Thursday, March 4, 2010

വിശേഷം ഒന്നും തന്നെ ഇല്ലാതില്ല

ബ്ലോഗിനോട് കൊച്ചു വർത്തമാനം പറഞ്ഞ് ശീലിച്ചുപോയതുകൊണ്ട് പെട്ടെന്ന് വേണ്ടെന്നു വയ്ക്കുമ്പോൾ അത് മറ്റൊരു ഡിപ്രഷൻ... അതുകൊണ്ട് എന്തെങ്കിലുമൊക്കെ എഴുതി ജീവിച്ചോട്ടെ.. ഇന്നത്തെ വിശേഷങ്ങൾ എന്തൊക്കെ എന്ന് ഓർത്ത് നോക്കട്ടെ...

പനിവിട്ടുകഴിഞ്ഞപ്പോൾ ശരീരത്തിന് ആകെ ഒരുന്മേഷം! വീടിനകവും പുറവും ഒക്കെ വൃത്തിയാക്കലും കറിവയ്ക്കലും.. ആകെ ബിസിയായിരുന്നു..

എങ്കിലും ഒരു മ്ലാനത.. ആത്മ ബ്ലോഗിനോട് എന്തോ നീതികേട് കാട്ടിയപോലെ.. തോന്നലാണോ?! ഇനിയിപ്പം എന്തു നീതികേടുകാട്ടാൻ.. പ്രായം കുറെ ആയില്ലേ.. എല്ലാവരും സന്തോഷത്തോടെ ഇരിക്കണം.. സ്നേഹത്തോടെ ഇരിക്കണം.. എന്നൊക്കെയുള്ള കൊച്ച് കൊച്ച് ആഗ്രഹങ്ങളേ ഉള്ളൂ.. ( എന്റെ മക്കൾ എങ്ങിനെ നന്നായിരിക്കണമെന്നാഗ്രഹിക്കുന്നോ, ഏതാണ്ടതുപോലെയൊക്കെ.. ഒരമ്മ മനസ്സ് എന്നൊക്കെ പറയാം..)

ഇത്രയും എഴുതിയപ്പോൾ ഓർമ്മ വരുന്നു.. ഒരല്പം പണികൂടി ബാക്കിയുണ്ട്.. പിന്നെ പറ്റുമെങ്കിൽ 24 hour ഷോപ്പിൽ ഒന്നു പോകണം..

(എഴുതുന്നത് വെറുതെ ആത്മയെ പുനർജ്ജീവിപ്പിക്കാൻ മാത്രമാണേ..പ്രത്യേകിച്ച് നല്ലപോയിന്റുകൾ ഒന്നും തന്നെ ഇല്ല.. ഒരു ജീവിതത്തിന്റെ ഏടുകൾ..അത്രമാത്രം )

വിശേഷങ്ങൾ ഒന്നും ഇല്ല എന്നെഴുതിയും പോയി, ദാ ഇപ്പോൾ നിറയെ വിശേഷങ്ങൾ തോന്നുന്നു താനും!

ആത്മ കുറെ നാളായി ഈ ബ്ലോഗും തുറന്നു വച്ച് ഇരിക്കുകയല്ലിയോ?!, പുറത്തു നടക്കുന്നതറിയുന്നതും ബ്ലോഗു വഴി മാത്രം.. അങ്ങിനെ ഇന്നു കരുതി എന്നാൽ പിന്നെ പേപ്പറൊക്കെ വായിച്ച് വിവരം വരുത്തി തുടങ്ങാം എന്ന് (സത്യമായും പറയുകയാണ് ആത്മ പേപ്പറോ ന്യൂസോ ഒന്നും വായിക്കുകയോ കേൾക്കുക്കയോ ചെയ്യുന്നില്ല.. എന്തു ഇടുങ്ങിയ ലോകമാണ് ആത്മയുടെത് അല്ലെ?!)

