Thursday, April 22, 2010

മറുപടികള്‍.

തറവാടിജി എഴുതിയില്ലേ
“ദുഃഖത്തില്‍ പങ്ക് ചേരുന്നവനല്ല
യഥാര്‍ത്ഥ സുഹൃത്ത്,
സന്തോഷത്തില്‍
പങ്ക് ചേരുന്നവനാകുന്നു. ”
എന്ന് ,
അത് ആത്മയ്ക്കും തോന്നിയിട്ടുണ്ട്..
അതെ, ഒരാള്‍ നമ്മുടെ യഥാര്‍ത്ഥസുഹൃത്താണെങ്കില്‍ മാത്രമേ അവരുടെ സന്തോഷത്തില്‍ പങ്കുചേരാനാവുകയുള്ളൂ.. നമ്മോടു ശത്രുത അല്ലെങ്കില്‍ മാത്സര്യം വച്ചുപുലര്‍ത്തുന്നവരുടെ വിജയത്തിലോ സന്തോഷത്തിലോ പങ്കുചേരാന്‍ ചെന്നാല്‍ അവര്‍ (വിശാലഹൃദയരല്ല എങ്കില്‍) നമ്മെ ഒരുതരം പുശ്ചഭാവത്തില്‍ നോക്കും, “കണ്ടോടാ, ഞാനങ്ങനെ വിജയിച്ച്.. ആര്‍മാദിക്കുന്നത്! ഈ സന്ദര്‍ഭത്തില്‍ നീ വേണമെങ്കില്‍.. അല്ല.. തീര്‍ച്ചയായും..അസൂയപ്പെടേണ്ടവനാണ്..” ഒരുപക്ഷെ, നമ്മുടെ അസൂയയായിരിക്കും അയാള്‍ക്ക് സ്വന്തം വിജയത്തെക്കാളും സന്തോഷമേകുന്നതും! അങ്ങിനെയുള്ള ചില നിസ്സഹായ സന്ദര്‍ഭങ്ങളില്‍ ഒരിച്ചിരി അസൂയയൊക്കെ കാട്ടി രംഗത്തുനിന്നും നിഷ്ക്രമിക്കുക.. പിന്നെ കയറ്റത്തീന്ന് ഇറങ്ങുമ്പോള്‍ നമുക്ക് വീണ്ടും കാണാം.. എന്ന സമാധാനത്തോടെ..

പിന്നെ വേറൊരു വ്യൂവിലോടെ പറഞ്ഞാല്‍, സന്തോഷിക്കാന്‍ ഇഷ്ടമ്പോലെ കൂട്ടുകാരെ കിട്ടും..
പക്ഷെ, നമുക്കൊരു ആപത്തുവരുമ്പോള്‍ അല്ലെങ്കില്‍ അപഖ്യാതി, കഷ്ടനഷ്ടങ്ങള്‍ ഒക്കെ വരുമ്പോള്‍ കൂടെ നില്‍ക്കാന്‍‍ വളരെ ചുരുക്കം പേരേ ഉണ്ടാവൂ..! അങ്ങിനെ ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ അതായിരിക്കും യഥാര്‍ത്ഥ സുഹൃത്ത്.. നമ്മുടെ വേദനയില്‍ ഒപ്പം വിഷമിക്കുന്ന ആ
സുഹൃത്ത് നമുക്ക് നല്ലതുവരുമ്പോള്‍ സന്തോഷിക്കയും ചെയ്യുമല്ലൊ. അപ്പോള്‍, ‘എപ്പോഴും ഒപ്പം ഉള്ള സുഹൃത്തായിരിക്കും യധാര്‍ത്ഥ സുഹൃത്ത് ’എന്ന് ആത്മയ്ക്ക് തോന്നുന്നു... സന്തോഷത്തിലും ദുഃഖത്തിലും ഒക്കെ.. അത് കൂട്ടുകാരെക്കാളും മാതാപിതാക്കളോ, മക്കളോ, ഭാര്യയോ ആകാനാണ് എളുപ്പം! പെണ്ണുങ്ങളുടെ കാര്യത്തില്‍ ഒരു ചൊല്ലുണ്ട് ‘വിവാഹം കഴിയുന്നതുവരെ പിതാവിന്റെ സംരക്ഷണ പിന്നീട് ഭര്‍ത്താവ് പിന്നീട് മകന്‍..’ എന്നിങ്ങനെ..
അതു ആണുങ്ങള്‍ക്കും ബാധകമാണ്. സ്നേഹം, ആത്മാര്‍ത്ഥത, സുഖത്തിലും ദുഃഖത്തിലും കൂടെ നില്‍ക്കുന്നവര്‍.., വിവാഹം കഴിയുന്നതുവരെ മാതാപിതാക്കള്‍.. പിന്നെ, ഭാര്യയോ മക്കളൊ ഒക്കെതന്നെയായിരിക്കും ഒപ്പം എല്ലാറ്റിലും കൂടെയുണ്ടാവുക.. ( ഇപ്പോള്‍ സൌഹൃദങ്ങളൊക്കെ കാത്തുസൂക്ഷിക്കാനൊക്കെ വലിയ പ്രയാസമാണ്.. അങ്ങിനെയുള്ള ഒരു യുഗമാണെന്നു തോന്നുന്നു. പക്ഷെ അങ്ങിനെ ഒരു സുഹൃത്ത് ഉള്ളത് ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. അവര്‍ക്കും ഒരു പരിധിവരെ നമ്മുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളാകാന്‍ കഴിയും)
-------------------------
ഇനി തറവാടിജിയുടെ അടുത്ത പോസ്റ്റിനെ പറ്റി ആത്മയുടെ അഭിപ്രായം എഴുതാം..
“പാവനമായ ബന്ധം
മാതൃത്വമെന്നത്
തെറ്റായ ചിന്തയാണ്
സുഹൃത്ത് ബന്ധമാണ്
ഏറ്റവും പാവനമായത്.”

ദിസ് ഈസ് ടൂ മച്ച് തറവാടിജീ! ദിസ് ഈസ് ടൂ മച്ച്! (ടൂ റ്റൂ ഏതുവേണമെങ്കിലും എടുക്കാം..)

ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള സ്നേഹത്തെ വെല്ലാന്‍ ഈ ലോകത്തില്‍ മറ്റൊരു സ്നേഹത്തിനുമാകില്ല!
കാരണം കുഞ്ഞ് അമ്മയില്‍ നിന്നും സ്നേഹമല്ലാതെ യാതൊന്നും പ്രതീക്ഷിക്കുന്നില്ല;
അമ്മ കുഞ്ഞില്‍ നിന്നും സ്നേഹമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല;
സ്നേഹം സ്നേഹം സര്‍വ്വത്ര സ്നേഹം.
അത് കണ്ടീഷണല്‍ ലവ് ഒന്നും അല്ല. .
(നീ എന്റെ വയറ്റില്‍ പിറന്നതുകൊണ്ടുമാത്രമാണ് ഞാന്‍ നിന്നെ ഇത്രയധികം സ്നേഹിക്കുന്നത് എന്നോ, നിങ്ങള്‍ എന്നെ നൊന്തു പ്രസവിച്ചതുകൊണ്ടാണ് നിങ്ങളെ ഞാന്‍ ഇത്രയധികം സ്നേഹിക്കുന്നതോ എന്നുപോലും അവര്‍ക്കറിയില്ല. അതൊക്കെ കുഞ്ഞു വലുതായി സ്വാതന്ത്രം പ്രഖ്യാപിച്ചു തുടങ്ങുമ്പോള്‍ ഉദിക്കുന്ന ചോദ്യങ്ങളാണ്. പ്രകൃതി തന്നെ കുഞ്ഞിനു നല്‍കിയതുമാകണം- അല്ലെങ്കില്‍ എന്നും അമ്മയുടെ സുരക്ഷിതത്വത്തില്‍ കഴിയാനാവില്ലല്ലൊ..)

(കുഞ്ഞിനെ ശുശ്രൂക്ഷിക്കുമ്പോള്‍ അമ്മയ്ക്ക് യാതൊരു ശാരീരിക സുഖവും കിട്ടുന്നില്ല. അമ്മയുടെ ശരീരം വളരെ വേദനകളെയൊക്കെ തരണം ചെയ്താണ് കുഞ്ഞിനെ നേടുന്നതും.. പിന്നീടും ഉറക്കമില്ലാതെ സ്വന്തം ശരീരത്തിന്റെ കഷ്ടനഷ്ടങ്ങള്‍ മറന്ന് കുഞ്ഞിനെ പരിപാലിക്കുന്ന അമ്മമാരില്‍ എന്തു സ്വാര്ത്ഥത! അവര്‍ക്ക് എന്തുസുഖമാണ് കിട്ടുന്നത്?! )

-------------
തറവാടിജിയുടെ കമന്റിനു മറുപടി:

1. ഒരു വിമര്‍ശനമുണ്ട്: >>ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം, പിതാവിന് കുഞ്ഞിനോട് തോന്നാവുന്ന സ്നേഹം<< ഈ വരികളില്‍ ചിലതെല്ലാം മറഞ്ഞിരിക്കുന്നല്ലോ!

ഒരു കുഞ്ഞ് സ്ത്രീയെ അമ്മയാക്കുന്നതുപോലെ പുരുഷനെ അച്ഛനാക്കുന്നുമുണ്ട്. കുഞ്ഞിനോടുള്ള സ്നേഹവും രണ്ടുപേര്‍ക്കും ഒരുപോലെയുണ്ട്.. എങ്കിലും.. ഒരുതരം ബോഡിലി അറ്റാച്ച്മെന്റ് അമ്മയ്ക്ക് കൂടും എന്ന് തോന്നുന്നു... ചില പിതാക്കന്മാര്‍ക്ക് മക്കളോട് അമ്മയ്ക്കുള്ളതിനെക്കാളും മാനസികമായി അടുപ്പവും ഉണ്ട്.. പക്ഷെ തീരെ കൈക്കുഞ്ഞായിരിക്കുമ്പോള്‍ ഒരു കുഞ്ഞും അമ്മയുമായുള്ള ബന്ധം അതിലൊരു ദിവ്യതയില്ലേ?

2. ബന്ധത്തെപറ്റി: (തറവാടിജി എഴുതിയത്)
ഏറ്റവും പാവനമായ ബന്ധം സുഹൃത്‌ബന്ധമാണെന്നാണെന്റെ പക്ഷം, ഹായ്! പൂയ് 'സുഹൃത്' ബന്ധമല്ല വിവക്ഷിച്ചത്. ഈശ്വരനോടുള്ള സ്നേഹം പോലും കണ്ടീഷണലണ്, അപ്പോ പിന്നെ അമ്മ / അച്ഛന്‍ ബന്ധത്തെപറ്റി പറയാനുണ്ടോ!
ഇതിനു മറുപടി അമ്മായി തന്നെ തന്നുകഴിഞ്ഞു!

“ഈശ്വരാ എനിക്ക് നല്ലത് മാത്രം വരുത്തണെ എന്നോ എന്റെ ആഗ്രഹം (പണം/ജോലി etc) കിട്ടിയാല്‍ ഞാന്‍ ഈ കാണിക്ക ഇടാം/ഈ ദാനം /ബലി ചെയ്യാം എന്നോ പ്രാര്‍ത്ഥിക്കുന്നിടത്തേ ഈശ്വരനോടുള്ള സ്നേഹം ക്ണ്ടീഷണല്‍ ആകുന്നുള്ളൂ.”

പിന്നെ തറവാടിജി ബാക്കിയും എഴുതി..

സൂചിപ്പിച്ച ഈശ്വര സ്നേഹം ഏറ്റവും അടിത്തട്ടിലുള്ളതാണ്, ഒരു പരിചയക്കാരന്റെ ബന്ധം പോലും അതിലെത്രയോ ഉന്നതിയിലിരിക്കുന്നു.
കണ്ടീ‍ഷണല്‍ അല്ലാത്ത ദൈവ സ്നേഹം അഹം എന്ന അര്‍ത്ഥ/തലത്തിലുള്ളതാവുമ്പോള്‍ മാത്രമുള്ളതാണ്. (വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, ഒരു പക്ഷെ ശ്രേയസ്സിന് പറ്റിയേക്കാം), അത് സുഹൃത്ത് ബന്ധത്തേക്കാള്‍ പാവനമാണ്, എന്നാല്‍ ഓര്‍ക്കുക, ഒരു വ്യക്തിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അയാള്‍ തന്നെയാണ്!
(നിങ്ങള്‍ രണ്ടുപേരും പരസ്പരപൂരകങ്ങളാണു തറവാടിജീ! ‘മേഡ് ഫോര്‍ ഈച്ച് അദര്‍!’)

രണ്ടുപേരുടേയും അഭിപ്രായങ്ങള്‍ കൂടിചേര്‍ന്ന ഒരു തത്വം ഇന്നലെ ആത്മ കേട്ടു! പ്രഹ്ലാദന്റെ കഥയില്‍!

ഭക്തിയുടെ പാരമ്യതയില്‍ എത്തിയ പ്രഹ്ലാദനോട് ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിക്കുന്നു..
അപ്പോള്‍ മറുപടിയായി പ്രഹ്ലാദന്‍ പറയുന്നു..
“വരങ്ങള്‍ ചോദിക്കുന്ന ഭക്തന്‍ ഭക്തനുമല്ല
വരങ്ങള്‍ നല്‍കുന്ന ഈശ്വരന്‍ ഈശ്വരനും അല്ല” ! ( ആ കഥ വിശദമായി പിന്നീട് ഒരിക്കല്‍ എഴുതാം..)
ഒടുവില്‍ എന്തെങ്കില്‍ ഒന്ന് സ്വീകരിക്കൂ എന്നു പറയുമ്പോള്‍,
“എങ്കില്‍ എപ്പോഴും അങ്ങയെ സ്മരിക്കാന്‍ സാധ്യമാകാനുള്ള ഭക്തി തന്നനുഗ്രഹിക്കൂ..” എന്നു പറയുന്നു. പ്രഹ്ലാദന്റെ ഭക്തിയാണ് യഥാര്‍ത്ഥ ഭക്തി..

ആത്മാസ് കണ്‍ക്ലൂഷന്‍:

“സ്നേഹം എന്നാല്‍ ഒരു ഫീലിംഗ് മാത്രമാണ്..”
അത് ആര്‍ക്ക് ആരോട് തോന്നണം എന്നൊന്നും ഇല്ല.
ആര്‍ക്കും ആരോടും തോന്നാം..!
എപ്പോള്‍ വേണമെങ്കിലും തോന്നാം!
അതിനു യാതൊരു നിബന്ധനകളും ഇല്ല!
അത് ഒരു സംഭവമാണ്!
കൂട്ടുകാര്‍ക്കിടയില്‍ ആകാം..,
അത് ചില നക്ഷത്രങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയാകാം..
ഒരുപക്ഷെ, ആത്മാക്കള്‍ തമ്മിലുള്ള കണ്ടുമുട്ടലുകളാകാം..
ഡോള്‍ഫിനെ വിവാഹം കഴിച്ച സുന്ദരി..!,
പിന്നെ ചില ആണുങ്ങള്‍ ആണുങ്ങളെ വിവാഹം കഴിക്കുന്നു!,
അങ്ങിനെ എത്രയോ വിചിത്രമായ സ്നേഹങ്ങള്‍!
ചില അമ്മമാരും മക്കളുമായി വല്ലാത്ത അറ്റാച്ചുമെന്റ് ആണ്.. മറ്റു ചിലയിടങ്ങളില്‍ കീരിയും പാമ്പും പോലെ..! , ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളായിരിക്കും സ്നേഹത്തെപ്പറ്റി പറയാനുള്ളത്..
സ്നേഹം എല്ലാവരിലും ഉണ്ട്.. അത് പ്രകാശിപ്പിക്കാന്‍/പ്രതിഫലിപ്പിക്കാന്‍ പറ്റിയ ഒരു കണ്ണാടിയാണ് നമ്മുടെ സ്നേഹിതന്‍. നമ്മുടെ ആത്മാവിനെ, നമ്മെ, സ്നേഹിക്കാന്‍ കഴിയുന്ന മറ്റൊരാത്മാവിനെ കണ്ടുമുട്ടുക എന്നത് ഒരു ഭാഗ്യമാണ് (നിമിത്തം എന്നൊക്കെ പറയാം). സുഹൃത്തായാലും ഭാര്യയായാലും മക്കളായാലും ആരെയെങ്കിലും എന്തിനെയെങ്കിലും സ്നേഹിക്കാനാകുന്ന മനുഷ്യനേ മനുഷ്യനാകാന്‍ സാധിക്കൂ... ഒന്നുമില്ലെങ്കില്‍ മാണിക്ക്യവും ആത്മയുമൊക്കെ ചെയ്യുമ്പോലെ ബ്ലോഗിനെ കണ്ണുമടച്ച് അങ്ങ് സ്നേഹിക്കണം..!

ഏറ്റവും ഒടുവില്‍ അമ്മായിയുടെ തന്നെ വാക്കുകള്‍ ചേര്‍ത്ത് ഞാന്‍ തല്‍ക്കാലം ഉപസംഹരിക്കുന്നു..

“എല്ലാ ബന്ധങ്ങളും സ്നേഹത്താലധിഷ്ഠിതവും മാനസികമായി ചില കൊടുക്കല്‍ വാങ്ങലുകളുള്ളതുമാണ്, പവിത്രവും. സ്നേഹമുള്ളിടത്ത് വെറുപ്പുള്ള പോലെ പവിത്രതയും പരിശുദ്ധിയുമുള്ളിടത്ത് തന്നെ മറുവശമായ കപടതയുമുണ്ട്. അത് എല്ലാ ബന്ധങ്ങളും ഒരു പോലെയാണെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ചാണ് പവിത്രമാകുന്നതും കപാമാകുന്നതും. സുഹൃത്ത് ബന്ധത്തിനു മാത്രമായി അതില്‍ ഒരു പ്രത്യേകതയുമില്ല.”

----------

ഒരല്പം കൂടി.. സ്നേഹത്തിലാണ് ഈ കൊടുക്കല്‍ വാങ്ങലും മറ്റും പ്രശ്നം ഉദിക്കുന്നത്.
പ്രഹ്ലാദനെപ്പോലെ പ്രേമം ഉദിക്കണം.. ഈശ്വരനോട്.. (മനുഷ്യരോടാണെങ്കില്‍ പിന്നെ ചിലപ്പോള്‍ ഇടക്കിടെ റീഫില്‍ ചെയ്യേണ്ടി വരും.. ഇംഗ്ലീഷുകാരെപ്പോലെ -കളിയാക്കിയതല്ല! ആത്മയ്ക്ക് തോന്നുന്നു, ചില ആത്മാക്കള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പ്രേമം തോന്നും പക്ഷെ അതു ഈശ്വരപ്രേമത്തിന്റെ അത്ര സ്റ്റ്രോങ്ങ് ആവില്ലല്ലൊ, അതുകൊണ്ടാകും പിന്നീട് മങ്ങുന്നത്..) അപ്പോള്‍ ബാക്കിയെല്ലാം മായയായി മറയും. പ്രേമം മാത്രം.. അതില്‍ അങ്ങ് മുഴുകി ജീവിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍!

