Thursday, January 7, 2010

ബ്ലോഗ് വിളിക്കുന്നു...

ഇടയ്ക്കിടയ്ക്ക് വന്ന് ബ്ലോഗിൽ എന്തൊക്കെ വിശേഷങ്ങൾ എന്നു നോക്കും, പിന്നെ, സ്വന്തം ബ്ലോഗിൽ പോകും.. വല്ലതും എഴുതാൻ. ഒന്നും വേണ്ടെന്നു വയ്ക്കും.. നല്ല കാലം വന്നിട്ട് ബ്ലോഗെഴുതാം എന്നു കരുതിയിരുന്നാൽ ഒരുപക്ഷെ, ഇതാണെങ്കിലോ ഉള്ളതിൽ നല്ല കാലം!

ഇനിയിപ്പോൾ റിസൾട്ടുകളൊക്കെ വരാറായി!

പണ്ട് അമ്മാവന്മാർ പോസ്റ്റ്മാനെ കാണുമ്പോൾ മണിയോഡറുണ്ടോ എന്നു ചോദിക്കുന്ന ടോണീൽ ഗൃഹനാഥൻ അന്വേക്ഷിച്ചു തുടങ്ങി. ഇനി അതു കിട്ടിയിട്ടുവേണം കുറച്ചുകൂടി നല്ല കച്ചവടം തുടങ്ങാനെന്ന മട്ടിൽ! അച്ഛന്റെ ഉത്ക്കണ്ഠ കണ്ട് മകൾ അല്പം പരിഭ്രമത്തോടെ ചോദിച്ചു, ‘അമ്മേ എനിക്ക് മാർക്ക് കുറഞ്ഞുപോയാൽ അമ്മയ്ക്ക് എന്നോട് ഇഷ്ടക്കേടു തോന്നുമോ?’
‘എന്തിന്?!’
‘നിനക്കുള്ള അത്ര വിഷമം എനിക്ക് കാണില്ലല്ലൊ, മോളു വിഷമിക്കുന്ന കാണുമ്പോൾ എനിക്കും വിഷമം വരും.. അല്ലാതെ മോളുടെ മാർക്കുകൊണ്ട് എനിക്ക് എന്തെങ്കിലും സാധിക്കാം എന്ന
കണക്കുകൂട്ടലുകൾ ഒന്നും ഇല്ല.’
അവൾ അല്പം സമാധാനിച്ചപോലെ..
‘അമ്മേ, എനിക്ക് ഞാൻ പ്രതീക്ഷിക്കുന്ന മാർക്ക് കിട്ടുമോ?’
‘മോളു കഷ്ടപ്പെട്ടതിന്റെ പ്രതിഫലം കിട്ടും. അതിൽ കൂടുതൽ പ്രതീക്ഷിക്കുമ്പോഴാണ് വിഷമം വരിക’
‘കഷ്ടപ്പെട്ടതിനെക്കാളും കുറച്ചേ കിട്ടുവുള്ളൂ എങ്കിലോ?’
‘അതിനാണു ദൈവത്തെ പ്രാർത്ഥിക്കാൻ പറയുന്നത്..’
‘ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട്‘..’
ആത്മയും പ്രാർത്ഥിച്ചു, അവളുടെ പ്രാർത്ഥനെ കൈക്കൊള്ളണമേ എന്ന്

