല ട്ടൊ,
ചെടികളെ കൊല്ലുന്നതിനെക്കാളും പാപം തന്നെയാണ്‌ കോഴിയേം മീനിനേം ഒക്കെ കൊല്ലുന്നത്..
എങ്കിലും ചിലപ്പോള്‍ ദൈവത്തിനു വയ്ക്കാന്‍ പൂപറിക്കാന്‍ ചെല്ലുമ്പോള്‍ പോലും ഒരു വൈമുഖ്യം തോന്നും..
'ദൈവമേ ഈ പൂവ് ഒരുദിവസം കൂടി ഈ ചെടിയില്‍ നിന്നാലും അങ്ങേയ്ക്കുള്ളതല്ലേ, നുള്ളിയിറുത്ത് എന്റെ പൂജാമുറിയില്‍ കൊണ്‍ടിട്ടാലേ അങ്ങയുടേതാകൂ എന്നില്ലല്ലൊ' എന്ന് ചിന്തിച്ച് പൂപറിക്കല്‍ വളരെ ചുരുക്കും..
പിന്നെ ഒന്നോ രണ്‍ടോ ക്രിഷ്ണതുളസി ഇല നുള്ളി ദൈവത്തിനിടും..
എന്നാല്‍ ക്രിഷ്ണതുളസിയില വല്ലപ്പോഴും കഴിച്ചാല്‍ ശരീരത്തിനു നന്നാണെന്നാരോ പറഞ്ഞു, പക്ഷെ, നുള്ളാന്‍ തോന്നില്ല. പാവം തുളസിയുടെ ഇല എങ്ങിനെ പറിച്ച് തിന്നാന്‍ എന്നൊരു ആശങ്ക!
അതിനും ജീവനുള്ളപോലെ!

കോഴിയും മീനും ഒക്കെ ചിലപ്പോള്‍ കഴിക്കുന്നതും കുറ്റബോധത്തോടെയൊക്കെ തന്നെയാണ്‌.
പക്ഷെ സ്വന്തം മക്കള്‍ക്കും ഭരത്താവിനും ഒക്കെ പാപം ചെയ്യാന്‍ സഹായിച്ചിട്ട് (നോണ്‍ വെജ് കുക്ക് ചെയ്തിട്ട്) ഞാന്‍ മാത്രം പുണ്യവാളത്തിയായാല്‍ ദൈവം എന്നെ മാത്രം രക്ഷിക്കും എന്നൊക്കെ ചിന്തിക്കാന്‍ കൂടി വിഷമം..
പിന്നെ ഞാനൊരുത്തി വെജിറ്റേറിയനായാല്‍ ഈ ലോകത്ത് ദിവസവും അത് ഭക്ഷിക്കുന്ന കോടിക്കണക്കിന്‌ ആളുകളെ പിന്തിരിപ്പിക്കാനാവുമോ?!

എന്റെ പരിചയക്കാരായ ചിലര്‍ വെജിറ്റേറിയനാണ്‌.. നമ്പൂരിയൊന്നും ആയതുകൊണ്ടല്ല, ശുദ്ധ നായര്‍ തന്നെ.. പക്ഷെ, ഈ വിജിറ്റേറിയനിസം സ്വീകരിച്ചെന്നും പറഞ്ഞ്, മറ്റുള്ള മനുഷ്യരോട് ഒരു മനുഷ്യപ്പറ്റില്ലാതെയാണ്‌ പെരുമാറാറ്!

ഒരു മനുഷ്യന്റെ ജീവനോ അതൊ കോഴിയുടെ ജീവനോ അതോ ഒരു ചീരയുടെ ജീവനോ വലുത്?!

നാം ഒരു ദ്വീപില്‍ അകപ്പെട്ടു എന്നു കരുതുക..
രണ്‍ടുമൂന്നു കുഞ്ഞുങ്ങളും , കുറച്ച് കോഴികളും, കുറച്ച് കഴിക്കാന്‍ കൊള്ളാവുന്ന സസ്യങ്ങളും ഉണ്‍ട്..
കുഞ്ഞുങ്ങളുടെ ജീവന്‍ എങ്ങിനെയും നിലനിര്‍ത്താന്‍ നോക്കുമോ സസ്യങ്ങളുടേം കോഴികളുടേം ജീവന്‍ നിലനിര്‍ത്താന്‍ നോക്കുമോ?!