മനസ്സില്‍ പ്രേമം തോന്നിയാല്‍ പിന്നെ മറ്റു എല്ലാ ദുഷ്ചിന്തകളും ഈഗോ എക്സറ്റ്രാസ് ഒക്കെ നിഷ്‌പ്രഭമാകും.. ഒണ്‍ലി പ്രേമം.. മീര ശ്രീകൃഷ്ണനെ സ്നേഹിച്ചപോലെ / പ്രഹ്ലാ‍ദന്‍ മഹാവിഷ്ണുവിനെ സ്നേഹിച്ചപോലെ..എല്ലാം മറന്ന് ഭക്തിയില്‍ മുഴുകി.. അല്ലെങ്കില്‍ പ്രേമത്തില്‍ മുഴുകി അങ്ങ് ജീവിക്കണം..

ബാക്കി നാളെ...
--------
ഇത്രയുമൊക്കെ ‘മനുഷ്യബന്ധങ്ങളെപ്പറ്റി’ എഴുതിയപ്പോള്‍ ആത്മ ചെന്നെത്തിയത് ആദ്യത്തെ പോയിന്റില്‍ തന്നെ.
എല്ലാ ബന്ധങ്ങളും വേണം
സുഹൃത്തിനു സുഹൃത്ത്
ഭാര്യക്ക് ഭാര്യ
മക്കള്‍ക്ക് മക്കള്‍
മാതാപിതാക്കള്‍
എല്ലാവരുടേയും സ്നേഹം അനുഭവിക്കണമെങ്കില്‍ നാം അവരില്‍ നിന്നും കൂടുതല്‍ ഒന്നും എക്സ്പെക്റ്റ് ചെയ്യാതിരിക്കുക.. നമ്മുടെ സ്നേഹം കണ്ടീഷണല്‍ ആകുന്നതുകൊണ്ടാണ് സ്നേഹബന്ധങ്ങള്‍ തകര്‍ന്നുപോകുന്നതെന്ന് പറഞ്ഞുവല്ലൊ, കഴിയുന്നതും മറ്റുള്ളവരോട് അണ്‍കണ്ടീഷണല്‍ ലവ് വച്ചുപുലര്‍ത്തുക.

ഒരുകണക്കിന് നമുക്ക് ദൈവത്തെ ആശ്രയിക്കാന്‍/സ്നേഹിക്കാന്‍ തോന്നുന്നതെന്താണ്?!
അവിടെയും അണ്‍കണ്ടീഷണല്‍ ലവ് ഉണ്ടെങ്കിലേ പൂര്‍ണ്ണ സമര്‍പ്പണം ഉണ്ടാകുന്നുള്ളൂ
ദുഃഖങ്ങള്‍ ഉണ്ടായാലും നാം ദൈവത്തെ പഴിക്കില്ല..അതു നമ്മുടെ വിധി..അല്ലെങ്കില്‍ പൂര്‍വ്വജന്മ പാപത്തിന്റെ ഫലം.. എന്നിങ്ങനെ സമാധാനിച്ച്, വീണ്ടും ദൈവത്തെ സ്നേഹിക്കും.. വെറുതെ..
കാരണം ദൈവത്തെ സ്നേഹിക്കുന്നു എന്നാല്‍ നതിംഗ്‌നസ്സിനെ സ്നേഹിക്കയാണ്.. ആ ഒന്നുമില്ലായ്മയില്‍ നാം നമ്മുടെ ആത്മാവിനെ അറിയുന്നു..

ഈ മനോഭാവം തന്നെ മനുഷ്യരെ സ്നേഹിക്കുമ്പോഴും സ്വീകരിച്ചാല്‍ പല സ്നേഹബന്ധങ്ങളും
നിഷ്കളങ്കമാണെന്ന് കാണാം! (പക്ഷെ ഒരുവശത്തുനിന്നുമാത്രം ഇങ്ങിനെ ചിന്തിച്ചാല്‍ പോരല്ലൊ,
മറുവശത്ത് നില്‍ക്കുന്നവരും ചിന്തിക്കണ്ടെ!- ദൈവത്തെ സ്നേഹിക്കുമ്പോള്‍ ഈ മറുവശം മൌനിയാണ് അതാണ് നാമും ദൈവവും ഒന്നാകുന്നത്.. നമ്മിലെ നമ്മെ പ്രതിധ്വനിപ്പിക്കുന്നു നല്ല പ്രാര്‍ത്ഥനകള്‍..)- ശ്ശ്യോ എഴുതിയെഴുതി വന്നപ്പോള്‍ ആത്മക്ക് എന്തെല്ലാം അറിവുകളാണ് കൈവരുന്നത്!! ഈ ബുജികളെല്ലാംകൂടി ആത്മേ നന്നാക്കിയ മട്ടുണ്ട്!

കൂട്ടുകാരോടായാലും, പ്രേമിക്കുന്നവരോടായാലും, അച്ഛനമ്മമാരോടായാലും, മക്കളോടായാലും ഒക്കെ വെറുതെ സ്നേഹിച്ചു നോക്കുക, ഒന്നും തിരിച്ച് ആഗ്രഹിക്കാതെ.. അവര്‍ തെറ്റുചെയ്യുന്നെങ്കില്‍ അത് അവരുടെ അറിവില്ലായ്മ കൊണ്ട്; നമുക്ക് അത് ദുഃഖം വരുത്തി വയ്ക്കുന്നെങ്കില്‍ അത് നമ്മുടെ പൂര്‍വ്വജന്മ പാപങ്ങളുടെ ഫലം.. എന്നിങ്ങനെ ആശ്വസിച്ചാല്‍ നമുക്ക് ഒരു പരിധിവരെ പല ബന്ധങ്ങളിലെയും സൌകുമാര്യം ആസ്വദിക്കാനാവും!

റെയര്‍‌ റോസ് എഴുതിയില്ലേ, വൃദ്ധാലയങ്ങളില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ മക്കളെ സ്നേഹത്തോടെ സ്മരിച്ച് ജീവിക്കുന്നുവെന്ന്, അവര്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതുകൊണ്ടാകാം.. ഒരു തരം ആത്മീയത കലര്‍ന്ന സ്നേഹം! അതെ, ആ സ്നേഹമാണ് എല്ലാവരിലും ഉണ്ടാകേണ്ടത്! ആത്മീയതയും ലൌകീകതയും കൂടി ബാലന്‍സ്ഡ് ആകുമ്പോള്‍ നമുക്ക് എല്ലാവരെയും സ്നേഹിക്കാനാകും..(hAnLLaLaThഎഴുതിയില്ലേ, രണ്ടും രണ്ടല്ല, ഒന്നാണെന്ന്! അത് ഇതുദ്ദേശിച്ചാകും!) നമുക്ക് പലരില്‍ നിന്നും സ്നേഹം കിട്ടും.. സുഹൃത്ത് സുഹൃത്ത് മാത്രമല്ല ദൈവീകമായി നമുക്ക് കിട്ടിയ കൂട്ട്..
ഭാര്യ ഭാര്യ മാത്രമല്ല, ദൈവത്തിന്റെ മറ്റൊരു സൃഷ്ടികൂടിയാണ്.. അവര്‍ വിവരക്കേടു കാണിക്കുന്നെങ്കില്‍ അതും ദൈവഹിതം.. അല്ലെങ്കില്‍ നമ്മുടെ തന്നെ ഏതോ പ്രവര്‍ത്തിയുടെ ഫലം..
മക്കളും മാതാപിതാക്കളും ഒക്കെ ഇങ്ങിനെ തന്നെ.. എല്ലാ ബന്ധങ്ങളും ഈശ്വരനില്‍ അര്‍പ്പിച്ച്.. ഈശ്വരനാണ് എല്ലാറ്റിലും വലുത് എന്ന് വിശ്വസിച്ച് ജീവിക്കുന്നവര്‍ക്ക് എല്ലാവരെയും സ്നേഹിക്കാം.. പ്രേമിക്കാം .. പശുവിനെ കുറ്റിയില്‍ കെട്ടിയിരിക്കുന്നപോലെ നമ്മെ ഈശരനില്‍ കെട്ടിയിട്ടിട്ട് മറ്റുള്ളവരെ സ്നേഹിക്കുക..

(ഇതൊക്കെ വീട്ടിന്റെ മൂലയില്‍ ഇരുന്ന് എഴുതാന്‍ എന്ത് സുഖം അല്ലെ?!
എത്രത്തോളം പ്രാക്റ്റിക്കലാക്കാന്‍ കഴിയുന്നോ അവര്‍ക്ക് ജീവിതത്തില്‍ സമാധാനം..)


“ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!!!”

[ഇതിലെ പോയിന്റുകള്‍ക്ക് തറവാടിജി, വലിയമ്മായി, ശ്രീ. ശ്രീയസ്സ്, മാണിക്ക്യം,
ശ്രീ, റെയര്‍ റോസ്, വേണുജി, hAnLLaLaTh, സ്വാമി ഉദിതചൈതന്യയതി,എന്നിവരോട് കടപ്പാടും നന്ദിയും]

71 comments:

വേണു venu said...

അവനവനോടുള്ള സ്നേഹം കഴിഞ്ഞേ മറ്റൊരു സ്നേഹവും ഉള്ളു. മറിച്ചു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും, അതിലും സ്വയം സ്നേഹം ഒളിച്ചിരിക്കുന്നു.
അമ്മയും കുഞ്ഞും തമ്മിലും, കുഞ്ഞും അമ്മയും തമ്മിലും, സസൂക്ഷ്മ നിരീക്ഷണത്തില്‍ സ്വയം സ്നേഹം ഒളിഞ്ഞിരിപ്പില്ലേ.!

ശ്രീ (sreyas.in) said...

ഇന്നലത്തെയും ഇന്നത്തെയും പോസ്റ്റ്‌ വായിച്ചപ്പോള്‍ എഴുതാതിരിക്കാന്‍ കഴിയുന്നില്ല. :-)
സാധാരണയായി ജീവിതത്തില്‍ നാം സ്നേഹം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് അറ്റാച്ച്മെന്റ് ആണ്. അമ്മ-മകന്‍, ഭാര്യ-ഭര്‍ത്താവ് ഇതെല്ലാം അത്തരം സ്നേഹം തന്നെ. അതാണല്ലോ ഒരാള്‍ മരിക്കുമ്പോള്‍ 'എനിക്കിനി ആരുണ്ടേ' എന്നൊരു വിളി ഉയരുന്നത്! :-) സ്നേഹം എന്ന് പറയുമ്പോള്‍ വഴിഞ്ഞൊഴുകുന്ന എന്തോ ഒരു സാധനം ആണെന്നും അതു പ്രകടിപ്പിക്കാനുള്ളതാണെന്നും മറ്റുമുള്ള തോന്നലും നമ്മുടെയിടയില്‍ ഉണ്ട്.
ഒരു കുഞ്ഞിനെ താലോലിക്കുമ്പോള്‍ നമുക്ക് സുഖം കിട്ടുന്നു എന്നതിനാലാണ് നാം അങ്ങനെ ചെയ്യുന്നത് - എന്നിട്ട് നമുക്ക് കുഞ്ഞിനോടുള്ള സ്നേഹമാണത് എന്നു മുദ്രകുത്തുന്നു! എന്നാല്‍ യഥാര്‍ത്ഥ സ്നേഹം നിസംഗസ്നേഹം (അറ്റാച്ച്മെന്റ് അല്ല) ആണ്. അതിനു ഒരിക്കലും കുറവ് വരില്ല. നിസംഗസ്നേഹം ആദ്യം തന്നിലെ തന്നോടുതന്നെ തോന്നണം, തന്റെ ശരീരത്തോടല്ല. തന്നിലെ താനായ 'ഞാന്‍' തന്നെയാണ് മറ്റെല്ലാവരിലും അവരവരായിരിക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ ഒന്നിനെയും വെറുക്കാതിരിക്കാന്‍ കഴിയും, എല്ലാവരെയും തന്നിലെ 'താന്‍' പോലെതന്നെ സ്നേഹിക്കാനും കഴിയും, എന്നില്‍നിന്നും വേറിട്ട്‌ മറ്റൊന്നും ഇല്ലല്ലോ. നിസ്വാര്‍ത്ഥസ്നേഹം ആണെങ്കില്‍, ആ സ്നേഹം മൂലം ഒരിക്കലും ദുഃഖം ഉണ്ടാകില്ല, കാരണം ഒന്നും ആശിച്ചല്ലല്ലോ സ്നേഹിച്ചത്. ഈ ആശയാണല്ലോ സര്‍വ്വദുഃഖത്തിനും കാരണം!
പറയാനെന്തെളുപ്പം, ഈ ജന്മം കൊണ്ടെങ്കിലും അതിനു കഴിഞ്ഞെങ്കില്‍, കൃപയുണ്ടാകണേ...

ശ്രീ said...

ആദ്യം പറഞ്ഞത് പൂര്‍ണ്ണമായും അംഗീകരിയ്ക്കാനാകുന്നില്ല. സന്തോഷത്തില്‍ മാത്രം പങ്കു ചേരുന്നവനെങ്ങനെ ഒരു നല്ല സുഹൃത്താകും? (എന്റെ അനുഭവത്തില്‍ അങ്ങനെ അല്ല) നമ്മുടെ അടുത്ത സുഹൃത്തുക്കളുടെ ദു:ഖം മനസ്സിലാക്കി ആ സാഹചര്യത്തില്‍ അവനെ അറിഞ്ഞ് സഹായിച്ച് കൂടെ നില്‍ക്കുന്നവനായിരിയ്ക്കണം യഥാര്‍ത്ഥ സുഹൃത്ത്. യഥാര്‍ത്ഥ സുഹൃത്തിനു മാത്രമേ നമ്മുടെ സന്തോഷത്തില്‍ മനസ്സറിഞ്ഞ് പങ്കു ചേരാനൊക്കുകയുള്ളൂ എന്ന് പറഞ്ഞത് അംഗീകരിയ്ക്കുന്നു. പക്ഷേ 'ദുഃഖത്തില്‍ പങ്ക് ചേരുന്നവനല്ല
യഥാര്‍ത്ഥ സുഹൃത്ത്' എന്നതിനോട് 1% പോലും യോജിയ്ക്കുന്നില്ല.

പിന്നെ, ലോകത്തെ ഏറ്റവും പാവനമായ ബന്ധം മാതൃത്വം തന്നെയാണ് എന്നതിന് സംശയമേയില്ല. സുഹൃത് ബന്ധമുള്‍പ്പെടെ മറ്റെല്ലാ ബന്ധങ്ങളും തൊട്ടു താഴെയേ നില്‍ക്കൂ... ഒന്നോ രണ്ടോ ഉദാഹരണങ്ങളില്‍ അതങ്ങനെയല്ല എന്ന് തെളിയിയ്ക്കാനായേക്കും.

ശ്രീ ശ്രേയസ്സ് മാഷ് പറഞ്ഞതിനോടും അനുകൂലിയ്ക്കുന്നു. എല്ലാ തരം ബന്ധങ്ങളുടേയും സ്നേഹങ്ങളുടേയും അടിസ്ഥാനം 'ഞാന്‍' , 'എന്റെ' എന്ന ചിന്തകള്‍ തന്നെയാണ്.

മാണിക്യം said...

'തന്നെ പോലെ തന്റെ അയൽക്കാരനേയും സ്നേഹിക്കു'
എന്ന് യേശു പറഞ്ഞതിന്റെ പൊരുൾ ഇതു തന്നെ.
സ്വയം സ്നേഹമില്ലാതെ മറ്റോരാളെ സ്നേഹിക്കാനോ മനസ്സിലാക്കനൊ ആവില്ലല്ലോ .
ആത്മേ എഴുത്ത് ഉയരങ്ങളിലേക്ക് എത്തുന്നല്ലോ
കൂടെ എത്താൻ പറ്റുമോ എന്തോ
എന്നാലും വലിഞ്ഞ് കയറി വരാം ...

ആത്മ said...

വേണുജി, :)

അവനവനെ സ്നേഹിച്ചാലേ നമുക്ക് മറ്റുള്ളവരെയും സ്നേഹിക്കാനാവൂ..

ആത്മ said...

ശ്രീ (sreyas.in) ,

പറഞ്ഞതെല്ലാം മനസ്സിലായി. പക്ഷെ ഒന്നുമാത്രം..

“ഒരു കുഞ്ഞിനെ താലോലിക്കുമ്പോള്‍ നമുക്ക് സുഖം കിട്ടുന്നു എന്നതിനാലാണ് നാം അങ്ങനെ ചെയ്യുന്നത് - എന്നിട്ട് നമുക്ക്കുഞ്ഞിനോടുള്ള സ്നേഹമാണത് എന്നു മുദ്രകുത്തുന്നു!”

കുഞ്ഞിനെ താലോലിക്കുമ്പോള്‍ സുഖം ഒന്നും ഇല്ല ശ്രീ ശ്രേയസ്സ്ജീ..!
ആദ്യാവസാനം ശാരീരിക വേദന മാതമാണ്.
ആദ്യത്തെ മൂന്നുമാസം ഈ കുഞ്ഞ് നമ്മുടെ രക്തത്തില്‍ വളരുമ്പോള്‍ ഒരുനേരം പോലും ഭക്ഷണം കഴിക്കാനാകാതെ ശര്‍ദ്ദിലോട് ശര്‍ദ്ദില്‍..!‌
പിന്നെയങ്ങോട്ട് ശാരീരികാസ്വാസ്ത്യങ്ങളാണ്..
ഏറ്റവും ഒടുവില്‍.. ഭൂമിയിലെ ഏറ്റവും വലിയ വേദനയും സഹിച്ച് കഴിയുമ്പോള്‍ അമ്മ എല്ലാം മറന്ന് ആദ്യം നോക്കുന്നത് തന്റെ കുഞ്ഞ് സുഖമായിരിക്കുന്നോ എന്നാണ്‍..!
പിന്നെടുള്ള പരിചരണങ്ങളും അപ്രകാരം തന്നെ. ഉറക്കമൊഴിയല്‍‌..
അസുഖങ്ങള്‍..
വളരെ ചുരുക്കം ചില ആണുങ്ങളൊഴിച്ച് ബാക്കി എല്ലാപേരും ഇതൊക്കെ കണ്ടില്ലെന്നു നടിക്കും..
പക്ഷെ അമ്മ തളരില്ല.. (മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഒക്കെ ഇങ്ങിനെ തന്നെ)

ആത്മ said...

