Tuesday, May 11, 2010

ഈ മനസ്സിന്റെ ഒരു കാര്യം !

പണ്ടൊക്കെ സന്തോഷം വരാൻ എളുപ്പമായിരുന്നു!
ഈ സന്തോഷം എന്നു പറയുന്നത്‌ മദ്യം, വേദനാസംഹാരികള്‍ ഒക്കെപ്പോലെ ശീലമാകുതോറും അളവു കൂട്ടിക്കൊണ്ടിരുന്നാലേ ഏക്കൂ എന്നു തോന്നുന്നു..
പണ്ടൊക്കെ സന്തോഷിപ്പിച്ച പല കാര്യങ്ങളും ഇന്ന് നിസ്സംഗതയോടെ സ്വീകരിക്കുന്നു എന്റെ മനസ്സ്‌ !
ആദ്യം മാര്‍ക്കറ്റില്‍ പോയി കോവയ്ക്ക വാങ്ങിയപ്പോൾ എന്തോ മഹത്‌ കാര്യം സാധിച്ച സന്തോഷമായിരുന്നു..! ഒരു സി. ഡി യോ പുത്തൻ ഡ്രസ്സോ വാങ്ങിയാലും വെറുതെ മക്കളോടൊപ്പം യാത്ര ചെയ്‌താല്‍ പോലും മനസ്സ്‌ വല്ലാതെ സന്തോഷിച്ചിരുന്നു..!
ഇപ്പോൾ ഇതൊക്കെ ചെയ്യുമ്പോൾ ഒരു യാന്ത്രികത !
മനസ്സ്‌ കൊടൂരമായി ചോദിക്കുന്നു, "ഹും! നീ ഇതൊക്കെ ചെയ്യുന്നത്‌ എന്നെ സന്തോഷിപ്പിക്കാം എന്ന വ്യാമോഹത്താലാല്ലേ, എന്നാൽ ഞാനിതിലൊന്നും അലിയുമെന്ന് തോന്നുന്നില്ല ആത്മേ.."
"പിന്നെ മി. മനസ്സേ താങ്ങൾ എന്തു ചെയ്താലാണ്‌ സന്തോഷിക്കുക?" എന്നു ചോദിച്ചാൽ മനസ്സിനും ഉത്തരമില്ല! നിര്‍വ്വികാരത!
ഇന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ആത്മ മനസ്സിനോട്‌ ചോദിച്ചു , "ഒരിക്കലും സന്തോഷിക്കാത്ത മനസ്സേ, നിന്നെയും കൊണ്ട്‌ ഞാനെങ്ങിനെ ഈ ജന്മം ജീവിച്ചു തീർക്കാൻ?! ഒരിച്ചിരി സന്തോഷിച്ചുകൂടേ?"
"എല്ലാറ്റിനേയും ഒരു വിമർശ്ശനബുദ്ധ്യാ വീക്ഷിക്കുന്നതുകൊണ്ടല്ലേ എല്ലാം നശ്വരമെന്നും നിരർത്ഥകമെന്നുമൊക്കെ തോന്നുന്നത്?, റിലാക്സായി, ഓരോ കൊച്ച്‌ കൊച്ച്‌ സംഭവങ്ങള്‍ വിശകലനം ചെയ്യാൻ നിൽക്കാതെ, മറ്റുള്ളവരെപ്പോലെ വെറുതെ ആസ്വദിച്ചുനോക്കൂ.. അപ്പോള്‍ ഓരോ നിമിഷവും ആസ്വാദ്യമായി തോന്നും! ‍ മഴ പെയ്യുന്നത്, കാറ്റ് വീശുന്നത് , സൂര്യന്‍ ഉദിക്കുന്നത്, ഒക്കെ കാണുമ്പോള്‍ സന്തോഷം വരുന്നത് കാണാം!, ഒന്നും നമുക്കായി മാത്രമല്ലെങ്കില്‍ ക്കൂടി !"

