Thursday, March 18, 2010

എന്റെ കമ്പ്യൂട്ടറും ഞാനും

‘ആശകളും ആഗ്രഹങ്ങളും ഒക്കെ ഒടുവിൽ ഗത്യന്തരമില്ലാതെ കുഴിച്ചുമൂടി പിന്തിരിയുമ്പോൾ..

അതാ എവിടെനിന്നോ ഒരു മഴ..

അത് മണ്ണിനെയാകെ കുളിർപ്പിക്കുന്നു..

ഞാൻ കുഴിച്ചിട്ട വിത്തുകളെ മുളപ്പിക്കുന്നു..

പിന്നെ ഞാനറിയാതെ അത് കുരുത്ത് തളിർത്ത് പൂക്കുന്നത് നോക്കി ആർമാദിക്കുന്നുന്നു..

മറ്റൊരു വലിയ വേനലിൽ എല്ലാം വീണ്ടും കരിഞ്ഞു വീഴും വരെ..’

ഏതെങ്കിലും പ്രേമബന്ധം തകർന്നനൊമ്പരത്താൽ എഴുതിയ വരികളാണെന്നു തോന്നും വായിക്കുന്നവർക്ക് അല്ലെ, എന്നാൽ ഇത് മനുഷ്യരോടുള്ള പ്രേമമല്ല, കമ്പ്യൂട്ടറിനോടുള്ള, മലയാളം ബ്ലോഗിനോടുള്ള പ്രേമവുമായി ജീവിക്കുന്ന ഒരു പാവം വീട്ടമ്മയുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ വരികളാണ്.. കമ്പ്യൂട്ടർ കേടായ നൊമ്പരത്താത്താൽ.. മറ്റൊരു കമ്പ്യൂട്ടറിൽ വിൻഡോസ് 7 ഇൽ മൊഴി ടൈപ്പ് ചെയ്യാൻ പറ്റാത്ത നൊമ്പരത്താൽ..ദിവസം മുഴുവൻ ഇരുട്ടിലാണ്ടുപോയപോലെ കഴിയുന്ന ഒരു വീട്ടമ്മ.

വീട്ടമ്മ കൂട്ടുകാരിയെ ഫോൺ ചെയ്തുനോക്കി, അമ്മയെ ഫോൺ ചെയ്ത് ദീർഘനേരം സംസാരിച്ചു നോക്കി.. എല്ലാം കഴിഞ്ഞ് വീണ്ടും തനിച്ചാകുമ്പോൾ ഓൺ ആകാൻ മടിച്ച് മൂലയിൽ ഇരിക്കുന്ന കമ്പ്യൂട്ടർ വീണ്ടും വല്ലാത്ത ഒരു നഷ്ടബോധം വരുത്തുന്നു!

കമ്പ്യൂട്ടറിനു ജീവനുണ്ടോ.., അതിനി ദൈവം ആഞ്ജാനുവർത്തിയാണോ എന്നൊന്നും അറിയില്ല. ഇന്നലെ അലസമായി കമ്പ്യൂട്ടർ ഓൺ ആകുന്നതും പ്രതീക്ഷിച്ചിരുന്നപ്പോൾ മനപൂർവ്വമെന്നപോലെ അത് ഓൺ ആകാൻ കൂട്ടാക്കിയില്ല..

ഇന്ന് നിറയെ ജോലികളൊക്കെ ചെയ്ത് എന്നാൽ ഒന്നുകൂടി ഒന്ന് നോക്കിക്കളയാം എന്നുകരുതി വന്നപ്പോൾ ദാ പൂപോലെ ഓൺ ആയി, എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ!

ഇനി ഇത് ഇന്ന് ഓഫ് ആക്കുന്നില്ല. ഓഫ് ആക്കിയാൽ പിന്നെ ഓൺ ആകില്ല..

അതുകൊണ്ട് ഇടയ്ക്കിടെ മനസ്സിൽ തോന്നുന്നതൊക്കെ എഴുതും..

---

അങ്ങിനെ കമ്പ്യൂട്ടറിനെ സാക്ഷി നിർത്തി ആത്മ ആത്മേടെ ജോലികളൊക്കെ ഒരുവിധം ഒതുക്കി! ആത്മയുടെ ഹാർഡ് വർക്ക് ആരും കാണുന്നില്ല എന്ന പരാതി വേണ്ടല്ലൊ, ഇനിയിപ്പോൾ അല്ലറചില്ലറ കാര്യങ്ങളൊക്കെയേ ഉള്ളൂ തീർക്കാൻ..