ശ്രീ!:)

ഓ, കെ,

ഇങ്ങിനെ പറയാം..
സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ കൂടെയുള്ളവര്‍ സുഹൃത്തുക്കള്‍..
പക്ഷെ, ആരുണ്ട്?, ദൈവമല്ലാതെ!!..:)

ആത്മ said...

വരൂ.. വരൂ.. മാണിക്ക്യംജീ!
മാണിക്ക്യമല്ലെ ഇന്‍സ്പിറേഷന്‍ തന്നത്!..:)

Rare Rose said...

ആത്മേച്ചി പറയുന്നതൊക്കെ എന്തു വലിയ കാര്യങ്ങളാണു.അങ്ങനെ ഒന്നും പ്രതീക്ഷിക്കാതെ,ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് സ്നേഹം പങ്കു വെച്ചു നല്‍കുകയെന്നത് അത്രയെളുപ്പമുള്ള കാര്യമാവില്ല അല്ലേ.എത്രയൊക്കെ ശ്രമിച്ചാലും ഉള്ളിന്റെയുള്ളിലെ ‘ഞാന്‍’ ഇങ്ങോട്ടും എന്തൊക്കെയോ പ്രതീക്ഷിച്ചു തന്നെയാവും ഇരിപ്പ്.:)

പിന്നെ സുഹൃത്തിനു തറവാടി മാഷ് നല്‍കിയ പുതിയ നിര്‍വ്വചനം കൊള്ളാം.നമ്മള്‍ക്ക് കൈ വരുന്ന നേട്ടങ്ങളില്‍ ഉള്ളു തുറന്നു സന്തോഷിച്ച് കൂടെ നില്‍ക്കാന്‍ ഒരു നല്ല സുഹൃത്തിനേ കഴിയൂ.അല്ലാത്തവര്‍ പുറമേ വെളുക്കെ ചിരിച്ചു ഉള്ളില്‍ ദേഷ്യം കടിച്ചമര്‍ത്തുന്നവരാവും.പക്ഷേ ദു:ഖത്തിലും കൂടെ നില്‍ക്കുന്നവന്‍ എന്നും കൂടിയെഴുതിയാലേ നിര്‍വ്വചനം പൂര്‍ണ്ണമായും ശരിയാവൂ എന്നാണെന്റെ പക്ഷം..

ആത്മ said...

അതെ ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ പ്രതീക്ഷകളൊക്കെ കാണും..

പ്രതീക്ഷകളൊക്കെ തകരുമ്പോള്‍ കിടന്ന് നിലവിളിക്കും..
ഇതൊക്കെ തന്നെ ജീവിതം..

ആത്മ ഇങ്ങിനെയൊക്കെ എഴുതിയെന്നേ ഉള്ളൂ..
ആത്മീയത്തിന്റെ ആദ്യപടിപോലും
എത്തിയിട്ടില്ലെന്ന് തോന്നുന്നു..
പക്ഷെ, ആത്മീയത ഭയങ്കര ഇഷ്ടമാണ്.

വെറുതെ ചിന്തിക്കും.. പ്രവര്‍ത്തിക്കില്ല..
ഓടി ഒളിച്ചിരിക്കും..
പക്ഷെ ഉള്ളില്‍ എല്ലാ മദമാത്സര്യങ്ങളൊക്കെ ഉണ്ടു താനും..


എന്തുചെയ്യാന്‍ മനുഷ്യനായി ജനിച്ചുപോയില്ലേ...:)

തറവാടി said...

കൂടുതല്‍ എഴുതി കുളമാക്കുന്നില്ല എന്നാലും ചെറിയൊരു വിശദീകരണം:

ഒരു വ്യക്തിക്ക് സന്തോഷമുണ്ടാകുമ്പോള്‍ അതേ തലത്തില്‍ സന്തോഷിക്കാന്‍ കഴിയുന്ന വ്യക്തിക്ക് തീര്‍ച്ചയായും അയാളുടെ ദുഖത്തിലും ദുഖിക്കാനാവും ഉദാഹരണം കോടിശ്വരനായ ഒരാള്‍ ലക്ഷപ്രഭുവാണെന്നത് പറയേണ്ടതില്ലല്ലോ!

ദുഖം എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ജൈവീകമാണ് അതായത്, ഒരാള്‍ ശരീരത്തില്‍ ഒരു മുറിവായി വേദനയാല്‍ പുളയുന്നത് കണ്ടാല്‍ ഒരു ബന്ധമില്ലാത്ത മറ്റൊരു വ്യക്തിക്ക് പോലും ദുഖം വരും; ഉദാഹരണത്തിന് റോടിലൂടെ നമ്മള്‍ പോകുമ്പോള്‍ ആക്സിഡെന്റ് കണ്ടാല്‍ നമുക്കുള്ള വികാരം മനസ്സിലാക്കുക.

ചുരുക്കത്തില്‍ ദുഖം ഉണ്ടാവാന്‍ സന്തോഷമുണ്ടാകുന്നതിനേക്കാള്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ സന്തോഷത്തില്‍ സന്തോഷിക്കുന്നവനെങ്കില്‍ ദുഖത്തില്‍ ദുഖിക്കുമെന്ന് പറയേണ്ടതില്ല.

മറ്റൊന്ന്, സന്തോഷത്തില്‍ ' മാത്രം' പങ്ക് ചേരുന്നതിനെപറ്റി, അവിടെ സന്തോഷത്തിന്റെ പങ്ക് പറ്റലാണ് നടക്കുന്നത് പങ്ക് ചേരലല്ല, എന്റെ ഒരു പരിചയക്കാരന്‍ എന്റെ സന്തോഷത്തില്‍ പങ്ക് ചേരുന്നത് അദ്ദേഹത്തിന് 'ഉള്ളില്‍' സന്തോഷമുണ്ടായിട്ടല്ല.

ഒരു ബന്ധവും കുറവുള്ളതെന്നോ മതൃത്വം പാവനമല്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല, പറയുകയുമില്ല എന്നാല്‍ ഉന്നതിയിലുള്ളത് സുഹൃത്ബന്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഒന്നുകൂടി, ഏറ്റവും അടുത്ത / നല്ല സുഹൃത്ത് താന്‍ തന്നെ എന്നും കൂടി ഒപ്പം ചേര്‍ക്കുന്നു :)

ആത്മ said...

ഇപ്പം മനസ്സിലായി തറവാടിജീ!

നമ്മുടെ സന്തോഷത്തില്‍ പങ്കുപറ്റാതെ നമ്മോടൊപ്പം എഞ്ജോയ് ചെയ്യുന്നവനാണ്‌ യഥാര്‍ത്ഥ സുഹൃത്ത്!

ആ സുഹൃത്ത് മറ്റാരുമല്ല നാം തന്നെയാണ്!

ചുരുക്കത്തില്‍ നമുക്ക് നാം മാത്രം!!!
സ്വാര്‍ത്ഥത! സ്വാര്‍ത്ഥത!

ആത്മയും ഇങ്ങിനെയൊക്കെ തന്നെയാണ് ചിന്തിക്കുന്നത് എന്നാല്‍ ഇത്രേമില്ല...:)

വല്യമ്മായി said...

മാനസികമായ കൊടുക്കല്‍വാങ്ങലുകള്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് തികച്ചും മാനസികമായ ഒരു സം‌വേദനം മാത്രമാണ് :)

ഒരു മുറിയില്‍ രണ്ട് വിളക്കുകള്‍ രണ്ടറ്റത്തായി വെച്ചാലും മുറിയ്ക്കുള്ളില്‍ അവയുടെ പ്രകാശം ഒന്നാകുന്ന പോലെ ശരീരങ്ങള്‍ തമ്മിലുള്ള അകലം പോലും ഈ സംവേദനത്തിനു തടസ്സമല്ലെന്ന് റൂമി.

തിരിച്ചിങ്ങോട്ട് സ്നേഹം പോലും പ്രതീക്ഷിക്കാതെ സ്നെഹിക്കുമ്പോഴായിരിക്കണം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സ്നെഹം എന്ന് പറയാന്‍ കഴിയുന്നത് :)

"ഒരുവശത്തുനിന്നുമാത്രം ഇങ്ങിനെ ചിന്തിച്ചാല്‍ പോരല്ലൊ,
മറുവശത്ത് നില്‍ക്കുന്നവരും ചിന്തിക്കണ്ടെ!- " മുകളില്‍ പറഞ്ഞ ഉപാധികളില്ലാത്ത സ്നെഹത്തിനു ഈ നിബന്ധനയും ബാധകമല്ല.

ആത്മ said...

അമ്മായി!

നമ്മളെ മനപ്പൂര്‍വ്വം നശിപ്പിക്കാന്‍
കച്ചകെട്ടി നടക്കുന്നവരെ സ്നേഹിക്കാന്‍ ചെന്നാല്‍ കോഴി കുറുക്കന്റെ മാളത്തില്‍ ചെല്ലുന്നതുപോലാകും..
ആത്മയ്ക്ക് പേടിയാണേ വലിയമ്മായീ..
ആത്മ അവരെ സ്നേഹിക്കുന്ന സമയത്തിന് പോയി ദൈവത്തെ പ്രാര്‍ത്ഥിക്കും..
കൂട്ടത്തില്‍ അവര്‍ക്ക് നല്ല ബുദ്ധി തോന്നേണമേ.. സ്നേഹം വളര്‍ത്തേണമേ.. തെറ്റിധാരണകള്‍ മാറ്റേണമേ.. എന്നൊക്കെ ചിലപ്പോള്‍ പ്രാര്‍ത്ഥിക്കും.. അതോടെ തീര്‍ന്നു.

ആത്മയെ ദ്രോഹിച്ചവരെ സ്നേഹിക്കുന്ന പ്രശ്നമേ ഇല്ല..
ഓടി ഒളിക്കും..:)

ആത്മ said...

പിന്നെ, ആത്മയ്ക്ക് അവരെ സഹായിക്കാനോ മറ്റോ ഉള്ള അവസരമൊക്കെ ഉണ്ടാകുന്നെങ്കില്‍ പോകും..
അവര്‍ ആര്‍മാദിക്കുമ്പോള്‍ പോകില്ലെന്നേ ഉള്ളൂ..-തറവാടിജി
പറഞ്ഞത് ശരിയായി അല്ലെ, സന്തോഷിക്കുമ്പോള്‍ കൂടെ ഉള്ളവരാണ് സുഹൃത്തുക്കള്‍ എന്ന്..!:)

ഗീത said...

മാണിക്യത്തിന്റെ പോസ്റ്റില്‍ നിന്നാണെത്തിയത് ഇവിടെ. ഒരു കാര്യവും പഠിച്ചു. നാം സ്നേഹിക്കുന്നവര്‍ നമ്മെ സങ്കടപ്പെടുത്തെന്നെങ്കില്‍ അതവരുടെ അറിവില്ലായ്മ കൊണ്ട്; നമുക്ക് ആ സങ്കടം അനുഭവിക്കേണ്ടിവരുന്നത് നമ്മുടെ കര്‍മ്മഫലം. ഇനി ഈ തത്വം അനുസരിച്ചു സമാധാനിക്കാം. ഇത്രകാലവും സങ്കടപ്പെടുത്തുന്നവരോട് പരിഭവമായിരുന്നു. ഇനി ഈ നിസ്സംഗഭാവത്തില്‍ ജീവിക്കാം അല്ലേ?

ആത്മ said...

അതെ! അങ്ങിനെ ചിന്തിച്ചാലേ മനസ്സമാധാനം കിട്ടൂ..

ആത്മ പലപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തി ഒരുപാട് വിഷമിച്ചിട്ട്.. പിന്നെ ഒടുവില്‍ ഈ ഒരു ചിന്തയില്‍ വന്ന് നില്‍ക്കുമ്പോഴാണ് മനസ്സ് ശാന്തമാകുന്നത്..:)

വല്യമ്മായി said...

ആത്മെച്ചീ,ഇന്നലെ ഞാനൊരു കഥ വായിച്ചു,സാധാരണ നമ്മള്‍ ഇലക്കറികള്‍ ഒക്കെ സൂപ്പ് ആക്കി എടുക്കാറില്ലെ,എന്നാല്‍ അവയുടെ ഇലകള്‍ ചണ്ടി പോലെ അവശേഷിക്കുകയും ചെയ്യും ചെയ്യും.എന്നാല്‍ ഇലകളിലെ ഈ സത്ത് അവ ചെടിയിലായിരിക്കുമ്പോള്‍ ഭൂമിയില്‍ നിന്ന് വലിച്ചെടുത്ത വെള്ളമല്ലാതെ മറ്റൊന്നുമല്ല.അതായത് ഒരിക്കല്‍ നമുക്ക് പ്രതിബന്ധങ്ങളോ വെര്‍പാടുകളോ ഉണ്ടെങ്കില്‍ അതൊക്കെ അതിനു മുമ്പ് ദൈവത്താല്‍ തന്നെ നമുക്ക് കിട്ടിയത് തിരിച്ചെടുക്കപ്പെടുന്നത്.ഒരര്‍ത്ഥത്തില്‍ രാത്രിയും പകലും പോലെ. ഞാനുദ്ദെസിച്കത് മുഴുവന്‍ എഴുതി ഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞോ എന്നറിയില്ല.പല അറിവുകളും മനസ്സ് കൊണ്ടാണ് അറിയുന്നത് ഒന്ന് പകരാന്‍ പോലും ആകാതെ :)

ആത്മ said...

വലിയമ്മായി,

ആത്മ ഇന്നലെ ദൈവത്തിന്റെ സ്നേഹത്തിനെപ്പറ്റിയൊക്കെ ഒരുപാട് എഴുതിയെങ്കിലും ഇപ്പോള്‍ ഒരിച്ചിരി മനുഷ്യസ്നേഹം(നമ്മെ അറിയുന്ന ഒരാളുടെ)ഇല്ലാതെ ഒരടികൂടി നീങ്ങാനാകാതെ തളര്‍ന്നിരുന്ന സമയത്താണ് അമ്മായിയുടെ കമന്റ് കണ്ടത്!


ഒന്നുമനസ്സിലായി അമ്മായീ
ദൈവത്തെ സ്നേഹിക്കണമെങ്കിലും ഒരു മനുഷ്യനു മറ്റൊരു മനുഷ്യന്റെ സ്നേഹമില്ലാതെ ജീവിക്കാനാവില്ല..

അമ്മായി എഴുതിയില്ലെ,
‘എന്നാല്‍ ഇലകളിലെ ഈ സത്ത് അവ ചെടിയിലായിരിക്കുമ്പോള്‍ ഭൂമിയില്‍ നിന്ന് വലിച്ചെടുത്ത വെള്ളമല്ലാതെ മറ്റൊന്നുമല്ല.അതായത് ഒരിക്കല്‍ നമുക്ക് പ്രതിബന്ധങ്ങളോ വെര്‍പാടുകളോ ഉണ്ടെങ്കില്‍ അതൊക്കെ അതിനു മുമ്പ് ദൈവത്താല്‍ തന്നെ നമുക്ക് കിട്ടിയത് തിരിച്ചെടുക്കപ്പെടുന്നത്’

അത് ആത്മയ്ക്ക് ശരിക്കും മനസ്സിലായില്ല.. കൂടുതല്‍ ചിന്തിച്ചു നോക്കട്ടെ,..:)

വല്യമ്മായി said...

ആത്മേച്ചി,
ഇതാണാ കഥയുടെ ലിങ്ക്, http://www.dar-al-masnavi.org/n-III-4159.html എന്റെ കയ്യിലുള്ള പുസ്തകത്തില്‍ pea എന്നതിനു പകരം potherb എന്നാണ്,അതാണ് ഞാന്‍ ചീര എന്ന് പറഞ്ഞത്.

നിത്യമായ സ്നേഹം വെളിച്ച ഒക്കെ ദൈവത്തിനു തന്നെ,നമ്മള്‍ അത് പ്രതിഫലിപ്പിക്കുന്നു എന്ന് മാത്രം,അപ്പോള്‍ മനുഷ്യരില്‍ നിന്ന് കിട്ടുന്നതും ദൈവത്തിന്റെ സ്നെഹം തന്നെ.

ആത്മ said...

"God is absolute
mercy: His wrath is really mercy in disguise. All pain and
punishment that He inflicts upon us is for our good."

എല്ലാ മതങ്ങളും ഇങ്ങിനെ തന്നെ പറയുന്നു അമ്മായീ!
മഹാഭാരത്ത്തില്‍ വളരെയേറെ ദുഃഖങ്ങള്‍ സഹിച്ച കുന്തീദേവിയോട് അവസാനം ശ്രീകൃഷ്ണന്‍ എന്തു വരം വേണം എന്നു ചോദിക്കുമ്പോള്‍

“ഇനിയും ദുഃഖങ്ങള്‍ തന്ന് അനുഗ്രഹിക്കേണമേ” എന്നാണ് അപേക്ഷിക്കുന്നത്.. ‘അപ്പോള്‍ എനിക്ക് എപ്പോഴും അങ്ങയെ സ്മരിക്കാമല്ലൊ’ എന്ന്!

ദുഃഖങ്ങള്‍ മനുഷ്യനെ ശ്രുദ്ധീകരിക്കും..ഈശ്വരനെ സ്മരിപ്പിക്കും..


എന്നാലും അമ്മായീ.. ഈ പയറിനെപ്പോലെ കിടന്ന് തിളയ്ക്കുമ്പോള്‍ അറിയാതെ ദൈവത്തെ വിളിച്ചുപോകും..!
ദൈവത്തെ കണ്ടില്ലെങ്കില്‍ ദൈവസ്നേഹം ഉണ്ടെന്ന് തോന്നുന്ന ഹൃദയകവാടങ്ങളില്‍ പോയി മുട്ടി വീണ്ടും തുറപ്പിക്കും..!!

അമ്മായി തന്ന ലിങ്കില്‍ പോയി ഓടിച്ച് വായിച്ചു..തന്ന ലിങ്ക് സൂക്ഷിച്ചു വച്ചു..
ആത്മീയതയുടെ പാരമ്യതയില്‍ എത്തുമ്പോള്‍ എല്ലാ മതാചാര്യന്മാരും കണ്ടെത്തിയ സത്യങ്ങള്‍‌ ഒന്നു തന്നെയാണെന്ന് തോന്നുന്നു!!

വല്യമ്മായി said...

The moments of grief and Pain have to be the moments of great joy as we are alone with him feeling his presence to the highest

ലോകം മുഴുവനും ഒന്നും ചെയ്യാന്‍ കഴിയാതെ നമുക്ക് ചുറ്റും നോക്കി നില്‍ക്കുമ്പോള്‍ ദൈവത്തോട് എറ്റവും അടുത്ത് കഴിയാന്‍ കഴിയുന്നതിലും വലുതായി എന്ത് ആനന്ദമാണുള്ളത് :)

ശ്രീ (sreyas.in) said...