അങ്ങിനെ ഇന്ന് ഇവിടത്തെ പേപ്പർ വായിച്ചു.. അപ്പോൾ ഒരു ‘സാമ്പാർ മാൻ’ കാട്ടിൽ നിന്നും റോഡിൽ ചാടിയെന്നും ഒരു കാറിടിച്ചു മരിച്ചുപോയി എന്നുംകണ്ടു.. അപ്പോൾ ഈ രാജ്യത്തും ആവശ്യത്തിനു കാടും ഒരു മൃഗമെങ്കിൽ ഒന്ന് എങ്കിലും ഉണ്ടല്ലോ എന്നു സമാധാനിക്കയും പക്ഷെ, പാവം അത് ചത്തുപോയല്ലോ എന്നും ഓർത്ത് വരുത്തപ്പെടുകയും ചെയ്തു...

പിന്നെ ബ്ലോഗുകൾ വായിച്ചു..

മമ്മൂട്ടിയേയും മോഹൻലാലിനെയും സിനിമാക്കാരെഒന്നടങ്കം തരം താഴ്ത്തി ഒരു ബ്ലോഗിൽ എഴുതിയിരിക്കുന്നത് കണ്ടു. സിനിമാക്കാർ അങ്ങിനെയാണെങ്കിൽ നാം ഓരോരുത്തരും അങ്ങിനെയല്ലെ?! നാമും ഉടുത്തൊരുങ്ങി നടക്കുന്നത് നമ്മുടെ മേനിയഴക് പ്രദർശിപ്പിക്കും വിധമല്ലെ, അല്ലെങ്കിൽ പിന്നെ ഒരു ലോഹയും ഇട്ട് നടക്കണ്ടേ?! (വായിച്ച് വിവരം വയ്ക്കും മുന്നേ ആത്മ വിമർശനവും തുടങ്ങീ!)

അടുത്തത്?!.. ഓർത്തു നോക്കട്ടെ,..കിട്ടി! ‘വെറുതെ ഒരു ഭാര്യ’യെപ്പറ്റിയൊക്കെ ആരോ എഴുതിയിരിക്കുന്നത് കണ്ടു.. ഓ! എന്തൊക്കെ പറഞ്ഞാലും പെണ്ണിന്റെ സ്ഥാനം ഒന്നുകിൽ അടുക്കളയിൽ അല്ലെങ്കിൽ വല്ല തെരുവിലും.. പെണ്ണിന്റെ മാത്രമല്ല, ബലഹീനരായ എല്ലാ മനുഷ്യരും ബലവാന്മാരെ അനുസരിച്ചേ ജീവിക്കാനാവൂ..

ഇനി?! ഒരു വലിയ ചിത്രകാരൻ ഹിന്ദു ദൈവങ്ങളെ നഗ്നയായി ചിത്രീകരിച്ചതുകൊണ്ട് നാടുകടത്തപ്പെട്ടുവത്രെ! അതുപിന്നെ ശരിയാണോ? ചിത്രമൊക്കെ വരക്കാം.. പക്ഷെ അത് സാധാരണ മനുഷ്യരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടുവേണോ?! സരസ്വതീദേവിയെയും ലക്ഷ്മീദേവിയെയും ഒക്കെ അങ്ങിനെ അശ്ലീലമായി വരയ്ച്ചാൽ ഏതൊരു ഹിന്ദുവിന്റെയും മനസ്സെരിയും.. സ്വന്തം മതഗ്രന്ഥങ്ങൾക്ക് പവിത്രത നൽകും പോലെ മറ്റു മതക്കാരുടെ മതത്തേയും മാനിക്കണ്ടെ?

അല്ലേ.. അമ്പലത്തിലും മറ്റും നഗ്ന ശില്പങ്ങളുണ്ടെന്നുകരുതിയോ, ശിവലിംഗത്തെയാണ് ആരാധിക്കുന്നതെന്നോ കരുതിയോ, ഒരു ഹിന്ദു കുളിച്ച് അമ്പലത്തിൽ പോകുന്നത് അതിലും അപ്പുറത്തെ വലിയ ഈശ്വരനെ കാണാൻ തന്നെയാണ്... ഈശ്വരനു പിന്നെ മനുഷ്യർക്കുള്ളതുപോലെ ശരീരവും ഭാഗങ്ങളും ഒക്കെ കാണില്ലേ.. അത് ദൈവീക ശരീരമായി ആരാധിക്കപ്പെടുന്നതുകൊണ്ടല്ലേ ഹിന്ദു വ്രതങ്ങളും നോമ്പുകലും ഒക്കെ നോറ്റ് കഷ്ടപ്പെട്ട് പലേ ക്ഷേത്രങ്ങളിലും പോകുന്നത്?!