ആത്മ ഏത് ശരിയെന്നും ഏത് തെറ്റെന്നും ഒന്നും അറിയാതെ ആശയക്കുഴപ്പത്തില്‍ തന്നെയാണ്‌ ജീവിക്കുന്നത്.. വെജിറ്റേറിയന്‍ ആയാല്‍ പുണ്യം കിട്ടുമോ, നല്ലവളാകുമോ?

നോണ്‍ വെജ് ആയ ചില മനുഷ്യര്‍ മറ്റു മനുഷ്യരുടെ നന്മയ്ക്കുവേണ്‍ടി എന്തെല്ലാം ചെയ്യുന്നു..
വെജിറ്റേറിയന്‍ ആയ എത്രയോ പേര് സ്വാര്‍ത്ഥരായി സ്വന്തം സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നു..!
ഇതൊക്കെ കാണുമ്പോള്‍ ആകെ ഒരാശയക്കുഴപ്പം.. അത്രയേ ഉള്ളൂ..

ശ്രീ (sreyas.in) said...

:-)
നോണ്‍വെജ് പാപമാണ്, അതിനാല്‍ കഴിക്കരുത് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. ഏതാണോ തൃപ്തി തരുന്നത്, അത് കഴിക്കുക. മനസ്സിന് തനിയെ മടുപ്പ് തോന്നിയാല്‍, മാറേണ്ടത് ആവശ്യമാണെങ്കില്‍ ശീലങ്ങള്‍ തനിയെ മാറും. അതാണ്‌ ഞാന്‍ പറഞ്ഞത് "സ്വന്തമായി കൃഷി ചെയ്ത സസ്യാഹാരത്തിന്റെ സുഖം അനുഭവിച്ചു കാലംകൊണ്ട് സസ്യാഹാരി ആയതാണേയ്, അല്ലാതെ ദൈവത്തിനുവേണ്ടിയൊന്നുമല്ല!" കൂടുതല്‍ സാത്വിക ഗുണമാകുമ്പോള്‍ ആഹാരം പോലും വളരെ കുറച്ച് കഴിച്ചാല്‍ മതി, ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന യഥാര്‍ത്ഥ സന്യാസിമാരെ പോലെ - അങ്ങനെയും ആവാം. അല്ലാതെ സസ്യാഹാരം പുണ്യം, മാംസം പാപം എന്നൊന്നും കരുതുന്നില്ല. ചെടി യായാലും മല്‍സ്യം ആയാലും ആട് ആയാലും ആന ആയാലും, ആഹാരത്തിനു വേണ്ടി അവയെ ഉപയോഗിക്കുമ്പോള്‍ നമ്മുടെ മനോഭാവം എന്താണ് എന്നതാണ് നോക്കേണ്ടത്.

ശ്രീരാമാകൃഷ്ണപരമഹംസരും വിവേകാനന്ദസ്വാമിയും മല്‍സ്യം കഴിക്കാറുണ്ടായിരുന്നു, കാരണം മല്‍സ്യം ബംഗാളില്‍ വളരെ സുലഭമായിരുന്നു. എന്നാല്‍, ചട്ടമ്പിസ്വാമിയും നാരായണസ്വാമിയും സസ്യാഹാരം വേണമെന്ന് പറഞ്ഞിരുന്നു. അദ്ധ്യാത്മികമായി ചിന്തിക്കുന്ന ഒരാള്‍ സസ്യാഹാരി, അതും വളരെ കുറച്ച് ആഹാരം മാത്രം കഴിക്കുന്നത്‌ നല്ലതാണ് എന്ന്. തമിഴ്‌ നാട്ടിലെ സിദ്ധപരമ്പരയില്‍പ്പെട്ട അവധൂതന്മാരും എന്തു ആഹാരവും കഴിക്കുമെന്ന് കേട്ടിട്ടുണ്ട്. കാശിയിലെയും മറ്റും ആഹോരികളെ കുറിച്ച് കേട്ടിട്ടുണ്ടോ?