മനുഷ്യരായി പിറന്ന ശ്രീകൃഷ്ണനും ശ്രീരാമനും ക്രിസ്തുവും ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ അവര്‍ക്കുണ്ടായ അത്രയും പ്രാരബ്ധങ്ങള്‍ എന്തായാലും നമ്മളില്‍ ആര്‍ക്കും ഉണ്ടായിക്കാണില്ല, സത്യമല്ലേ?

ശ്രീ കൃഷ്ണനാണെങ്കില്‍ സ്വന്തം കുലം മുഴുവന്‍ നശിക്കുന്നത് നോക്കി നില്‍ക്കേണ്ടിവന്നു, എന്നിട്ട് വെറുമൊരു അമ്പ്‌ കൊണ്ടു ദേഹം വെടിഞ്ഞു. അങ്ങനെ സ്വന്തം കുലം രക്ഷിക്കാത്ത കൃഷ്ണനോട് എന്നെയും എന്റെ കുടുംബത്തെയും പ്രാരാബ്ധങ്ങളില്‍ നിന്ന് രക്ഷിക്കണേ എന്ന് പറഞ്ഞാല്‍ കൃഷ്ണന്‍ ചിരിച്ചു പോകില്ലേ? കൃഷ്ണന്‍ 120-ലേറെ വര്‍ഷത്തോളം ജീവിച്ചിരുന്നു, വൃദ്ധനായിരുന്നല്ലോ, ആ കൃഷ്ണനെ നമുക്ക് അറിയാമോ? മനുഷ്യ ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്, എല്ലാ ദ്വന്ദങ്ങളിലും അവ ഒരുപോലെ സ്വീകരിച്ച് സ്ഥിരബുദ്ധിയോടെ ജീവിക്കൂ എന്നാണു ശ്രീകൃഷ്ണസ്വാമി നമ്മെ പഠിപ്പിക്കുന്നത്‌, ദുഖത്തില്‍ നിന്ന് ഒളിച്ചോടാനല്ല.അതാണ്‌ ആത്മീയത എന്ന് കരുതുന്നു.

പ്രാരബ്ധം സഹിക്കാനുള്ള മനസ്സും, സുഖവും സന്തോഷവും സ്ഥിരബുദ്ധിയായി അനുഭവിക്കാനുള്ള കഴിവും ഉണ്ടാകണേ എന്ന് ആഗ്രഹിക്കാം. മനുഷ്യന് ചിത്തശുദ്ധി വരുത്താനുള്ള ഏറ്റവും നല്ലൊരു അവസരമാണ് പ്രാരബ്ധം.

ഈ ചിന്തകള്‍ ഇവിടെ പങ്കുവച്ചപ്പോള്‍ ആരുടെയെങ്കിലും വിശ്വാസങ്ങളെ വേദനിപ്പിച്ചെങ്കില്‍, സോറി.

വല്യമ്മായി said...

നല്ല പ്രാര്‍ത്ഥന ശ്രെയസ്സ്.

മതമേതായാലും മനുഷ്യനെവിടയും എളുപ്പവഴികളാണ് തേടുന്നത്.ജീവിതത്തെ കുറിച്ച് ശരിയായൊരു കാഴ്ചപ്പാടില്ലാത്തത് കൊണ്ടാണ് ചെറിയൊരു ദുഖം പോലും പലര്‍ക്കും താങ്ങാന്‍ കഴിയാത്തതും ആത്മഹത്യവരെയൊക്കെ നയിക്കുന്നതും.

ജയകൃഷ്ണന്‍ കാവാലം said...

സുഹൃത്ത്, സ്വഹൃത്തെന്ന് വ്യാഖ്യാനിക്കുകയാണെങ്കില്‍ ആ വാക്കിന് എന്തര്‍ത്ഥം വരുമോ, യഥാര്‍ത്ഥ സുഹൃത്ത് അതായിരിക്കുന്നതല്ലേ നല്ലത്? സുഹൃദയമുള്ള, സ്വഹൃത്തില്‍ വസിക്കുന്ന സുഹൃത്ത് ! അങ്ങനെ കരുതിയാല്‍ അവിടെ ആത്മബോധം ഉണ്ടാകുന്നു, സമഭാവന ഉണ്ടാകുന്നു. അപ്പോള്‍ ‘തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി‘ അനുഭവത്തില്‍ വരുന്നു...

ജയകൃഷ്ണന്‍ കാവാലം said...

അമ്മയുടെ സ്നേഹത്തിന് നിര്‍വചനം നല്‍‍കാന്‍ ശ്രമിക്കുന്നത് വിഢിത്തം ആണെന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.

ആത്മ said...

വലിയമ്മായി!

അമ്മായി എഴുതിയതിനെയൊക്കെ പറ്റി ഞാന്‍ ഇന്ന് എന്റെ മകള്‍ക്കും പറഞ്ഞു കൊടുത്തു.
The moments of grief and Pain have to be the moments of great joy as we are alone with him feeling his presence to the highest

ഇത് വായിച്ച് അവളും കണ്ണും മിഴിച്ചിരുന്നു..

അമ്മായിക്കെവിടുന്നു കിട്ടി ഈ ജ്ഞാനദൃഷ്ടിയൊക്കെ!!

ആത്മയ്ക്ക് അങ്ങിനെയുള്ള സന്ദര്‍ഭം പണ്ട് ഉണ്ടായിട്ടുണ്ട്..
അവിടെനിന്നുമാണ് പിന്നെ ദൈവം കണ്ണന്റെ രൂപത്തില്‍ വരാന്‍ തുടങ്ങിയത്!

ആത്മ said...

ശ്രീ (sreyas.in),

പ്രാരാബ്ധം വരുമ്പോള്‍ നമ്മള്‍ ദൈവത്തെ പ്രാര്‍ത്ഥിക്കും (ഉള്ളിലേക്ക് വലിഞ്ഞ് പോംവഴി ചിന്തിക്കും..)
അപ്പോള്‍ എല്ലാം ക്ലിയര്‍ ആയി വീണ്ടും സന്തോഷം വരും..
സന്തോഷിച്ച് ആര്‍മാദിച്ചങ്ങിനെ ഇരിക്കുമ്പോള്‍ വീണ്ടും ദുഃഖം വരും..
നമ്മള്‍ നിലവിളിച്ചോണ്ട് വീണ്ടും ദൈവത്തിന്റെ അടുത്തേക്ക് ഓടും..
പിന്നെ പ്രാര്‍ത്ഥനയും പരിവട്ടവും ഒക്കെയായി വീണ്ടും സന്തോഷം വരും..
ഇതിങ്ങിനെ തുടര്‍ന്നുകൊണ്ടേയിരിക്കുമ്പം ജീവിതം അങ്ങ് തീരും..
ശരിയാണോ?!..:)

ആത്മ തല്‍ക്കാലം ഒരു കൊച്ചു പ്രാരാബ്ധ സ്റ്റേജിലാണ്. നാളെ എന്താകുമോ?!!
അമ്മയിയുടെ ഉപദേശം ഒക്കെ ചെവിക്കൊണ്ടെങ്കിലും അനുഭവിക്കാനുള്ളത് അനുഭവിച്ചാലേ എല്ലാം ക്ലിയര്‍ ആകൂ..(ചട്ടിയില്‍ ഇട്ട് പയര്‍ തിളപ്പിക്കുമ്പോലെ തിളയ്ക്കണം..)

ആത്മ said...

ജയകൃഷ്ണന്‍ കാവാലം,

സുഹൃത്ത് എന്നാല്‍ സ്വഹൃത്തില്‍ വസിക്കുന്നവന്‍ എന്നോ?!
അയ്യോ! അത് ശ്രീകൃഷ്ണനല്ലേ?!
ഇപ്പോള്‍ എല്ലാം ശരിയായി..:)

ശ്രീ (sreyas.in) said...

സുഖവും ദുഖവും ഒരുപോലെ സ്വീകരിച്ച് സ്ഥിരബുദ്ധിയോടെ, സ്ഥിതപ്രജ്ഞന്‍ ആയി ജീവിക്കൂ എന്നാണു ശ്രീകൃഷ്ണസ്വാമി പഠിപ്പിക്കുന്നത്‌. അര്‍മാദിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ദുഖവും തോന്നും! സംഭവിക്കേണ്ടാതെല്ലാം സംഭവിക്കും, നാം അതെങ്ങനെ സ്വീകരിക്കുന്നു എന്നതനുസരിച്ച് സന്തോഷവും ദുഃഖവും ഉണ്ടാകുന്നു. രണ്ടിനെയും ഒരുപോലെ സ്വീകരിച്ചു 'സുഹൃത്തായ ശ്രീകൃഷ്ണസ്വാമിയില്‍' അര്‍പ്പിച്ചാല്‍ സന്തോഷവുമില്ല, ദുഖവുമില്ല, പകരം ശാന്തി മാത്രം.

നിസംഗത, വൈരാഗ്യം, വിരക്തി തുടങ്ങിയ വാക്കുകള്‍ നാം സാധാരണ കരുതുന്നതുപോലെ അസന്തുഷ്ടമായ ജീവിതം എന്നല്ല, ശാന്തിയുള്ള ജീവിതം എന്നാണു. സന്തോഷവും ശാന്തിയല്ല.

വല്യമ്മായി said...

ആത്മേച്ചി,

എന്റെ ദൃഷ്ടിയ്ക്കല്ല മഹത്വം,നമ്മുടെ ആരുടെയുമല്ല.ഇരുളിന്റെ ഈ മഹാ വന്‍‌കര നീന്തി കടക്കാന്‍ തുണയ്ക്കുന്ന നിത്യവെളിച്ചമാണ് സത്യം.അവനാണ് സ്തുതി.ഒരോ നിമിഷവും പുതിയ സത്യം നമുക്ക് വെളി‍പ്പെടുത്തി നമ്മെ നവീകരിച്ച്ൂരു പുതിയ വ്യക്തിയാക്കുന്നവന്‍.

ശ്രേയസ്സ് പറഞ്ഞ പോലെ സുഖത്തില്‍ മതിമറക്കാതെ ദുഃഖത്തില്‍ നിരാശരാകാതെ ഏതവസരത്തിലും കുടെയുള്ള ദൈവചൈതന്യത്തെ തിരിച്ചറിയാന്‍ നമുക്ക് കഴിയട്ടെ.

ആത്മ said...

‘നിസംഗത, വൈരാഗ്യം, വിരക്തി തുടങ്ങിയ വാക്കുകള്‍ നാം സാധാരണ കരുതുന്നതുപോലെ അസന്തുഷ്ടമായ ജീവിതം എന്നല്ല, ശാന്തിയുള്ള ജീവിതം എന്നാണു. സന്തോഷവും ശാന്തിയല്ല.‘


സത്യം പറഞ്ഞാല്‍ ശ്രേയസ്സ് ജീ, ആത്മയില്‍ അധികവും ആദ്യം പറഞ്ഞ ലക്ഷണങ്ങളാണ് ..
മനസ്സിനു വലിയ ശാന്തിയും തോന്നും..

സന്തോഷത്തിനെ കാണുമ്പോള്‍ ആരാധനയോടെ നോക്കി നില്‍ക്കും എങ്കിലും ആത്മക്കറിയാം അത് സ്ഥിരമല്ല എന്നൊക്കെ .. എങ്കിലും
അല്പം ദൂരെ മാറി നോക്കി നില്‍ക്കും..!!:)


ഇതൊക്കെ സഹിക്കാം.. ‘നാം‘ എന്നും ‘നമുക്ക്‘ എന്നുമൊക്കെ നാം ചിലതിനെ അങ്ങ് വിശ്വസിച്ച് വശായിട്ടുണ്ട്.. അയ്യോ അതിന് ദോഷം വരുന്ന ഓരോന്ന് കാണുമ്പോഴാണ്‌ പയറിനെപ്പോലെ തിളപ്പിക്കപ്പെടുന്നത്!
അതിനെന്തു ചെയ്യാന്‍?!

ആത്മ said...

വലിയമ്മായി!

ആത്മയ്ക്ക് തോന്നുന്നു അമ്മായിക്ക് ഇനി അധികം ജന്മങ്ങളൊന്നും ജനിക്കേണ്ടി വരില്ല..
ഏതാണ്ട് ദൈവത്തിന്റെ അടുത്തൊക്കെ എത്താറായ ഒരു ജന്മമാണ്.. സുകൃതം ചെയ്ത ജന്മം..

ആത്മ പകുതിപോലും ആയിട്ടില്ലാ താനും.. ആ വ്യതാസം ഉണ്ട്..

എങ്കിലും.. നാമൊക്കെ ഒരേ പാതയിലൂടെ ഗമിക്കുന്നവരാണെന്ന് തോന്നുന്നു..:)

(ആത്മയ്ക്ക് ഇടയ്ക്ക് പെട്ടെന്ന് വെളിയില്‍ പോകേണ്ടി വന്നു അതാണു മറുപടി താമസിച്ചത് ട്ടൊ,)

ജയകൃഷ്ണന്‍ കാവാലം said...

അതേ സ്വഹൃത്തില്‍ വസിക്കുന്ന അവന്‍ കൃഷ്ണനുമാണ്. ആത്മാവില്‍ വസിച്ചുകൊണ്ട് ജീവനായി പ്രശോഭിച്ച് സര്‍വ്വ ചരാചരങ്ങളേയും തന്നിലേക്ക് കര്‍ഷണം ചെയ്യുന്നതിനാല്‍ അവന്‍ കൃഷ്ണനായി, കാമക്രോധലോഭമോഹമദമാത്സര്യരാഗദ്വേഷാദി അഷ്ടദോഷങ്ങളേയും സംഹരിച്ച് പൂര്‍ണ്ണതയുടെ, ശുദ്ധതയുടെ പ്രതീകമായ ചുടലഭസ്മം ധരിച്ച് ദേഹാത്മബോധത്തിനു മേല്‍ ജീവാത്മബോധത്തില്‍ നിലനിന്നുകൊണ്ട് അവന്‍ മഹാദേവനായി, അറിവായി അനന്തതയായി നിറവായി ബോധത്തെ മാതൃസഹജമായി തഴുകി അമ്മ സരസ്വതിയായി, സര്‍വ്വപ്രപഞ്ചങ്ങളെയും ബിന്ദുരൂപത്തില്‍ ആവാഹിച്ച് സൂക്ഷ്മസ്വരൂപത്തില്‍ വര്‍ത്തിച്ചുകൊണ്ട് ശ്രീചക്രരാജമദ്ധ്യനിലയയായ പരാശക്തിയുമായി, നിത്യതയെന്ന സത്യമായി, വേദങ്ങളില്‍ നിറയുന്ന ജ്ഞാനമെന്ന ചൈതന്യവും, ഹൃദയങ്ങളില്‍ പൂക്കുന്ന സ്നേഹമെന്ന അനുഭവകുസുമങ്ങളുമായി, ത്യാഗത്തിന്‍റെ പരകോടിയില്‍ മാനവകോടികള്‍ക്കു മാതൃകയേകി അവന്‍ യേശുദേവനായി, പ്രബോധനത്തിന്‍റെ ജീവസാന്നിദ്ധ്യമായി നബിതിരുമേനിയായി, സമ്പന്നതയുടെയും, സമൃദ്ധിയുടെയും ഗര്‍ഭഗ്രഹമായി വര്‍ത്തിച്ച് ഭൂമിദേവിയായി, തണലും താങ്ങും ആശ്രയവുമേകി മാതൃരാജ്യമായി, ഉദരത്തില്‍ വഹിച്ചും സ്നേഹക്ഷീരാമൃതം പകര്‍ന്നും ത്യാഗത്തിന്‍റെ പ്രത്യക്ഷമൂര്‍ത്തിയായ അമ്മയായി....... അവന്‍ ആരൊക്കെയല്ല??? ഏതൊക്കെ പേരില്‍ അവന്‍ വിളിക്കപ്പെട്ടു കൂട? എങ്ങനെയൊക്കെ ആരാധിച്ചു കൂട?

കണ്ണുനീര്‍ തുടക്കുന്ന, സാന്ത്വനം പകരുന്ന ഇളം കാറ്റായും, ജ്ഞാനത്തിന്‍റെ വിഹായസ്സായും, കര്‍മ്മഭൂമിയായും, ധര്‍മ്മബോധത്തിന്‍റെ അഗ്നിയായും, നന്‍‍മയുടെ സമുദ്രമായും.... പഞ്ചഭൂതാത്മകമായി നിറഞ്ഞു നില്‍ക്കുന്നതു കാണ്‍ഊന്നില്ലേ ആ മഹാചൈതന്യം... ധ്യാനാവസ്ഥയില്‍ കാണുവാന്‍ കഴിയുന്നില്ലേ ആ മഹാപ്രഭാപൂരം... ഇഷ്ടമുള്ള പേരില്‍ വിളിക്കുക, മറുവിളി കേള്‍ക്കാതിരിക്കില്ല...

ജയകൃഷ്ണന്‍ കാവാലം said...

http://ner-kazhcha.blogspot.com/2009/04/blog-post.html

ഈ കുറിപ്പിന്‍റെ അഞ്ചാമത്തെ പാരഗ്രാഫ്‌ മുതല്‍ ഒന്നു വായിച്ചു നോക്കൂ.... അതായിരിക്കുമോ സ്നേഹം എന്നറിയില്ല. എങ്കിലും ഈ വിഡ്ഢിയുടെ ദര്‍ശനം!. ടൈറ്റില്‍ കണ്ട് മുഖം ചുളിക്കണ്ട. ടൈറ്റില്‍ കണ്ട് പല്ലിളിച്ച് ഇപ്പൊഴും പലരും വന്ന് മുഖം ചുളിച്ചാണ് പോകുന്നത്. (പാവങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, വേണ്ടാതീനം ടൈറ്റിലില്‍ എഴുതി വച്ചാല്‍ അതു വച്ചു സേര്‍ച്ചു ചെയ്യുന്നവര്‍ പിന്നെ എവിടെ പോകാനാ)

ആത്മ said...

ജയകൃഷ്ണന്‍ കാവാലം,

ഭക്തിയെപ്പറ്റി എഴുതിയത് വായിച്ച് കണ്ണുനിറഞ്ഞുപോയി!

പിന്നീട് തന്ന ലിങ്കില്‍ പോയി വായിച്ചു!