മനസ്സ് തലകുലുക്കി സമ്മതിച്ചു. നാളെ എന്താകുമെന്നു നോക്കാം!

-----

പിറ്റേ ദിവസം വന്നു!

സൂര്യന്‍ ഉദിച്ചു, കാറ്റും മഴയും ഒന്നും തന്നെ ഇല്ല!.ഭയങ്കര ചൂട്! . ബ്ലോഗില്‍ വന്നു നോക്കി, ആരും വായിക്കാന്‍ വന്നിട്ടില്ല! ആശ്വസിക്കണോ, ഖേദിക്കണോ എന്നൊരു ആശയക്കുഴപ്പം പതിവുപോലെ മിന്നി മറഞ്ഞു.. പിന്നെ ‘ഞാന്‍ ഒന്നും തന്നെ എഴുതിയില്ലല്ലോ മറ്റുള്ളവര്‍ക്ക് വായിക്കാനായി..’ എന്ന് സമാധാനിച്ചു.

വായനയുടെ കാര്യം എഴുതിയിപ്പോള്‍ ഇപ്പോള്‍ വായിക്കുന്ന ബുക്ക്‌ Chitra Banarjee Divakaruni യുടെ " The Palace of Illusions" ആണ്. കുറച്ചു നാള്‍ മുന്പ് വായിച്ചു തുടങ്ങിയതാണെങ്കിലും മറ്റേതോ നല്ല ബുക്ക് കിട്ടിയപ്പോള്‍ ഇത് മാറ്റിവയ്ച്ചു . എന്ന് കരുതി ഇത് നല്ല ഒരു ബുക്ക്‌ ആണ് കേട്ടോ..പാഞ്ചാലി ഓര്‍മ്മകള്‍ അയവിറക്കുന്നതാണ് . Chitra Banerjee യുടെ മറ്റൊരു ബുക്ക്‌ ആയ The Mistress of Spice എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ട ഒരു ബുക്ക്‌ ആണ്.

ഇത്രേം എഴുതിയപ്പോള്‍‌ ‍ലൈബ്രറിയില്‍ പോകാന്‍ ഒരു ചാനസ് കിട്ടി!

എങ്കിപ്പിന്നെ പോയിട്ട വരാം..

(അക്ഷരതെറ്റ്ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക! കാരണം മുപ്പതെ മുപ്പതു ദിവസം കഴിഞ്ഞപ്പോള്‍ കീമാന്‍ പറയുന്നു, ഇനി വേണമെങ്കില്‍ കാശു കൊടുത്ത് വാങ്ങണം പോലും!- ആത്മയ്ക്ക് ചില്ലറയൊന്നും അല്ല വിഷമം വന്നത്! കാശിന്റെ കഥകളൊക്കെ ആത്മ പോയിട്ട് വന്നു വിശദമായി എഴുതാം..ഈ ബ്ലോഗില്‍ കാണുന്ന ഫോണ്ട് വല്ല ഇംഗ്ലീഷുകാരും കണ്ടുപിടിച്ചതാകും അല്ലിയോ ?!)

------

കാശിന്റെ കാര്യം എഴുതാമെന്ന് പറഞ്ഞില്ലേ, അത് ചുരുക്കി ഇങ്ങിനെ എഴുതാം..

മറ്റുള്ളവരുടെ കീശയിലെ കാശ് സ്വന്തം കീശയില്‍ ആക്കാമെന്നാലോചിച്ച ജീവിക്കുന്ന കുറെ മനുഷ്യരെ പറ്റി എഴുതാം..

ഉദാഹരണത്തിന് ഇവിടെ ക്ളീനിങ്ങിനു വരുന്ന സ്ത്രീ എങ്ങിനെ ആത്മയുടെ കാശ് സ്വന്തം പോക്കടിലാക്കാം എന്ന് ആലോചിച്ച് ജോലി ചെയ്യും പോലെ!