പൂവിന്റെ കാര്യം പറഞ്ഞത് സത്യമാണ് - ഈ നമ്മളും, നമ്മള്‍ കാണുന്ന ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരനാണ്, അല്ലെങ്കില്‍ ഈശ്വരന്റെതാണ്. അപ്പോള്‍പ്പിന്നെ, എന്റേതല്ലാത്ത ഒരു സാധനം ഞാന്‍ എങ്ങനെ ഈശ്വരന് സമര്‍പ്പിക്കും? മുമ്പ് ചര്‍ച്ചചെയ്ത മഹാബലിയുടെ കഥ തന്നെ ഇത് പറഞ്ഞുതരുന്നുണ്ട്.

എന്നിരുന്നാലും, മാനസികമായി ഈ ചിന്ത ഉറയ്ക്കാത്ത ഒരാള്‍ ഈശ്വരനെ ധ്യാനിച്ച്‌ പൂ പറിക്കുന്നതും, ജപത്തോടെ പൂ കെട്ടുന്നതും, പൂര്‍ണ്ണ സമര്‍പ്പണബുദ്ധിയോടെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതും മനസ്സില്‍ നല്ല ചിന്തകള്‍ ഉണ്ടാക്കും എന്നുതന്നെ കരുതുന്നു.

മറ്റുള്ളവര്‍ എന്തുകൊണ്ടിങ്ങനെയായി എന്നത് നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും ഒരു മാനദണ്ഢമാക്കാന്‍ കഴിയില്ല. അതിനാല്‍ വെജ് കഴിച്ചു അടിയുണ്ടാകുന്നവര്‍ കാണും, മാംസ്യം മാത്രം കഴിച്ചു നല്ല ചിന്തയുള്ളവരും കാണും.

- ഇതൊക്കെ എന്റെ കുഞ്ഞു ചിന്തകള്‍ മാത്രം. :-) നന്ദി.

ആത്മ said...

അഹോരികളെ കുറിച്ച് തന്ന ലിങ്കില്‍ പോയി കണ്‍ടു! കണ്ണൊക്കെ അടച്ചു തുറന്നും ഒക്കെ ഒരുവിധം പകുതിവരെ കണ്‍ടു.. പിന്നെ രക്ഷപ്പെട്ടു!
ദൈവമേ! ഇനി ആത്മയ്ക്കൊന്നും പറയാനില്ല!
മനുഷ്യര്‍ എല്ലാം ഭ്രാന്തന്മാരാണെന്നു തോന്നുന്നു.(വിവേകാനന്ദ സ്വാമി പറഞ്ഞത്)
ആര്‍ക്കും ഒന്നും അറിയില്ല.. ആത്മയ്ക്ക് പണ്‍ടേ ഒന്നും അറിയില്ല
മതിയായി..ത്റിപ്തിയായി..
ബാക്കി നല്ല ബുദ്ധി വരുമ്പോള്‍ നാളെ...:)

Rare Rose said...

അഹോരികളെ പറ്റി ഞാന്‍ കൂടുതല്‍ കേട്ടു തുടങ്ങിയത് ‘നാന്‍ കടവുള്‍’ സിനിമ ഇറങ്ങിയ ശേഷമാണു.വിഭ്രമാത്മകമായ ഒരു പ്രത്യേക ലോകമാണു അവരുടേതെന്നു ആ സിനിമയുടെ പരസ്യം കണ്ടപ്പോഴേ തോന്നിയിരുന്നു.എന്നെങ്കിലും കാണണമെന്നും കരുതിയിരുന്നു..
പക്ഷേ ആ വീഡീയോ കണ്ടെന്താണു പറയുക.ഹോ..മനസ്സ് മരവിച്ചു പോയി!!

എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും മനസ്സൊട്ടും സമ്മതിക്കുന്നില്ല ഇതൊക്കെ അംഗീകരിക്കാന്‍.:(

ശ്രീ (sreyas.in) said...