പലതരം സ്നേഹത്തെപ്പറ്റി എഴുതിയിരുന്നു..അതില്‍ പ്രേമമാണ്‌ മഹത്തരം എന്നും എഴുതിയിരുന്നു..,

ആത്മയ്ക്ക് വലുതായി ഒന്നിലും എക്സ്പീരിയന്‍സ് ഇല്ല.
മാനസികപ്രണയം പണ്ടുമുതലേ ഉണ്ടായിരുന്നു.. എന്തിനെയെങ്കിലും അഗാധമായി പ്രണയിക്കുക.. നിത്യജീവിതത്തിലെ പല മദമാത്സര്യങ്ങളില്‍ ഇന്നും മനസ്സിനെ പ്രേമത്തിലേക്ക് ഉയര്‍ത്തി രക്ഷിക്കാനായിരുന്നിരിക്കണം..
പ്രേമിക്കാന്‍ ഒന്നുമില്ലെങ്കില്‍ വെറുതെ പ്രേമത്തിനുവേണ്ടി കേണുകൊണ്ട് ജീവിക്കും..
അതൊരു സുഖം.. സമാധാനം..
പ്രേമത്തോടൊപ്പം ഭക്തിയും ഉണ്ടായിരുന്നു..
മാനസിക പ്രണയവും ശരിക്കുമുള്ളതും തമ്മില്‍ അജഗജാന്തരം വ്യത്യാസം കാണില്ലേ..,

എതിനും പ്രേമം ദിവ്യമാണ്..
പക്ഷെ നമ്മുടെ പ്രേമം മറ്റുള്ളവര്‍ക്ക് സങ്കടമുണ്ടാക്കുകയാണെങ്കിലോ?!
ആത്മക്ക് ആ അനുഭവമായിരുന്നു അധികവും..
മറ്റുള്ളവരുടെ പ്രേമം കണ്ട് എരിയുക..
എന്നാല്‍ പ്രേമം ചീത്തയാണെന്ന് പറയാനും ആവില്ലല്ലൊ,
രണ്ടു ആത്മ്ക്കള്‍ പരസ്പരം ഒന്നാകുന്നപോലെ എന്തോ ഒന്ന്!
പക്ഷെ,
നമുക്ക് പ്രണയം സ്വീകരിക്കാന്‍ അവകാശമുള്ളതുപോലെ മറ്റുള്ളവര്‍ക്കും ഉണ്ടല്ലൊ,

‘അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്നു സുഖത്തിനായ് വരേണം..’
ഈ ലോകത്തിലുള്ള എല്ലാവര്‍ക്കും പ്രേമിക്കപ്പെടാനുള്ള അവകാശം
ഉണ്ടെങ്കില്‍ നമ്മുടെ സ്നേഹം സ്വാര്‍ത്ഥമല്ല.

പ്രണയിക്കുന്നവര്‍ ദിവ്യമായ ആനന്ദത്തില്‍ മുഴുകുമ്പോള്‍ ആ ദിവ്യത
ഒരു സമൂഹത്തിനോ കുടുംബത്തിനോ മുഴുവനും വേദനയോ ദുഷ്പേരോ
അന്യായമോ ആയാല്‍ പിന്നെ നാം മാത്രം പ്രേമത്തില്‍ മുഴുകി ജീവിക്കുമ്പോള്‍ എങ്ങിനെ നല്ലവരാകും?!

അതുകൊണ്ടാകും ഈശ്വരപ്രേമമാണ് മഹത്തരം എന്ന് വരുന്നതും..
ഈശ്വരന്റെ അംശങ്ങളായി ശ്രീകൃഷ്ണപ്രേമമായി മനസ്സില്‍ ഗൂഢമായി പ്രണയം ഒളിപ്പിച്ചു വച്ച്
ജീവിക്കുമ്പോള്‍ പ്രണയവും ഭ്ക്തിയും
ഒടുവില്‍ ഒന്നായി വിലയിക്കുന്നതുകാണാം..

[എനിക്ക് പ്രണയത്തെപ്പറ്റിയൊന്നും എഴുതാനറിയില്ല എന്നു പറഞ്ഞ് പോകാന്‍ വന്നതാണ്.. പക്ഷെ എഴുതിയെഴുതി വന്നപ്പോള്‍ ഇത്രയും കിട്ടി..! എല്ലാം സാങ്കല്പികം!]

വല്യമ്മായി said...

"വെറുതെ പ്രേമത്തിനുവേണ്ടി കേണുകൊണ്ട് ജീവിക്കും"

ഉപാധികളില്ലാതെ തിരിച്ച് പ്രതീക്ഷിക്കാതെ സ്നെഹിക്കുമ്പോള്‍ സ്നെഹത്തിനു വേണ്ടി കേഴുന്നതും കലഹിക്കുന്നതും എന്തിന്?

നമ്മള്‍ തിരിച്ചെന്ത് കൊടുത്തിട്ടാണ് സൂര്യന്‍ നമുക്ക് വെണ്ടിയിങ്ങനെ എരിയുന്നത്?

പക്ഷെ നമ്മുടെ എല്ലാ സ്നേഹങ്ങളും ഈ തലത്തിലെക്കുയര്‍ത്താന്‍ ഈശ്വരാനുഗ്രഹം കൂടെ വേണം :)

(ഞാനും സ്നെഹത്തിനു വെണ്ടിൊരു പാട് കലഹിച്ചിട്ടുണ്ട് പണ്ട്,പിന്നീടാണ് മനസ്സിലായത് സ്നെഹമൊക്കെ നാല് പാട് നിന്നും പണ്ടും എനിക്ക് കിട്ടിയിരുന്നു തിരിച്ചറിയാതെ പോയതാണെന്ന്.

നമ്മളങ്ങോട്ട് കൊടുക്കുന്ന നിഷ്കളങ്കമായ സ്നെഹം തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയിലും ചെന്ന് പെട്ടിട്ടുണ്ട്,പണ്ടൊക്കെ അതില്‍ സങ്കടവും തോന്നുമായിരുന്നു,ഇപ്പോള്‍ അതുമില്ല,കാരണം നമ്മെ മുഴുവനായി മനസ്സിലാക്കുന്ന ദൈവചെതന്യം കുടെയുള്ളപ്പോള്‍ എതമാവാസിയേയും പെടിക്കുന്നതെന്തിന്?

ജയകൃഷ്ണന്‍ കാവാലം said...

പലതരം സ്നേഹമെന്നൊന്നില്ല, പ്രേമം മാത്രം. പക്ഷേ സ്നേഹത്തില്‍ മായം കലരുമ്പൊഴാണ് പല തരത്തില്‍ നാമതിനെ അറിയുന്നത്.

അതേ, പ്രേമമെന്നത് ആര്‍ദ്രമാണ്. വേദനയും, സങ്കടവുമാണ് പക്ഷേ ആ പ്രേമത്തെ നമുക്ക് ഉപേക്ഷിക്കാന്‍ കഴിയുമോ? പ്രേമാര്‍ദ്രമായ മനസ്സില്‍ എപ്പോഴും കണ്ണുനീര്‍ തീര്‍ത്ഥപ്രവാഹമുണ്ടാകും. ശുദ്ധതയുടെ പ്രതീകമാണ് കണ്ണീര്‍. ആത്മാവില്‍ അമൃതവര്‍ഷം പൊഴിയുമ്പൊഴാണ് കണ്ണുകള്‍ സജലങ്ങളാകുന്നത്. ചൈതന്യം സ്ഫുരിക്കുന്ന ക്ഷേത്രനടയില്‍ നില്‍‍ക്കുമ്പോള്‍ എനിക്കു കരയാതിരിക്കാനാവില്ല. അത് എന്‍റെ നിയന്ത്രണത്തിലല്ല. മറ്റൊന്നുള്ളത് മനസ്സിന്‍റെ വേദനയാണ്. മനസ്സില്‍ മുറിവേല്‍‍പ്പിക്കുവാന്‍ - മനസ്സിനെ നോവിക്കുവാന്‍ - മനുഷ്യനു മാത്രമേ കഴിയൂ. കളങ്കമില്ലാത്ത പ്രേമത്തിനു മേല്‍ പിശാചേല്‍‍പ്പിക്കുന്ന പ്രഹരമാണത്. ആ പിശാച് പലപ്പോഴും നമ്മുടെയുള്ളിലെ സ്വാര്‍ത്ഥത തന്നെയാകുന്നത് നാം തിരിച്ചറിയുന്നുണ്ടാവില്ല.

ഈ ബ്രഹ്മാണ്ഡത്തിലെ കോടാനുകോടി വൃക്ഷലതാതികള്‍, അസംഖ്യം കര-ജലജീവികള്‍, പുല്‍ക്കള്‍, പുഴുക്കള്‍, ഇഴജന്തുക്കള്‍, ഏകകോശജീവികള്‍ ഇവയിലൊന്നു മാത്രമായ നമുക്ക് ദേഹാത്മബോധം വെടിയുവാനുള്ള സാധ്യതകള്‍ അനന്തമായി മുന്‍പിലുള്ളപ്പൊഴും നാം ഇതരജന്തുജാലങ്ങള്‍ക്കൊന്നുമില്ലാത്ത എന്തിന്‍റെയോ പേരിലുള്ള ദുഃഖം അനുഭവിക്കാറുണ്ട്. ലിവ് ഇന്‍ പ്രസന്‍റ്, മുക്തിക്കായി, പ്രതിഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യുക ഇങ്ങനെയുള്ള സത്യോപാസനകളില്‍ ഉറച്ചു നില്‍ക്കുവാന്‍ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു. ഒരു പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ ഏറു കൊള്ളുന്ന മാത്രയില്‍ അതൊന്നു കരയും, നോവധികമെങ്കില്‍ അതല്‍‍പ്പം മാറിയിരുന്ന് നക്കിത്തുടക്കും അതോടെ കഴിഞ്ഞു. നാളെയും അത് അതേ വഴി വരും. അതിന് പരിഭവമില്ല. അതിനെ എറിഞ്ഞവനെ കണ്ടാല്‍ ഒരു പക്ഷേ അതൊഴിഞ്ഞു മാറിപ്പോകും. അതിലപ്പുറം അതിനൊരു ബാദ്ധ്യതയില്ല. നമ്മള്‍ മനുഷ്യര്‍ക്ക് ഇല്ലാതെ പോകുന്ന ഒന്നാണിത്. കിട്ടുന്ന ഓരോ ഏറും മനസ്സില്‍ വൃണമായി കൊണ്ടു നടക്കും, ഒഴിഞ്ഞു മാറിയുള്ള ജീവിതത്തിന് പലപ്പോഴും നമുക്കു കഴിയില്ല. വിഷമുള്ള നീചന്മാരായ മനുഷ്യരും നമുക്കിടയിലുണ്ട്. അവരില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നമുക്കു കഴിയുന്നില്ല. നമ്മുടെ പ്രേമം ഒരിക്കലും ഉള്‍ക്കൊള്ളാന്‍ വിധിയില്ലാതെ-സൌഭാഗ്യമില്ലാതെ- പോയവരാണവര്‍. ആണും പെണ്ണും തമ്മിലുള്ള പ്രേമത്തെക്കുറിച്ചല്ല, പ്രകൃതിയും പുരുഷനുമായുള്ള, ശിവനും ശക്തിയുമായുള്ള, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള, കൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള പ്രേമത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.

(രാസക്രീഡയില്‍ ഇടക്കെപ്പൊഴോ ശ്രീകൃഷ്ണന്‍ ഗോപികമാര്‍ക്ക്-രാധക്കു പോലും- മുന്‍പില്‍ അദൃശ്യനായതായി ഭാഗവതം. പ്രേമസ്വരൂപനായ, യോഗീശ്വരനായ കൃഷ്ണന്‍, ഗോപികമാരുടെ പ്രേമത്തിലാണ് രമിച്ചിരുന്നത്‌, ക്രീഡിച്ചിരുന്നത്. അവരില്‍ ഏതു നിമിഷം കാമം ഉടലെടുത്തോ ആ നിമിഷം കൃഷ്ണന്‍ മറഞ്ഞു എന്ന് വ്യാഖ്യാനം)


സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ആ പ്രേമസ്വരൂപനെയാണ് നാം കാണേണ്ടതും പ്രേമിക്കേണ്ടതും. ചിലരില്‍ അത് അന്ധതയും അധമവികാരങ്ങളാലും മൂടപ്പെട്ടിരിക്കുന്നു, തൊട്ടുണര്‍ത്താന്‍ കഴിയുന്ന മനസ്സുകളെ തൊട്ടുണര്‍ത്തണം, വിളിച്ചുണര്‍ത്താവുന്നവരെ വിളിച്ചുണര്‍ത്തുക. എന്തു ചെയ്താലും നന്‍‍മ വെളിപ്പെടാത്ത മനുഷ്യരുണ്ട്, പുറമേ ചിരിക്കും, അകമേ കാളകൂടം! അങ്ങനെയുള്ളവരില്‍ നിന്നും ഒഴിഞ്ഞു പോവുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല.

ധ്യാനിക്കുക. നന്മ വെളിപ്പെടും വരെ ധ്യാനിക്കുക. ധ്യാനമെന്നാല്‍ കണ്ണടച്ചിരിക്കുകയല്ല. ഉണര്‍ന്നു ചിന്തിക്കുക, ഉയര്‍ന്നു ചിന്തിക്കുക. അന്തര്‍നേത്രങ്ങള്‍ തുറന്ന് സത്യത്തെ തിരയുക. തീര്‍ച്ചയായും മനസ്സ് അസ്വസ്ഥമായിരിക്കും. ഈ രീതിയില്‍ ധ്യാനിക്കും തോറും മനസ്സ് ആഴത്തില്‍ ആഴത്തില്‍ അസ്വസ്ഥമായിക്കൊണ്ടിരിക്കും, ആ അസ്വസ്ഥതയില്‍ നിന്നും, ജന്‍‍മവേദനയുണ്ടാകും, അതൊരു പുനര്‍ജ്ജനിയുടെ വേദനപോലെ നമ്മില്‍ അനുഭവമാകും, ആ അനുഭവങ്ങളെ പ്രണയിക്കുക, നിസ്സംഗതയോടെ അത് നമുക്ക് വഴി കാട്ടും. പാതാളത്തില്‍ നിറഞ്ഞ അന്ധകാരത്തില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ പാറുന്ന സുദര്‍ശനവും ഉയര്‍ത്തി വഴികാട്ടി നടന്ന ശ്രീകൃഷ്ണനെ ഓര്‍മ്മയില്ലേ? അവന്‍ ഉള്ളില്‍ തന്നെയുണ്ട്. തിരഞ്ഞു പിടിക്കുക...

ആത്മ said...

വലിയമ്മായി! :)
വെറുതെ പ്രേമത്തിനുവേണ്ടി കേണുകൊണ്ട് ജീവിക്കും എന്നു പറഞ്ഞത സാധാരണ പ്രേമത്തിനു വേണ്ടിയല്ല..
ഏതോ ഒരു പ്രേമം കൊണ്ട് നാം ഈ ഭൂമീലെ ദുരിതങ്ങളൊക്കെ മറക്കാന്‍ സാധ്യമാകുന്ന ഒരു പ്രേമം!
അത് ഏതാണെന്ന് ആത്മയ്ക്കറിയില്ലാ..
ജയകൃഷ്ണന്‍ജി പറഞ്ഞില്ലേ,
മനുഷ്യന്‍ മാത്രം ‘എന്തിന്റെയോ പേരില്‍ ദുഃഖം അനുഭവിക്കാറുണ്ട്’ എന്ന്..
ഒരു അപൂര്‍ണ്ണത എപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കും..
അത് ഒരു ശാശ്വതമായ പ്രേമത്തിനു വേണ്ടിയാകും..(ഉദിത ചൈതന്യയതി
പറഞ്ഞു, അത് ഈശ്വരനെ അറിയാനുള്ള തൃഷ്ണയാണെന്ന്..)

വല്യമ്മായി said...

എന്നും നമ്മുടെ സ്നേഹം തിരിച്ചറിയാനും കുടാതെ കുറയാതെ നമ്മെ സ്നെഹിക്കാനും ദൈവം മാത്രമേ ഉള്ളൂ അത്തരത്തില്‍ നമുക്കൊരാളെ സ്നെഹിക്കണമെങ്കില്‍ വെറൊന്നും നോക്കാതെ അയാളുടെ ആത്മാവിനെ മാത്രം സ്നെഹിക്കണം.Platonic love എന്നൊക്കെ പറയുന്ന പോലെ.

ജയകൃഷ്ണന്‍ കാവാലം said...

വല്യമ്മായി ഈ പറഞ്ഞ ആശയത്തില്‍ നിന്നു സ്വാര്‍ത്ഥതയിലേക്കുള്ള ദൂരം വളരെ കുറവാണ്. സൂക്ഷിച്ച് പോയില്ലെങ്കില്‍ പ്രേമം വഴിതെറ്റിപ്പോകും! ജാഗ്രത

ജയകൃഷ്ണന്‍ കാവാലം said...
This comment has been removed by the author.
വല്യമ്മായി said...

ഞാനുദ്ദേശിച്ച അര്‍ത്ഥത്തില്‍ സ്വാര്‍ത്ഥത അകലെ പോലും വരുന്നില്ല :)

ആത്മ said...

ജയകൃഷ്ണന്‍ജി,

എഴുതിയതൊക്കെ ഒരിക്കല്‍ക്കൂടി വായിച്ചിട്ട് വിശദമായി ആത്മയ്ക്ക് മനസ്സിലായത് എഴുതാം..

തല്‍ക്കാലം ഒന്നു തോന്നുന്നു...

രാസക്രീഡ വേളയില്‍പ്പോലും ഗോപികമാരില്‍ കാമം ഉടലെടുത്തപ്പോള്‍ ശ്രീകൃഷ്ണന്‍ മറഞ്ഞുകളഞ്ഞു എന്ന്!

കാമം എന്നര്‍ത്ഥമാക്കുന്നത് അപ്പോള്‍ സ്വാര്‍ദ്ധതയാകും അല്ലെ,

അപ്പോള്‍ തല്‍ക്കാലം ആത്മയ്ക്ക് തോന്നുന്നു, ‘ഭാരതീയര്‍ ആത്മീയം പറഞ്ഞു നടക്കുന്നെങ്കിലും ശരിക്കും അത് അനുവര്‍ത്തിക്കുന്നത് വിദേശികള്‍ തന്നെ‘ എന്ന്.
അവര്‍ ഇഷ്ടം തോന്നുന്നവരോടൊപ്പം പോയി രമിക്കും..
പ്രേമം തോന്നിയാല്‍ അഗാധമായി പ്രേമിക്കും..
പിന്നെ സ്വാര്‍ദ്ധത തോന്നുമ്പോള്‍ ഡൈവോര്‍സ് ചെയ്ത് ശ്രീകൃഷ്ണന്‍ മറഞ്ഞതിനെക്കാളും ഡീസന്റ് ആയി..(‘രാധേ നീയും വേറേ ബോയ് ഫ്രണ്ടിനെ തേടിക്കോ..’) എന്നും പറഞ്ഞ് അങ്ങ് പാട്ടും പാടി പോകും..)