(ഇനീം പറയണോ?! ഇച്ചിരിക്കൂടി അറിവുണ്ടാക്കീട്ട് ബാക്കി എഴുതാം..)

അറിവുണ്ടാക്കുന്ന കാര്യം നടക്കില്ലാ..

ഇന്നുമുഴുവനും ബ്ലോഗെഴുതിക്കൊണ്ടിരുന്നാലോ?, ആർക്കു നഷ്ടം..? ആർക്കും നഷ്ടമില്ല..! കമന്റിനെ ഭയക്കാതിരുന്നാൽ (കിട്ടുമോ ഇല്ലയോ എന്ന ഉത്ക്കണ്ഠ) നമുക്ക് ഇഷ്ടമുള്ളതൊക്കെ എഴുതാമല്ലൊ..

പക്ഷെ എഴുതാൻ ഒരു വിഷയം വേണ്ടേ?! വിഷയദാരിദ്ര്യം ഒരു വലിയ പ്രശ്നമാണ്. പക്ഷെ വിഷയത്തിനായി അലയേണ്ടിവരിക അതിലും കഷ്ടം. അതുകൊണ്ട് മുന്നിൽ കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ എഴുതാം..

ഈ മുറിയിൽ ഞാനിപ്പോൾ തനിച്ചല്ല. എന്റെ മകൻ പഠിത്തത്തിനിടയിൽ അല്പസമയം വന്ന് ഐഡിയ സ്റ്റാർ സിംഗറും പിന്നെ നാന്നി എന്ന സീരിയലും പിന്നെ അമേരിക്കൻ ഐഡൽ പിന്നെ മാസ്റ്റേർസ് ഓഫ് ഇല്ലൂഷൻ.. ഇങ്ങനെ മാറി മാറിക്കൊണ്ടിരിക്കും, ഈ റൂമിലിരിക്കുന്ന കൊച്ചു ടി.വിയിലെ പരിപാടികൾ. ഈ ടി.വി അല്ലെങ്കിൽ ആത്മ ഓൺ ചെയ്യാറേ ഇല്ല! കാരണം ടി. വി. കാണലും വളരെ ചുരുക്കമായതുകൊണ്ടുതന്നെ.. പക്ഷെ, ആരെങ്കിലും ഓൺ ചെയ്യുമ്പോൾ നോക്കിക്കൊണ്ടിരിക്കും.. കാരണം ആത്മാവെല്ലാം ബ്ലോഗിൽ കിടക്കുകയല്ലേ.. അതിനെയിനി സ്വതന്ത്രമാക്കിക്കിട്ടണ്ടെ, എന്നിട്ടുവേണം ലോകപരിജ്ഞാനം ഉണ്ടാക്കിയെടുക്കാൻ..

അവതാർ സിനിമ കാണണമെന്ന് വലിയ ആഗ്രഹം! എന്തുചയ്യാം മക്കളെല്ലാം വളരെ ബിസിയാണ്. ഹോം വർക്ക്.. ഹോം വർക്ക്.. ഇതിനിടെ ഷാരൂഖാന്റെ മൈ നെയിം ഈസ് ഖാൻ കണ്ട കാര്യം എഴുതിയില്ലല്ലൊ അല്ലെ, ഡ്രാഫിറ്റിൽ നോക്കട്ടെ വല്ലതും ഉണ്ടോന്ന്.. ഇല്ല.

ബാക്കി പിന്നെ

8 comments:

Raji said...

അവതാര്‍ ഞങ്ങള്‍ കണ്ടു....ഇഷ്ടപ്പെട്ടു...മൈ നെയിം ഈസ്‌ ഖാന്‍ കണ്ടില്ല...റിവ്യൂ എഴുതൂ ചേച്ചി..