നമ്മള്‍ കഴിക്കുന്ന കോഴിയുടെ ശവശരീരത്തെക്കാളും മനുഷ്യശവശരീരത്തിനു എന്ത് പ്രത്യേകത എന്ന് നമുക്കും ചിന്തക്കാമെന്നു തോന്നുന്നു. ഈ രണ്ടു ടൈപ്പ് മനുഷ്യര്‍ക്കും ഭ്രാന്താണോ? കുറഞ്ഞപക്ഷം, ആഹോരികള്‍ ആരെയും കൊന്നുതിന്നുന്നില്ല; മരിച്ചവരുടെ ശവം മാത്രമാണ് അവര്‍ കഴിക്കുന്നത്‌. നമ്മളോ, കോഴിയെ കൊന്നുതിന്നാന്‍ വേണ്ടി വളര്‍ത്തി, കൊന്നു അല്ലെങ്കില്‍ കൊല്ലിച്ചു തിന്നുന്നു. ആര്‍ക്കാ ഭ്രാന്ത് കൂടുതല്‍ എന്നതുമാത്രമേ സംശയമുള്ളൂ! :-)

ആത്മ said...

ഇന്നലെ അഹോരികളെ കണ്ടതിനുശേഷം എന്തിനായിരിക്കാം അവർ അങ്ങിനെ ചെയ്യുന്നത്‌ എന്നാലോചിച്ചപ്പോൾ പിടികിട്ടി. ഒന്നിനെയും കൊല്ലാതെ അവർ വിശപ്പടക്കാൻ കണ്ടുപിടിച്ച സൂത്രം ആണെന്ന്‌! എന്നാലും ഇത്‌ ഇച്ചിരി കഠിനമായിപ്പോയീ..

പ്രത്യേകിച്ച്‌ ഒന്നും എഴുതാൻ തോന്നുന്നില്ല എങ്കിലും എന്തെങ്കിലും എഴുതണം എന്നും ഉണ്ട്‌..
ആത്മ കോഴിക്കറി വയ്ക്കുന്നതുതന്നെ മാർക്കറ്റീന്ന്‌ കോഴിയെ വെട്ടിയാണു വാങ്ങാറു. അതിൽ അതിന്റെ തലയും കൈയ്യും കാലും ഒന്നും ഇടരുതെന്ന്‌ പ്രത്യേകം പറയും..കയ്യൊക്കെ കണ്ടാലും മനുഷ്യരുടെ പോലെ തോന്നും ചിലപ്പോൾ..
കഴുത്തിന്റെ ഭാഗവും കളഞ്ഞ്‌( ആ ഭാഗമായിരിക്കില്ലേ കൂടുതൽ വേദനിച്ചതെന്നു കരുതി) ഉരുളക്കിഴങ്ങൊക്കെ പോലെ മറ്റൊരു ആഹാര സാഢനം എന്നു കരുതിയാനു കുക്ക്‌ ചെയ്യാറ്‌.
മീനും അതുപോലെ തന്നെ. തലയൊന്നും ഇല്ലാതെ വെട്ടി വാങ്ങും..

ഇതിനിടയിലാണു ഒരു മനുഷ്യനെ വെട്ടി ശാപ്പിടാൻ പോകുന്ന കാഴ്ച കണ്ടത്‌!
എങ്ങിനെ സഹിക്കും എന്റെ ഭഗവാനേ!.. എന്തെല്ലാം കണ്ടാൽ ഈ ജന്മം ഒടുങ്ങും!!
ശവം തിന്നു മോക്ഷത്തിനായി പ്രാർദ്ധിക്കുന്നതിനെക്കാളും ഭേദം വിശന്നു മരിച്ചു മോക്ഷം നേടിക്കൂടെ?!
കൂടെ ശവം തിന്നു മോക്ഷം നേടാനായി ഒരു സായിപ്പിനെയും കണ്ടു!
എത്രയോ നല്ല സന്യാസിമാർ മിതമായി ആഹാരം കഴിച്ചും വിശപ്പു നിയന്ത്രിച്ചും ഒക്കെ നല്ല കാര്യങ്ങൾ ചെയ്യുന്നു..
ഇതിപ്പോൾ ഒരു മനുഷ്യന്റെ ശവം തിന്ന്‌ മറ്റൊരു മനുഷ്യൻ ജീവൻ നിലനിർത്തുമെങ്കിൽ പിന്നെ ആഹാരത്തിനു വേറെ ഒന്നും തേടിപോകേണ്ടതില്ല അല്ലെ,
ഇങ്ങിനെ ജപിച്ചു ജപിച്ച്‌ ഇരിക്കുമ്പോൾ ചത്തുപോകുന്ന ഒരാളെ ഭക്ഷിച്ച്‌ ബാക്കിയുള്ളവർ ജീവിക്കും..
ഇവരൊക്കെ ഒരു ദ്വീപിൽ പെട്ടുപോയാലും ദേഹം അനങ്ങാതെ ജപിച്ചോണ്ടിരിക്കുമായിരിക്കും.. ആരെങ്കിലും ചാവുന്നതും പ്രതീക്ഷിച്ച്‌!
നമുക്ക്‌ തല്ക്കാലം ഈ ശവം തീനി സന്യാസിമാരുടെ കോപ്രായങ്ങൾ മറക്കാം..!(ആച്വലി, ഇത് പണ്ട്‌ സതിയൊക്കെ നിർത്തലാക്കിയതുപോലെ കർശനമായി നിർത്തേണ്ട ഒന്നാണ്‌)