നമ്മള്‍ ഭാരതീയര്‍ പണ്ട് ഇഷ്ടം പോലെ പ്രേമിച്ചും സന്തോഷിച്ചുംമൊക്കെ ജീവിച്ച കണ്ണനെ ധ്യാനിച്ച്, ജീവിക്ക്ന്‍ ‍ ഭയന്ന്
‘പ്രേമം’ ‘ഭക്തി’ ‘ധ്യാനം’.. എന്നൊക്കെ
പിറുപിറുത്തുകൊണ്ട് ജീവിക്കയും..!

പ്രേമം എല്ലാര്‍ക്കും വേണം താനും
എന്നാല്‍ അത് നിഷിദ്ധവുമാണ്..!

ഭാരതീയര്‍ എല്ലാരും ഒന്നുകില്‍ പ്രേമം എന്ന രണ്ടക്ഷരം പാടെ മറന്ന് പോയി സന്യസിക്കുന്നതാണ് അഭികാമ്യം!(ആത്മയടക്കം)

[ഞാനിത്രയും എഴുതിയത് വെറുതെ മനസ്സില്‍ നിന്നും ഉരുത്തിരിഞ്ഞ കുറെ ചിന്തകളാണേ..!)

ആത്മക്ക് തോന്നുന്നത്, മനുഷ്യരോട് തോന്നുന്ന പ്രേമമല്ല ഈശ്വരനോടു തോന്നുന്നത്..
മനുഷ്യനോട് തോന്നുന്ന സ്നേഹം
ഒരു ബേസിക് ഇന്‍സ്റ്റിക്റ്റ് ആണ്‍
മറ്റ് പല ആഗ്രഹങ്ങളും പോലെ..
അത് നിറവേറ്റാം നിറവേറ്റാതിരിക്കാം..(ഓരോരുത്തരുടെയും സാഹചര്യം, തന്റേടം, ധാര്‍മ്മികത, എന്നിവ അനുസരിച്ച്)

ഈശ്വരനോടുള്ള സ്നേഹം തുലോം വ്യത്യസ്ഥമാണ്‍..
പ്രേമിക്കാനും ഒക്കെ ഇഷ്ടമ്പോലെ സ്വാതന്ത്ര്യമുള്ള വിദേശികള്‍ പോലും ആത്മീയാചാര്യന്മാരെ തേടി വരുന്നത
അതുകൊണ്ടാണ്‍..
അത ആത്മാവിന്റെ ഒരു തേടല്‍/ദാഹം..ഒക്കെയാണ്‍
നാം ആരാണ്‍ എന്താണ്‍ എന്നൊക്കെ അറിയാനുള്ള ഒരു ത്വര..
ആത്മാന്വേക്ഷ്ം..

ലൌകീകജീവിതത്തിനിടക്ക്
ഈ ആത്മാന്വേക്ഷണവും കൂടി ഉടലെടുക്കുമ്പോള്‍ അല്പം കഷ്ടപ്പെടും..
ഒന്നിനു ശാന്തി വരുത്തിയിട്ട് പൂര്‍ണ്ണമായതിനെ തേടുക..
ഗൃഹസ്ഥാശ്രമം നന്നായി തീര്‍ത്തിട്ട്
സന്യാശ്രമത്തിനു പോവുക..
ഇതായിരുന്നു പണ്ടത്തെ രാജാക്ക്നമാരും ഋഷിവര്യന്മാരും ഒക്കെ ചെയ്തിരുന്നത്..

നാമൊക്കെ രണ്ടിന്റേം കൂടി ഇടയില്‍..
ഒന്നും നേരാംവണ്ണം അനുവര്‍ത്തിക്കാനാവാതെ..

ആര്‍ക്കെങ്കിലും വിമര്‍ശനങ്ങളുണ്ടെങ്കില്‍ ഒരല്പം മയത്തിലാവണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് തല്‍ക്കാലം ചുരുക്കുന്നു...:)

ആത്മ said...

ജയകൃഷ്ണന്‍ജി,

ആത്മ വീട്ടുജോലിക്കിടക്ക് ഓടി വന്ന് എഴുതിയതാണ് ആദ്യത്തെ കമന്റ്.
ശ്രീകൃഷ്ണനെ പറ്റി എഴുതിയപ്പോള്‍ ഒരു കുസൃതി തോന്നി അതങ്ങ് എഴുതിപ്പോയതാണ് ട്ടൊ,


അങ്ങ് ആത്മീയമായി വളരെ ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്ന ഒരാളെന്ന് തോന്നുന്നു. ധ്യാനത്തിന്റെയും മറ്റും മഹത്വങ്ങള്‍ എഴുതിക്കണ്ടു!

ആത്മയ്ക്ക് അത്ര വലിയ ആഴത്തില്‍ ആത്മീയതയില്‍ പോകാനായിട്ടില്ല..
പിന്നെ ഏതുനിമിഷവും പോകാന്‍ തയ്യാറായ ഒരവസ്ഥയില്‍ ജീവിക്കുന്നു..
ഏകാന്തത ഇഷ്ടമാണ്..
ചെയ്യുന്ന ഏതു കാര്യമാണെങ്കിലും ദൈവത്തെ മുന്‍‌നിര്‍ത്തി ചെയ്യല്..‍‌
ആത്മീയ പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടം..
പിന്നെ സമയം കിട്ടുമ്പോള്‍ കുളിച്ച് കുറെ നേരം നന്നായി പ്രാര്‍ത്ഥിക്കും..
പിന്നെ, ആത്മയുടെ ആത്മാവുമായി തന്നെ സ്വകാര്യങ്ങളും പറഞ്ഞ് നടക്കും..
ഈ എഴുത്തിലൂടെ കിട്ടിയ കൂട്ടുകാരല്ലാതെ വേറെ ആരുമായും അതിരു കടന്ന അടുപ്പവും ഇല്ല..
ഇത്രയൊക്കെയേ ഉള്ളൂ..

എഴുതിയതില്‍ വല്ലതും തെറ്റായോ തന്റേടമായോ തോന്നിയെങ്കില്‍ ദയവായി ക്ഷമിക്കുക.

ആത്മ said...

വലിയമ്മായി!

സ്വാര്‍ത്ഥതയില്ലാതെ ദൈവത്തെപ്പോലെ ഒരാളെ സ്നേഹിക്കാന്‍ കഴിയുക വലിയ ആശ്വാസം തന്നെയാണ്‌..!
പക്ഷെ, പെണ്ണുങ്ങളെപ്പോലെയല്ല ആണുങ്ങള്‍ക്ക് സ്നേഹം..
അവര്‍ക്ക് അത് മറ്റെന്തോ ആയിക്കൂടി മാറും..
പ്രേമമില്ലാതെ സ്നേഹിച്ചാല്‍ ആ സ്നേഹം അത്ര ദൃഢവുമായിരിക്കില്ല.
പ്രേമം മനസ്സില്‍ നിറയുമ്പോള്‍ അന്യോന്യമുള്ള പല കുറ്റങ്ങളും കുറവുകളും ഒക്കെ മറന്ന് പരസ്പരം സ്നേഹിക്കാനാവും..

അമ്മായി പറഞ്ഞ സ്നേഹം അല്പം അകലെ നിന്നാകുമ്പോള്‍ ആപത്തൊന്നും വരില്ല..
അമ്മായിയുടെ സ്നേഹം കിട്ടാനും ഭാഗ്യം വേണം..:)

ആത്മ എഴുതിയതില്‍ വല്ല പിശകും ഉണ്ടെങ്കില്‍ ദയവായി ചൂണ്ടിക്കാട്ടുക

ശ്രീ (sreyas.in) said...

ചില ചിന്തകള്‍:
പണ്ടത്തെ മിക്കവാറും സന്യാസിമാരും ഋഷികളും വിവാഹിതരായിരുന്നു. അതിനാല്‍ കുടുംബത്തെ ഉപേക്ഷിച്ചു പോകലല്ല സന്യാസം. ഉപേക്ഷിക്കലല്ല, എല്ലാം ഒന്നായിക്കണ്ട് ഒത്തുപോകലാണ് സന്യാസം. ആള്‍ക്കൂട്ടത്തില്‍ ജീവിക്കുകയും, എന്നാല്‍ തനിയെയായും, അകമേ നിസംഗനായി, പുറമേ സംഗനനെന്നപോലെ ജീവിക്കുന്നത് സന്യാസം തന്നെ.

ഒന്നാലോചിച്ചാല്‍, ഇവിടെ എനിക്കൊന്നുമില്ല, അതിനാല്‍ ഉപേക്ഷിച്ചു പോകാനും ഒന്നുമില്ല. ഞാന്‍ ഈ ശരീരമല്ല, ഈ ശരീരം എന്റേതുമല്ല. ഇതോര്‍മ്മിപ്പിക്കാന്‍ എനിക്കിഷ്ടപ്പെട്ടതാണ് ഭാഗവതത്തിലെ മഹാബലിയുടെ കഥ.

ഗൃഹസ്ഥാശ്രമം എന്നല്ലേ പറയുന്നത് - അതായത് കുടുംബമായി ജീവിക്കുമ്പോഴും ഈശ്വരനിലേക്കുള്ള ആ ശ്രമം തുടരണം. അതിനു വയസ്സായി എഴുന്നേറ്റു നടക്കാന്‍ വയ്യാതാവുന്നത് വരെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

അങ്ങനെയല്ലേ?

വല്യമ്മായി said...

ആത്മേച്ചിക്കും ആ ഭാഗ്യമുണ്ടല്ലോ :)

ശ്രേയസ്സിനോട് യോജിക്കുന്നു.എല്ലാ കര്‍മ്മങ്ങളും ദൈവത്തിനുള്ളത് തന്നെ.

ആത്മ said...

അവസാനം മി. ജയകൃഷ്ണന്‍ജിയും വലിയമ്മായിയും ഒക്കെക്കൂടി എഴുതിയത് വായിച്ചപ്പോള്‍ ആത്മയ്ക്ക് മനസ്സിലായത്:

‘നാമൊക്കെ ദൈവസ്നേഹത്തില്‍ നിന്നും ജനിച്ചവരായതുകൊണ്ട് ജീവിതകാലം മുഴുവന്‍ അത്തരത്തിലൊരു സ്നേഹം തേടിക്കൊണ്ടിരിക്കും.. എല്ലായിടത്തും..
ഒടുവില്‍ നാം തേടുന്ന സ്നേഹം എങ്ങും ഇല്ല എന്നു മനസ്സിലായി തിരിച്ച് ദൈവത്തിനടുത്തു തന്നെ തിരിച്ചെത്തും..
ചില ആത്മാക്കള്‍ക്ക് ഈ വെളിപാട് അലപം നേരത്തെ ഉണ്ടാകും. അവരായിരിക്കും ആത്മീയമായി ഉയരുന്നത്..
അവര്‍ ദൈവസ്നേഹത്തിനു നേരത്തെ പാത്രമാകുന്നു..
മനുഷ്യരിലും ആ സ്നേഹം തന്നെയ്ണ്‌ മിന്നി മറയുന്നത്..
സ്വാര്‍ദ്ധത തീണ്ടാത്ത സ്നേഹം എല്ലാം ദൈവസ്നേഹം തന്നെ.

ആത്മീയത വളരുമ്പോള്‍ നാം നമ്മില്‍ തന്നെ സ്നേഹം കണ്ടെത്തുന്നു..
നമുക്ക് മറ്റൊരാളില്‍ പ്രേമം തോന്നുമ്പോള്‍ നാം നമ്മുടെ സ്നേഹം പങ്കുവയ്ക്കുന്നു..
അത്രയേ ഉള്ളൂ വ്യത്യാസം..
രണ്ടും ഏകദേശം അടുത്ത് നില്‍ക്കുന്നു എന്ന് പറയാം..
സ്വാര്‍ത്ഥത തീണ്ടാത്ത ഭൂമിയിലെ എല്ലാ
സ്നേഹബന്ധങ്ങളും ഈശ്വരസ്നേഹത്തിനടുത്ത് നില്‍ക്കുന്നു..
അമ്മയോടായാലും
ഭാര്യയോടായാലും
മക്കളോടായാലും
കൂട്ടുകാരോടായാലും..
സ്വാര്‍ദ്ധത തലപൊക്കുന്നതോടെ ദൈവസ്നേഹം മറയുന്നു..!
നിസ്വാര്‍ദ്ധമായി നാമറിയാതെ മനസ്സില്‍‌ തോന്നുന്ന സ്നേഹമാണ്‌ പ്രേമം..
ഈശ്വരനോടാകാം..
പ്രകൃതിയോടാകാം
പൂവിനോടാകാം..
വളര്‍ത്തുമൃഗങ്ങാളോടാകാം..
നിസ്വാര്‍ദ്ധത നമ്മിലെ അഹം അല്പ സമയം ഇല്ലാതാക്കി പരത്തില്‍ ആകൃഷ്ടരാക്കുന്നു..

ശരിയായോ ആവോ!

ജയകൃഷ്ണന്‍ കാവാലം said...

ഞാനും തിരക്കിലായിരുന്നു. ഇവിടെ എന്നെക്കാള്‍ മുതിര്‍ന്ന പലരും ‘ചേച്ചി’ എന്നു വിളിക്കുന്നതു കണ്ടു. ദയവായി ‘അങ്ങ്‘, ‘ജയകൃഷ്ണന്‍ “ജി”‘ എന്ന വിശേഷണങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 27 വയസ്സു മാത്രമുള്ള ഒരു പയ്യന്‍സ് ആണ് ഞാന്‍.
...................................
ഇനി കാര്യം.
എന്‍റെ അനുഭവത്തില്‍ രാസക്രീഡ വളരെ സൂക്ഷ്മതയോടെ മാത്രം അപഗ്രഥിക്കേണ്ട ഒരു ഭാഗമാണ്. അതിനെ ഉപരിപ്ലവമായി ചിന്തിച്ചതിന്‍റെ ഫലമായാണ് യോഗീശ്വരനായ കൃഷ്ണന്‍ പെണ്ണുപിടിയനായും, കാമുകീകാമുകന്മാരുടെ വല്ലഭനായും ഒക്കെ വ്യാഖ്യാനിക്കപ്പെട്ടത്. (വടക്കേ ഇന്‍ഡ്യയില്‍ ഇന്നും രാസക്രീഡയുടെ അനുകരണമായി ‘ദാണ്ഡിയ’ എന്ന നൃ്ത്തം തെരുവുകളില്‍ അരങ്ങേറാറുണ്ട്. അവിടെ കുട്ടികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഈ ഒരു പരിപാവനമായ സന്ദേശത്തിന്‍റെ പേരില്‍ ആകുന്നതു ദുഃഖകരം തന്നെയെന്നു പറയാതെ വയ്യ)

വാസ്തവത്തില്‍ (എന്‍റെ കാഴ്ചപ്പാടില്‍) രാസക്രീഡയില്‍ കാമവുമില്ല, സ്വാര്‍ത്ഥതയുമില്ല. കേവലം ആത്മാനന്ദത്തില്‍ മുഴുകിയുള്ള ആനന്ദനടനം മാത്രം. അതില്‍ ഗോപികമാരെന്ന ആത്മാവോടൊത്ത് ആത്മാരാമനായ ഭഗവാന്‍ ക്രീഡിക്കുന്നു. അതില്‍ രതിയില്ലതന്നെ. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പുരുഷന്മാര്‍ (ഗോപന്മാര്‍) ഉണ്ടായില്ല എന്ന മറു ചോദ്യമുണ്ടെങ്കില്‍,... പരമപുരുഷനായ [പരമാചാര്യരൂപ എന്ന് ഹരിനാമകീര്‍ത്തനത്തില്‍ ഒരു പദമുണ്ട്. ആചാര്യന്മാര്‍ക്കും (ആചാര്യ ലക്ഷണം വേറെയുമുണ്ട്...വിസ്താരഭയം!) ആചാര്യനായി വര്‍ത്തിക്കുന്നവന്‍ ആരോ അവന്‍ പരമാചാര്യന്‍. അതേ ഭാവത്തില്‍ പുരുഷന്മാര്‍ക്കും പുരുഷനായി നിലനില്‍ക്കുന്നവന്‍ പരമപുരുഷന്‍) ഭഗവാന്‍റെ അംശങ്ങള്‍ തന്നെയാണ് ഓരോ പുരുഷനും എന്ന് വിശദമാക്കേണ്ടി വരും. അതു വിശദമായി ഉപന്യസിക്കുവാന്‍ നിന്നാല്‍ ഇവിടെയെങ്ങും നിക്കില്ല. മാത്രവുമല്ല, ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗശഃ എന്ന് പറഞ്ഞ കക്ഷിയെ പിടിച്ച് ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ഉപജ്ഞാതാവാക്കിയ ജനങ്ങളാണ് ഇവിടെയുള്ളത്. ഒരു വാക്കു മാറി പറഞ്ഞു പോയാല്‍ എന്‍റെ കാര്യം കഷ്ടത്തിലാകും. ആദ്യമേ പറഞ്ഞതു പോലെ ഇത് എന്‍റെ അനുഭവം മാത്രമാണ്.

പറഞ്ഞു വന്നത്, രാസക്രീഡയെ ഒരു കാരണവശാലും ദേശീയമോ, വിദേശീയമോ, വൈയക്തികമോ ആയ ഒരുതരം പ്രണയ (പ്രേമം അല്ല) സങ്കല്‍‍പ്പങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത ഒന്നാണ്. ഹരിനാമകീര്‍ത്തനത്തില്‍ തന്നെയുള്ള ‘അറിയാവതല്ല മനമാളാനബദ്ധകരി...’ എന്ന വാക്യത്തെ ഉദ്ധരിച്ചുകൊണ്ട് ആനയുടെ ഭക്ഷണരീതി വ്യാഖ്യാനിക്കുന്നതു പോലെയിരിക്കും രാസക്രീഡയുടെ ആത്മീയസത്തയെ ഭൂമിയിലുള്ള വ്യക്തിബന്ധങ്ങളോടുപമിച്ചാല്‍.

ജയകൃഷ്ണന്‍ കാവാലം said...