Raji said...

ഒരു മതത്തിന്റെയും ഈശ്വര സങ്കല്പങ്ങളെ, കലയുടെ പേരില്‍ മോശം ആയി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല..:)..

സു | Su said...

ഇങ്ങനെയൊക്കെയല്ലേ എഴുതേണ്ടത്? പനി ശരിക്കും പോയില്ലേ? തിരക്കിലായി ഇരിക്കുന്നതാണ് നല്ലത്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. മൈ നെയിം ഈസ് ഖാൻ ഞാനും കണ്ടു. പനി ഇടയ്ക്കിടയ്ക്കു വരാതിരിക്കാൻ ഒരു സൂത്രമുണ്ട്. രാവിലെ എണീക്കുമ്പോൾ “ദൈവമേ ഇന്നെനിക്കു പനിയുണ്ടാവല്ലേ”ന്ന് പ്രാർത്ഥിക്കുക. പിന്നെ ഉറങ്ങാൻ നേരം “ദൈവമേ ഇന്നു പനിയില്ലാഞ്ഞതിനു നന്ദിയുണ്ടേ” എന്ന് പറയുക. ആത്മേച്ചീ ഞാൻ ചിലപ്പോൾ അങ്ങനെ ചെയ്യാറുണ്ട്. ഹിഹിഹി.

ആത്മ said...

രാജി,
മൈനെയിം ഈസ് ഖാൻ കണ്ടത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു.. തണുത്തു വിറച്ച് ക്ഷീണിച്ചൊക്കെ.. അതുകൊണ്ട് നന്നായി ആസ്വദിക്കാൻ പറ്റിയില്ല എന്നും പറയാം.. ഇനി ഒരിക്കൽക്കൂടി കണ്ടിട്ട് വല്ലതും എഴുതാൻ നോക്കാം..

പക്ഷെ, ആത്മയ്ക്ക് നല്ല സുഖമില്ലാതിരുന്നതുകൊണ്ട് തോന്നിയതോ ആവോ, ഷാരൂഖാൻ ഓവർ ആക്റ്റിംഗ് ആയി തോന്നി, ആകെ എവിടെയൊക്കെയോ പന്തികേട്
ബാക്ക് ഗ്രൌണ്ടിനു യോജിക്കാത്ത മ്യൂസിക്കായോ കഥയ്ക്കു ചേരാത്ത എന്തൊക്കെയോ...

മക്കളോട് പറഞ്ഞപ്പോൾ അവർക്ക് എല്ലാം പെർഫക്റ്റ്! ‘ഷാരൂഖാന്റെ ലവ് ലൈഫ് ഒന്നും അത്ര ഇമ്പോർട്ടൻസ് നൽകാതെ മറ്റു പലതിലും കൂടി കഥ കടന്നുപോകണമായിരുന്നു’വെന്ന്’ വെറുതെ പറഞ്ഞു, അപ്പോൾ ഒരാൾ പറഞ്ഞു, “അമ്മേ, അവരുടെ ലൌവിനും ഫാമിലിയ്ക്കും മറ്റും ഇമ്പോർട്ടൻസ് കൊടുത്ത് ജനഹൃദയങ്ങളിൽ എത്തിച്ചാലേ പ്രധാന സന്ദേശത്തിനു അത്ര പ്രാധാന്യം നൽകാതെ തന്നെ എന്നാൽ ഒരറ്റത്തൂടെ ഇൻഡയറക്റ്റായി വന്ന് ജനങ്ങളെ അല്പമെങ്കിലും സ്വാധീനിക്കുന്നവിധമാകൂ”അത്രെ!

ഇനി പടം നല്ല സ്വസ്ഥതയൊക്കെ കിട്ടുമ്പോൾ ഒന്നുകൂടി കണ്ടിട്ട് എഴുതാം ട്ടൊ, :)

ആത്മ said...

സൂജീ,
പനിയില്ലാത്ത ആഴ്ച്ചകൾ ചുരുക്കമാണ്! അതുകൊണ്ട് ഇനി സൂജി പറയുമ്പോലെ പ്രാർത്ഥിച്ചു നോക്കാം.. :)

Sree said...