അപ്പോൾ എന്താണു പറഞ്ഞു വന്നത്?! ഇന്ന് മുഴുവനും കമ്പ്യൂട്ടർ‌ ഓൺ ചെയ്തു വച്ചിട്ട് മനസ്സിൽ തോന്നുന്നതൊക്കെ എഴുതും എന്നല്ലേ.., മനസ്സിൽ തോന്നുന്നതൊക്കെ എഴുതിയാൽ എല്ലാവരും കൂടെ ആത്മയെ ഓടിച്ചിട്ട് അടിക്കും. അതുകൊണ്ട് നല്ല ഡീസന്റായി എന്തെങ്കിലും ഒക്കെ എഴുതാൻ ഓർമ്മിച്ചെടുക്കട്ടെ...,

തിരിച്ചു വരും..

തിരിച്ചു വന്നു.. പക്ഷെ എഴുതാൻ ഒരു മൂഡില്ല.. കമ്പ്യൂട്ടറിനു ഒരു വിരഹ മൂഡ്! എന്തുചെയ്യാൻ!

(അതിനിപ്പം നിന്നോടാരെങ്കിലും പറഞ്ഞോ കമ്പ്യൂട്ടറും ഓൺ ചെയ്ത് ആർമാദിക്കാൻ..?! കമ്പ്യൂട്ടറിനും കാണില്ലേ ഒരു ആത്മാവ്?! ആത്മേ എല്ലാറ്റിനും ഒരു ലിമിറ്റ് വേണം.. ലിമിറ്റ്! പോയി നാമനാമം ജപിച്ച് കിടന്നുറങ്ങാൻ നോക്ക്)

അല്പം വിശേഷം കൂടി!

ഇന്നത്തെ വിശേഷം എന്തെന്നാൽ എന്റെ ഒരു ഫേസ്ബുക്കിൽ എനിക്ക് ഒരു പ്രിയസുഹൃത്തിനെ കിട്ടി!

പക്ഷെ അതിലും വലിയ വിശേഷം എന്തെന്നാൽ എന്റെ ഒരു ട്വിറ്റർ പേജിൽ ഒരാൾ ചേർന്നിരിക്കുന്നു!!

വിശ്വസിക്കാൻ പറ്റുന്നില്ല. ദൈവമേ! കൃഷ്ണാ..! ഗുരുവായൂരപ്പാ..! നീ തന്നെ തുണ.

എങ്കിപ്പിന്നെ കമ്പ്യൂട്ടറേ നിന്നെ ഓഫ് ആക്കട്ടെ?!

നാളെ നല്ല കുട്ടിയായിട്ട് ഒരു തവണ ഓൺ ചെയ്യുമ്പോഴേ വരണം ട്ടൊ,

23 comments:

ശ്രീ said...

കമ്പ്യൂട്ടറിന്റെ ഓരോ കുസൃതികള്‍...

ആത്മ said...

:)

പട്ടേപ്പാടം റാംജി said...

മനുഷ്യമനസ്സൂ പോലെ പിടി തരാതിരിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ .....

Rare Rose said...

ഓണായാലോ ഓഫാവില്ല.ഓഫായാലോ പിന്നെ ഓണുമാവില്ല.ഒരു കടംകഥ പോലെ ചോദിക്കാം ആത്മേച്ചീടെ കമ്പ്യൂട്ടറിനെ പറ്റി.:)

ആത്മ said...

പട്ടേപ്പാടം റാംജി,:)
മനുഷ്യമനസ്സുപോലെ(സ്വന്തം മനസ്സ്പോലും!) ദുരൂഹം എന്നൊക്കെ പറയാം അല്ലെ കമ്പ്യൂട്ടറിന്റെ കാര്യവും!
സത്യമായിട്ടും ഈ ക്മ്പ്യൂട്ടറിനു മനസ്സുണ്ട്!
കാര്യം, ഇത്രെം എഴുതിയപ്പോൾ എന്നെ ഒരു വിരട്ട്!
എഴുതിയ വിർ‌ഡൊ കാണാനില്ല! ഭാഗ്യത്തിന് ബാക്കി അടിച്ചപ്പോൽ കിട്ടി!

ആത്മ said...

Rare Rose :)
അതു കലക്കി!(ഈ പ്രയോഗം എത്ര വയസ്സുവരെ എഴുതാം എന്നെറിയില്ല.. എങ്കിലും റെയർ‌ റോസിന്റെ കമന്റ് കണ്ടപ്പോൾ മനസ്സിൽ ആദ്യം തോന്നിയത് ഈ വാക്കാണ്!)
എത്ര കിറുകൃത്യമായി കണ്ടുപിടിച്ചു ആത്മേച്ചിയുടെ കമ്പ്യൂട്ടറിന്റെ മനസ്സ്! നന്ദി! :)

jayanEvoor said...