ഞാൻ എങ്ങിനെ ജീവിക്കുന്നു എന്നുവച്ചാൽ..
നാട്ടിൽ പോയപ്പോൾ അറിഞ്ഞു അവിടെയും ആർക്കും ആരോടും സ്നേഹമോ ഒന്നും ഇല്ല. ശാന്തതയും
സ്വസ്ഥയയും ഒക്കെ പോയി മറഞ്ഞു. കോമ്പറ്റീഷൻ മയം തന്നെ എല്ലായിടത്തും.
ഇവിടെ പിന്നെ കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ജീവിക്കാനെങ്കിലും ആകും, അവിടെ ഒരു രക്ഷയുമില്ല.
അടിക്കടി മാറിക്കൊണ്ടിരിക്കുന്ന ജീവിത സൌകര്യങ്ങളിൽ ആക്രാന്തപ്പെട്ട് മനുഷ്യൻ പരസ്പരം തള്ളിമാറ്റി എന്തൊക്കെയോ വെട്ടിപ്പിടിക്കാനെന്ന മട്ടിൽ മുന്നോട്ട് പായുകയാണ്.
അതിനിടയിൽ, ‘നീയും നിന്റെ ഒരു ഫോറിൻ മണിയും, നിനക്ക് അതിന്റെ അഹങ്കാരമല്ലെ, ഇപ്പം കാണിച്ചുതരാം, എല്ലാം തീർത്ത് നിന്നെ തിരിച്ച് പാർസലാക്കിത്തരുന്ന കാര്യം!’ എന്ന മട്ടിൽ കുറെ ലോഹ്യക്കാരും ഇല്ലാതില്ല. ‘ഇവിടെ സ്വത്തു സുഖങ്ങളൊക്കെ തരപ്പെടുത്തി അടുത്ത ഫ്ലൈറ്റിൽ തിരിച്ചുപൊയ്ക്കോ, അനുഭവിക്കാൻ ഇവിടെ ധാരാളം ആളുകളുണ്ട്. ഞങ്ങൾക്കുവേണ്ടെങ്കിൽ ഞങ്ങൾ വേറെയാരെയെങ്കിലും തരപ്പെടുത്തിക്കോളാം.. ഏതിനും ഇതിനെന്നും പറഞ്ഞ് നീ ഇനി ഇങ്ങോട്ട് എഴുന്നള്ളണ്ട..’ എന്നും പറഞ്ഞ് വിരട്ടി ഒതുക്കി.. റ്റാ റ്റാ പറയുന്ന ബന്ധുമിത്രാദികൾ..
[ഇത് സ്വന്തം അനുഭവമല്ല, മനസ്സിൽ തോന്നിയതു മാത്രം.. എനിക്ക് ശരിക്കും ഉണ്ടായ അനുഭവങ്ങൾ അടുത്ത പോസ്റ്റുകളിലായി എന്നാലാവും വിധം എഴുതാം..]

ആദ്യമായി എന്റെ ഒരു പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയ കഥയാകട്ടെ.. ( അടുത്ത പോസ്റ്റിൽ..)

12 comments:

സു | Su said...

മോൾക്ക് ആവശ്യമുള്ള മാർക്കൊക്കെ കിട്ടും. മോളും അമ്മയും വിഷമിക്കേണ്ട കാര്യമൊന്നുമില്ല.

എല്ലാ അനുഭവങ്ങളും നല്ലതാവണം എന്നില്ലല്ലോ. എന്തിനും പാകപ്പെടട്ടെ മനസ്സ്. സ്നേഹവും ശാന്തതയുമൊന്നും തീരെയില്ലെന്ന് പറഞ്ഞൂടാ. എല്ലാത്തിലും മത്സരമാണെന്നത് വളരെ ശരിയാണ് ആത്മേച്ചീ. നിന്നു കണ്ടോണ്ടിരുന്നാൽ നിന്നയിടത്തായിപ്പോകും നമ്മൾ. ഓടിക്കൊണ്ടിരിക്കാൻ കഴിയുന്നതുപോലെ ഓടുക തന്നെ രക്ഷ.

SAJAN SADASIVAN said...

മത്സരത്തിലുപരി അനുകരണമാണ് ഇന്ന് കേരളത്തിന്റെ കുഴപ്പം

ആത്മ said...

സൂജീ,
അനുഗ്രഹത്തിനു നന്ദി! :)

SAJAN SADASIVAN,
കൂടുതൽ‌ അതെപ്പറ്റി പറയാനുള്ള അറിവ് ആത്മയ്ക്കില്ല ട്ടൊ :)

വല്യമ്മായി said...

നാട്ടില്‍ പോയപ്പോല്‍ ഉണ്ടായ അനുഭവങ്ങള്‍ക്ക് ഒരു സെം പിഞ്ച് ;)

Typist | എഴുത്തുകാരി said...

നാട്ടിലിപ്പോള്‍ ശാന്തതയും സ്വസ്ഥതയും ഇല്ല. എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം. ഒരു പരിധി വരെ ശരി തന്നെയാണ്. അല്ലാത്തവരും ഉണ്ട് ചുരുക്കമായെങ്കിലും. മോള്‍ക്കു് നല്ല മാര്‍ക്ക് കിട്ടും, എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുമെന്നേ.എന്തിനാ അല്ലെന്നു വിചാരിക്കുന്നതു്!

hAnLLaLaTh said...

എന്തിനാണ് ആവശ്യമില്ലാത്തതില്‍ ഇടപെടുന്നതെന്നാണ് പൊതു കാര്യത്തിലോ മറ്റൊ ഇടപെട്ടാല്‍ നാട്ടില്‍ ഉയരുന്ന ചോദ്യം.

തന്നിലേക്ക് തന്നെ എത്രത്തോളം ഉള്‍വലിഞ്ഞ് ലോകത്തിലെ എല്ലാം സ്വയം അനുഭവിക്കാനാവുമൊ എന്ന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ് പുതിയ തലമുറ.