പിന്നെ നീട്ടിയ മുടി വീണ്ടും ചുരുട്ടാന്‍ ഹെയര്‍ സലൂനില്‍ ചെന്നപ്പോള്‍ അവിടെയുള്ള ബാര്‍ബര്‍മാരും ബാര്‍ബിമാരും ഒക്കെ ആത്മെടെ കീശയിലെ കാശ് എങ്ങിനെ മൊത്തമായി അവരുടെ പണപ്പെട്ടിയില്‍ ആക്കാമെന്ന ആക്രാന്തത്തോടെ മുടി ബ്ളോ അപ്പ്, ലയറിംഗ്, തുടങ്ങി എന്തൊക്കെയോ അഭ്യാസങ്ങള്‍ കാട്ടുന്നപോലെ..

ഫോണ്‍ കടയില്‍ ചെന്നപ്പോള്‍ അവിടെ ഒരാള്‍ക്ക് ഭയങ്കര സ്നേഹം! പറയാതെ തന്നെ, എന്റെ ഫോണില്‍ സ്ക്രീന്‍ പ്രോട്ടക്ടര്‍ വച്ചു തരാന്‍ എന്തൊരുത്സാഹം! ഒടുവില്‍ ബില്ല് കൊടുക്കുമ്പോള്‍ അയാളും കാശടിച്ചു മാറ്റാന്‍ സമര്‍ത്ഥന്‍ എന്ന് സമ്മതിക്കാതെ നിവര്‍ത്തിയില്ലാതായിപ്പോയീ..!

ചുരുക്കം പറഞ്ഞാല്‍.. ആത്മയടക്കം എല്ലാരും ആ ഒരു ചിന്തയോടെയാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോയി ഒരു നിമിഷം!

ആത്മ മി. ആത്മേടെ പോക്കറ്റിലെ കാശ് എങ്ങിനെ സ്വന്തം കീശയില്‍ ആക്കാം എന്നാലോചിക്കുമ്പോള്‍ (വെറുതെ! ന്യായമായത് മാത്രം!) മി. ആത്മ ഈ ലോകത്തിലെ മനുഷ്യരുടെ മുഴുവന്‍ കാശ് എങ്ങിനെ സ്വന്തം അക്കൌണ്ടില്‍ ആക്കാം (വെറുതെ.. കമ്പനീലെ മാത്രം!) എന്നാലോചിച്ചും നടക്കുന്നു എന്നൊരു തോന്നല്‍...

വെറും തോന്നലുകള്‍ ആണേ..! ഇതിനു വിപരീതമായും തോന്നും ഫ്ചിലപ്പോള്‍..

10 comments:

സു | Su said...

അങ്ങനെയാണോ കാര്യം? എന്നാൽ ആത്മേച്ചി മാറണം. കൊച്ചുകൊച്ചുകാര്യങ്ങളിൽപ്പോലും വല്യ വല്യ സന്തോഷം കണ്ടെത്തുക. മനസ്സിനെന്താണിപ്പോൾ ഒരു സന്തോഷ/സുഖക്കുറവ്? തോന്നലു തന്നെ. അല്ലേ? സന്തോഷമായിരിക്കൂ ആത്മേച്ചീ. എന്നെപ്പോലെ. നമ്മളെ നമ്മളു നോക്കിയില്ലെങ്കില്‍പ്പിന്നെ ആരുനോക്കും എന്നുവിചാരിച്ചാമതി. ദൈവം ഉണ്ട് എന്നാലും...

കടയില്‍പ്പോകുന്നുണ്ടെങ്കിൽ എനിക്കും കൂടെ വാങ്ങണം ഐസ്ക്രീമോ ചോക്ലേറ്റോ ഒക്കെ. കേട്ടോ. ഒറ്റയ്ക്കു “ട്രീ‍റ്റി” സന്തോഷിക്കരുത്.