ഹിന്ദുധര്‍മ്മശാസ്ത്രത്തിന്‍റെ വിശാലമായ ഒരു തലമാണ് ഏതു രൂപത്തില്‍ വേണമെങ്കിലും ഈശ്വരനെ ആരാധിക്കാമെന്നത്. അതുകൊണ്ടാണല്ലോ കേരളം ദൈവങ്ങളുടെ സ്വന്തം നാടായത്!!!. ആ വിശാലകാഴ്ചപ്പാടില്‍ കണ്ണനെ കണ്ണനായും, കൂട്ടുകാരനായും, പതിയായും, പിതാവായും, ഈശ്വരനായും, ശത്രുവായും പോലും (എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണനെ എനിക്ക് ശത്രുവായി കാണാനാണിഷ്ടം.) പരിഗണിക്കാം. (ഗീതയില്‍ അതു പറയുന്നുണ്ട്‌... യോയോ മാം നാമസഹസ്രേണ... എന്നാണെന്നു തോന്നുന്നു ആ ശ്ലോകം
തുടങ്ങുന്നത്. തീരെയും ഓര്‍മ്മയില്ല. [ശ്രീ@ശ്രേയസ്സ് മാഷിനു സഹായിക്കാന്‍ കഴിഞ്ഞേക്കും) അതായത്‌ ഏതൊരുവന്‍ ആയിരക്കണക്കിന് നാമങ്ങളുള്ളതില്‍ ഏതൊന്നു കൊണ്ട് മറ്റൊരു ദേവനെ പൂജിച്ചാലും അതെല്ലാം എന്നിലാണു വന്നു ചേരുന്നതെന്നും, അതിന്‍റെ ഫലം എന്നില്‍ നിന്നു തന്നെ അവനു ലഭ്യമാകുന്നുവെന്നുമാണിതിന്‍റെ സാരം) ഗീതയിലെ ഈയൊരു ശ്ലോകം തന്നെ ബഹു ദൈവ ആരാധനയെ സാധൂകരിക്കുന്നുവെങ്കിലും വേദാന്തവിചിന്തനത്തിലും, തുടര്‍ന്നു വരുന്ന ഗീതയിലെ തന്നെ ശ്ലോകങ്ങളിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു കാണാം. ഏതു രൂപത്തില്‍, ഏതു ഭാവത്തില്‍ നാം നോക്കിക്കാണുമ്പൊഴും ഏകനായ അവന്‍ തന്നെയാണ് ഇതെന്ന ബോദ്ധ്യം ഉണ്ടായിരിക്കണം എന്നര്‍ത്ഥം. അപ്പോള്‍ കൈവരുന്ന സമഭാവനയില്‍ നമുക്ക് വ്യക്തിദ്വേഷങ്ങളില്ല, ഇതര മതസ്ഥരെയോ, വിശ്വാസികളെയോ, മറ്റുള്ള ആചാരാനുഷ്ഠാനങ്ങളോടോ നമുക്ക് അവജ്ഞയില്ല, കാരണം ആ ബോധമുദിച്ചവന്‍റെയുള്ളില്‍ എല്ലാം ഈശ്വരമയം. കല്ലും കളഭവും കാനനവും...

ഭാഗവതം അകലെ നിന്നു നോക്കിയാല്‍ സര്‍വ്വം ലൌകികമായി അനുഭവപ്പെടും. കണ്ണീരും, സ്വപ്നങ്ങളും എല്ലാം ഉണ്ട്. എന്നാല്‍ ഭാഗവതത്തിന്‍റെ ആഴങ്ങളിലേക്കു പോകുമ്പോള്‍ അവിടെ ഇതൊന്നുമില്ല, സംശുദ്ധമായ ഭസ്മം പോലെ, മാനസസരോവരം പോലെ തെളിഞ്ഞു നില്‍ക്കുന്ന ഏകമായ നിത്യസത്യം മാത്രം. ബുദ്ധിയുള്ളവന്‍ മനസ്സിലാക്കിയാല്‍ മതിയെന്ന് ഇതിഹാസകാരന്‍ കരുതിയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും കഥയായും, കവിതയായും മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഭാഗവതത്തിലെ ഓരോ ബിന്ദുക്കളും വേദാന്തത്തിന്‍റെ പരകോടിയിലേക്ക് നയിക്കാന്‍ ഉതകുന്ന ആശയങ്ങളുടെ വളരെ ഐന്ദ്രജാലികമായ അവതരണങ്ങള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ സൂക്ഷ്മവീക്ഷണത്തില്‍ കുരുക്ഷേത്രയുദ്ധം ‘നടക്കേണ്ടത്’ നമ്മുടെയുള്ളില്‍ തന്നെയാണ്ന്നും നമ്മുടെ ബുദ്ധിയാകുന്ന രഥം നയിക്കേണ്ട കൃഷ്ണന്‍ സാക്ഷാല്‍ പരമാത്മാവാണെന്നും നമുക്കു കാണാം. അവിടെയുമിവിടെയുമിരുന്നു കുതന്ത്രങ്ങള്‍ മെനയുന്ന ദുര്യോധന, ദുഃശ്ശാസനന്മാരും, ധര്‍മ്മപുത്രരും തുടങ്ങി അക്ഷൌഹിണിപ്പടയും, പാഞ്ചജന്യധ്വനിയും മുഴുവനും നമ്മുടെയുള്ളില്‍ കാണാന്‍ കഴിയുന്നില്ലേ? സൂക്ഷിച്ചു നോക്കുക....

ലൌകിക ജീവിതത്തിനിടയില്‍ ആത്മാന്വേഷണം നടത്തുന്നവന് മനഃക്ലേശമല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ല, ഭ്രാന്താണെന്നു നാട്ടുകാരു പറയുമെന്നു മാത്രം... അതൊരു ബിരുദമായി കരുതാം.......

ജയകൃഷ്ണന്‍ കാവാലം said...

ഒരു തിരുത്ത്: ഗോപികമാരായ ജീവന്‍ കൃഷ്ണന്‍ എന്ന ആത്മാവോടൊത്ത് ക്രീഡിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. സമാധിയില്‍ നാമനുഭവിക്കുന്നതും ഇതേ ലയം തന്നെയാണ്. അല്ലേ???

ആത്മ said...

ശ്രീ (sreyas.in),

മഹാബലിയുടെ കഥ വളരെ വളരെ ഇഷ്ടപ്പെട്ടു!

അതെ, നിസ്സംഗരായി ഈ ജീവിതം ജീവിച്ചു തീര്‍ക്കാനാകുമെങ്കില്‍..
എങ്കില്‍ സമാധാനത്തോടെ ജീവിക്കാം..
സമചിത്തതയോടെ ജീവിക്കാം..

ദൈവം അനുഗ്രഹിക്കട്ടെ!:)

ആത്മ said...

അമ്മായി!

ആരോ എന്തോ പ്രസന്റ് തന്ന ഒരു പ്രതീതി!:)

ജയകൃഷ്ണന്‍ കാവാലം said...

ആത്മേച്ചി,

പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. വളരെ യാദൃശ്ചികമായാണ് ഈ വഴി വന്നതും, ഈയൊരു ലേഖനം കണ്ടതും. ചേച്ചി കരുതുന്നതു പോലെ, എനിക്ക് ആത്മീയതയില്‍ വലിയ പിടിപാടൊന്നുമില്ല. (വിനയപ്രകടനമല്ല. സത്യം) അനുഭവങ്ങള്‍ ഗുരു. ജീവിതത്തില്‍ ഓരോ ഇരുട്ടടി കിട്ടുമ്പൊഴും നിറഞ്ഞ കണ്ണുകളിലൂടെ നോക്കും... ബള്‍ബില്‍ വെള്ളമൊഴിച്ചു നോക്കുന്നതു പോലെ വിചിത്രമായ മറ്റൊരു ലോകം കാണും. അതൊക്കെയാണ് എന്‍റെ ദര്‍ശനങ്ങള്‍... സ്നേഹിക്കാന്‍ അറിയാത്തവര്‍ക്ക് ദൈവത്തെ അറിയാന്‍ കഴിയില്ല എന്നു വിശ്വസിച്ചാല്‍ എപ്പോഴും മനസ്സില്‍ നിറയെ സ്നേഹം നിറഞ്ഞു തുളുമ്പും...സ്നേഹമുള്ളവരിലെല്ലാം ഈശ്വരനെയും കാണാം...

ആത്മ said...

ജയകൃഷ്ണന്‍ കാവാലം,

പ്രായം വച്ചല്ല ജി എന്നും അങ്ങ് എന്നുമൊക്കെ എഴുതിയത്
എഴുത്തിലെ ആത്മീയത കണ്ടാണ്‌ ട്ടൊ,
ഇത്രെം പ്രായം കുറവാണെന്നും അറിഞ്ഞില്ല..

പിന്നെ, എനിക്കും രാസക്രീഡയെക്കുറിച്ചും രാധയ്ക്ക് കൃഷ്ണനോടുള്ള സ്നേഹത്തെക്കുറിച്ചും ഒക്കെ മാനസികമായി കൃഷ്ണനോട് തോന്നുന്ന പ്രേമമായിട്ടേ തോന്നിയിട്ടുള്ളൂ..

ആത്മ said...

ജയകൃഷ്ണന്‍ കാവാലം,:)

പരിചയപ്പെട്ടതില്‍ എനിക്കും വലിയ സന്തോഷം ഉണ്ട്!

ദൈവത്തിനു ഇഷ്ടമുള്ളവരുടെ കണ്ണുകളായിരിക്കും ഒരുപക്ഷെ ദൈവം കൊച്ചു കൊച്ചു ദുഃഖങ്ങള്‍ വഴി നിറയ്ക്കുക.. അങ്ങിനെ അദ്ദേഹത്തെ സ്മരിക്കാന്‍ വേണ്ടി..

ശ്രീ ശ്രേയസ്സ്, മഹാബലിയുടെ കഥയിലും അങ്ങിനെയില്ലേ എഴുതിയിരിക്കുന്നത്,നമ്മുടെ അമിതമായ ആഹ്ലാദം(ഐശ്യര്യം) ഒക്കെ തടഞ്ഞുവയ്ക്കുന്നതും അദ്ദേഹത്തിന്റെ അടുത്തുനിന്നും നമ്മെ വിടാന്‍ മടിയുള്ളതുകൊണ്ടാകും..

സന്തോഷമായും ആത്മവിശ്വാസത്തോടെയും ജീവിക്കൂ..
ദൈവം തന്നെയാണ്‍ യധാര്‍ത്ഥ സുഹൃത്ത്.. ആരെങ്കിലും ഒക്കെ മനപൂര്‍വ്വം നിരുത്സാഹപ്പെടുത്താനോ അപമാനിക്കാനോ ഒക്കെ വന്നാലും
അതൊക്കെ പെട്ടെന്ന് കടന്നുപോകുന്ന വിഷമങ്ങളാണെന്നും, ശാശ്വതമായുള്ളത് ഈശ്വരനാണെന്നും, അദ്ദേഹം നമുക്ക് തന്ന ആത്മ്‍ാവിന്റെ പവിത്രത ആരൊക്കെ ശ്രമിച്ചാലും ഇല്ലാതാക്ക്ന്‍‌‍ കഴിയില്ല എന്നും ഒക്കെ വിശ്വസിച്ച്
നല്ലൊരു ലക്ഷ്യത്തൊടെ ജീവിക്കൂ..

(ഞാനിതൊന്നും പറയാതെ തന്നെ ദൈവം തന്ന ആത്മവിശ്വാസം കൈമുതലായുണ്ടെന്നറിയാം.. എങ്കിലും വെറുതെ എഴുതിയെന്നെ ഉള്ളൂ..)

കുഞ്ഞൂസ് (Kunjuss) said...

മാണിക്യം ചേച്ചിയുടെ ബ്ലോഗില്‍ നിന്നുമാണ് ഇവിടെ എത്തിയത്. വളരെയേറെ അറിവുകള്‍ ഇവിടെ നിന്നും പകര്‍ന്നു കിട്ടി.... അഭിപ്രായം പറയാന്‍ മാത്രം അറിവുകള്‍ ഇല്ലാത്തതിനാല്‍, ഒന്നും പറയുന്നില്ല.ഇവിടെ നിന്നും കിട്ടുന്ന അറിവുകള്‍ നഷ്ടമാവാതിരിക്കാന്‍ ഞാന്‍ ഇവിടെ കൂടുന്നു...

ഹേമാംബിക said...

ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള സ്നേഹത്തെ വെല്ലാന്‍ ഈ ലോകത്തില്‍ മറ്റൊരു സ്നേഹത്തിനുമാകില്ല!!!!

ആത്മ said...

കുഞ്ഞൂസ് (Kunjuss), :)

ഇവിടെ എല്ലാരും കൂടി ചേര്‍ന്ന് എഴുതിയപ്പോള്‍ ഉണ്ടായ അറിവുകളാണ് ട്ടൊ,..:)

വന്നതില്‍ സന്തോഷം!
ബ്ലോഗില്‍ പോയി നോക്കി..
ഒരുപാട് വായിക്കാനുണ്ട്..!
സമയം കിട്ടുമ്പോള്‍ ഓരോന്നായി വായിക്കാം..
നന്ദി!

ആത്മ said...

ഹേമാംബിക, :)


അതെ!
അതിലും വലിയ സ്നേഹം ഒന്നും
ആത്മ കണ്ടിട്ടില്ല..!
അത് സ്നേഹമല്ല, ഒരുതരം പൂര്‍ണ്ണത..മറ്റെന്തൊക്കെയോ ആണ്..
കൂടുതല്‍ അറിയില്ല.. ദൈവത്തിനേ അറിയൂ..

പക്ഷെ, സ്നേഹങ്ങള്‍ എല്ലാം വിലപിടിപ്പുള്ളതുതന്നെ..
ഭര്‍ത്താവിന്റെ സ്നേഹവും കൂട്ടുകാരുടെ സ്നേഹവും ഒക്കെയുണ്ടെങ്കിലല്ലെ
ഒരമ്മയ്ക്ക് കുഞ്ഞിനെ ഭദ്രതയോടെ
സ്നേഹിക്കാനാവൂ..
പിന്നീടും ആ കുഞ്ഞിനും അമ്മയ്ക്കും ജീവിതത്തെ അഭിമുഖീകരിക്കാനാവൂ..

എല്ലാ സ്നേഹങ്ങളും പവിത്രങ്ങള്‍ തന്നെ.. ഓരോരോ തലങ്ങളില്‍..
എന്നു തോന്നുന്നു..
നാം മാനസികമായി തളര്‍ന്നിരിക്കുമ്പോള്‍ ഒരു സുഹൃത്തിന്റെ സാന്ത്വനമായിരിക്കും ചിലപ്പോള്‍ നമ്മുടെ കുഞ്ഞിനെയും കുടുംബത്തെയും ഒക്കെ നോക്കാന്‍ ബലം തരുന്നത്..
എല്ലാം പവിത്രം.. ദൈവീകം..:)‌

കണ്ടതില്‍ വളരെ വളരെ സന്തോഷം!
ഒരു ബ്ലോഗുകൂടി പരിചയപ്പെടുത്തി തന്നതിനും നന്ദി! സമയം കിട്ടുമ്പോള്‍ വന്ന് വായിക്കാമല്ലൊ..,

ആത്മ said...

ഈ പോസ്റ്റില്‍ അല്പം കൂടി ചേര്‍ത്തോട്ടെ,

ശ്രീ ശ്രേയസ്സ് എഴുതിയില്ലേ, “ഒരു കുഞ്ഞിനെ താലോലിക്കുമ്പോള്‍ നമുക്ക് സുഖം കിട്ടുന്നു എന്നതിനാലാണ് നാം അങ്ങനെ ചെയ്യുന്നത് - എന്നിട്ട് നമുക്ക് കുഞ്ഞിനോടുള്ള സ്നേഹമാണത് എന്നു മുദ്രകുത്തുന്നു! എന്നാല്‍ യഥാര്‍ത്ഥ സ്നേഹം നിസംഗസ്നേഹം (അറ്റാച്ച്മെന്റ് അല്ല) ആണ്.”

അതെപ്പറ്റി കൂടുതല്‍ ചിന്തിച്ചപ്പോള്‍ കിട്ടിയ ചിന്തകളും കൂടി ചേര്‍ത്തോട്ടെ, (ആത്മ മുന്‍പും ഈവിധം ചിന്തിച്ചിട്ടുണ്ട്)

ഈ പോസ്റ്റില്‍ ഇടയ്ക്കിടെ അമ്മയുടെ സ്നേഹത്തിന്റെ പവിത്രതയായിരുന്നല്ലൊ മികച്ചു നിന്നത്..
ഇനി ഈ സ്നേഹത്തിന്റെ ഒരു മറുവശം എടുത്തുകാട്ടാം..
‘നതിം‍ങ്ങ് ഇസ് ഫ്രീ ഇന്‍ ദിസ് വേള്‍‌ഡ്’ എന്നോ മറ്റോ രഞ്ജിനി ഹരിദാസ് ഇന്നാളില്‍
പകുതി ആത്മഗതമായി ടിവി യില്‍ പറയുന്ന കേട്ടു!‍(തീര്‍ച്ചയായും ഏതോ മഹത് വചനം ആയിരിക്കണം രഞ്ജിനി പറഞ്ഞത്)

അതു തന്നെയാണ് ആത്മയ്ക്കും പറയാനുള്ളത്..
അമ്മയുടെ സ്നേഹം പാവനം തന്നെ..പക്ഷെ, ഒരമ്മ കുഞ്ഞില്‍ നിന്നും എപ്പോള്‍ മുതല്‍‌ പ്രതിഫലത്തെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നോ അപ്പോള്‍ മുതല്‍ ആ ബന്ധത്തിന്റെയും പരിശുദ്ധി നഷ്ടപ്പെടാന്‍‌ തുടങ്ങുന്നു..

ആത്മ said...

കുഞ്ഞിലേ ‘തേനേ പാലേ’ എന്നു വിളിച്ച് കണ്ണിന്റെ കൃഷ്ണമണിപോലെ വളര്‍ത്തുന്ന
അമ്മതന്നെ മകനോ മകളോ പ്രായമായി സ്വന്തമായി കുടുബവും മറ്റും നോക്കാന്‍ തുടങ്ങുമ്പോള്‍ എരിയാന്‍ തുടങ്ങും..പ്രത്യേകിച്ച് ആണ്മക്കളെ പെറ്റു വളര്‍ത്തിയ അമ്മമാര്‍!
മകന്‍ തന്നെ ‘സ്നേഹിക്കുന്നില്ല’ ‘നോക്കുന്നില്ല’ എന്നും പറഞ്ഞ് പരിതപിച്ച് മകനെ കുടുബം നോക്കാനാകാതെ തളര്‍ത്തുന്നു..

നാം തന്നെ വളര്‍ത്തി വലുതാക്കിയ ഒരു ഫലവൃക്ഷത്തിലെ എല്ലാം തനിക്കുമാത്രം അനുഭവിക്കണം എന്നും, കിട്ടിയില്ലെങ്കില്‍ മരം ഒന്നോടെ നശിപ്പിക്കണം എന്നുപോലുമുള്ള വാശിയോടെ..
നമുക്ക് പ്രായമേറെയായാല്‍ പിന്നെ‍ ആ മരത്തില്‍ കയറി കളിക്കാനോ, അതിന്റെ ഫലം മുഴുവന്‍ കഴിച്ചു തീര്‍ക്ക്നോ ആകില്ലല്ലൊ, നമുക്ക് വേണ്ടത് ഒരിച്ചിരി തണല്‍..
ബാക്കി വഴിപോക്കര്‍.. അല്ലെങ്കില്‍ മരത്തെ ശുശ്രൂഷിക്കുന്നവര്‍.. അനുഭവിച്ചോട്ടെ എന്നു കരുതുമ്പോഴല്ലേ ‘മരം നട്ടു’ എന്നു നമുക്ക് സംതൃപ്തിപ്പെടാനാവൂ..!