ആത്മേടെ പ്രിയ ആഹാരം ചോറും തൈരും ചെറുപയറു തോരനും കൂടി മിക്സ്‌ ചെയ്ത്‌
ഒരു കാന്താരി മുളകും കൂടി കിട്ടിയാൽ പരമാനന്ദം..
പണ്ട്‌ കപ്പ പുഴുങ്ങിയതും തൈരും കാന്താരിമുളകും ഒക്കെയായിരുന്നു..
കപ്പ അധികം കഴിച്ചാൽ ഡയബറ്റീസ്‌ വരുമെന്ന്‌ ആരോ പറഞ്ഞതു കേട്ട്‌ അതു നിർത്തി.
പിന്നെ സാമ്പാറും തൈരും ചേർത്ത്‌ കാന്താരിമുളകും കൂട്ടി കഴിക്കാനും ഭയങ്കര ടേസ്റ്റ്‌ ആണ്‌.. (വെജിറ്റേറിയൻ കഴിക്കുന്നത്‌ പാപമല്ലെന്നു കരുതുന്നവരോട്‌)
ഇനി മിക്കവാറും ചിക്കണും ഫിഷും ഒന്നും കഴിക്കില്ലായിരിക്കാം..!

ആത്മ said...

ഓ. കെ
ആത്മ കണ്ടുപിടിച്ചു!
മനസ്സാണു പ്രധാനം!
കോഴിക്കും പച്ചിലകൾക്കും ഒന്നും മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിവില്ല.
ഒരു ചിറിയ വേദന(അതു വേദന പോലും ആയി അത് തിരിച്ചറിയില്ല)
അതോടെ തീർന്നു.
അല്ലാതെ ‘അയ്യോ എന്റെ ബന്ധുക്കളെയൊക്കെ പിടിച്ചുകൊണ്ടു പോയി അറുത്തു കറിവച്ചേ എന്നു മനസ്സിലാക്കാൻ തക്കവണ്ണം മനസ്സ് അതിനില്ല
ചെടികൾക്കും അതു കാണില്ല
മനസ്സുള്ളത് മനുഷ്യനു മാത്രം
ചുരുക്കത്തിൽ മറ്റൊരു മനസ്സിനെ വിഷമിപ്പിക്കുന്നത് മാത്രമേ പാപം ആകുന്നുള്ളൂ..
ബാക്കി പിന്നെ,

വല്യമ്മായി said...

എനിക്ക് തോന്നുന്നത് എല്ലാത്തിനും മനസ്സ് ഉണ്ടെന്നാണ്.പക്ഷെ അവയുടെ മനസ്സ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം പ്രോസസ്സ് ചെയ്യുമ്പോള്‍ മനുഷ്യമനസ്സിനു കാര്യങ്ങള്‍ സൂക്ഷിച്ച് വെച്ച് അതിനെ പ്രോസസ്സ് ചെയ്യാനുള്ള കഴിവ് കൂടുതലുണ്ട്. ഒരു കാര്യം,ഉദാഹരണത്തിന് ഇന്ന് വിരിഞ്ഞ് പൂവ് നാളെ കൊഴിയുമ്പോള്‍ അതില്‍ തന്റെ ജീവിതം കാണാന്‍ മനുഷ്യനേ കഴിയൂ അതെ കാഴ്ച കാണുന്ന മൃഗങ്ങള്‍ക്ക് കഴിയില്ല.