പുസ്തകങ്ങളൊക്കെ വായിക്കുന്നുണ്ട്. അതൊക്കെക്കഴിഞ്ഞ് ആത്മേച്ചി വായിക്കുന്നെന്ന് പറയുന്നതും വായിക്കാൻ ശ്രമിക്കാം.

മനസ്സിനോട് പറയൂ. അടങ്ങി, പറയുന്നതും കേട്ട് ഇരുന്നോളണം എന്ന്.


:)

ആത്മ said...

സൂ എവിടെയൊക്കെയാണ്‌ സർക്കീട്ടിനു പോയത്‌!
കണ്ടപ്പോൾ അസൂയ വന്നു ട്ടൊ,
പക്ഷെ, കമന്റ്‌ കണ്ടപ്പോൾ അസൂയ പമ്പ കടന്നു!
ഷോപ്പിംഗ്‌ നു പോകും മുൻപ്‌ കമന്റ്‌ വായിച്ചില്ല അല്ലെങ്കിൽ കുറച്ചുകൂടി സന്തോഷമായി പോയി വരാമായിരുന്നു..
ഇന്നത്തെ ഷോപ്പിംഗ്‌ തരക്കേടില്ലായിരുന്നു.
ഒരുവിധം സന്തോഷമായി മടങ്ങി വന്നു!

മാറുന്ന മലയാളി said...

"ഇപ്പോള്‍ വായിക്കുന്ന ബുക്ക്‌ Chitra Banarjee Divakaruni യുടെ " The Palace of Illusions" ആണ്"

ചുമ്മാതല്ല സന്തോഷമൊക്കെ പോയത്...വല്ല മംഗളമോ മനോരമയോ വാങ്ങി വായിച്ചാല്‍ പോരായിരുന്നോ....:)

ആത്മ said...

ഞാൻ ആദ്യം ശരിക്കും ഉള്ളതാണ്‌ പറയുന്നതെന്നാണ്‌ കരുത്തിയത്‌!
പിന്നെ ട്യൂബ്‌ ലൈറ്റ്‌ കത്തി!.:)

വല്യമ്മായി said...

നമ്മള്‍ വളരും തോറും സന്തോഷം വരാനുള്ള മാനദണ്ഡവും മാറും.കുറച്ച് ദിവസം മുമ്പ് മറ്റൊരു ബ്ലോഗില്‍ കമന്റ്യത് ഒന്നു കുടെ എഴുതട്ടെ,രണ്ട് വയസ്സ്കാരന്‍ മകന്‍ എന്ത് കണ്ടാലും ഹായ് എന്ന് പറയും.ഒരോ ചെറിയ കാര്യത്തെയും അത്തരമൊരു മനസ്സോടെ സ്വീകരിച്ചാല്‍ നമ്മളും ഒരോ നിമിഷവും പുതുക്കപ്പെടും :)

കഴിഞ്ഞ ദിവസം ഷോപ്പിങ്ങ് മാളില്‍ പോയപ്പോ അവിടത്തെ ആള്‍ക്കൂട്ടത്തെ എനിക്കും ചലിക്കുന്ന നോട്ട് കെട്ടുകളായാണ് തോന്നിയത് :)

ശ്രീ said...

'ആത്മ മി. ആത്മെടെ പോക്കറ്റിലെ കാശ് എങ്ങിനെ സ്വന്തം കീശയില്‍ ആക്കാം എന്നാലോചിക്കുമ്പോള്‍ മി. ആത്മ ഈ ലോകത്തിലെ മനുഷ്യരുടെ മുഴുവന്‍ കാശ് എങ്ങിനെ സ്വന്തം അക്കൌണ്ടില്‍ ആക്കാം എന്നാലോചിച്ചും നടക്കുന്നു എന്നൊരു തോന്നല്'

ചില നേരത്ത് ആത്മേച്ചിയുടെ ചിന്തകള്‍ വായിച്ചാല്‍ ചിരിച്ചു പോകും :)

ആത്മ said...

വല്യമ്മായി..:)
അതെ അങ്ങിനെ കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നു..