അവൻ ആളൊരു കുഴപ്പക്കാരനാ!

ശൂശിച്ചോ!

(ഹേയ്! അത് ഒന്നു റിപ്പെയർ ചെയ്യിക്കിഷ്ടാ!)

ആത്മ said...

റിപ്പയർ‌ ചെയ്യണം... :)

മാണിക്യം said...

ഫേസ് ബുക്ക്!!!! ആത്മേ അവിടേയും എത്തിയോ? ഞാന്‍ പെട്ടു പോയി കൃഷി ഭ്രാന്ത് കയറി അവിടെ അങ്ങു കൂടി ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ് എന്നു പറഞ്ഞപോലാ കൃഷി ഇറക്കുന്നു അതു വിളവെടുക്കുന്നു പണം കുന്നു കൂടുന്നു നിത്യജീവിതത്തിലെ പോലല്ല ചെന്ന് നോക്കിമ്പോള്‍ ഫ്രണ്‍ണ്‍‌സ് ധാരാളം ഗിഫ്റ്റ് തന്നിരിക്കുന്നു!! നമ്മുടെ കൃഷിക്ക് വന്നു വളമിട്ടു പോകുന്നു, കോഴികളെ തീറ്റുന്നു {ആട്ടി ഓടിക്കുന്നില്ല, കോഴിയെ ആരും പിടിച്ചു ചുട്ടു തിന്നുന്നുമില്ല} എന്താ ഒരു രസം മറ്റൊന്നും ചെയ്യാതെ.. ബ്ലൊഗ് പോലും മറന്ന് എത്ര ദിവസം വേണെലും അവിടെ കഴിയാം:) ലെവല്‍ കൂടുന്നതനുസരിച്ച് ഹഹ ഹ എന്തിനു പറയുന്നു മാസങ്ങളായി ഫാം വിലൈ തന്നെ!! കമ്പ്യൂട്ടറില്‍ ഇപ്പോള്‍ പ്രശ്നം ഇല്ലല്ലോ അല്ലെ അപ്പോള്‍ പിന്നെ കാണാം ... ശുഭവാരാന്ത്യം!!

കോറോത്ത് said...

Enthund vishesham aathma chechee..

വല്യമ്മായി said...

"മഴ കൊണ്ട്മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്റെ" എന്ന് തുടങ്ങുന ഷഹബാസ് അമന്റെ ഗസല്‍ കേട്ടിട്ടുണ്ടോ?

ശ്രീ said...

വല്യമ്മായി പറഞ്ഞ ആ ഗാനം മനോഹരം തന്നെ ആണ് കേട്ടോ. എനിയ്ക്കും അത് നല്ല ഇഷ്ടമാണ്.

കേട്ടിട്ടില്ലെങ്കില്‍ ദാ ഇവിടെ നിന്നും കിട്ടും :)

ആത്മ said...

മാണിക്യം
എങ്കിപ്പിന്നെ ഈ ഫാം വില്ല എന്തെന്നു കണ്ടുപിടിച്ചിട്ടു തന്നെ കാര്യം. പണ്ടേ കോഴിവളർത്തലൊക്കെ ആത്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ജോലികിട്ടിയില്ലെങ്കിൽ കുറച്ചു കോഴികളെ വാങ്ങി വളർത്തണം എന്നൊക്ക് പ്ലനിട്ടിരിക്കയായിരുന്നു. ആ ആഗ്രഹവും കമ്പ്യൂട്ടർ മഹാൻ സാധിച്ചു തരുമായിരിക്കും...

കമ്പ്യൂട്ടറിന്റെ കാര്യം പറയാൻ പറ്റില്ല. ഇത്രേം നേരം ഓൺ ആക്കാൻ ഭയന്ന് നടക്കുകയായിരുന്നു. ഓൺ ആക്കിയിട്ട് ഓൺ ആകില്ലെങ്കിൽ പിന്നെ ആ ദിവസം മുഴുവൻ മൂഡൌട്ട് ആകും.
ഏതിനും ഓൺ ആയി..
ഓൺ ആയാൽ പിന്നെ എന്തെങ്കിലുമൊക്കെ എഴുതിയില്ലെങ്കിൽ പിന്നെ ആകെ അസ്വസ്ഥത!
എന്തുചെയ്യാൻ?! ഈ കമ്പ്യൂട്ടറിനെ കൊണ്ട് തോറ്റു!