ശ്രീ (sreyas.in) said...

അതെ, മനസ്സ് എല്ലാവര്‍ക്കുമുണ്ട് എന്നുതോന്നുന്നു. പക്ഷെ, മനനം ചെയ്യുന്നത് മനുഷ്യന്‍ മാത്രമായിരിക്കാം.

എന്തായാലും, മനുഷ്യന്‍ മനുഷ്യനെ തിന്നുന്നത് കാണുമ്പോള്‍ അത് എന്റെ ശരീരത്തെയുമാവാം എന്നൊരു ചിന്തയും നാം അതിനെ വെറുക്കാന്‍ കാരണമാകാം. ഒരു ചെറിയ പേടി അല്ലെങ്കില്‍ ഭയം. കോഴിയാവുമ്പോള്‍ നമുക്ക് അങ്ങനെതോന്നില്ല.

ആത്മ said...

അതെ വലിയമ്മായി..
മനുഷ്യന്റെ പ്രത്യേകത മനസ്സ് കൊണ്ട് ചിന്തിക്കാൻ കഴിയും എന്നതുതന്നെ..
അത് മനുഷ്യന്റെ അനുഗ്രഹത്തിനെക്കാളും ശാപമായും തോന്നാറുണ്ട്..
മനുഷ്യനല്ലെ നിരാശ,ബോറടി ഒക്കെയുള്ളൂ
പിന്നെ എല്ലാ മനുഷ്യരും ഈ ലോകത്തിൽ എന്തോ നേടാനെന്നും പറഞ്ഞ് ജീവിതകാലം മുഴുവനും ആ ആഗ്രഹവുമായി ജീവിക്കുന്നു..ഒടുവിൽ ഒന്നും ഇല്ലാതെ മടങ്ങുന്നു..

ഇന്ന് പോയി മാവിന്റെ ഒരു ചില്ല കൂടി വെട്ടി ആകെ ക്ഷീണം..

വലിയമ്മായിയെപ്പറ്റി കലകൌമുദിയിൽ വന്നത് കണ്ടായിരുന്നു.. "അഭിനന്ദനങ്ങൾ"
കലാകൌമുദിയിൽ വന്നതിനെക്കാളും അസൂയ (വെറുതെ..:)..) തറവാടി(ഇനി ആരേം ജി ചേർ_ക്കില്ല ട്ടൊ) അത് അഭിമാനപുരസരം അറിയിച്ചതുകണ്ടപ്പോഴാൺ‌..

അല്ലെ, ഈ ആത്മയുടെ കൂട്ടുകാരിൽ അപ്പോൾ അല്പം തരക്കേടില്ലാത്തവരും ഉണ്ട് അല്ലെ!
പണ്ടേ ആത്മയ്ക്കൊരസുഖം ഉണ്ട്..
അത്മയോടടുക്കാതെ ദൂരെ നില്ക്കുന്നവരൊക്കെ വലിയവർ,കേമന്മാർ..ആത്മയോട് കൂടുതൽ അടുത്തുകഴിഞ്ഞാൽ പിന്നെ ഗ്ളാമറൊക്കെ പോകും..( ആത്മയോട് കൂടുതൽ അടുക്കുന്നവരും ആത്മയുടെ റേഞ്ജിലേക്ക് വരും..!)
അമ്മായി മാത്രമേ ഉള്ളൂ ട്ടൊ പിടിതരാതെ...‌!

ആത്മ said...

ശ്രീ (sreyas.in)
അതെ! കോഴി കൊലക്കത്തിയുമായി നമ്മുടെ പുറകെ ഒടിവരില്ലല്ലൊ,
ബന്ധുമിത്രാദികളാരും ചോദിക്കാനും വരില്ല.
എന്തും ചെയ്യാം..:)

ചോദ്യവും വിചാരണയുമൊക്കെ ഉണ്ടെൻകിലും അത് മറുലോകത്തിലല്ലേ,