അയല്പക്കത്തെ അറിയില്ലെങ്കിലും അയല്‍ രാജ്യത്തെ ക്രിക്കറ്റ് കളിക്കാരുടെ കുടുംബ വിശേഷം ഒന്നൊഴിയാതെ അറിയാം.!!!!

കൂട്ടത്തിലൊന്നു തളര്‍ന്ന് വീണാല്‍ മത്സരത്തില്‍ ഒരാള്‍ കുറഞ്ഞെന്ന ആശ്വാസം !
അരാഷ്ട്രീയതയെ ഇറുകെ പുണര്‍ന്ന യുവത.

ഏതു നിമിഷവും തീര്‍ന്നു പോകാവുന്ന ജീവിതം നന്മ ചെയ്യാനല്ല നേട്ടം കൊയ്യാനാണ് വിനിയോഗിക്കേണ്ടതെന്ന് ചൊല്ലിപ്പറയുന്ന വീട്ടുകാര്‍.

ആത്മ said...

വലിയമ്മായി, :)
എങ്കിപ്പിന്നെ.. സെം പിഞ്ച് !

ആത്മ said...

Typist | എഴുത്തുകാരി,
വിശ്വാസം രക്ഷിക്കട്ടെ! :)
ഒഴുക്കിൽ പെടാതെ സ്വസ്ഥമായി ജീവിക്കുന്നവരും കാണും അല്ലെ!
അനുഗ്രഹത്തിനു നന്ദി!

ആത്മ said...

hAnLLaLaTh,
അതെയതെ, മനുഷ്യരൊക്കെ ഇപ്പോൾ മറ്റുള്ളവരെ കാണിക്കാനായാണു ജീവിക്കുന്നത്!
അവനവന്റെ/അവനവന്റെ കുടുംബത്തിന്റെ സന്തോഷം/സ്വപ്നം എന്നൊന്നും ഇല്ല.
മറ്റുള്ളവരെപ്പോലെ..അല്ല.. മറ്റുള്ളവരെക്കാളും..
അതും പോരാ.. മറ്റുള്ളവരെ ചവിട്ടി താഴ്ത്തി...

അയ്യോ.. പറയാൻ തുടങ്ങിയാൽ‌ തലപെരുക്കും..
പോയി സന്യസിക്കാനാണ് തോന്നുക..:)
എനിക്ക് ഈ ലോകത്തിൽ ജീവിക്കാനൊന്നും അറിഞ്ഞുകൂടേ എന്റെ ദൈവമേ!
ഒരു ഭയമയം ജീവിതം!!!

ആത്മ said...

ബാക്കി കുറച്ചുകൂടെ ചേർത്തോട്ടെ,
ആത്മയ്ക്ക് ജീവിതം എന്നാൽ ഇപ്പോഴും ഒരെത്തും പിടീം കിട്ടീട്ടില്ല.ആത്മയുടെ ജീവിതവും മേൽ‌പ്പറഞ്ഞപോലെയൊക്കെ തന്നെ..
എവിടെ നിന്നോ വന്നു ജനിച്ചു...
മറ്റുകുട്ടികളെപ്പോലെ പഠിച്ചില്ലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്നു കരുതി പഠിച്ചു..
പിന്നെ,വിവാഹം കഴിച്ചില്ലെങ്കിൽ സമൂഹം എന്തു ധരിക്കും എന്ന ഭയമായി, മറ്റുള്ളവരെ കാണിക്കാൻ വിവാഹം കഴിച്ചു..
പിന്നെ, അയ്യോ മക്കളെ കിട്ടിയില്ലെങ്കിൽ സമൂഹം എന്തു പറയുമെന്ന ഭയമായി..
പിന്നെ അയ്യോ തനിക്കെന്തെങ്കിലും സംഭവിച്ചാൽ മക്കൾക്കാരുണ്ടാകുമെന്ന തോന്നൽ ജീവിപ്പിക്കുന്നു..
അങ്ങിനെ ഓരോ കാരണങ്ങൾ കണ്ടുപിടിച്ച് ജീവിക്കുന്നു...
എന്തിനു ജീവിക്കുന്നു.. എങ്ങോട്ടുപോകാനായി ജീവിക്കുന്നു എന്നൊന്നും അറിയില്ല..
ഇതായിരിക്കും ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലെ,

എഴുതിയത് കൂടിപ്പോയെങ്കിൽ ദയവായി ക്ഷമിക്കുക..,

Raji said...

മോള്‍ക്ക്‌ കൊടുത്ത ഉപദേശം ഇഷ്ടപ്പെട്ടു :)..ഒപ്പം, ജീവിതത്തെ നോക്കി കാണുന്ന രീതിയും..

ആത്മ said...

ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ‌ വളരെ സന്തോഷം! :)