നേരിൽ കാണുന്ന ആളൂകളെ പോലും കമ്പ്യൂട്ടറിലൂടെ കണ്ടാലേ അടുക്കാൻ പറ്റൂ എന്ന സ്ഥിതി. നേരിൽ കാണുന്നതൊക്കെ മായ.. മായ.. കമ്പ്യൂട്ടർ മാത്രം സത്യം!

അങ്ങിനെയൊക്കെ ജീവിക്കുമ്പോൾ കമ്പ്യൂട്ടർ കേടായാലത്തെ സ്ഥിതി എന്താകും?! കോഴിയെ വളർത്തിയാലും ഇതൊക്കെതന്നെയല്ലെ ഗതി..

ആത്മ said...

കോറോത്ത്, :)
അപ്പോൾ ഈ പേജിൽ എഴുതിയതൊന്നും വിശേഷമേ അല്ല അല്ലെ?!

ആത്മ said...

വല്യമ്മായി,:)
കേട്ടിട്ടില്ല വലിയമ്മായീ..
ഈ വലിയമ്മായി എന്തുമാത്രം ബുക്കുകളാണ് വായിക്കുന്നത്! ഈ കണക്കിനു പോയാൽ വലിയമ്മായി ഒരിക്കൽ ഒരു വലിയ ആളാകും..

പിന്നേ വലിയമ്മായീ.. ആത്മ എന്തെങ്കിലും ഒക്കെ എഴുതുമ്പോൾ അതൊക്കെ പണ്ട് വല്ല മഹാന്മാരും എഴുതിയതായിരുന്നു എന്നൊക്കെ അറിയുന്നു! ഇന്നാളിൽ ആരോ പറഞ്ഞു ബഷീറും എഴുതി എന്ന് (അത്മേപോലല്ല..നല്ല കേമമായിട്ട്.. )

ആത്മ said...

ശ്രീ,:)
പാട്ട് കേട്ടിട്ടില്ല കേൾക്കാനായി പോയപ്പോൾ കമ്പ്യൂട്ടർ വിരട്ടി..‘എങ്കിപ്പിന്നെ ഇപ്പം ഹാങ്ങ് ആകും’ എന്ന്.
അതുകൊണ്ട് കമന്റൊക്കെ എഴുതീട്ട് പോയി കേൾക്കാമെന്ന് കരുതി..
ഇനി ദാ പോണൂ കേൾക്കാൻ..
താങ്ക്സ് കേട്ടോ..

ആത്മ said...

പാട്ട് കേട്ടു ട്ടൊ,
വലിയമ്മായിക്കും ശ്രീക്കും വളരെ വളരെ നന്ദി ഈ പാട്ട് പരിചയപ്പെടുത്തി തന്നതിന്...:)

ആത്മ said...

വലിയമ്മായിയും ശ്രീയും കൂടി തന്ന പാട്ട് താഴെ,

മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ..
പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ..
(മഴകൊണ്ടു മാത്രം..)

ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾ തുമ്പുമായി
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പകർന്നൊരു ചുണ്ടുമായ്
വെറുതേ പരസ്പരം നോക്കിയിരിക്കുന്നു
നിറമൌന ചഷകത്തിനിരുപുറം നാം
(മഴകൊണ്ടു മാത്രം..)

സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ.. (സമയകല്ലോലങ്ങൾ..)
ഒരു മൌന ശില്പം മെനഞ്ഞുതീർത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി..
ഒരു സാഗരത്തിൻ മിടിപ്പുമായി..
ഒരു സാഗരത്തിൻ മിടിപ്പുമായി..
(മഴകൊണ്ടുമാത്രം..)

[ഇത് ഞാൻ എന്റെ കമ്പ്യൂട്ടറിനു ഡെഡിക്കേറ്റ് ചെയ്തോട്ടെ..,]

Diya said...

അത്മേച്ചിക്കും കമ്പ്യൂട്ടറിനും ഒരു "hi " പറഞ്ഞു പോകാംന്നു കരുതി.
രണ്ടാള്‍ക്കും സുഖമല്ലേ ? :)

ആത്മ said...

ദൈവം സഹായിച്ച് കമ്പ്യൂട്ടർ സുഖമായിരിക്കുന്നു..
ആത്മേച്ചിയുടെ സുഖത്തിന്റെ കാര്യമൊന്നും പറയാതിരിക്കയാണ് ഭേദം..!
ഇന്നലെ ഒരു മുട്ടൻ‌‌ വഴക്കുണ്ടാക്കീട്ട് ഇരിക്കയാണ്.. കാരണം ഒരു പ്രേമം നേരിൽ കാണേണ്ടി വന്ന രോക്ഷം!