ഇതുപോലെ അച്ഛനമ്മമാരും മക്കള്‍ വലുതാകുമ്പോള്‍ അവരുടെ സ്വാതന്ത്രങ്ങള്‍ക്ക് വിലങ്ങുതടിയാകാതെ..‘ഇനി അവന്റെ/അവളുടെ ജീവിതം
അവര്‍ അനുഭവിച്ചോട്ടെ..(നാം നമ്മുടെ ജീവിതം ആസ്വദിച്ച പോലെ)
നമുക്ക് അത് കണ്ട് സായൂജ്യമടയാം..’ എന്നു ചിന്തിച്ച് അവര്‍ക്ക് മാനസിക ബലം കൊടുക്കാന്‍‌ കഴിയുന്ന മാതാപിതാക്കളെ മക്കള്‍ ഒരിക്കലും അവഗണിക്കില്ല..

ഇതിനു വിവരീതമായി, ‘നാം ചെയ്തതിനൊക്കെ പ്രതിഫലം വേണം..
മുതലും പലിശയുമടക്കം’ എന്നു വാശിപിടിക്കുന്നവരാണധികവും..
സാമ്പത്തികം മാത്രമല്ല.. സാമ്പത്തുള്ളവര്‍ക്ക് മറ്റു പല പരാതികളായിരിക്കും മക്കളെക്കുറിച്ചു..

പക്ഷെ,വാസ്തവത്തില്‍ ഒരു കുഞ്ഞിനെ കഷ്ടപ്പെട്ട് വളര്‍ത്തുന്ന മാതാപിതാക്കല്‍ക്ക് കുഞ്ഞ് അപ്പപ്പോള്‍ തന്നെ പ്രതിഫലം നല്‍കുന്നുണ്ട്!
നാം അറിയുന്നില്ല എന്നുമാത്രം.(ഇതായിരിക്കാം ശ്രീ. ശ്രേയസ്സ് പറഞ്ഞത്, ‘ഒരമ്മക്ക് കുഞ്ഞില്‍ നിന്നും സുഖം കിട്ടുമെന്നുള്ളതുകൊണ്ടാണ്‌ അമ്മ അതിനെ സ്നേഹിക്കുന്നത്’എന്ന്.) സുഖം കിട്ടുമെന്നുകരുതിയല്ല പരിപാലിക്കുന്നത്..പക്ഷെ, പരിപാലിക്കുമ്പോള്‍‌ സുഖവും സന്തോഷവും
കലര്‍ന്ന ഒരു നിര്‍വൃതി-ലോകത്തിലെ എല്ലാ ആനന്ദങ്ങളും കൂടിക്കലര്‍ന്ന ഒരു ആനന്ദം-കൊണ്ട് കുഞ്ഞ് വളര്‍ച്ചയുടെ ഓരോ പടവുകളിലും നമ്മെ പാരിതോഷികങ്ങള്‍‌ കൊണ്ട് മൂ
ടുന്നുണ്ട്‍!.. അവന്‍‌/അവള്‍‌ മാനസികമായും ശാരീരികമായും നമുക്ക്, തന്നെ സ്വയം സമര്‍പ്പിക്കുകയാണ്‌!
ഇതില്‍ക്കൂടുതല്‍ എന്തു സംതൃപ്തി/വിജയം ആണ് ഒരു മനുഷ്യന്‌ മറ്റൊരു മനുഷ്യനു തരാനാവുക?!

അവരുടെ സ്നേഹം, ബഹുമാനം, വിജയത്തിന്റെ പങ്ക്, ഒക്കെയും നമുക്കുള്ളതാണ്‌‍ അവര്‍‌ നമ്മൊടൊപ്പം ജീവിക്കുമ്പോള്‍.
അവര്‍ സ്വയം ജീവിക്കാന്‍ തുടങ്ങുമ്പോഴും നമ്മെ മാത്രം സന്തോഷിപ്പിച്ചുകൊണ്ടിരിക്കണം എന്നു വാശിപിടിക്കുമ്പോഴല്ലെ
പിരിമുറുക്കങ്ങള്‍- പൊട്ടലുകള്‍ ചീറ്റലുകള്‍ ഒക്കെ ഉണ്ട്കുന്നത്?!

സ്വാര്‍ത്ഥത തീണ്ടാത്ത സ്നേഹമാണ്‌ ഒരമ്മയ്ക്ക് മക്കളോട് എങ്കില്‍ അവര്‍ വലുതാ‍കുമ്പോഴും
കാട്ടണ്ടെ ആ സ്നേഹം?!
അപ്പോള്‍ കുഞ്ഞില്‍ നിന്നും അമ്മയ്ക്ക് തീര്‍ച്ചയായും ഒരു സുഖം(കുഞ്ഞ് തന്റേതാണെന്ന സ്വാര്‍ദ്ധതയില്‍ നിന്നുണരുന്ന ഒരു മാനസികാനന്ദം)കിട്ടുന്നുണ്ട്.
അല്ലെങ്കില്‍ പിന്നെ ആ കുഞ്ഞ് തന്നെ വലുതായി മറ്റൊരാളുടെതാകുമ്പോള്‍‌ എന്തേ ഈ സ്നേഹം അപ്പോഴും തോന്നാത്തത്‌?!

ഒരമ്മയുടെ സ്നേഹം നിസ്വാര്ദ്ധമാണെങ്കില്‍ ഒരമ്മ കുഞ്ഞിനെ എപ്പോഴും സ്നേഹിക്കും..
റെയര്‍ റോസ് പറഞ്ഞപോലെ വൃദ്ധസദനത്തില്‍ കൊണ്ടാക്കിയാല്‍ പോലും “അയ്യോ അവന്‌ നിവര്‍ത്തിയില്ലാത്തതുകൊണ്ടല്ലെ ഇങ്ങിനെ ചെയ്യേണ്ടി വന്നത്..” എന്ന് മക്കളുടെ ഭാഗം ആലോചിച്ച് കണ്ണീരൊഴുക്കും.. മക്കള്‍ക്ക് നല്ലതുവരുത്തണെ എന്നു പ്രാര്‍ത്ഥിക്കും..

ഞാനുള്‍പ്പെടെ എല്ലാ അമ്മമാരും മക്കളെ സ്നേഹിക്കുന്നത് തങ്ങളുടെ കൂടി സുരക്ഷിതത്വത്തിനും
സന്തോഷത്തിനും വേണ്ടിയാണെന്നും
അത് നഷ്ടപ്പെടുമ്പോള്‍‌ നാം ഇന്ന് കൊട്ടിഘോഷിച്ചു നടക്കുന്ന പരിശുദ്ധസ്നേഹത്തില്‍ പോലും കരിനിഴല്‍ വീണേക്കാം..എന്നും തോന്നുന്നു..

സ്വാര്‍ദ്ധത ഇല്ലാതെ മക്കളെയും സ്നേഹിക്കാന്‍ ശ്രമിക്കണം ഇനി..
(നടക്കുന്ന കാര്യമാണോന്നൊക്കെ കണ്ടറിയാം..)

വേണു venu said...

ഈ പോസ്റ്റിലെ ആദ്യത്തെ കമന്റ്റില്‍ പറഞ്ഞതില്‍ ആത്മ എത്തിയിരിക്കുന്നതു പോലെ.
എല്ലാം പരിത്യജിച്ച് ഹിമാലയ ശൃംഗങ്ങളില്‍ തപസ്സ് ചെയ്യുന്ന സന്യാസിവര്യന്റ്റെയുള്ളിലും തന്നോടുള്ള സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്. തനിക്ക് മോക്ഷപ്രാപ്തി നേടണം.?
നല്ല വിശകലങ്ങള്‍ പഠിക്കാന്‍ അവസരം നല്‍കിയ പോസ്റ്റിനു് നന്ദി.

ശ്രീ (sreyas.in) said...

"There isn't no such thing as a free lunch" എന്നായിരിക്കാം പറഞ്ഞത്.

ഞാന്‍ എഴുതിയപ്പോള്‍ ഉദ്ദേശിച്ചതിനെ അതുപോലെ മനസ്സിലാക്കിയതില്‍ ചിന്തിച്ചതില്‍ വളരെ നന്ദിയുണ്ട്. പലപ്പോഴും സുഹൃത്തുക്കളോട് പറയാറുണ്ട്‌, എന്റെ വീട്ടിലും ഒരു ദേവി പ്രതിഷ്ഠയുണ്ടെന്നു! ഞാനും അമ്മയെ ദേവിയെപ്പോലെ സ്നേഹിക്കുന്നു, അതിനാല്‍ താമസസ്ഥലം ക്ഷേത്രംപോലെ പരിപാവനമാണ്, എന്നും രാവിലെ എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞ്, ഒരു പല്ലുപോലുമില്ലാത്ത മോണകാട്ടിയൊന്നു ചിരിപ്പിച്ചു കണ്ടിട്ടു ജോലിക്ക് പോകുമ്പോള്‍ മനസ്സിനൊരു കുളിര്‍മയാണ്. അതിനുകാരണം, അവരില്‍ കാണുന്നത് നിസ്വാര്‍ത്ഥസ്നേഹമാണ് എന്നതാണ്. "എനിക്ക്, എന്റേത്, എന്റെ അവകാശം" തുടങ്ങിയ ചിന്തകള്‍ അവരില്‍ കാണാറില്ല. ഇപ്പോള്‍ വളരെയേറെ ഓര്‍മ്മ കുറവായിട്ടുപോലും, സ്വയം എഴുന്നേറ്റു നടക്കാന്‍ പോലും കഴിയില്ലെങ്കില്‍ കൂടി, ആരെങ്കിലും വീട്ടില്‍ മറ്റുള്ളവരെ കുറ്റം പറയുന്നത് കേട്ടാല്‍ ഉടനെ പറയും "വെറുതെ അതുമിതും പറയാതെ നാരായണാ എന്ന് ജപിക്ക്" എന്ന്! മറ്റുള്ളവരെയും തന്നെപ്പോലെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതും എന്റെ അമ്മയാണ്. റേഡിയോയില്‍ "ചിലിയില്‍ ഭൂകമ്പം ,ഒരാള്‍ മരിച്ചു" എന്നൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ പോലും "കഷ്ടമായിപ്പോയി" എന്ന് പറയും. അപ്പോള്‍ നമ്മള്‍ പറയും "അമ്മാ, അത് ഇവിടെയല്ല, വളരെ ദൂരെയാണ്" എന്ന്. "ദൂരെ ആയാലും അവര്‍ മനുഷ്യരല്ലേ?" എന്ന് തിരിച്ചു ചോദിക്കും. ഗുരുവാണ് എന്റെ അമ്മ. അതെന്നെ ധാരാളം ചിന്തിപ്പിച്ചിട്ടുണ്ട്. നമുക്ക് എന്തെങ്കിലും സംഭവിക്കുമെന്നോ, നമ്മുടെ അടുത്തവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്നോ ആയാല്‍ മാത്രമേ നാം സാധാരണ ചിന്തിക്കാറുള്ളൂ. നിര്‍ത്തുന്നു, അമ്മയെ കുറിച്ചെഴുതിയപ്പോള്‍ നീണ്ടു പോകുന്നു...
സാധാരണയായി നാം കാണുന്ന ഈ ലോകത്ത് അത്തരത്തിലൊരു മനസ്സ് കാണുക അപൂര്‍വ്വം. പല വീടുകളിലും അമ്മായിയമ്മ-മരുമകള്‍ പോര് നടക്കുന്നതും ഈ നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ അഭാവം കൊണ്ടാണ്.

ആത്മ said...

വേണു venu ,
നാം ഓരോരുത്തരും ദൈവത്തിന്റെ അംശങ്ങളെന്നല്ലേ പറയുന്നത്!
അതുകൊണ്ട് നമ്മെ സ്നേഹിക്കുന്നതും മറ്റുള്ളവരെ സ്നേഹിക്കുന്നതും ഒക്കെ ഒന്നു തന്നെ..
ആരെയെങ്കിലും വെറുക്കുമ്പോഴായിരിക്കും ദോഷങ്ങള്‍ കടന്നു വരിക അല്ലെ..നമ്മെയും വെറുക്കാന്‍ പാടില്ല..!

ആത്മ said...

ശ്രീ (sreyas.in),
അങ്ങിനെയുള്ള ഒരു അമ്മയ്ക്ക് ഇതുപോലെ ഒരു മകനെ കിട്ടിയതില്‍ തെല്ലും അല്‍ഭുതത്തിനവകാശമില്ല!

ശ്രീ ശ്രേയസ്സ് എന്നൊക്കെയുള്ള പേരും
മഹാഭാഗവതം, പുരാണങ്ങള്‍ എന്നുതുടങ്ങി എല്ലാം അടങ്ങിയ ഒരു ബ്ലോഗും ഒക്കെ കണ്ടപ്പോള്‍‌ ഒരു പത്തറുപത് വയസ്സുള്ള ആരോ ആയിരിക്കുമെന്നാണ്‌ കരുതിയിരുന്നത്.

പ്രൊഫൈലില്‍ പോയി നോക്കിയപ്പോള്‍
പ്രായം കണ്ട് അതിശയിച്ചുപോയി!


അങ്ങിനെ ഒരു അമ്മയെ കിട്ടിയതും ഭാഗ്യങ്ങളില്‍ വച്ച് മഹാഭാഗ്യം തന്നെ!
ദൈവം അനുഗ്രഹിക്കട്ടെ!

വല്യമ്മായി said...

ആത്മേച്ചി,നമുക്ക് നമ്മളോട് തന്നെയുള്ള സ്നേഹം മറ്റുള്ളവരോട് അതേ അളവില്‍ തോന്നുന്നതാണ് സ്നേഹത്തിന്റെ പാരമ്യം,തന്റെ മക്കളോടുള്ള സ്നേഹം മറ്റുള്ളവരുടെ മക്കളോട് തോന്നാതെ ഒരു സ്ത്രീയുടേയും മാതൃത്വഭാവം പൂര്‍ണ്ണമാകാത്ത പോലെ.

തറവാടി ആ പോസ്റ്റ് ഇട്ടപ്പോള്‍ മുതല്‍ അതിനെ കുറിച്ച് ഞങ്ങളൊരുപാട് ചര്‍ച്ച ചെയ്തതാണ് അന്നൊക്കെ എന്നോട് പറഞ്ഞിട്ടുള്ളത് ,മാതൃഭാവത്തിന്റെ പവിത്രത കുറച്ച് കാട്ടാനല്ല മറിച്ച് ഒരു ബന്ധത്തിന്റേയും കടപ്പാടില്ലാതെയാണ് പലപ്പോഴും സുഹൃത് ബന്ധങ്ങളുണ്ടാകുന്നതും അതില്‍ ചിലതൊക്കെ ഞാന്‍ മുകളില്‍ സൂചിപ്പിച്ച തരത്തില്‍ തന്നെ തന്നെ മറന്ന് മറ്റെയാളെ സ്നേഹിക്കുന്ന അടുപ്പത്തില്‍ എത്തുന്നതും.
എന്റെ അഭിപ്രായത്തില്‍ ഏത് ബന്ധമായാലും ദൈവത്തിന്റെ കരങ്ങള്‍ അതിന്റെ പുറകിലുണ്ട്, വിവാഹബന്ധത്തിലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലും അതിലൊരു സാമൂഹികമായ കടമ വന്ന് ചേരുമ്പോള്‍ സുഹൃത്ബന്ധങ്ങളില്‍ ഒരു കടപ്പാടിന്റേയും ബന്ധനത്തിലല്ലാതെ നിലനില്‍ക്കുന്നെന്ന് മാത്രം.

ആത്മ said...

"തന്റെ മക്കളോടുള്ള സ്നേഹം മറ്റുള്ളവരുടെ മക്കളോട് തോന്നാതെ ഒരു സ്ത്രീയുടേയും മാതൃത്വഭാവം പൂര്‍ണ്ണമാകാത്ത പോലെ."

അതെയതെ.. ഇപ്പോള്‍ സ്നേഹം കൊണ്ട് ഗുണത്തിലെക്കാളും ദോഷങ്ങളാണധികവും..
സ്വന്തം മക്കളോടുള്ള അന്ധമായ സ്നേഹം മറ്റുള്ളവരുടെ മക്കളോട് തോന്നാത്തത് വളരെ പരിതാപകരമാണ്. അതാണു പറഞ്ഞത് കുഞ്ഞിനോടുള്ള സ്നേഹം മാത്രമേ പരിപാവനമായുള്ളൂ എന്ന്!

സ്വന്തം മക്കളെ വിജയിപ്പിക്കാന്‍ സ്ത്രീകള്‍ (അമ്മമാര്‍!)എത്രമാത്രം ക്രൂരതകള്‍ അന്യരുടെ മക്കളോട് കാട്ടുന്നുണ്ടെന്നറിയാമോ?!!

ഇതൊക്കെയാണ് വലിയമ്മായീ ജീവിതം!!!
ഇതിനിടേല് ഒരിച്ചിരി സ്നേഹം ഒക്കെ എവിടുന്നെങ്കിലും കിട്ടുന്നോര്‍ ഭാഗ്യവാന്മാര്‍..
ദൈവത്തിന്റേതായാലും മനുഷ്യരുടെതായാലും..
മറ്റുള്ളവര്‍ക്ക് ദോഷമാകാത്ത സ്നേഹങ്ങള്‍ നീണാള്‍ വാഴട്ടെ!

ശ്രീ (sreyas.in) said...

അയ്യോ, ശ്രേയസ് വെബ്സൈറ്റിലെ ഗ്രന്ഥങ്ങളും മറ്റു ഉപയോഗ്യമായതൊന്നും എന്‍റെ കഴിവല്ല, അല്പം ഇന്റര്‍നെറ്റ്‌ സാങ്കേതിക പരിജ്ഞാനം കിട്ടിയത് ഇതിനായും ഉപയോഗിച്ച്, അവയെല്ലാം ഒന്നിച്ചിട്ട്, ഞാനും അതൊക്കെ പഠിക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രം. എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.

ആത്മ said...

ശ്രീ (sreyas.in),

എന്നാലും എല്ലാം ശേഖരിച്ച് വയ്ക്കാന്‍ തോന്നുന്നില്ലേ!
ഞാന്‍ അതില്‍ നിന്നും ശ്രീ ഉദിത്ചൈതന്യയതിയുടെ ശ്രീമഹാഭാഗവതം ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കുന്നു..
ഇതു തീര്‍ന്നിട്ട് മറ്റൊന്ന് ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കണം..
ഇങ്ങിനെ തുടരാന്‍ തോന്നുമെങ്കില്‍ ആത്മ രക്ഷപ്പെടും!
നന്ദി!