ആത്മ ചേച്ചീ , പനി വരാതിരിക്കാന്‍ ഒരു സൂത്രം പറഞ്ഞു തരാം. രാവിലെ എഴുന്നെല്‍കുംപോള്‍ തന്നെ 2 ഗ്ലാസ്‌ വെള്ളം , വേണമെങ്കില്‍ ചെറുതായി ചൂടാക്കിയത്‌ കുടിക്കൂ . പിന്നെ ഉച്ചയ്ക്കും വയ്കിട്ടും രാത്രിയിലും. ഈ സൂത്രം വര്‍ക്ക്‌ ആയാല്‍ പറയണേ ....

ആത്മ said...

ശരി ശ്രീ! തീർച്ചയായും ശ്രമിച്ചു നോക്കി പറയാം..
നന്ദി :)

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു അരഗ്ലാസ്സ് വെള്ളം വളരെ പണിപ്പെട്ട് കുടിക്കാൻ ശ്രമിക്കുമായിരുന്നു.. അതിൽക്കൂടുതൽ കുടിക്കാൻ പ്രയാസം തോന്നി.. ഇനി
ശ്രീ പറയുന്നതിൽ വിശ്വസിച്ച് അളവുകൂട്ടി കുടിച്ചു നോക്കാം.. വളരെ വളരെ നന്ദി! ട്ടൊ,

മാണിക്യം said...

ആത്മേ എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.. ഞാന്‍ ആകെ തിരക്കില്‍ ആയിപ്പോയി ആരെ തിരക്കി എന്നു ചോദിക്കരുത് പലരെയും തിരക്കി ഒടുവില്‍ വായന മാത്രം ആയി ചുരുങ്ങി ഇപ്പോള്‍ ഈ പറഞ്ഞപോലെ ആകെ ഒരു ഏകാന്തത ചുറ്റും ആരും ഇല്ലന്ന് ഒരു തോന്നല്‍ എന്റെ “മാണിക്യം” ചുക്കിലി കെട്ടി ഞാന്‍ തിരികെ വരും. ‘ഈ പണിതിരക്ക് ഒന്നു കഴിയട്ടെ’ എന്നു വച്ചാല്‍ നടക്കില്ല അതുകോണ്ട് തിരക്കിനിടയില്‍ ബ്ലോഗും തിരക്കാം... ഞാന്‍ ഒരു സിനിമ കണ്ടു അതും ഓണ്‍ ലൈന്‍ “പത്താം നിലയിലെ തീവണ്ടി..”കണ്ടില്ലങ്കില്‍ കാണണം... നഷ്ടമാവില്ല... ഈ പോസ്റ്റില്‍ പറയുന്നതൊക്കെ ഞാന്‍ ഇവിടെ ഒറ്റക്ക് നടന്നു പറയുന്നു... [പലപ്പോഴും ഒറ്റക്കാണെ] അപ്പോള്‍ ചുറ്റും എന്തേലും സ്വരം വേണ്ടെ അല്ലങ്കില്‍ ഞാന്‍ തന്നെ സംസാരഭാഷ മറന്നാലോ.. ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് എന്നെ ആണേറ്റവും കൂടുതല്‍ ഓര്‍മ്മ വന്നത്..... ബാക്കി പിന്നെ... ഇനി ഈ ചുറ്റുവട്ടത്തു ഞാന്‍ കാണും ആത്മ പറഞ്ഞോളൂ........... .......................................നാരങ്ങാ നീരില്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും,ഒരു നുള്ള് ഉപ്പും, ലേശം പഞ്ചസാര അല്ലങ്കില്‍ തേന്‍ ഒഴിച്ച് ഒരു മുന്നു ഗ്ലാസ്സ് വെള്ളം ഒരു ദിവസം പല നേരമായി കുടിച്ചാല്‍ ജലദോഷം,പനി,ക്ഷീണം,തലവേദന ഒക്കെ പമ്പകടക്കും.. പരീക്ഷിക്കു ..