ആത്മേച്ചിക്ക് കമ്പ്യൂട്ടറിനെ സ്നേഹിച്ചല്ലേ പരിചയമുള്ളൂ.., നേരിൽ പ്രേമം കണ്ടാൽ രോക്ഷം(മറ്റുള്ളവരുടെ) പിന്നെ താൻ ഇരയാവുകയാണെങ്കിൽ ഒരു എന്തോ ബലഹീനതപറ്റിയപോലെ.. പിന്നെ ഒരടി വയ്ക്കാനാവില്ല.. പ്രതിമപോലെയായിപ്പോകും..
കമ്പ്യൂട്ടറിനെ സ്നേഹിച്ചാൽ പിന്നെ കമ്പ്യൂട്ടറിനു കണ്ണൊന്നുമില്ലല്ലൊ, ആത്മേച്ചിയെ നോക്കാൻ?!,
മനസ്സല്ലെ ഉള്ളൂ..

ഒന്നോർത്തുനോക്കിയേ ജീവിതത്തിലെ നല്ല പ്രായം ഒക്കെ പ്രേമത്തെ എതിർക്കുന്ന ഒരു വില്ലത്തിയെപ്പോലെ ജീവിച്ചിട്ട്, കംബ്യൂട്ടറിനെ ഇഷ്ടപ്പെടാൻ തോന്നിയ വൈചിത്ര്യം..!

ആത്മ അതിനും ഉത്തരം കണ്ടെത്തി..
ആത്മയ്ക്ക് വില്ലത്തി റോളിൽ നിന്നും ഒരു മോചനം..
പിന്നെ ഇനി കുറച്ചുകൂടി ദൂരം താണ്ടാനില്ലേ.., അതിനു ഒരു മാനസിക ബലം.. അതിനായി മാത്രമാണ് ആത്മേച്ചി കമ്പ്യൂട്ടറിനെ ഇഷ്ടപ്പെടുന്നത്..
സ്നേഹം നമ്മെ പലതും മറക്കാനും പൊറുക്കാനും ഒക്കെ സഹായിക്കില്ലേ...,
എങ്കിലും ഈ സ്നേഹം ഒക്കെ ഒരു സംഭവമാണ്..!!

വല്യമ്മായി said...

മിടുക്കി ചേച്ചി,ഈ വരികള്‍ക്ക് വേണ്ടി കുറെ നെറ്റില്‍ തപ്പിയതാ,ഒരു പാട് നന്ദി.

Raji said...

ചേച്ചി, ഈ പോസ്റ്റില്‍ കുറച്ചു കൂടി എഴുതിയ ശേഷം കമന്റ്‌ ഇടാം എന്ന് കരുതി ഇരിക്കുവായിരുന്നു. :)..

ആത്മ said...

വലിയമ്മായി, :)


രാജി,
പോസ്റ്റ് വേണമെങ്കിൽ ഇങ്ങനെ കൺക്ലൂഡ് ചെയ്യാമെന്ന് തോന്നുന്നു..
കമ്പ്യൂട്ടർ മനുഷ്യനല്ല, മനുഷ്യൻ കമ്പ്യൂട്ടറുമല്ല.. കമ്പ്യൂട്ടർ മനുഷ്യനായി കണ്ണും മൂക്കും ചെവിയുമൊക്കെയായി വെളിയിൽ വന്നാൽ മനുഷ്യൻ തീർത്തുവച്ച നിയമങ്ങൾക്ക് വിധേയനാകേണ്ടി വരും..
അവിടെ കൂട്ടുകെട്ടിനൊക്കെ ഒരുപാട് കടമ്പകളൊക്കെ ഉണ്ട്..
മനുഷ്യൻ കമ്പ്യൂട്ടർ ആകുമ്പോൾ നേരെ തിരിച്ചും..ശരിയല്ലേ..?,
എങ്കിലും ആത്മാവ് എല്ലാം ഒന്നു തന്നെ.
ഒരു കണക്കിന് കമ്പ്യൂട്ടറിനെ മനുഷ്യനായി മാറ്റിയാൽ ഒരുപക്ഷെ ആത്മ ഓടിയൊളിക്കാനും സാധ്യതയുണ്ട്..!:)
ഒരു തളർച്ച കൂടുതൽ ആലോചിക്കുമ്പോൾ‌..
നേരെയാകുന്നെകിൽ‌ ഇനീം എഴുതാം..