സമാധാനിക്കാനായി ഇന്ന് മറ്റൊരു ചിന്തയും കിട്ടി!
നാമെല്ലാം ഒരേ ഈശ്വരന്റെ അംശങ്ങളല്ലെ,
അപ്പോൾ നാം ദുഃഖിക്കുന്നതും നമ്മുടെ എതിരി സന്തോഷിക്കുന്നതും ഒക്കെ ഒരേ ഈശ്വരാംശങ്ങൾ തന്നെയാണെന്ന് കരുതിയാൽ എല്ലാം ശുഭം!

ഉദാ: ഇന്ത്യൻ ക്രിക്കറ്റ്കാർ ഒരിക്കൽ ജയിച്ച് ആർമാദിക്കുമ്പോൾ പാക്കിസ്ഥാൻ കളിക്കാർ തോൽവിയാൽ തളർന്ന് നിലത്ത് മലർന്ന് കിടന്നുവത്രെ( ഒരു ആത്മീയാചാര്യന്റെ പ്രഭാക്ഷണത്തിൽ നിന്നാണു ട്ടൊ,)
പക്ഷെ, ഈ ജയിച്ച് ആർമാദിക്കുന്ന ഇന്ത്യാക്കാരും തോറ്റ് നിലം പറ്റിക്കിടക്കുന്ന പാക്കിസ്ഥാനികളും ഒരേ ഈശ്വരന്റെ അംശങ്ങളാണെന്നു വരികിൽ രണ്ടും വെവ്വേറെ ദൃഷ്യാ നോക്കിക്കാണുന്നവർക്കല്ലെ ഈ വിഷമങ്ങളൊക്കെ തോന്നൂ..

പിന്നെ നാം കഴിക്കാനായി കൊല്ലുന്ന ആടുമാടുകളുടെ ഉള്ളിലും നമ്മുടെ ഉള്ളിലും ഒക്കെ ജീവനായി ഉള്ളതും ഒരേ ഈശ്വരൻ !
എലിയെ പിടിക്കാനോടുന്ന പൂച്ചയുടെ ഉള്ളിലും ഭയന്നോടുന്ന എലിയുടെ ഉള്ളിലും ഉള്ളത് ഒരേ ഈശ്വരചൈതന്യം..!
എല്ലാം ഈശ്വരന്റെ മായകൾ!!

ആത്മയെ ഒതുക്കി വീട്ടിലാക്കി മി. ആത്മയും മറ്റും വെളിയിൽ ആർമാദിക്കുമ്പോഴും,ഒക്കെ ഒരേ ഈശ്വരന്റെ അംശങ്ങൾ.. ആത്മ വിഷമിക്കുന്നതും മറ്റുള്ളവർ അതിന്റെ പേരിൽ ആർമാദിക്കുന്നതും ഒക്കെ വിവേചിക്കാതെ എല്ലാം ഈശ്വരന്റെ അംശങ്ങൾ , ആരു സന്തോഷിച്ചാൽ എന്നാ ആരു വിഷമിച്ചാൽ എന്നാ..എന്നിങ്ങനെ സമാധാനിച്ചാൽ എല്ലാ പ്രശ്നങ്ങളും സോൾവ്ഡ്!

എത്ര ദിവസത്തേക്കാണൊ ഈ ചിന്തകൾ ആശ്വാസം തരുന്നത് എന്ന് കണ്ടറിയാം..!:)

ആത്മ said...

ശ്രീ,

ശ്രീ ചിരിച്ചു എന്നറിഞ്ഞപ്പോൾ ആത്മയ്ക്കും ചിരി വന്നു ട്ടൊ,..:)
നന്ദി!

മാണിക്യം said...

http://malayalamonly.com/malayalam_tool/ml_type.html

try this for typing malayalam and even if keyman is not working you can write without any trouble ...

ആത്മ said...

വളരെ വളരെ നന്ദി! :)